Friday, November 5, 2010

ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍


ആണ്ട്രോജെന്‍ എന്ന ഹോര്‍മോണിന്റെ ശല്യം   ചെറുതായി  തുടങ്ങിയ അന്നാണ് ഉണ്ണിക്കുട്ടന്‍ ഈസ്ട്രോജന്‍കാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ട്രോജെന്കാര്‍ എന്നാല്‍ ലടികീസ്. അന്ന് ഉണ്ണിക്കുട്ടന്‍ ഏഴാംക്ലാസ് ബിയിലെ പ്രഥമ ബെഞ്ചിലെ പ്രഥമ സ്ഥാനത്തിരുന്നു ചുറ്റും നോക്കി.

"ഇത്തിരി ഈസ്ട്രോജെന്‍ കണ്ടുപിടിക്കാന്‍ എന്താ വഴി????????????"

അപ്പോളാണ് ഈസ്ട്രോജെന്‍കാരുടെ ഇടയില്‍ പ്രഥമ ബെഞ്ചില്‍ പ്രഥമ സ്ഥാനത്ത്   ഇരിക്കുന്ന അഷിതയെ കണ്ടത്. വെറും അഷിത അല്ല; അഷിതവാര്യര്‍. നല്ലൊരു വാരസ്യാരു  കുട്ടി. ഇവളെ സ്ഥിരം കാണുന്നതാണല്ലോ. എന്നാലും ഇന്നൊരു ഭയങ്കര ഭംഗി. ദൈവമേ, പഴയ പണിക്കര്‍ പറഞ്ഞ അന്ന്യ ജാതിക്കാരി ഇവളല്ലേ?
ഹും! എന്നാലും പണിക്കര്‍ അന്നേ ഒരു ക്ലൂ തന്നിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഒരു റോമാന്‍സിനുള്ള  ചാന്‍സ് ഉണ്ടായിരുന്നു. ഇതിപ്പോ ഏഴാം ക്ലാസ് ആയി. ഇനി കൂടിയാല്‍ ആറു മാസം. ഇതു യു പി സ്കൂള്‍ ആയതു കൊണ്ടു ഉപരിപഠനത്തിനു ഇവിടെയുള്ള എല്ലാവരും ഇനി ഹൈസ്കൂളില്‍ ചേരണം.

അപ്പോളാണ് വേറെ ഒരു  അപകടം  ഓര്‍മവന്നത് . യു പി സ്കൂളില്‍ നിന്നും പസ്സാവുന്ന  പല ഈസ്ട്രോജെന്കാരും   ഹൈസ്കൂളിനുവേണ്ടി
 ഗേള്‍സ്‌ സ്കൂളില്‍ ചേരുക എന്ന വൃത്തികെട്ട  ആചാരം ഉണ്ട് . ദൈവമേ ഇവളെങ്ങാന്‍ അവിടെ ചേര്‍ന്നാല്‍ ....?

എന്നാലും ചില കാര്യങ്ങള്‍ ആലോചിക്കെണ്ടേ ?  വാര്യരും നായരും തമ്മില്‍   ചേരുമോ ? ഏയ് ജാതിയിലെന്തു കാര്യം? ആഴ്ചയില്‍ ഒരിക്കല്‍ അമ്പലത്തില്‍ പോവുമെങ്കിലും ഈ കാര്യത്തില്‍ ഉണ്ണിക്കുട്ടന്‍ കമ്യുണിസ്റ്റ്  ആണ്. അല്ലെങ്കില്‍ നായെര്‍ക്കെന്താ  കുഴപ്പം? സ്വന്തമായി എന്ജിനിയരിംഗ് കോളേജ് ഉള്ള സമുദായമാണ്‌ നായെര്‍സ് . ഹും. വാര്യന്മാര്‍ക്കെന്തറിയാം?  കൂടുതല്‍ കളിച്ചാല്‍ സമദൂര സിദ്ധാന്തം  വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടന്‍ വാരസ്യാരെ  വിളിച്ചിറക്കി കൊണ്ടു മേനോന്‍സിന്റെ  മുന്നില്‍ നിര്‍ത്തിയിട്ടു പറയം "ദിദ അന്യജാതിക്കാരി "

പക്ഷെ എങ്ങനെ പോറ്റും ഇവളെ ?  ജോലികിട്ടാന്‍ ഇരുപത്തിഒന്ന് വയസ്സാവണം   എന്നാണ് പണിക്കര്‍ പറഞ്ഞത്. അതു വരെ ക്യാ കരേഗ ? മേനോന് മൂന്നു നാലേക്കര്‍ ഭൂമിയുണ്ട്. എല്ലാം വിറ്റാല്‍  ഒരു മൂന്ന് നാലു കൊല്ലം കുശാല്‍..!

 ഇവള്‍ നന്നായി പഠിക്കുന്നത് കൊണ്ടു വേഗം ഒരു ജോലി കിട്ടും. അവളെ ജോലിക്കയച്ചു വീട്ടില്‍ വെറുതെ ഇരിക്കണം. 'പണിയെടുത്തു തന്നെ പോറ്റുന്ന   ഭാര്യ' എന്ന മനോഹരമായ കണ്സെപ്റ്റ് മാത്രമേ വിവാഹത്തെകുറിച്ച്  ഉണ്ണിക്കുട്ടനുള്ളൂ. 
വിയര്‍പ്പിന്‍റെ  അസ്കിത ഉള്ളത് കൊണ്ട് പണിയെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് ആദ്യമേ മനസ്സില്‍ ഉറപ്പിച്ചതാണ് . ഹും ഇവള്‍ സമ്മതിക്കുമോ എന്തോ ? സമ്മതിപ്പിക്കണം.

