Sunday, October 4, 2009

ഹോണ്‍


കുട്ടിക്കാലം മുതല്‍ ചീറിപ്പായുന്ന വാഹനങ്ങളിലെ ഏറ്റവും ആകര്‍ഷണീയമായി എനിക്കു തോന്നിയ ഭാഗം ഹോണാണ്‌. കാരണം മറ്റൊന്നുമല്ല, ഞാനിതാവരുന്നു എന്നു ഉറക്കെ വിളിച്ചറിയിക്കുന്ന വാഹാനങ്ങളുടെ ജിഹ്വ. ബസ്സില്‍ പോകുന്ന സമയത്തു ഡ്രൈവര്‍ എങ്ങനെ വണ്ടി ഓടിക്കുന്നു എന്നതിനേക്കാള്‍ ഈ ഹോണ്‍ ഉപയൊഗിച്ചു  മറ്റു വണ്ടികളെ എങ്ങനെ അകറ്റി നിര്‍ത്തുന്നു, എത്ര അപകടങ്ങളെ ഈ വണ്ടര്‍ഫുള്‍ ഉപകരണം അകറ്റുന്നു എന്നൊക്കയാണ്  ചിന്തിച്ചിരുന്നത്.

പക്ഷെ ഗള്‍ഫിലെത്തിയപ്പോള്‍ സംഗതി മാറി.

ഇവിടെ ആരും തന്നെ ഹോര്‍ണ്‍ മുഴക്കുന്നില്ല.ഗള്‍ഫിലെത്തിയ ആദ്യനാളുകളില്‍ നന്ദേട്ടന്‍(ചേച്ചിയുടെ ഭര്‍ത്താവ്‌) കാറൊടിക്കുമ്പോള്‍  പലപ്പൊഴും മറ്റു വാഹങ്ങള്‍ മുന്നിള്‍ വഴിമുടക്കി നില്‍ക്കുമ്പോള്‍ വരെ  വളരെ കൂളായി വെയ്റ്റു ചെയ്യുന്നതു കണ്ടു ഞാന്‍ ചോദിച്ചിട്ടുണ്ട്‌" ആ ഹോണ്‍ കാണാന്‍ വച്ചതാണൊ?"

ഒന്നു ചിരിക്കുകയാണു നന്ദെട്ടന്‍ ചെയ്തതു. പിന്നീടാണു അനാവശ്യമായി ഹോണ്‍ മുഴ്ക്കിയതിനു സ്വദേശികളുടെ കൈയിടെ ചൂടറിഞ്ഞ പലരുടെയും കഥ നന്ദേട്ടന്‍ തന്നെ പറഞ്ഞു തന്നത്‌.

ഒരിക്കല്‍  ഉറക്കെ ഹോണ്‍ മുഴക്കിയ ഒരു ബംഗാളിയെ ഒരു സ്വദേശി കാറില്‍ നിന്ന് ഇറങ്ങി മുഖത്തു തന്നെ ഒന്നു കൊടുക്കുന്നത്‌ ഞാന്‍ നേരില്‍ കണ്ടതൊടെ ഹോണ്‍ പ്രേമം അവിടെ അവസാനിച്ചു.
സാവധാനം ഒന്നു മനസിലായി. നല്ല രീതിയില്‍ വണ്ടിയൊടിച്ചാല്‍ ഹോണ്‍ ഒരു അലങ്കാരവസ്തുവാകും.


രണ്ടു വര്‍ഷത്തോളമുള്ള പ്രവാസത്തിനു ശേഷം നാട്ടില്‍ എത്തിയ നിമിഷം. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെക്കു കൂട്ടിക്കൊണ്ടുവരാന്‍ വന്ന ടവേറയുടെ ഡൈവര്‍ പിന്നെയും എന്നെ ആ ഹോണിന്റെ സുവര്‍ണ്ണകാലഘട്ടത്തിലേക്കാണു കൂട്ടിക്കൊണ്ടു പോയത്‌. വളവുകളില്‍, ജങ്ങ്ഷണുകളില്‍, മറ്റു വാഹനങ്ങളുടെ വിദൂര സാമീപ്യത്തില്‍, ഹോണ്‍ നിര്‍ത്തതെ അടിച്ചു കൊണ്ടിരുന്നു.

