Monday, June 13, 2011

ജയ ജയ ഹേ മഹിഷാസുര മര്‍ദ്ദക



"നാലര കന്നു കെട്ടിയിരുന്ന തൊഴുത്താ,  ഇപ്പോള്‍ വന്നു വന്നു  രണ്ട് ചാവാലി പോത്തുകള്‍ മാത്രമായി. അതും ഇനി എത്ര കാലത്തേക്ക് ?"
 
രാവിലെ മേനോന്‍സ് ആവലാതികളുടെ   കെട്ട് തുറക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അടുത്ത  കമന്റ് ഉണ്ണിക്കുട്ടന്‍ പ്രതീക്ഷിക്കും.
" നിന്റെ ഒക്കെ കാലമാവുമ്പോഴേക്കും ഇവിടെ പുല്ലു മുളക്കില്ല"
 
 ഉണ്ണിക്കുട്ടന്‍ അല്പം ലേറ്റ് ആയി എണീക്കുന്ന ദിവസങ്ങളിലെല്ലാം  ഈ കമന്റ് അശരീരി പോലെ ഉയര്‍ന്നു വരും . ലേറ്റ് ആയി  എണീക്കുന്നതും     കന്നിന്റെ  എണ്ണം കുറയുന്നതും തമ്മില്‍ എന്ത് മാത്തമറ്റിക്കല്‍      റിലേഷന്‍? ഉണ്ണിക്കുട്ടന്‍ ജനിച്ചതിനു ശേഷം കന്നിന്റെ എണ്ണം കുറഞ്ഞു എന്ന് പറയാന്‍ മേനോന്സിനു കഴിയില്ല. കാരണം ജനിക്കുന്നതിനു മുന്‍പ് തന്നെ രണ്ടു പോത്തുകളെ ഉള്ളു.  മിക്കവാറും മേനോന്സിന്റെ പിതാശ്രീ അങ്ങേര്‍ക്കു നല്‍കിയ വിശേഷണം ഉണ്ണിക്കുട്ടന് പതിച്ചു നല്കുകയാവും. മുത്തച്ചന്‍  പത്തേക്കര്‍ ലാന്‍ഡ്‌ പതിച്ചു നല്‍കുകയാണെങ്കില്‍ ഒകെ.  ഇത്തരം വിശേഷണങ്ങള്‍ ആണ് തരുന്നതെങ്കില്‍ ...
 
കണ്ണ് തിരുമ്മിക്കൊണ്ട് ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍ മേനോന്‍സ് പോത്തുകളോട് കഥ പറഞ്ഞു പാടത്തേ ക്കിറങ്ങും.
 
മേനോന്സുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഒരു മേഖലയാണ് ഈ പോത്ത് വളര്‍ത്തല്‍. വേറെ എന്തൊക്കെ മൃഗങ്ങള്‍ ഉണ്ട്? ഒരു കുതിരയ വളര്‍ത്തിക്കൂടെ? അങ്ങനെ ആണെങ്കില്‍ ദിവസവും അഞ്ചാം ക്ലാസിലെ നിത്യയെ മുന്നിലിരുത്തി ഒരു വടക്കന്‍ വീരഗാഥ അഭിനയിക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു പോമറേനിയന്‍ പട്ടി. അതും ഒരു വിധം പെണ്‍കുട്ടികളുടെ വീക്നെസ് ആണ്. ഒന്നും വേണ്ട; ഒരു ദിനോസര്‍ ആയാലും മതി. സന്ദീപിന്റെയും വികാസിന്റെയും വീട്ടില്‍ പോലും അതില്ല . പക്ഷെ മേനോന്സിനു വളര്‍ത്താന്‍ കണ്ടത് ബ്ലഡി  പോത്ത്സ്..
കാലന്റെ വാഹനമാണ് പോത്ത് എന്ന് രുക്കുവമ്മ പറഞ്ഞു തന്നതോടെ ഉണ്ണിക്കുട്ടന്‍ ആകെ വറീദ് ആയി. നല്ല വല്ല ദൈവങ്ങളുടെ വാഹനങ്ങളെ വളര്ത്തികൂടെ ഇങ്ങേര്‍ക്ക്? മേനോന്സിന്റെ കഥകളില്‍ വാണിയംകുളം, പെരുമ്പിലാവ് തുടങ്ങിയ കാലി ചന്തകളുടെ  വര്‍ണന കേള്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന് ചിരി വരും .മേനോന്റെ കാടാമ്പുഴയാണ് പെരുമ്പിലാവ്. അങ്ങേരുടെ ഗുരുവായൂര്‍ വാണിയംകുളവും. 
 
 ഒരു ദിവസം ക്ലാസില്‍ വെച്ച് അനൂപ്‌ എല്ലാവരും കേള്‍ക്കെ  അത്  ചോദിച്ചു.
" ഡാ, നിന്റെ അച്ഛന്‍ ഇന്നലെ രണ്ടു പോത്തിനേം കൊണ്ട് പോകുന്നത് കണ്ടല്ലോ. അത് നിന്റെ വീട്ടിലെ പോത്തുകള്‍ ആണോ? "
 
" പോത്തുകളോ എന്റെ അച്ഛനോ? ഏയ് ആവാന്‍ വഴിയില്ല. അത് തെങ്ങുകയറ്റക്കാരന്‍ മുരുഗന്റെ വീട്ടിലെ പോത്തുകള്‍ ആവും. ഞങ്ങളുടെ വാഴകൃഷി തിന്നപ്പോള്‍ അച്ഛന്‍ അട്ടി ഓടിച്ചു എന്ന് പറഞ്ഞിരുന്നു. അയ്യേ! വൃത്തികെട്ട  ജന്തുക്കള്‍. അച്ഛന് ഞങ്ങളുടെ വീട്ടിലെ  രണ്ടു ഡോബര്‍മാന്‍മാരെ കുളിപ്പിക്കാന്‍ തന്നെ ടൈം ഇല്ല. എപ്പോളും  പോമറെനിയന്‍   കൂടെ കാണില്ലേ ? "
 
അല്പം ഉറക്കെതന്നെ ഇത് പറഞ്ഞോപ്പിച്ചപ്പോള്‍  ഒന്നാം ബെഞ്ചിലെ അഷിതയുടെ കണ്ണുകള്‍ വിടര്‍ന്നു. രണ്ടാം ബെഞ്ചിലെ സരിതയും സംഗീതയും ഉണ്ണിക്കുട്ടന്റെ അടുത്ത് ഓട്ടോഗ്രാഫിനായി  ബഹളം കൂട്ടി. അനൂപിന്റെ ആപീസ് പൂട്ടി.
 
" ഉണ്ണിക്കുട്ടാ ആ പോമറെനിയനെ ഒന്ന് കാണിച്ചു തരാമോ?സ്പോര്‍ട്സ് ഡേക്കു    അതിനെ കൂടി ഒന്ന് കൊണ്ട് വരാമോ? "

ചോദ്യം ഇരട്ടകളായ സരിതയും സംഗീതയും ഒരുമിച്ചു . പരട്ടകള്. പോമറെനിയനെ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലേ? കട്ടപ്പാര വരുന്നത് കണ്ടു ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
"അതിനെന്താ? സ്പോര്‍ട്ട് ഡേ ആവട്ടെ"

'അന്ന് മുങ്ങണം എന്നിട്ട് വയറു വേദന എന്ന് കള്ളം പറയാം.' ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.
 
മകരക്കൊയ്ത്ത്  കഴിഞ്ഞാല്‍ പാടങ്ങള്‍ ഉണങ്ങി വരളും . അപ്പോള്‍ മേനോന്സിനു ടെന്‍ഷന്‍ തുടങ്ങും ഉണ്ണിക്കുട്ടന്‍ കൊല്ലപരീക്ഷ പാസാവില്ലേ  എന്ന ടെന്‍ഷന്‍ അല്ല. ഒന്നിനുമാത്രം പോന്ന രണ്ടു പോത്തുകളെ എങ്ങനെ തീറ്റിപോറ്റും   എന്ന ടെന്‍ഷന്‍.അപ്പോള്‍ മേനോന്‍സ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങും.
 
'ആ രാഘവന്‍റെ  കണ്ടത്തില്‍ നല്ല പുല്ലുണ്ട്. ഇന്ന് അവിടെ കൊണ്ട് പോകാം. '  മേനോന്‍സ് ഉണ്ണിക്കുട്ടനെ നോക്കി പ്രസ്താവിച്ചു കളയും. ചുമ്മാതല്ല ഈ പ്രസ്താവന,  സ്കൂളടച്ചാല്‍ ‍ വീട്ടില്‍  ചൊറിയും  
കുത്തിയിരിക്കുന്ന ഉണ്ണിക്കുട്ടന്‍ അസിസ്റ്റന്റ് ആയി  പോണം. മേനോന്‍സ് മുന്നില്‍, മേനോന്റെ പ്രിയ കാരിപ്പോത്ത് തൊട്ടു പിന്നില്‍, അതിനു പിറകില്‍ മടിയന്‍ ചെമ്പന്‍ പോത്ത്, അതിനു പിറകില്‍ ഉണ്ണീസ്  എന്ന ഗ്ലാഡിയെട്ടര്‍...

ചിലപ്പോള്‍ മേനോന്‍സ് കണ്ടുവെക്കുന്നത് കുറെ ദൂരെ ഉള്ള സ്ഥലങ്ങള്‍ ആവും. അപ്പോളും ഉണ്ണിക്കുട്ടന് ലക്ഷമണന്റെ  വിധി .
 
"നാലാള് കണ്ടാല്‍ മാനം പോവുമല്ലോ തേവരെ. നാളെ ഇനി വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി അന്യജാതിക്കാരിയുറെ  കൈ പിടിച്ചു വരുമ്പോള്‍ കുറച്ചു നേരം മുന്‍പേ വരമ്പത്ത് നിന്ന സുബ്രു പറയുമല്ലോ 'ഈ ചെക്കന്‍ ഇവടെ മൂക്ക് ഒലിപ്പിച്ചു  പോത്തിനെ തെളിച്ചു നടന്നവനല്ലേ?അവന്റെ സമയം' എന്ന്.
"ശ്ശോ അന്നുണ്ടാവാന്‍ പോകുന്ന മാനക്കേട്‌. "
ഇപ്പോള്‍ ഒരു കുതിരയാണെങ്കില്‍ ഇതേ സുബ്രു തന്നെ നാളെ പറയും 'ജന്മന അവന്‍ പ്രമാണിയാ.'
 
എന്ത് ചെയ്യും? മേനോന്സിനു എന്ന് നല്ല ബുദ്ധി തോന്നും?
 
ഇത്തരം ചിന്തകള്‍  അധികമാവുമ്പോള്‍ ഉണ്ണിക്കുട്ടന്‍ രുക്കുവമ്മയുറെ  അടുത്ത് കമ്പ്ലൈന്റ് പറയും. രുക്കുവമ്മയാകട്ടെ  അപ്പോള്‍  ശിവ് ഖേര സ്റ്റൈലില്‍  'പവര്‍ ഓഫ് പോസിടിവ് തിങ്കിംഗ്' എന്ന സബ്ജെച്ടില്‍ ക്ലാസ് എടുക്കും . 'നമ്മുടെ കണ്ണന്‍വരെ കാലിചെറുക്കന്‍  ആയിരുന്നു. എന്നിട്ടെന്തു പറ്റി? ലോകം മുഴുവന്‍ കണ്ണനെ ഇഷ്ടപെട്ടില്ലേ ? "

ഉടന്‍ ഉണ്ണിക്കുട്ടന്റെ മറുചോദ്യം. "കണ്ണന്റെ കോണ്ടക്സ്റ്റില്‍ കാലി എന്നത് പശുവാണ് . ഇവിടെ പോത്തും. പശു പണ്ടേ ആളുകളുടെ വീക്നെസ് ആണ്.  മേനോന്സിനു പശു വളര്‍ത്തി എന്നെ ഒരു കണ്ണനായി അപ്ഗ്രേഡ്   ചെയ്തു കൂടെ ? ഇത് ഒരു പോത്തും കലപ്പയും. "
 
"മോനെ കലപ്പ ബലരാമന്റെ ആയുധമാണ് കൃഷിക്കാര്‍ അതിനെ ബഹുമാനിക്കണം "
" ഒന്ന് പോ അമ്മെ, യുധിഷ്ടിരന്റെ    ‍  ആയുധം കുന്തം ആണ് എന്ന് കരുതി രാഷ്ട്രീയക്കാര്‍  രാവിലെ കുന്തവും  പിടിച്ചാണോ നിയമസഭയില്‍ പോകുന്നത്?  "

മറുചോദ്യം കേട്ട് രുക്കുവമ്മ ഞെട്ടി. കുരുത്തംകെട്ടവന് പുരാണം പറഞ്ഞു കൊടുത്തത് അബദ്ധായി എന്ന ഭാവത്തില്‍ ഒറ്റ നോട്ടം .
 
"ഹാജ്യരുടെ പൂട്ടാതെ കിടക്കുന്ന കണ്ടത്തില്‍ നല്ല പുല്ലു . ഒരാഴ്ച അവിടെ തീറ്റാം  പോത്തുകളെ" . മേനോന്സിനെ പുതിയ വിജ്ഞാപനം കൈപ്പറ്റി  ഉണ്ണിക്കുട്ടന്‍  തരിച്ചു നിന്നു.
 
രണ്ടാണ് കാരണം. ഒന്ന് ഹാജ്യരുടെ കണ്ടത്തിലേക്ക്‌ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. അത്രയും പോത്തുകളോടൊപ്പം നടന്നു തിരിച്ചു വരണം. അത് പോട്ടെ . ലൈഫ് ബോയ്‌ തേച്ചു കുളിക്കുന്നത് കൊണ്ട് തന്തുരുസ്തി   കൂടെ ഉണ്ട് . പക്ഷെ രണ്ടാമത്തെ പാരയാണ്  കടുപ്പും. സരിതയും സംഗീതയും ടുഷന്‍ പഠിക്കാന്‍ പോകുന്ന വാസന്തി ടീച്ചരുറെ  വീടിനടുത്താണ് ഈ വിശ്വവിഖ്യാതമായ  കണ്ടം .
 
ആദ്യ ദിവസം പോത്തുകളെ കണ്ടത്തില്‍ വിട്ടു ഉണ്ണിക്കുട്ടന്‍ പരിസരം വീക്ഷിച്ചിരുന്നു. പത്ത് മണിയുടെ കെ. കെ. ബി കുന്നംകുളത്തേക്ക്  പോകുന്ന നേരം ആയപ്പോള്‍ ദൂരെ നിന്നു സംഗീതയും സരിതയും അടിവച്ചു വരുന്നത്  കണ്ടു. മേനോന്‍സ് അല്പം അകലെ തോട്ടത്തില്‍ പണിയെടുക്കുന്ന ശങ്കരേട്ടനുമായി ബടായി സെഷന്‍ നടത്തുന്നു. പോത്തുകള്‍ പുല്ലില്‍ കൊന്സേന്ട്രറ്റ് ചെയ്യുന്നു. തരുണികള്‍  അടുത്ത് എത്തിയതും ഉണ്ണിക്കുട്ടന്‍ ശങ്കരെട്ടന്റെ വാഴത്തോപ്പില്‍ കയറി. മേനോന്‍സ് ചോദിച്ചപ്പോള്‍ ഒന്നിന് പോകുകയാണ് എന്ന് പറഞ്ഞു. അവര്‍ ട്യുഷന്‍ തിരിച്ചു വരുമ്പോഴേക്കും പോത്തുകള്‍ പുല്‍സെഷനും മേനോന്‍സ് ബടായി സെഷനും ഫിനിഷ് ചെയ്തു വീട്ടിലേക്കു പോന്നു.
പിറ്റേന്ന് രാവിലെ മേനോന്‍സ് ഉണരുന്നതിനു മുന്‍പ് തന്നെ പോത്തുകള്‍ മുദ്രാവാക്യം വിളി തുടങ്ങി .
 
"ധീര, വീര, മേനോന്സേ,
ധീരതയോടെ നയിചോളു,  
പോത്തുകള്‍ ഞങ്ങള്‍ പിന്നാലെ'
 
എന്ന മുദ്രാവാക്യം കേട്ട് ഉണ്ണിക്കുട്ടന്‍ ഉണരന്നത്.
 
