നടന വൈഭവത്തിന്റെ ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ ആടിത്തീര്‍ത്തപ്പോള്‍ അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.
നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്. അസാമാന്യമായ മെയ് മഴക്കത്തോടെ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .
മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.
നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന് നല്കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന് രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .
അമരത്വത്തിന്റെ അഭിനയ ഭാഷ്യം
ഭരതന് ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്റെ ഒരു കളിയാണ് .
നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍
മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്മാര്ക്കിടയില് നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ് ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.
അരങ്ങിന്റെ ആശാന്
യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന് നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന് മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന് ആശാന് മുരളിയിലൂടെ അവിസ്മരണീയമായി.
വ്യക്തിജീവിതത്തിലും അരങ്ങിന്റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്റെ സവിശേഷത ആയിരുന്നു. ലങ്കലക്ഷ്മിയിലെ രാവണന് ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്റെ ബാപ്പുട്ടി
തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍
പ്രിയ നന്ദനന്റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്റെ വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.
വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന് ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന് കൂടിയായിരുന്നു.
ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍ പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്ക്കും ആ നടന ചാരുത.
12 comments:
മലയാളത്തിന്റെ അതുല്യ നടന് പ്രണാമം!
പ്രണാമം!
അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു അഭിനയ പ്രതിഭ തന്നെയായിരുന്നു മുരളി. പ്രണാമം.
മുരളി, ലോഹി, രവീന്ദ്രൻ മാസ്റ്റർ, കൊച്ചിൻ ഹനീഫ, ഗിരീഷ് പുത്തഞ്ചേരി, രാജൻ പി ദേവ്.. മലയാള സിനിമയുടെ അടുത്ത കാലത്തെ കനത്ത നഷ്ടങ്ങൾ..
അഭിനയത്തിന്റെ വിവിധ ഭാവങ്ങളിലൂടെ മലയാളിയുടെ അഭിമാനമായി മാറിയ നടനായിരുന്നു മുരളി.അക്ഷരങ്ങളിലൂടെ വീണ്ടും മുരളിയെ കണ്ടു.ആശംസകൾ...........
പുനത്തിൽ പറഞ്ഞ വാക്യമാണ് ഞാൻ ഓർക്കുന്നത് മലയാള സിനിമയിൽ ആണൊരുത്തൻ ഉണ്ടായിരുന്നെങ്കിൽ അത് മുരളിയായിരുന്നു. നമുക്കിപ്പോൾ ആ നഷ്ടം ഓർമ്മിക്കാൻ നേരമില്ല. കാരണം ചട്ടമ്പികളുടെയും മാടമ്പികളുടെയും പ്രമാണികളുടെയും താന്തോന്നികളുടെയും വിവരം കെട്ട എഴുന്നള്ളത്തിന് കീജയ് വിളിക്കുന്ന തിരക്കിലാണല്ലോ നമ്മൾ.
മർമ്മമറിഞ്ഞ വിലയിരുത്തൽ.
ഓർമ്മകൾ ചിലർക്കെങ്കിലും ഉണ്ട് എന്നറിയുന്നതിൽ സന്തോഷം.
നന്നായി...
നല്ല അനുസ്മരണം
പഞ്ചാഗ്നി കണ്ട് തരിച്ചിരുന്നത് ഓർമ്മയുണ്ട്.
നന്നായി. നല്ല അനുസ്മരണം.
പ്രിയ മിനേഷ്,
അനുസ്മരണം ഉചിതം.
തീവ്രമായ അഭിനയ ചാതുര്യത്തിന്റെ മൂര്‍ത്തീ ഭാവമായിരുന്നു മുരളി എന്ന മഹാനടന് . സന്ദര്‍ഭോചിതമായി അദ്ദേഹത്തെ അനുസ്മരിക്കാനുള്ള താങ്കളുടെ മഹാ മനസ്കതയെയും അതിനു താങ്കള്‍ അനുവര്‍ത്തിച്ച രീതിയും ശൈലിയും അസൂയാര്‍ഹമാണ്. അനിതര സാധാരണമായ രചനാ വൈഭവത്തെ ഹൃദയ പൂര്‍വ്വം അനുമോദിക്കുന്നു.
ഈ മുരളിയെ പോലുള്ള അതുല്യ നടനെ ഓര്‍മ്മിക്കാന്‍ നടത്തിയ ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍
Post a Comment