Tuesday, November 2, 2010

ജനിതകം

എങ്ങനെയാണ് എന്റെ കണ്ണുകള്‍ ആ സ്ത്രീയില്‍ ഉടക്കിയത് എന്നറിയില്ല. പക്ഷെ എയര്‍പോര്‍ട്ടിലെ   തിരക്കിനിടയിലും എന്റെ കണ്ണുകളില്‍ എങ്ങനെയോ അവള്‍ മിന്നി മറഞ്ഞു. വിസയും ലഗ്ഗെജുമായി ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ ഒക്കത്തിരുന്നു  കുതറുന്ന കുഞ്ഞിനെ ഒതുക്കി പിടിക്കാന്‍ പാട് പെടുകയായിരുന്നു. അവളുടെ കൈപിടിച്ചു  നാലു വയസ്സുള്ള മറ്റൊരു  പെണ്‍കുട്ടിയും . മുന്‍പില്‍ ട്രോളിയുമായി നടക്കുന്ന ഭര്‍ത്താവിനോപ്പമെത്താന്‍ അവള്‍ വൈദേഹിയെ പോലെ  പാട് പെടുന്നുണ്ടായിരുന്നു.
ഒരു ടാക്സിയില്‍ കയറി അല്പസമയത്തിനകം ദുബൈയിലെ തിരക്കില്‍ അവളും അപ്രത്യക്ഷമായി. അഞ്ചു ദിവസത്തെ ഓണ്‍ സൈറ്റ് അസ്സൈന്മെന്റ് എന്ന സ്ഥിരം കര്‍മ്മം നിര്‍വഹിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ നഗരത്തില്‍ എത്തുന്നു എന്ന ബോധം എന്നിലേക്കരിച്ചു കയറിയത് ടാക്സിയില്‍ ഇരിക്കുമ്പോളാണ്. ഇനി അഞ്ചു ദിവസം ഈ നഗരത്തിന്റെ മണ്ണില്‍ ഉറങ്ങണം. നഗരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, നഗരങ്ങളില്‍ എത്തുമ്പോള്‍ ഞാനെന്തിനു അസ്വസ്ഥമാകുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പറഞ്ഞു പഴകിയ നാട്ടിന്‍പുറസ്നേഹമാണ്‌ ഇതിനു കാരണം എന്ന് അനുതാര എന്നെ പലപ്പോളും കളിയാക്കാറുണ്ട്.
"നാട്ടിന്‍പുറങ്ങളെ നഗരങ്ങള്‍ ഒരിക്കല്‍ തിന്നു തീര്‍ക്കും. വികസിച്ചു വികസിച്ചു മണ്ണിനു വേണ്ടി നഗരം നാട്ടിന്‍പുറത്ത് വേട്ടക്കിറങ്ങും. ഒടുവില്‍ നീയും നിന്‍റെ നാട്ടിന്‍പുറവും നഗരത്തിന്‍റെ  ഇരകള്‍ ആവും."
 അവള്‍ വെളുക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. 
ഈ അഭിപ്രായം മാറ്റാന്‍ ഒരു ഓണം അവധിയുടെ പത്തു ദിവസങ്ങളെ അവള്‍ക്കു വേണ്ടി വന്നുള്ളൂ. ഓണമവധി കഴിഞ്ഞു ഓഫിസിലെത്തിയ അവള്‍ പറഞ്ഞു. "നഗരങ്ങള്‍ക്ക് തിന്നാന്‍ നമ്മുടെ ഗ്രാമങ്ങള്‍ ഇടതരില്ലെട .ഓരോ ഗ്രാമവും അതിനു തോന്നിയ രീതിയില്‍ കുഞ്ഞു നഗരങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ പോയ 10  ഓണദിനങ്ങളില്‍ ഒരിക്കലും  ഗ്രമസംസ്ക്കാരം എന്താണെന്നു മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. നഗരങ്ങളെ അതിശയിപ്പിക്കുന്ന തിരക്കും ഏകാന്തതയും നിറഞ്ഞു നില്‍ക്കുകയായിരുന്നു അവിടെ ."
എനിക്ക് വേണ്ടി ബുക്ക് ചെയ്യപ്പെട്ട ഹോട്ടല്‍ മുറിയിലേക്ക് നടന്നടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അനുതാരയുടെ  വാക്കുകള്‍ ആയിരുന്നു . ഇന്ന് കേരളത്തിലെ ഗ്രാമങ്ങള്‍  നഗരങ്ങളായി മാറുന്നുവെങ്കില്‍  ഒരു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇതേ അവസ്ഥ ദുബായിക്കോ മുബൈക്കോ ഉണ്ടായിക്കാണില്ലേ ? ശരിയായിരിക്കും..
ആദ്യ ദിനം സൈറ്റില്‍ പ്രതേകിച്ചു പണിയൊന്നും ഉണ്ടാവാറില്ല. എന്നത്തേയും പോലെയുള്ള പരിചയപ്പെടല്‍, പിന്നെ  ഓരോരുത്തരും തുടങ്ങും  അവരുടെ വീര സാഹസിക കഥകളുടെ കെട്ടഴിക്കാന്‍. പുറത്തു നിന്നും വന്ന എന്നെക്കാള്‍ കേമനാണ് അവര്‍ എന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍. എല്ലാം ശരി  വെച്ചുകൊണ്ട് ഞാന്‍ നില്‍ക്കാറാണ് പതിവ്. അന്നും അത് തന്നെ നടന്നു. എന്‍റെ കൂടെ നിന്ന മൂന്നു പേരും മലയാളികള്‍ ആയിരുന്നത് കൊണ്ടു രാഷ്ട്രീയവും ഓഹരിവിപണിയും ക്രിക്കറ്റും കൊണ്ടു ദിവസം സജ്ജീവമായിരുന്നു . ഓരോ വിഷയത്തിലും പ്രത്യേകിച്ച് പ്രതികരിക്കാതിരുന്ന എന്നെ ആദ്യം അവര്‍ അജ്ഞാനിയാക്കി. പിന്നെ മുരടനും അരസികനും ആകി. ഞാന്‍ പണിയുടെ ഔട്ട്‌ ലൈന്‍ തയ്യരാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവരിലൊരാള്‍ മറ്റൊരാളുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു " അവന്‍റെ   ഒടുക്കത്തെ ജാഡ "
അന്ന് വൈകിട്ട്  അനിലിനെ വിളിച്ചു. ഇതൊരു പതിവാണ് ഈയിടെയായി. വര്‍ഷങ്ങളുടെ സൗഹൃദം ഉള്ള അവന്‍ എന്നെ ബുര്‍ജ് ഖലിഫക്കു മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തിടുക്കം കാണിച്ചുകൊണ്ടിരുന്നു. "ഞങ്ങളുടെ അഭിമാനം ആണ് ഈ കെട്ടിടം"  അവന്‍ പറഞ്ഞു. അവന്‍റെ ആ അഭിമാനത്തെ സമ്മതിച്ചു കൊടുത്തു മെല്ലെ നടക്കുമ്പോള്‍ അക്ഷമനായി അനില്‍ പറഞ്ഞു.