ഹാജ്യരുടെ പുല്ലു അവറ്റകള്‍ക്ക് വല്യ ഇഷ്ടമായ പോലെ. ഉണര്‍ന്നു മുറ്റത്തു വന്നപ്പോള്‍ ആണ് രാത്രി ചെറിയ മഴ പെയ്ത കാര്യം ഓര്‍ത്തത്,
പോത്തുകളെ പുറത്തിറക്കാന്‍ നേരത്ത് മേനോന്‍സ് സ്ടാട്യുട്ടറി വാണിംഗ് തന്നു. " പുതുമണ്ണിന്റെ മണം ഉള്ളതാ, പോത്തുകളുടെ  അഡ്രിനാലിന്‍ കണ്ടെന്റ്  കൂടും. മൂക്ക്കയര്‍ പിടിചോളണം. "
 
 " ഹോ ഉണ്ണിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ മേനോന്‍ തീറ്റി വളര്‍ത്തുന്ന  ഈ പോത്തുകള്‍ക്കാവില്ല മേനോനെ" എന്ന് പറഞ്ഞു ഉണ്ണിചെകവര്‍.
 
രണ്ടാം ദിവസം,ലൊക്കേഷന്‍ ഹാജ്യരുടെ കണ്ടം. മേനോന്‍സ് പതിവുപോലെ വഴിയില്‍ കണ്ട ആരോടോ  കഥ പറയുന്നു. പോത്തുകള്‍ തീറ്റയില്‍  മുഴുകി. ഉണ്ണിക്കുട്ടന്‍ വിദൂരതയില്‍ കണ്ണ് നട്ട്.. അല്‍പനേരം കഴിഞ്ഞപോള്‍ ദൂരെ സരിത, സംഗീത എന്നിവര്‍ വരുന്നു. ഉണ്ണിക്കുട്ടന്‍ വഴത്തോപ്പില്‍ ഒളിച്ചു പതുങ്ങുന്നു. പോത്തുകള്‍ തീറ്റയില്‍ തന്നെ .അവര്‍ ഒരു പോത്തുകളില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അടുത്ത് വന്നപ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ അത് കണ്ടത്. ഒരാള്‍ ചുവന്ന പടുപാവാട . മറ്റൊരാള്‍ പച്ച പട്ടുപാവാട, ബ്ലൌസ്. ഉണ്ണിക്കുട്ടനെക്കാള്‍  മുന്‍പ് അത് ചെമ്പന്‍ പോത്ത് കണ്ടു.
 
'ആഹ, ചെങ്കൊടി കാട്ടി പ്രലോഭിപ്പിക്കുന്നോ?'
 
 ചെമ്പന്‍സര്‍ നേരെ പെണ്‍കുട്ടികളുടെ അടുത്തേക്ക്.
 
മേനോന്‍സ് ഫ്രെയിമില്‍  ഒന്നും ഇല്ല .
 
ഇനി എന്ത് ചെയ്യും.?
ആലോചിച്ചുനില്‍ക്കാതെ ഉണ്ണിക്കുട്ടന്‍ ചാടി വീണു.ചെമ്പന്‍ എന്നാ  വില്ലനുമായി സ്ടണ്ട് ചെയ്യുന്ന നായകന്‍!!!!
 
ഉണ്ണിക്കുട്ടന്‍ ഒറ്റ പിടിക്ക് മൂക്കുകയര്‍ കൈയിലാക്കി  ചെമ്പനെ ഒതുക്കി. പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളി പ്ലസ് ആശ്വാസ സൂചക സ്വരം.  പോത്തിനെ  നിയന്ത്രണ വിധേയനാക്കിയശേഷം ഉണ്ണികുട്ടന്‍ ഒരു ചോദ്യം. "നിങ്ങള്‍ക്കൊനും പറ്റിയില്ലലോ?"
അവര്‍ ".ഏയ് ഇല്ല ഈ പോത്തുകള്‍ ? "
ഉണ്ണിക്കുട്ടന്‍: "ആരുടെയാണാവോ  എന്തോ? മനുഷ്യനെ മെനക്കെടുത്താന്‍ വഴിയില്‍ കൊണ്ടുവന്നു കെട്ടിക്കോളും . എന്നിട്ട് കെട്ടിയവന്മാര്‍ അവരുടെ പാട് നോക്കി പോകും. ഇവയെ ഒക്കെ പോലീസില്‍ ഏല്പിക്കണം. എന്തായാലും നിങ്ങള്‍ നിക്ക്, ഞാന്‍ ഇതിനെ അടുത്ത് എവിടെയെങ്കിലും ഒന്ന് കെട്ടിയിട്ട്  വരാം. "
സംഗീതയും സരിതയും പോകുന്നതിനു മുന്‍പ് ഈ ഹീറോ ഇമാജ് മാക്സിമം പ്രോജെക്റ്റ്‌ ചെയ്യണം. വേഗം ചെമ്പനെ പിടിച്ചു നടന്‍ കൃഷ്ണന്‍ കുട്ടിനായരെ പോലെ ഉള്ള  ഒരു ശീമക്കൊന്നയില്‍ കെട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു.
"ഉണ്ണിക്കുട്ടന്‍ വന്നത് കൊണ്ട് ..."
"ഏയ് നന്ദി ഒന്നും പറയേണ്ട. ഞാന്‍ പ്രകൃതി നിരീക്ഷണത്തിന് ഇറങ്ങിയത. വേനലവധി വെറുതെ പാഴാക്കേണ്ടല്ലോ. "
 
രണ്ടുപേരുടെയും കണ്ണില്‍ ആരാധന. രണ്ടിനേം ഞാന്‍ ...
രണ്ടെണ്ണം ശരിയാവുമോ? എന്താ കുഴപ്പം ദശരഥനു  മൂന്നാവമെങ്കില്‍ ഉണ്ണിക്കുട്ടന് രണ്ടായാല്‍ എന്താ കുഴപ്പം ?
"ഞാന്‍ കൊണ്ട്  വിടണോ? ഇത്തരം വൃത്തികെട്ടക്രൂരമൃഗങ്ങള്‍ ഇനിയു ഉണ്ടാവും. അപ്പോള്‍ രക്ഷപെടുത്താന്‍  ഞാന്‍ ഉണ്ടായെന്നു വരില്ല"
 
ദയലോഗ് ഹൈ റേഞ്ചില്‍  എത്തി.
പെട്ടെന്നാണ് പുറകില്‍ ഒരു വലിയ നിഴലനക്കം കണ്ടത്. എന്തോ എന്ന് ഹെലികൊപ്ട്ടര്‍ പോലെ തന്റെ പുറത്തു ലാന്‍ഡ്‌ ചെയ്യുന്നതും അറിഞ്ഞു.. സരിത, സംഗീത  ആകെ പേടിച്ചപോലെ .എന്താണ് എന്ന് തിരിഞ്ഞു നോക്കൊമ്പോളെക്കും  മേനോന്‍സിന്റെ  പോത്തിനെ തല്ലുന്ന വടിയുടെ ചൂട് നടുമ്പുറത്ത്   അനുഭവപ്പെടാന്‍   തുടങ്ങി.

" അയ്യോ!!! ഇതെന്തു വകുപ്പില്‍ ?"
"കുരുത്തംകേട്ടവനെ, ആ പോത്തിനെ ശങ്കരെട്ടന്റെ വഴതോട്ടത്തില്‍  അഴിച്ചു വിട്ടത്  നീ അല്ലേ? ."
 
അപ്പോഴാണ് ചെമ്പന്‍സര്‍ വാഴത്തോട്ടം ഒരു ജാലിയന്‍ വാഴബാഗ്  ആക്കിയ വിവരം മനസിലായത്.
"നിന്നെ ഒക്കെ പോത്തിനെ നോക്കാന്‍ ഏല്‍പ്പിച്ച എന്നെ വേണം തല്ലാന്‍. ഇനി ആ ശങ്കരനോട് ഞാന്‍ എന്ത് പറയും ?"
അടിയുടെ ചൂട് ഒന്ന് തണുക്കുമ്പോള്‍ ആണ് സരിതയും സംഗീതയും  അടക്കി ചിരിച്ചു നടന്നു പോകുന്നു. 
സ്കൂള്‍ തുറന്നു ആദ്യദിവസം സെന്റ്‌ ജോര്‍ജ് കുടയും ചൂടി സ്കൂളില്‍ എത്തിയ ഉണ്ണിക്കുട്ടനെ കണ്ടതും സരിതയും സംഗീതയും പാടി.

 
"ജയ ജയ ഹൈ  മഹിഷാസുര മര്‍ദ്ദക .."
 
എപിലോഗ്: ഉണ്ണിക്കുട്ടചരിതം മുന്ഭാഗങ്ങള്‍ ഇവിടെ വായിക്കാം


Friday, June 10, 2011

'സഹന' സമര വീഥിയില്‍...

 
 
പത്ത് ഫ്ലക്സ്  അടിക്കണം. അതിനു ഒരു പതിനായിരം. ആള്‍ ഒന്നുക്ക് അഞ്ഞൂറ് രൂപയും പൈന്റും ബിരിയാണിയും, അങ്ങനെ ഒരു അമ്പതു പേര്‍ . അപ്പോള്‍ ഒരു മുപ്പതിനായിരം. കോഴിക്കോട്, തിരുവനന്തപുരം  തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിയ പ്രസ്‌ ക്ലബുകളില്‍ പത്രസമ്മേളനം നടത്തണം. അതിനു വേണ്ടി രണ്ടായിരം രൂപ വീതം (മൊത്തം നാലായിരം) . ഗാന്ധിത്തൊപ്പി, ഖദര്‍ അല്ലെങ്കില്‍ കാവി(കാവിയാണ് ഇപ്പോള്‍ ട്രെന്‍ഡ്, നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിരുവന്തപുരത്തെ പിച്ചക്കാര്‍ വരെ ഖദര്‍ ഉടുത്തു നടക്കുന്നത് കൊണ്ട് ഖദറിന് പെട്രോളിനെക്കാള്‍ വിലയാണെന്ന് അടക്കം പറച്ചില്‍) എന്തായാലും കോസ്ട്ട്യുമിനു  രണ്ടായിരമെങ്കിലും വേണം.  പിന്നെ കുറച്ചു നോട്ടീസ്, ലഞ്ച്, ഡിന്നര്‍, വണ്ടി, മൈക്ക് സെറ്റ്, പെട്രോള്‍, എസി, പത്രക്കാര്‍ക്കുള്ള  ഞം ഞം ..... എല്ലാം കൂടി മറ്റൊരു ഇരുപത്തിഅയ്യായിരം.. ഏകദേശം ഒരു ഒന്നൊന്നര ലക്ഷം ഉണ്ടാക്കിയിട്ട് വേണം എടപ്പാള്‍ അങ്ങാടിയില്‍ അഴിമതിക്കെതിരെ സമരം തുടങ്ങാന്‍.
 
നാട്ടിലെ ജീവിതചിലവ് കുത്തനെ ഉയരുകയും തെങ്ങയെക്കള്‍ കൂടുതല്‍ എന്ജിനിയര്‍മാര്‍ നാട്ടില്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനി റിട്ടയേഡ് ഗള്‍ഫുകാരനായി നാട്ടില്‍ ചെന്നാല്‍ വേറെ ഒരു പണി കിട്ടില്ല എന്ന് ഏതാണ്ട്  ഉറപ്പാണ് . അതുകൊണ്ട് ഇത്തരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഒരു ലോണ്‍ എടുക്കുന്നതിനെകുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നോം . ഇന്ത്യയിലെ  അഴിമതി തുടച്ചുമാറ്റിയാല്‍ പിന്നെ പാകിസ്ഥാന്‍ ബംഗ്ലാദേശ്, ബറുണ്ടി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കാം. വിവര സാങ്കേതിക വിദ്യ പനപോലെ വളര്‍ന്നത്‌ കൊണ്ട് ഇപ്പോള്‍ സമരം നടത്താന്‍ പഴയപോലെ മൈദ മാവ് ചേര്‍ത്ത് പോസ്റര്‍ ഒട്ടിക്കുക, രാത്രി ഉറക്കം ഒഴിച്ച് ചുമരില്‍ കുമ്മായം കൊണ്ട് എഴുതുക  തുടങ്ങിയ ഔട്ട്‌ ഡേറ്റഡ  പരിപാടികള്‍ ഒന്നും  ചുമ്മാ ഒരു ഫേസ്ബുക്ക് പേജ് തുറന്നു ഇന്ന് നിരാഹാരം, നാളെ വഴിതടയല്‍ അങ്ങനെ ആഹ്വാനം ചെയ്‌താല്‍ മതി .  
 
താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് മുദ്രാവാക്യങ്ങള്‍ ആയി ഉന്നയിച്ചാല്‍ സമരം അല്പം സീരിയസ് ആണെന്ന് മാലോകര്‍ ധരിച്ചോളും.
  • ഒരു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നിട്ട് ബാര്‍ട്ടര്‍ സമ്പ്രദായം വഴി ആട്, കോഴി എന്നിവ പണത്തിനു തുല്യമായി പ്രഖ്യാപിക്കണം.
  • കീടനാശിനി, വളം, വിത്ത് എന്നിവ നിരോധിച്ചു  വയലുകളില്‍ നാനോ കാര്‍ കൃഷി ചെയ്യണം.
  • ഗ്രാമീണ ബാങ്കുകള്‍, കനാറ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പണം കുന്നു കൂട്ടിയ ഞാന്‍ ഒഴികെ  ഉള്ള ആളുകളുടെ  സ്വത്തു പിടിച്ചെടുക്കണം.
  • വിദേശ ബാങ്കുകളിലെ കള്ളപണം പിടിച്ചെടുത്തു ചവറു കൂട്ടി കത്തിച്ചു കളയണം.
  • ഉടായിപ്പ് സന്യാസം പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി, ഐ പി എല്‍ മാതൃകയില്‍ ഇന്ത്യന്‍ സന്ന്യാസി ലീഗ് എന്നിവ കൊണ്ട് വരണം.
  • സല്‍വാര്‍ കമ്മിസ് ഭാവിയില്‍ സന്യാസത്തിന്റെ ദേശീയ ചിഹ്നം ആയി മാറ്റാന്‍ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
  • നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നവരെ ഗില്ലറ്റിനില്‍ ഇരുത്തുകയും അതില്‍ മുകളില്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം.
  • എഴുപത്തി അഞ്ചു വയസ്സ് തികഞ്ഞു അഴിമതി കേസില്‍ പെട്ടു കോടതികള്‍ അബദ്ധത്തില്‍ ശിക്ഷിക്കുന്നവരെ   ജയില്‍, തടവ്‌ തുടങ്ങിയ ശിക്ഷകളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഒഴിവാക്കി  പദ്മശ്രീ പദവി നല്‍കി ആദരിക്കേണ്ടതും അവരുടെ ജീവിത കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്പ്പെടുത്താവുന്നതും  ആണ്  .
നോട്ടീസില്‍ അടിക്കാന്‍ മുദ്രാവാക്യങ്ങള്‍ തികയാതെ വന്നാല്‍ അടിക്കുന്ന ദിവസത്തെ ഇന്ത്യവിഷന്‍ ഹെഡ് ലൈന്‍സ് കോപി ചെയ്യുകയോ  മുല്ലപെരിയാര്‍,  ചന്ദ്രയാന്‍,സാമ്രാജ്യത്വം, അധിനിവേശം  തുടങ്ങിയ പദങ്ങള്‍ ഇടവിട്ടു പത്തു വരികള്‍ ചേര്‍ക്കുകയോ ആവാം.
ഈ മുദ്രാവാക്യങ്ങളില്‍ ഉറച്ചു നിന്നു തന്നെ ഒത്തുതീര്‍പ്പ് വരെയും സമരം ചെയ്യുക എന്നതായിരിക്കണം ലക്‌ഷ്യം. സമരം നടക്കുമ്പോള്‍ കംപ്യുട്ടര്‍   അറിയാവുന്ന ഏതെങ്കിലും പിള്ളേരെ പിടിച്ചു നിര്‍ത്തി ട്വിട്ടര്‍, ഫേസ്ബുക്ക്, ഗൂഗിളില്‍ ബസ്സ്‌ എന്നിവ വഴി നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടതാണ്.
സമരം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒത്തുതീര്‍പ്കരാര്‍ എഴുതി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടി വെക്കാം . ഒത്തുതീര്‍പ്പ്വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ ക്യാബിനറ്റ് റാങ്കില്‍പ്പെട്ട  രണ്ട് മന്ത്രിമാരെങ്കിലും  സമരപ്പന്തലിനു പിറകില്‍ എത്തി  നമ്മുടെ അരുമ ശിഷ്യന്മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്.
സമരം അവസാനിക്കുന്നതിനോടനുബന്ധിച്ചു ഒത്തുതീപ്പുകമ്മറ്റി രൂപവല്‍ക്കരിക്കുകയും കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി  തുടങ്ങിയ ആളുകളുടെ ഇപ്പോഴത്തെ തലമുറക്കാരെ കമ്മറ്റിയിലെ ഭാരവാഹികള്‍ ആക്കി പത്രസമ്മേളനം നടത്തുകയും വേണം.  സ്വതന്ത്രസമരപെന്‍ഷന്‍ വാങ്ങുന്ന ഏതെങ്കിലും ഒരു തല നരച്ച ആള്‍ വേണം സമരം അവസാനിപ്പിച്ചു നാരങ്ങാ നീരു തരാന്‍. പിന്നെ ഗ്രുപ്പ് ഫോട്ടോക്ക് രണ്ട് മന്ത്രിമാര്‍, ഒരു കവി, മൂന്ന് ക്രിമിനല്‍ വക്കീലന്മാര്‍, ഒരു ബോളിവുഡ് നടന്‍ എന്നിവരെ നേരത്തെ ബുക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിന്ഗര്‍ എന്ന പരിപാടിയില്‍ കര്‍ട്ടന്‍ വലിച്ച ഏതെങ്കിലും നാലു പേരെ വച്ച് ഒരു ഗാനമേള, പുനം പാണ്ടേ മുന്നോട്ടു വെച്ച സംസ്കാരിക പരിപാടി എന്നിവയും ആകാവുന്നതാണ്.  
 