അന്നു തന്നെ ബൈക്കെടുത്ത്‌ പുറത്തിറങ്ങിയപ്പൊള്‍ ഹോണ്‍ പിന്നെയും എന്റെ മുന്‍പില്‍  ചോദ്യചിഹ്നമായി. അപ്പൊള്‍ത്തന്നെ മനസ്സില്‍ ഒരു തീരുമാനമെടുത്തു. അനാവശ്യമായി ഹോണ്‍ മുഴക്കുകില്ല. ഹും ഞാന്‍ ബ്ലഡി മല്ലു അല്ലല്ലോ. ഒന്നാന്തരം തറവാടി ഗള്‍ഫുകാരന്‍ അല്ലേ!!!


വളവുകളില്‍, ജംഗ്ഷണുകളില്‍, തിരക്കേറിയ വീഥികളില്‍ നിശ്സ്ബ്ദനായി ഞാന്‍ കടന്നു പോയി. ഞാന്‍ കാരണം അകന്നു പൊയ ശബ്ദമലിനീകരണത്തെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ കൃതാര്‍ഥനായി.

ഒരു കാര്യം കൂടി മനസ്സിലായി.
നമ്മള്‍ ട്രാഫിക്‌ നിയമങ്ങള്‍ പാലിച്ചാല്‍ ഹോണിന്റെ ഉപയൊഗം വല്ലാതെ കുറക്കാം.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. ഒരു ദിവസം മനസ്സില്‍ ബൈഹാര്‍ട്ടായ ട്രാഫിക്‌ നിയമസംഹിതകള്‍ പാലിച്ചു കൊണ്ടു ഇരുചക്ര ശകടം തെളിച്ചു വട്ടംകുളം കവല ലഷ്യമാക്കി യാത്ര തുടങ്ങിയതായിരുന്നു.  ഒരു ജങ്ങ്ഷനില്‍ സാവധാനം എത്തി.


മനസിനകത്തെ പൗരന്‍ പറഞ്ഞു. "സ്പ്പീഡ്‌ ലിമിറ്റ്‌ 40 കി മി".

വണ്ടി എനിക്കായി ഗതാഗതവകുപ്പ്‌ അനുവദിച്ചു തന്ന വശത്തു കൂടി മുന്നോട്ടെടുക്കുമ്പോള്‍  ഒരു കേതു ബജാജ്‌ പള്‍സറിന്റെ രൂപത്തില്‍ റോംഗ്‌ സൈഡില്‍ . ഇടയില്‍ ഒരു വഴിയാത്രക്കാരന്‍ കാരണവര്‍. ബൈക്കിനെ ഭയന്നു ആശാന്‍ ചാടിയതു എന്റെ മുന്നില്‍. ഞാന്‍ യഥവിഥി ഘര്‍ഷണബലം ഉപയൊഗിച്ചു ശകടവും കാരണവരുടെ ജീവനും നിയന്ത്രവിധേയമാക്കി.

വാഹനം സൈഡാക്കി കാരണവരുടെ അടുക്കല്‍ ഓടിയെത്തുമ്പോള്‍   മനസ്സിലെ പൗരന്‍ ഉടന്‍ അടുത്ത കമന്റു പാസാക്കി.

"അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നതും ഒരു പൗരധര്‍മ്മമാണ്‌".

ബജാജ്‌ കേതു വണ്ടിയില്‍ നിന്നിറങ്ങിയിട്ടില്ല. കാരണവര്‍ ഒന്നു ഭയന്നതുകൊണ്ടു നിലത്തു വീണതാണ്. കാര്യ മായൊന്നും പറ്റിയിട്ടില്ല. "വല്ലതും പറ്റിയൊ അമ്മാവാ?"

"ഫ, മേത്തു വണ്ടി കയറ്റിയിട്ടു സുഖവിവരം അന്വെഷിക്കുന്നോ?" കാരണവര്‍ ചൂടായി.


" ഞാന്‍ റൈറ്റ്‌ സൈഡില്‍ത്തന്നെയായിരുന്നു. ആ പയ്യനാണു റോംഗ്‌ സൈഡില്‍" എന്റെ സെല്‍ഫ്‌ ഡിഫെന്‍സ്.