മറ്റൊരു പ്രശ്നം  ഉള്ളത് ഈ അഷു ചില്ലറകാരിയല്ല എന്നതാണ്. ക്ലാസില്‍  അടുത്തിരിക്കുന്ന രാജീവിന്‍റെയും  സതീഷിന്‍റെയും  എന്തിനു ഗജപോക്കിരിയായ സുഭാഷിന്‍റെ  വരെ മനസ്സില്‍ ഇവള്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം സുഭാഷ്‌ ഒരു പടി  കടന്നു ക്ലാസിലെ  ഉണ്ണിക്കുട്ടന്‍ അടക്കമുള്ള  ചിലരോട് അവന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തിയതാണ് . അന്ന് ആണ്ട്രോജെന്‍  ഇല്ലല്ലോ. അതോണ്ട് സുഭാഷിന് ശബ്ദവോട്ടു ചെയ്തു ഐക കണ്‍ന്ടെന      പ്രമേയം പാസ്സാക്കാന്‍ മുന്‍കൈ എടുത്തതു  ഉണ്ണിക്കുട്ടനായിരുന്നു.

 ആറാം ക്ലാസില്‍ മൂന്ന് വര്‍ഷം പഠിച്ചു ഡിപ്ലോമ എടുത്ത ആളാ സുഭാഷ്‌. അവന്‍ അക്ഷരം എന്ന അഭ്യാസത്തില്‍ പിറകില്‍  ആയതു കൊണ്ടു ഉണ്ണിക്കുട്ടന്‍റെ   അടുത്ത്  വന്നു,  ഒരു പ്രേമലേഖനത്തിന്റെ ഫോര്‍മാറ്റ്‌ അറിയാന്‍.

ഇതിനൊക്കെ ഫോര്‍മാറ്റ് ഉണ്ടോ ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ണിക്കുട്ടന്‍ നല്ല ഏറനാടന്‍ ഭാഷയില്‍ പറഞ്ഞു." ഇജ്ജെന്‍റെ  കല്‍ബല്ലേ. ഇജ്ജെന്‍റെ  കരളല്ലേ.. ഇതൊക്കെ മതി" പക്ഷെ വരസ്യാരായത് കൊണ്ടു ഇതൊക്കെ   അമ്പല ഭാഷയിലേക്ക് ട്രാന്‍സ്ലെട്റ്റ് ചെയ്യണം എന്ന് മാത്രം. ശേഖരന്‍ മാഷുടെ ചൂരല്‍ പ്രയോഗമാണ് സ്കൂളിലെ പരമ്പരാഗത പ്രണയോപഹാരം. അത് ഇഷ്ടമല്ലാത്തത്‌ കൊണ്ടു തന്നെ ഉണ്ണിക്കുട്ടന്‍ സുഭാഷിന് മുന്നില്‍ ആ മലയാളം സമസ്യ ഇട്ടു കൊടുത്തു ഓടി രക്ഷപ്പെട്ടു. സുഭാഷിനെ  സംബന്ധിച്ച്   ഇതു വലിയ ഒരു കടമ്പയാണ്. ഏറനാടന്‍ ടു വള്ളുവനാടന്‍ തര്‍ജമ. അവന്‍ ഒരു വിധം ഒപ്പിച്ചു നേരിട്ടു അഷിതക്ക് കൊടുത്തു.
ഉണ്ണിക്കുട്ടന്‍റെ   നേതൃത്വത്തില്‍  ഒരു വമ്പന്‍ സംഘം ഒളിച്ചിരുന്ന് ഇതു വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അത് വാങ്ങി പിന്നെ പിന്നെ സുസ്മേര വദനയായി തിരിച്ചു കൊടുത്തു. "ആ ഉണ്ണിക്കുട്ടനോട് പറഞ്ഞു ഒന്ന് കൂടി തിരുത്ത്‌! ഇതു മൊത്തം അക്ഷരത്തെറ്റാ "

അവന്‍ തകര്‍ന്നു നേരെ അവന്‍റെ തര്‍ജമ ഉണ്ണികുട്ടനെ കാണിച്ചു   . ഇജ്ജെന്‍റെ   കല്‍ബാണ്  എന്ന് വായിച്ചു അവന്‍ തര്‍ജ്ജമ  ചെയ്തത് നീ എന്‍റെ  പ്രാണനാണ്‌ എന്നാണെങ്കിലും എഴുതിവന്നപ്പോള്‍ നീ എന്‍റെ  പ്രാണിയാണ് എന്നായി.

അങ്ങനെയുള്ള വരസ്യാരുടെ  കല്‍ബിലെക്കാണ്  ഉണ്ണിക്കുട്ടനു നുഴഞ്ഞു കടക്കേണ്ടത് . എങ്ങനെ കടക്കും ?

സ്കൂളില്‍ വെച്ചു ഖല്‍ബ്  തുറന്നാല്‍ ചിലപ്പോള്‍ ശേഖരന്‍ മാഷടെ  ചൂരലിന് പണിയാവും? വേറെ എവിടെ വെച്ചു തുറക്കും?

അമ്പലത്തില്‍ വെച്ചായാലോ? കല്‍വിളക്കുകള്‍ പാതി ചിമ്മി നില്‍ക്കവേ .................?
വേണ്ട. അമ്പലവാസിയാത് കൊണ്ടു ബന്ധുബലവും ചാരബലവും ആ പരിസരത്ത് കൂടും. ബോഡി കേടാവും.

