Tuesday, January 31, 2012

ലാദനും ഞാനും

ബുധനാഴ്ച രാവിലെ പതിവില്ലാതെ അലാറം നാലരക്ക് അടിച്ചപ്പോള്‍ ആദ്യം തോന്നിയത് മൊബൈല്‍ തള്ളിപ്പൊളിക്കാനായിരുന്നു, അപ്പോളാണ് എന്നത്തെയും പോലെ ഏഴുമണിക്ക് ഓഫിസിലേക്കല്ല പകരം രാവിലെ എട്ടു മണിക്കുള്ള ഫ്ലൈറ്റില്‍ ദുഫായില്‍ മീറ്റിങ്ങിനു പോകാനാണ് മാനേജര്‍ പറഞ്ഞിരിക്കുന്നത് എന്ന ഓര്‍മ്മ വന്നത്.
പത്തു മിനിട്ട് നേരം കൂടി മൂടി പുതച്ചു കിടന്നിട്ട് ദുബായ് കണ്ടുപിടിച്ചവനെ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് കണ്ണ് വലിച്ചു തുറന്നു. എണീറ്റു പല്ല് തേച്ചു കുളിച്ചു ഒരു നീല ഷര്‍ട്ട് ഇട്ടു പതിവ് പോലെ ചുള്ളനായപ്പോള്‍ ഒരു വലിയ പ്രതിസന്ധി മുന്നില്‍ . എന്റെ ഒരു വിധം ഷര്‍ട്ടുകളും പാന്റുകളും അടക്കം ഒന്ന് രണ്ട് ആഴ്ചയിലെ തുണികള്‍ ലോണ്ട്രിയില്‍ സുഖസുഷുപ്തിയിലാണ്. ലോണ്ട്രി തുറക്കാന്‍ എഴുമണി . ഫ്ലൈറ്റ് എട്ടുമണി ... ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ ഇടാന്‍ നല്ല പാന്റില്ല.
ഇടങ്ങേറായല്ലോ ന്‍റെ ബദരീങ്ങളെ , അലമാരയില്‍ രണ്ട് എം സി ആര്‍ മുണ്ടും നാലു കിട്ടക്സ് ലുങ്കികളും മാത്രം. മുണ്ട് ഉടുത്തു മീറ്റിങ്ങിനു പോകാന്‍ പറ്റില്ലല്ലോ അതും ദുബായ് വരെ!
ഇത്ഥമോരോന്നു ചിന്തിച്ചു അലമാരയില്‍ ഒരു അവലോകനം നടത്തിയപ്പോള്‍ ‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. അളിയന്‍ പുതിയതായി വാങ്ങിയ ഒരു നല്ല റെഡിമെയിഡ് പാന്റ് പാക്കറ്റ് പൊട്ടിക്കാതെ ഇരിക്കുന്നു. മറ്റൊന്നും നോക്കാതെ അത് എടുത്തു വലിച്ചു കയറ്റി. അളിയന്റെ വെയിസ്റ്റ് സൈസ് മുപ്പത്തിനാലും എന്റെതു മുപ്പത്തി രണ്ടുമാണ്. അതിനെന്തു പ്രശ്നം?
എമണ്ടന്‍ ഒരു ബെല്‍റ്റ്‌ എടുത്തു പാന്റിനെ അരയില്‍ തളച്ചിട്ടു ബാഗുമെടുത്ത് നേരെ എയര്‍പോര്‍ട്ടില്‍ ഒന്നാം ക്ലാസ് പൌരനായി വരിയില്‍ നിന്നു ബോഡിംഗ് പാസ്‌ എടുത്തു. എയര്‍ പോര്‍ട്ടില്‍ നിറയെ കളറുകള്‍ . ക്യുവില്‍ മൂന്നാമത് ഒരു നിന്ന ഒരു ബിപാഷ ബസുവിനെ സ്കെച് ചെയ്തിട്ട് എമിഗ്രെഷനോക്കെ കഴിഞ്ഞിട്ട് ഫ്രീ ആയിട്ട് ഒന്ന് രണ്ട് നമ്പര്‍ ഇട്ടു നോക്കാം എന്ന് ഒരു ആത്മഗതം മനസിലിട്ട്‌ എമിഗ്രഷന് കൌണ്ടറിലേക്ക് നടന്നു .
ഇനി സെക്ക്യുരിട്ടി ചെക്കിംഗ് . അവിടെ നില്‍ക്കുന്നു ഒരു മൊഞ്ചത്തി ഹൂറി ! നല്ലൊരു അറബി പെണ്ണ്. അവളെ നോക്കി വെള്ളമിറക്കി ഞാന്‍ എന്റെ സ്ഥാവരജംഗമ വസ്തുക്കളായ ലാപ്ടോപ് ബാഗ്, മൊബൈല്‍, കീ ചെയിന്‍ എല്ലാം സ്കാനിങ്ങിനു കടത്തി വിട്ടിട്ടു മെറ്റല്‍ ഡക്ടട്ടര്‍‍ വാതിലിലൂടെ കടന്നു.
