Thursday, March 18, 2010

ഒരു ചട്ടിയും ചില പാഠങ്ങളും

കഴിഞ്ഞ ഓണക്കാലത്തെ ഒരു സുപ്രഭാതം . സുപ്രഭാതം എന്നതു ചുമ്മാ പറഞ്ഞതാ.നാട്ടില്‍ വെക്കേഷനു വന്നതു മുതല്‍ ഞാന്‍ റിയല്‍ സുപ്രഭാതം കണ്ടിട്ടില്ല. സമയം ഒന്‍പതുമണിയോടടുക്കുന്നു . ഒരു സുലൈമാനിയുമായി വീരഭൂമിയുടെ താളുകളില്‍ പരതികൊണ്ടിരിക്കുകയായിരുന്നു. പിണറായിയും വീരനും നേര്‍ക്കു നേര്‍ ആയിരുന്നതു കൊണ്ടു വീരഭൂമിയില്‍ എന്നും ചില കുഞ്ഞു വെടിയൊച്ചകള്‍ ഉണ്ടായിരുന്നു. ദിവസം ഉഷാറയിത്തന്നെ തുടങ്ങാം എന്നു കരുതിയിരിക്കുമ്പൊഴാണ്‌ ആ ശബ്ദം ചെവിയില്‍ എത്തുന്നതു. " ചട്ടി വേണോ, ചട്ടി ".

മുഖത്തു ഒരു ചോദ്യചിഹ്നം പ്രത്യക്ഷപ്പെട്ടപ്പോഴേക്കും ഒരു ചെറുപ്പക്കാരി വലിയൊരു കുട്ട നിറയെ മണ്‍കലങ്ങളുമായി വീടിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞു. "ഇവിടെ ചട്ടി വേണോ?" .എന്റെ ജനറല്‍ നോളേജിനു നേരെ ഒരു വെല്ലുവിളിയായി ആ ചോദ്യം?
"ചട്ടി...ചട്ടി" അപ്പോഴാണു മറ്റൊരു സംഭവം കൊള്ളിയാന്‍ പോലെ മനസ്സില്‍ എത്തിയത്‌.
രണ്ടു ദിവസം മുന്‍പായിരുന്നു അത്‌. ഒരു ഗള്‍ഫുകാരന്റെ ഗമയോടെ നാടു ചുറ്റി തിരിച്ചു വീട്ടിലെത്താറായപ്പോളാണ്‌ വീട്ടിലേക്കുള്ള വഴിയില്‍ മറ്റൊരു പെണ്‍കുട്ടി. ലവളുടെ ഐറ്റം ഡിഷ്‌ വാഷ്‌ പൗഡര്‍. അഞ്ചു കിലോ വെറും നൂറു രൂപ. ഞാന്‍ ആ കുട്ടിയൊടു ചോദിച്ചു "ഓണ്‍ലി വണ്‍ ദിനാര്‍." വളരെ ചീപ്പാണല്ലൊ. മൂന്നാം ലോകരാജ്യങ്ങളില്‍ ഇപ്പോഴും നിത്യോപയോഗസാധനങ്ങളുടെ വില വളരെ കുറവാണല്ലേ. പക്ഷെ ഇനി ക്വളിറ്റി ചെക്ക്‌ ചെയ്യണം. നേരെ പാകറ്റ്‌ എടുത്തു നോക്കി. അത്ര പേരു കേട്ട ബ്രാന്‍ഡല്ല. എന്നാലും ഐ.എസ്‌.ഐ,ഐ.എസ്‌.ഒ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള കമ്പനിയാ. (ചാത്തുണ്ണി ഇസ്‌ എലിഫന്റ്‌ ബി. എ എന്ന സര്‍ട്ടിഫിക്കറ്റിന്റെ കഥ ഞാന്‍ സൗകര്യപുര്‍വം മറന്നു)
എന്‍തായാലും ഇനി മൂന്നു നാലു മാസം ഈ പൗഡര്‍ ഞങ്ങളുടെ അടുക്കളയിലെ പാത്രങ്ങളെ വെട്ടി തിളക്കട്ടേ. അതോടൊപ്പം ഒരു പാവം തൊഴില്‍ രഹിതക്കു ഒരു തൊഴിലും. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ എന്റെ സംഭാവന. ഞാന്‍ കോരിത്തരിച്ചു ആ വലിയ പാക്കറ്റും ചുമന്നു നേരെ അമ്മയുടെ അടുത്തേക്ക്‌." അമ്മേ, ഇന്നു മുതല്‍ ഒരു പുതിയ അടുക്കളക്കായി പരിശ്രമിക്കൂ" ഇതു പറഞ്ഞു പാക്കറ്റ്‌ നല്‍കിയതും ഞാന്‍ ഞെട്ടി. ഞങ്ങളുടെ അടുക്കളയുടെ ഒരു മൂലക്കു ആരും നോക്കാതെ ഒരു അനാഥ പ്രേതം പോലെ മറ്റൊരു അഞ്ചു കിലോ പൗഡര്‍ വിശ്രമിക്കുന്നു. " ആ പെണ്ണു നിന്നെയും പറ്റിച്ചോ? അതു ഒരു വകക്കു കൊള്ളില്ല. എന്റെ കൈയ്യു പൊള്ളി . ഇനി അതു കളയാന്‍ വേണ്ടി വെച്ചതാ...!
"പെണ്ണോ ഏതു പെണ്ണ്‍?. ഇതു എന്‍റ്റെ ഒരു പരിചയക്കാരന്‍ വെറുതെ തന്നതാ" ഞാന്‍ അഭിമാന സംരക്ഷണീ മന്‍ത്രം ചൊല്ലിഅമ്മക്കു വിശ്വാസം വരുന്നില്ല. എന്നെ പത്തിരുപത്തഞ്ചു വര്‍ഷമായി കാണുന്നതല്ലേ. ഞാന്‍ എക്‍സ്‌പ്ലെയിന്‍ ചെയ്തു. "എന്റെ കൂടെ പഠിച്ച ദാസപ്പന്‍ പി.യു. എന്ന സുഹ്രുത്ത്‌ ഒരു കട തുടങ്ങി. അവന്‍ തന്നതാ"

അവസാനം അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു " നല്ല കൂട്ടുകാരന്‍!"
എന്റ്‌ യൂസറുടെ അപ്രൂവല്‍ ഇല്ലതെ ഓരോന്നു വാങ്ങിയാല്‍ ഇതാവും ഗതി എന്ന പാഠം അന്നു പഠിച്ചതിനാല്‍ ചട്ടിയുടെ കാര്യം വന്നപ്പോല്‍ ഞാന്‍ നേരെ അമ്മയെ ശരണം പ്രാപിച്ചു.

കലവുമായി വന്ന ആ സ്ത്രീയെ ഞാന്‍ ഒന്നു പഠിക്കാന്‍ ശ്രമിക്കുകയയിരുന്നു.(തെറ്റിദ്ധിക്കരുതേ. ചുമ്മാ ഒരു രസത്തിന്‌) മുപ്പതില്‍ താഴെ പ്രായം. ഞങ്ങളുടെ നാട്ടില്‍ മണ്‍പാത്രനിര്‍മ്മണം നടത്തുന്നതു കുമ്പാരന്മാര്‍ എന്ന സമുദായമാണ്‌.അതിലെ പെണ്ണുങ്ങളെ കുമ്പാരത്തി എന്നാണു വിളിക്കാറ്‌. എന്റെ പഞ്ചായത്തില്‍ ഒരു കുംബാരകോളനിയും ഉണ്ട്‌.അങ്ങനെയുള്ള ഒരു കുംബാരത്തിയാണു ഇപ്പോല്‍ എന്റെ മുന്‍പില്‍ .
അമ്മ വന്ന ഉടനെ പറഞ്ഞു. " ഇവിടെ ഇപ്പോള്‍ ചട്ടി വേണ്ട. ആറു മാസം മുന്‍പ്‌ ഒന്നു വാങ്ങിയതേ ഉള്ളൂ."

