Friday, February 26, 2010

ഞാറ്റുവേലകള്‍ നഷ്‌ടപ്പെടുന്നവര്‍

"ഞാനെന്റെ അച്‌ഛനെ ബലിക്കാക്കകള്‍ക്ക്‌ സമ്മാനിച്ചിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു." കോഫിഹൗസിന്റെ ആളൊഴിഞ്ഞ ഒരു മൂലയിരുന്നു പുറത്തേക്കു നോക്കിക്കൊണ്ട്‌ പാര്‍ഥന്‍ ഗണേശനോടു പറഞ്ഞു. പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. പുതിയ ദുഖങ്ങള്‍ ആകാശത്തിനു നല്‍കാനായി വേറെയും കാര്‍മേഘങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.


"ഭാരതപ്പുഴയില്‍ എന്നെ നീന്‍താന്‍ പഠിപ്പിച്ച അച്‌ഛനെ ഒടുവില്‍ അതേ പുഴയില്‍ തന്നെ ഞാന്‍ ഒഴുക്കിവിട്ടു. അപ്പോല്‍ ആ നദിയാകെ മരണത്തിന്റെ വ്യര്‍ത്ഥദുഖങ്ങള്‍ നിറഞ്ഞിരുന്നു."
"നിന്റെ വട്ടു കേള്‍ക്കാനല്ല ഞാന്‍ ഇവിടെ എത്തിയത്‌. നീ ഇയിടെ വളരെ ഓവറായി സെന്റിയടിക്കുന്നു. അല്ലെങ്കിലും ശവങ്ങളൊടൊപ്പമുള്ള ഇപ്പൊഴത്തെ സഹവാസം നിന്റെ സഹൃദയത്വത്തെ ആകെ നശിപ്പിച്ചിരിക്കുന്നു. " ഗണേശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

"സഹൃദയത്വം. ത്‌ഫൂ! അച്‌ഛനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പൊള്‍ ഞാന്‍ കണ്ടതെന്‍താണെന്നോ? വാടിക്കരിഞ്ഞ ഒരു ഹൃദയം. രാത്രി പാടത്ത്‌ ആകാശത്ത്‌ നോക്കി മഴയെ കാത്തിരിക്കാറുള്ള ആ മനുഷ്യന്റെ ഹൃദയത്തിലെ ഞാറ്റുവേലകളെ സമര്‍ഥമായി പറിച്ചെരിഞ്ഞവനാണു ഞാന്‍".
"നീയിന്നു വളരെ ദുഖിതനാണെന്നു തോന്നുന്നു. എന്നാല്‍, എനിക്കീ പാപബോധങ്ങളില്ലെടാ.ബികോസ്‌ ഐ ആം അന്‍ ഒര്‍ഫന്‍. തന്‍തയും തള്ളയും ഒന്നുമില്ലാതെ സൂര്യനുനേരെ വളര്‍ന്ന് ഒരു പടുമുള. മെഡിക്കല്‍ കോളേജ്‌ മുതലുള്ള എന്റെ ഹിസ്റ്ററി നിനക്കറിയാമല്ലോ." ഗണേശന്‍ ഒരു സിഗരറ്റ്‌ കത്തിച്ചു.
കോളെജില്‍ നിന്നും പുറത്തു കടന്നപ്പോള്‍ ഉപഭോക്താവിനു നല്‍കാനായി ചുണ്ടില്‍ ഡിസൈന്‍ ചെയ്തെടുത്ത ആ കോടിയ ചിരി വീണ്ടും പാര്‍ഥന്റെ ചുണ്ടില്‍ വിടര്‍ന്നു.

"ഇന്നൊരു കോളൊത്തു വന്നിട്ടുണ്ട്‌. ഒരു ജേര്‍ണലിസ്റ്റ്‌. മെഡിക്കല്‍ സയന്‍സിന്റെ പുതിയ ട്രെന്റ്‌സിനെക്കുറിച്ച്‌ അവനൊരു ഫീച്ചര്‍ വേണത്രെ. നീയും പോര്‌ . നാളത്തെ പത്രത്തില്‍ ഒരു നാലു കോളം വാര്‍ത്തയില്‍ ഞാനും നീയും. എന്‍താ?" ഗണേസന്‍ പോകാനാണീറ്റു.