"ഞാന്‍ ഹോണടിച്ചിരുന്നു. അതു കൊണ്ട്‌ അമ്മവനു ഞാന്‍ വരുന്നത്‌ വളരെ എളുപ്പം കാണാന്‍ പറ്റി. അയാളാണു മിണ്ടാതെ വന്നു അമ്മാവനെ  വീഴ്ത്തിയത്‌." കേതു  കളി തുടങ്ങി.

"ഹോണിന്റെ കാര്യമൊന്നും നീ പറയണ്ട. ഒന്നാമതു ഓവര്‍ സ്പീഡ്‌, പിന്നെ റോംഗ്‌ സൈഡ്‌. " ഞാന്‍ അഗ്രസീവ് ആവാന്‍ ശ്രമം നടത്തി.

"നീ ഹോണ്‍ അടിച്ചിരുന്നോ ഇല്ലയോ? അതു പറ." പയ്യന്‍ ഹൊണില്‍ കയറി പിടിച്ചു.


എന്നിലെ ഹരിശ്ചന്ദ്രന്‍ ഉണര്‍ന്നു. വിനയപൂര്‍വം ഞാന്‍ പറഞ്ഞു." ഇല്ല."
ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ എന്നിലെക്കു തിരിഞ്ഞു. "പ്രതി ഇവന്‍ തന്നെ"


എന്തിലും  കയറി തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ജനകീയ കോടതി കുറ്റം എന്റെ തലയിലേക്കാണു ട്രാന്‍സ്ഫര്‍ ചെയ്യുന്നത്‌. സംഗതി വഷളാവുന്നതു കണ്ടപ്പോള്‍ ഞാന്‍ ചുറ്റും സപ്പോര്‍ട്ടിനായി നോക്കി
പരിഷ്കൃത രാജ്യങ്ങളില്‍ ശബ്ദമലിനീകരണം ഒരു കുറ്റകൃത്യമാണെങ്കില്‍ ഇവിടെ അത്‌ നിയമപാലനമാര്‍ഗ്ഗമാവുന്നു.


"അതു നമ്മുടെ പരിചയത്തിലുള്ള പയ്യനാ, കുഴപ്പക്കാരനല്ല. വിട്ടുകള. അപ്പൂപ്പനു അപകടമൊന്നും പറ്റിയില്ലല്ലൊ?"
എന്റെ അഛനെ പരിചയമുള്ള ഒരു ഛൊട്ടാ നേതാവ്‌ ഇടപെട്ട്‌ പ്രശ്നം ഒത്തു തീര്‍ന്നു. വീട്ടിലെക്ക്‌ പോകുമ്പോഴേക്കു നേതാവിനു രൂപ ഇരുന്നൂറു പോക്കറ്റില്‍.

തിരിചു വീട്ടിലെക്കുള്ള അഞ്ചു കിലോമീറ്ററില്‍ ഓരൊ സെക്കന്റിലും  ഹോണ്‍ മുഴക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വാല്‍ കഷണം.
നാട്ടിലെത്തിയതിനു ശേഷം ഒരു സുഹൃത്ത്‌   ചോദിച്ചു. ഗള്‍ഫും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ`?
ഞാന്‍ പറഞ്ഞു." അവിടെയുള്ളതു നിയമം അനുസരിക്കുന്ന മലയാളിയും ഇവിടെയുള്ളതു നിയമം അനുസരിക്കത്ത മലയാളിയും"

11 comments:

Sulfikar Manalvayal said...

ഹേ. ഇത്ര ഉപകാരപ്രദമായ നല്ല പോസ്റ്റ്‌ എന്തെ ആരുടേയും കണ്ണില്‍ പെട്ടില്ല.
കഥ പോലെ ഒരു യാഥാര്‍ത്ഥ്യം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു.
അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത, ഇത് വരെ ഞാനും ചെയ്തു കൊണ്ടിരുന്നത് തന്നെ, എന്നാല്‍ ഈ മാറ്റം ശ്രദ്ധയില്‍ പെട്ടത് ഇപ്പോഴാനെന്നു മാത്രം.
നല്ല രസകരമായി പറഞ്ഞു.

