Friday, June 10, 2011

'സഹന' സമര വീഥിയില്‍...

 
 
പത്ത് ഫ്ലക്സ്  അടിക്കണം. അതിനു ഒരു പതിനായിരം. ആള്‍ ഒന്നുക്ക് അഞ്ഞൂറ് രൂപയും പൈന്റും ബിരിയാണിയും, അങ്ങനെ ഒരു അമ്പതു പേര്‍ . അപ്പോള്‍ ഒരു മുപ്പതിനായിരം. കോഴിക്കോട്, തിരുവനന്തപുരം  തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിയ പ്രസ്‌ ക്ലബുകളില്‍ പത്രസമ്മേളനം നടത്തണം. അതിനു വേണ്ടി രണ്ടായിരം രൂപ വീതം (മൊത്തം നാലായിരം) . ഗാന്ധിത്തൊപ്പി, ഖദര്‍ അല്ലെങ്കില്‍ കാവി(കാവിയാണ് ഇപ്പോള്‍ ട്രെന്‍ഡ്, നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിരുവന്തപുരത്തെ പിച്ചക്കാര്‍ വരെ ഖദര്‍ ഉടുത്തു നടക്കുന്നത് കൊണ്ട് ഖദറിന് പെട്രോളിനെക്കാള്‍ വിലയാണെന്ന് അടക്കം പറച്ചില്‍) എന്തായാലും കോസ്ട്ട്യുമിനു  രണ്ടായിരമെങ്കിലും വേണം.  പിന്നെ കുറച്ചു നോട്ടീസ്, ലഞ്ച്, ഡിന്നര്‍, വണ്ടി, മൈക്ക് സെറ്റ്, പെട്രോള്‍, എസി, പത്രക്കാര്‍ക്കുള്ള  ഞം ഞം ..... എല്ലാം കൂടി മറ്റൊരു ഇരുപത്തിഅയ്യായിരം.. ഏകദേശം ഒരു ഒന്നൊന്നര ലക്ഷം ഉണ്ടാക്കിയിട്ട് വേണം എടപ്പാള്‍ അങ്ങാടിയില്‍ അഴിമതിക്കെതിരെ സമരം തുടങ്ങാന്‍.
 
നാട്ടിലെ ജീവിതചിലവ് കുത്തനെ ഉയരുകയും തെങ്ങയെക്കള്‍ കൂടുതല്‍ എന്ജിനിയര്‍മാര്‍ നാട്ടില്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനി റിട്ടയേഡ് ഗള്‍ഫുകാരനായി നാട്ടില്‍ ചെന്നാല്‍ വേറെ ഒരു പണി കിട്ടില്ല എന്ന് ഏതാണ്ട്  ഉറപ്പാണ് . അതുകൊണ്ട് ഇത്തരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഒരു ലോണ്‍ എടുക്കുന്നതിനെകുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നോം . ഇന്ത്യയിലെ  അഴിമതി തുടച്ചുമാറ്റിയാല്‍ പിന്നെ പാകിസ്ഥാന്‍ ബംഗ്ലാദേശ്, ബറുണ്ടി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കാം. വിവര സാങ്കേതിക വിദ്യ പനപോലെ വളര്‍ന്നത്‌ കൊണ്ട് ഇപ്പോള്‍ സമരം നടത്താന്‍ പഴയപോലെ മൈദ മാവ് ചേര്‍ത്ത് പോസ്റര്‍ ഒട്ടിക്കുക, രാത്രി ഉറക്കം ഒഴിച്ച് ചുമരില്‍ കുമ്മായം കൊണ്ട് എഴുതുക  തുടങ്ങിയ ഔട്ട്‌ ഡേറ്റഡ  പരിപാടികള്‍ ഒന്നും  ചുമ്മാ ഒരു ഫേസ്ബുക്ക് പേജ് തുറന്നു ഇന്ന് നിരാഹാരം, നാളെ വഴിതടയല്‍ അങ്ങനെ ആഹ്വാനം ചെയ്‌താല്‍ മതി .  
 
താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് മുദ്രാവാക്യങ്ങള്‍ ആയി ഉന്നയിച്ചാല്‍ സമരം അല്പം സീരിയസ് ആണെന്ന് മാലോകര്‍ ധരിച്ചോളും.
  • ഒരു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നിട്ട് ബാര്‍ട്ടര്‍ സമ്പ്രദായം വഴി ആട്, കോഴി എന്നിവ പണത്തിനു തുല്യമായി പ്രഖ്യാപിക്കണം.
  • കീടനാശിനി, വളം, വിത്ത് എന്നിവ നിരോധിച്ചു  വയലുകളില്‍ നാനോ കാര്‍ കൃഷി ചെയ്യണം.
  • ഗ്രാമീണ ബാങ്കുകള്‍, കനാറ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പണം കുന്നു കൂട്ടിയ ഞാന്‍ ഒഴികെ  ഉള്ള ആളുകളുടെ  സ്വത്തു പിടിച്ചെടുക്കണം.
  • വിദേശ ബാങ്കുകളിലെ കള്ളപണം പിടിച്ചെടുത്തു ചവറു കൂട്ടി കത്തിച്ചു കളയണം.
  • ഉടായിപ്പ് സന്യാസം പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി, ഐ പി എല്‍ മാതൃകയില്‍ ഇന്ത്യന്‍ സന്ന്യാസി ലീഗ് എന്നിവ കൊണ്ട് വരണം.
  • സല്‍വാര്‍ കമ്മിസ് ഭാവിയില്‍ സന്യാസത്തിന്റെ ദേശീയ ചിഹ്നം ആയി മാറ്റാന്‍ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
  • നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നവരെ ഗില്ലറ്റിനില്‍ ഇരുത്തുകയും അതില്‍ മുകളില്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം.
  • എഴുപത്തി അഞ്ചു വയസ്സ് തികഞ്ഞു അഴിമതി കേസില്‍ പെട്ടു കോടതികള്‍ അബദ്ധത്തില്‍ ശിക്ഷിക്കുന്നവരെ   ജയില്‍, തടവ്‌ തുടങ്ങിയ ശിക്ഷകളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഒഴിവാക്കി  പദ്മശ്രീ പദവി നല്‍കി ആദരിക്കേണ്ടതും അവരുടെ ജീവിത കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്പ്പെടുത്താവുന്നതും  ആണ്  .
നോട്ടീസില്‍ അടിക്കാന്‍ മുദ്രാവാക്യങ്ങള്‍ തികയാതെ വന്നാല്‍ അടിക്കുന്ന ദിവസത്തെ ഇന്ത്യവിഷന്‍ ഹെഡ് ലൈന്‍സ് കോപി ചെയ്യുകയോ  മുല്ലപെരിയാര്‍,  ചന്ദ്രയാന്‍,സാമ്രാജ്യത്വം, അധിനിവേശം  തുടങ്ങിയ പദങ്ങള്‍ ഇടവിട്ടു പത്തു വരികള്‍ ചേര്‍ക്കുകയോ ആവാം.
ഈ മുദ്രാവാക്യങ്ങളില്‍ ഉറച്ചു നിന്നു തന്നെ ഒത്തുതീര്‍പ്പ് വരെയും സമരം ചെയ്യുക എന്നതായിരിക്കണം ലക്‌ഷ്യം. സമരം നടക്കുമ്പോള്‍ കംപ്യുട്ടര്‍   അറിയാവുന്ന ഏതെങ്കിലും പിള്ളേരെ പിടിച്ചു നിര്‍ത്തി ട്വിട്ടര്‍, ഫേസ്ബുക്ക്, ഗൂഗിളില്‍ ബസ്സ്‌ എന്നിവ വഴി നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടതാണ്.
സമരം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒത്തുതീര്‍പ്കരാര്‍ എഴുതി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടി വെക്കാം . ഒത്തുതീര്‍പ്പ്വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ ക്യാബിനറ്റ് റാങ്കില്‍പ്പെട്ട  രണ്ട് മന്ത്രിമാരെങ്കിലും  സമരപ്പന്തലിനു പിറകില്‍ എത്തി  നമ്മുടെ അരുമ ശിഷ്യന്മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്.
സമരം അവസാനിക്കുന്നതിനോടനുബന്ധിച്ചു ഒത്തുതീപ്പുകമ്മറ്റി രൂപവല്‍ക്കരിക്കുകയും കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി  തുടങ്ങിയ ആളുകളുടെ ഇപ്പോഴത്തെ തലമുറക്കാരെ കമ്മറ്റിയിലെ ഭാരവാഹികള്‍ ആക്കി പത്രസമ്മേളനം നടത്തുകയും വേണം.  സ്വതന്ത്രസമരപെന്‍ഷന്‍ വാങ്ങുന്ന ഏതെങ്കിലും ഒരു തല നരച്ച ആള്‍ വേണം സമരം അവസാനിപ്പിച്ചു നാരങ്ങാ നീരു തരാന്‍. പിന്നെ ഗ്രുപ്പ് ഫോട്ടോക്ക് രണ്ട് മന്ത്രിമാര്‍, ഒരു കവി, മൂന്ന് ക്രിമിനല്‍ വക്കീലന്മാര്‍, ഒരു ബോളിവുഡ് നടന്‍ എന്നിവരെ നേരത്തെ ബുക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിന്ഗര്‍ എന്ന പരിപാടിയില്‍ കര്‍ട്ടന്‍ വലിച്ച ഏതെങ്കിലും നാലു പേരെ വച്ച് ഒരു ഗാനമേള, പുനം പാണ്ടേ മുന്നോട്ടു വെച്ച സംസ്കാരിക പരിപാടി എന്നിവയും ആകാവുന്നതാണ്.  
 