പണ്ടാരം ! രണ്ടു പഞ്ചായത്തുകള്‍ കിടുങ്ങുമാറ് ഒരു സൈറണ്.‍ അറബി സുന്ദരി എന്നെ തുറിച്ചു നോക്കി. ഞാന്‍ മനസ്സില്‍ പറഞ്ഞു" ഹേ ഞാന്‍ അത്തരക്കരനോന്നുമല്ല, നല്ല തറവാടി വള്ളുവനാടന്‍, പണ്ട് സാമൂതിരിയുടെ കൈയില്‍ നിന്നും കീര്‍ത്തി ചക്ര വാങ്ങിച്ച ഫാമിലിയാ. എന്തിനു എന്റെ ഇ മെയിലിനെ ഉമ്മന്‍ ചാണ്ടി വരെ സംശയിചിട്ടില്ല "
മാന്മിഴിയാള്‍ ‍ അടിമുടി നയനങ്ങള്‍ കൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞു . അവളുടെ നോട്ടത്തില്‍ ഞാന്‍ ലാദന്റെ ഡ്രൈവറും സുഹൃത്തുമായ അബ്ദുള്ള പെരുമ്പാവൂര്‍ ആണ് എന്ന ഒരു ധ്വനി. ഞാന്‍ നിരപരാധിത്വം വ്യക്തമാക്കി 'കൈയില്‍ ഒരു ടൈറ്റാന്‍ വാച്ചുണ്ട്. കഴുത്തില്‍ നൂല് പോലെ ഒരു ചെയിനും.അതൊക്കെ ലോഹമാണല്ലോ. അതൊക്കെ  ഈ മെറ്റല്‍ ഡിക്റ്റട്ടരിനെ ഒന്ന് പറഞ്ഞു ബോധവല്‍ക്കരിക്കൂ.'
സാധാരണ ബഹറിന്‍ എയര്‍പോര്‍ട്ടില്‍ പുരുഷന്മാരായ സെക്യുരിറ്റി ജീവനക്കാര്‍ ഹിന്ദികളെ അത്ര സ്ട്രിക്റ്റ്‌ ആയി ചെക്ക് ചെയ്യാറില്ല. പാസ്‌പോര്‍ട്ട്‌ നോക്കി മുഖം നോക്കി നേരെ കയറ്റി വിടും . പക്ഷെ നമ്മുടെ മൊഞ്ചത്തി 'ബോണ്ട്‌ ഗേള്‍' കളിക്കാന്‍ ‍ തുടങ്ങി. അവള്‍ എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു .'വാച്ച്, ബെല്‍റ്റ്‌ എന്നിവ കൂടി അഴിച്ചു വെച്ചിട്ട് ഒന്ന് കൂടി മെറ്റല്‍ ഡികറ്ററ്റര് വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ആവൂ ‍ '
വാച്ച് അഴിച്ച ശേഷം കൈ ബെല്‍റ്റില്‍ എത്തിയപ്പോള്‍ ആണ് മനസ്സില്‍ ഡെയിഞ്ചര്‍ ‍ സിഗ്നല്‍ കത്തിയത് , മുപ്പത്തിനാല് സൈസ് പാന്‍റ് ആണ് അരയില്‍. ബെല്‍റ്റ്‌ അഴിച്ചാല്‍ പാന്‍റ് താഴെ എത്തും ....എന്നാലും എന്റെ അറബി പെണ്ണേ . എന്റെ മാനം. !!!
പണ്ട് സ്കൂളില്‍ ഒരു കൈയില്‍ സ്ലെയിട്ടും മറുകൈ കൊണ്ട് ട്രൌസറും പിടിച്ചു മൂക്കൊലിപ്പിച്ചു നടന്നിരുന്ന മന്ദബുദ്ധി ഷംസുവിനെ പോലെ ഒരു കൈ കൊണ്ട് പാന്റും മറുകൈ കൊണ്ട് പാസ്പോര്‍ട്ടും പിടിച്ചു ഞാന്‍ സെക്യുരിറ്റി ഗെയിറ്റ് കടക്കുമ്പോള്‍ ലവള്‍ ഉത്തരവാദിത്വം നിര്‍വഹിച്ച സന്തോഷത്തില്‍ വിജ്രുംഭിച്ചു നിന്നു.
പ്രേംകുമാര്‍  സ്റ്റയിലില്‍ 'നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...ഒതളങ്ങ 'എന്ന് പറഞ്ഞു തിരിഞ്ഞു  നോക്കിയപ്പോളോ    എയര്‍പ്പോര്‍ട്ടില്‍ വെച്ച് വെള്ളമിറക്കിയ നമ്മുടെ ബിപാഷ ബസു എന്റെ പാന്റിന്റെ അവസ്ഥ നോക്കി ചിരി അടക്കി ക്യുവില്‍ നില്‍ക്കുന്നു.
എന്നാലുമെന്റെ ലാദ, നിനക്ക് വല്ല കാര്യവുമുണ്ടോ ആ കെട്ടിടങ്ങള്‍ വിമാനമിടിച്ചു മറിച്ചിടാന്‍ ???