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. നാട്ടിലെ അഴിമതി മൊത്തം തുടച്ചു നീക്കിയിട്ടു തന്നെ കാര്യം!
 

Friday, April 22, 2011

ഗുളികപുരാണം

 
 
രുക്കുവമ്മയുറെ വീട്ടില്‍ നിന്നുംകൊണ്ടു വന്ന പൂവാലിപ്പശു   ഒന്നാന്തരം ഒരു ബേബി ഗേളിന്  ജന്മം നല്‍കിയതോടെ മേനോന്സിനു ടെന്‍ഷന്‍ തുടങ്ങി.
 
"ഇപ്പോളെ തൊഴുത്തില്‍ രണ്ട് പോത്തുകള്‍ ഉണ്ട് . കറമ്പന്‍ കാരിയും മടിയന്‍ ചെമ്പനും. ഇവരുടെ ഇടയില്‍ ഈ പുതിയ മെമ്പറിനു നല്ല  ഫ്രീഡം കിട്ടില്ല.വരിയുടച്ച പോത്തുകള്‍ ആയതു കൊണ്ട് പീഡനം പ്രതീക്ഷിക്കേണ്ട. പക്ഷെ ഈ പുത്തന്‍ കുഞ്ഞിപെണ്ണ്   ഒട്ടത്തോട് ഓട്ടം . ഇവളെ എങ്ങനെ അക്കൊമോഡെറ്റ്  ചെയ്യും ????
 
അങ്ങനെ ആണ് വീടിന്റെ ഉമ്മറത്തെ വിറകുപുര മേനോന്‍സ്  മിനി തൊഴുത്താക്കാന്‍ തീരുമാനിച്ചത് . ഉണ്ണിക്കുട്ടന്റെ നേതൃത്വത്തില്‍ ചുള്ളിയില്‍ ടാസ്ക്കെര്സ്   ഒരു ദിവസം പണിപ്പെട്ട്  വിറകുപുരയെ തൊഴുത്ത് ആക്കി ആള്‍ട്ടറേഷന്‍  നടത്തി.
 
പൂവാലിയും മോളും താമസം തുടങ്ങിയതിന്റെ മൂന്നാം ദിവസമാണ്   വീട്ടില്‍ അമ്പലപിരിവിനു സ്ഥലപ്രമാണി കുമാരന്‍ മാഷ്‌ വന്നത്. കരിനാക്കിന്റെ  കാര്യത്തില്‍ ലോക പ്രശസ്ഥനാണ്  അങ്ങേര്‍. അങ്ങേരെ കണ്ടാല്‍ മതി രുക്കുവമ്മ ഉണ്ണിക്കുട്ടനെ പത്തായത്തില്‍ ഒളിപ്പിക്കും.ഉണ്ണിക്കുട്ടന്‍ എന്ന മംഗലശ്ശേരി നീലകണ്ടനും     കുമാരന്‍ മാഷ്‌ എന്ന മുണ്ടക്കല്‍ ശേഖരനും  നേരില്‍ കണ്ടാല്‍ ഒന്നും രണ്ടും പറയും. ശേഖരന്‍ കരിനാക്കു വീശും , നീലകണ്ഠന്‍ ടിം. ഇതു മനസ്സില്‍ കാണുന്നത് കൊണ്ടാണ് രുക്കുവമ്മ നീലകണ്ടനെ പത്തായത്തിലേക്ക് തട്ടുന്നത് 
 
പണ്ടൊരിക്കല്‍  വേനലില്‍ കൃഷി നശിച്ചപ്പോള്‍ മേനോന്‍സിന്റെ  സുഹൃത്ത്‌ സുബ്രു കുമാരന്‍മാഷെ പാടത്തു കൊണ്ട് ചെന്നു. നശിച്ച നെല്ലില്‍ കുമാരേട്ടന്‍ ഒരു ബോംബിട്ടാല്‍ ചിലപ്പോള്‍ റിവേര്‍സ് റിയാക്ഷന്‍ നടന്നാലോ? നെല്ല് കണ്ടതും കുമാരന്‍ മാഷ് പറഞ്ഞു. "ആഹാ, സുബ്രു, നെല്ലിത്തിരി  കരിഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഉള്ള കതിരുകള്‍ അപാര സൈസാണല്ലോ. എന്തായാലും നഷ്ടം വരില്ല !!!"
 
 വീണത്‌ ബോംബല്ല ബൂമാറാംഗ്   ആണ് എന്ന് അപ്പോളാണ് സുബ്രുവിന് മനസിലായത്. ഒരാഴ്ചക്കകം സുബ്രുവിന്റെ പാടം താര്‍ മരുഭൂമിയുടെ സഹോദരസ്ഥാപനം ആയി മാറി എന്ന് നാട്ടു ഭാഷ്യം. 
 
ഇത്തവണ കുമാരന്‍ മാഷുടെ മുന്നില്‍പെട്ടത് ഓടിക്കളിചെത്തിയ   പാവം  പൂവാലിയുടെ  മകള്‍ .
" ആഹാ  രാമനുണ്ണിയെ, (മേനോന്‍റെ പര്യായ പദം) ഓട്ടം കണ്ടിട്ട്  ഇവള്‍ ഷൈനി വിത്സണ്‍ ആവുമല്ലോ ?"
 
ഇതു പറഞ്ഞു അങ്ങേര്‍ പിരിവു വാങ്ങി പോയി. പിറ്റേന്ന് തൊഴുത്തില്‍ നോക്കുമ്പോള്‍ ആ പശുക്കുട്ടി ചത്തു കിടക്കുന്നു. മേനോനും ഉണ്ണിക്കുട്ടനും രുക്കുവമ്മയുമെല്ലാം കുറെ വിഷമിച്ചു ഇരിപ്പായി.
 
സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ മേനോന്‍സ് ഒരു ബൂര്‍ഷ്വാ ആവും. മനസിലെ കമ്മ്യൂണിസം കളഞ്ഞു ആള്‍ നേരെ നടക്കും പടിഞ്ഞാറങ്ങാടിക്ക്. അവിടെ മേനോന്‍റെ വിശ്വസ്ത ജോത്സ്യര്‍ ഉണ്ട് . ഉണ്ണിക്കുട്ടനു ജോലി വാഗ്ദാനവും വിവാഹ വാഗ്ദാനവും നല്‍കിയ അതേ പണിക്കര്‍. അങ്ങേരെ കണ്ടു സങ്കടം പറയും.ഇത്തവണ ആള്‍ ഉണ്ണിക്കുട്ടനെയും കൂട്ടി.
 
പണിക്കര്‍ക്ക്  ഒരു അറുപതു വയസ്സ് പ്രായം വരും. മേനോനെ കണ്ടതും ആള്‍ ഉമ്മറത്തെക്ക് വന്നു. "കുറെ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്. "
 
മേനോന്‍സ് ചിരിക്കാന്‍ ശ്രമിച്ചു.
"എന്തോ ഒരു വിഷമം കാണുന്നുണ്ടല്ലോ മുഖത്ത് "
പുള്ളിപറഞ്ഞത്‌ കേട്ടു ഉണ്ണിക്കുട്ടനു ചിരി വന്നു. പണിക്കരെ കാണാന്‍ സാധാരണ മേനോന്‍ പോകാറ് പ്രതിസന്ധികള്‍ വരുമ്പോളാണ്. മിക്കവാറും ആളുകളും അങ്ങനെ തന്നെ . അല്ലാതെ തിരുവാതിര കളിയ്ക്കാന്‍ അവിടെ പോകുമോ?
 
മേനോന്‍സ് ഗൌരവം.
 "അതേ, സംഗതി സീരിയസാണ്  നമ്മുടെ ഒരു  പശുക്കുട്ടി ചത്തു. എന്റെ കാര്‍ഷിക ജീവിതത്തിനിടയില്‍ ഇതു ആദ്യായിട്ടാ. വാണിയംകുളം ചന്തയിലെ പേരെടുത്ത കന്നുകളെ കെട്ടിയ എന്റെ തൊഴുത്തില്‍ ..."
 
പണിക്കര്‍ കളം വരച്ചു .ഉടന്‍ തന്നെ മേനോന്‍ തിരുത്തി.
 
"ഇതു തൊഴുത്തില്‍ അല്ലട്ടോ തൊഴുത്തിന് ഒരു എക്സ്റ്റന്‍ഷന്‍ വെച്ചു. അവിടെ വെച്ചായിരുന്നു മരണം "
 
പണിക്കര്‍ക്ക് ഒരു പിടിവള്ളി കിട്ടി ..
 
"അതേ, അതേ, എനിക്കും തോന്നി. തൊഴുത്ത്  ഇപ്പോളും കിഴക്ക് ഭാഗത്തല്ലേ."
 
 ഈ പണിക്കര്‍ കഴിഞ്ഞ മാസം അടുത്ത വീട്ടില്‍ വന്നിരുന്നു. അങ്ങേര്‍ക്കു ഇതൊക്കെ അറിയാവുന്ന കാര്യം അല്ലേ ?
 
കണ്ണടച്ച് പ്രാര്‍ത്ഥിച്ചു കളത്തില്‍ ആള് നാലു കവടി നീക്കി ആള് പറഞ്ഞു
 
"പുതിയ തൊഴുത്ത് സ്ഥാനം തെറ്റിയാ നില്‍ക്കുന്നെ . അത് വഴി ഒരു യാത്ര ഉണ്ട് "
 
"അത് വഴി ആര് യാത്ര ചെയ്യാന്‍ ? അത് കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇല്ലല്ലോ ? ഇനി സന്തോഷ്‌ കുളങ്ങര എങ്ങാനും ?"
 
ഉവ്വോ? മേനോന്‍സ് ആശ്ചര്യ ചിഹ്നം (അലാസ് എന്ന് ഇന്ഗ്ലീഷില്‍ പറയണം )
 
"മറ്റാരും അല്ല ഗുളികന്റെ തേര്‍വാഴ്ച നടക്കുന്നുണ്ട്"
 
"ഗുളികന്‍ എന്ന് പേരുള്ള ഒരുത്തന് ഇതുവരെ വീടിന്റെ പറമ്പില്‍ കാലു കുത്തിയിട്ടില്ല. അടക്ക പറിക്കാന്‍ വരുന്ന മുരുകന്‍ എന്ന പേരുള്ള ഒരുത്തന്‍ ഉണ്ട് അവനെ ആണോ ഉദേശിച്ചത്‌????????"
 
പണിക്കര്‍ക്ക് ദേഷ്യം വന്നു.  മേനോന്‍സ് കണ്ണുരുട്ടി.
 
"ഗുളികനെ  ഒന്ന് ശ്രദ്ധിക്കണം. പിന്നെ നാഗങ്ങള്‍ അത്ര സുഖത്തില്‍ അല്ല . മച്ചില്‍ ഇരിക്കുന്ന ആളുകളും അത്ര സന്തോഷത്തില്‍ അല്ല ."
 
വീട്ടില്‍ ഒരു പാമ്പിന്‍കാവ്  ഉള്ള കാര്യം മൂപ്പര്‍ക്കറിയാം. ഇനി മേനോന്‍സ് ലോട്ടറി അടിച്ചു എന്ന് പറഞ്ഞാലും അങ്ങേര്‍ പറയും സര്‍പ്പകോപം എന്ന്.
അത് പോട്ടെ  മച്ചില്‍ ആരിരിക്കുന്നു അണ്‍ഹാപ്പി ആയി? കുറച്ചു എലികള്‍, കൂറകള്‍ ഇവര്‍ അല്ലാതെ വേറെ ആരും ഉള്ളതായി അറിവില്ല. ഇവരെ ഓടിക്കാന്‍ മേനോന്‍സ് പാടുപെടാറാണ്  പതിവ്.  അപ്പോളാണ്  ഇയാള്‍  സന്തോഷിപ്പിക്കാന്‍ പറയുന്നത്.
 
ചിന്തമഗ്നനായി മേനോന്‍സ് ചോദിച്ചു.
"പ്രതിവിധി? "
 
"കാടാമ്പുഴ പോട്ടൂര്‍ക്കാവ്,ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വഴിപാടു കുറിച്ച് തരാം.ഗുളികനെ  ഒന്ന് സൂക്ഷിക്കണം. ചരട് ജപിച്ചു വാങ്ങണം. മച്ചില്‍ പൂജ നടത്തണം "
 
ഈ ചരട് എവിടെ കിട്ടും? ഉണ്ണിക്കുട്ടന്‍‍ സംശയിച്ചു
 
"ഓ അതിനു ഇനി കുട്ടിയ്യപ്പനെ കാണണം" മേനോന്‍സ് പറഞ്ഞു
 
അപ്പോള്‍ ലൈന്‍ അതാണ്‌. കുട്ടിയ്യപ്പന്‍ നാട്ടിലെ പേരെടുത്ത ഒരു മന്ത്രവാദി ആണ്. മാത്രമല്ല മേനോന്‍റെ സതീര്‍ത്യനും കൂടി ആണ്. ടിയാന്റെ  വീട്ടില്‍ ചെന്നപ്പോള്‍ ആള്‍ അല്പം തരിപ്പില്‍ ആണ്
 
അങ്ങേര്‍ പറഞ്ഞു
 
"നാളെ വൈകിട്ട് പൂജക്കുള്ള ഒരുക്കങ്ങള്‍ ചെയ്യു. ഞാന്‍ അങ്ങട് വരാം.നാളെ രാവിലെ ഈ ചെക്കനോട്  വരാന്‍ പറയു. പൂജക്ക്‌ വേണ്ട സാധനങ്ങളുടെ കുറിപ്പടി അവന്‍റെ കൈയില്‍ കൊടുത്തു വിടാം."
 
ചെക്കന്‍ എന്ന വിളി ഉണ്ണിക്കുട്ടനു പണ്ടേ അല്ലെര്‍ജി ആണ്. എന്നാലും ഒന്നും മിണ്ടാതെ തിരിച്ചു പോന്നു.
 
പണിക്കര്‍ പറഞ്ഞതും കുട്ടിയ്യപ്പന്‍ പറഞ്ഞതും  എല്ലാം മേനോന്‍സ് രുക്കുവമ്മയോടു പറയുന്നത് കേള്‍ക്കാന്‍ ഉണ്ണിക്കുട്ടന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതൊക്കെ അടല്‍ത്സ് ഒണ്‍ലി ആണത്രേ.
"മോമ്മി ഈ ഗുളികന്‍ എന്നാല്‍ എന്താ? ഗുളികകള്‍ അധികം കഴിക്കുന്നവന്‍ ആണോ?"
 അപ്പോള്‍ രുക്കുവമ്മ ശാസ്ത്ര സാഹിത്യ പരിഷത്ത് ആയി .
"അതൊക്കെ വെറും അന്ധ വിശ്വാസങ്ങളാ. മോന്‍ അതൊന്നും കേട്ടു പേടിക്കേണ്ട."
 "ഓഹോ എന്നാല്‍ അത് കെട്ടിയോനെ പറഞ്ഞു മനസിലാക്കികൂടെ ? ഈ പൂജ ബഹിഷ്ക്കരിചൂടെ ?"
 രുക്കുവമ്മ മിണ്ടിയില്ല. വീണിടത്ത് കിടന്നു ഉരുണ്ടു.
 
