Saturday, December 19, 2009

മിസ്ഡ്‌ കോള്‍

ഇടക്കിടെ ഓരോ മിസ്ഡ്‌ കോള്‍ വരാറുണ്ട്‌ എന്റെ ഫോണില്‍.ഇതിലെന്‍താണിത്ര പ്രത്യേകത എന്നു ചോദിച്ചേക്കാം. മലയാളികള്‍ ഫോണ്‍ എടുക്കുന്നതു തന്നെ മിസ്സ്ഡ്‌ കോള്‍ അടിക്കാനാണു എന്നാണു ഓഫിസിലെ മറാത്തി ഡ്രൈവര്‍ പറയാറ്‌.

പക്ഷെ ഇവിടെ ഒരു കുഴപ്പം ഉണ്ട്‌. നാട്ടില്‍ നിന്നുള്ള ഇന്റര്‍നാഷ്ണല്‍ കോളുകളുടെ നമ്പര്‍  ഇവിടുത്തെ ടെലികോം സര്‍വീസ്‌ പ്രൊവൈഡെര്‍സ്‌ അപൂര്‍വ്വമായെ കാണിക്കാറുള്ളൂ. നാട്ടില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ "നോ നമ്പര്‍" എന്നാണു കാണിക്കാറു .

ആദ്യമൊക്കെ വലിയ പരിഭ്രമമായിരുന്നു, വീട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം? അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക്‌ വല്ല അത്യവശ്യവും? അപ്പൊഴൊക്കെ എല്ലവരെയും ആളാം വട്ടം വിളിക്കാറുണ്ടായിരുന്നു. സാവധാനം ആ പതിവു മാറ്റി. മിസ്ഡ്‌ കോള്‍ കണ്ടാല്‍ ആരേയും വിളിക്കാതായി. അപ്പൊഴും മിസ്ഡ്‌ കോളുകള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. ഏതാനും ചില വര്‍ഷങ്ങള്‍ക്കുമുന്‍പു, കോളേജ്‌ ദിനങ്ങളില്‍ ഓരൊ മിസ്ഡ്‌ കോളുകള്‍ക്കും ഓരോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. ഗുഡ്‌ മോണിംഗ്‌ മുതല്‍ ദേഷ്യവും സങ്കടവും പ്രണയവും വരെ മിസ്ഡ് കോള്‍ കൊണ്ട്  ഞങ്ങള്‍ സംവദിച്ചിരുന്നു.

മിസ്ഡ്‌ കോള്‍ കണ്ടു തിരിച്ചു വിളിക്കാതെ ഒരു പാടു പേര്‍ പിണങ്ങി. പക്ഷെ എന്റെ അവസ്ഥ മനസിലാക്കിയപ്പൊള്‍ അവരില്‍ പലരും മിസ്ഡ്‌ കോളില്‍ നിന്നു എസ്‌ എം എസിലെക്കു അപ്‌ ഗ്രേഡ്‌ ചെയ്തു. പക്ഷെ ഒറ്റക്കും തറ്റക്കും മിസ്ഡ്‌ കോളുകള്‍ പിന്നെയും വന്നു കൊണ്ടിരുന്നു.
ഈ മിസ്ഡ് കോളുകളെ പറ്റി എന്തിനാണ് ആവലാതിപ്പെടുന്നത് എന്ന് ഇടയ്ക്കു ചിന്തിക്കാറുണ്ട് .  പക്ഷെ വര്‍ഷങ്ങളായി നെഞ്ചോട്‌ചേര്‍ത്ത് പിടിച സുഹൃത്തുക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ മിസ്ഡ് കാലുകളെ ലഘുവായി കാണാന്‍ തോന്നാറില്ല .

വര്‍ഷങ്ങളുടെ പിന്‍ബലമുള്ള സുഹ്രുത്തുക്കളും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള സൗഹ്രദങ്ങളും എല്ലാം എന്റെ സമ്പാദ്യത്തില്‍  പെടുന്നുണ്ട്‌. വര്‍ഷങ്ങളുടെ പരിചയമുള്ള സുഹ്രുത്തുക്കള്‍ ചില ചെറിയ വിഷയങ്ങളില്‍ തെറ്റി പിണങ്ങിപ്പോയതു വേദനയൊടെ നോക്കി നിന്ന നിമിഷങ്ങളും ഏതാനും മണിക്കുറുകളുടെ പരിചയമുള്ളവര്‍ ആ നിമിഷങ്ങളെ അമുല്യമായ സൗഹ്രദങ്ങളില്‍പെടുത്തി സൂക്ഷിക്കുന്നതും എന്നെ അദ്ദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്‌.

അത്തരം ലഘു സൗഹൃദങ്ങളെക്കുറിചു ഓര്‍ക്കുമ്പോള്‍ വിജയന്റെ മുഖമാണു ആദ്യം ഓര്‍മയില്‍ വരിക. . ഒരു രാത്രി കോളേജില്‍ നിന്നും (കോഴിക്കോട്‌) നിന്നും എടപ്പാളില്‍ എത്തുമ്പോള്‍  സമയം ഒന്‍പത്‌. വലിയ മെട്രൊ സിറ്റിയാണു എടപ്പളെന്നു കൂട്ടുകാരൊടു വീമ്പിളക്കാരുണ്ടെങ്കിലും രാത്രി എട്ടര കഴിഞ്ഞാല്‍ പട്ടാമ്പി ഭാഗത്തേക്കു ബസ്സു നഹി! എനിക്കാണെങ്കില്‍ പട്ടാമ്പി  റോഡില്‍ അഞ്ചു കിലോമീറ്റര്‍ ബസ്സില്‍ പോയി പിന്നെ ഒന്നര കിലോമീറ്റര്‍ ഓട്ടോയില്‍ പോകണം. ലാസ്റ്റ്‌ ബസ്സിനു അരമണിക്കൂറുമുന്‍പ്‌ ഓട്ടോക്കാര്‍ വീട്ടില്‍ പോകും.

സംഗതി ഒന്നു കൂടി ഭീകരമാക്കാന്‍ അന്നു വൈകുന്നേരം മുതല്‍ ബസ്സുകാരുടെ മിന്നല്‍ പണിമുടക്കും. അതുകൊണ്ട്‌ എടപ്പാളുള്ള   ഒരു വിധം എല്ലാ ഒട്ടോകളും  പല വഴിക്ക്‌ ഓടിത്തിമര്‍ക്കുന്നു.ഞാന്‍ കൈ കാണിച്ചിട്ടു ആരും നിര്‍ത്തുന്നില്ല. എന്റെ തോളിലുള്ള വലിയ ട്രാവലെഴ്സ്‌ ബാഗ്‌ തന്നെ കാരണം. എന്നെയും ആ ബാഗും കൂടി വണ്ടിയില്‍ കയറ്റിയാല്‍ രണ്ടാളുടെ സ്ഥലം പൊയിക്കിട്ടും.

തണുത്ത കാറ്റു ശക്തിയായി വീശാന്‍ തുടങ്ങി. മഴക്കാറുകൊണ്ടെന്നപൊലെ നിലാവു മങ്ങാനും തുടങ്ങി. എന്ത് ചെയ്യും.? വലിയ ടൗണാണെങ്കിലും രാത്രി പത്തുമണി കഴിഞ്ഞാല്‍ ഇവിടെ ഒരു പൂച്ചക്കുഞ്ഞുപോലും ഉണ്ടായിക്കൊള്ളണമെന്നില്ല. തല ബ്ലാങ്കായി ഇരിക്കുന്ന ആ നിമിഷത്തിലാണു ഒരു ഗുഡ്സ്‌ ഓട്ടൊ മുന്നില്‍ വന്നു നില്‍ക്കുന്നത്‌.