ഈ രംഗം കണ്ടതും എന്റെ മനസ്സിലെ സേയില്‍സ്‌ എന്‍ജിനിയര്‍ ഉണര്‍ന്നു . (ബഹറിനില്‍ ഇതു പോലെ ഇന്‍ഡസ്റ്റ്രിയല്‍ സോലൂഷന്‍സ്‌ ഒരു ലാപ്‌ടോപ്പിലേറ്റി വില്‍ക്കുകയാണ്‌ നമ്മുടെ ജോലികളില്‍ ഒന്ന്. ഞാന്‍ സിറ്റുവേഷന്‍ ഒന്നു അനലൈസ്‌ ചെയ്തു. യൂസര്‍ക്ക്‌ യാതൊരു റിക്വയര്‍മെന്റും ഇല്ല. ചട്ടി ഒരു കണ്‍സ്യൂമബള്‍ ആയി കണക്കാക്കവുന്ന ഒന്നല്ല.(വീട്ടില്‍ മീന്‍കറി വെക്കാന്‍ മാത്രമേ ചട്ടി ഉപയോഗിക്കൂ. അതു ഒരു വലിയ മീന്‍ ഫാനായ(ലാല്‍ ഫാന്‍ എന്നൊക്കെ പറയുന്ന പോലെ) അച്‌ഛനു നിര്‍ബന്ധമാണ്‌.അതില്ലെങ്കില്‍ അമ്മക്കു ആജീവനാന്ദവിലക്ക്‌ ഉറപ്പാ.)

ഒരു വീട്ടില്‍ വര്‍ഷം ഒരു ചട്ടി വാങ്ങിയാലായി. ഇനി വല്ല പൂച്ചയൊ മറ്റോ കനിന്‍ഞ്ഞാല്‍ രണ്ട്‌.ഇവിടെ പ്രൊബബിലിറ്റി ഓഫ്‌ സയില്‍സ്‌ പൂജ്യം . പാവം കുട്ടി. നിനക്ക്‌ വല്ല പച്ചക്കറിയുംവിറ്റു കൂടെ.ഇന്നെന്റെ വീട്ടില്‍ ചട്ടി വില്‍ക്കാക എന്നതു ഇമ്പൊസ്സിബിള്‍.

പക്ഷെ, അവള്‍ക്ക്‌ പോകാന്‍ യാതൊരു ഉദേശ്യവും ഉണ്ടായിരുന്നില്ല." അമ്മേ, ഇതു പുതിയ മണ്ണില്‍ ഞങ്ങള്‍ ഉണ്ടാക്കിയത. വടക്കാഞ്ചേരിയിലെ മണ്ണാ. (പ്രൊഡക്റ്റ്‌ ക്വളിറ്റി വിശദീകരിക്കല്‍. ഇതു നമ്മള്‍ കുറേ കണ്ടതാ.) അമ്മേ, ഇതു വേണമെങ്കില്‍ പുറത്തേക്കു കൊടുത്തയക്കാം . താഴത്തെ വളപ്പിലെ രമണിചേച്ചി രണ്ട്‌ എണ്ണം വാങ്ങി. ഭര്‍ത്താവിനു ദുബായിലെക്കു കൊടുത്തയക്കാണാത്രെ. അമ്മയുടെ ആരെങ്കിലും ദുബായില്‍ ഉണ്ടെങ്കില്‍.." എന്നിട്ട്‌ അവള്‍ എന്നെ നോക്കി)

"എടീ ഭയങ്കരി മിഡില്‍ ഈസ്റ്റ്‌ സെയില്‍സ്‌ ആണ്‌ ലക്ഷ്യം . അവള്‍ എങ്ങെനെ മനസ്സിലക്കി ഞാന്‍ ഒരു ഗള്‍ഫനാണെന്ന്?"

അമ്മ ചോദിച്ചു" നിനക്കു വേണോ?" ഞാന്‍ മനസ്സില്‍ പറഞ്ഞു "പിന്നെ, ഷേയിക്‌ അബ്ദുള്ള ചട്ടിയിലല്ലെ ഫുഡ്‌ അടിക്കുന്നത്‌" " ഞങ്ങള്‍ യൂറോപ്യന്‍ പ്രൊഡക്റ്റേ ഉപയോഗിക്കൂ." (മാഫി ഹിന്ദി(*)).

"ഇനി അവള്‍ എന്‍തു ചെയ്യും. കട്ടേം പടോം മടങ്ങി അല്ലെ." ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.

ഇപ്പോള്‍ ബന്ധുവീടുകളിലേക്കു വരെ ഇപ്പോള്‍ ആളുകള്‍ ചട്ടി കൊടുത്തയക്കറുണ്ട്‌".അവള്‍ പുതിയ നമ്പറിട്ടു." കുറ്റിപ്പുറം, പൊന്നാനി, ചങ്ങരംകുളം എന്‍തിന്‌ ഇന്നാള്‌ കൊഴിക്കോട്ടെക്ക്‌ ഇവിടുന്നാ ചട്ടി കൊണ്ടു പോയത്‌.( പിന്നെ കോഴിക്കൊട്‌ സാമൂതിരി ഈ ചട്ടിയിലല്ലെ വാസ്കോഡഗാമക്ക്‌ കുരുമുളകു കൊടുത്തത്‌.) അവിടെയൊന്നും ഇപ്പോള്‍ നല്ല ചട്ടി കിട്ടുന്നില്ലത്രേ"

പക്ഷെ, ഇപ്പോള്‍ ഞെട്ടിയതു ഞാനാ. അമ്മ ഒന്നു ആലോചിച്ച്‌ നേരെ ഫോണെടുത്തു കറക്കി, ചേച്ചിയുടെ വീട്ടിലേക്ക്‌ ഒരു ലോക്കല്‍ കോള്‍(ചേച്ചിയുടെ ഹസിന്റെ വീട്‌ കുറ്റിപ്പുറത്താണ്‌) അപ്പുറത്തുനിന്നും അപ്രൂവല്‍ വന്നതു പോലെ തോന്നി(ബയങ്കരി, നീയാണ്‌ യഥാര്‍ഥ്‌ സേല്‍സ്‌ ഗേള്‍) .

അമ്മ ആദ്യം ഒരു ചട്ടി എടുത്തു നോക്കി. അവളുടെ കുട്ടയില്‍ നിന്ന് ഒരേ വലിപ്പത്തിലുള്ള മൂന്നു ചട്ടികള്‍ തിരഞ്ഞെടുത്തു. എന്നിട്ട്‌ ചിന്‍താമഗനയായിരുന്നു. "ഇതിലെന്‍തിത്ര ആലോചിക്കാന്‍? എതെങ്കിലും ഒന്നു എടുത്താല്‍ പോരെ."

അവള്‍ ഓരോ ചട്ടിയും എടുത്തു പിറകില്‍ ഒന്നു കൊട്ടി നോക്കി. എന്നിട്ട്‌ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ പോലെ ഒന്നെടുത്തു അവള്‍ മാറ്റി വച്ചു. "ഇത്‌ ഞാന്‍ അമ്മക്ക്‌ തരില്ല. അത്‌ ശരിക്കും ചൂളയില്‍ വേണ്ടപോലെ ഇരുന്നിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞാന്‍ ചിലപ്പോള്‍ അമ്മ എന്നെ ചീത്ത പറയും( അവളുടെ ഒരു ക്യു.സി ഇന്‍സ്പെക്ഷന്‍) . ആ ശബ്ദം കേട്ടില്ലെ." എന്നു പറഞ്ഞ്‌ ആ ചട്ടിയും മറ്റു രണ്ടു ചട്ടിയും കൂടെ അമ്മക്കു നല്‍കി(** കസ്റ്റമര്‍ ഫ്രീ ട്രയല്‍) . അമ്മ മൂന്നും കൊട്ടി നോക്കി സമ്മതിച്ചു. എന്നിട്ട്‌ എന്റെ നേര്‍ക്കു നീട്ടി.

ഞാന്‍ ഒരു ചോദ്യഭാവത്തില്‍ അമ്മേയെ നോക്കി( മാതാശ്രീ, ഞാന്‍ പഠിച്ചതു ഇന്‍സ്റ്റ്രുമേന്റേഷന്‍ എഞ്ജിനിയറിംഗ്‌ ആണ്‌. ചട്ടി എഞ്ജിനിയറിംഗ്‌ അല്ല) . അമ്മക്കു മെസ്സേജ്‌ കിട്ടിയതു പോലെ തോന്നി. മിണ്ടാതെ കൊട്ടി നോക്കാടാ എന്ന ഭാവത്തില്‍ അമ്മയുടെ നോട്ടം.

ഞാന്‍ മൂന്നു കൊട്ടു കൊട്ടി സൗണ്ട്‌ ആസ്വദിച്ചു . മൂന്നും ശബ്ദവും ഒരു പോലെ(കാട്ടു കോഴിക്കെന്‍ത്‌ സംക്രന്‍തി?) . പെരുന്‍തചനില്‍ തിലകനും രാജശില്‍പിയില്‍ ലാലും കല്ലില്‍ കൊട്ടി സംഗീതം കേള്‍ക്കുന്നുണ്ടൊ എന്ന് ചോദിച്ചിട്ടുണ്ട്‌. അന്നു പോലും എനിക്കൊരു കുന്‍തവും തൊന്നിയിട്ടില്ല . പിന്നല്ലെ ഇന്ന്‌.