നെല്ലേക്കാട്  ഇടവഴിയില്‍?  അതും വേണ്ട. ആടിനെ തീറ്റാന്‍ വരുന്ന ഗ്രൂപ്പ്‌ വിവരം മേനോന്സിനെ  അറിയിക്കും. മേനോന്റെ ചാരവലയം തന്‍റെ ചുറ്റും ഉണ്ടെന്നു ഉണ്ണിക്കുട്ടനു നല്ല വണ്ണം അറിയാം. അതോണ്ടാണല്ലോ ഒരിക്കല്‍ സില്‍ക്ക് സ്മിതയുടെ പോസ്ടരില്‍ നോക്കി നിന്ന കാര്യം മേനോന്‍ എങ്ങനെയോ അറിഞ്ഞു അന്ന് തന്നെ ഒരു പുളി വടി സെഷന്‍ ഒര്‍ഗനൈസ്  ചെയ്തത്.

 അപ്പോളാണ് ഒരു ഐഡിയ സര്‍ജി കൊണ്ടു തന്നത്. അവള്‍ സ്കൂളിലേക്ക് വരുന്നത് കാന്തളൂര്‍ പാടം വഴിയാണ്  അവിടെ വിശാലമായി പരന്നു  കിടക്കുന്ന നെല്‍ക്കതിരുകളെ, കൊറ്റികളെ,  തവളകളെ   സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍റെ  ആന്ദ്രോജെന്‍ ശല്യം  വെളിപ്പെടുത്താം. ഒരു അന്തിക്കാട് സ്റ്റൈല്‍  ലവ് സോങ്ങിനുള്ള വകയുണ്ട്.

 പാടം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന  തുലാവര്‍ഷകാലമാണ്. അത് കൊണ്ടു എല്ലാവരും നേരത്തെ വീട്ടില്‍ നിന്നിറങ്ങും. ടുവീലര്‍ ഉള്ളത് കൊണ്ടു ഉണ്ണിക്കുട്ടനു പാടം ഒരു പ്രശ്നമല്ല. ബൈ റോഡ്‌ ഫിഫ്ട്ടീന്‍ മിനിറ്റ് ഡ്രൈവ്. അതോണ്ട് തന്നെ ഒമ്പതരക്ക് ഇറങ്ങിയാലും സമയത്തിനു   സ്കൂളില്‍ എത്താം. പക്ഷെ അഷു മോള്‍ എട്ടേ മുക്കാലിനെ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പാടം നീന്തി ഒമ്പതരക്കെ    സ്കൂളില്‍ എത്തൂ. പുവര്‍  ഗേള്‍. ലൈന്‍ ആയാല്‍ അവളെ ഡെയിലി പിക്ക് ചെയ്തു ഡ്രോപ്പ് ചെയ്യണം....!

"ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ട് അതോണ്ട് എട്ടരക്ക് ഇറങ്ങണം " മേനോന്‍സിന്‍റെ   മുഖത്ത് നോക്കാതെ കള്ളം പറഞ്ഞു ഉണ്ണിക്കുട്ടന്‍ ടു വീലര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . എന്നിട്ട് പാടത്തിനടുത്തുള്ള സന്ദീപിന്‍റെ വീട്ടില്‍ വണ്ടി വെച്ചിട്ട് പറഞ്ഞു "സന്ദീപേ, വണ്ടിക്കു കാറ്റു കുറവാ. അതോണ്ട് ഞാന്‍ ഇതു ഇവിടെ വെക്കട്ടെ . വൈകിട്ട് വന്നെടുക്കാം" . പറയുന്നത് കള്ളമാവതിരിക്കാന്‍  മുന്‍പ് കുറച്ചു കാറ്റു ഒഴിച്ച് കളഞ്ഞിരുന്നു. അശ്വത്ഥാമാ ഹത: (സൈക്കിളാ) .....!

പാടം കരകവിഞ്ഞൊഴുകുന്ന, പേരറിയാത്ത ആ ഞാറ്റു വേലയില്‍ ഉണ്ണിക്കുട്ടന്‍ ‍ വരമ്പ് തപ്പി തപ്പി നടന്നു . അവസാനം കുമാരേട്ടന്‍റെ  വാഴത്തോട്ടത്തിനരികെ  അഷിതമോള്‍ വരുന്ന വരമ്പിനരികില്‍ നിന്നു. അത് ഒരു മെയിന്‍ വഴിയാണ്. അഷിത മാത്രമല്ല, ആ വഴിവരുന്നത്. സ്കൂളിലേക്കുള്ള  വേറെ കുറച്ചു കുട്ടികളും ടീച്ചര്‍മാരും പിന്നെ കുറെ ബ്ലഡിനാട്ടുകാരും ഉണ്ട് . അതോണ്ട്  പെട്ടെന്ന് വിസിബിള്‍ ആവാതെ  വാഴത്തോട്ടത്തിന്റെ  ഒരു മൂലയില്‍ പതുങ്ങി നിന്നു.

അങ്ങനെ വിഹഗ വീക്ഷണം നടത്തികൊണ്ടിരിക്കെയാണ് അത് ശ്രദ്ധയില്‍ പെട്ടത്. വാഴത്തോട്ടത്തിലെ വെള്ളം മുഴുവന്‍ വരമ്പ് മുറിച്ചു പാടത്തേക്കു ഒഴുക്കി കളയുന്നത് കാരണം വരമ്പിന്‍റെ  നടുവില്‍ ഏകദേശം ഒരു മീറ്റര്‍ വലിപ്പത്തില്‍ ഒരു കഷണം ഇല്ല. ആ ഭാഗം ആണുങ്ങള്‍ ഒക്കെ  ചാടി കടന്നാണ് വരുന്നത്  . പെണ്ണുങ്ങള്‍ വരമ്പിന്‍റെ  സൈഡില്‍ ഇറങ്ങി, അവിടെ ഇട്ട ഒരു കല്ലില്‍ ചവുട്ടി കഷ്ടപ്പെട്ട് വരുന്നു . ഹി ഹി അങ്ങനെ വേണം . ഈ സാരിയും പാവാടയും ഒക്കെ ഉടുത്താല്‍ എങ്ങനെ ചാടും . ഇവര്‍ക്ക് ജീന്‍സ് ഒക്കെ ഇട്ടു മോഡേണ്‍  ആയിക്കൂടെ ?