" എനിക്കു മറ്റൊരു കാര്യം പറയാനുണ്ട്‌. നാളെ മുതല്‍ ഈ നഗരത്തിന്‌ മറ്റൊരു അന്‍തേവാസിയെക്കൂടി നഷ്‌ടപെടാന്‍ പോകുന്നു.അല്ലെങ്കിലും നാടോടികള്‍ക്കു സെന്‍സെസ്സില്‍ സ്ഥാനമില്ലല്ലോ."

"നീ നാട്ടില്‍ പോവുകയാണല്ലേ. നന്നായി; നിനക്കൊരു ചേഞ്ചാവും അത്‌. നീ ഞാന്‍ പറഞ്ഞതിനു മറുപടി പറഞ്ഞില്ല." ഗണേശന്‍ മഴയെ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഞാനില്ല ഒന്നിനും . ഇന്നു രാത്രി എനിക്കി നഗരവീഥിയിലൂടെ നടക്കണം. വരണ്ട ഹൃദയങ്ങളുടെ വിലാപങ്ങളിലണ്‌ നഗരസംസ്‌ക്കാരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്‌."

"ഞാനില്ല നിന്റെ വട്ടു കേള്‍ക്കാന്‍. ആ ജേര്‍ണലിസ്റ്റ്‌ കാത്തിരിക്കും."

ഗണേശന്‍ കൈ വീശി യാത്രയായി. മഴയൊതുങ്ങിയപ്പോള്‍ പാര്‍ത്ഥന്‍ നഗരത്തിലേക്കിറങ്ങി.
കോളേജില്‍ നാന്‍സിക്കൊരിക്കല്‍ കുറിച്ചു നല്‍കിയ പ്രണയാക്ഷരങ്ങള്‍ ഓര്‍മ്മ വന്നു. " നമ്മുക്കൊരു ബോധിവൃക്ഷച്ചുവട്ടില്‍ അലൗകിക പ്രണയകഥ രചിക്കാം" തറവാട്ടിലേക്ക്‌ അവളുടെ കൈയും പിടിച്ചു കയറിചെല്ലുമ്പോള്‍ അവിടെയുണ്ടായ ബഹളങ്ങളില്‍ അഭിമാനിയുടെ, ജേതാവിന്റെ അഹങ്കാരത്തോടെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പിന്നിലൊരു ബോധിവൃക്ഷം ആടിയുലയുന്നത്‌ കാണാന്‍ കഴിഞ്ഞില്ല.

നഗരത്തിന്റെ ചുടുകാറ്റില്‍, കോടിയ മുഖങ്ങളില്‍ ആടിത്തിമര്‍ത്ത വേഷങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ആ ചിരി പിന്നേയും ചുണ്ടുകളെ പ്രാപിച്ചു.
ജീവനുള്ളവരെ കണ്ടു മടുത്തപ്പോളാണ്‌ ശവങ്ങളെ കീറിമുറിക്കുന്ന പണി എറ്റെടുത്തത്‌. ഓരോ ശവങ്ങളും ഓരൊ പാഠങ്ങളായിരുന്നു. ദുരാഗ്രഹങ്ങളുടെ, വ്യര്‍ഥതയുടെ, അവഗണനയുടെ പാഠങ്ങള്‍.