ഞാന്‍ ചട്ടി റിട്ടേണ്‍ ചെയ്തു.അമ്മ ഒന്നു സിലക്ട്‌ ചെയ്തു. ഇനിയാണ്‌ പ്രധാന ഭാഗം. നെഗൊസിയേഷന്‍. "ഇതിനെന്‍താ വില?" . അമ്മയുടെ ചോദ്യം. " അമ്മേ ഇതു പുറത്തു കടയില്‍ പോയിവാങ്ങിച്ചാല്‍ 150 രൂപയാവും. (ഒന്നിചില്വനം ദിനാര്‍? വെരി എക്‍സ്‌പെന്‍സിവ്‌) പിന്നെ അമ്മക്കായതുകൊണ്ട്‌ ഞാന്‍ 80 രൂപക്കു തരാം"(അതൊരു അട്രാക്ടീവ്‌ ഓഫറാ).

ഞാന്‍ അമ്മയെ നോക്കി."ഒരു ചട്ടിക്ക്‌ 80 രൂപയോ? ഞാന്‍ ആറു മാസം മുന്‍പ്‌ 40 രൂപക്കു വാങ്ങിയതാ ഒന്ന്‌".

"അമ്മെ എല്ലാ ചട്ടികളും ഒന്നല്ല. അമ്മക്ക്‌ ഒരു പക്ഷെ നാല്‍പതു രൂപക്ക്‌ കിട്ടിക്കാണും. പക്ഷെ അതു പന്‍താവൂരെ ചീത്ത മണ്ണാ. ഏറിയാല്‍ ഒരു കൊല്ലം. ഇതു മൂന്നു നാലു കൊല്ലം നില്‍ക്കും അമ്മെ(പ്രൈസ്‌ നെഗ്ഗൊസിയേഷനു മുന്‍പ്‌ കസ്റ്റമറെ ആദ്യം പ്രൊഡക്റ്റ്‌ ക്വാളിറ്റി മനസ്സിലക്കുക) ഞാന്‍ ഇവിടെ തന്നെ ഉണ്ടല്ലോ. ഇല്ലെങ്കില്‍ അമ്മ എന്നെ വിളിച്ചോളു. ഞാന്‍ പുതിയ ചട്ടി ഫ്രീ ആയി തരും(*** ഓഫര്‍ പ്രൊപര്‍ ലോകല്‍ ആന്‍ഡ്‌ ആഫ്റ്റര്‍ സേല്‍സ്‌ സപ്പോര്‍ട്ട്‌ ആന്റ്‌ മാനുഫാക്ചറേഴ്‌സ്‌ ഗ്യാരണ്ടി)

"എന്നാലും 80 കൂടുതലാ." അമ്മ പറഞ്ഞു" ഇനി അമ്മക്കായി 60 രൂപക്കു തരാം."

"അന്‍പതിനു കൊടുക്കുമോ" അമ്മയുടെ ചോദ്യം കേട്ട്‌ അവള്‍ പറഞ്ഞു."അതു പറ്റില്ല അമ്മേ . എനിക്ക്‌ അത്രയും ചെലവുണ്ട്‌(പിന്നേ കോസ്റ്റ്‌ ഓഫ്‌ മാനു ഫാക്ചരിംഗ്‌). അരിവാങ്ങാന്‍ പത്തുറുപ്പികയെങ്കിലും വേണ്ടെ. കെട്ടിയോന്‍ കള്ളും കുടിച്ചു നടക്കുകയാ. ഇതില്‍ നിന്നും കിട്ടുന്നതു കൊണ്ടാ ഞാനും മൂന്നു മക്കളും ജീവിക്കുന്നതു. മൂത്തമോള്‍ ആറാം ക്ലാസിലാ പഠിക്കുന്നത്‌. അവളുടെ ഫീസെങ്കിലും ശരിക്കു കൊടുക്കണ്ടെ?"

25 വയസ്സുകാരിക്കു 11 കാരി മകളോ എന്നു ഞാന്‍ ചിന്‍തിച്ചില്ല. കാരണം കുംബാരന്മാരുടെ ഇടയില്‍ ശൈശവ വിവാഹം ഇന്നും പതിവുണ്ട്‌.
പക്ഷെ ഇപ്പോള്‍ അവള്‍ മുന്നോട്ട്‌ വച്ചത്‌ ഒരു വജ്ജ്രായുധമായിരുന്നു. അതില്‍ അമ്മ വീണു. ആരെങ്കിലും വിഷമം പറഞ്ഞാല്‍ പിന്നെ കുട്ടികളുടെ വിദ്യാഭ്യസപ്രശ്‌നം ഉന്നയിച്ചാല്‍ അമ്മ സഹായിക്കും .അതു ഒരു ശീലമാണ്‌.(ഫീമെയില്‍ ഹൂമണ്‍ സൈക്കോളജി) അമ്മ മറുത്തൊന്നും പറയാതെ എന്നെ നോക്കി. ഞാന്‍ പഴ്സ്‌ എടുത്തു . അപ്പോള്‍ മറ്റൊരു പ്രശനം . ചേഞ്ച്‌ ഇല്ല. " ഈ കാലത്ത്‌ കൈനീട്ടമാ സാറെ. 100 രൂപക്കു ചേഞ്ചിനീ ഞാന്‍ എവിടെ പോകും"

അങ്ങനെ ഒരു വിഷമ വൃത്തത്തില്‍ ഞാന്‍ 360 ഡിഗ്രീ കിടന്നു കറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു. " അമ്മേ ഈ ചെറിയ ചട്ടി കൂടെ അമ്മ എടുത്തൊളൂ.രണ്ടും കൂടി 100 രൂപ തന്നാല്‍ മതി.ഇനി ഇവിടുത്തെ ചട്ടിയെങ്ങാനും പൊട്ടിയാലോ? "

ഞാന്‍ ഒന്നും മിണ്ടാതെ നൂറുരൂപയെടുത്തു കൊടുത്തു. (വണ്‍സ്‌ യു ഹാവ്‌ ദ കസ്റ്റമര്‍ ട്രസ്റ്റ്‌, യു കാന്‍ സെല്‍ മില്ല്യണ്‍")

"അമ്മേ, ഇനി ചട്ടി ആവശ്യമുണ്ടെങ്കില്‍ പറയണം കേട്ടൊ. ഇതാ എന്റെ അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍. " (ഓ പിന്നേ, ഞാന്‍ ഇനി മാസം ചട്ടി സര്‍വീസിങ്ങിനു കൊടുത്തയക്കുകയല്ലേ. )

അവള്‍ വീട്ടിന്റെ പടി കടന്നു പോവുമ്പോള്‍ അമ്മ പറഞ്ഞു." പാവം കുട്ടി. ഈ ചെറുപ്പത്തില്‍ എന്‍തു മാത്രം പാടു പെടുന്നു"

എപിലോഗ്‌
ബോംബെയില്‍ എം ബി യെ ഇന്‍ ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റിംഗിനു പഠിക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കു ഒരു സീറ്റ്‌ ഓഫര്‍ ചെയ്തതു അന്നാണ്‌. ഞാന്‍ പറഞ്ഞു. "ഇനി എനിക്കതു വേണ്ടാ ഭായി. ഞാന്‍ ഇന്നു അതൊക്കെ പഠിച്ചു."

എപിലൊഗ്‌ 2

മില്ല്യണ്‍സിന്റെ ആസ്തിയുള്ള ഒരു കമ്പനി നാലു ദിവസം ബഹറിനിലെ ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച്‌ ഞങ്ങളെ പഠിപ്പിച്ചത്‌ തൊട്ടു മുന്‍പ്‌ നടന്ന കാര്യങ്ങളുടെ പവര്‍ പോയന്റ്‌ വേര്‍ഷനാണ്‌

എപിലോഗ്‌ 3

നീ ഇനി പഠിക്കാന്‍ പോവേണ്ടാ കുന്നംകുളം മാര്‍ക്കറ്റില്‍ പോയാല്‍ മതി എന്നു നാട്ടിലെ കാരണവന്മാര്‍ പറയുന്നതിനു പിന്നിലെ രഹസ്യം ഇതൊക്കെത്തന്നെ.