അന്ന് രാത്രി ഒന്പതു മണിവരെ പുതിയ തൊഴുത്തില്‍ ഗുളികന്‍ വരുന്നതും നോക്കി ഇരുന്നു. ഒന്‍പതുമണി കഴിഞ്ഞാല്‍ ഉണ്ണിക്കുട്ടന്‍ കണക്കു പുസ്തകം തുറക്കും. ആദ്യത്തെ കണക്കു വായിച്ചു വഴി കണ്ടുപടിക്കാന്‍ തുടങ്ങുംബോളെക്കും  തല നേരെ നിലത്തു മുട്ടും. ഈ ആര്യഭടന്‍ ഒക്കെ എങ്ങനെ ആണാവോ കണക്കു പഠിച്ചത് ?
അത് കാണുമ്പോള്‍ മേനോന്‍ പറയും "പോടാ,  ഇരുന്നു തൂങ്ങാതെ പോയി കിടന്നുറങ്ങട." കണക്കു പുസ്തകം ഉള്ളിടത്തോളം കാലം ഭീഷ്മര്‍ക്ക്  സ്വച്ചന്ദ മൃത്യു എന്ന പോലെ ഉണ്ണിക്കുട്ടനു സ്വച്ചന്ദ ഉറക്കം സാധ്യമാണ്.അന്നും അത് തെറ്റിച്ചില്ല .
 
 
പിറ്റേന്ന് സ്കൂളില്‍ പോകുന്ന വഴി ഉണ്ണിക്കുട്ടന്‍ വെഹിക്കിള്കുട്ടിയ്യപ്പന്റെ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തി. അങ്ങേര്‍ ഒരു നീണ്ട ലീസ്റ്റ് കൊടുത്തു . ലിസ്റ്റിലെ പല സാധനങ്ങളും മനസിലായില്ലെങ്കിലും അവസാനം അതില്‍ രണ്ട് കുപ്പി കള്ള് എന്ന് കണ്ടു. മുഖം ഉയര്‍ത്തി കുട്ടിയ്യപ്പനോട് ഒരു ചോദ്യം.
 
"ഇതെന്തിനാ? ഇതു ഷാപ്പിലെ സാധനം അല്ലേ ?"
"അത് കാരണവന്മാര്‍ക്ക് നേദിക്കാനാ ".
"അതിനു രണ്ട്  കുപ്പിവേണോ? "ഉണ്ണിക്കുട്ടനു സംശയം തീരുന്നില്ല
"നിങ്ങള്‍ക്ക്  കുറെ കാരണവന്മാര്‍ ഇല്ലേ" എന്നായി അയ്യപ്പന്‍സ് 
"ഞങ്ങളുടെ കാരണവന്മാര്‍ മുഴുക്കുടിയന്മാര്‍ ആണ് എന്ന് തന്നോടാര പറഞ്ഞേ? "  
"പോടാ കഴുതേ തര്‍ക്കുത്തരം പറയാതെ " അയ്യപ്പന്‍സ് ആങ്ക്രി
 
"സാധാരണ അമ്പലത്തില്‍ പായസം നേദിച്ചാല്‍ കഴിക്കാന്‍ വേണ്ടി നമുക്ക് തരുമല്ലോ.ഇന്ന് രാത്രി പ്രസാദം ആയി കള്ള് തരും അല്ലേ " ഉണ്ണിക്കുട്ടന്‍ പറന്നു വെട്ടി  
 
ഈ ചോദ്യം കേട്ടതും അയ്യപ്പന്‍സ്  കുരു പൊട്ടി. "ഓടെടാ ഇതൊക്കെ കാരണവന്മാര്‍ വന്നു കുടിക്കും ഇനി ചോദ്യം ചോദിച്ചാല്‍ ഞാന്‍ നിന്‍റെ മൂക്ക് ചെത്തും ...."
 
ഉണ്ണിക്കുട്ടനു ദേഷ്യം വന്നു. വെറും ഒരു മന്ത്രവാദി ആയ ഇയാള്‍ നാളത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  ആവേണ്ട തന്നെ ഭീഷണിപ്പെടുതുകയോ. "തനിക്കു ഞാന്‍ വെച്ചിട്ടുണ്ടെട."
 
വൈകുന്നേരമായപ്പോള്‍ മേനോന്‍സ് എല്ലാ സാധനങ്ങളും റെഡി ആകി ഇന്ക്ലൂടിംഗ് കള്ള് . കുട്ടിയ്യപ്പന്റെ അപമാനത്തില്‍ ഇരിക്കുന്ന ഉണ്ണിക്കുട്ടന്റെ  മുന്നില്‍ കള്ള് കൊണ്ട് വെച്ചിട്ട് മേനോന്‍സ് പുറത്തു പോയി .
 
എന്റെ കാരണവരുടെ പേര് പറഞ്ഞു കുട്ടിയ്യപ്പന്‍  കള്ളുകുടിക്കും. അയാള്‍ക്ക്‌  എന്ത് പണി കൊടുക്കും? അപ്പോളാണ് പണ്ട്  കള്ളുകുടിയന്‍ രാജന് ആരോ പണി കൊടുത്ത കഥ തേങ്ങയിടാന്‍ വരുന്ന മുരുകന്‍ പറഞ്ഞതോര്‍ത്തതു . കള്ളില്‍ സിഗരറ്റ് ചാരം ചേര്‍ത്ത്  കൊടുത്തിട്ട് രാജന്‍ പിന്നെ മൂന്നു ദിവസം കഴിഞ്ഞാണ്   തലപൊക്കിയത്. 
 
ഗള്‍ഫുകാരന്‍ ശ്രീധരേട്ടന്‍ കൊണ്ടുവന്ന റോത്ത്മാന്‍സ്  സിഗരറ്റില്‍ ഒന്നെടുത്തു കത്തിച്ചു ചാരം  ഒരു കള്ള്കുപ്പിയില്‍ ആരും കാണാതെ മിക്സ് ചെയ്തു. അപ്പോളേക്കും മേനോന്‍ തിരിച്ചു വന്നു.  അതോണ്ട് രണ്ടാമത്തെ  കുപ്പിയില്‍ ഒപറെഷന്‍ നടത്താന്‍ പറ്റിയില്ല.
 
വൈകിട്ട് കുട്ടിയ്യപ്പന്‍ കുളിച്ചു കുറിയിട്ട് വന്നു നാലു തകിടെടുത്തു ജപിച്ചു. തൊഴുത്തിന്റെ ഓരോ മൂലയിലും  സൈഡിലും സ്ഥാപിച്ചു. മേനോന്‍സാര്‍ വിളക്ക് തെളിയിച്ചു മുന്‍പേ നടന്നു. പ്രാര്‍ത്ഥനയോടെ ശാസ്ത്ര സാഹിത്യ പരിഷദ് രുക്കുസ് .....
 
കുട്ടിയ്യപ്പന്‍ മച്ചില്‍ കയറി പൂജ തുടങ്ങി.  പിന്നെ അയ്യപ്പന്‍സ് മച്ചിന്റെ   വാതില്‍ അടച്ചു. പൂജയുടെ മണിയടി ഗംഭീരം. അത് കേട്ടു മേനോന്‍സ് കാശു മുതലായി എന്ന ഭാവത്തില്‍ നിന്നു. അല്പം കഴിഞ്ഞപ്പോള്‍ കുട്ടിയ്യപ്പന്‍ വന്നു വിളിച്ചു .
 
" വീട്ടിലെ കാരണവര്‍ അകത്തു വരിക ."
 
 മടിച്ചു നില്‍ക്കാതെ മേനോന്‍സ് അകത്തു കടന്നു, പിന്നെയും മണിയടി കേട്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മണിയടി നിന്നു. മേനോന്സും കുട്ടിയ്യപ്പനും ഉറക്കെ സംസാരിക്കുന്നതു കേട്ടു.
 
"ഒരു പാട് കാരണവന്മാര്‍ വന്നു കാണും. രണ്ടുപേരും അവരോടു ലോഹ്യം പറയുകയാവും. " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.  കുട്ടിയ്യപ്പന്‍ കള്ളടിച്ചാല്‍ സിഗരട്റ്റ് സൂത്രം ഏല്‍ക്കും. മേനോന്‍സ് കള്ളടിക്കുന്ന പതിവില്ല.
 
അല്പം കഴിഞ്ഞപ്പോള്‍ കുട്ടിയ്യപ്പന്‍ പുറത്തു വന്നു. ആള്‍ തുള്ളി കൊണ്ട് കുറച്ചു അരിമണി എറിഞ്ഞു എല്ലാവരെയും അനുഗ്രഹിച്ചു.
 
"എല്ലാം ഷരിയാവും . തമ്ബ്രാനെ,  ഇങ്ങള് വരൂ .ഇങ്ങളെ ദൈവം കാക്കും " .കുട്ടിയ്യപ്പന്റെ  ലാംഗ്വേജ് മാറി  വരുന്നുണ്ടായിരുന്നു
 
അപ്പോളാണ് ഉണ്ണിക്കുട്ടന്‍ അത് കണ്ടത്. മച്ചിനകത്ത് നിന്നും  മേനോന്‍ ദൈവം അവതരിച്ചു.
 
"കുട്ടിയ്യപ്പന്‍ മിഴുക്കനാണ്. അവന്‍ ഗുഴികനെ  ഓഴിച്ചു. "
 
നാവു കൊഞ്ഞിക്കൊണ്ട് മേനോന്‍സ് സര്‍ട്ടിഫൈ  ചെയ്തു.
 
"ഷരി തമ്ബ്രനെ.അടിയനു തന്ഷോഷം ആയി."
 
വീട്ടില്‍ എല്ലായിടത്തും തീര്‍ത്ഥം തളിച്ച് അങ്ങേര്‍ യാത്ര പറയാന്‍ ഒരുങ്ങി. എന്നിട്ട്  ചോദിച്ചു
 
"എടാ നിന്‍റെ കൈയില്‍ ടോഴ്ച് ഇല്ലേ.എന്നെ പടിവരെ ഒന്ന് കൊണ്ടാക്കെട.വല്ല ഗുളികണോ ചാത്തനോ വന്നാലോ ?"
 
കുട്ടിയ്യപ്പനെ ഒരു 100  മീടര്‍ അകലെ ഉള്ള റോഡില്‍ കൊണ്ട് ചെന്നാക്കിയിട്ടു വീട്ടില്‍  ചെല്ലുമ്പോള്‍ വീട്ടില്‍ മേനോന്‍സ് തച്ചോളി ഒതെനനെക്കള്‍ വലിയ വാളുമായി നില്‍ക്കുന്നു.പുറം തടവി കൊണ്ട് രുക്കുസ്. എന്റമ്മേ ചക്കിനു വെച്ചത് !!!!
 
അന്ന് രാത്രി മേനോന്‍സ് ഒരു മൂന്നു നാലു വാള് കൂടി വെച്ചു. പിറ്റേന്ന് രാവിലെയും  വാള്‍ പരിപാടി കണ്ടിന്യു ചെയ്തപ്പോള്‍  രുക്കുവമ്മ മേനോനെയും കൊണ്ട് കൃഷ്ണന്‍ഡോക്ടറുടെ അടുത്ത് എത്തി. 
"ഇന്നലെ എന്താ കഴിച്ചത്? "
"ഇച്ചിരി കള്ള് കുടിച്ചു. "
"എന്നും കുടിക്കാറുണ്ടോ ?"
"ഇല്ല. അപൂവങ്ങളില്‍ അപൂര്‍വമായി. ഇന്നലെ പൂജ ഉണ്ടായിരുന്നു "
"എന്നാല്‍ ഇനി അത് വേണ്ട . നിങ്ങളുടെ ശരീരത്തിന് ലഹരി പറ്റില്ല . അതാണ് വാള്‍ വെക്കാന്‍ കാരണം. ഇനി മദ്യം തൊടരുത്"
 
സമ്മതിച്ചു. സാറ് പറഞ്ഞാല്‍ ഓക്കേ!!!
 
പോട്ടൂര്‍ക്കാവ് അയ്യപ്പനും കൃഷ്ണന്‍ ഡോക്ടറും പറഞ്ഞാല്‍ പിന്നെ മേനോന്സിനു അപ്പീല്‍ ഇല്ല....
 
അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും മേനോന്‍സ് കള്ള് തൊടാതെ ഡീസന്സി പാലിച്ചപ്പോള്‍ രുക്കുവമ്മ വീടിനു മുന്നില്‍   ഒരു ബോര്‍ഡ് വെച്ചു
 
"സാക്ഷാല്‍ ഗുളികന്‍ ഈ വീടിന്റെ ഐശ്വര്യം "  
 
 
 
 
എപ്പിലോഗ് : ഉണ്ണിക്കുട്ടന്റെ പഴയ വികൃതികള്‍ ഇവിടെ വായിക്കാം
 

Saturday, March 12, 2011

ചില പിറന്നാള്‍ രഹസ്യങ്ങള്‍


പിറന്നാളില്‍ വിശ്വാസമില്ലാതെ, പിറന്നാള്‍ ദിവസവും മത്തിക്കറി കൂട്ടിയുള്ള  ചോറ് വേണം എന്ന് വാശിപിടിക്കാറുള്ള മേനോന്സിന്റെയും പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ പോട്ടൂര്‍കാവില്‍ അയ്യപ്പന്‍, മണലിയാര്‍കാവില്‍ ഭഗവതി, കവപ്ര തേവര്‍   തുടങ്ങി ലോക്കല്‍ അമ്പലങ്ങള്‍  മുതല്‍ ഗുരുവായുരും കാടാമ്പുഴയും  പോലുള്ള  ഗ്ലോബല്‍ അമ്പലങ്ങളില്‍ വരെ സന്ദര്‍ശനവും വഴിപാടും നടത്താറുള്ള രുക്കുവമ്മയുടെയും  പ്രൊഡക്ഷന്‍ ആയതുകൊണ്ട് പിറന്നാളിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടമോ വെറുപ്പോ ഇല്ലാതെ നിര്‍വികാരതയാണ്‌ സാധാരണ തോന്നാറ്.  ശ്രീ ബുദ്ധനു പോലും തോന്നാത്ത നിര്‍വികാരത !

കഴിഞ്ഞ കുറെ മാസങ്ങളായി ചില ബ്ലോഗുകളില്‍ കയറി നിരങ്ങിയപ്പോള്‍ ആണ് പിറന്നാള്‍ എന്നാല്‍ ഒരു വലിയ കാര്യമാണെന്ന്   മനസിലായത്. ഒരു പൂച്ചക്കുഞ്ഞു പോലും കയറാത്ത, ചില ഭാര്‍ഗവീനിലയം ബ്ലോഗുകള്‍ വരെ എന്റെ ബ്ലോഗിന് പ്രായം തികഞ്ഞു എന്ന് ആര്‍ത്തു വിളിച്ചു പറയുന്നത് കണ്ടപ്പോള്‍ തോന്നി എന്ത് കൊണ്ട് ഈ ആചാരം  നോമും ഒന്ന് പരീക്ഷിച്ചു കൂടാ .

അങ്ങനെ ഗൂഗിളിന്റെ പഴയ പേജുകള്‍ തുറന്നു നോക്കി ജാതകം  കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പഴയ ഹോം  നേഴ്സ്   ജാനു പറയുന്നത് പോലെ ഗൂഗിള്‍ പറഞ്ഞു "ഒരു കുംഭമാസം മുപ്പതിന് മോന്തി കഴിഞ്ഞപ്പോളാ   അന്റെ ആദ്യത്തെ പോസ്റ്റ്‌ ജനിച്ചത്‌. നാള്-ചോതി, പക്കം- ചതുര്‍ഥി, അങ്ങനെ പോണു അന്റെ ബ്ലോഗിന്റെ തലവരി. ബുധനും ശുക്രനും എവിടെ നില്‍ക്കുന്നു എന്നറിയണമെങ്കില്‍ ഇജ്ജു അന്റെ ഏറക്കാടനോട് ചോദിക്ക് "

അപ്പോള്‍  ഒരു കാര്യം തീരുമാനമായി. ഈ മാര്‍ച്ച്‌ പതിനാലിന്, സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബര്‍ത്ത് ഡേ. മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളമാസം കുംഭത്തിലെ  ചോതിയില്‍ രണ്ടാം പിറന്നാള്‍. എന്തായാലും നമ്മള്‍ സായിപ്പിന്റെ കൂടെ നില്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 14  തന്നെ ആകട്ടെ.

ചരിത്രം
സത്യം പറഞ്ഞാല്‍ ഒരു ബ്ലോഗ്‌ ആദ്യമായി തുടങ്ങുന്നത് 2006 ല്‍   ആണ് . അന്ന് ഗൂഗിള്‍ കമ്പനി ബ്ലോഗ്‌ എന്ന സംഭവം  തുടങ്ങിയതായി വീരഭൂമിയില്‍ ഒരു വാറോല വന്നപ്പോള്‍ അടുത്തുള്ള നെറ്റ് കഫെയില്‍ ചെന്നു ഒരു പേജ് ഉണ്ടാക്കി വിവരസാങ്കേതികരംഗത്ത്‌ നായന്മാരുടെ കഴിവ് തെളിയിച്ച ചാരിതാര്‍ഥ്യത്തില്‍  വിജ്രുംഭിചിരുന്നു . സ്വന്തമായി ആനയുള്ള തറവാട് എന്ന് പറയുന്നതുപോലെ ബ്ലോഗുള്ള വീട്ടിലെ പയ്യന്‍ എന്ന് അറിയപ്പെടാനുള്ള കൊതി. പക്ഷെ ഒരു പേജ് ഉണ്ടാക്കിയപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍. ഇതു കൊണ്ട് എന്ത് ചെയ്യും?