ഇതു  ഒരു ഗോള്‍ഡന്‍ ചാന്‍സ് അല്ലേ? അഷിത ഇതു വഴിവന്നാല്‍ അവളുടെ കൈ പിടിച്ചു ആ കടമ്പ കടത്തിയാലോ?. അത് തന്നെ മതി അവള്‍ ഉണ്ണിക്കുട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആവാന്‍. ഹോ ഉണ്ണിക്കുട്ടന്‍ കോരിത്തരിച്ചു.

അപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ അത് വഴി പോയി.അവര്‍ പാവാട ഒക്കെ പൊക്കി പിടിച്ചു  ആ വണ്‍    മീറ്റര്‍ കടമ്പ കടക്കുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടികളില്‍ ചിലര്‍ വാഴത്തോപ്പിനെ   നോക്കി എന്തോ പിറ് പിറുത്തു പോയി.

ഈ വഴത്തോപ്പിനെന്താ  കുഴപ്പം ? അല്ലെങ്കിലും ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കൃഷിയോട് പുച്ഛമാണ്.ഇവരെ ഒക്കെ മേനോന്‍റെ  അടുത്ത് വിട്ടു പുളിവടി വെട്ടി ശരിയാക്കണം.

 അഷിത ഇവിടെ എത്തുന്നതു സാധാരണ ഒമ്പതു  ഇരുപതു ആണ്. സ്കൂളിലേക്ക്  പത്തു മിനുട്ടെ ഇവിടെ നിന്നും ഉള്ളു . അങ്ങനെ ടൈമിംഗ് ഒക്കെ മനസ്സില്‍ കണ്ടു  മേനോന്‍സ് കുന്നംകുളത്ത് നിന്നും കൊണ്ടു വന്ന ഡ്യൂപ്ലിക്കേറ്റ്‌ ടൈറ്റാന്‍ വാച്ചില്‍ ഉറ്റു നോക്കി ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍  പടിഞ്ഞാറു ഒരു ചെമ്പഴുക്കപോലെ അഷിതയും പിന്നെ രണ്ട് മൂന്നാം ക്ലാസ് പൊടി പയ്യന്‍സും  . കണ്ണ് മുഴുവന്‍ അഷിതയില്‍ ഫോക്കസ് ചെയ്തു മെല്ലെ ആ വരമ്പിലേക്ക്‌ നടക്കുമ്പോള്‍ ആണ് വാഴത്തോപ്പില്‍  ഒരു ആള്‍ അനക്കം , ഒരു ലാത്തി ചാര്‍ജ്, ബഹളം ഇതെന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ വാഴത്തോപ്പിന്‍റെ    മറ്റേ മൂലയില്‍ നിന്നും സുഭാഷിന്‍റെ നേതൃത്വത്തില്‍ കുറെ ഗജപോക്കിരി പിള്ളേരെ  ശേഖരന്‍ മാഷ്‌ ചൂരല്‍ കൊണ്ടു അടിച്ചു ഓടിക്കുന്നു .

ക്യാ ഹോഗയാ?ശേഖരന്‍ മാഷ്‌ എങ്ങനെ  കുമാരുവിന്‍റെ  വാഴത്തോപ്പില്‍ ? സുഭാഷും കൂട്ടുകാരും എങ്ങനെ ഇവിടെ? എന്തായാലും ലാത്തിച്ചാര്‍ജു കാരണം എല്ലാവരും ഓടി രക്ഷപെട്ടപ്പോള്‍ ഒരു വഴക്കൂട്ടത്തിന്‍റെ  മറവില്‍ ഉണ്ണിക്കുട്ടന്‍ സാറില്‍ നിന്നും സംരക്ഷണം നേടി. 'ഹും അങ്ങനെ കാമാഫ്ലാഗ്  ചെയ്തു മാഷേ പറ്റിച്ചേ'.

അപ്പോളേക്കും അഷിത വരമ്പ് കടന്നു പോവുകയും ചെയ്തു. അവളെ മിസ്സ്‌ ചെയ്ത ആ ചങ്ക് പൊട്ടുന്ന  വേദനയോടെ മാഷ്‌ പോയോ എന്ന് എത്തി നോക്കി.ഹാവൂ  ആള്‍ അനക്കം കാണുന്നില്ല . മെല്ലെ വഴകള്‍ക്കിടയില്‍ നിന്നും ഉണ്ണിക്കുട്ടന്‍ പുറത്ത്   ഇറങ്ങിയപ്പോള്‍ ആണ് ഒരു ആഘാതം പോലെ ചൂരല്‍ പുറത്തു വന്നതു.