മാഫി ഹിന്ദി= (ഇത്തിരി അറബി പ്രയോഗിച്ചതാ. അര്‍തം പടച്ച തമ്പുരാനറിയാം( ഇന്‍ത്യക്കാരന്‍ വേണ്ട എന്നു മലപ്പുറത്തു ഇതിനു പറയാറുണ്ട്‌)

Wednesday, March 10, 2010

ചില നാടകകഥകള്‍

മലയാള നാടകവേദിക്ക്‌ ഭാരിച്ച്‌ സംഭാവനകള്‍ നല്‍കണമെന്ന ആഗ്രഹവുമായി നടന്നിരുന്ന ഒരു കാലം. എന്‍ എന്‍ പിള്ളക്കും തോപ്പില്‍ ഭാസിക്കും ശേഷം ആര്‍ എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. പല തവണ നാടകങ്ങളെക്കുറിച്ചു നാടകീയമായി സംസാരിക്കുകയും തടിച്ച പുസ്തകങ്ങള്‍ കൈയില്‍ വെച്ചു നടക്കുകയും ചെയൂക വഴി ഞാന്‍ ഒരു സംഭവമാണെന്നു നാട്ടിലെ കൂട്ടുകാരില്‍ ഒരു ബോധം ബോധപൂര്‍വ്വം വളര്‍ത്തുകയും ചെയ്തു.

അങ്ങനെ ഒരിക്കല്‍ നാട്ടില്‍ വച്ച്‌ എന്റെ ചില കൂട്ടുകാര്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. നാട്ടിലെ ആര്‍ട്‌സ്‌ ക്ലബിന്റെ വാര്‍ഷികമാണ്‌ ഞങ്ങളുടെ വേദി. പതിവു പോലെ ഊരാക്കുടുക്കായ സംവിധാനം എന്റെ തലയില്‍ വന്നു. കാര്യത്തോടടുത്തപ്പോള്‍ എന്റെ മുട്ടിടിക്കാന്‍ തുടങ്ങി. കാശു മുടക്കി നാടകം സ്പോണ്‍സര്‍ ചെയാന്‍ നാട്ടിലെ അവെയ്‌ലബിള്‍ പുലികള്‍(അവെയലബിള്‍ പി ബി എന്നൊക്കെ പറയുമ്പോലെ) തയാറവുകയും ചെയ്തപ്പോള്‍ സംഗതി സീരിയസായി.

അവസാനം ഒരു നാടകം ഒരു വിധം എഴുതിയുണ്ടാക്കി.പലരും പല അഭിപ്രായങ്ങളും പറഞ്ഞു പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചു അത്‌ ഒരു സാധാ നാടകം ആയി.( ഉദാ: പെരിച്ചാഴികളെ നിങ്ങള്‍ക്കൊരാലയം) റിഹേസലിന്റെ സമയം വന്നപ്പോളാണ്‌ ഞാന്‍ ശരിക്കും പാടു പെടാന്‍ തുടങ്ങിയത്‌. കഥാപത്രങ്ങള്‍ ഓരൊരുത്തരായി ഡയലോഗ്‌ മറക്കുന്നു. റിഹേസലിനാകട്ടെ അധികം സമയവുമില്ല. ഒടുവില്‍ ടെക്‍നോളജി ഭഗവതിയുടെ സഹായം തേടി. കമ്പ്യൂട്ടര്‍ ഉപയൊഗിച്ചു ഡയലോഗുകള്‍, സംഗിതം എല്ലാം റെഡിയായി അങ്ങനെ നാടകത്തിനു അരങ്ങൊരുങ്ങി. ഒരു വിധം രണ്ട്‌ റിഹേസലുകള്‍ . റിഹേഴ്‌സല്‍ ഒരു കുഞ്ഞു കുടുസു മുറിയില്‍ നടത്തി.

അങ്ങനെ നാടകത്തിന്റെ സുദിനമായി.മുളയും കവുങ്ങുമെല്ലാം കൊണ്ട്‌ നിര്‍മ്മിച്ച്‌ വേദി കണ്ടതും ഞാന്‍ ലാദനെ കണ്ട ബുഷിനെപ്പോലെ ഞെട്ടി. ഒരു എഴെട്ടു മീറ്റര്‍ വരുന്ന എമണ്ടന്‍ വേദി. രണ്ടു ദിവസം മുന്‍പ്‌ വേദി പണിയുമ്പോള്‍ ഞാന്‍ വന്നു നോക്കിയിരുന്നു അന്ന് അതൊരു കുഞ്ഞു വേദി . പെട്ടെന്ന് രണ്ടു ദിവസംകൊണ്ട്‌ വേദി വല്ലാതെ വളര്‍ന്നു പോയി. സംഗതി തിരക്കിയപ്പൊളാണു ഒരു കാര്യം മനസ്സിലായത്‌. ഈ പരിപാടിക്കു 10ഓളം സ്പോണ്‍സര്‍മാരുണ്ട്‌. അവരുടെയെല്ലാം മക്കള്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക്‌, തിരുവാതിര തുടങ്ങിയ സമൂഹ സംഘനിര്‍ത്തങ്ങള്‍ ഉണ്ട്‌. 10-12 കുട്ടികള്‍ ഒന്നിച്ചു ചാടിക്കളിക്കുന്ന പരിപാടികള്‍ വന്നപ്പോള്‍ തന്‍തമാര്‍ കാശിറക്കി. അങ്ങനെ വേദി ഭീകരമായിപ്പോയി.

ഞങ്ങളാകട്ടെ മൂന്നു നാലു മീറ്ററിന്റെ സ്പ്പേസിലാണ്‌ റിഹേസല്‍ ചെയ്തത്‌. ഇതു പാരയാവുമെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. ഇനിയൊരു റിഹേസലിനു സമയമില്ലതാനും എന്‍തായാലും വരുന്നതു വരട്ടെ. ഞാന്‍ നമ്മുടെ അഭിനേതാക്കളോടു പറഞ്ഞു. വേദി നിറഞ്ഞു കളിക്കണം. ടൈമിങ്ങും റെക്കൊഡിംഗും എല്ലാം സൂക്ഷിക്കണം.

നാടകത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ ഉരുണ്ടുകൂടിതുടങ്ങി. വിഷയം സാമൂഹികമാണ്‌. ഒരു ബാഹ്യശക്തിവന്നു സമാധാനപൂര്‍ണ്ണമായ സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവുകള്‍ സൃഷ്‌ടിക്കുന്നു.അങ്ങനെ തമ്മിലടിച്ചു തകര്‍ന്ന സമൂഹം ഉയിര്‍ത്തെഴുന്നേറ്റ്‌ ഈ ബാഹ്യശക്തിയെ പുറംതള്ളുന്നു. ഇതാണു ബോട്ടം ലൈന്‍.

നാടകം ജോറായി മുന്നേറി. അവസാന രംഗമായി.
സ്റ്റേജില്‍ ഇപ്പോള്‍ നായകനടങ്ങുന്ന ജനം ഒരു വര്‍ഗ്ഗീയലഹളയില്‍ തമ്മിലടിച്ചു വീഴുന്നു. അവിടെ വില്ലന്‍ സന്‍തൊഷസൂചകമായി വിജയഭേരിമുഴക്കുന്നു. തകര്‍ന്നുകിടക്കുന്ന ആ ജനതക്കിടയില്‍ വേദനയോടെ വീണുകീടക്കുന്ന ജനതയെക്കുറിച്ചോര്‍ത്ത്‌ നെഞ്ചുപൊട്ടി നില്‍ക്കുന്നു ആ നാടിന്‍ലെ ക്രൈസ്തവപുരോഹിതന്‍. വില്ലന്‍ ഡയലോഗ്ഗുകള്‍ മുഴക്കുന്നു.

ഇതിനിടയില്‍ ഒരു അബദ്ധം സംഭവിച്ചു. വര്‍ഗ്ഗീയലഹള നടക്കുന്നതിനിടെ ചില നടന്മാര്‍ വല്ലാതങ്ങു ഓവറായി. അടിപിടി വളരെ ഒറിജിനല്‍ ആയി. എല്ലാവരും കൂടി വേദിയുടെ ഒരു മൂലക്കുവീണു. . നായകന്‍ വീണതു കാലുമടങ്ങി. നായകന്റെ മുകളില്‍ വേറെ രണ്ടു കഥാപാത്രങ്ങളുംകൂടി വീണു. വില്ലന്റെ പ്രകടനങ്ങളും ആക്രൊശങ്ങളും തുടരുമ്പോള്‍ തളര്‍ന്നു വീണനായകനു ഊര്‍ജം വീണ്ടു കിട്ടുന്നു. പുരൊഹിതന്‍ പ്രഥനാ നിമഗ്നന്‍ . നായകന്‍ വീണ്ടും ഉണര്‍ന്നെണീട്ടു വില്ലനെ കത്തികൊണ്ട്‌ കുത്തിവീഴ്‌ത്തുന്നതാണ്‌ ഞാന്‍ പ്ലാന്‍ ചെയ്തത്‌.