" വേഗം വാ റൂമില്‍ എല്ലാവരും ഇന്ന് നിന്നെ കാത്തിരിക്കുകയാ"
അനിലിന്റെ മുറിയില്‍ അഞ്ചു പേര്‍ ആയിരുന്നു താമസം. അനിലിനോപ്പം തൃശ്ശൂരുകാരന്‍  സുധീര്‍,  ബോംബയ്ക്കാരന്‍ വിക്ടര്‍, ബീഹാറുകാരന്‍  വികാസ് യാദവ്.  കാശ്മീരിയായ  യുസഫ് എന്നിവരാണ് താമസിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരോന്നിച്ചു ഒരു ഷാരൂഖ്‌ ഖാന്‍റെ  സിനിമക്ക് പോയിരുന്നു. ഇത്തവണ എന്താണ് പ്ലാന്‍ എന്ന് ആലോചിച്ചു  മുറിയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ഫുള്ളൂമായി  വിക്ടര്‍ ഏതോ ഒരു പന്ന സിനിമയും കണ്ടിരിക്കുന്നു. കൂടെ ഒരു പാത്രം നിറയെ ബീഫും റെഡിയാക്കി സുധീര്‍ , വികാസ് എന്നിവര്‍. യുസഫ് അവിടെ എങ്ങും ഉണ്ടായിരുന്നില്ല . "കമോണ്‍ വിശാല്‍ ബായി, സ്റ്റാര്‍ട്ട്‌ ദി ബാറ്റില്‍" വിക്ടര്‍ ഒരു ഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു ഒച്ചയിട്ടു.

ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ആ സദസ്സ് മൂകമായി.
"ഇതെന്തു പറ്റി? നീ മലയാളി അല്ലേ ?"പരുപരുത്ത ഹിന്ദിയില്‍ വിക്ടര്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു . "കഴിക്കാറില്ല. വളരെ അപൂര്‍വ്വം ആയി വല്ലപ്പോളും ഒരു ബിയര്‍ അത്ര മാത്രം"
"ഹി ഹി ഇത് ടിപ്പിക്കല്‍ മലയാളി മാന്യന്‍. ഒഴിച്ച് കൊടുത്താല്‍ പശു കാടി കുടിക്കുന്നത് പോലെ കുടിക്കും. പക്ഷെ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ചുണ്ടില്‍ മുട്ടിച്ചു കൊടുക്കണം. അല്ലേ" വിക്ടര്‍ പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു .
"നോക്കു വിക്ടര്‍ നിങ്ങള്‍ക്ക് ഇത് അദ്ഭുതമായിരിക്കും . മദ്യപിക്കില്ല എന്ന കാരണത്താല്‍ എനിക്ക് അനേകം സൌഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ട് .പക്ഷെ ഒരു ലഹരി തരുന്ന സൌഹൃദത്തേക്കാളും ഞാന്‍ വില മതിക്കുന്നത് ഓര്‍മ്മകള്‍ക്ക്   തെളിച്ചം വെക്കുമ്പോള്‍ കിട്ടുന്ന  സൌഹൃദങ്ങളെ ആണ് "
"ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ ഈ നാട്ടില്‍. നിന്നെ പോലെ അനേകം മലയാളികളെ കണ്ടിട്ടുണ്ട്. ഇത്രയും ദുരഭിമാനം പിടച്ചു വര്‍ഗ്ഗം വേറെ ഇല്ല. മദ്യം, പെണ്ണ്, സത്യസന്ധത ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക്  വെളിച്ചത് ഒരു മുഖവും ഇരുട്ടില്‍ മറ്റൊരു മുഖവുമാണ്. നീ മറ്റൊരു നാടുകാരനായിരുന്നെങ്കില്‍ ഞാന്‍  നിന്‍റെ വാക്കുകള്‍ വിശ്വസിച്ചേനെ.  നിങ്ങളുടെ ജനിതക ഘടങ്ങളില്‍ കാലാന്തരങ്ങളിലെവിടെയോ മദ്യം കടന്നു കയറിയിരിക്കുന്നു. ഇനി അതില്‍ നിന്നും നിങ്ങളുടെ ജനതക്ക്  മോചനമില്ല."വിക്ടര്‍ അല്പം ആവേശത്തില്‍ ആയിരുന്നു ഇത്രയും പറഞ്ഞത്.
ഞാന്‍ ചിരിച്ചു . "അതൊക്കെ വെറും തോന്നലാ ഭായി"
"അല്ല വിശാല്‍ . പണ്ട് ഗള്‍ഫില്‍ വന്നു മദ്യപാനം പഠിച്ചു നാട്ടില്‍ പോവുന്ന കുറെയധികം ചെറുപ്പകാര്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ ഇവിടെ വന്നിറങ്ങുന്ന ഓരോരുത്തരും ഒന്നാതരം മദ്യപാനികള്‍ ആണ് . ഇത് സംഭവിക്കുന്നത്‌ നിങ്ങള്‍ മലയാളികള്‍ക്ക്  മാത്രമാണ്."
വിക്ടരിനു  എന്ത് മറുപടി കൊടുക്കും എന്നാലോചിച്ചു ഇരിക്കുമ്പോള്‍ അനില്‍ എവിടെ നിന്നോ ഒരു ബിയറുമായി വന്നു . "എടാ വല്ലപ്പോളും ഉള്ള നിമിഷമല്ലെട . ഒരു കമ്പനിക്കു .." അനിലിന്‍റെ നിര്‍ബന്ധത്തിനു  വഴങ്ങിയത് എന്‍റെ മനസാണോ അതോ എന്നിലെ  ജനിതക ഘടകമാണോ?