" മുച്ച്ചേ  പകടാ!!!!!!!!!!! " ഉണ്ണിക്കുട്ടന്‍ കരഞ്ഞു

" നീ പതുങ്ങി ഇരിക്കുന്നത് കണ്ടു ഞാനും ഒന്ന് മറഞ്ഞു നിന്നതാട. സ്കൂളിലെ കുറെ എണ്ണം   ഇവിടെ പെണ്‍കുട്ടികള്‍ പാവാട പൊക്കി വെള്ളക്കഴവ കടക്കുന്ന കാഴ്ച കാണാന്‍ നില്‍ക്കാറുണ്ട് എന്നറിഞ്ഞു വന്നതാ. നീയും അതില്‍ ഉണ്ടല്ലേ. വൈകിട്ട് മേനോനെ ഒന്ന് കാണട്ടെ. ചെക്കന്‍ കുരുത്തം കേട്ടു പോയി എന്ന് പറയണം"

പെണ്‍കുട്ടികള്‍, പാവാട,  ദൈവമേ,  ലൈംഗികാരോപണം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മീ ഇന്നസെന്റ് മൈ ആണ്ട്രോജെന്‍ ങ്ങീ .

ചൂരലിന്‍റെ  ചൂടില്‍ പുറം തടവി ഓടവേ  വരാനിക്കുന്ന പുളി വടി സെഷനെകുറിച്ചോര്‍ത്തു ഉണ്ണിക്കുട്ടന്‍  വിറക്കുകയായിരുന്നു. മേനോന്‍റെ  ചായക്കട സൌഹൃദങ്ങളില്‍ പ്രമുഖനായ ശേഖരന്‍ മാഷ്‌ ഈ വിവരം നികേഷ് കുമാറിനേക്കാള്‍   മനോഹരമായി മേനോന്‍റെ  ചെവിയില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നത് തീര്‍ച്ചയല്ലേ..

അന്ന് ഏഴു ബി യിലെ ഒന്നാം ബെഞ്ചില്‍ ഇരുന്നു ഉണ്ണിക്കുട്ടന്‍ ശങ്കരക്കുറുപ്പിന്‍റെ   സൂര്യകാന്തി ഉറക്കെ പാടി
"
മാമക ആണ്ട്രോജെന്‍  നിത്യ മൂകമായിരിക്കട്ടെ
വാരസ്യരവിടെ ഇരുന്നു ഊഹിച്ചാല്‍ ഊഹിക്കട്ടെ "




എപിലോഗ് : ആദ്യമായി ഉണ്ണിക്കുട്ടനെ  വായിക്കുന്നവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിച്ചു ഡെസ്പ് ആവുന്നത് നന്നായിരിക്കും.

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !  