"നീയെന്താ  ഇവിടെ ഇപ്പൊള്‍ ? വണ്ടിയൊന്നും കിട്ടിയില്ല അല്ലേ? ഇതില്‍ കയറിക്കൊ. ഇനി വണ്ടി കിട്ടാന്‍ ബുദ്ധിമുട്ടാ. ഞാല്‍ കൊണ്ടുവിടാം" വണ്ടിക്കകത്തെ കറുത്തു മെലിഞ്ഞ ഒരു ചെറുപ്പകാരന്‍ പറഞ്ഞു.
എന്നൊടു തന്നെയാണൊ എന്നു ആദ്യം ഞാന്‍ ഒന്നു സംശയിച്ചു. വളരെ വിദൂരമായ ഒരു പരിചയം എനിക്കു ഓര്‍ത്തെടുക്കന്‍ കഴിഞ്ഞു. ആരാ എന്താ എന്നൊക്കെ ഓര്‍മ്മയുടെ ഡാറ്റബേസില്‍ വ്യര്‍തഥമായി പരതുമ്പോള്‍  അവന്‍ സ്വയം പരിചയപ്പെടുത്തി." കുമരനെല്ലൂരിലല്ലെ നിയ്യ്‌  പഠിച്ചത്‌.എനിക്കറിയാം. ഞാന്‍ അന്നേക്കാള്‍ രണ്ടുകൊല്ലം സീനിയറായിരുന്നു"

അപ്പൊള്‍ അതാണു പരിചയം. ഞാന്‍ ഉടനടി വണ്ടിയില്‍ക്കയറി.ആ വാക്കുകളിലെ ആത്മാര്‍തതയെ സംശയിക്കാന്‍ ഒരിക്കലും തോന്നിയില്ല.

"എന്റെ പേരു വിജയന്‍. പക്ഷെ പേരു കൊണ്ടു ഓര്‍ക്കണം എന്നില്ല. കുമരനെല്ലുരു സ്കൂളില്‍ അസംബ്ലി ഹാളിന്റെ സൈഡിലുള്ള പത്തു ഡിയില്‍ ഞാന്‍ എസ്‌ എസ്‌ എല്‍ സി എഴുത്തിയപ്പോള്‍ നീ എന്റെ ബഞ്ചിലാണിരുന്നത്‌. നീ അന്നു എട്ടിലല്ലേ. ഈംഗ്ലീഷ്‌ ഗ്രാമറും ജിയോഗ്രഫിയിലെ ഭുപടവും മലയാളം വൃത്തവും എല്ലാം നീയാണു പറഞ്ഞു തന്നതു. ഓര്‍ക്കുന്നില്ലെ? പക്ഷെ അതൊണ്ടു കാര്യം ഉണ്ടായില്ല. കണക്കില്‌ പൊട്ടി. പിന്നെ പഠിച്ചില്ല"

പഠിക്കാന്‍ തരക്കേടില്ലാതിരുന്നതു കൊണ്ടു പലരേയും സഹായിച്ചിട്ടുണ്ടു .പരീക്ഷകള്‍ക്കിടയില്‍. പക്ഷേ അങ്ങനെ എഴുതിത്തള്ളിയ നൂറു പരീക്ഷകളില്‍ ഈ മുഖം എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു ചെറിയ സൗഹൃദം പോലും അവന്‍ എത്ര അമൂല്യമായി സൂക്ഷിക്കുന്നു എന്ന ചിന്ത അന്നു രാത്രി പെയ്യുാനായി നിന്ന മഴ എന്റെ മനസ്സില്‍ വളരെ നേരത്തെ പെയ്യിച്ചു.
വീടിന്റെ പടി വരെ അവന്‍ എന്നെ കൊണ്ടുചെന്നാക്കി. യാത്ര പറയുമ്പോള്‍  അവന്റെ മൊബൈല്‍  നമ്പര്‍ വാങ്ങി. അപ്പൊള്‍ അവന്‍ പറഞ്ഞു" ഞാന്‍ മിസ്ഡ്‌ കോള്‍ അടിക്കാം"

ആ വാക്ക്‌ വിജയന്‍ ഇടക്കിടെ പാലിച്ചു കൊണ്ടിരുന്നു.ഞാന്‍ പലപ്പൊഴും അവനെ വിളിക്കാരുണ്ടായിരുന്നു. അപ്പൊഴൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളായിരിക്കും അവനു  പറയാറുണ്ടാവുക.

ദിവസങ്ങളുടെ പാച്ചിലിനിടെ വളരെ അടുത്ത കൂട്ടുകാരനുമായി പിണങ്ങി ഒറ്റക്കിരുന്ന ഒരു രാത്രി. ഒരു പാടു സൗഹൃദവുമായി ഒന്നിച്ചു മൂന്നു വര്‍ഷം കഴിഞ്ഞ ആ സുഹൃത്തു ഒരു ചെറിയ പ്രശ്നത്തില്‍ ഉടക്കി എന്നില്‍ നിന്നും അകന്നു യാത്രചെയ്യുന്നു എന്നു പ്രഖ്യാപിച്ചിരുന്ന ആ രാത്രി ഫോണില്‍ ഒരു മിസ്ഡ്‌ കോളുമായി വിജയന്‍ വീണ്ടും വന്നു. ഉടന്‍ തന്നെ തിരിച്ചു വിളിക്കാനാണു തോന്നിയത്‌.

" ഇന്നു രാത്രിയും ഇവിടെ എടപ്പാളില്‍ മിന്നല്‍ പണിമുടക്കാ. അന്നത്തെപ്പോലെ ഇവിടെ എവിടെയെങ്കിലും ഒറ്റക്കു നില്‍ക്കുന്നുണ്ടൊ എന്നറിയാന്‍ വിളിച്ചതാ.ഞാനും വണ്ടിയും ഇവിടെ റെഡിയാണേ"

ഒന്നു പൊട്ടിക്കരയാനാണു തോന്നിയത്‌.?ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്നു കരുതിയ നിമിഷത്തില്‍ എന്നെക്കുറിച്ചോര്‍ത്തു ആകുലപ്പെടുന്ന ഒരാള്‍. അന്നു മനസ്സില്‍ക്കുറിച്ചിട്ടു. ഈ സൗഹൃദം ഒരിക്കലും നഷടപ്പെടുത്തില്ല.
ഗള്‍ഫിലെത്തിയ ഉടനെ വിളിച്ച്‌ സുഹൃത്തുക്കളില്‍ ആദ്യത്തെയാള്‍ വിജയനായിറുന്നു.ഒരു പാടു സന്‍തോഷമായി അവനു. വിളിക്കുമ്പോളൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളുമായി അവനുണ്ടായിരുന്നു.

ഓര്‍മകള്‍ക്കു തീ പിടിക്കുമ്പോള്‍ ഫോണ്‍ പിന്നെയും കരയാന്‍ തുടങ്ങി. ഒരു കുഞ്ഞു മിസ്ഡ്‌ കോള്‍. നംബര്‍ അജ്ഞാതം. വിജയനായിരിക്കുമൊ? അതൊ കോളേജിലെ പഴയ സുഹൃത്തുക്കള്‍.എന്നോ സ്വപനങ്ങളില്‍ നിന്നും കുടിയിറക്കി വിട്ട എന്റെ ആ ചകോരിയുടെ വിരഹാര്‍ദ്രമായ പാട്ടാണൊ? മനസ്സു പിന്നെയും അസ്വസ്ഥമാകാന്‍ തുടങ്ങി.

പക്ഷെ ഒന്നുറപ്പാണ്‌. ഈ നിമിഷം ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്നു ഒരാള്‍ എന്നെ ഓര്‍ക്കുന്നു.പണ്ട്‌ ശ്രീഹരിക്കൊപ്പം(കാല്‍വിന്‍ ദ ഗ്രേറ്റ്‌) കോളേജിലെ മരത്തണലില്‍ ഇരുന്നു പാടിയ സുഗതകുമാരിയുടെ വരികള്‍ ഓര്‍മ്മകളില്‍ പിന്നെയും മുഴങ്ങുന്നു.

" സമാനഹൃദയാ, നിനക്കായി പാടുന്നു ഞാന്‍
നിഷ്ഫലമല്ലി ജന്മം തോഴാ, നിനക്കായ്‌ പാടുമ്പോള്‍"

Saturday, December 12, 2009

'പ്രിയദര്‍ശന'ങള്‍


കാഞ്ചിവരം റീമെയ്കു ചെയ്യില്ല- പ്രിയന്‍.