പക്ഷെ ഇപ്പോള്‍ നായകന്‍ സ്റ്റേജിന്റെ ഒരു മൂലയില്‍. വില്ലനാകട്ടെ മറ്റേ മൂലയിലും. നായകന്‍ വില്ലനെ ആക്രമിക്കാനായി എണീറ്റു. അപ്പോഴാണ്‌ ആ യാതാര്‍ഥ്യം മനസ്സില്ലവുന്നത്‌. കാലുമടങ്ങിക്കിടന്നിരുന്ന നായകന്റെ കാല്‍ കോച്ചിപ്പിടിച്ചു. നായകനു അനങ്ങാന്‍ വയ്യ. ഒരടി കഷ്ടപ്പെട്ട്‌ നായകന്‍ നടന്നു നീങ്ങി. പക്ഷെ ഇനി വയ്യ. സ്റ്റേജില്‍ പിന്നെയും കിടക്കുന്നു നാലഞ്ചു മീറ്റര്‍ ഭാക്കി. നായകന്‍ അനങ്ങുന്നില്ല. നാടകം റെക്കോഡഡ്‌ ആയതുകൊണ്ട്‌ സ്റ്റേജില്‍ ഒരു അഡജസ്റ്റുമെന്റും നടക്കില്ല.
വില്ലന്‍ ഒരു സൈഡില്‍ അനിവാര്യമായ കുത്തും പ്രതീക്ഷിച്ചു നില്‍ക്കുന്നു. നായകന്‍ കത്തിയുമായി ചിന്‍താവിഷ്ടനായി നില്‍ക്കുന്നു. ക്യാ കരേഗ?

സംഘട്ടനത്തിന്റെ പാശ്ചത്തല സംഗീതം പ്ലേ ആയിത്തുടങ്ങി. ഒന്നും നടക്കുന്നില്ല. പെട്ടെന്ന് വേദിയിലെ പൂരോഹിതന്‍ അവസരത്തിനൊത്തുയര്‍ന്നു. ആള്‍ കത്തി പിടിച്ചു വാങ്ങി വില്ലനിട്ടു ചാമ്പി! അങ്ങനെ പുരോഹിതന്റെ ആദ്യ കൊലപാതക ചരിത്രം അവിടെ കുറിക്കപ്പെട്ടു.

എപിലോഗ്‌ 1

പിറ്റേന്ന് നാട്ടിലെ ലോക്കല്‍ ചാനലില്‍ വന്ന വാര്‍ത്ത: കരള്‍ പിളരും കാലത്തില്‍ വര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞു തള്ളുമ്പോള്‍ പുരോഹിതര്‍ പോലും ആയുധമെടുക്കുന്ന ചരിത്രത്തിന്റെ കഥ പറഞ്ഞ നാടകം പ്രേക്ഷകരുടെ ഹൃദയത്തെ പിടിച്ചുലച്ചു.....!
അതിനു ശേഷം ഒരു നാടകം സംവിധാനം ചെയാന്‍ വേറേ ഒരു ക്ലബ്ബുകാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ക്ലൈമാക്‍സ്‌ അനൗന്‍സ്‌ ചെയ്തു. അഞ്ചാറു പുരോഹിതന്മാര്‍ (ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ) ചേര്‍ന്നു വില്ലനെ തല്ലിക്കോല്ലുന്നു.


എപിലോഗ്‌ 2
പണ്ട്‌ മാതൃഭൂമിയില്‍ വായിച്ച ഒരു നാടകപുരാണം
നാടകം: രാമായണം
സമുദ്രം താണ്ടി ഹനുമാന്‍ അശോകവനിയില്‍ എത്തുന്നതാണ്‌ രംഗം. സിനിമയിലണെങ്കില്‍ സ്പെഷ്യല്‍ എഫക്റ്റ്‌ വെച്ചു സംഗതി ഗംഭീരമായി കാണിക്കാം. പക്ഷെ നാടകത്തിന്റെ പരിമിതികള്‍ കാരണം ഹനുമാന്റെ ജമ്പ്‌ ഒരു കപ്പിയും കയറും വെച്ചാണ്‌ പ്ലാന്‍ ചെയ്തത്‌. ഹനുമാനെ വേദിയുടെ മുകളില്‍ ഉറപ്പിച്ച്‌ ഒരു കപ്പി വഴി അരയില്‍ കയര്‍കെട്ടി മെല്ലെ കയര്‍ ലൂസ്സാക്കി പതുക്കെ ലാന്റ്‌ ചെയ്യിക്കാനായിരുന്നു പദ്ധതി. സ്റ്റേജിനു പുറകിലിരുന്നു ഒരാള്‍ കയര്‍ സൂക്ഷമതയോടെ ഓപ്പറേറ്റ്‌ ചെയ്യാമെന്നേറ്റു. അനങ്ങെ ഹനുമാന്‍ സ്റ്റേജിനുമുകളില്‍ കയറി ചാടാന്‍ പോസ്‌ ചെയ്തു.
നാടകം ലേറ്റ്‌ ആയതുകൊണ്ടു നമ്മുടെ കയര്‍ ഓപറേറ്റര്‍ ഉറങ്ങിപ്പോയി. പ്‌ധിം! ഹനുമാന്‍ വേദിയില്‍ നടുതല്ലി അശോകവനിയിലെ സീതക്കു സമീപം. ആ ആഘാതത്തില്‍ ഹനുമാന്‍ പുളയവെ പെട്ടെന്നുണ്ടായ ഞെട്ടല്‍ മറിച്ചു വച്ചു സീത ചോദിച്ചു.
"ആഞ്ജനേയാ, അങ്ങു ആര്യ പുത്രനെ കണ്ടോ?"
ഹനുമാന്‍ നടു ഉഴിഞ്ഞുകൊണ്ട്‌" ഞാനൊരു ----- മോനെയും കണ്ടില്ല കൊച്ചേ. പക്ഷെ ഇതു കഴിഞ്ഞിട്ടു എനിക്കൊരുവനെ കാണണം. ആ കയറും പിടിച്ചു പുറകില്‍ നില്‍ക്കുന്ന കുരുത്തം കെട്ടവനെ. കള്ളക്കഴുവേറി *%*?%"

എപിലോഗ്‌ 3

സുഹൃത്തായ ഒരു നാടകപ്രവര്‍ത്തകന്‍ പറഞ്ഞ പുരാണം.
നാടകം: യേശുചരിതം.
യേശുവിനെ കുരിശില്‍ തറക്കുന്ന രംഗം. യേശു കുരിശിലേറിനില്‍ക്കുന്നു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന രാജകിങ്കരന്‍. യേശുവിന്റെ അവസ്ഥയില്‍ യേശുവുനഭിമുഖമായി നിന്നു നെഞ്ചുപൊട്ടി കരയുന്ന മൂന്നു സ്ത്രീകള്‍. സ്റ്റേജിന്റെ ഒരു വശത്തു നിന്നു നാടകം വീക്ഷിക്കുന്ന സംവിധായകന്‍.

രംഗത്തിന്റെ ഇന്റന്‍സിറ്റി കൂടിവരുന്നു. ക്രൂരമായ പീഡനങ്ങള്‍ എല്‍പ്പിച്ചുകൊണ്ട്‌ കിങ്കരന്‍ മുന്നേറുന്നു. യേശു ഉടുത്തിരിക്കുന്നത്‌ ഒരു തോര്‍ത്താണ്‌. ചാട്ടാവാര്‍ ഒന്നു കൂടി വീശിയപ്പോള്‍ യേശുവിന്റെ തോര്‍ത്ത്‌ സ്ഥാനം മാറി. അകത്തെ ജോക്കി ബ്രാന്റ്‌ അടിവസ്ത്രം പുറത്തു കാണാന്‍ തുടങ്ങി.

യേശുവിനു സമീപം യേശുവിനഭിമുഖമായി നിന്നു വിലപിച്ചിരുന്ന ഒരു നടിക്കാകെ ചിരിപൊട്ടി. അവര്‍ ചിരിയടക്കാനാവതെ കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി. അവര്‍ വേദിയിക്കു പുറം തിരിഞ്ഞാണു നില്‍ക്കുന്നത്‌. അതുകൊണ്ട്‌ സദസ്യര്‍ക്ക്‌ അത്‌ വിതുമ്പലായേ തോന്നു( പഞ്ചാബി ഹൗസിലെ ഹനീഫയുടെ പൊട്ടിക്കരച്ചില്‍ ഓര്‍ക്കുക).
വേദിയുടെ സൈഡില്‍ നിന്നു നാടകം കാണുന്ന സംവിധായകനു അതു നന്നായി പിടിച്ചു. ആള്‍ക്ക്‌ പെട്ടെന്നൊരു ബുദ്ധി തോന്നി. ഒരു നടി മാത്രം വിതുമ്പുന്നു. മറ്റു രണ്ടു പേരും കൂടി ഒന്നു വിതുമ്പിയാല്‍ രംഗം ഒന്നു കൊഴുക്കും.

