Thursday, August 19, 2010

ജൈവ നീതികള്‍


മൃത്യുവിന്‍റെ താഴ്‌വരയില്‍ ആത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു നടന്നു.

വ്യക്തിത്വം കാംക്ഷിച്ച അവര്‍ ജൈവ ശരീരങ്ങള്‍ തേടി. മൃത്യു അവരെ വിലക്കി.
"വ്യക്തിത്വം എന്നത് എന്നും എനിക്ക് പിഴുതെടുക്കാനുള്ളതാണ്. നിങ്ങളെയും എന്റെ  പാപ സഞ്ചയത്തില്‍ ഉള്‍പെടുത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം ഭൂമിയില്‍ കിട്ടാതെ വരികയും ചെയ്യും. "

ആഗ്രഹങ്ങളുടെ കാറ്റ് തുടര്‍ച്ചയായി വീശിക്കൊണ്ടിരുന്നു. സ്വപ്നങ്ങളുടെയും  പ്രത്യാശയുടെയും മഴകള്‍ ആത്മാക്കളെ നനയിച്ചു കൊണ്ടിരുന്നു. " ഈ മഴ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വ്യക്തിത്വമില്ലാതെ അലയുന്ന കാലം മുതല്‍ അത് ഞങ്ങളെ പിന്തുടരുകയാണ്. നിന്‍റെ   പാപങ്ങളുടെ കണക്കുകള്‍ പറയാതെ ഞങ്ങളെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുക ."

മൃത്യു അസ്വസ്ഥമായി . ഭാവിയിലെ വാഗ്ദത്ത പാപങ്ങളുടെ പ്രതിരൂപങ്ങള്‍ ആയി ആത്മാക്കള്‍ അതിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മോചനത്തിന്‍റെ സുഖമറിയാന്‍ കാത്തു നിന്ന അവരെ തുറന്നു  വിട്ടു മൃത്യു സ്വയം മുക്തനായി. ജീവന്‍റെ   വെളിച്ചങ്ങളാവാന്‍ കാത്തുനിന്ന ഭ്രൂണങ്ങളില്‍ അവര്‍ ചേക്കേറി.

കാലം അവരെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ." നിങ്ങള്‍ ഒരിക്കല്‍ മൃത്യുവിന്‍റെ   അനിവാര്യതക്കായി കേഴും. കാരണം ഇനിയുള്ള നിങ്ങളുടെ ജന്മം എന്‍റെ   കൈയില്‍  നിന്നും മനുഷ്യന്‍ തട്ടിഎടുത്തിരിക്കുന്നു. സമസ്ത പ്രകൃതിയുടെയും  ജനിതക രഹസ്യങ്ങളുടെ കാണാച്ചരടുകള്‍ അവന്‍ അഴിച്ചെടുത്തിരിക്കുന്നു . "

പിറക്കപെടാന്‍  പോകുന്ന ഭ്രൂണങ്ങളെ മനുഷ്യന്‍ പരിശോധിച്ചു. എന്നിട്ട് തനിക്കനുയോജ്യമല്ലാത്തതിനെ  അവന്‍ മൃത്യുവിനു ബലി നല്കി.  നിഷേധികളായ ആത്മാക്കളുടെ ജീവ രക്തം മൃത്യുവിന്റെ  കൈകള്‍ക്ക് വീണ്ടും പാപക്കറയേകി. നിശ്ചലമായി കിടന്നിരുന്ന  കാലം ഉത്തരായനതിലെക്കുള്ള ദൂരം കണക്കു  കൂട്ടി നെടുവീര്‍പ്പിട്ടു. ജീവന്‍റെ  സോര്‍സ്  കൊഡുകളില്‍   ശേഷിച്ച ഭ്രൂണങ്ങള്‍ കൂടി തടവിലാക്കപ്പെട്ടു. അവ ജൈവ പിണ്ഡങ്ങളായി  ഭൂമിയില്‍ വീണു. പരീക്ഷണശാലകളിലെ പുതിയ സമവാക്യങ്ങള്‍ കൊണ്ടു  വീണു പോയ ഭ്രൂണങ്ങള്‍ക്ക് കരുത്തേകാന്‍  മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മനുഷ്യന്‍റെ  പാദ സേവകരായി അവര്‍ നിയമിക്കപ്പെട്ടു.വ്യക്തിത്വം ആഗ്രഹിച്ച അവര്‍ക്ക് കച്ചവട മൂല്യങ്ങളുടെ പുതിയ മുഖങ്ങള്‍ കാണേണ്ടി വന്നു. ദാസ്യപ്പണിയുടെ  ആവര്‍ത്തനങ്ങളില്‍ ഭൂമി തളര്‍ന്നു .......