( പത്രവാര്‍ത്ത ഇതൊടൊപ്പം ചേര്‍ത്തിരിക്കുന്നു)
അല്ലെങ്കിലും സ്വന്‍തം പടം റീമേയ്ക്ചെയ്യുവാന്‍ പ്രിയനു വലിയ താല്‍പര്യം കാണില്ല. കാരണം മറ്റുള്ളവരുടെ പടങ്ങള്‍ റിമെക്കു ചെയ്തു മാത്രമെ അദ്ദേഹത്തിനു പരിചയമുള്ളു.

സംശയമുള്ളവര്‍ അദേഹത്തിന്റെ ട്രാക്ക്‌ റെക്കോര്‍ഡ്‌ ഒന്നു പരിശോധിചു നോക്കൂ.

1. ബോയിംഗ്‌ ബോയിംഗ്‌(1965 അമേരിക്കന്‍ പടം)
2. വെട്ടം ( ഫ്രഞ്ച്‌ കിസ്സ്‌ 1995)
3. കാക്കക്കുയില്‍( എ ഫിഷ്‌ കോള്‍ഡ്‌ വാന്‍ഡ 1988)
4. വന്ദനം(സ്റ്റേക്‌ ഔട്‌ 1987)

ഇനിയും ചുരുങ്ങിയതു അഞ്ചു സിനിമയെങ്കിലും പറയാന്‍ കഴിയും (താളവട്ടവും എന്നിഷ്ടവും ഹലൊ മൈ ഡിയരും ചന്ദ്രലേഖയും എല്ലാം അതില്‍ പെടും)
അതു കൂടാതെ ഹിന്ദിയില്‍ മലയാളത്തിന്റെ ഗോദ്‌ ഫാദറും കാബൂളിവാലയും ഹരിഹര്‍ നഗറും റാംജി റാവൂ അനിയത്തി പ്രാവും മണിച്ചിത്രത്താഴും എന്‍തിനു പഞ്ചാബി ഹസും സന്മനസ്സുള്ളവരും വരെ എത്തിച്ച്‌ മഹാനാണു പ്രിയന്‍,
സ്വന്‍തം പടം ഹിന്ദിലെടുക്കുന്നതിലെക്കാളും സേയ്ഫ്‌ സിദിക്ക്‌ ലാലിന്റ്‌ പടങ്ങളാണു എന്നു പ്രിയനു നന്നയി അറിയാം, അതിനു ഇനി ടു ഹരിഹര്‍ നഗരോ ബോഡി ഗാര്‍ഡൊ ഹരിഹര്‍ നഗര്‍ 3 ബാക്കിയുള്ളു,

എന്റ്‌തായാലും കാഞ്ചിവരം ഇല്ല. എങ്കില്‍ ബോഡി ഗാര്‍ഡ്‌ റിലീസ്‌ ചെയ്യുന്നത്‌ വരെ കാത്തിരിക്കുകയെ വഴിയുള്ളൂ,അതു വരെ ഇങ്ങനെ ഉണ്ടയില്ലവെടികള്‍ പൊട്ടിച്ചിരിക്കാം. പ്രിയനാരാ മോന്‍ .....!

Friday, December 11, 2009

മെയ്ഡ്‌ ഇന്‍ ചൈന

കഴിഞ്ഞ തവണയും അച്ഛന്‍    വന്നപ്പൊള്‍ ഒരു പാടു സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു. കളര്‍ പെന്‍സില്‍,പെയ്ന്റ്‌, ഉടുപ്പുകള്‍, പിന്നെ ഒരു കുഞ്ഞു പോകറ്റ്‌ റേഡിയൊ, നല്ലൊരു വാച്ച്‌.

അപ്പൊഴൊക്കെ ആ സാധനങ്ങളിലെല്ലാം എന്തോ  ചിലത് അപരിചിതമായ  ഭാഷയില്‍ എഴുതി വച്ചിരിക്കുന്നതായി അപ്പു ശ്രദ്ധിച്ചിരുന്നു. ടി.വിയില്‍ പല തവണ കാണുന്നതു കൊണ്ട്‌ അതു ഇംഗ്ലിഷ്‌ അല്ല എന്നു അപ്പുവിനറിയാം. നാലു വയസ്സുകൊണ്ട്‌ എ,ബി,സി,ഡി യൊക്കെ അവനറിയാം.

കൊല്ലത്തിലൊരിക്കല്‍ ഈവക സാധനങ്ങളുമായി എത്തുന്ന അച്ഛന്‍ എന്ന  ഗള്‍ഫുകാരനെ പ്രതിക്ഷിച്ചു നാട്ടില്‍ ഒരുപാട്  പേര്‍ കാത്തിരിക്കുന്നുണ്ട്‌ എന്നത് അവനു അറിയാമല്ലോ
പിന്നീട്‌ ഇംഗ്ലിഷ്‌ കൂട്ടി വായിക്കാന്‍ പഠിച്ചപ്പൊള്‍ അവാനാദ്യം കൂട്ടി വായിച്ച  വാക്ക്‌
'മാന്‍മാര്‍ക്കു കുട' എന്നായിരുന്നില്ല. അച്ഛന്‍ അവനു അയച്ചു കൊടുത്ത സൈക്കിളിന്റെ സൈഡില്‍ എഴുതി വച്ച, അവന്‍റെ പേനയിലും, കളര്‍ പെന്‍സിലിലും റേഡിയൊവിലും എഴുതി വച്ച്‌ "മെയ്ഡ്‌ ഇന്‍ ചൈന" എന്നായിരുന്നു.

വീട്ടിനടുത്തുള്ള ചൈനാ ബസാറില്‍ അമ്മയൊടൊപ്പം പോയപ്പൊള്‍ അച്ഛന്‍ കൊണ്ടു വരാറുള്ള സാധനങ്ങളുടെ ഇരട്ടി ശേഖരം  അവിടെ കാണാന്‍ അവനു പറ്റി. പ്രായൊഗിക ജീവിത്തിന്റെ ഭൂമികയില്‍ ജനിച്ച്‌ അപ്പു അപ്പോള്‍  ഇങ്ങനെ ചിന്തിച്ചു. " ഒരു ദുബായിക്കാരനെ കല്യാണം കഴിക്കുന്നതിനു പകരം അമ്മക്കെന്തു  കൊണ്ടു ഒരു ചൈനക്കാരനെ കല്യാണം കഴിച്ചുകൂട?"

അപ്പൊള്‍ അടുത്ത വരവിനുള്ള സാധങ്ങള്‍  ‍വാങ്ങാനായി അച്ഛനെന്ന  ദുബായിക്കാരന്‍ ഒരു ഷോപ്പിംഗ്‌ മാളില്‍ അലഞ്ഞു നടക്കുകയായിരുന്നു. 

Wednesday, December 2, 2009

പുതുവത്സരചിന്‍തകള്‍

അങ്ങനെ ബസ്സ്‌ സമരം താല്‍ക്കലികമായി പിന്‌വലിച്ചു. ഡിസംബറിന്റെ എക്കൗണ്ട്‌ സമരത്തൊടെ തുടങ്ങാമെന്നു കരുതിയിരുന്ന മലയാളി നിരാശനായി. പക്ഷെ ബസ്‌ സമരം ഒരു പുതുവര്‍ഷസമ്മാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്  സര്‍ക്കാരും ബസ്സു മുതലാളികളും.എന്തായാലും ഒന്നുറപ്പാണു.  ബസ്‌ സമരം ഒഴിവായാല്‍ വിദ്യാര്‍ഥി സമരം പ്രതീക്ഷിക്കാം. കാരണം ഇത്തവണ ബസ്‌ സമരത്തിനുകാരണം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആണ്‌.

സമര കൈരളി വിജയിക്കട്ടെ!

അടുത്ത കലണ്ടര്‍ വര്‍ഷത്തെ സമരങ്ങള്‍ ഏതൊക്കെയായിരിക്കും?