നാട്ടുവഴി said...

ഒരനുഭവത്തെ സരളവും ലളിതവുമായ
രീതിയില്‍ വരച്ചിട്ടു.
ഗള്‍ഫിലെ ഹോണിന്‌ രണ്ടര്‍ത്ഥമേയുള്ളു.പതുക്കെയാണെങ്കില്‍ അഭിവാദ്യം, ഉറക്കെയാണെങ്കില്‍.....

mini//മിനി said...

ഏട്ടിലപ്പടി, പയറ്റിലിപ്പടി,,,

അലി said...

ഗൾഫിൽ നിയമം അനുസരിക്കുന്ന മലയാളി... നാട്ടിൽ നിയമം അനുസരിക്കാത്ത മലയാളി...

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞാനും ശ്രദ്ദിച്ചിട്ടുള്ള ഒരു കാര്യമാണിത്, പക്ഷേ നാട്ടില്‍ പോയപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കിയിട്ടില്ല. നാട്ടില്‍ ബൈക്കിന് മുകളില്‍ തന്നെയായിരുന്ന എനിയ്ക്ക് നാട്ടിലെ അവസ്ഥകള്‍ അറിയാം എന്നത് കൊണ്ട തന്നെ. ഡ്രൈവിങ് മാനേര്‍സ് ഗള്‍ഫിലുള്ളവര്‍ കുടുതലായി പുലര്‍ത്തുന്നു എന്നതാണ് വാസ്തവം..

ആശംസകള്‍...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

താങ്കള്‍ പറഞ്ഞ വാല്‍ക്കഷ്ണം സത്യം...

നീര്‍വിളാകന്‍ said...

നാട്ടിലെത്തിയതിനു ശേഷം ഒരു സുഹൃത്ത്‌ ചോദിച്ചു. ഗള്‍ഫും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ`?
ഞാന്‍ പറഞ്ഞു." അവിടെയുള്ളതു നിയമം അനുസരിക്കുന്ന മലയാളിയും ഇവിടെയുള്ളതു നിയമം അനുസരിക്കത്ത മലയാളിയും"

absolutely right...!

ഷമീര്‍ തളിക്കുളം said...

നമ്മുടെ നാട്ടില്‍ ഹോണടിക്കാതെ വണ്ടിയോടിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല. ഏറ്റവും പവേര്‍ ഫുള്‍ ആയ ഹോണ്‍, പുതിയ ബൈക്ക് വാങ്ങിയ ശേഷമുള്ള എന്റെ അടുത്ത ആഗ്രഹം അതായിരുന്നു...!

നല്ല കുറിപ്പ്, ചിന്താര്‍ഹം..!
ഈ ബ്ലോഗിലേക്കുള്ള വഴിപരഞ്ഞുതന്ന സുല്‍ഫി ഇക്കാക്കും നന്ദി.

ajith said...

വളരെ ശരി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാട്ടിലെ വാഹങ്ങള്‍ക്ക് ബ്രെക്കില്ലെന്കിലും സാരമില്ല ഹോണ്‍ അത്യാവശ്യമാണ്. വാഹനബന്ദ് ഉള്ള ദിവസം നാട്ടുകാര്‍ക്ക് അതിന്റെ ശബ്ദം കേള്‍ക്കാഞ്ഞിട്ടു വല്ലാത്ത ബോറടി ആണത്രെ!

നാട്ടില്‍ വാഹനമോടിക്കാന്‍ ഡ്രൈവിംഗ് അറിവ് ആവശ്യമില്ല മറിച്ച്; സര്‍ക്കസ്‌ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

പാവത്താൻ said...

ഞാനീ പോളീടെക്നിക്കൊന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ടും ഗള്‍ഫിലൊന്നും പോയിട്ടില്ലാത്തതു കൊണ്ടും എനിക്കതേപ്പറ്റി വലിയ വിവരമൊന്നുമില്ല. എന്തായാലും പോസ്റ്റ് കൊള്ളാം.. പോം പോം..പോം... (ഹോണടിച്ചതാ).. :-)