കുറുക്കന്റെ കൈയില്‍ ആമയെ കിട്ടിയ പോലെ അന്ന് കുറച്ചു നേരം ഈ പേജ് നോക്കി ഇരുന്നു.
ഈ പേജ് ഉണ്ടായതുകൊണ്ട് ഇന്‍ഫോസിസ് ജോലി തരുമോ?
ഇല്ല!
എന്ജിനിയറിങ്ങിന് ഇന്റെ‍ണല്‍ മാര്‍ക്ക്  കൂടുതല്‍ കിട്ടുമോ ?
ഇല്ല!
നല്ല വീട്ടിലെ പെണ്‍പിള്ളേര്‍  'ചെക്കാ അന്റെ പേജ് കണ്ടു എന്റെ  ഖല്‍ബ്  നിറഞ്ഞു' എന്ന് പറഞ്ഞു കൂടെ വരുമോ?
ഇല്ല!

പിന്നെ എന്തിനു ഈ സുന ?

ഇതായിരുന്നു അന്നത്തെ ചിന്ത. അന്ന് ആ പേജില്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു.

പിന്നീടൊരിക്കല്‍  ഒരു അശരീരി   കേട്ടു കൂടെ  പഠിച്ച ഹരി (കാല്‍വിന്‍ എന്ന് കള്ളപ്പേര് ) വല്ല്യ ബ്ലോഗനാണു, അവനെ പേടിച്ചാരും ആ വഴി നടക്കില്ല, ധാരാവിയില്‍ ഒരു ചേരി അവന്‍ ഒറ്റ പോസ്റ്റു കൊണ്ട് ഒഴിപ്പിച്ചു എന്നൊക്കെ. പക്ഷെ അപ്പോളേക്കും  നാട്ടില്‍ സ്തുത്യര്‍ഹമാം വിധം കന്നന്തിരുവുകള്‍   കാണിച്ചതിന് നോമിനെ നാട് കടത്തി ഒരു മരതക ദ്വീപില്‍ എത്തിച്ചിരുന്നു.

"സുഹൂദിയുടെ  അടുത്താണ് ഈ ദ്വീപ്‌, ശരിയത്താണ്   കോടതി. നോക്കിയും കണ്ടും നിന്നില്ലേല്‍ നിന്‍റെ കാര്യം പോക്കാ" എന്നൊക്കെ നാട്ടില്‍ നിന്നും പറഞ്ഞിരുന്നു. അതുകൊണ്ട്   ഇന്സ്ട്രുമെന്റെഷന്‍, ജോലി, പ്രോജെക്ട്സ്    തുടങ്ങി സാമ്പത്തിക സാത്വികചിന്തയില്‍ കഴിഞ്ഞു കൂടുകയായിരുന്നു.

ഉണര്‍ന്നാല്‍ ലാപ്ടോപ് കണി കാണും. പവര്‍പോയന്റില്‍  ഒരു പ്രസന്റേഷന്‍ പിന്നെ വല്ല ഒരു പി ഡി എഫ്  എടുത്തു വായന.ദിവസവും ഇത് തന്നെ കണ്ടപ്പോള്‍ ചെക്കന്‍ കൈവിട്ടു പോയോ എന്ന് അളിയന് ആവലാതി. എന്നും മിനിമം ഒരു ഇരുപതു മണിക്കൂര്‍ കമ്പ്യുട്ടറിന്‍റെ    മുമ്പിലാണ് എന്ന് ചേച്ചിത്തെഹെല്‍ക്ക  നാട്ടിലേക്ക് അമ്മയെ വിളിച്ചു പരാതി പറയാന്‍ തുടങ്ങി. അവള്‍ ഈ  തെഹേല്‍ക്ക ധര്‍മ്മം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി.

 "ദാണ്ടേ, അവന്‍ ബുക്കിനു മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു; ഇന്ന് വൈകിട്ട് സ്കൂളിനു  മുന്നിലെ സില്‍മ പോസ്ടരില്‍ നോക്കി റോഡരികില്‍   അരമണിക്കൂര്‍ നില്‍ക്കുകയായിരുന്നു ' എന്ന്  തുടങ്ങി അവന്‍ കിഴക്കേലെ സരിതയെ കണ്ണിറുക്കി കാണിച്ചു  എന്ന് വരെയുള്ള പല സ്കാണ്ടല്‍സിനു പിന്നിലും അവളുടെ കറുത്ത കരങ്ങളുണ്ട്‌ എന്ന് മാലോകര്‍ക്കറിയില്ലല്ലോ.....? .

അന്ന് തന്നെ രുക്കുവമ്മ ഗണപതിക്ക്‌ മാല, ശാസ്താവിന്  തേങ്ങ എന്നിവ നേര്‍ന്നുതുടങ്ങി. എല്ലാം കൊള്ളാം! പക്ഷേ ശയനപ്രദിക്ഷണം, മൊട്ടയടിക്കല്‍, ശൂലം തറക്കല്‍ എന്നീ ദേഹത്തിനു കാര്യമായ തകരാറുണ്ടാക്കുന്ന എന്തെങ്കിലും നേരാതിരുന്നാല്‍ മതിയായിരുന്നു.അതിലിടയ്ക്ക് അളിയന്റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ ഉപദേശിച്ചു. "ലവന്‍ പണ്ട് മുതലെ   വായിക്കുകയും എഴുതുകയും ചെയ്യുന്നതല്ലേ. ഇവിടെ സമാജത്തില്‍ വരാന്‍ പറയു. "

അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകളെ ധ്യാനകേന്ദ്രത്തില്‍ ചേര്‍ക്കുന്നത് പോലെ ഒരു ദിവസം അളിയന്‍ നിര്‍ബന്ധിച്ചു കേരളസമാജത്തില്‍ കൊണ്ട് വന്നു.  ഒരു നാടക റിഹേര്‍സല്‍ നടക്കുകയായിരുന്നു അപ്പോള്‍. പ്രതിയെ  കണ്ടതും കൃഷ്ണേട്ടന്‍ പറഞ്ഞു "രംഗസജീകരണം നടത്താന്‍ കുറെ കോണ്‍സ്ടബില്‍സ്  വേണം. ഒരാള്‍ നീ."

അന്ന് മുതല്‍ നാടക റിഹേര്‍സല്‍ കഴിഞ്ഞു നാടകം സ്റെജില്‍  എത്തുന്നതുവരെ ഒരു മാസം സമാജത്തില്‍ വൈകുന്നേരങ്ങളില്‍ നിത്യസന്ദര്‍ശകന്‍ ആവേണ്ടി വന്നു. അപ്പോളാണ് വീണ്ടും എഴുത്തിന്‍റെ, വായനയുടെ  ലോകത്തിലേക്ക്‌ വന്നത്.അതുകൊണ്ടും തീര്‍ന്നില്ല നാടകം കഴിഞ്ഞപ്പോളെക്കും  വേറെ പുതിയ ചില  നാടകങ്ങള്‍, സാഹിത്യവേദി, ഓണം, വിഷു, ക്രിസ്മസ് തുടങ്ങി ഒട്ടനവധി  പരിപാടികള്‍.

അതിനിടെക്കാണ് മൂന്നു നാലുപേര്‍ വൈകുന്നേരങ്ങളില്‍ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് സംസാരിക്കുന്നത് കേള്‍ക്കുന്നത്. പതുക്കെ പതുക്കെ അവരെ പരിചയപ്പെട്ടു.ഒരാള്‍ സാക്ഷാല്‍ ബെന്യാമിന്‍, മറ്റൊരാള്‍ മൊട്ടത്തലകളുടെ  ബൌധികസ്വത്തവകാശം നേടിയെടുത്ത നട്ടപ്രാന്തന്‍,  പിന്നെ ഫയാസം ഫയാസ് അങ്ങനെ ചിലര്‍. 'ബ്ലോഗില്‍ താല്പര്യം ഉണ്ട്, എഴുത്തിലും'  എന്ന് പറഞ്ഞപ്പോള്‍ നട്ടപ്രാന്തനടക്കമുള്ളവര്‍ ബ്ലോഗിന്റെ സാധ്യതകളെകുറിച്ച് വിശദീകരിച്ചുതന്നു . അപ്പോളാണ് കുറുക്കന്റെ ആമ എന്ന കടമ്പ കടന്നത്‌.

ആദ്യം എഴുതിയ പോസ്റ്റ്‌ ബെന്യാമിന്റെ 'ആട്ജീവിതത്തെ'കുറിച്ച് തയ്യാറാക്കിയ ഒരു ചെറിയ വായനകുറിപ്പായിരുന്നു. എഴുതിയ ആ കുറിപ്പ് ആദ്യം കാണിച്ചത്‌ ബെന്യമിനെ തന്നെയായിരുന്നു. ഈ പഠനം നന്നായി എന്ന് ബെന്യാമിന്‍  ഇമെയില്‍ ചെയ്തപ്പോള്‍  ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു. ആട്ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് അതിനുശേഷമാണ്. അതുകൊണ്ട് തന്നെ അത്തരം ഒരു കുറിപ്പ് മറ്റു പല പഠനങ്ങള്‍ക്കും മുന്‍പ് തന്നെ ബെന്യമിനെ കാണിക്കാന്‍ കഴിഞ്ഞതില്‍   അഭിമാനം തോന്നാറുണ്ട്.


സമകാലികം
പതുക്കെ പതുക്കെ ഓരോ പൊട്ടത്തരങ്ങള്‍ എഴുതി എഴുതി ആളുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍  വീണ്ടും ആവേശം. ദൈവമേ ഇനി ബ്ലോഗിലെ എം. ടി യോ  വി.കെ. എനോ ആയിട്ടെ നില്‍ക്കു എന്ന് വിചാരിച്ചു എഴുത്ത് തുടങ്ങും. പക്ഷെ എഴുതി തുടങ്ങുമ്പോള്‍   മനസിലാവും ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന്.  എന്നാലും തട്ടിയും മുട്ടിയും ഓരോ പോസ്റ്റുകള്‍. ഇതിലിടക്ക്  കുറെ സുഹൃത്തുക്കളെ കിട്ടി. ഇതു വരെ കണ്ടിട്ടില്ലാത്ത ചിലര്‍. ചിലരെ കാണുകയും ചെയ്തു ബ്ലോഗ്‌ മീറ്റുകള്‍ വഴി. നിരക്ഷരന്‍, സജി അച്ചായന്‍, ചേച്ചിപെണ്ണ്, ഡോണ, ഏറക്കാടന്‍, ആശമോന്‍, എച്ചുമുക്കുട്ടി, അഞ്ജു നായര്‍, മുരളി നായര്‍   അങ്ങനെ കുറെ പേര്‍. ഋതുവില്‍ ഇടക്കിടക്ക് എഴുതിയപ്പോള്‍ കുറെ പേര്‍ കൂടി രവം വായിക്കാന്‍ തുടങ്ങി.

ഉണ്ണിക്കുട്ടപര്‍വ്വം
ഇതിലിടക്ക് ഒരു സുഹൃത്ത്‌ ചോദിച്ചു മഴയെ ആസ്പദമാക്കി ഒരു കഥ എഴുതാമോ എന്ന്. എടുത്തടിച്ചു പറഞ്ഞു  'അതിനെന്താ ദാ ഇപ്പോള്‍ തരാം'. മഴയെക്കുറിച്ച് വികാരം കൊള്ളാന്‍ കുറെ ശ്രമിച്ചു. അപ്പോളാണ് ഇതു ഹലാക്കിന്റെ അവിലുംകഞ്ഞി ആണ് എന്ന് മനസിലായത്.  ഒടുവില്‍ മഴയും വന്നില്ല കഥയും വന്നില്ല. മഴപ്പതിപ്പില്‍ കൊടുക്കാന്‍ രണ്ട് ദിവസത്തിനകത്ത് വേണം എന്ന് സുഹൃത്ത്‌. മഴപ്പതിപ്പ് നമുക്ക് അടുത്ത വേനലില്‍ പോരെ എന്ന് നോം.  സുഹൃത്ത്‌ തെറി പറഞ്ഞു. ഈ ദിവസങ്ങളില്‍ ഒന്നില്‍ ,  നാട്ടില്‍ പെരുമഴ പെയ്യുന്ന ഒരു മേടമാസസന്ധ്യയില്‍ രുക്കുവമ്മ  ഫോണിലൂടെ ഒരു നൊസ്റ്റാള്‍ജിയ പങ്കു വെച്ചു." ഇതു പോലെ ഒരു സന്ധ്യക്കു  പെരുമഴയത്താ  നീ റിലീസ് ആയത്" .

അന്ന് ഒരു പോസ്റ്റ്‌ പിറന്നു. ഒരു തുലാവര്‍ഷ രാത്രിയില്‍.

അതോടൊപ്പം രവത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന വികൃതി ചെക്കന്‍ ജനിച്ചു. ആറു ഭാഗങ്ങളായി നില്‍ക്കുന്ന ഉണ്ണിക്കുട്ടനാണ് ഈ ബ്ലോഗിലെ പ്രധാന താരം എന്ന് പലരും പറഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ അത് മറ്റൊരു തലവേദനയും ആണ്.  വികൃതി ചെക്കന്റെ തടവില്‍ ആണ് ഇപ്പോള്‍ നോം എന്ന് തോന്നാറുണ്ട്. എന്തെഴുതിയാലും അത് അവന്‍റെ ഭാഷയിലെ വരൂ എന്ന് വെച്ചാല്‍ എന്ത് ചെയ്യും? ഇങ്ങനെ പോയാല്‍ അവനെ നോം അടുത്ത്തന്നെ വാണിയംകുളം ചന്തയില്‍ കൊണ്ട് പോയി വല്ല അണ്ണാച്ചിക്കും  വില്‍ക്കും/ ഹല്ലാ പിന്നെ !!!
ഫലശ്രുതി

ഓരോ നേരമ്പോക്ക് പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല.
ഇത്രയും നേരം നോമിനേ സഹിച്ചതിനും ഇത്രയും കാലം വന്നു കമന്റിട്ടതിനും വായിച്ചതിനും സ്നേഹിച്ചതിലും എന്റെ പേരിലും ഉണ്ണിക്കുട്ടന്‍ ആന്‍ഡ്‌ സണ്‍സിന്റെ  പേരിലും ഉള്ള അകൈതവമായ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. 

ഇനി നോം ഇല്ലത്തെത്താന്‍ നോക്കട്ടെ. നേരം മോന്ത്യവുന്നതിനു മുന്‍പ് ഇങ്ങളും ഇങ്ങള്‍ടെ   പേരേല് എത്താന്‍ നോക്കു   :)
അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ കാണാംട്ടോ . കാണണം....!

Friday, February 25, 2011

ഏഴിമല പൂഞ്ചോല !!!


 

 
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മേനോന്സിന്റെ കൈ പിടിച്ചു വടക്കന്‍ വീര ഗാഥ കണ്ടുവന്ന ദിവസം തന്നെ ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം എടുത്തിരുന്നു. ഒരു സില്‍മ നടന്‍ ആയിട്ട് തന്നെ ഇനി കാര്യം. സ്കൂളില്‍ അടി കൂടാന്‍ വരുന്നവരെ മമ്മൂട്ടിയെ പോലെ പറന്ന് വെട്ടാം, സ്കൂളില്‍ ലേറ്റ് ആയാല്‍ കുതിരപ്പുറത്തു പോകാം. പിന്നെ ഡുയറ്റ്  പാടാം.  അതിനു ശേഷം എടുപ്പിലും നടപ്പിലും ഒരു സില്‍മസ്റ്റയില്‍ കൊണ്ട് വരാന്‍ ഉണ്ണിസ്  ബദ്ധശ്രദ്ധ പതിപ്പിച്ചിരുന്നു.