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. നാട്ടിലെ അഴിമതി മൊത്തം തുടച്ചു നീക്കിയിട്ടു തന്നെ കാര്യം!
 

10 comments:

Minesh Ramanunni said...

ഹും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ നാട്ടിലെ അഴിമതി മുഴുവന്‍ തുടച്ചു നീക്കിയിട്ട്‌ തന്നെ കാര്യം :)

അന്ന്യൻ said...

ഉം, വേഗം ആയിക്കോട്ടേ...

SHANAVAS said...

എന്നാല്‍ പിന്നെ തുടങ്ങുക അല്ലെ.... സമരം?

sm sadique said...

ഇങ്കിലാബ് സിന്താബാദ്...

ajith said...

നാളെ മനാമയില്‍ സമരം. ഹോ എന്തോരഴിമതി ഇവിടെ!!!!

ഷമീര്‍ തളിക്കുളം said...

'അഴി'മതി.....

ദീപുപ്രദീപ്‌ said...

എടപ്പാള്‍ അങ്ങാടീല്‍ ഇരിക്കണ്ട ,അവിടെ ആള് കൂടില്ല. എടപ്പാള്‍ ചുങ്കത്ത് ഇക്കുകയാവും ബെസ്റ്റ്. അവിടാവുമ്പോ ആളെയും കിട്ടും , എല്ലാരുടെയും തൃശൂര്‍-കോഴിക്കോട് യാത്രയും മുടങ്ങും . ജനശ്രദ്ധയ്ക്ക്‌ വേറെ എന്തെങ്കിലും വേണോ?

NB:പഞ്ചായത്ത് കോടികള്‍ ചിലവഴിച്ചു നിര്‍മിച്ച himax വിളക്ക് കണ്ടു രാത്രി സമരത്തിന്‌ വരണ്ട, ഉല്‍ഘടിച്ചതിന്റെ ഒന്നാം മാസം തികയുന്നതിനു മുന്നേ കേടായി. മെഴുകുതിര്യോ ജനറേട്ടരോ കൂടെ കരുതിക്കോളൂ (ഓരോരോ അധിക ചിലവുകളെ ? ഇങ്ങനെ പോയാ നമ്മളെങ്ങനെ സമരം നടത്തും ?)

Salini Vineeth said...

എന്നാപ്പിന്നെ ഇടപ്പാളില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ്‌ നടത്തിയാലോ? അഴിമതിക്കെതിരെ ബ്ലോഗേഴ്സ് പ്രതിഷേധിക്കുന്നു.. ഇനി നമ്മളായിട്ട് പ്രതിഷേധിച്ചില്ല എന്നാരും പറയരുത്.. :)

Anonymous said...

very intersting

all the best

sudhi

Echmukutty said...

അപ്പോ അഴിമതി തുടച്ചു നീക്കാൻ പോവാം...