Tuesday, November 2, 2010

ജനിതകം

എങ്ങനെയാണ് എന്റെ കണ്ണുകള്‍ ആ സ്ത്രീയില്‍ ഉടക്കിയത് എന്നറിയില്ല. പക്ഷെ എയര്‍പോര്‍ട്ടിലെ   തിരക്കിനിടയിലും എന്റെ കണ്ണുകളില്‍ എങ്ങനെയോ അവള്‍ മിന്നി മറഞ്ഞു. വിസയും ലഗ്ഗെജുമായി ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ ഒക്കത്തിരുന്നു  കുതറുന്ന കുഞ്ഞിനെ ഒതുക്കി പിടിക്കാന്‍ പാട് പെടുകയായിരുന്നു. അവളുടെ കൈപിടിച്ചു  നാലു വയസ്സുള്ള മറ്റൊരു  പെണ്‍കുട്ടിയും . മുന്‍പില്‍ ട്രോളിയുമായി നടക്കുന്ന ഭര്‍ത്താവിനോപ്പമെത്താന്‍ അവള്‍ വൈദേഹിയെ പോലെ  പാട് പെടുന്നുണ്ടായിരുന്നു.
ഒരു ടാക്സിയില്‍ കയറി അല്പസമയത്തിനകം ദുബൈയിലെ തിരക്കില്‍ അവളും അപ്രത്യക്ഷമായി. അഞ്ചു ദിവസത്തെ ഓണ്‍ സൈറ്റ് അസ്സൈന്മെന്റ് എന്ന സ്ഥിരം കര്‍മ്മം നിര്‍വഹിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ നഗരത്തില്‍ എത്തുന്നു എന്ന ബോധം എന്നിലേക്കരിച്ചു കയറിയത് ടാക്സിയില്‍ ഇരിക്കുമ്പോളാണ്. ഇനി അഞ്ചു ദിവസം ഈ നഗരത്തിന്റെ മണ്ണില്‍ ഉറങ്ങണം. നഗരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, നഗരങ്ങളില്‍ എത്തുമ്പോള്‍ ഞാനെന്തിനു അസ്വസ്ഥമാകുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പറഞ്ഞു പഴകിയ നാട്ടിന്‍പുറസ്നേഹമാണ്‌ ഇതിനു കാരണം എന്ന് അനുതാര എന്നെ പലപ്പോളും കളിയാക്കാറുണ്ട്.
"നാട്ടിന്‍പുറങ്ങളെ നഗരങ്ങള്‍ ഒരിക്കല്‍ തിന്നു തീര്‍ക്കും. വികസിച്ചു വികസിച്ചു മണ്ണിനു വേണ്ടി നഗരം നാട്ടിന്‍പുറത്ത് വേട്ടക്കിറങ്ങും. ഒടുവില്‍ നീയും നിന്‍റെ നാട്ടിന്‍പുറവും നഗരത്തിന്‍റെ  ഇരകള്‍ ആവും."
 അവള്‍ വെളുക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. 
ഈ അഭിപ്രായം മാറ്റാന്‍ ഒരു ഓണം അവധിയുടെ പത്തു ദിവസങ്ങളെ അവള്‍ക്കു വേണ്ടി വന്നുള്ളൂ. ഓണമവധി കഴിഞ്ഞു ഓഫിസിലെത്തിയ അവള്‍ പറഞ്ഞു. "നഗരങ്ങള്‍ക്ക് തിന്നാന്‍ നമ്മുടെ ഗ്രാമങ്ങള്‍ ഇടതരില്ലെട .ഓരോ ഗ്രാമവും അതിനു തോന്നിയ രീതിയില്‍ കുഞ്ഞു നഗരങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ പോയ 10  ഓണദിനങ്ങളില്‍ ഒരിക്കലും  ഗ്രമസംസ്ക്കാരം എന്താണെന്നു മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. നഗരങ്ങളെ അതിശയിപ്പിക്കുന്ന തിരക്കും ഏകാന്തതയും നിറഞ്ഞു നില്‍ക്കുകയായിരുന്നു അവിടെ ."
എനിക്ക് വേണ്ടി ബുക്ക് ചെയ്യപ്പെട്ട ഹോട്ടല്‍ മുറിയിലേക്ക് നടന്നടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അനുതാരയുടെ  വാക്കുകള്‍ ആയിരുന്നു . ഇന്ന് കേരളത്തിലെ ഗ്രാമങ്ങള്‍  നഗരങ്ങളായി മാറുന്നുവെങ്കില്‍  ഒരു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇതേ അവസ്ഥ ദുബായിക്കോ മുബൈക്കോ ഉണ്ടായിക്കാണില്ലേ ? ശരിയായിരിക്കും..
ആദ്യ ദിനം സൈറ്റില്‍ പ്രതേകിച്ചു പണിയൊന്നും ഉണ്ടാവാറില്ല. എന്നത്തേയും പോലെയുള്ള പരിചയപ്പെടല്‍, പിന്നെ  ഓരോരുത്തരും തുടങ്ങും  അവരുടെ വീര സാഹസിക കഥകളുടെ കെട്ടഴിക്കാന്‍. പുറത്തു നിന്നും വന്ന എന്നെക്കാള്‍ കേമനാണ് അവര്‍ എന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍. എല്ലാം ശരി  വെച്ചുകൊണ്ട് ഞാന്‍ നില്‍ക്കാറാണ് പതിവ്. അന്നും അത് തന്നെ നടന്നു. എന്‍റെ കൂടെ നിന്ന മൂന്നു പേരും മലയാളികള്‍ ആയിരുന്നത് കൊണ്ടു രാഷ്ട്രീയവും ഓഹരിവിപണിയും ക്രിക്കറ്റും കൊണ്ടു ദിവസം സജ്ജീവമായിരുന്നു . ഓരോ വിഷയത്തിലും പ്രത്യേകിച്ച് പ്രതികരിക്കാതിരുന്ന എന്നെ ആദ്യം അവര്‍ അജ്ഞാനിയാക്കി. പിന്നെ മുരടനും അരസികനും ആകി. ഞാന്‍ പണിയുടെ ഔട്ട്‌ ലൈന്‍ തയ്യരാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവരിലൊരാള്‍ മറ്റൊരാളുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു " അവന്‍റെ   ഒടുക്കത്തെ ജാഡ "
അന്ന് വൈകിട്ട്  അനിലിനെ വിളിച്ചു. ഇതൊരു പതിവാണ് ഈയിടെയായി. വര്‍ഷങ്ങളുടെ സൗഹൃദം ഉള്ള അവന്‍ എന്നെ ബുര്‍ജ് ഖലിഫക്കു മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തിടുക്കം കാണിച്ചുകൊണ്ടിരുന്നു. "ഞങ്ങളുടെ അഭിമാനം ആണ് ഈ കെട്ടിടം"  അവന്‍ പറഞ്ഞു. അവന്‍റെ ആ അഭിമാനത്തെ സമ്മതിച്ചു കൊടുത്തു മെല്ലെ നടക്കുമ്പോള്‍ അക്ഷമനായി അനില്‍ പറഞ്ഞു.

" വേഗം വാ റൂമില്‍ എല്ലാവരും ഇന്ന് നിന്നെ കാത്തിരിക്കുകയാ"
അനിലിന്റെ മുറിയില്‍ അഞ്ചു പേര്‍ ആയിരുന്നു താമസം. അനിലിനോപ്പം തൃശ്ശൂരുകാരന്‍  സുധീര്‍,  ബോംബയ്ക്കാരന്‍ വിക്ടര്‍, ബീഹാറുകാരന്‍  വികാസ് യാദവ്.  കാശ്മീരിയായ  യുസഫ് എന്നിവരാണ് താമസിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരോന്നിച്ചു ഒരു ഷാരൂഖ്‌ ഖാന്‍റെ  സിനിമക്ക് പോയിരുന്നു. ഇത്തവണ എന്താണ് പ്ലാന്‍ എന്ന് ആലോചിച്ചു  മുറിയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ഫുള്ളൂമായി  വിക്ടര്‍ ഏതോ ഒരു പന്ന സിനിമയും കണ്ടിരിക്കുന്നു. കൂടെ ഒരു പാത്രം നിറയെ ബീഫും റെഡിയാക്കി സുധീര്‍ , വികാസ് എന്നിവര്‍. യുസഫ് അവിടെ എങ്ങും ഉണ്ടായിരുന്നില്ല . "കമോണ്‍ വിശാല്‍ ബായി, സ്റ്റാര്‍ട്ട്‌ ദി ബാറ്റില്‍" വിക്ടര്‍ ഒരു ഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു ഒച്ചയിട്ടു.

ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ആ സദസ്സ് മൂകമായി.
"ഇതെന്തു പറ്റി? നീ മലയാളി അല്ലേ ?"പരുപരുത്ത ഹിന്ദിയില്‍ വിക്ടര്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു . "കഴിക്കാറില്ല. വളരെ അപൂര്‍വ്വം ആയി വല്ലപ്പോളും ഒരു ബിയര്‍ അത്ര മാത്രം"
"ഹി ഹി ഇത് ടിപ്പിക്കല്‍ മലയാളി മാന്യന്‍. ഒഴിച്ച് കൊടുത്താല്‍ പശു കാടി കുടിക്കുന്നത് പോലെ കുടിക്കും. പക്ഷെ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ചുണ്ടില്‍ മുട്ടിച്ചു കൊടുക്കണം. അല്ലേ" വിക്ടര്‍ പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു .
"നോക്കു വിക്ടര്‍ നിങ്ങള്‍ക്ക് ഇത് അദ്ഭുതമായിരിക്കും . മദ്യപിക്കില്ല എന്ന കാരണത്താല്‍ എനിക്ക് അനേകം സൌഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ട് .പക്ഷെ ഒരു ലഹരി തരുന്ന സൌഹൃദത്തേക്കാളും ഞാന്‍ വില മതിക്കുന്നത് ഓര്‍മ്മകള്‍ക്ക്   തെളിച്ചം വെക്കുമ്പോള്‍ കിട്ടുന്ന  സൌഹൃദങ്ങളെ ആണ് "
"ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ ഈ നാട്ടില്‍. നിന്നെ പോലെ അനേകം മലയാളികളെ കണ്ടിട്ടുണ്ട്. ഇത്രയും ദുരഭിമാനം പിടച്ചു വര്‍ഗ്ഗം വേറെ ഇല്ല. മദ്യം, പെണ്ണ്, സത്യസന്ധത ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക്  വെളിച്ചത് ഒരു മുഖവും ഇരുട്ടില്‍ മറ്റൊരു മുഖവുമാണ്. നീ മറ്റൊരു നാടുകാരനായിരുന്നെങ്കില്‍ ഞാന്‍  നിന്‍റെ വാക്കുകള്‍ വിശ്വസിച്ചേനെ.  നിങ്ങളുടെ ജനിതക ഘടങ്ങളില്‍ കാലാന്തരങ്ങളിലെവിടെയോ മദ്യം കടന്നു കയറിയിരിക്കുന്നു. ഇനി അതില്‍ നിന്നും നിങ്ങളുടെ ജനതക്ക്  മോചനമില്ല."വിക്ടര്‍ അല്പം ആവേശത്തില്‍ ആയിരുന്നു ഇത്രയും പറഞ്ഞത്.
ഞാന്‍ ചിരിച്ചു . "അതൊക്കെ വെറും തോന്നലാ ഭായി"
"അല്ല വിശാല്‍ . പണ്ട് ഗള്‍ഫില്‍ വന്നു മദ്യപാനം പഠിച്ചു നാട്ടില്‍ പോവുന്ന കുറെയധികം ചെറുപ്പകാര്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ ഇവിടെ വന്നിറങ്ങുന്ന ഓരോരുത്തരും ഒന്നാതരം മദ്യപാനികള്‍ ആണ് . ഇത് സംഭവിക്കുന്നത്‌ നിങ്ങള്‍ മലയാളികള്‍ക്ക്  മാത്രമാണ്."
വിക്ടരിനു  എന്ത് മറുപടി കൊടുക്കും എന്നാലോചിച്ചു ഇരിക്കുമ്പോള്‍ അനില്‍ എവിടെ നിന്നോ ഒരു ബിയറുമായി വന്നു . "എടാ വല്ലപ്പോളും ഉള്ള നിമിഷമല്ലെട . ഒരു കമ്പനിക്കു .." അനിലിന്‍റെ നിര്‍ബന്ധത്തിനു  വഴങ്ങിയത് എന്‍റെ മനസാണോ അതോ എന്നിലെ  ജനിതക ഘടകമാണോ?

ആദ്യ സിപ് വായില്‍  ആക്കിയ നിമിഷത്തില്‍ വിക്ടര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി അത് വകവെക്കാതെ മൂന്നാമത്തെ പെഗ്ഗിലേക്ക് കുതിച്ച വികാസ് യാദവിനെ നോക്കി പറഞ്ഞു" മാഷേ, യാദവ കുലം മുടിഞ്ഞത് ഈ സോമരസം കാരണമാണ്."
വികാസ് തിരുത്തി . "സോമരസം കാരണമല്ല . യാദവകുലം അവസാനിക്കുക എന്നത് എഴുതപെട്ടതാണ്. ദ്വാരക മുങ്ങിപ്പോവേണ്ടത്  വിധിയുടെ ആവശ്യമായിരുന്നു . ഏതൊരു വസ്തുവും നശിക്കുന്നത് അതിന്‍റെ ധര്‍മം അവസാനിക്കുമ്പോളാണ്. കുരുക്ഷേത്രയുദ്ധത്തോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു. ഒരു  രാജാവായി കീര്‍ത്തി  നേടാനല്ലല്ലോ കൃഷ്ണന്‍ ജനിച്ചത്. പകരം സൂത്രശാലിയായ ഒരു നയതന്ത്രവിദഗ്ദനായി  കുരുക്ഷേത്രയുദ്ധം  നയിച്ച്‌  അധര്‍മ്മത്തിന്‍റെ നാശം ഉറപ്പു വരുത്താന്‍ വേണ്ടി അല്ലേ . അതോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു . പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ തനിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട  ആ  വേടന്‍റെ അമ്പിന് വേണ്ടി,  ആ ലോഹക്ഷണത്തിനു വേണ്ടിയുള്ള കാത്തിരുപ്പാവും  കൃഷ്ണന്‍ നടത്തിയിട്ടുണ്ടാവുക ".
"വികാസിനെ സോമരസം ശരിക്കും ബാധിച്ചു "വിക്ടര്‍ കളിയാക്കാന്‍ തുടങ്ങി
വികാസ് വീണ്ടു പറഞ്ഞു  തുടങ്ങി . "ഇത് സോമരസം കൊണ്ടു വന്ന ചിന്തയല്ല.  ദ്വാപരയുഗത്തിനപ്പുറത്തു   കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്? കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്ത കൃഷ്ണന്  ഒരിക്കല്‍ ചക്രമെടുത്തു അധര്‍മിയുടെ  വേഷം കെട്ടേണ്ടി വന്നു.കലിയുഗത്തില്‍ ആണെകില്‍ കൃഷ്ണന് ചക്രം താഴെ വെക്കാനേ  നേരം കാണില്ല. അങ്ങനെ ഏറ്റവും  വലിയ കൊലപാതകിയായി മാറിയേനെ  കൃഷ്ണന്‍..."
സംസാരത്തിനിടയില്‍ രണ്ടാമത്തെ ബിയറും  തീര്‍ത്തകാര്യം ഞാന്‍ മറന്നു പൊയീ. തലക്കു ഒരു കനം വന്ന പോലെ തോന്നി എനിക്ക്. ഒന്നും ആലോചിക്കാതെ മുന്നില്‍ വെച്ചിരുന്ന  ബ്രാണ്ടിയെടുത്തു ഒരു പെഗ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. വിക്ടരുടെ  ചിരി അട്ടഹാസമായി മാറുന്നത് പോലെ തോന്നി.