 
 ആറാം  ക്ലാസില്‍ വെച്ച് ശോഭനയെ കെട്ടിയാലോ എന്നാ ചിന്ത തലയില്‍ കയറിയത്.  ശോഭനയെ കെട്ടിയാല്‍ എന്നും ഡാന്‍സ് കാണാല്ലോ  . എയിജ് ഡിഫറന്‍സ് ഇത്തിരി ഇല്ലേ .അതോണ്ട് തല്‍ക്കാലം വെയിറ്റ് ചെയ്യാം. ഇരുപത്തി ഒന്ന് വയസ്സാവുന്നതിനു ഒരു കൊല്ലം മുന്‍പ് ആ കാലത്തെ ട്രെന്‍ഡ് സെറ്റര്‍ ആയ അന്യജാതിക്കാരിയെ കെട്ടാം എന്ന് ഓര്‍ത്തു തല്‍ക്കാലം സമാധാനിച്ചു 

 
അതിലിടക്കാണ് ചുവരുകളില്‍ ഒരു പാവം  ദാരിദ്യക്കാരി  പെണ്ണിന്റെ ഫോട്ടോ  വരുന്നത് ശ്രദ്ധിച്ചത്. എപ്പോളും ആ കുട്ടി  കുഞ്ഞുടുപ്പേ  ഇടൂ . ദാരിദ്ര്യം!  അല്ലാതെന്തു പറയാന്‍? ഇങ്ങനെ ആലോചിച്ചു   ഒരു ദിവസം അത്തരം ഒരു പോസ്റര്‍ നോക്കി ഇതികര്‍ത്തവ്യത  മൂഡന്‍ ആയി അല്‍പനേരം നിന്ന് പോയി. സഹജീവികളോട് ഉണ്ണിക്കുട്ടന്‍ കാണിക്കുന്ന ഇത്തരം സഹാനുഭൂതികള്‍ മനസിലാക്കാന്‍ മേനോന്‍സിനു കഴിയില്ല എന്ന് തെളിഞ്ഞ ദിവസം ആയിരുന്നു അത്. അന്ന് വീട്ടിലെത്തിയതും ഒരു വടി ഉണ്ണിക്കു നേരെ ഉയര്‍ന്നു  താണു.

 
"സില്‍ക്ക് സ്മിതയുടെ പോസ്റര്‍ നോക്കി നില്‍ക്കുകയാണ് നിന്റെ പണി അല്ലെ, ഇപ്പോളെ ഇങ്ങനായാല്‍ നീ ഭാവിയില്‍ ടി ജി രവി ആവുമല്ലോ !!!!! "

 

മേനോന്‍സ് അരിങ്ങോടര്‍ ആയി.  കിട്ടിയത് വാങ്ങി ഓടുന്നതിനിടയില്‍ ഉണ്ണി ആലോചിച്ചു. ഞാന്‍ എന്ത് തെറ്റ് ചെയ്തു ? ഒരു പാവം പെണ്‍കൊടി വസ്ത്രം വാങ്ങാന്‍ പണമില്ലാതെ നില്‍ക്കുന്നത് ആരോ ഫോട്ടോ എടുത്തു ചുവരില്‍ ഒട്ടിച്ചു. അത് പ്രതിഷേധാര്‍ഹം അല്ലെ?. ജനറേഷന്‍ ഗാപ്‌ അല്ലാതെ എന്ത് പറയാന്‍ ?എന്നാണ് മേനോന്‍സ് ഈ ജനറെഷനെ   മനസിലാക്കുക??

 
അങ്ങനെ ആണ് ആ പേര് മനസ്സില്‍ വീണത്‌. സില്‍ക്ക്. ഒരിക്കല്‍ ഏഴാം ക്ലാസിലെ ഗജപോക്കിരി   സുഭാഷ് ക്ലാസ് കട്ട് ചെയ്തു 'ലയനത്തിന്' പോയ കഥ എല്ലാവരെയും   രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ആണ്  ആ പെണ്‍കൊടി ഒരു വിലക്കപെട്ട   കനി ആണെന്ന് ഉണ്ണിക്കുട്ടന് മനസിലായത്  . വെറുതെയല്ല  മേനോന്‍സ് പുളിവടി സെഷന്‍ അറെയിഞ്ച് ചെയ്തത്!!

 
 ആവര്‍ഷം ആണ് ഒരു പുതിയ ഒരു കുരിശു സ്കൂളില്‍ എത്തുന്നത്‌. പുതിയ ഒരു ടീച്ചര്‍. കുരിശു ടീച്ചര്‍ അല്ല, ടീച്ചരോടൊപ്പം വന്ന ടീച്ചരുടെ  മകന്‍.അനൂപ്‌ !!അനൂപ്‌ എന്ന വെളുത്ത സുന്ദരന്‍. വലിയ ജാടക്കാരന്‍.

 
 ടീച്ചരുടെ  അഡ്രെസ്സില്‍ അവന്‍റെ ഇന്ട്രോടക്ഷന്‍  കേമം. അവന്‍റെ വരവ് ആദ്യം ഉണ്ണിക്കുട്ടന്‍ സ്വാഗതം ചെയ്തു. സ്പോര്‍ട്സ്മാന്‍ സ്പിരിട് വേണമല്ലോ. പിന്നെയാണ് ഇവന്‍ പാരയാവും എന്ന് മനസിലായത്.  വന്ന ഉടന്‍ തന്നെ അവന്‍ അഷിത എന്ന ഉണ്ണിക്കുട്ടന്‍റെ  വിക്നെസ്സിനെ  പരിചയപ്പെട്ടു. ടീച്ചരുടെ   മകന്‍ ആയതു കൊണ്ട് അഷിത അവനെ നന്നായി മൈന്‍ഡ് ചെയ്യുന്നു എന്ന് ഉണ്ണിക്കുട്ടന്‍ ഒരു ഞെട്ടലോടെ മനസിലാക്കി.

 
"ഹോ, ഈ രുക്കുവമ്മക്ക്  ഒരു ടീച്ചര്‍ ആയിക്കൂടെ? ആയിരുന്നേല്‍ പഴം പൊരി മുതല്‍ എന്തിനു ലൈന്‍ വരെ കിട്ടുമായിരുന്നു. "

 
ഇടക്കിടക്ക് അനൂപ്‌ താന്‍ വെളുത്തവന്‍ ആണെന്ന് അഹങ്കാരത്തോടെ പറയാറുണ്ട്‌. അത് ഇരുണ്ട് നിറമുള്ള ഉണ്ണിയുടെ നിറം ഹൈലൈറ്റ് ചെയ്യാനാണെന്ന് എന്ന് ഉണ്ണിക്കറിയാം. കറുത്ത നിറം അഴകല്ലേ? താന്‍ ദ്രാവിഡ സംസ്കാരത്തിന്റെ യഥാര്‍ത്ഥ പിന്ഗാമി അല്ലേ. ഇവനിതൊക്കെ അറിയുമോ?

 
ഇനി എന്ത് ചെയ്യും?അവന്‍ വന്ന ആദ്യ ദിവസം തന്നെ ഓട്ടമത്സരത്തില്‍ ഉണ്ണിക്കുട്ടനെ തോല്‍പിച്ചു. കായികശേഷിയില്‍  പണ്ടേ ഉണ്ണിക്കുട്ടന്‍ പിറകിലാണ്.  ശക്തിയില്‍ അല്ല ബുദ്ധിയില്‍ ആണ് കാര്യം. ഇനി കാവിലെ  പാട്ട് മത്സരത്തില്‍ കാണാം എന്ന് പറയാന്‍ ഉണ്ണിക്കുട്ടനു പാട്ടും അറിയില്ല. ഇവന്‍ ആണേല്‍ മോശമില്ലാതെ പാടുകയും ചെയ്യും.

 
കാല്‍കൊല്ലപരീക്ഷക്ക്‌ കണക്കു പരീക്ഷയില്‍ അവനെ കാണാം എന്ന് സമാധാനിച്ചു ഇരുന്നു. പക്ഷെ അവന്‍റെ അമ്മ കണക്കു ടീച്ചര്‍ ആണല്ലോ .  മാത്രവുമല്ല ആ കൊല്ലം പരീക്ഷ പേപര്‍ തയ്യാറാക്കിയത് ഉണ്ണിക്കുട്ടന്റെ സ്കൂളില്‍ നിന്നും.അതില്‍ ഇവന്‍റെ അമ്മയും ഉണ്ടായിരുന്നു  ഇവന്‍ എങ്ങനെയോ അതിലെ കുറെ ചോദ്യങ്ങള്‍ ചൂണ്ടി അഷിതയോടും ഉണ്ണിക്കുട്ടനോടും  ഒന്നിച്ചു പറഞ്ഞു ".. ഡാ ഇതു പരീക്ഷക്ക്‌ വരും."

 
"ഓ പിന്നെ എന്‍റെ  ബൌ  ബൌ  കേള്‍ക്കും.. അവന്‍റെ ഒരു ഡയലോഗ്."

 
അത് കൊണ്ട് ആ ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കി പഠിച്ചു പരീക്ഷ ഹാളില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ ഞെട്ടി.അതേ ചോദ്യങ്ങള്‍!! അഷിതയും അനൂപും കണക്കില്‍ ഫസ്റ്റ് രണ്ടിനും നാല്പത്തി ഒന്‍പതു മാര്‍ക്ക്  . ഉണ്ണിക്കുട്ടനു വെറും നാല്‍പതു മാര്‍ക്ക്. ഇവന്‍ ചോദ്യപേപ്പര്‍  മാഫിയ തന്നെ.

 
അനൂപ്‌ അഷിതയുടെ  മുന്‍പില്‍ വെച്ചു ഉണ്ണിയെ കളിയാക്കി.

 
 "നീ വലിയ മണ്ടന്‍ ആണല്ലോ. ചോദ്യം പറഞ്ഞു തന്നിട്ടും അവനു നാല്പതല്ലേ കിട്ടിയുള്ളൂ"

 
അഷിത നന്ദിയോടെ  അനൂപിനെ നോക്കി. ഉണ്ണിക്കുട്ടന്‍ തകര്‍ന്നിരുന്നു.

 
എന്നാലും അവന്‍ ക്വസ്റ്യന്‍ പേപ്പര്‍ ചേര്‍ത്തി സ്റ്റാറായില്ലേ  ? ഇതു പോലെ ഇനിയും ഇവന്‍ നാളെ തനിക്കിട്ടു ആപ്പ് വെക്കില്ല എന്ന് എങ്ങനെ അറിയും. എങ്ങനെയെങ്കിലും ഇവന് ഒരു പണി കൊടുക്കണം. ഒരു കാട്ടില്‍ രണ്ട് സിംഹം വേണ്ട.

 
അപ്പോളാണ് ഹൃദയഭേദകമായ വാര്‍ത്ത അറിഞ്ഞത്. സ്കൂള്‍ ലീഡര്‍ ആയ ഉണ്ണിക്കുട്ടന്‍ ആണ് എല്ലാ ആഴ്ചയും അസംബ്ലിയില്‍ പ്രതിജ്ഞ വായിക്കാറുള്ളത്. ഭാരതം എന്റെ നാടാണ് ചിലരോഴിച്ചുള്ളവരെല്ലാം എന്റെ സഹോദരികളാണ് എന്ന് മലയാളം ടെക്സ്റ്റ് നോക്കി വായിക്കലാണ് പതിവ്.  ചിലപ്പോഴൊക്കെ ഒരു ചെയിഞ്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക്  ചാന്‍സ് കൊടുക്കാറുണ്ട്.

 
ആ ആചാരം ഉണ്ണിക്കുട്ടന്റെ വിശാല മനസ്കതകൊണ്ടാണ്. ബട്ട്‌ ഇപ്പോള്‍ അത് പാരയായി.ഈ ആഴ്ച അനൂപ്‌ വായിക്കട്ടെ എന്ന് ഹെഡ് മാസ്റ്റര്‍. സ്കൂളിലെ എല്ലാ കുട്ടികളുടെയും മുന്‍പില്‍ അവന്‍ പ്രതിജ്ഞ വായിച്ചാല്‍ ഉണ്ണിക്കുട്ടന്‍ ഔട്ട്‌. പണ്ടും കറുത്തവര്‍ അവഗണയുടെ  പാത്രങ്ങള്‍ അല്ലേ ? ആ പാര ഓര്‍ത്തു ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ വരെ ഞെട്ടി. ഇനി വൈകരുത്. ഇവന് ഒരു പണി കൊടുക്കണം

 
എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കവേ ആണ് ആ ഫോട്ടോ ഉണ്ണിക്കുട്ടന്റെ കൈയില്‍ കിട്ടുന്നത്. മായമാനോഹരിയായ സില്‍ക്ക് ചേച്ചിയുടെ A3 സൈസ് പോസ്റര്‍! നാനയുറെ സെന്റര്‍   പേജില്‍  വന്ന ചിത്രം  വളരെ രഹസ്യമായി സുഭാഷ്  ആണ് ക്ലാസില്‍ കൊണ്ട് വന്നത്. ഉണ്ണിയുടെ ബ്രൈയിന്‍ ഒരു നിമിഷം രാജന്‍ പി ദേവ് ആയി .

 
മെല്ല ആ പോസ്റ്റര്‍  ഉണ്ണി ചൂണ്ടി. അന്നു രാവിലെ ആരും അറിയാതെ ഫോട്ടോ അനൂപിന്റെ മലയാളം ടെക്സ്റ്റ്‌ ബുക്കിനകത്ത്‌  വെച്ചു.

 
അസംബ്ലിയുടെ  ബെല്ലടിച്ചു .

 
പിള്ളേര്‍ നിരന്നു  അറ്റന്‍ഷന്‍ ആയി നിന്നു. ആത്മവിശ്വാസത്തോടെ  അനൂപ്‌. നെഞ്ചിടിപ്പോടെ ഉണ്ണിക്കുട്ടന്‍. കാതരമിഴികളോടെ അഷിത. ഇനി എന്തും സംഭവിക്കാം.

 
അനൂപ്‌ ബുക്ക് എടുത്തു വായന തുടങ്ങി. "ഭാരതം എന്റെ നാടാണ് ..."

 
എല്ലാവരും അറ്റന്‍ഷനില്‍ ആണ്. ഉണ്ണിക്കുട്ടന്‍  പ്രതിജ്ഞ  മറന്നു നില്‍ക്കുകയാണ്. അനൂപ്‌ ശ്വാസം എടുത്തു ഒന്ന് മുന്നിലെ കുട്ടികളെ നോക്കി. എന്നിട്ട് ബുക്ക് ഒന്ന് കൂടി നിവര്‍ത്തി വായന തുടര്‍ന്നു. പെട്ടെന്ന് ബുക്കില്‍ നിന്നും അവള്‍ താഴെ ഊര്‍ന്നു വീണു.

 
 "സില്‍ക്ക് ചേച്ചി. !!"

 
ആ പോസ്റര്‍ ആദ്യം കമിഴ്ന്നു വീണു . ഹെഡ് മാസ്റര്‍ അടക്കം ആരും അത് ഗൌനിച്ചില്ല.

 
രണ്ടാമൂഴത്തിലെ ഭീമനെ പോലെ ഉണ്ണിക്കുട്ടന്‍ വിളിച്ചു.

 
"കൊടുങ്കാറ്റുകളുടെ തോഴനായ ദേവാ"

 
പറഞ്ഞു തീര്‍ന്നില്ല.ഒരു മന്ദമാരുതന്‍ വന്നു. അനൂപ്‌ അത്  ശ്രദ്ധിക്കാതെ വായന തുടര്‍ന്നു. ഇപ്പോള്‍ പോസ്റര്‍ മലര്‍ന്നു നേരെ അസ്സെംബ്ളി പിള്ളേരുടെ ഇടയില്‍ പറന്നെത്തി. സില്‍ക്കിന്റെ മാദക മേനി കണ്ടതും പിള്ളേര്‍  ഇളകി.

 
"ശ്ശോ സുകൃത ക്ഷയം!!! സ്കൂളിന്റെ മാനം" ഉണ്ണിക്കുട്ടന്‍ രോഷാകുലനായി.

 
ഉടന്‍ തന്നെ ഹെഡ്മാസ്റര്‍  അനൂപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവന്‍ പറഞ്ഞു " ഞാന്‍, ഞാന്‍ ..."

 
അസ്സംബ്ലിയില്‍ വെച്ചു തന്നെ അവനു സമ്മാനവും കിട്ടി.

 
നിഷ്കളങ്കമായി ഉണ്ണിക്കുട്ടന്‍ പറഞ്ഞു " ഇനിയുള്ള എല്ലാ പ്രതിജ്ഞയും ഞാന്‍ തന്നെ നോക്കാം. എനിക്ക് എന്റെ സ്കൂളിന്റെ മാനമാണ് വലുത്  "

 
"അതേ ഇനി നീ തന്നെ നോക്കിയാല്‍ മതി.എല്ലാവരും നിന്നെ പോലെ  നല്ലവരല്ലല്ലോ"

 
അന്ന് വൈകിട്ട് തന്നെ ഉണ്ണിക്കുട്ടന്‍ സില്‍ക്ക് സ്മിത ഫാന്‍സ്‌ അസോസിയഷന്‍ നീലിയാട്‌  യുണിറ്റ്  രൂപികരിച്ചു.