17 comments:

Minesh Ramanunni said...

അങ്ങനെ മൂന്നു മാസത്തെ വരള്‍ച്ചക്ക് ശേഷം ജിമെയിലിന്റെ ഡ്രാഫ്റ്റില്‍ കിടന്ന പണ്ട് മ്മടെ പഴയ ഗൂഗിള്‍ ബസ്സില്‍ പോസ്റ്റ്‌ ചെയ്ത ഒരു സംഗതി ഒന്ന് കൂടി വര്‍ക്ക് ചെയ്തെടുത്തു. അക്ഷരങ്ങളെ കൈ വിട്ടു പോകുന്നോ എന്ന ഭയം കൊണ്ട് കാണിച്ച സാഹസം ...

സുധി said...

അന്ന് ബസില്‍ ഇട്ടതു തന്നെ ആയിരുന്നു ഇതിലും നര്‍മ്മം . ആകെ വ്യത്യാസം ഉണ്ടായത് ആ ഇമെയില്‍ കേസ് മാത്രം അല്ലെ ഉള്ളൂ ? നിന്റെ സാധാരണ എഴുത്തിന്റെ ആവറേജ് .. അത്രേ ഉള്ളൂ :))

സരസ്സന്‍ said...

" എയര്‍പ്പോര്‍ട്ടില്‍ വെച്ച് വെള്ളമിറക്കിയ നമ്മുടെ ബിപാഷ ബസു എന്റെ പാന്റിന്റെ അവസ്ഥ നോക്കി ചിരി അടക്കി ക്യുവില്‍ നില്‍ക്കുന്നു."..പിന്നല്ലേ പാന്റ്...ഊം...ഊം..ബിപാഷ 34ന്റെ പാന്റാദ്യമല്ല്ഡേ കാണുന്നത്, (34-ലിനുള്ളിലെ 2 1/2 കണ്ടാണെന്നു ആർക്കും മനസിലാവില്ല..)