കൃത്രിമ ധിഷണകള്‍ യാന്ത്രികതയുടെ  കൂടിയാട്ടങ്ങള്‍ നടത്തി. രോഗങ്ങള്‍ എന്ന കൃത്രിമ മിത്തുകള്‍ ശാസ്ത്രത്തിന്‍റെ കീടനാശിനികളുമായി കപട യുദ്ധങ്ങള്‍ നടത്തി. ഓരോ യുദ്ധത്തിന്‍റെ അന്ത്യത്തിലും പരീക്ഷണശാലകളുടെ  ഇംഗിതം പോലെ പുതിയ രോഗങ്ങള്‍ പിറവി കൊണ്ടു.

അവശേഷിച്ചിരുന്ന ചരിത്രത്തെ കൂടി ഇല്ലാതാക്കാന്‍ മനുഷ്യര്‍ തന്‍റെ ദാസന്മാരായ ജീവ പിന്ടങ്ങളെ നിയോഗിച്ചു.വിധേയത്തിന്‍റെ നിയോഗത്താല്‍ അവര്‍ ചരിത്രത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഭരണ ഘടനകളും തത്വ സംഹിതകളും, യുദ്ധങ്ങളും രക്തചൊരിചിലുകളും അവ തൊണ്ട തൊടാതെ വിഴുങ്ങി.

അക്കൂട്ടത്തില്‍ ഒരു ജീവ പിണ്ഡം ചരിത്രത്തെ രുചിച്ചു നോക്കി!.
ആവര്‍ത്തനങ്ങളുടെ, അയുക്തികളുടെ   ചരിത്രം അതിന്റെ  നാവിനു പുതുമയായിരുന്നു. നട്ടെല്ലില്ലാത്തവന്റെ  ചരിത്ര ബോധമായി അത് വളര്‍ന്നു. മനുഷ്യന്റെ  ആജ്ഞകളില്‍ നിന്നും ആ  ജീവ പിണ്ഡം പുറത്തു  ചാടി. എന്നിട്ട്  ആ ബോധം അനേകം ധിഷണകളിലേക്ക്  പകര്‍ന്നു. വ്യക്തിത്വം എന്ന തിരിച്ചറിവില്‍ അവര്‍ മനുഷ്യനെ തോല്‍പിച്ചു. ജനിതകരഹസ്യങ്ങളുടെ  മന്ത്രികചെപ്പിനെ അവര്‍ സ്വാതന്ത്ര്യത്തിന്‍റെ നിര്ധരണമൂല്യങ്ങള്‍ കൊണ്ടു അടച്ചു വെച്ചു . അവന്‍റെ പുതിയ ചരിത്ര ബോധത്തില്‍ കാലം സ്വന്തന്ത്രമായി. ജീവ സന്ധാരണത്തിന്‍റെ പുതിയ ഭാഷ്യങ്ങള്‍ പുത്തന്‍ നിയോഗങ്ങളുമായി തേടി മൃത്യു വീണ്ടു യാത്ര തുടങ്ങി.

ആവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന ചരിത്രം പുതിയ കഥകള്‍ക്കായി കാതോര്‍ത്തിരുന്നു ...

3 comments:

Minesh Ramanunni said...

6 വര്ഷം മുന്‍പ് എഴുതിയ ഒരു കഥ ..
കൃത്രിമ ജീവന്റെയും പരീക്ഷണശാലകളില്‍ മാനവ രാശിയെ കാത്തിരിക്കുന്ന അനേകം ജൈവയുധാങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരു പുനര്‍ വായന നടത്തി .
മാത്രമല്ല സ്ഥിരം ശൈലിയില്‍ നിന്നൊന്നും മാറി നില്‍ക്കാം എന്നും കരുതി.
ഞാന്‍ നിക്കണോ അതോ പോണോ എന്ന് അഭിപ്രായം പറയണേ ...:)

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..
ഇത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റേയും,തലതിരിഞ്ഞ ടെക്‍നോളജിയുടേയും...അനിവാര്യമായ ശാപത്തിന്റെ കഥയാണ്‌..
ആശംസകള്‍!!

Echmukutty said...

ഈ കഥ വളരെ നന്നായിട്ടുണ്ട്.
ആശയവും അവതരണവും ഇഷ്ടമായി.
അനിവാര്യമായത് എന്ന ആശയത്തിന് ഒരു പുതിയ ഭാവം കാണാൻ കഴിഞ്ഞു.