എപിലോഗ്    : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് .

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍
  5. ജൈവായുധം അഥവാ ഉണ്ണി മധുരം !!!!

Sunday, January 23, 2011

ചില വള്ളുവനാടന്‍ ചിത്രങ്ങള്‍

ആകാശത്തിനു  നേരെ ഉയര്‍ന്നു  നില്‍ക്കുന്ന ഒരു കൊടിക്കൂറ. അതിനോട് കുസൃതി കാട്ടി അതിനെ  ചലിപ്പിക്കുന്ന കുളിര്‍കാറ്റും മഞ്ഞു പെയ്തിറങ്ങുന്ന മകര സന്ധ്യകളും .ആ സന്ധ്യകളെ സജീവമാക്കുന്ന പഞ്ചവാദ്യത്തിന്റെ  സിംഫണി. ചെവിയാട്ടി മേളക്കൊഴുപ്പില്‍  മുങ്ങി നില്‍ക്കുന്ന  കരിവീരന്‍മാര്‍.. മകരക്കൊയ്ത്ത്  കഴിഞ്ഞ പാടങ്ങള്‍ക്കു ഇതു പൂരക്കാലം . ഇനി മൂന്നു നാലു മാസം ഞങ്ങള്‍ വള്ളുവനാട്ടുകാരുടെ നാവിനു പാടാന്‍ ഉത്സവപെരുമകള്‍ മാത്രം...
















































































 ദലാല്‍ സ്ട്രീറ്റിലെ കയറ്റിറക്കങ്ങള്‍ക്കോ  പോളിറ്റ് ബ്യുറോയുടെയോ ഹൈക്കമാണ്ടിന്റെയോ പുതിയ തീരുമാനങ്ങള്‍ക്കോ  ചെവി കൊടുക്കാതെ   ഞങ്ങള്‍ പറയുന്നത്  പാമ്പാടി രാജന്റെ തലയെടുപ്പിനെകുറിച്ചാണ്. അല്ലെങ്കില്‍  മംഗലാംകുന്നു കര്‍ണന്റെ  പ്രൌഡിയെ കുറിച്ചാണ് . ചമ്മിണിക്കാവിലെ, ഉത്രാളിക്കാവിലെ, കുളങ്ങരയിലെ   കരിമരുന്നിനെകുറിച്ചാണ്.  ഇവിടെ  ഉയരുന്നത്   വള്ളുവനാട്ടിന്റെ ഹൃദയതാളം...! 



സംസ്കൃതിയുടെ തുടിപ്പുകള്‍
വള്ളുവനാട്ടിലെ ഓരോ ഉത്സവങ്ങള്‍ക്കു പിറകിലും കാണും നിരവധി ഐതിഹ്യങ്ങള്‍ . ഒരു ദേശത്തിന്റെ ഉദ്ഭവത്തിന്‍റെ ,  നിലനില്പിന്റെ, പ്രതീക്ഷയുടെ കഥകള്‍. തട്ടകം വാഴുന്ന രാജാവായും, കാക്കുന്ന അമ്മയായും, ദുരിതങ്ങളെ ഹനിക്കുന്ന സംരക്ഷകനായും നൂറ്റാണ്ടുകളായി ഇവിടുത്തുകാര്‍ കണ്ടു പോന്ന ഒരു പറ്റം ദേവി ദേവന്മാരുടെ കഥ. അത്  വിശ്വാസമോ അന്ധവിശ്വാസമോ എന്തുമാകട്ടെ ആ കഥകളിൽ അഭയം തേടുന്ന ആ ഗോത്ര പരതയിൽ ആശ്വാസം കണ്ടെത്തുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.  

ഈ മണ്ണില്‍   ഉയര്‍ന്ന ദ്രാവിഡഗോത്ര സംസ്കാരങ്ങള്‍ കാവുകള്‍ക്ക് ചുറ്റുമായി വളര്‍ന്നതിനു മകുടോദാഹരണങ്ങളാ ണ് ഈ ഉത്സവങ്ങള്‍ . ഈ കാവുകള്‍ വരേണ്യ വിഭാഗങ്ങള്‍ക്കൊപ്പം   അധസ്ഥിതരെയും  അവര്‍ണരെന്നു  വിളിച്ചു മാറ്റി നിര്ത്തപ്പെട്ടവരെയും  ഒരുപോലെ    സ്വീകരിച്ചിരുന്നു. സവര്‍ണ്ണ കലകള്‍ക്ക് പകരമായി  ഇവിടെ കരിങ്കാളിയും തിറയുംമൂക്കോൻ ചാത്തനും കരിങ്കുട്ടിയും എല്ലാം രൂപം പ്രാപിച്ചു. നിയതമായ മന്ത്രോച്ചാരണങ്ങളോ  ചിട്ടപെടുത്തിയ നൃത്ത രീതികളോ അവലംബിക്കാത്ത ഈ കലാരൂപങ്ങള്‍ പക്ഷെ താളനിബദ്ധതകൊണ്ടും  ഭക്തിനിര്‍ഭരത കൊണ്ടും സവര്‍ണ കലകളോളം   ജനപ്രിയമായി മാറി .

പൂതമിറങ്ങുന്ന പാടങ്ങള്‍!

കേട്ടിട്ടില്ലേ തുടികൊട്ടും കലര്-
‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
 അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
 മെയ്യിലണിഞ്ഞ കരിമ്പൂതം!
 അതേ, ഇനിയുള്ള നാളുകളില്‍  ഇവിടെ പൂതം  ഇറങ്ങുകയായി.

ഉണ്ണിയെ അന്വേഷിച്ചു ഓരോ വീട്ടിലേക്കും പൂതം എത്തും പുരവൃത്തങ്ങളുടെ   ഭൂമികയില്‍ നിന്നും ഒരു പൂതപ്പാട് ഉയരുന്നു .
കോഴിയെ വെട്ടി കരിങ്കാളികള്‍ പാടം നിറയുമ്പോള്‍ , കാവടികള്‍ മയില്‍ പേടകളെപോലെ  ആടുമ്പോള്‍, പുതിയകാലത്തിന്റെ തുടിപ്പുമായി ബാന്‍ഡും ശിങ്കാരി മേളവും ഈ വര്‍ണക്കാഴ്ച്ചക്ക്  പൊലിമയേറ്റുന്നു

കാര്‍ഷിക സംസ്കാരത്തിന്റെ ബാകിപത്രങ്ങള്‍ 

പഴയകാല ഉത്സവങ്ങളുടെ മുഖമുദ്രയായിരുന്നു പൂരവാണിഭങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍, കര- കൌശല വസ്തുക്കള്‍,‍ പണിയായുധങ്ങള്‍ അങ്ങനെ പലതും വില്‍ക്കാനും വാങ്ങാനും ഉള്ള ഒരു വേദിയായിരുന്നു പഴയകാല ഉത്സവങ്ങള്‍ .
മത്സ്യവും ഇറച്ചിയും പച്ചക്കറികളും പഴങ്ങളും  പത്രങ്ങളും പലഹാരങ്ങളും അടക്കം എല്ലാം ഒന്നിച്ചു ലഭ്യമാകുന്ന ഒരു വേദിയാണ് ഈ വാണിഭങ്ങള്‍. ഒരു പക്ഷെ വാള്‍മാര്‍ട്ടും മറ്റും ഹൈപ്പര്‍   മാര്‍ക്കറ്റുകള്‍ സ്വപ്നം കാണുന്നതിനു മുന്‍പ് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ നിത്യജീവിതത്തിനു വേണ്ട എല്ലാം ഒരു പൂരപ്പറമ്പില്‍ ഒരുക്കി അതിന്‍റെ വിപണി സാധ്യതയെ തുറന്നു കാണിച്ചിരുന്നു.

ചെളിയും മണ്ണും ഹൈജീനിക്കല്ലെന്നും പറഞ്ഞു അമൂല്‍ ബേബികളായി    നാം വളര്‍ന്നപ്പോള്‍ ഈ പാടങ്ങളിലെ പലഹാരങ്ങള്‍ നമുക്ക് വേണ്ടാതായി. ഒരായിരം രാസവസ്തുക്കളുടെ  നിറവും സൌന്ദര്യവും  നിറഞ്ഞ ഫാസ്റ്റ് ഫുഡുകള്‍  നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഷോപ്പിംഗ്‌ മാളുകളുടെ  മായിക ലോകത്തേക്ക് നടക്കുമ്പോളും ചിലപ്പോളൊക്കെ  ഓര്‍ക്കാറുണ്ട്;  പാടത്തെ പൊടി നിറഞ്ഞ ഒരു തുണ്ട് ഹലുവയുടെ രുചി. അത് നല്‍കാന്‍ ഒരു ഫാസ്റ്റ് ഫുഡിനും കഴിയാറില്ലല്ലോ എന്ന്  
അത് വള്ളുവനാടിന്റെ രുചിയാവുന്നു. മണ്ണിന്റെ, മനുഷ്യന്‍റെ. മനുഷ്യത്വത്തിന്റെ രുചി!

ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഓരോ ഉത്സവവും ഭംഗിയായി കഴിയുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ക്കാറുണ്ട് ഇത്തവണ ദൈവം  നമ്മെ കൈവിട്ടില്ലല്ലോ എന്ന് . ചിലപ്പോഴൊക്കെ ദൈവം കൈവിട്ടു പോവുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. പാപ്പാനെ കൊമ്പില്‍ കോര്‍ക്കുന്ന  ആനയുടെ രൂപത്തില്‍, പൊട്ടിത്തെറിക്കുന്ന വെടിമരുന്ന്പുരയുടെ രൂപത്തില്‍, ഉത്സവലഹരിക്ക് കൊഴുപ്പേകാന്‍ ആരുടെയോ അശ്രദ്ധകൊണ്ട്  അളവ്  കൂടി പോവുന്ന മീതെയില്‍  ആള്‍കഹോളിന്റെ രൂപത്തില്‍,.....  അങ്ങനെ ഉത്സവങ്ങള്‍ നിറം കേട്ടു പോവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ കണ്ടു.

തോട്ടി കൊണ്ട് കുത്തി ഉയര്‍ത്തുന്ന ആനച്ചന്തം
തലയെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി തോട്ടിയുടെ കുത്ത് കൊണ്ട് തല ഉയര്‍ത്തി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്ന  സഹ്യന്‍റെ മകന്‍റെ  ദൈന്യത മിക്ക പൂരങ്ങളുടെയും  പതിവ് കാഴ്ചയാവുന്നു. ഉറക്കവും ഭക്ഷണവും ഇല്ലാതെ ആഘോഷങ്ങള്‍ കൊഴുപ്പിക്കുന്ന ഇവന്‍റെ  വിളി കേട്ടു കാണുമോ   മണിക്കോവിലുകളില്‍   മയങ്ങുന്ന മനുഷ്യന്‍റെ ദൈവങ്ങള്‍ എന്ന് വൈലോപിള്ളിക്കൊപ്പം ഞങ്ങളും സംശയിച്ചു  പോകുന്ന  നിമിഷങ്ങള്‍ ....



പൂരപ്പറമ്പില്‍ കരിമരുന്നു കത്തി തുടങ്ങി. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ പഴയ ഓര്‍മകളെ അടുക്കി വെക്കാന്‍   തുടങ്ങി. ഇടയ്ക്കു തനിക്കു നേരെ ഒരു കളിപ്പാട്ടകച്ചവടക്കാരന്‍ നീട്ടിയ തിരയുള്ള കളിത്തോക്ക്‌ വാങ്ങി പോക്കറ്റിലിട്ടപ്പോള്‍ മനസ്സ് നിറയെ ഏഴു ബി യിലെ ഒന്നാം ബെഞ്ചിലിരുന്നു നാളെ അത് വികാസിനെയും സന്ദീപിനെയും കാണിക്കാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷെ  പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം  വികാസും സന്ദീപും ആ ഏഴു ബിയിലെ ഒന്നാം ബെഞ്ചും  തനിക്കന്യമാണ് എന്ന യാതാര്‍ത്ഥ്യവുമായി   പൊരുത്തപ്പെടാന്‍   ഇഷ്ടമില്ലാതെ ഞാന്‍ ആ വരമ്പത്തിരുന്നു; കരിമരുന്നിന്റെ  ആ ഇന്ദ്രജലത്തിനു മിഴികളെ വിട്ടു കൊടുത്തു കൊണ്ട്. ക്ഷേത്രനടയില്‍ കഴുത്തിലെ തോട്ടി അല്പമൊന്നു അയഞ്ഞ ആശ്വാസത്തില്‍  ദേവിയുടെ തിടംബിറക്കിയ കൊമ്പന്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പൂര പ്രേമികളോട് കണ്ണിറുക്കികാട്ടി  ചെവിയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു ...

Sunday, December 12, 2010

ജൈവായുധം അഥവാ ഉണ്ണി മധുരം !!!!






ഒന്നാം ക്ലാസില്‍ ലത ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് കുവൈറ്റില്‍ സദ്ദാം ഹുസൈന്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യത ഉണ്ടെന്നു ഉണ്ണിക്കുട്ടനു മനസിലായത്. കൃഷ്ണന് ചക്രവും മുരുകന് വേലും പോലെ സദ്ദാമിന്റെ സ്പെഷ്യല്‍ എന്തോ ഒരു സാധനമാണ് ഈ രാസായുധം എന്നേ മനസിലാക്കിയുള്ളൂ. കുവൈറ്റില്‍ സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കാന്‍ ഒരു മിനുട്ട് ഒന്നാം ക്ലാസിലെ പിള്ളേര്‍ എല്ലാം മൌനം ആചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉറക്കെ ക്ലാസില്‍ വിളിച്ചു പറഞ്ഞു. "മിണ്ടാതിരിയെട കഴുതകളെ. നമുക്ക് മൌനം ആചരിക്കാം".

"മുഴങ്ങട്ടങ്ങനെ മുഴങ്ങട്ടെ
കോഴിക്കൊട്ടങ്ങാടി മുഴങ്ങട്ടെ
 മൌന ജാഥ മുഴങ്ങട്ടെ" എന്ന പഴമൊഴി വലിച്ചെറിഞ്ഞ ഉണ്ണിക്കുട്ടന്റെ മൌനാചരണം വിജയിച്ചു. സദ്ദാം രാസായുധം പ്രയോഗിച്ചില്ല. അപ്പോള്‍ ഒന്ന് മനസിലായി. ഇവിടെ മൌനം ആചരിച്ചാല്‍ അങ്ങ് ഇറാക്കിലിരിക്കുന്ന സദ്ദാം വരെ അനുസരിക്കും.
അന്ന് വൈകിട്ട് പതിവ് പോലെ അങ്ങാടി മൊത്തം സര്‍വേ ചെയ്തു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടനോട് മേനോന്‍സ് ചോദിച്ചു
 " എന്താടാ ഇത്രയും വൈകിയേ ? "
മനസ്സില്‍ മുഴുവന്‍ പുതിയ സമരായുധം പ്രയോഗിക്കാനുള്ള ത്വര . ഒന്നും മിണ്ടാതെ ഒരു മിനിറ്റ് മൌനം ആചരിക്കാന്‍ തീരുമാനിച്ചു . അന്‍പത്തിയഞ്ചാം  സെകന്റില്‍  പുളി വടി ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ടതും ഉണ്ണിസ് കാച്ചി
" അയ്യോ, കാലു വേദന കാരണം നടക്കാന്‍ വയ്യായിരുന്നു "
മേനോന്‍ വടി പിന്‍വലിച്ചു വീടിന്റെ ഇറയത്ത് വെച്ചു.  സദ്ദാം വരെ മൌന ജാഥയില്‍ വീഴും. മേനോന്‍സ് നഹി!!!

പിന്നെയാണ് ജൈവായുധം എന്ന ടേം മാതൃഭൂമി പുറത്തു കൊണ്ടു വന്നത് . ഇതും പല ഭീകരന്മാരുറെയും കൈയില്‍ ഉണ്ടത്രേ. രുകുവമ്മ കൃഷിവകുപ്പിലെ ജീവനക്കാരിയായത് കൊണ്ടു ജൈവവളം എന്നത് മണ്ണിര കമ്പോസ്റ്റ് ഒക്കെ ആണെന്നുള്ള ജി കെ ഉണ്ണിക്കുട്ടനുണ്ട് .സയന്‍സ് പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞു ജീവനുള്ളവയില്‍ നിന്നും ഉണ്ടാവുന്നതാണ് ജൈവം . ജീവനുള്ളവരുടെ ആയുധം ജൈവായുധം. ഉണ്ണിക്കുട്ടന്‍ മനസ്സില്‍ കുറിച്ച് വെച്ചു.
ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് രണ്ട് അവസരങ്ങളില്‍ ആണ് എന്ന് ഉണ്ണിക്കുട്ടന്‍ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. ഒന്ന് അയാളുടെ കല്യാണദിവസവും മറ്റൊന്ന് അവന്റെ മരണ ദിവസവും.