കരിഞ്ഞുണങ്ങിയ ഹൃദയങ്ങളേയും, നിര്‍ജ്ജീവമായ കണ്ണുകളേയും, ചിതലരിച്ച്‌ ശ്വാസകോശങ്ങളേയും സ്‌നേഹിക്കാന്‍ തുടങ്ങിയ ഒരു ഭര്‍ത്താവ്‌ ഭാര്യക്കൊരധികപ്പറ്റായിരിക്കാം. അതുകൊണ്ടാണല്ലോ അവളും ഒരു പുതിയ ഇണക്കായി പറന്നു പോയത്‌.
ശവങ്ങളെ സമൂഹം സ്‌നേഹിക്കുന്നില്ല. പകരം അവക്ക്‌ ആഘോഷപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നേയുള്ളൂ.

ഹൃദയം തകര്‍ന്നു പോയ അന്നു തന്നെയാണ്‌ ആശുപത്രിയില്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം അറ്റന്റ്‌ ചെയ്യേണ്ടിവന്നത്‌. ആരായിരിക്കും അന്നു തന്റെ ഇര എന്ന ചോദ്യം മനസ്സിലുണ്ടായിരിന്നു. എതോ വാഹനാപകടക്കേസിലെ ഒരു അനാഥ ശവം എന്നു പറഞ്ഞ്‌ അറ്റണ്ടര്‍മാര്‍ തിരക്കിട്ടു കാര്യങ്ങള്‍ നീക്കുന്നുണ്ടായിരുന്നു.

അതൊരു വൃദ്ധനായിരുന്നു. വരണ്ട നഗരത്തില്‍ കണ്ണു മഞ്ഞളിച്ചു ഏതോ ഒരു വാഹനത്തിനുമുന്നില്‍ അബദ്ധത്തില്‍ പെട്ടുപോയൊരാള്‍. ആ ഹൃദയം മുറിക്കാന്‍ വളരെ എളുപ്പമായിരുന്നു. കാരണം അയാളുടെ ഹൃദയത്തില്‍ താന്‍ മുറിവേല്‍പ്പിക്കുന്നത്‌ അന്നാദ്യമായിരുന്നില്ലല്ലോ...

ശുഷ്‌ക്കിച്ച ആ ശരീരത്തിലെ ജനിതകഘടകങ്ങള്‍ തന്റെ തലച്ചോറില്‍ ദു:ഖത്തിന്റെ മാറാലകള്‍ കെട്ടുമ്പോള്‍ പുറത്ത്‌ നഗ്ഗരം അതിന്റെ പതിവ്‌ ആചാരവെടികളും റീത്തു സമര്‍പ്പണവും നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മരണത്തിന്റെ പ്രകടനങ്ങളും ഭാരതപുഴയില്‍ താനിട്ട ഉറുമ്പരിച്ചു പോയ ഒരു പിടി ബലിച്ചോറും.
പിറകിലെവിടെയോ ഒരു ബലിക്കാക്ക കരയുന്നതു പോലെ തോന്നി. ഇന്നിനി മഴപെയാന്‍ സാധ്യതയില്ല. കാരണം ഇന്നാണല്ലോ തന്റെ ഹൃദയത്തിലെ ഞാറ്റുവേലകളുടെ അവസാനം....

3 comments:

Minesh Ramanunni said...

വര്‍ഷങ്ങള്‍ക്കുമ്പ്‌(2003) കോളെജ്‌ മാഗസിനില്‍ എഴുതിയ ഒരു കഥയാണിത്‌. നാട്ടില്‍നിന്നും കൂടെക്കൊണ്ടുവന്ന പുസതകങ്ങള്‍ക്കിടയില്‍ ഈ മാഗസിനും ഉണ്ടായിരുന്നു

Unknown said...

മിനേഷേ,
അതാ ഒരു കോളേജ് മണം.
ഇനി ഇതുമാതിരിക്കതയുമായി മേലാല്‍ ഇങ്ങോട്ട് വന്നേക്കരുത്.
ചുമ്മാ മനുഷ്യന്‍റെ സമാധാനം കളയാന്‍. കോളേജ് കാലം, മാഗസിന്‍ എന്നൊക്കെ പറഞ്ഞ്...

വെറുതെ പറഞ്ഞതാണേ...!!

ശ്രീ said...

കഥ കുഴപ്പമില്ല