ആദ്യ സിപ് വായില്‍  ആക്കിയ നിമിഷത്തില്‍ വിക്ടര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി അത് വകവെക്കാതെ മൂന്നാമത്തെ പെഗ്ഗിലേക്ക് കുതിച്ച വികാസ് യാദവിനെ നോക്കി പറഞ്ഞു" മാഷേ, യാദവ കുലം മുടിഞ്ഞത് ഈ സോമരസം കാരണമാണ്."
വികാസ് തിരുത്തി . "സോമരസം കാരണമല്ല . യാദവകുലം അവസാനിക്കുക എന്നത് എഴുതപെട്ടതാണ്. ദ്വാരക മുങ്ങിപ്പോവേണ്ടത്  വിധിയുടെ ആവശ്യമായിരുന്നു . ഏതൊരു വസ്തുവും നശിക്കുന്നത് അതിന്‍റെ ധര്‍മം അവസാനിക്കുമ്പോളാണ്. കുരുക്ഷേത്രയുദ്ധത്തോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു. ഒരു  രാജാവായി കീര്‍ത്തി  നേടാനല്ലല്ലോ കൃഷ്ണന്‍ ജനിച്ചത്. പകരം സൂത്രശാലിയായ ഒരു നയതന്ത്രവിദഗ്ദനായി  കുരുക്ഷേത്രയുദ്ധം  നയിച്ച്‌  അധര്‍മ്മത്തിന്‍റെ നാശം ഉറപ്പു വരുത്താന്‍ വേണ്ടി അല്ലേ . അതോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു . പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ തനിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട  ആ  വേടന്‍റെ അമ്പിന് വേണ്ടി,  ആ ലോഹക്ഷണത്തിനു വേണ്ടിയുള്ള കാത്തിരുപ്പാവും  കൃഷ്ണന്‍ നടത്തിയിട്ടുണ്ടാവുക ".
"വികാസിനെ സോമരസം ശരിക്കും ബാധിച്ചു "വിക്ടര്‍ കളിയാക്കാന്‍ തുടങ്ങി
വികാസ് വീണ്ടു പറഞ്ഞു  തുടങ്ങി . "ഇത് സോമരസം കൊണ്ടു വന്ന ചിന്തയല്ല.  ദ്വാപരയുഗത്തിനപ്പുറത്തു   കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്? കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്ത കൃഷ്ണന്  ഒരിക്കല്‍ ചക്രമെടുത്തു അധര്‍മിയുടെ  വേഷം കെട്ടേണ്ടി വന്നു.കലിയുഗത്തില്‍ ആണെകില്‍ കൃഷ്ണന് ചക്രം താഴെ വെക്കാനേ  നേരം കാണില്ല. അങ്ങനെ ഏറ്റവും  വലിയ കൊലപാതകിയായി മാറിയേനെ  കൃഷ്ണന്‍..."
സംസാരത്തിനിടയില്‍ രണ്ടാമത്തെ ബിയറും  തീര്‍ത്തകാര്യം ഞാന്‍ മറന്നു പൊയീ. തലക്കു ഒരു കനം വന്ന പോലെ തോന്നി എനിക്ക്. ഒന്നും ആലോചിക്കാതെ മുന്നില്‍ വെച്ചിരുന്ന  ബ്രാണ്ടിയെടുത്തു ഒരു പെഗ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. വിക്ടരുടെ  ചിരി അട്ടഹാസമായി മാറുന്നത് പോലെ തോന്നി.

" മലയാളി എന്നും മലയാളി തന്നെ . ഇവന്റെ ഒക്കെ എല്ലില്‍ വരെ മദ്യമുണ്ട്‌ !."
അനിലിന്റെ  റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ വല്ലാത്ത തലവേദന തോന്നി . ദേര ദുബായുടെ തെരുവുകളില്‍ രാത്രി ശരീരങ്ങള്‍  വില പറയപ്പെടുകയായിരുന്നു. വഴിയില്‍ എത്യോപ്യക്കാരികളും  ഫിലിപിനകളും തങ്ങളുടെ ആ രാത്രിക്ക് വേണ്ട കൂട്ടാളികളെ ആകര്‍ഷിക്കാന്‍ വഴിവക്കിനിരുപുറവും നില്‍ക്കുന്നുണ്ടായിരുന്നു . ഇരുട്ടിന്റെ കൂട്ടുള്ള അത്തരം ഒരു ഇടവഴിയില്‍ എന്നോട് ചിരിച്ചു കൊണ്ടു ഒരു ഫിലിപിനോ യുവതി വന്നു.  ആ ഇടവഴിയില്‍ എനിക്ക് അവളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ  ഒരു ചെറിയ ടോര്‍ച്ച്  അടിച്ചു അവള്‍ സുന്ദരിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തി.
ആ ഇരുട്ടില്‍ ഞാന്‍ വീണ്ടും ഒരു പുരുഷനായി.  അവളെയും കൂട്ടി ആ ഇടവഴിക്കുമുന്നിലെ കുടുസു മുറിയിലേക്ക് നടക്കുമ്പോള്‍ ഇരുവശവും നോക്കി  ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. മുറിയില്‍ അവളില്‍ ഞാന്‍ എന്‍റെ വികാരങ്ങള്‍ നിറക്കുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങാനുള്ള വഴികള്‍  കൂടി ഞാന്‍ ആലോചിക്കുകയായിരുന്നു . ഒടുവില്‍ അവള്‍ക്കു സമീപം തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു .

"ഈ കെട്ടിടത്തില്‍ മലയാളികള്‍ താമസിക്കുന്നുണ്ടോ ?"
 
അവള്‍ ഒരു അവജ്ഞ നിറഞ്ഞ ചിരിയോടെ പറഞ്ഞു." എന്‍റെ  അടുത്ത് വരുന്ന ഓരോ മലയാളികളും അവാസാനം  എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ് ."
"നിനക്കെന്താണ് മലയാളികളോട് പുച്ഛം? "ഞാന്‍ ചോദിച്ചു .
"സുഹൃത്തേ എനിക്കെന്തിനാണ്‌ ആളുകളോട് പുച്ഛം . പ്രണയമല്ലേ എന്‍റെ  സ്ഥായി ഭാവം. കിട്ടുന്ന കാശിനനുസരിച്ചു ഏറ്റക്കുറച്ചിലുകള്‍ വരുന്ന പ്രണയം. വഴിയരികില്‍ പ്രണയിതാവിനെ കാത്തു നില്‍ക്കുന്ന എന്നെ എന്നും നിങ്ങളുടെ നാട്ടുകാര്‍ കണ്ണ് കൊണ്ടു നഗ്നയാക്കാറുണ്ട് . പകല്‍ തുളച്ചുകയറുന്ന നോട്ടം കൊണ്ടു തുണിയഴിക്കുന്ന അവരില്‍ പലരും രാത്രിയില്‍ ഇതേ കിടക്കയില്‍ ...." അവള്‍ ചിരിക്കാന്‍ തുടങ്ങി .
പെട്ടെന്ന് എന്‍റെ ഫോണ്‍ അടിച്ചു. ചെവിയില്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു "ഞാന്‍ ഹോട്ടലില്‍ ഉറങ്ങുകയായിരുന്നടാ ".
 
ഭാര്യയല്ലേ വിളിച്ചത് എന്ന ചോദ്യത്തിനു വീട്ടില്‍ എന്നെ കാത്തിരിക്കുന്ന ഒരു വൈദേഹിയാണ്
  എന്ന് മറുപടി പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഇരുട്ടിന്‍റെ  മറ പിടിച്ചു കൊണ്ടു ....

10 comments:

Minesh Ramanunni said...

സ്ഥിരം നമ്പരുകളില്‍ നിന്നും അല്പം മാറി ചിന്തിക്കാം എന്ന് കരുതി.
ഇനി നന്നായാലും മോശായാലും അഭിപ്രായം പറയണേ.
ഇത് ഇന്നലെ ഋതുവിലും പോസ്റ്റ്‌ ചെയ്തിരുന്നു ...

നല്ലി . . . . . said...

മലയാളിയുടെ മനസിനെ വ്യക്തമായി വരച്ചിരിക്കുന്നു, കൊള്ളാം :-)

അന്ന്യൻ said...

ഉം......???
ആ ഓ. കെ....

MyDreams said...

മലയാളിയെ കളിയാക്കി അല്ലെ ....ബട്ട്‌ ചില യിടങ്ങളില്‍ വല്ലാതെ ..അങ്ങ്

കൃഷ്ണന്‍ കുറിച്ച് പറയുന്ന ഇടതു ഒക്കെ വല്ലാതെ വാചാലനാകുന്നു .....
കംമ്സനറെ വധം അത് അല്ലെ കൃഷ്ണ ധര്‍മം ....

എന്നാലും നന്നായി

Manoraj said...

മിനീഷിന്റെ ഈ കഥ മനോഹരമായിരിക്കുന്നു. മലയാളിയുടെ ജനിതക പ്രശ്നങ്ങള്‍ തന്നെ ഒരു പരിധി വരെ ഇതെല്ലാം. പുറമേക്ക് സദാചാരത്തിന്റെ കാവലാളാവുകയും അകമേ തികച്ചും ചപലമായ മനസ്സിന്റെ ഉടമയാകുകയും ചെയ്യുന്ന മലയാളി. കഥയിലേക്ക് പുരാണത്തേയും മറ്റും കൊണ്ട് വന്നപ്പോള്‍ അത് കഥയോട് വല്ലാതെ ഇഴുകി ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് പറയട്ടെ. ഒപ്പം “ത്രേതായുഗത്തിനപ്പുറത്തു കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്?“ ഇവിടെ ദ്വാപരയുഗമെന്നതല്ലേ ശരി.. അതോ എന്റെ വായനയുടെ കുഴപ്പമോ.. മിനീഷ്, കഥ പറച്ചില്‍ പതിവ് രീതിയിലെങ്കിലും (മിനീഷിന്റെ പതിവ് രീതി എന്നല്ല ഉദ്ദേശിച്ചത്) മനോഹരമായ ക്രാഫ്റ്റ് ഉണ്ട് ഈ കഥയില്‍. അതിന് ഒരു കൈയടി. കഥ പറയുന്ന രീതിയിലെ ആധുനീകതെയെക്കാളും കഥ പറയുന്നതിലെ വിജയമാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. കാരണം ഇന്നത്തെ ആധുനീകം നാളത്തെ പൌരാണീകമാണ്. പക്ഷെ, കഥ ഇന്നും നാളെയും ഒന്നാണ്. നിലനില്‍ക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

jayanEvoor said...

നല്ല കഥ.
മലയാളിയുടെ ജീൻസ്സ്!!
അമ്പോ ഭയങ്കരം!

Abdulkader kodungallur said...

ഒരു കഥയില്‍ തുടങ്ങി പലകഥകള്‍ പറയുന്ന ഈ രീതി ആകര്‍ഷകമായി . ഒപ്പം ചില നഗ്നസത്യങ്ങള്‍ തുറന്ന് പറയുന്നതിലെ ആര്‍ജ്ജവവും അഭിനന്ദനാര്‍ഹമാണ് . തമാശ മാത്രം പോരല്ലോ ഇടയ്ക്ക് അല്‍പ്പം കാര്യവും വേണമല്ലോ . കഥയില്‍ ശ്രീ .മനോരാജ് നടത്തിയ സൂക്ഷ്മ നിരീക്ഷണം ശ്ലാഘനീയമാണ് . ബ്ലോഗില്‍ നമുക്ക് കിട്ടാത്തതും, നാം ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഇത്തരത്തിലുള്ള നിരീക്ഷണമാണ് എഴുത്തുകാരന്റെ പ്രചോദനം

നാട്ടുവഴി said...

മലയാളിയുടെ മുഖമ‍ൂടി അഴിച്ചു മാറ്റി,അവന്റെ പൊള്ളയായ ജീവിതം വരച്ചു കാട്ടുന്നതിൽ വിജയിച്ചിരിക്കുന്നു.
അഭിനന്ദങ്ങൾ.........

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ മിനേഷ്‌,
പല കഥകളായി ഇതില്‍ എങ്കിലും,പറഞ്ഞുപോയ കാര്യങ്ങളില്‍ ഏകാഗ്രതയുണ്ട്‌.
ഭാഷ നന്നായിട്ടുണ്ട്‌.വൈകി വായിച്ചതിന്‌ ക്ഷമാപണം.
അനുമോദനങ്ങള്‍.

അബൂബക്കര്‍ said...

വളരെ നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക, ബ്ലോഗല്ലാത്തതിലും എഴുതണം. മലയാളി എഴുത്തുകാര്‍ക്ക് വേണ്ടിമാമായി ഞങ്ങള്‍ പുതു സംരംഭം ഒരുക്കിയിരിക്കുന്നു, www.harithaonline.con എന്ന പേരില്‍. നിങ്ങളുടെ സൃഷ്ടികളും അകമഴിഞ്ഞ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
സൃഷ്ടികള്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുന്ന പോലെ ടൈപ്പ് ചെയ്ത് അയച്ചുചന്നാല്‍ മതി. article.harithaonline@gmail.com എന്നതാണ് വിലാസം.
പ്രതീക്ഷയോടെ,
എഡിറ്റര്‍
ഹരിത ഓണ്‍ലൈന്‍ ഡോട്ട് കോം
ഫോണ്‍ : 9995230923