കല്യാണത്തിന്റെ അന്ന് ഞെളിഞ്ഞു നടക്കുന്ന ചെക്കന്മാര്‍ പലപ്പോഴും ഉണ്ണിക്കുട്ടന്റെ അസൂയക്ക്‌ കാരണം ആയിട്ടുണ്ട്‌ കാരണം മറ്റൊന്നുമല്ല അന്ന്  വരെ ഇവന്മാരെ മൈന്‍ഡ് ചെയ്യാത്തവര്‍ പോലും  കല്യാണദിവസം ഇവരെ ബഹുമാനത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യം.
 മാത്രമോ കല്യാണദിവസം ഇവന്മാര്‍ക്കെല്ലാം നല്ല വിനയം ആയിരിക്കും. കണ്ടിട്ടില്ലാത്ത ആളുകളോട്  വരെ ഹൌ ആര്‍ യു ചോദിക്കും. കുഞ്ഞു കുട്ടികളെ എടുത്തു ഉയര്‍ത്തും. കാണുന്ന മാക്രികളെ ഒക്കെ വിളിച്ചു ഫോടോ എടുപ്പിക്കും.
ഇതു കാണുമ്പോള്‍ ഉണ്ണിക്കുട്ടന്‍ ചിന്തിക്കാറുണ്ട്" ഇതുപോലൊരു മുഹൂര്‍ത്തത്തിനു  ഇനി ഇരുപത്തൊന്നു വയസ്സ് വരെ വെയിറ്റ് ചെയ്യേണ്ടേ പണിക്കര്‍ പറഞ്ഞതനുസരിച്ച്. അന്യജാതി എന്ന് ഉറപ്പായത് കൊണ്ടു ഒളിച്ചോട്ടം ആയിരിക്കും അന്ന് ഇതുപോലെ ഷൈന്‍ ചെയ്യാന്‍ പറ്റുമോ? അതോ മേനോന്‍-വടി കോമ്പിനേഷന്‍  ആവുമോ അന്നത്തെ പ്രധാന ഇവന്റ് ?"
അങ്ങനെയിരിക്കെ  മേനോന്‍റെ അകന്ന ബന്ധുവായ മനോജേട്ടന്റെ മംഗല്യം വന്നു. നാട്ടില്‍ വായിനോക്കി നടന്നു തല്ലു കൊണ്ടാവാനാണ്. പല വട്ടം. പിന്നെ ഒരു ഗുണം ഉള്ളത് പുള്ളിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ ഇല്ല എന്നതാണ് .
 സബസേ  ചോട്ടാ  ഹൈ ഉണ്ണിക്കുട്ടന്‍ !

അത് വലിയ ഒരു ഗുണം ആണ് . ഈ പേര് പറഞ്ഞു നാരങ്ങ വെള്ളം വിതരണം, ചെറുനാരങ്ങ വിതരണം, പനിനീര് തളിക്കല്‍ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ണിക്കുട്ടനു കിട്ടും എന്നുറപ്പാണ്. അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടി. ഏഴു ബി യിലെ സംഗീത  എന്നിവര്‍ എന്തായാലും വരും കല്യാണത്തിന്. അപ്പോള്‍ അവരുടെ മുഖത്ത് തന്നെ പനിനീര്‍ തളിക്കണം. ഹോ കോരിത്തരിച്ചു. 
കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പ് തുടങ്ങിയതാണ്‌ ഈ മനോജേട്ടന്റെ ശല്യം.
"ദാ നിനക്ക് ചേട്ടന്റെ ചേച്ചിയോട് സംസരിക്കെണ്ടേ ? നമുക്ക് ചന്ദ്രേട്ടറെ എസ് ടി ഡി ബൂത്തില്‍ കയറി വിളിക്കാം"
"ഏയ് എനിക്ക് സംസാരിക്കേണ്ട " ഉണ്ണിക്കുട്ടന്‍ അസംദിഗ്ദ്ധമായി  പ്രഖ്യാപിച്ചു( മനോജെട്ടെന്റെ പെണ്ണിനോട് താന്‍ എന്ത് സംസാരിക്കാന്‍ ?)
"അല്ലേട നിന്റെ  നാളത്തെ ചേച്ചിയല്ലേ " മനോജേട്ടന്റെ അടുത്ത ഡയലോഗ്
"അതിനെന്താ  അത് നാളെ വരുമ്പോള്‍ സംസാരിക്കാലോ? "
" അതല്ലെട എനിക്ക് സംസാരിക്കണം "
"എന്നാല്‍ സംസാരിച്ചോ. അതിനു ഞാന്‍ എന്തിനാ ?"
"നീ വാടാ ഒരു കൂട്ടിനു "
" ശല്യം! ഇങ്ങേര്‍ ഇനി ആദ്യ രാത്രിയിലും കൂട്ട് വിളിക്കുമോ എന്തോ ? ഞാന്‍ പറയും പറ്റില്ല എന്ന് " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു
കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ മഹാന്‍ ഉഷാറായി ഉണ്ണിക്കുട്ടനെ പിടിച്ചു. "മോനെ ഉണ്ണി നീ വേണം എന്റെ കൂടെ ".( ഈ മനോജേട്ടന്‍ പണ്ട് എന്നേ തിരിഞ്ഞു നോക്കാത്ത ആളാണ്‌ അവനാണ് ഇപ്പോള്‍ )
"ആ പനിനീര്‍ ഇങ്ങു തരു ഞാന്‍ ചെന്നു തളിക്കട്ടെ ."
 ചെക്കന്റെ അടുത്ത ആളല്ലേ താന്‍ ആ ഉത്തരവാദിത്വം കാട്ടണ്ടേ.
പന്തലില്‍ ബടായികമ്മറ്റി    മേനോന്‍റെ നേതൃത്വത്തില്‍ ഒരു ബറ്റാലിയന്‍ ഏറ്റെടുത്തു കഴിഞ്ഞു. വേഗം പട്ടു പാവാട എടുത്തു വന്ന സംഗീതയ്ക്ക് ഇത്തിരി പനിനീര്‍ കൊടുക്കാം.

"സംഗീത മയില്‍ പേട പോലെ സന്തോഷം പൂണ്ടാല്‍
കൌതുകമുണ്ടായ്  വന്നു ചേതസി ഉണ്ണിക്കുട്ടനും "
ഹോ ഇതു ഒരു സെറ്റ് അപ്പ്‌ ആവുന്ന ലക്ഷണം ഉണ്ട് . അങ്ങനെ ആണെങ്കില്‍ ഇരുപത്തിഒന്ന് വയസ്സുവരെ വെയിറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? എന്തായാലും കാത്തിരുന്നു കാണാം അല്ലേ.


അങ്ങനെ കല്യാണം പൊടിപൊടിച്ചു .കല്യാണ ചെക്കന്‍ ഓരോരുത്തരെ ആയി പെണ്ണിന് പരിച്ചയപെടുത്തുന്നു . കല്യാണപെണ്ണിനോടൊപ്പം   പെണ്ണിന്റെ പാര്‍ട്ടിയില്‍  വേറെ കുറെ ആറാം ക്ലാസ് സുന്ദരികള്‍ ഉണ്ട് . ഇവര്‍ക്കിടയില്‍ നല്ല ഒരു ഇന്ട്രോഡക്ഷന്‍  ആകട്ടെ എന്ന് കരുതി മനോട്ടന്റെ മുന്നില്‍ ചെന്നു നിന്നു  
" ഇതു ഉണ്ണിക്കുട്ടന്‍ " (ഇവന്‍ ആണ് വട്ടംകുളം പഞ്ചായത്തിന്റെ ഭാവിതാരം എന്ന ഒരു വിശേഷണം ആണ് പ്രതീക്ഷിച്ചത്) അങ്ങനെ ഉണ്ണിക്കുട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതാവരുന്നു മനോജേട്ടന്റെ കമന്റ് .
"കുട്ടിക്കാലത്ത് എന്റെ ഡ്രെസ്സില്‍ മുള്ളി നടന്ന ചെക്കനാ. മുള്ളുക മാത്രമല്ല ചര്‍ദിക്കുകകൂടി ചെയ്തിട്ടുണ്ട്(പച്ചക്കള്ളം!!!! ഇവനെ താന്‍ അടുത്ത് കാണുന്നത് തന്നെ കല്യാണം അടുപ്പിച്ചാ). ഇടയ്ക്കു കിടക്കയിലും ആള്‍ കാര്യം സാധിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇപ്പോള്‍ ഉണ്ടോട ഈ ശീലം ?"
ചെക്കന്റെ ഹാസ്യ പരിപാടിയില്‍ പെണ്ണും കൂടെയുള്ള പരിവാരങ്ങളും പൊട്ടിച്ചിരിച്ചു . മുറിച്ചുരിക കൊണ്ടപോലെ ഉണ്ണി ചേകവര്‍ നിലം പതിച്ചു . കിടക്കയില്‍ മുള്ളുന്നത് അത്ര വലിയ പാപമാണോ? ചില സദിഗ് ദ്ധ ഘട്ടങ്ങളില്‍ അങ്ങനെ സംഭവിച്ചു കൂടെന്നില്ലല്ലോ. കൂമനും കുറുക്കനും കോക്കാന്‍  പൂച്ചയും അഴിഞ്ഞാടുന്ന രാത്രിയുടെ ഏഴാം യാമാങ്ങിളില്‍ എളുപ്പവഴിയില്‍ ക്രിയചെയ്യേണ്ടി വന്നിട്ടുണ്ട് . പിന്നെ ബസ്സില്‍ കയറിയാല്‍ ഓരോ 10  കിലോമീറ്ററിലും  ശരീരത്തിലെ  ജൈവ രാസ പ്രവര്‍ത്തന ഫലമായി ചര്‍ദിച്ചിക്കാറുണ്ട്. ഇതു നമ്മുടെ കുഴപ്പമാണോ ?  അതിനു ഒരു ഏഴാം ക്ലാസുകാരനെ ഇങ്ങനെ ജനകീയവിചാരണ ചെയ്യണോ?

 ബാല പീഡനം! അതിനു കേസ് കൊടുക്കണം .
അങ്ങനെ ഡസ്പ് ആയി ഇരിക്കുമ്പോള്‍ ആണ് ഓഡിറ്റൊരിയത്തില്‍ നിന്നും ചെക്കന്റെ വീട്ടിലേക്കു പെണ്ണും ചെക്കനും കാറില്‍ കയറി പോവാന്‍ നോക്കുന്നത്. സാധാരണയായി വണ്ടിയില്‍ അടുത്ത ബന്ധുക്കളെ കയറ്റും.
കണ്ടക ശനി  മനോജേട്ടന്റെ മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു
"ആ ഉണ്ണിക്കുട്ടനെ കൂടെ വിളിച്ചോ. പിന്നെ സതീഷും ഭാര്യയും വരും ."
 പെണ്ണും ചെക്കനും പിന്‍  സീറ്റില്‍ . കൂടെ ഉണ്ണിക്കുട്ടന്‍ . ഡ്രൈവര്‍ സീറ്റില്‍ സതീശേട്ടന്‍. അടുത്ത് ഭാര്യ. അവര്‍ കുറെ തമാശകള്‍  പറഞ്ഞു കാര്‍ വിടാന്‍ തുടങ്ങി . മനോജേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിക്കുട്ടനെ കളിയാക്കാന്‍ തുടങ്ങി.
"എടാ ഇപ്പോള്‍ നീ കിടക്കയില്‍ മുള്ളാരുണ്ടോ  ? ഇനി മുള്ളിയാല്‍ നിന്‍റെ XXX ചെത്തിക്കളയും."
 ഇതു ഒരു കാര്യമായ ഭീഷണി ആയി ഉണ്ണിക്കുട്ടനു തോന്നി . അത് ചെത്തിക്കളഞ്ഞാല്‍  ഉണ്ടാകാന്‍ സാധ്യത ഉള്ള അപകടങ്ങള്‍ ?
അപ്പോളാണ് ഒരു ശങ്ക ഉണ്ണിക്കുട്ടനെ തേടി വരുന്നത് . കാര്‍ ഏകദേശം പത്തു കിലോമീറ്റര്‍ പിന്നിട്ടു കാണും.അപ്പോള്‍ വയറില്‍ നിന്നും അന്നനാളം വഴി എസ് എം എസ് വരാന്‍ തുടങ്ങി . സാധാരണ ആദ്യത്തെ എസ് എം എസ് കിട്ട്യാല്‍ ഉടന്‍ രുക്കുവമ്മയോട്  പറയും.

" അമ്മെ, നിക്ക് ഡൌണ്‍ലോഡ് ചെയ്യണം ."

അപ്പോള്‍ തന്നെ രുക്കുവമ്മ സ്ഥിരം യാത്രക്കിടയില്‍ കൂടെ കൊണ്ടു നടക്കുന്ന പോളിത്തീന്‍ കവര്‍ എടുത്തു ഉണ്ണിക്കുട്ടനു കൊടുക്കും . ഉണ്ണിക്കുട്ടന്‍ യഥാവിധി കര്‍മങ്ങള്‍ ചെയ്തു പോളിത്തീന്‍ കവര്‍ റിട്ടേണ്‍ ചെയ്യും
"എന്റെ xxx  ചെത്തും അല്ലേ . നിന്‍റെ കല്യാണം ഞാന്‍ കുളമാക്കിതരാം ."

അഞ്ചു ഹോസ് പവറിന്റെ പമ്പ് പോലെ ഉണ്ണിക്കുട്ടന്‍ മനോജേട്ടന് നേരെ ആ ജൈവായുധം പ്രയോഗിച്ചു.  എന്താണ് സംഭവിക്കുന്നത്‌ എന്നറിയുന്നതിനു മുന്‍പേ ഷര്‍ട്ട്‌, മുണ്ട് എന്നിവ ഉണ്ണിക്കുട്ടന്‍ ആക്രമണ വിധേയമാക്കി . പയ്യന്റെ രക്ഷക്കെത്തിയ പെണ്ണിനും കൊടുത്തു.

" എന്റെ ----- മുറിയുന്ന വാര്‍ത്ത‍ കേട്ടു നീ ചിരിക്കും  അല്ലേ ?"
കാര്‍ സഡന്‍ ബ്രേയ്ക്കിട്ടു. എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നില്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ പൊട്ടികരഞ്ഞു .

 " പാപിയാണ് ഞാന്‍. എന്നേ ശിക്ഷിക്കു ഞാന്‍ നിങ്ങളെ ഒക്കെ വിഷമിപ്പിച്ചു "
 ഈ സീന്‍ ശരിയായില്ലേല്‍ മേനോന്‍ പുളിവടി എന്ന ജൈവായുധം എടുക്കും. അതിന്നു മുന്‍പേ ജാമ്യം വേണമല്ലോ.
"സാരമില്ലെട കുട്ടാ . ഇതു നിന്‍റെ കുഴപ്പമല്ലല്ലോ ഒക്കെ ശരിയാവും " മനോജേട്ടന്‍ വിശാലമനസ്ക്കനായ  ചേട്ടന്റെ ഭാഗം അഭിനയിച്ചു . ഭാര്യാ  മുഖം കറുപ്പിച്ചു . എന്നാല്‍ ഒന്നും മിണ്ടാതെ സാരി എല്ലാം തുടക്കുകയായിരുന്നു ......

എപിലോഗ് : ഈ മനോജേട്ടന് ഇപ്പോള്‍ ഒരു കുട്ടി ഉണ്ടെന്നും  അവന്‍ എഴാംക്ലസില്‍ ആണെന്നും സാമാന്യം നല്ലപോലെ ചര്‍ദിക്കുന്നുണ്ടെന്നും പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്. മൊഴി ചോദിയ്ക്കാന്‍ കണ്ണപ്പചേകവര്‍ പഠിപ്പിച്ചു വിട്ടതാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്   ഉണ്ണിക്കുട്ടന്‍. ഇനി വല്ല നങ്ങേലിയെയും കെട്ടുമ്പോള്‍ ബിലോ 18  ആയ ഒന്നിനെയും കാറില്‍ കയറ്റില്ല എന്ന് . നമ്മളോട കളി! ഹല്ലാ പിന്നെ :)


എപിലോഗ് 2   : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് . വേറെ പണിയൊന്നുമില്ലെങ്കില്‍ വായിച്ചു അര്‍മാദിക്കൂ ആശിര്‍'വധി'ക്കൂ...   

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