സംവിധായകന്‍ സൈഡില്‍ നിന്നും മറ്റു രണ്ടു നടിമാരോടുമായി പതുക്കെ വിളിച്ചു പറഞ്ഞു. " ചിരിക്കൂ, പൊട്ടിച്ചിരിക്ക്‌"

നടിമാര്‍ക്ക്‌ ആദ്യം സംഗതി കത്തിയില്ല. സംവിധായകന്‍ വീണ്ടും പറഞ്ഞു" ചിരിക്കൂ, കുലുങ്ങിച്ചിരിക്കൂ"
ഒരു നടി സംഗതി മനസ്സിലാക്കി ചിരിക്കാന്‍ തുടങ്ങി. സംവിധായകന്‍ മറ്റേ നടിയെ ലക്ഷ്യമാക്കി വീണ്ടും പറഞ്ഞു.
വേദിയിലുള്ള മറ്റു രണ്ടു കഥാപത്രങ്ങള്‍ക്കു കൂടി ഈ മെസ്സേജ്‌ കിട്ടി. സംവിധായകന്‍ ചിരിക്കാന്‍ പറയുന്നു. യേശുവിനെ ആഞ്ഞു തല്ലുന്ന കിങ്കരനായിരുന്നു ഒരാള്‍. ആള്‍ ഒന്നു പൊട്ടിച്ചിരിച്ചു തല്ല്‌ പൂര്‍വ്വാധികം ഭംഗിയാക്കി.

ഇതോടൊപ്പം നമ്മുടെ സാക്ഷാല്‍ യേശുവും ഇതു കേട്ടു. ഇനി സംവിധായകന്‍ ഇതു തന്നോടാണോ പറഞ്ഞത്‌? എന്‍തായാലും കുരിശില്‍ കിടന്ന് യേശുവും പാസ്സാക്കി ഒരു രസികന്‍ ചിരി ....!

Tuesday, March 2, 2010

ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌

"ഇവനൊക്കെ എങ്ങനെ ജീവിക്കാന്‍ പഠിക്കാനാണ് ?‌. ഇവനെയൊക്കെ ആ കുന്നംകുളം മാര്‍ക്കറ്റില്‍ കൊണ്ടാക്കണം." ഈ പ്രസ്താവന കുട്ടിക്കാലം മുതലെ ഞാനും ചില കൂട്ടുകാരും കേള്‍ക്കാറുള്ള ഒരു ബൈബിള്‍ വചനമാണ്‌. കാര്യങ്ങള്‍ വെടിപ്പോടെയും വകതിരിവോടെയും ചെയ്യാനുള്ള ഞങ്ങളുടെ കഴിവിന്റെ ആണിക്കല്ലിനു നേരെ ഒരു ചോദ്യചിഹന്മായി ഈ കുന്നംകുളം മാര്‍ക്കറ്റ്‌ അങ്ങനെ നിവര്‍ന്നു നിന്നു.


ഗുളിക ഉരുട്ടാന്‍ പറഞ്ഞപ്പൊള്‍ ചതുരത്തില്‍ ഉണ്ടാക്കിവച്ച ശ്രീനിവാസന്റെ കഥാപത്രത്തെപ്പോലെ കുട്ടിക്കാലത്തെ ഓരൊ മണ്ടത്തരങ്ങള്‍ക്കും കുന്നംകുളം മാര്‍ക്കറ്റ്‌ ഒരു പാഠശാലയായി നമ്മുടെ പിതാമഹനും അദ്യേഹത്തിന്റെ സതീര്‍ഥ്യന്മാരും ഉദാഹരിക്കാറുണ്ടായിരുന്നു.

" നിന്റെ ഈ പ്രായത്തില്‍ ഞാനൊക്കെ വാണിയംകുളം ചന്തക്കു നടന്നു പോയിട്ടുണ്ട്‌. പിന്നെ കല്ലടത്തൂര്‍, വെങ്ങശ്‌ശേരിക്കവ്‌, നെന്മാറ,ത്രിശൂര്‍ പൂരം ഇവിടെയൊക്കെ എതു പാതിരാത്രിയും ഞാന്‍ പോയിട്ടുണ്ട്‌" ചെണ്ടപ്പുറത്തു കോല്‍ വീഴുന്നെട്ത്തെല്ലാം തന്റെ കവറേജ്‌ ഉറപ്പാക്കാറുള്ള പുള്ളിയുടെ വീരഗാഥകള്‍ തുടരുകയായി.
"അതിനു ഞാന്‍ എന്ത് വേണം? ഈ വാണിയംകുളത്തേക്കു ഇന്നു ഞാന്‍ നടന്നാല്‍ ഈ ഫാതര്‍ തന്നെ പറയും അവനു നൊസ്സാണെന്ന്. ഇനി ഞാനെങ്ങാനും പാതിരാത്രി നെന്മാറ ട്രൈ ചെയ്താല്‍ അപ്പോള്‍തന്നെ ഇടപ്പളിലുള്ള  എതെങ്കിലും ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തേക്ക്‌ നമ്മളെ ആനയിക്കും. ടെക്‍നോളജി വളര്‍ന്നതിനു ഞാന്‍ എന്ത്  പിഴച്ചു‍? തൃശൂര്‍ പൂരം വരെ ലൈവായി(അതും പല ആങ്കിളില്‍) കാണാമെന്നിരിക്കേ ഈ പാവം ഞാന്‍ ഇനി  ത്രിശൂര്‍ വരെ നടക്കണോ? മാത്രവുമല്ല നെന്മാറ, ത്രിശൂര്‍ തുടങ്ങിയ റൂട്ടുകളില്‍ കെ. എസ്‌ ആര്‍ ടി സിയും മയില്‍ വാഹനവുമെല്ലാം തകര്‍ത്തോടുന്നുമുണ്ട്‌.

പക്ഷേ ടെക്‍നോളജി എത്ര വളര്‍ന്നാലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ചില ഏര്‍പ്പാടുകള്‍ നമ്മുടെ ഇടയിലുണ്ട്‌.(ഭീമ ജ്വല്ലറിയുടെ പരസ്യമല്ല) അത്തരത്തിലുള്ള ഒന്നായിരുന്നു പ്രേമ ലേഖനം. ഇമെയിലും എസ്‌ എം എസും വരുന്നതിനു തോട്ടുമുന്‍പുള്ള കാലമാണ്‌. അപ്പൊഴാണു എന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിനു ആ അസുഖം വരുന്നത്‌. ഹോര്‍മോണുകളുടെ ഹാര്‍മോണിയം വായന* എന്ന അസുഖം. അതും എപ്പോഴുമില്ല. ജൂനിയര്‍ ക്ലാസിലെ ഒരു അമ്മിണിക്കുട്ടിയെ കാണുമ്പോള്‍ മാത്രമാണ്‌ ഈ അസുഖം. കാലം പ്ലസ്‌ടു ആദി താളം പ്ലസ്‌വണ്‍.

കുമാരന്‍ വൈദ്യരുടെ കയില്‍ നിന്ന് ദശമൂലാരിഷ്‌ടം വാങ്ങിക്കുടിച്ചു നോക്കി. രക്ഷയില്ല. ഗവണ്മെറ്റ്‌ ആശുപത്രിയില്‍ ചെന്ന് കുപ്പിമരുന്നു കുടിച്ചു. വയറിളകി കൊടലുണങ്ങി.ആകെ ഹലാക്കിന്റെ അവിലുംകഞ്ഞിയായി.ചെക്കനാണെങ്കില്‍ ഒരു വല്ലാത വിമ്മിട്ടം!ഇരിക്കാനും നില്‍ക്കാനും വയ്യ.

അമ്മിണിക്കുട്ടിക്ക്‌ ആദ്യം കടക്കണ്‍ വഴി ചില മോഴ്‌സ്‌കോഡുകള്‍ കൈ മാറി. യാതൊരു പ്രതികരണവുമില്ല. കൂട്ടുകാരികള്‍ വഴി ഒരു സര്‍വെ നടത്തി. അതും ഫലം കണ്ടില്ല. പെണ്ണെന്ന വര്‍ഗ്ഗത്തിന്റെ മനസ്സുകാണാന്‍ വൈക്കം മുഹമ്മദു ബഷീര്‍ വിചാരിച്ചിട്ടു നടന്നില്ല. പിന്നെയല്ലെ വെറും പ്ലസ്‌ടു പിള്ളേര്‍.