ഉള്ളിയുടെ വില വര്‍ധിക്കുന്നതുകൊണ്ടു ഒരു കേന്ദ്രസര്‍ക്കാറിനെതിരെ ഒരു സമരം പ്രതീക്ഷിക്കാം. പിന്നെ  മുരളി ദെവറ കനിയുകയാണെങ്കില്‍ പെട്രൊളിയം വിലയും വര്‍ധിപ്പിചെക്കാം.

പിന്നെ പതിവുപോലെ ജുണില്‍ സ്വാശ്രയം കളിക്കാം. ഇതിനിടയില്‍ വല്ല ആണവ കരാറൊ(കാനഡയുമായി ഒരു കരാറിനു സാധ്യത കാണുന്നുണ്ട്‌.) സ്വതന്ത്ര വ്യാപാരക്കരാറൊ വന്നാല്‍ കുശാലായി. നാലഞ്ചു ദിവസം ഭേഷായി മനുഷ്യചങ്ങല, കവലപ്രസംഗം, ബക്കറ്റ്‌ പിരിവു തുടങ്ങിയ പതിവു കലാ പരിപാടികളുമായി മുന്നോട്ടു നീക്കാം.
ക്രമസമാധാനം വളെരെ ഉഷാറായി പാലിക്കപ്പെടുന്നതു കൊണ്ടു രാഷ്ട്രീയ സംഘട്ടനങ്ങളും പ്രതീക്ഷിക്കാം.മാത്രമല്ല നാലില്‍ കുജനും പതിനൊന്നില്‍ വ്യഴവും പതിനെട്ടില്‍ ബിനീഷും നില്‍ക്കുന്നതുകൊണ്ട്‌  ആഭ്യന്തരം   ഉഷാറാണല്ലൊ?

ദുബായുടെ ആപ്പീസു പൂട്ടിയെന്ന് മുഖ്യന്‍; അതൊടൊപ്പം ടീക്കോമും സ്മാര്‍ട്ടല്ലാതെയാവുമെന്നു ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍തൊക്കെയായിരുന്നു? വിഡിയോ കോണ്‍ഫറണ്‍സ്‌ , 50000 പേര്‍ക്കു ജോലി, കൊച്ചിയില്‍ സിലിക്കണ്‍ വാലി. അവസാനം പവനായി .....

മെട്രൊ റെയിലും വല്ലാര്‍പാടവും വിഴിഞ്ഞവും നനഞ്ഞ പടക്കങ്ങളാവുമെന്നോ എന്നു കാണിപ്പയൂരിനെ വിളിചു നോക്കെണ്ടി വരും. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ ഫൈനാഷ്യല്‍ ക്രൈസിസ്‌ വന്നു എന്നു പറഞ്ഞ പോലെയായി.

സമരങ്ങള്‍ക്ക്‌ പല സ്കോപ്പും ഇനിയുമുണ്ട്‌. സിലബസ്സില്‍ മതമില്ലാത്ത ജീവനുകളൊ ജീവനില്ലാത്ത മതങ്ങളൊ മോഡിയുടെ ആത്മകഥയൊ വന്നാല്‍ കുശാലായി. അക്കാഡമി അവാര്‍ഡുമുതല്‍ ചലചിത്രമേള വരെ സമരം നടത്താനുള വേദിയാക്കാം. ഏസ്‌ ആക്രിതിയിലുള്ളാ കത്തിയുടെ ചരിത്രം 'കാരിരാജ' എന്ന് പേരില്‍ ഹരിഹരനു പുറത്തിറക്കൈയാല്‍ ഒരു പക്ഷെ പനോരമയില്‍ സുവര്‍ണ്ണ മയൂരം ഏറ്റുവാങ്ങാം.

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പതിവു പോലെ മുറജപവും സദ്യയും സുഭികഷ്മായ വിവാദ പൂര്‍ണമായ ഒരു പുതുവത്സരത്തിനായി കാത്തിരിക്കാം.

Saturday, October 10, 2009

ഒരു വട്ടം കൂടിയാ ......!

വീണ്ടും ഒരിക്കല്‍ കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈദ് അവധിക്കു നാട്ടില്‍ എത്തിയ കൂട്ടുകാരെല്ലാം ഒന്നിച്ചു കോഴിക്കോട് കു‌ടാം എന്ന ബുദ്ധി ഉദിച്ചത് . നേരെ ഫോണെടുത്തു വിളി തുടങ്ങി. ഗഫൂര്‍ ,ഫവാസ്, അശ്വനി കുമാര്‍ ,ധീരജ്, ഷംസു പിന്നെ ഞാനും .മൂന്നു വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍.

രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.

ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.


റയില്‍വേ സ്റ്റേഷനില്‍ ഫവാസ് കാറുമായി നില്‍ക്കുനുണ്ടായിരുന്നു . മാനാഞ്ചിറ വായില്‍ നോക്കി ഷംസുവും . ഇനിയുള്ള കാര്യങള്‍ നമുക്കു ക്യാമറയിലൂടെ കാണാം


പണ്ടു വായില്‍ നോക്കിനിന്ന അതെ സ്ഥലങ്ങള്‍ . മാനാഞ്ചിറ സ്ക്വയര്‍ അടച്ചതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല
.


പിന്നെ നേരെ വെച്ച് പിടിച്ചു ബീച്ചിലേക്ക്. സമയം പത്തു മണി . നല്ല വെയില്‍ . കടല് കാണാന്‍ പറ്റിയ സമയം !




പത്തരയായപോഴേക്കും വല്ലാതെ വിശക്കാന്‍ തുടങ്ങി . ഞാനും സൌദിയില്‍ നിന്നും വന്ന ഷംസുവും കുബ്ബൂസിനായി ചുറ്റും പരതവേ ഗഫൂര്‍ പറഞ്ഞു. അത് ഇവിടെ കിട്ടുല. "പുവര്‍ മലയാളീസ് , കുബ്ബൂസ് ഇന്റെ രുചി അറിയാനുള്ള യോഗം ഇല്ല ". പിന്നെ അടുത്തുകണ്ട ഐസ് ക്രീം കടക്കാരനെ ആക്രമിച്ചു.

പതിനൊന്നു മണിക്ക് ഇനി എവിടേക്ക് എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ ധീരജ് വിളിക്കുന്നു. "ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേ ഉള്ളൂ." ഫസ്റ്റ് ഹൌര്‍ കഴിഞു മാത്രം ക്ലാസില്‍ എത്തുന്ന ശീലം അവന്‍ ഇതു വരി മാറ്റിയിട്ടില്ല . "നിങ്ങള്‍ വെസ്റ്റ്‌ ഹില്ലിലോട്ടോ വാ. ഞാന്‍ അപ്പോഴേക്കും അവിടെ എത്താം . "
പിന്നെ ഞങള്‍ എല്ലാവരും വെസ്റ്റ്‌ ഹില്ലില്‍. ഞായറാഴ്ചയായതിനാല്‍ കോളേജ് ക്ലോസ്ഡ്‌ . പിന്നെ തുറന്നു കിടന്ന ഒരു കിളിവാതില്‍ വഴി എല്ലാവരും ഉള്ളില്‍ . തുടര്‍ന്ന് അയവിറക്കല്‍ സെഷന്‍
പതിവില്ലാതെ അവധി ദിവസം ആളുകളെ കണ്ടപ്പോള്‍ സെക്യൂരിറ്റി അടുത്ത് വന്നു . ഉടനെ ഫവാസ് അരയില്‍ നിന്നും അത് വലിച്ചൂരി.അത് കണ്ടതും സെക്യൂരിറ്റി ഞെട്ടി മാറി. ഞങ്ങളെയും ഫവാസ് അത് കാണിച്ചു തന്നു.
കോളേജിലെ പഴയ ഐഡന്റിറ്റി കാര്ഡ്.!

മു‌ന്നു വര്‍ഷങ്ങള്‍ക്കിപ്പുരവും ഫവാസ് അത് സു‌ക്ഷിച്ചു വെച്ചിരിക്കുന്നു.