ആരൊ പറഞ്ഞല്ലോ എന്തൊ ബ്ലോക്കായീന്നു..സ്വയം അപവാദം പറയുന്നതിനു ഒരതിരുണ്ട്.....

അനൂപ്‌ said...

എന്തിനു എന്റെ ഇ മെയിലിനെ ഉമ്മന്‍ ചാണ്ടി വരെ സംശയിചിട്ടില്ല "

ആചാര്യന്‍ said...

വായിച്ചു കൊള്ളാം.....എന്നാലും ഒരു പാന്റു?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആദ്യമായാണ് ഇവിടെ,ബ്ലോഗിന്റെ സാധാരണ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങുന്ന ഒരു ബ്ലോഗ്‌ ,നര്‍മ്മം കൈകാര്യംചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു ,ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

ഈ പാവങ്ങളെ ജീവിക്കാന്‍ വിടൂ എന്ന ഒരു board കൊണ്ടു നടക്കേണ്ടീ വരും ഹിഹിഹി
നല്ല രസികന്‍

ദീപുപ്രദീപ്‌ said...

അത് ചീറി! അറബി കൊച്ച് കണ്ടറിഞ്ഞു പണി തന്നതാവും

viddiman said...

വളുടെ നോട്ടത്തില്‍ ഞാന്‍ ലാദന്റെ ഡ്രൈവറും സുഹൃത്തുമായ അബ്ദുള്ള പെരുമ്പാവൂര്‍ ആണ് എന്ന ഒരു ധ്വനി.

കലക്കി..

Njanentelokam said...

പെട്ടുപോയി .......
"ലാദനും ഞാനും" തമ്മിലെന്ത്?എന്നാവാമായിരുന്നു .

raghunath said...

malayalam akkan entha cheyyuka?

Minesh Ramanunni said...

Raghu,

U can type Manglish in your gmail using google transliteration or just type maglish in below link
malayalam.changathi.com/

കുഞ്ഞൂസ് (Kunjuss) said...

എന്തായാലും നര്‍മം നന്നായിട്ടുണ്ട്...

ഗൂഗിള്‍ ബസ്സ്‌ സര്‍വീസ് പൂട്ടിയപ്പോള്‍ വീണ്ടും ബ്ളോഗില്‍ കേറി ല്ലേ...:)

Echmukutty said...

ലാദനോട് ഇങ്ങനെ എത്ര പേരു ചോദിച്ചിട്ടുണ്ടാവും?

അന്ന്യൻ said...

അങ്ങനെ തന്നെ വേണം…!
പിന്നെ, പണ്ട് സ്കൂളിൽ ഒരു കൈയിൽ സ്ലെയിട്ടും മറുകൈ കൊണ്ട് ട്രൌസറും പിടിച്ചു മൂക്കൊലിപ്പിച്ചു നടന്നിരുന്ന മന്ദബുദ്ധി ചെക്കന്റെ പേരു പറഞ്ഞല്ലൊ. എന്താ അവന്റെ പേരു?

വേണുഗോപാല്‍ said...

രസിച്ചു വായിച്ചു ...

ഇനി പാന്റ് ഒരു മുപ്പത്തി രണ്ടു സൈസ് എടുക്കുക .. ഇല്ലെങ്കില്‍ ഇനിയും തങ്ങേണ്ടി വരും ...

ഈ ലാദന്‍ ഒപ്പിക്കുന്ന ഓരോ പണിയേ !!!!

നര്‍മ്മം നന്നായി കൈകാര്യം ചെയ്യുന്നു ..
ആശംസകള്‍

ajith said...

മെറ്റല്‍ ഡിറ്റക്ടറില്‍ രണ്ടു കയ്യും ഉയര്‍ത്തി ഒരു പോസുണ്ടല്ലോ...ഈ ലാദന് അതു വല്ലതും അറിയാമോ അല്ലേ?