അവസാനം അവന്റെ ഹൃദയം അവള്‍ക്കു മുന്നില്‍ തുറക്കാന്‍ അവന്‍ തീരുമാനിച്ചു. പക്ഷെ എങ്ങനെ തുറക്കും? ആദ്യ പടിയെന്നോണം ഒരു താമരയിലയില്‍ അവന്റെ ഹൃദയത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ തീരുമാനിച്ചു.കഥ കവിത തുടങ്ങിയ സുകുമാരകലകളില്‍(അഴീക്കോട്‌ കലകളല്ല) ആ കാലത്തു മുടിഞ്ഞ വാസനയുണ്ടായിരുന്ന എന്നെത്തന്നെ ആ ക്രൂരകൃത്യം ഏല്‍പ്പിച്ചു.
ആറ്റിക്കുറുക്കി അവള്‍ക്കായി ഞാന്‍ മലയാളത്തിലെ പ്രസിദ്ധമായ ആ വരികള്‍ എഴുതി.

"ശ്യാമസുന്ദരപുഷ്പപമേ
എന്റെ പ്രേമസംഗീതമാണ്‌ നീ"
                എന്നു സ്വന്തം 
                ഗന്ധര്‍വന്‍ (A2) .

(A2 എന്നത്‌ ഞങ്ങളുടെ ക്ലാസിന്റെ പേരാണ്‌.) എന്റെ പ്രണയലേഖനത്തിലെ പൈങ്കിളികള്‍ ആ പ്രദേശമാകെ പറക്കാന്‍ തുടങ്ങി.

കത്തു മടക്കി ഞാന്‍ നേരെ കാമുകനു കൊടുത്തു." ഇനി നീയായി, നിന്റെ പാടായി"

കാമുകന്‍ പരവശനായി. അവന്‍ നേരെ കത്തു കൊണ്ടു കൊടുക്കും എന്നാണു ഞാന്‍ കരുതിയത്‌.പക്ഷെ കക്ഷി ഞാന്‍ വിചാരിച്ച പോലെ ധൈര്യശാലി അല്ല.ഇനി എന്താണൊരു പോംവഴി?

ഞാനും എന്റെ മറ്റു രണ്ടു കൂട്ടുകാരും രഹസ്യ യോഗം ചേര്‍ന്നു. ഉടന്‍ തന്നെ നമുക്കൊരു ഹംസത്തെ കണ്ടു പിടിക്കണം. "

അങ്ങനെ ആലോചനയില്‍ നില്‍ക്കുമ്പോള്‍  നമ്മുടെ കാമുകന്‍ പെട്ടെന്ന് ഒരു ആശയവുമായി മുന്നോട്ടു വന്നു.

ഞങ്ങളുടെ പ്ലസ്ടു ബില്‍ഡിംഗിന്‌ തൊട്ടടുത്താണ്‌ എല്‍. പി സ്‌ക്കൂളും. പിറ്റേന്നുച്ചക്കു നമ്മുടെ കാമുകനു പരിചയമുള്ള ഒരു പൊടിപ്പയ്യനേയും തപ്പിപ്പിടിച്ചു അവന്‍ ഹാജരായി.

"ദേ, ദിവന്‍ തന്നെ ഹംസം." ആളെ നന്നായി നോക്കിയപ്പോള്‍ ഒരു കുറ്റിച്ചൂലിന്റെ വലിപ്പമില്ല. കഷ്ടി മൂന്നാം ക്ലാസിന്റെ പ്രായം വരും"
ഞാന്‍ പറഞ്ഞു. " അളിയാ, സംഗതി ബാല വേലയാ, പ്രശനമാവും"

"എയ്‌ ഇവന്‍ പുലിയല്ലേ" കാമുകന്റെ സര്‍ട്ടിഫിക്കറ്റ്‌.
കാമുകര്‍ക്കു കണ്ണില്ല എന്നറിയുന്നതൊകൊണ്ടു തന്നെ ഞാന്‍ പറഞ്ഞു" പുലിവാലാകാതിരുന്നാല്‍ മതി"
"മോനെ, നീ ഈ പേപ്പര്‍ ആ ക്ലാസിലെ മഞ്ഞ പട്ടുപാവാട ധരിച ചേച്ചിക്കു കൊടുക്കണം."

കാമുകന്റെ വക സ്റ്റഡിക്ലാസ്‌. അവന്റെ ഒരു മഞ്ഞ പട്ടുപാവാട. എനിക്കാണേല്‍ ടെന്‍ഷന്‍ തുടങ്ങി. സ്‌ക്കൂളില്‍ ഒരു വിധം നിലയും വിലയും ഉള്ള ആളാണ്‌ ഞാന്‍. മാത്രവുമല്ല ഒരു പ്രണയത്തിന്റെ ആസൂത്രണത്തില്‍ ഇത്‌ കന്നിക്കാരനാണ്‌. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ അച്ഛന്‍ അയ്യപ്പന്‍ വിളക്ക്‌** നടത്തും.
പൊടിയന്റെ ചൊദ്യം" എന്‍താ ഇതിനകത്ത്‌?"

"അതു മലയാളം പദ്യമാ" ഞാന്‍ രഹസ്യ ഭാവത്തില്‍ പറഞ്ഞു( തെണ്ടി, അവനു കണ്ടന്റ്‌ അറിഞ്ഞേ തീരൂ!)
"പദ്യമാണെങ്കില്‍ നേരിട്ടു കൊണ്ടു കൊടുത്തുകൂടെ. ഞാന്‍ വിചാരിച്ചു ലൗ ലെട്ടറാണെന്ന്"
ചെറുക്കന്റെ ജി.കെ കേട്ട്‌ ഞാന്‍ ഞെട്ടി. ഇത്തവണ വെട്ടിലായത്‌ ഞങ്ങളാണ്‌. "അല്ല മോനെ, ഇത്‌ ലൗലെട്ടര്‍ പോലെയുള്ള ഒരു പദ്യമാണ്‌. "

"എന്തിനാ മാഷേ വളഞ്ഞു മൂക്കു പിടിക്കുന്നത്‌. സാധനം ഇങ്ങു താ. ഭാക്കി ഞാന്‍ എറ്റു. ആട്ടെ, എനിക്കന്‍തുകിട്ടും?
ഞാന്‍ മൂക്കതു വിരല്‍ വെച്ചു. അമ്പടാ ഇവന്‍ ആളു പക്കാ പ്രൊഫഷണലാ. ഇവന്‍ തന്നെ ഈ കൃത്യത്തിനു യോഗ്യന്‍. ഞാന്‍ ആ വിലപ്പെട്ട ഓഫര്‍ അനാവരണം ചെയ്തു " ഒരു മഞ്ച്‌".

"അയ്യട, ഒരു മഞ്ച്‌. എന്റെ ഭൗ ഭൗ വരും ഒരു മഞ്ചിന്‌."

ഞങ്ങളുടെ കണ്ണ്‍ പീസ്സയി.

"പിന്നെ എന്‍താ സാറിന്റെ ഡിമാന്റ്‌?"

രണ്ട്‌ മില്‍കി ബാര്‍, രണ്ട്‌ കിറ്റ്‌ കാറ്റ്‌, പിന്നെ രണ്ട്‌ മഞ്ച്‌. ഇതെല്ലാം അഡ്വാന്‍സായി വേണം"

" എല്ലാം ഇരട്ടസംഖ്യതന്നെ നിര്‍ബന്ധമാണല്ലെ എന്‍തേ രണ്ടില്‍ നിര്‍ത്തിയത്‌?"

"രണ്ടു മതി . ഒന്നെനിക്കും ഒന്നെന്റെ ലൈനിനും."

പിന്നെയും ഞങ്ങളുടെ തലയെയില്‍ കൊള്ളിയാന്‍ മിന്നി." നമ്മുടെ ലോകം എത്ര പുരോഗമിച്ചിരിക്കുന്നു. ഞാനൊക്കെ വളരെ വൈകിപ്പോയിരിക്കുന്നു. പതിനേഴുവര്‍ഷം വേസ്റ്റായി"

" അനുജാ ലക്ഷ്മണാ, ഒരു ഡിസൗണ്ടും ഇല്ലേടാ. ഞങ്ങള്‍ വെറും വിദ്യാര്‍ഥികളാണെടാ. സാമ്പത്തികമായി സമൂഹത്തിലെ ഏറ്റവും താഴേത്തട്ടില്‍ കിടക്കുന്ന വര്‍ഗം. ബസ്സിലെ കിളികള്‍ പോലും മേക്കിട്ടു കയറുന്ന ആ അധ:കൃതവിഭാഗം."
"ഓ പിന്നേ, എന്നിട്ടാണു പ്രേമിക്കാന്‍ നടക്കുന്നത്‌"

ആ ഡയലോഗ്‌ നമ്മുടെ കാമുകന്റെ ആത്മാഭിമാനത്തില്‍ തന്നെ കൊണ്ടു.
അവന്‍ വേഗം പോയി പറഞ്ഞ സാധനങ്ങളെല്ലാംവാങ്ങി ഒരു കോപി അഡ്വാന്‍സ്‌ പേയ്മെന്റായി നല്‍കി ബാക്കി കൃത്യം നിര്‍വഹിച്ചതിനുശേഷം എന്നു പറഞ്ഞു. നായികയുടെ ക്ലാസു കാണിച്ചു കൊടുത്തു ഞങ്ങള്‍ ദൂരെ പതുങ്ങിയിരുന്നു.