കുറച്ചു നേരം കോളേജില്‍ ചിലവിട്ടു ഞങ്ങള്‍ നേരെ സിറ്റിയിലേക്ക് പൊന്നു. അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. പിന്നെ കടുക്ക ഫ്രൈയും, ചിക്കന്‍ ബിരിയാണിയും സൂപും അടിച്ച് ടോപ്ഫോമില്‍ ഇത്തിരിനേരം .






വയറു നിറഞ്ഞപ്പോള്‍ ചിന്തകള്‍ക്ക് തീ പിടിച്ചു. ഇനി എങ്ങോട്ട്. ? അപ്പോഴാണ് ധീരാജ്‌ സരോവരം പാര്‍ക്കിനെ പ്പറ്റി പറഞ്ഞത്. പുതിയ പാര്ക്ക്. ഞങ്ങള്‍ ത്രില്ലടിച്ചു . അവിടുത്തെ മരച്ചുവടുകളില്‍ ഇരുന്ന കിളികളെ കമന്റടിച്ചു ഞങ്ങള്‍ രണ്ടു ബോട്ടുകളിലായി പുറപ്പെട്ടു.



അരമണിക്കൂര്‍ നേരത്തെ ബോട്ടിംഗ് ഞങ്ങള്‍ അര്‍മാദിച്ചു തീര്ത്തു. ഗഫൂറും ഷംസുവിനും അപാര ഫോമിലായിരുന്നു.






പിന്നെ വീണ്ടും സിറ്റിയിലേക്ക്‌ . ഫോക്കസ് മാളിനുള്ളില്‍ കയറി . അവിടെ കറങ്ങിയടിച്ചു ഒരു മണിക്കൂര്‍. ഇതിനിടയില്‍ ധീരജിന്റെ വീട്ടില്‍ കയറി പായസം കുടിച്ചു.

പിന്നീട് വരുന്ന വഴിയില്‍ അതാ നില്ക്കുന്നു സരോവരം പാര്‍ക്കിനു സമീപം എന്നെയും കാത്തു കാവ്യ മാധവന്‍. പാവം ഫവാസും ഷംസുവുമെല്ലാം കാല് പിടിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നേരെ അവളുടെ അടുത്തുചെന്നു ഫവാസിനും ഷംസുവിനും ഗഫൂറിനുമെല്ലാം അവളെ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ എല്ലാവര്ക്കും ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. "നമ്മുടെ പിള്ളേരല്ലേ" .

കാവ്യയോട്‌ യാത്ര പറഞ്ഞു ഫോക്കസ് മാളില്‍ നിന്നു ഞങള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ഫവാസ് കാറില്‍ ഞങ്ങളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. ഷംസു ടൌണില്‍ നിന്നുതന്നെ പിരിഞ്ഞു. ഒപ്പം ധീരജ്‌ കൈ വീശി അകന്നു. ഒടുവില്‍ ഞാനും ഗഫുരും അശ്വനിയും മാത്രം . താനൂരില്‍ അശ്വനിയും തിരൂരില്‍ ഗഫുരും യാത്ര പറഞ്ഞു അകന്നു.


ഇപ്പോള്‍ ട്രെയിനില്‍ ഞാന്‍ മാത്രം. രണ്ടു വര്ഷം ഞാന് അനുഭവിച്ച് ആ ഏകാന്തത എന്നെ വീണ്ടും സമീപിച്ചു. ഇനി എന്ന്? വീണ്ടും കാണണം എന്നുറചാണ്‌ പിരിഞ്ഞതെന്കിലും അകലുമ്പോള്‍ വേദന തോന്നുന്നു. ഇവിടെ ഈ നഗരത്തില്‍ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പൂക്കാലമാണെന്ന തിരിച്ചറിവില്‍ ആ വേദന വര്‍ധിക്കുന്നു .

തീവണ്ടി പിന്നെയും കുറ്റിപ്പുറത്ത് നിന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഈ മഴയും ദിവസങ്ങള്‍ക്കകം എനിക്കന്യമാകുമെന്ന ആ ബോധത്തില്‍ ബസ്സിലേക്ക് ഞാന്‍ നടന്നകന്നു...

മഴച്ചിത്രങ്ങള്‍

മഴ എന്നും ഒരു പുതിയ അനുഭവമാണ് പ്രവാസിക്ക്. മഴയുടെ സൌന്ദര്യം എപ്പോഴും ആസ്വദിക്കാന്‍ കഴിയുക യാത്രകളില്‍ ആണ് . അവധിക്കായി നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ. . മഴ ആസ്വദിക്കണം . അതുകൊണ്ട് തന്നെ കല്ലകര്‍ക്കിടകത്തില്‍ ആണ് വെകേഷന്‍ തുടങ്ങിയത് . കൊച്ചിയില്‍ വിമാനമിറങ്ങി നേരെ പുറത്തു കടന്നപ്പോഴേക്കും ആളെത്തി . സ്വികരിക്കാന്‍ വന്ന ബന്ധുവിനെ പോലെ അവള്‍ .പരിഭ്വവം പറഞ്ഞു ചന്നം പിന്നം പെയ്തു വീട്ടില്‍ എത്തുന്നത്‌വരെ .




പിന്നിടുള്ള ദിവസങ്ങളില്‍ എല്ലാം അവള്‍ ഉണ്ടായിരുന്നു കൂട്ടിനു. രാവിലെ മൂടിഫുതച്ചുറങ്ങാന്‍ കുളിര് നല്കി. ബൈക് യാത്രകളില്‍ ഷര്‍ട്ട്‌ നനച്ചു വികൃതി കാട്ടി. രാതികളില്‍ കാറ്റിന്റെ കൂട്ട് പിടിച്ചു മരം വിഴ്ത്തി കമ്പി പൊട്ടിച്ചു വ്യ്ദ്യുതി കളയിച്ചു . ഇലകളില്‍ പൂക്കളില്‍ വസന്തം നിറച്ചു പിന്നെയും ഒരു ഓണം വരുത്തി.


തിരുവോണത്തിന് രാവിലെതന്നെ വന്നു കോടി നനക്കാന്‍. പിന്നെ ഓണക്കളികളില്‍ വില്ലത്തരം കാണിച്ചു മറഞ്ഞു നിന്നു.
നാട്ടില്‍ നിന്നും തിരിച്ചു വരുംബോഴുമുണ്ടായിരുന്നു അവള്‍ ഒപ്പം. കണ്ണിരില്‍ മുങ്ങിയ മുഖവുമായി എയര്‍പോര്‍ട്ടില്‍ അമ്മ കൈവീസുമ്പോള്‍ പിറകില്‍ നനുത്ത തുള്ളികളായി ആ കണ്ണ് നീരിനെ കുതിര്‍ത്തി അവള്‍ എന്നോടു യാത്ര പറഞ്ഞു. പിന്നെയും കാണാന്‍ വീണ്ടുമൊരു അവധിക്കാലതിനായി.

Sunday, October 4, 2009

ഹോണ്‍


കുട്ടിക്കാലം മുതല്‍ ചീറിപ്പായുന്ന വാഹനങ്ങളിലെ ഏറ്റവും ആകര്‍ഷണീയമായി എനിക്കു തോന്നിയ ഭാഗം ഹോണാണ്‌. കാരണം മറ്റൊന്നുമല്ല, ഞാനിതാവരുന്നു എന്നു ഉറക്കെ വിളിച്ചറിയിക്കുന്ന വാഹാനങ്ങളുടെ ജിഹ്വ. ബസ്സില്‍ പോകുന്ന സമയത്തു ഡ്രൈവര്‍ എങ്ങനെ വണ്ടി ഓടിക്കുന്നു എന്നതിനേക്കാള്‍ ഈ ഹോണ്‍ ഉപയൊഗിച്ചു  മറ്റു വണ്ടികളെ എങ്ങനെ അകറ്റി നിര്‍ത്തുന്നു, എത്ര അപകടങ്ങളെ ഈ വണ്ടര്‍ഫുള്‍ ഉപകരണം അകറ്റുന്നു എന്നൊക്കയാണ്  ചിന്തിച്ചിരുന്നത്.

പക്ഷെ ഗള്‍ഫിലെത്തിയപ്പോള്‍ സംഗതി മാറി.

ഇവിടെ ആരും തന്നെ ഹോര്‍ണ്‍ മുഴക്കുന്നില്ല.ഗള്‍ഫിലെത്തിയ ആദ്യനാളുകളില്‍ നന്ദേട്ടന്‍(ചേച്ചിയുടെ ഭര്‍ത്താവ്‌) കാറൊടിക്കുമ്പോള്‍  പലപ്പൊഴും മറ്റു വാഹങ്ങള്‍ മുന്നിള്‍ വഴിമുടക്കി നില്‍ക്കുമ്പോള്‍ വരെ  വളരെ കൂളായി വെയ്റ്റു ചെയ്യുന്നതു കണ്ടു ഞാന്‍ ചോദിച്ചിട്ടുണ്ട്‌" ആ ഹോണ്‍ കാണാന്‍ വച്ചതാണൊ?"

ഒന്നു ചിരിക്കുകയാണു നന്ദെട്ടന്‍ ചെയ്തതു. പിന്നീടാണു അനാവശ്യമായി ഹോണ്‍ മുഴ്ക്കിയതിനു സ്വദേശികളുടെ കൈയിടെ ചൂടറിഞ്ഞ പലരുടെയും കഥ നന്ദേട്ടന്‍ തന്നെ പറഞ്ഞു തന്നത്‌.

ഒരിക്കല്‍  ഉറക്കെ ഹോണ്‍ മുഴക്കിയ ഒരു ബംഗാളിയെ ഒരു സ്വദേശി കാറില്‍ നിന്ന് ഇറങ്ങി മുഖത്തു തന്നെ ഒന്നു കൊടുക്കുന്നത്‌ ഞാന്‍ നേരില്‍ കണ്ടതൊടെ ഹോണ്‍ പ്രേമം അവിടെ അവസാനിച്ചു.
സാവധാനം ഒന്നു മനസിലായി. നല്ല രീതിയില്‍ വണ്ടിയൊടിച്ചാല്‍ ഹോണ്‍ ഒരു അലങ്കാരവസ്തുവാകും.


രണ്ടു വര്‍ഷത്തോളമുള്ള പ്രവാസത്തിനു ശേഷം നാട്ടില്‍ എത്തിയ നിമിഷം. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെക്കു കൂട്ടിക്കൊണ്ടുവരാന്‍ വന്ന ടവേറയുടെ ഡൈവര്‍ പിന്നെയും എന്നെ ആ ഹോണിന്റെ സുവര്‍ണ്ണകാലഘട്ടത്തിലേക്കാണു കൂട്ടിക്കൊണ്ടു പോയത്‌. വളവുകളില്‍, ജങ്ങ്ഷണുകളില്‍, മറ്റു വാഹനങ്ങളുടെ വിദൂര സാമീപ്യത്തില്‍, ഹോണ്‍ നിര്‍ത്തതെ അടിച്ചു കൊണ്ടിരുന്നു.

അന്നു തന്നെ ബൈക്കെടുത്ത്‌ പുറത്തിറങ്ങിയപ്പൊള്‍ ഹോണ്‍ പിന്നെയും എന്റെ മുന്‍പില്‍  ചോദ്യചിഹ്നമായി. അപ്പൊള്‍ത്തന്നെ മനസ്സില്‍ ഒരു തീരുമാനമെടുത്തു. അനാവശ്യമായി ഹോണ്‍ മുഴക്കുകില്ല. ഹും ഞാന്‍ ബ്ലഡി മല്ലു അല്ലല്ലോ. ഒന്നാന്തരം തറവാടി ഗള്‍ഫുകാരന്‍ അല്ലേ!!!


വളവുകളില്‍, ജംഗ്ഷണുകളില്‍, തിരക്കേറിയ വീഥികളില്‍ നിശ്സ്ബ്ദനായി ഞാന്‍ കടന്നു പോയി. ഞാന്‍ കാരണം അകന്നു പൊയ ശബ്ദമലിനീകരണത്തെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ കൃതാര്‍ഥനായി.

ഒരു കാര്യം കൂടി മനസ്സിലായി.
നമ്മള്‍ ട്രാഫിക്‌ നിയമങ്ങള്‍ പാലിച്ചാല്‍ ഹോണിന്റെ ഉപയൊഗം വല്ലാതെ കുറക്കാം.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. ഒരു ദിവസം മനസ്സില്‍ ബൈഹാര്‍ട്ടായ ട്രാഫിക്‌ നിയമസംഹിതകള്‍ പാലിച്ചു കൊണ്ടു ഇരുചക്ര ശകടം തെളിച്ചു വട്ടംകുളം കവല ലഷ്യമാക്കി യാത്ര തുടങ്ങിയതായിരുന്നു.  ഒരു ജങ്ങ്ഷനില്‍ സാവധാനം എത്തി.


മനസിനകത്തെ പൗരന്‍ പറഞ്ഞു. "സ്പ്പീഡ്‌ ലിമിറ്റ്‌ 40 കി മി".

വണ്ടി എനിക്കായി ഗതാഗതവകുപ്പ്‌ അനുവദിച്ചു തന്ന വശത്തു കൂടി മുന്നോട്ടെടുക്കുമ്പോള്‍  ഒരു കേതു ബജാജ്‌ പള്‍സറിന്റെ രൂപത്തില്‍ റോംഗ്‌ സൈഡില്‍ . ഇടയില്‍ ഒരു വഴിയാത്രക്കാരന്‍ കാരണവര്‍. ബൈക്കിനെ ഭയന്നു ആശാന്‍ ചാടിയതു എന്റെ മുന്നില്‍. ഞാന്‍ യഥവിഥി ഘര്‍ഷണബലം ഉപയൊഗിച്ചു ശകടവും കാരണവരുടെ ജീവനും നിയന്ത്രവിധേയമാക്കി.

വാഹനം സൈഡാക്കി കാരണവരുടെ അടുക്കല്‍ ഓടിയെത്തുമ്പോള്‍   മനസ്സിലെ പൗരന്‍ ഉടന്‍ അടുത്ത കമന്റു പാസാക്കി.

"അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നതും ഒരു പൗരധര്‍മ്മമാണ്‌".

ബജാജ്‌ കേതു വണ്ടിയില്‍ നിന്നിറങ്ങിയിട്ടില്ല. കാരണവര്‍ ഒന്നു ഭയന്നതുകൊണ്ടു നിലത്തു വീണതാണ്. കാര്യ മായൊന്നും പറ്റിയിട്ടില്ല. "വല്ലതും പറ്റിയൊ അമ്മാവാ?"

"ഫ, മേത്തു വണ്ടി കയറ്റിയിട്ടു സുഖവിവരം അന്വെഷിക്കുന്നോ?" കാരണവര്‍ ചൂടായി.


" ഞാന്‍ റൈറ്റ്‌ സൈഡില്‍ത്തന്നെയായിരുന്നു. ആ പയ്യനാണു റോംഗ്‌ സൈഡില്‍" എന്റെ സെല്‍ഫ്‌ ഡിഫെന്‍സ്.

"ഞാന്‍ ഹോണടിച്ചിരുന്നു. അതു കൊണ്ട്‌ അമ്മവനു ഞാന്‍ വരുന്നത്‌ വളരെ എളുപ്പം കാണാന്‍ പറ്റി. അയാളാണു മിണ്ടാതെ വന്നു അമ്മാവനെ  വീഴ്ത്തിയത്‌." കേതു  കളി തുടങ്ങി.

"ഹോണിന്റെ കാര്യമൊന്നും നീ പറയണ്ട. ഒന്നാമതു ഓവര്‍ സ്പീഡ്‌, പിന്നെ റോംഗ്‌ സൈഡ്‌. " ഞാന്‍ അഗ്രസീവ് ആവാന്‍ ശ്രമം നടത്തി.

"നീ ഹോണ്‍ അടിച്ചിരുന്നോ ഇല്ലയോ? അതു പറ." പയ്യന്‍ ഹൊണില്‍ കയറി പിടിച്ചു.


എന്നിലെ ഹരിശ്ചന്ദ്രന്‍ ഉണര്‍ന്നു. വിനയപൂര്‍വം ഞാന്‍ പറഞ്ഞു." ഇല്ല."
ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ എന്നിലെക്കു തിരിഞ്ഞു. "പ്രതി ഇവന്‍ തന്നെ"


എന്തിലും  കയറി തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ജനകീയ കോടതി കുറ്റം എന്റെ തലയിലേക്കാണു ട്രാന്‍സ്ഫര്‍ ചെയ്യുന്നത്‌. സംഗതി വഷളാവുന്നതു കണ്ടപ്പോള്‍ ഞാന്‍ ചുറ്റും സപ്പോര്‍ട്ടിനായി നോക്കി
പരിഷ്കൃത രാജ്യങ്ങളില്‍ ശബ്ദമലിനീകരണം ഒരു കുറ്റകൃത്യമാണെങ്കില്‍ ഇവിടെ അത്‌ നിയമപാലനമാര്‍ഗ്ഗമാവുന്നു.


"അതു നമ്മുടെ പരിചയത്തിലുള്ള പയ്യനാ, കുഴപ്പക്കാരനല്ല. വിട്ടുകള. അപ്പൂപ്പനു അപകടമൊന്നും പറ്റിയില്ലല്ലൊ?"
എന്റെ അഛനെ പരിചയമുള്ള ഒരു ഛൊട്ടാ നേതാവ്‌ ഇടപെട്ട്‌ പ്രശ്നം ഒത്തു തീര്‍ന്നു. വീട്ടിലെക്ക്‌ പോകുമ്പോഴേക്കു നേതാവിനു രൂപ ഇരുന്നൂറു പോക്കറ്റില്‍.

തിരിചു വീട്ടിലെക്കുള്ള അഞ്ചു കിലോമീറ്ററില്‍ ഓരൊ സെക്കന്റിലും  ഹോണ്‍ മുഴക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വാല്‍ കഷണം.
നാട്ടിലെത്തിയതിനു ശേഷം ഒരു സുഹൃത്ത്‌   ചോദിച്ചു. ഗള്‍ഫും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ`?
ഞാന്‍ പറഞ്ഞു." അവിടെയുള്ളതു നിയമം അനുസരിക്കുന്ന മലയാളിയും ഇവിടെയുള്ളതു നിയമം അനുസരിക്കത്ത മലയാളിയും"

Sunday, June 28, 2009

പ്രിയപ്പെട്ട ലോഹി


എവിടെയാണ് നിങ്ങള്‍ക്ക്  ഞങ്ങള്‍ സ്മാരകം പണിയേണ്ടത്‌ ...?

മഷി ഉണങ്ങാത്ത ആ പേന ഇനി പറയാന്‍ ബാകി  വച്ച കഥകള്‍ക്കിടയിലോ ? അതോ പറഞ്ഞു പോയോഴിഞ്ഞ ആയിരം നന്മകളുടെ നുറുങ്ങു കൊട്ടാരം കൊണ്ടോ?

ഇതു മലയാളിയുടെ മാത്രം നഷ്ടമല്ല മറിച്ച് മാനവികതയുടെ നഷ്ടമാണ്.

കടപ്പുറത്തെ പൂഴിമണലിനെ നെഞ്ചോടു ചേര്ത്തു പിടിച്ചു വിതുമ്പുന്ന അച്ചൂട്ടിയെ പോലെ , ഞങ്ങളും വിതുംബട്ടെ.


വാക്കുകളുടെ ഇന്ദ്രജാലമല്ല , ചടുലതയാര്‍ന്ന സംഭാഷണവുമല്ല മറിച്ചു ജീവിതം നിറഞ്ഞു തുളുമ്പുന്ന നന്മയുള്ള ഒരു കൂട്ടം മനുഷ്യരുടെ യാത്രകളാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വച്ചത്.

കഥയില്ലയ്മകളുടെ കെട്ട്കാഴ്ച്ച്ചകള്‍ക്കിടയില്‍ നട്ടം തിരയുന്ന നമ്മുടെ സിനിമയ്ക്കു കഥ പറച്ചിലിന്റെ പുത്തന്‍ അനുഭവം നല്കിയ മാന്ത്രികാ ,

നിങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.. !


Saturday, April 25, 2009

April

മരുഭൂമിയിലെ ഏപ്രില്‍ സവിശേഷമായ മാസമാണ്. നാം നാട്ടില്‍ പറയാറുള്ളതുപോലെ സൂര്യന്‍ ഉത്തരയനത്തില്‍ നിന്നു ദാഷിനായനതിലെക്കുള്ള യാത്ര തുടങ്ങുന്നത് ഏപ്രിലില്‍ ആണല്ലോ! ഇവിടെ അത് മറ്റൊരു തരത്തിലാണ് . മരം കോച്ചുന്ന മഞ്ഞില്‍ നിന്നു വാടിക്കൊഴിക്കുന്ന ഉഷ്നതിലേക്ക് ഹ്രിതു നടത്തുന്ന യാത്ര തുടങ്ങുന്നത് ഏപ്രിലില്‍ ആണ് .


എന്താണ് മഴക്ക്ഈ മരുഭുമിയില്‍ പറയാനുള്ള കഥകള്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . മഴ ഇവിടെ ഒരു അപൂര്‍്വ്വമായെത്തുന്ന ഒരു വിരുന്നുകാരിയാണ്. ഈ വിരുന്നുകാരിയെ ആവെസത്തോടെ സ്വീകരിക്കുന്നത്‌ പ്രവാസികള്‍ മാത്രമാണെന്ന് പറയാം. കാരണം മഴ അവര്ക്കു ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് . ഇവിടുത്തുകാര്‍ക്ക് മഴ ഒരു ശകുനം മുടക്കിയാണ് .

പിന്നെ മഴയെ ആസ്വദിക്കാന്‍ മലയാളികള്‍ വരെ മിനക്കിടാറില്ല . കാരണം മഴ ഇവിടെ സന്തോസ്ത്തെക്കാള്‍ കൂടുതാല്‍ അപകടങ്ങളാണ് ഉണ്ടാക്കാറ്. വെള്ളക്കെട്ട്, വാഹനാപകടങ്ങള്‍ , ഒന്നും പോരാഞ്ഞു അസുഖങ്ങള്‍ , കൂടെ എത്തുന്ന പൊടിക്കാറ്റും .

എന്നാലും ഒരു മഴ കാണുമ്പോള്‍ വയിലോപ്പിള്ളി പറഞ്ഞതു പോലെ (ഒറ്റ തെങ്ങ് കാനുന്നിടതെല്ലാം ഓര്ത്തു ഞാന്‍ എന്‍ പ്രിയ നാടിനെ ) ഒര്മയിലെവിട്ടെയോ ചില മഴച്ചിത്രങ്ങള്‍ നിറയുന്നു. ആ മഴച്ചിത്രങ്ങള്‍ കാണാന്‍ ഒരിക്കല്‍ കൂടി ആ നാട്ടിലെത്താന്‍ മനസ്സു വെമ്പല്‍ കൊള്ളുന്നു





Saturday, March 14, 2009

ആടുകളിലേക്കുള്ള ദൂരം




പരിഷ്കൃത ജീവിതത്തില്‍ നിന്നു വളരെ പ്രാകൃതമായൊരു ജീവിതത്തിലേക്കുള്ള ദൂരം എത്രയാണ്‌? ബെന്യാമിന്റെ ആടുജീവിതം വയിക്കുന്ന ആര്‍ക്കും നിസ്സംശയം പറയാം " അതു അത്ര അകലെയല്ല!"
ഒരു പ്രവസി രചന എന്നതിലപ്പുറം പ്രവാസികളെക്കുറിച്ചുള്ള വളെറെ ഗൗരവമുള്ള ഒരു അനുഭവം അതിതീക്ഷണമായ ഭാഷയില്‍ പറഞ്ഞു പോകുന്ന നോവലാണു ആടുജീവിതം.രണ്ടു മനുഷ്യരുടെ പ്രവാസജീവിത്തിലെ ദുരിതകാണ്ഡത്തിന്റെ സത്യസന്ധമായ ആവിഷ്കാരം.
ഒരൂ ശരശരി മലയാളിയുടെ കുഞ്ഞുസ്വപനങ്ങളുമായി സൗദി അറേബ്യയിലെ മസറയില്‍(ആടുകളെ പാര്‍പ്പിക്കുന്ന സ്ഥലം) തൊഴിലാളികളാവേണ്ടി വന്ന നജീബിന്റെയും ഹക്കീമിന്റെയും ജീവിതരേഖയാണു ആടുജീവിതം.
വൃത്തിഹീനമായ തൊഴില്‍ സാഹചര്യങ്ങളും സ്പോണ്‍സറില്‍ നിന്നുള്ള പ്രാകൃതമായ പെറുമാറ്റവും അതിഭീകരമായ ഒരു മാനസികാവസ്ഥയിലെക്കു ഇവരെ നയിക്കുന്നു.വ്യക്തി ബോധവും സമയ ബോധവും നഷ്ടപ്പെട്ട മൂന്നു വര്‍ഷങ്ങള്‍.. അതിനൊടുവില്‍ ജീവന്‍ പണയം വച്ചുള്ള ഒരു ഒളിചോട്ടം
ആ ഓട്ടത്തിനിടെ ഹക്കീമിനു തന്റെ ജീവിതം തന്നെ ബലി കൊടുക്കേണ്ടി വരുന്നു. വരണ്ട ഭൂമി അതിലെ നിവസികളുടെ മനസ്സിനെ എത്ര മാത്രം ഊഷരമാക്കുന്നുവെന്ന യഥര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

വയനയിലുടനീളം ഒരു ബഷീര്‍ ശൈലി തോന്നിയെക്കവുന്ന ആഖ്യാനവും അതിനിടെക്കിടെ എത്തി നോക്കി പോകുന്ന വെളുത്ത നര്‍മ്മവും എല്ലാം നമ്മെ സ്പര്‍ശിക്കര്‍തിരിക്കില്ല.

മണല്‍,ആട്‌,ജലം എന്നീ ബിംബങ്ങളിലൂടെ കഥപത്രത്തിന്റെ ദയനീയവസ്ഥ വ്യ്ക്തമായി സംവേദനം ചെയ്യാന്‍ കഥകരനു കഴിഞ്ഞു. മണല്‍ വാരല്‍ തൊഴിലാളിയായ കേന്ദ്രകഥാപാത്രം ഒരു മണല്‍ കാട്ടില്‍ അകപ്പെടുന്നതും കുട്ടിക്കാലത്തു ആട്ടിടയനാവാന്‍ ആഗ്രഹിച്ച അയാള്‍ പിന്നീടുാടുകള്‍ക്കൊപ്പം തന്റെ ജീവിത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ മൂന്നു വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടുന്നതും മുന്‍പ്‌ നാട്ടില്‍ മുഴുവന്‍ സമയവും വെള്ളത്തില്‍ കഴിച്ചു കൂട്ടിയിരുന്നയാള്‍ക്കു പ്രഥമികാവശ്യങ്ങള്‍ക്കു പോലും ജലം നിഷേധിക്കപ്പെടുന്ന പോലുള്ള അവസ്ഥകള്‍ നജീബെന്ന കഥാപാതത്തിന്റെ ദുരന്തം അനുവാചകനില്‍ എത്തിക്കുന്നു.

ജലം ഒരു സംസ്ക്കരത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്ന ഒരു ചിന്ത നമ്മില്‍ ഉണര്‍ത്തുന്ന ചില മുഹൂര്‍ത്തങ്ങളും ഈ പുസ്തകത്തിലുണ്ട്‌.ആര്‍ദ്രമായൊരുമനസ്സാണു ജലം മനുഷ്യനു നല്‍കിയ ഏറ്റവും വലിയ നന്മ.അതിന്റെ അഭാവം അവനെ മൃഗതുല്യനാക്കുന്നു. അതു തന്നെയാണു നജീബിന്റെ അര്‍ബാബ്‌ അതിക്രൂരമായ ഒരു മനസ്സുള്ളവനായി മറാനുള്ള ഒരു കാരണമായി നമുക്കു മുന്നിലുള്ളത്‌.അതുകൊണ്ടു തന്നെ മഴ അയാള്‍ക്കു അസ്വ്സ്ത്ഥതയാണ.


ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രമാണാ നജിബിന്റെ ദുരിതപൂര്‍ണമായ മസറ ജീവിത്തിനു അന്ത്യം കുറിക്കുന്ന ഒളിച്ചോട്ടത്തിനു സഹായമാവുന്നതു. ആ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ അല്‍പ്പ്ം അതി ഭാവുകത്വ്ം കലര്‍ന്നു പോയത്‌ അവിശ്വസനീയതയുടെ അംശ്ം വായനക്കരനില്‍ ജനിപ്പിച്ചേക്കാം.മാത്രമല്ല നോവലിലുടനീളം ദൈവ സാന്നിധ്യം ഈ അവിശ്വസനീയതയെ ഒന്നു കൂടീ ബലപ്പെടുത്തനേ ഉപകരിക്കൂ. റിയലിസ്റ്റിക്‌ സംകേതത്ത്തില്‍ കഥ പറയുംബോള്‍ ഇത്തരം കടും നിറങ്ങള്‍ രചനക്കു ഒരു ഭാരമാവുകയാണു ചെയ്യുക.

പൊതുവെ വലിയ ദാര്‍ശനികമായ തലങ്ങളിലേക്ക്‌ ഈ നോവല്‍ സഞ്ചരിക്കുന്നില്ലെങ്കിലും ജീവിത്തിലെ ഒരു വലിയ ചിന്ത അനാവരണം ചെയ്യുന്നു . കേന്ദ്ര കഥാപാത്രമായ നജീബ്‌ ഒരിക്കല്‍ പറയുന്നു തന്റെ ജീവിതം ഇപ്പോള്‍ സുഖകരമാണ്‌ കാരണം തനിക്കിപ്പോള്‍ ആഗ്രഹങ്ങള്‍ ഒന്നുമില്ല അതു കൊണ്ടു തന്നെ ജീവിതം അയാള്‍ക്കു ഒരു ദിനചര്യക്കപ്പുറം മറ്റൊന്നുമല്ല. ഉപരിപ്ല്വങ്ങളായ ഭൗതിക പ്രലോഭനങ്ങളാണു ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മെ അപകടത്തിലേക്ക്‌ നയിക്കുന്നത്‌ എന്ന സന്ദേശം ധ്വനിക്കുന്ന ജീവിതസ്ന്ദര്‍ഭങ്ങളും നമുക്കു ചൂണ്ടിക്കാണിക്കാം.


ഗള്‍ഫിലിരുന്നു തനിക്കു നാട്ടില്‍ നഷ്ടപ്പെട്ട നിമിഷങ്ങളേയും അവിടുത്തെ ഗൃഹതുരതയേയും കുറിചു ആവലാതിപ്പെടുന്ന സ്ഥിരം പ്രവാസി രചനകളില്‍ നിന്നും തികചും വ്യ്ഥസഥമായ രചനയാണു ആടുജീവിതം.താന്‍ സഞ്ച്രിരിക്കുന്ന കാലത്തിന്റെയും നില്‍ക്കുന്ന ഭൂമികയോടും സംവദിക്കുന്നവനായിരിക്കണം ഒരു കലാകാരന്‍ എന്ന വാക്കുകളെ അന്വര്‍ഥമാക്കുന്നു ബെന്യമിന്‍ ആടുജീവിത്തിലൂടെ. ഈ രചന വായിക്കുന്ന ഏതൊരു പ്രവാസിയും ഇങ്ങനെ പറഞ്ഞേക്കാം.

"സമാന ഹൃദയാ എനിക്കായ്‌ പാടുന്നു നീ"