" മലയാളി എന്നും മലയാളി തന്നെ . ഇവന്റെ ഒക്കെ എല്ലില്‍ വരെ മദ്യമുണ്ട്‌ !."
അനിലിന്റെ  റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ വല്ലാത്ത തലവേദന തോന്നി . ദേര ദുബായുടെ തെരുവുകളില്‍ രാത്രി ശരീരങ്ങള്‍  വില പറയപ്പെടുകയായിരുന്നു. വഴിയില്‍ എത്യോപ്യക്കാരികളും  ഫിലിപിനകളും തങ്ങളുടെ ആ രാത്രിക്ക് വേണ്ട കൂട്ടാളികളെ ആകര്‍ഷിക്കാന്‍ വഴിവക്കിനിരുപുറവും നില്‍ക്കുന്നുണ്ടായിരുന്നു . ഇരുട്ടിന്റെ കൂട്ടുള്ള അത്തരം ഒരു ഇടവഴിയില്‍ എന്നോട് ചിരിച്ചു കൊണ്ടു ഒരു ഫിലിപിനോ യുവതി വന്നു.  ആ ഇടവഴിയില്‍ എനിക്ക് അവളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ  ഒരു ചെറിയ ടോര്‍ച്ച്  അടിച്ചു അവള്‍ സുന്ദരിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തി.
ആ ഇരുട്ടില്‍ ഞാന്‍ വീണ്ടും ഒരു പുരുഷനായി.  അവളെയും കൂട്ടി ആ ഇടവഴിക്കുമുന്നിലെ കുടുസു മുറിയിലേക്ക് നടക്കുമ്പോള്‍ ഇരുവശവും നോക്കി  ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. മുറിയില്‍ അവളില്‍ ഞാന്‍ എന്‍റെ വികാരങ്ങള്‍ നിറക്കുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങാനുള്ള വഴികള്‍  കൂടി ഞാന്‍ ആലോചിക്കുകയായിരുന്നു . ഒടുവില്‍ അവള്‍ക്കു സമീപം തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു .

"ഈ കെട്ടിടത്തില്‍ മലയാളികള്‍ താമസിക്കുന്നുണ്ടോ ?"
 
അവള്‍ ഒരു അവജ്ഞ നിറഞ്ഞ ചിരിയോടെ പറഞ്ഞു." എന്‍റെ  അടുത്ത് വരുന്ന ഓരോ മലയാളികളും അവാസാനം  എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ് ."
"നിനക്കെന്താണ് മലയാളികളോട് പുച്ഛം? "ഞാന്‍ ചോദിച്ചു .
"സുഹൃത്തേ എനിക്കെന്തിനാണ്‌ ആളുകളോട് പുച്ഛം . പ്രണയമല്ലേ എന്‍റെ  സ്ഥായി ഭാവം. കിട്ടുന്ന കാശിനനുസരിച്ചു ഏറ്റക്കുറച്ചിലുകള്‍ വരുന്ന പ്രണയം. വഴിയരികില്‍ പ്രണയിതാവിനെ കാത്തു നില്‍ക്കുന്ന എന്നെ എന്നും നിങ്ങളുടെ നാട്ടുകാര്‍ കണ്ണ് കൊണ്ടു നഗ്നയാക്കാറുണ്ട് . പകല്‍ തുളച്ചുകയറുന്ന നോട്ടം കൊണ്ടു തുണിയഴിക്കുന്ന അവരില്‍ പലരും രാത്രിയില്‍ ഇതേ കിടക്കയില്‍ ...." അവള്‍ ചിരിക്കാന്‍ തുടങ്ങി .
പെട്ടെന്ന് എന്‍റെ ഫോണ്‍ അടിച്ചു. ചെവിയില്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു "ഞാന്‍ ഹോട്ടലില്‍ ഉറങ്ങുകയായിരുന്നടാ ".
 
ഭാര്യയല്ലേ വിളിച്ചത് എന്ന ചോദ്യത്തിനു വീട്ടില്‍ എന്നെ കാത്തിരിക്കുന്ന ഒരു വൈദേഹിയാണ്
  എന്ന് മറുപടി പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഇരുട്ടിന്‍റെ  മറ പിടിച്ചു കൊണ്ടു ....