നിമിഷത്തിനു ദൈഘ്യം കൂടിയ നിമിഷങ്ങളായിരുന്നു പിന്നീട്‌ കടന്നു പോയത്‌. നമ്മുടെ ഹംസം ക്ലാസിലേക്കു ചിറകറ്റിചു പറന്നു
അപ്പോഴാണു ഞങ്ങള്‍ക്കു പറ്റിയ ഒരു വലിയ അബദ്ധം മനസ്സിലാവുന്നത്‌. ചെറുക്കനുമായുള്ള ബാര്‍ഗയിനിംഗും അവന്റെ ഡിമാന്റ്സും ഞങ്ങളുടെ ഒപറേഷന്‍ ടൈമിംഗ്‌ ആകെ തെറ്റിച്ചു. ഉച്ച്‌ ഭക്ഷണസമയമായ ഒന്നിനും രണ്ടിനുമിടക്കാണു സംഗതി പ്ലാന്‍ ചെയ്തതെങ്കിലും പയ്യന്‍ അകത്തു കടന്നപ്പോള്‍ സമയം രണ്ട്‌. പിന്നീടുള്ള കാര്യങ്ങള്‍ ഞങ്ങളുടെ ആ ക്ലാസിലെ ചാരന്റെ വിവരണതില്‍.

" പയ്യന്‍ ക്ലാസിലേക്കു കടക്കുന്നു. ഒന്നു ചുറ്റും നോക്കുന്നു. അപ്പോള്‍ മറ്റൊരു അബദ്ധം കൂടി. ആ ക്ലാസില്‍ മൂന്നു മഞ്ഞ പട്ടുപാവാടക്കാരികള്‍. പയ്യനാകെ പരുങ്ങി. ക്ലാസിലാകെ പിള്ളേര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അറുപതു പതിനാറു വയസ്സുകാരായ പിള്ളേരുടെ ഇടയില്‍ ഒരു മൂന്നാം ക്ലാസുകാരന്‍. ഇവന്‍ നിന്നു പരുങ്ങുന്നതിനിടെ ആ ക്ലാസിലേക്ക്‌ ടീച്ചര്‍ കടന്നു വന്നു." നിനക്കെന്‍താവിടെ കാര്യം?".

പൊട്ടിച്ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍ ഉറക്കേ ആ രഹസ്യം വെളിപ്പെടുത്തി. " ഈ ക്ലാസിലെ ഒരു ചേച്ചിക്ക്‌ കൊടുക്കാന്‍ ഒരു ചേട്ടന്‍ തന്നതാ ഇത്‌" ഇത്രയും പറഞ്ഞ്‌ ആ പയ്യന്‍ കത്ത്‌ നിലത്തിട്ട്‌ ഒറ്റ ഓട്ടം. അവന്‍ എതോ ഒരു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.

ഇപ്പോള്‍ ടിച്ചറുടെ കൈയില്‍ ഒരേ ഒരു തൊണ്ടി മാത്രം!

ഗന്ധര്‍വന്‍ എഴുതിയ ഒരു പ്രണയലേഖനം. ആകെ ഒരു തെളിവുണ്ട്‌. ആ ഗന്ധര്‍വന്‍ A2 ക്ലാസിലാണ്‌.

ടീച്ചേര്‍ ഉടന്‍ തന്നെ ഇതു സ്റ്റാഫ്‌ റൂമിലെത്തിച്ചു.

ആ കൈയക്ഷരാം കണ്ടതോടെ മലയാളം ടീചര്‍ക്കു പ്രതിയെ മനസ്സിലായി.

സംഗതി ആകെ മാറി!

ഗന്ധര്‍വന്‍ എന്ന അജ്‌ഞ്ഞാതന്‍ ഇപ്പോള്‍ കത്തെഴുതിയ ഈ ഞാന്‍.

എന്റെ ക്ലാസിന്റെ സ്റ്റാഫ്‌ ഇന്‍ ചാര്‍ജ്‌ നേരെ വന്നു. എന്നോട്‌ സ്റ്റാഫ്‌ റുമിലേക്ക്‌ വരാന്‍ ആവശ്യപ്പെട്ടു വിത്ത്‌ മലയാളം നോട്ട്ബുക്ക്‌. (പ്ലസ്റ്റുവില്‍ സെകന്റ്‌ ലാംഗ്ഗ്വേജ്‌ മലയാളം എടുത്ത നിമിഷത്തെ ശപിച്ചു ഞാന്‍ നടന്നു). ടീചേര്‍സ്‌ റൂമില്‍ എല്ലാവരാലും തോല്‍പ്പിക്കപെട്ട ചന്‍തുവായി ഞാന്‍ നിന്നു. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്‍തുവിന്റെ ജീവിതം പിന്നെയും ഭാക്കി!
ആരാണാ അമ്മിണിക്കുട്ടി? അതാണു ചോദ്യം. ഞാന്‍ മണ്ടന്റെ വേഷം അഭിനയിച്ചു." ഇതു കണ്ണേട്ടന്‍, ഇതു ദാസപ്പേട്ടന്‍ അപ്പോല്‍ ആരാണീ ജോസപ്പ്പേട്ടന്‍?" തല്‍ക്കാലം എന്റെ ഉരുണ്ടു കളി ഫലിച്ചു.

പിന്നെ തെളിവെടുപ്പിനായി മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന് സിനിമയിലെ രംഗം ആവര്‍ത്തിച്ചു. ഞാന്‍ വീണ്ടും ആ പേപ്പറില്‍ എഴുതി. " ശ്യാമസുന്ദര പുഷപമേ"

കൈയക്ഷരം ഒന്നു തന്നെ. ശിക്ഷ വിധിക്കണം. രക്ഷിതാവിനെ വിളിക്കണം. തീര്‍ന്നു. എന്റെ ഫാതര്‍ അറിഞ്ഞാന്‍ പിന്നെ ***** . ഞാന്‍ ആയുധം വെച്ചു കീഴടങ്ങി. മുഖത്ത്‌ ദീനം, കരുണം. ഹംസം കഴിഞ്ഞ്‌ ഞാന്‍ ദമയണ്‍തിയായി.

അവസാനം എന്റെ അഭിനയം അവര്‍ കണക്കിലെടുത്ത്‌ അവസാനം ശിക്ഷയില്‍ ഇളവ്‌ പ്രഖ്യാപിച്ചു. മലയാളത്തിലെ ഒരു എസ്സേ (മൂന്നര പേജ്‌) 25 തവണ എഴുതുക. പിന്നെ ആറു മാസം നല്ല നടപ്പ്‌. നിത്യബ്രഹ്‌മചാരിയായ ശാസ്താവിനെ ഭജനം. ശബരിമലക്കു നെയ്‌ തേങ്ങ തുടങ്ങിയ പ്രതിവിധികളും..

എല്ലാം സഹിച്ചു ക്ലാസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ നമ്മുടെ നളന്‍ അമ്മിണിക്കുട്ടിമായി ക്ലാസിനുമുന്നില്‍ സംസാരിക്കുന്നു. സന്‍തോഷവാനായ നളന്‍ എന്റെ നേരെ വന്നു പറഞ്ഞു" ഡാ നമ്മള്‍ വെറുതെ പേടിച്ചു. ഞാന്‍ അവളോടു നേരിട്ട്‌ കാര്യം പറഞ്ഞു. അവള്‍ ഓക്കെയാണ്‌."
അവിടെ രണ്ടു പേരുടെ ഹോര്‍മ്മോണുകള്‍ ഒന്നിച്ചു ഹാര്‍മ്മോണിയം വായന നടത്തുമ്പോള്‍ ഞാന്‍ ആ മഹത്തായ ഉപന്യാസം എഴുതി തകര്‍ക്കുകയായിരുന്നൂ.


* ഹോര്‍മോണുകളുടെ ഹാര്‍മോണിയം വായനയാണെത്രേ പ്രണയം( കടപ്പാട്‌ . ജി ഏസ്‌ പ്രദീപ്‌ എന്ന കുതിരക്കാരന്‍)

** അയ്യപ്പന്‍ വിളക്ക്‌ എന്നത്‌ മലബാറില്‍ വ്യപകമായ ഒരു അനുഷ്ഠാനം. അയ്യപ്പനും വാവരുമെല്ലാം കോമരങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു.