Saturday, October 10, 2009

ഒരു വട്ടം കൂടിയാ ......!

വീണ്ടും ഒരിക്കല്‍ കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈദ് അവധിക്കു നാട്ടില്‍ എത്തിയ കൂട്ടുകാരെല്ലാം ഒന്നിച്ചു കോഴിക്കോട് കു‌ടാം എന്ന ബുദ്ധി ഉദിച്ചത് . നേരെ ഫോണെടുത്തു വിളി തുടങ്ങി. ഗഫൂര്‍ ,ഫവാസ്, അശ്വനി കുമാര്‍ ,ധീരജ്, ഷംസു പിന്നെ ഞാനും .മൂന്നു വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍.

രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.

ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.


റയില്‍വേ സ്റ്റേഷനില്‍ ഫവാസ് കാറുമായി നില്‍ക്കുനുണ്ടായിരുന്നു . മാനാഞ്ചിറ വായില്‍ നോക്കി ഷംസുവും . ഇനിയുള്ള കാര്യങള്‍ നമുക്കു ക്യാമറയിലൂടെ കാണാം


പണ്ടു വായില്‍ നോക്കിനിന്ന അതെ സ്ഥലങ്ങള്‍ . മാനാഞ്ചിറ സ്ക്വയര്‍ അടച്ചതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല
.


പിന്നെ നേരെ വെച്ച് പിടിച്ചു ബീച്ചിലേക്ക്. സമയം പത്തു മണി . നല്ല വെയില്‍ . കടല് കാണാന്‍ പറ്റിയ സമയം !




പത്തരയായപോഴേക്കും വല്ലാതെ വിശക്കാന്‍ തുടങ്ങി . ഞാനും സൌദിയില്‍ നിന്നും വന്ന ഷംസുവും കുബ്ബൂസിനായി ചുറ്റും പരതവേ ഗഫൂര്‍ പറഞ്ഞു. അത് ഇവിടെ കിട്ടുല. "പുവര്‍ മലയാളീസ് , കുബ്ബൂസ് ഇന്റെ രുചി അറിയാനുള്ള യോഗം ഇല്ല ". പിന്നെ അടുത്തുകണ്ട ഐസ് ക്രീം കടക്കാരനെ ആക്രമിച്ചു.

പതിനൊന്നു മണിക്ക് ഇനി എവിടേക്ക് എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ ധീരജ് വിളിക്കുന്നു. "ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേ ഉള്ളൂ." ഫസ്റ്റ് ഹൌര്‍ കഴിഞു മാത്രം ക്ലാസില്‍ എത്തുന്ന ശീലം അവന്‍ ഇതു വരി മാറ്റിയിട്ടില്ല . "നിങ്ങള്‍ വെസ്റ്റ്‌ ഹില്ലിലോട്ടോ വാ. ഞാന്‍ അപ്പോഴേക്കും അവിടെ എത്താം . "
പിന്നെ ഞങള്‍ എല്ലാവരും വെസ്റ്റ്‌ ഹില്ലില്‍. ഞായറാഴ്ചയായതിനാല്‍ കോളേജ് ക്ലോസ്ഡ്‌ . പിന്നെ തുറന്നു കിടന്ന ഒരു കിളിവാതില്‍ വഴി എല്ലാവരും ഉള്ളില്‍ . തുടര്‍ന്ന് അയവിറക്കല്‍ സെഷന്‍
പതിവില്ലാതെ അവധി ദിവസം ആളുകളെ കണ്ടപ്പോള്‍ സെക്യൂരിറ്റി അടുത്ത് വന്നു . ഉടനെ ഫവാസ് അരയില്‍ നിന്നും അത് വലിച്ചൂരി.അത് കണ്ടതും സെക്യൂരിറ്റി ഞെട്ടി മാറി. ഞങ്ങളെയും ഫവാസ് അത് കാണിച്ചു തന്നു.
കോളേജിലെ പഴയ ഐഡന്റിറ്റി കാര്ഡ്.!

മു‌ന്നു വര്‍ഷങ്ങള്‍ക്കിപ്പുരവും ഫവാസ് അത് സു‌ക്ഷിച്ചു വെച്ചിരിക്കുന്നു.

കുറച്ചു നേരം കോളേജില്‍ ചിലവിട്ടു ഞങ്ങള്‍ നേരെ സിറ്റിയിലേക്ക് പൊന്നു. അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. പിന്നെ കടുക്ക ഫ്രൈയും, ചിക്കന്‍ ബിരിയാണിയും സൂപും അടിച്ച് ടോപ്ഫോമില്‍ ഇത്തിരിനേരം .






വയറു നിറഞ്ഞപ്പോള്‍ ചിന്തകള്‍ക്ക് തീ പിടിച്ചു. ഇനി എങ്ങോട്ട്. ? അപ്പോഴാണ് ധീരാജ്‌ സരോവരം പാര്‍ക്കിനെ പ്പറ്റി പറഞ്ഞത്. പുതിയ പാര്ക്ക്. ഞങ്ങള്‍ ത്രില്ലടിച്ചു . അവിടുത്തെ മരച്ചുവടുകളില്‍ ഇരുന്ന കിളികളെ കമന്റടിച്ചു ഞങ്ങള്‍ രണ്ടു ബോട്ടുകളിലായി പുറപ്പെട്ടു.



അരമണിക്കൂര്‍ നേരത്തെ ബോട്ടിംഗ് ഞങ്ങള്‍ അര്‍മാദിച്ചു തീര്ത്തു. ഗഫൂറും ഷംസുവിനും അപാര ഫോമിലായിരുന്നു.






പിന്നെ വീണ്ടും സിറ്റിയിലേക്ക്‌ . ഫോക്കസ് മാളിനുള്ളില്‍ കയറി . അവിടെ കറങ്ങിയടിച്ചു ഒരു മണിക്കൂര്‍. ഇതിനിടയില്‍ ധീരജിന്റെ വീട്ടില്‍ കയറി പായസം കുടിച്ചു.

പിന്നീട് വരുന്ന വഴിയില്‍ അതാ നില്ക്കുന്നു സരോവരം പാര്‍ക്കിനു സമീപം എന്നെയും കാത്തു കാവ്യ മാധവന്‍. പാവം ഫവാസും ഷംസുവുമെല്ലാം കാല് പിടിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നേരെ അവളുടെ അടുത്തുചെന്നു ഫവാസിനും ഷംസുവിനും ഗഫൂറിനുമെല്ലാം അവളെ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ എല്ലാവര്ക്കും ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. "നമ്മുടെ പിള്ളേരല്ലേ" .

കാവ്യയോട്‌ യാത്ര പറഞ്ഞു ഫോക്കസ് മാളില്‍ നിന്നു ഞങള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ഫവാസ് കാറില്‍ ഞങ്ങളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. ഷംസു ടൌണില്‍ നിന്നുതന്നെ പിരിഞ്ഞു. ഒപ്പം ധീരജ്‌ കൈ വീശി അകന്നു. ഒടുവില്‍ ഞാനും ഗഫുരും അശ്വനിയും മാത്രം . താനൂരില്‍ അശ്വനിയും തിരൂരില്‍ ഗഫുരും യാത്ര പറഞ്ഞു അകന്നു.


ഇപ്പോള്‍ ട്രെയിനില്‍ ഞാന്‍ മാത്രം. രണ്ടു വര്ഷം ഞാന് അനുഭവിച്ച് ആ ഏകാന്തത എന്നെ വീണ്ടും സമീപിച്ചു. ഇനി എന്ന്? വീണ്ടും കാണണം എന്നുറചാണ്‌ പിരിഞ്ഞതെന്കിലും അകലുമ്പോള്‍ വേദന തോന്നുന്നു. ഇവിടെ ഈ നഗരത്തില്‍ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പൂക്കാലമാണെന്ന തിരിച്ചറിവില്‍ ആ വേദന വര്‍ധിക്കുന്നു .

തീവണ്ടി പിന്നെയും കുറ്റിപ്പുറത്ത് നിന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഈ മഴയും ദിവസങ്ങള്‍ക്കകം എനിക്കന്യമാകുമെന്ന ആ ബോധത്തില്‍ ബസ്സിലേക്ക് ഞാന്‍ നടന്നകന്നു...

മഴച്ചിത്രങ്ങള്‍

മഴ എന്നും ഒരു പുതിയ അനുഭവമാണ് പ്രവാസിക്ക്. മഴയുടെ സൌന്ദര്യം എപ്പോഴും ആസ്വദിക്കാന്‍ കഴിയുക യാത്രകളില്‍ ആണ് . അവധിക്കായി നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ. . മഴ ആസ്വദിക്കണം . അതുകൊണ്ട് തന്നെ കല്ലകര്‍ക്കിടകത്തില്‍ ആണ് വെകേഷന്‍ തുടങ്ങിയത് . കൊച്ചിയില്‍ വിമാനമിറങ്ങി നേരെ പുറത്തു കടന്നപ്പോഴേക്കും ആളെത്തി . സ്വികരിക്കാന്‍ വന്ന ബന്ധുവിനെ പോലെ അവള്‍ .പരിഭ്വവം പറഞ്ഞു ചന്നം പിന്നം പെയ്തു വീട്ടില്‍ എത്തുന്നത്‌വരെ .




പിന്നിടുള്ള ദിവസങ്ങളില്‍ എല്ലാം അവള്‍ ഉണ്ടായിരുന്നു കൂട്ടിനു. രാവിലെ മൂടിഫുതച്ചുറങ്ങാന്‍ കുളിര് നല്കി. ബൈക് യാത്രകളില്‍ ഷര്‍ട്ട്‌ നനച്ചു വികൃതി കാട്ടി. രാതികളില്‍ കാറ്റിന്റെ കൂട്ട് പിടിച്ചു മരം വിഴ്ത്തി കമ്പി പൊട്ടിച്ചു വ്യ്ദ്യുതി കളയിച്ചു . ഇലകളില്‍ പൂക്കളില്‍ വസന്തം നിറച്ചു പിന്നെയും ഒരു ഓണം വരുത്തി.


തിരുവോണത്തിന് രാവിലെതന്നെ വന്നു കോടി നനക്കാന്‍. പിന്നെ ഓണക്കളികളില്‍ വില്ലത്തരം കാണിച്ചു മറഞ്ഞു നിന്നു.
നാട്ടില്‍ നിന്നും തിരിച്ചു വരുംബോഴുമുണ്ടായിരുന്നു അവള്‍ ഒപ്പം. കണ്ണിരില്‍ മുങ്ങിയ മുഖവുമായി എയര്‍പോര്‍ട്ടില്‍ അമ്മ കൈവീസുമ്പോള്‍ പിറകില്‍ നനുത്ത തുള്ളികളായി ആ കണ്ണ് നീരിനെ കുതിര്‍ത്തി അവള്‍ എന്നോടു യാത്ര പറഞ്ഞു. പിന്നെയും കാണാന്‍ വീണ്ടുമൊരു അവധിക്കാലതിനായി.

Sunday, October 4, 2009

ഹോണ്‍


കുട്ടിക്കാലം മുതല്‍ ചീറിപ്പായുന്ന വാഹനങ്ങളിലെ ഏറ്റവും ആകര്‍ഷണീയമായി എനിക്കു തോന്നിയ ഭാഗം ഹോണാണ്‌. കാരണം മറ്റൊന്നുമല്ല, ഞാനിതാവരുന്നു എന്നു ഉറക്കെ വിളിച്ചറിയിക്കുന്ന വാഹാനങ്ങളുടെ ജിഹ്വ. ബസ്സില്‍ പോകുന്ന സമയത്തു ഡ്രൈവര്‍ എങ്ങനെ വണ്ടി ഓടിക്കുന്നു എന്നതിനേക്കാള്‍ ഈ ഹോണ്‍ ഉപയൊഗിച്ചു  മറ്റു വണ്ടികളെ എങ്ങനെ അകറ്റി നിര്‍ത്തുന്നു, എത്ര അപകടങ്ങളെ ഈ വണ്ടര്‍ഫുള്‍ ഉപകരണം അകറ്റുന്നു എന്നൊക്കയാണ്  ചിന്തിച്ചിരുന്നത്.

പക്ഷെ ഗള്‍ഫിലെത്തിയപ്പോള്‍ സംഗതി മാറി.

ഇവിടെ ആരും തന്നെ ഹോര്‍ണ്‍ മുഴക്കുന്നില്ല.ഗള്‍ഫിലെത്തിയ ആദ്യനാളുകളില്‍ നന്ദേട്ടന്‍(ചേച്ചിയുടെ ഭര്‍ത്താവ്‌) കാറൊടിക്കുമ്പോള്‍  പലപ്പൊഴും മറ്റു വാഹങ്ങള്‍ മുന്നിള്‍ വഴിമുടക്കി നില്‍ക്കുമ്പോള്‍ വരെ  വളരെ കൂളായി വെയ്റ്റു ചെയ്യുന്നതു കണ്ടു ഞാന്‍ ചോദിച്ചിട്ടുണ്ട്‌" ആ ഹോണ്‍ കാണാന്‍ വച്ചതാണൊ?"

ഒന്നു ചിരിക്കുകയാണു നന്ദെട്ടന്‍ ചെയ്തതു. പിന്നീടാണു അനാവശ്യമായി ഹോണ്‍ മുഴ്ക്കിയതിനു സ്വദേശികളുടെ കൈയിടെ ചൂടറിഞ്ഞ പലരുടെയും കഥ നന്ദേട്ടന്‍ തന്നെ പറഞ്ഞു തന്നത്‌.

ഒരിക്കല്‍  ഉറക്കെ ഹോണ്‍ മുഴക്കിയ ഒരു ബംഗാളിയെ ഒരു സ്വദേശി കാറില്‍ നിന്ന് ഇറങ്ങി മുഖത്തു തന്നെ ഒന്നു കൊടുക്കുന്നത്‌ ഞാന്‍ നേരില്‍ കണ്ടതൊടെ ഹോണ്‍ പ്രേമം അവിടെ അവസാനിച്ചു.
സാവധാനം ഒന്നു മനസിലായി. നല്ല രീതിയില്‍ വണ്ടിയൊടിച്ചാല്‍ ഹോണ്‍ ഒരു അലങ്കാരവസ്തുവാകും.


രണ്ടു വര്‍ഷത്തോളമുള്ള പ്രവാസത്തിനു ശേഷം നാട്ടില്‍ എത്തിയ നിമിഷം. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെക്കു കൂട്ടിക്കൊണ്ടുവരാന്‍ വന്ന ടവേറയുടെ ഡൈവര്‍ പിന്നെയും എന്നെ ആ ഹോണിന്റെ സുവര്‍ണ്ണകാലഘട്ടത്തിലേക്കാണു കൂട്ടിക്കൊണ്ടു പോയത്‌. വളവുകളില്‍, ജങ്ങ്ഷണുകളില്‍, മറ്റു വാഹനങ്ങളുടെ വിദൂര സാമീപ്യത്തില്‍, ഹോണ്‍ നിര്‍ത്തതെ അടിച്ചു കൊണ്ടിരുന്നു.

അന്നു തന്നെ ബൈക്കെടുത്ത്‌ പുറത്തിറങ്ങിയപ്പൊള്‍ ഹോണ്‍ പിന്നെയും എന്റെ മുന്‍പില്‍  ചോദ്യചിഹ്നമായി. അപ്പൊള്‍ത്തന്നെ മനസ്സില്‍ ഒരു തീരുമാനമെടുത്തു. അനാവശ്യമായി ഹോണ്‍ മുഴക്കുകില്ല. ഹും ഞാന്‍ ബ്ലഡി മല്ലു അല്ലല്ലോ. ഒന്നാന്തരം തറവാടി ഗള്‍ഫുകാരന്‍ അല്ലേ!!!


വളവുകളില്‍, ജംഗ്ഷണുകളില്‍, തിരക്കേറിയ വീഥികളില്‍ നിശ്സ്ബ്ദനായി ഞാന്‍ കടന്നു പോയി. ഞാന്‍ കാരണം അകന്നു പൊയ ശബ്ദമലിനീകരണത്തെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ കൃതാര്‍ഥനായി.

ഒരു കാര്യം കൂടി മനസ്സിലായി.
നമ്മള്‍ ട്രാഫിക്‌ നിയമങ്ങള്‍ പാലിച്ചാല്‍ ഹോണിന്റെ ഉപയൊഗം വല്ലാതെ കുറക്കാം.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. ഒരു ദിവസം മനസ്സില്‍ ബൈഹാര്‍ട്ടായ ട്രാഫിക്‌ നിയമസംഹിതകള്‍ പാലിച്ചു കൊണ്ടു ഇരുചക്ര ശകടം തെളിച്ചു വട്ടംകുളം കവല ലഷ്യമാക്കി യാത്ര തുടങ്ങിയതായിരുന്നു.  ഒരു ജങ്ങ്ഷനില്‍ സാവധാനം എത്തി.


മനസിനകത്തെ പൗരന്‍ പറഞ്ഞു. "സ്പ്പീഡ്‌ ലിമിറ്റ്‌ 40 കി മി".

വണ്ടി എനിക്കായി ഗതാഗതവകുപ്പ്‌ അനുവദിച്ചു തന്ന വശത്തു കൂടി മുന്നോട്ടെടുക്കുമ്പോള്‍  ഒരു കേതു ബജാജ്‌ പള്‍സറിന്റെ രൂപത്തില്‍ റോംഗ്‌ സൈഡില്‍ . ഇടയില്‍ ഒരു വഴിയാത്രക്കാരന്‍ കാരണവര്‍. ബൈക്കിനെ ഭയന്നു ആശാന്‍ ചാടിയതു എന്റെ മുന്നില്‍. ഞാന്‍ യഥവിഥി ഘര്‍ഷണബലം ഉപയൊഗിച്ചു ശകടവും കാരണവരുടെ ജീവനും നിയന്ത്രവിധേയമാക്കി.

വാഹനം സൈഡാക്കി കാരണവരുടെ അടുക്കല്‍ ഓടിയെത്തുമ്പോള്‍   മനസ്സിലെ പൗരന്‍ ഉടന്‍ അടുത്ത കമന്റു പാസാക്കി.

"അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നതും ഒരു പൗരധര്‍മ്മമാണ്‌".

ബജാജ്‌ കേതു വണ്ടിയില്‍ നിന്നിറങ്ങിയിട്ടില്ല. കാരണവര്‍ ഒന്നു ഭയന്നതുകൊണ്ടു നിലത്തു വീണതാണ്. കാര്യ മായൊന്നും പറ്റിയിട്ടില്ല. "വല്ലതും പറ്റിയൊ അമ്മാവാ?"

"ഫ, മേത്തു വണ്ടി കയറ്റിയിട്ടു സുഖവിവരം അന്വെഷിക്കുന്നോ?" കാരണവര്‍ ചൂടായി.


" ഞാന്‍ റൈറ്റ്‌ സൈഡില്‍ത്തന്നെയായിരുന്നു. ആ പയ്യനാണു റോംഗ്‌ സൈഡില്‍" എന്റെ സെല്‍ഫ്‌ ഡിഫെന്‍സ്.

"ഞാന്‍ ഹോണടിച്ചിരുന്നു. അതു കൊണ്ട്‌ അമ്മവനു ഞാന്‍ വരുന്നത്‌ വളരെ എളുപ്പം കാണാന്‍ പറ്റി. അയാളാണു മിണ്ടാതെ വന്നു അമ്മാവനെ  വീഴ്ത്തിയത്‌." കേതു  കളി തുടങ്ങി.

"ഹോണിന്റെ കാര്യമൊന്നും നീ പറയണ്ട. ഒന്നാമതു ഓവര്‍ സ്പീഡ്‌, പിന്നെ റോംഗ്‌ സൈഡ്‌. " ഞാന്‍ അഗ്രസീവ് ആവാന്‍ ശ്രമം നടത്തി.

"നീ ഹോണ്‍ അടിച്ചിരുന്നോ ഇല്ലയോ? അതു പറ." പയ്യന്‍ ഹൊണില്‍ കയറി പിടിച്ചു.


എന്നിലെ ഹരിശ്ചന്ദ്രന്‍ ഉണര്‍ന്നു. വിനയപൂര്‍വം ഞാന്‍ പറഞ്ഞു." ഇല്ല."
ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ എന്നിലെക്കു തിരിഞ്ഞു. "പ്രതി ഇവന്‍ തന്നെ"


എന്തിലും  കയറി തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ജനകീയ കോടതി കുറ്റം എന്റെ തലയിലേക്കാണു ട്രാന്‍സ്ഫര്‍ ചെയ്യുന്നത്‌. സംഗതി വഷളാവുന്നതു കണ്ടപ്പോള്‍ ഞാന്‍ ചുറ്റും സപ്പോര്‍ട്ടിനായി നോക്കി
പരിഷ്കൃത രാജ്യങ്ങളില്‍ ശബ്ദമലിനീകരണം ഒരു കുറ്റകൃത്യമാണെങ്കില്‍ ഇവിടെ അത്‌ നിയമപാലനമാര്‍ഗ്ഗമാവുന്നു.


"അതു നമ്മുടെ പരിചയത്തിലുള്ള പയ്യനാ, കുഴപ്പക്കാരനല്ല. വിട്ടുകള. അപ്പൂപ്പനു അപകടമൊന്നും പറ്റിയില്ലല്ലൊ?"
എന്റെ അഛനെ പരിചയമുള്ള ഒരു ഛൊട്ടാ നേതാവ്‌ ഇടപെട്ട്‌ പ്രശ്നം ഒത്തു തീര്‍ന്നു. വീട്ടിലെക്ക്‌ പോകുമ്പോഴേക്കു നേതാവിനു രൂപ ഇരുന്നൂറു പോക്കറ്റില്‍.

തിരിചു വീട്ടിലെക്കുള്ള അഞ്ചു കിലോമീറ്ററില്‍ ഓരൊ സെക്കന്റിലും  ഹോണ്‍ മുഴക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വാല്‍ കഷണം.
നാട്ടിലെത്തിയതിനു ശേഷം ഒരു സുഹൃത്ത്‌   ചോദിച്ചു. ഗള്‍ഫും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ`?
ഞാന്‍ പറഞ്ഞു." അവിടെയുള്ളതു നിയമം അനുസരിക്കുന്ന മലയാളിയും ഇവിടെയുള്ളതു നിയമം അനുസരിക്കത്ത മലയാളിയും"