Saturday, September 3, 2011

ഹരിതകം


നന്ദേട്ടന്‍  ആ ചെടി ഫ്ലാടിനു വെളിയില്‍ കൊണ്ട് വെച്ച ദിവസം ഞാന്‍ ചോദിച്ചു 
"ചുമ്മാ വെറും പോസ് കാണിക്കാനല്ലേ ഒരു ചെടി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്?"
എന്റെ ചോദ്യം അവഗണിച്ചിട്ടെന്നപോലെ ചേട്ടന്‍ പറഞ്ഞു  "അമ്മു വളരുമ്പോള്‍ ഒരു ചെടിയെയെങ്കിലും അവള്‍ അടുത്ത് കാണട്ടെ. അതിന്‍റെ വളര്‍ച്ചകള്‍ പഠിക്കട്ടെ. നമുക്ക് ചുറ്റുമുള്ള വരണ്ട ഭൂമി ഇനി  നമ്മുടെ ചിന്തകളെ ഇനി സ്വാധീനിക്കുകയില്ലയിരിക്കും,കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേ  നമ്മുടെ മനസ്സുകളെ വളര്‍ത്തിയെടുത്ത ഒരു പച്ച പിടിച്ച ദേശം അകലെയുണ്ട്. പക്ഷെ ഇവിടെ ജനിച്ച ഇവളോ?"
". എന്തായാലും നിങ്ങള്‍ ചെടിയെ നോക്കിയിരി. എനിക്ക് വേറെ പണിയുണ്ട് ഞാന്‍ ഓഫിസില്‍ പോകട്ടെ" എന്ന് പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. 
 ഏതോ സൈറ്റില്‍ നിന്നും കിട്ടിയതാണ് വീട് മോടി  പിടിപ്പിക്കുന്നതിനിടയില്‍ ആരോ പുറത്തേക്ക് എടുത്തെറിഞ്ഞ തുളസി പോലുള്ള  ഒരു ചെടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നന്ദേട്ടനും  അമ്മുവും ചേച്ചിയുമൊക്കെ വലിയ കാര്യമായി വെള്ളമൊഴിച്ച് വളര്‍ത്തുന്നത് കാണാറുണ്ടായിരുന്നു. ഞാനാകട്ടെ  അങ്ങനെ ഒരു ചെടി അവിടെ ഉണ്ട് എന്ന ഓര്‍മ പോലും ഇല്ലാതെ വന്നും പോയിക്കൊണ്ടും ഇരുന്നു. രാവിലെ ഓഫിസ്, വൈകിട്ട് മലയാളി സമാജം രാത്രി പതിനൊന്നു മണിക്ക് വീണ്ടും റൂമില്‍. അതിനില്ടയില്‍ എന്റെ നോട്ടമെത്താതെ തന്നെ ആ ചെടി പതുക്കെ വളരുന്നു വന്നു..  


പതിനൊന് മാസത്തെ വിദേശ വാസത്തിനു പകരമായി കിട്ടുന്ന ഒരു മാസത്തെ   നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നന്ദേട്ടന്റെ പെട്ടികള്‍ കെട്ടുന്ന ദിവസമായിരുന്നു ഇനിയുള്ള ദിവസങ്ങള്‍ ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയെണ്ടാതിനെ പറ്റി  ആലോചിച്ചത്  നിര നിരയായി ആറു പെട്ടികള്‍. അവ  വരിഞ്ഞു മുറുക്കുമ്പോള്‍ മനസ്സില്‍ ചിരിച്ചു ആറു പെട്ടികള്‍ക്കു വേണ്ടിയുള്ള പതിനൊന്നു മാസങ്ങള്‍!!!

ഫ്ലാറ്റില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പുള്ള പതിവ് നിര്‍ദ്ദേശങ്ങള്‍   വന്നു." ഗ്യാസ് ഓഫ് ചെയ്യണം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുറി  പൂട്ടണം, റൂമില്‍ ലൈറ്റുകള്‍ കെടുത്തണം. എച്ചില്‍ പത്രം സിങ്കില്‍ ഇടരുത്. ഗ്യാസടുപ്പ് കത്തിച്ചു സാധങ്ങള്‍ വെച്ചു സ്വപ്നം കാണരുത്. ലാപടോപിനു മുന്നില്‍ തപസ്സിരിക്കരുത്. "  പലപ്പോഴായി പാലിക്കാന്‍ പറ്റാത്ത നിര്‍ദ്ദേശങ്ങള്‍  !!  
അവസാനം ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടെന്ന പോലെ നന്ദേട്ടന്‍ പറഞ്ഞു. "ഈ ചെടിയെ നോക്കണം . വേനലാണിത്. രാവിലെയും  രാത്രിയും  വെള്ളമൊഴിക്കണം. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഈ ചെടിയുടെ കോലം നോക്കിയായിരിക്കും നീ എങ്ങനെ ഇവിടെ ജീവിച്ചു എന്ന് വിലയിരുത്തുക" 
അപ്പോള്‍ ഒരു മാസത്തെ എകാന്തവാസത്തില്‍  എന്റെ കാര്യശേഷി അളക്കുന്ന ഏകകം 
ആണ് ഈ ചെടി. എയര്‍പോട്ടില്‍ നിന്നും തിരിച്ച വരുമ്പോള്‍ വാതില്‍ക്കല്‍  മുന്‍പില്‍ ദ്വാരപാലകയായി അവള്‍ . നിന്നെ മറന്നു പോകാന്‍ ഇട വരുത്തരുതേ എന്ന് അവളോട്‌ പറഞ്ഞു  കൊണ്ടാണ് അന്ന് ഉറങ്ങാന്‍ കിടന്നത്.
 പിറ്റേന്ന് രാവിലെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ആദ്യ  പരീക്ഷണ ദിവസം . എന്നത്തേയും പോലെ ആറരക്കു എണീക്കാന്‍ പറ്റില്ല. ഭക്ഷണം ഉണ്ടാക്കി പാത്രത്തിലാക്കി തരാന്‍ തരാന്‍ ചേച്ചിയില്ല. പ്രാതല്‍  സ്വയം ഉണ്ടാകണം. ചോറ് പാത്രത്തില്‍  ആക്കണം. കുളിയും തേവാരവും കഴിഞ്ഞു വേണം  ഓടി ബസ്സ്‌ പിടിക്കണം. ഇത്തരം എല്ലാ തിരക്കുകള്‍ കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങുമ്പോളാണ് അവള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടത്. അവളുടെ  മുഖത്ത് നല്ല ക്ഷീണം!
ഇവിടെ ഗള്‍ഫില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ സൂര്യ രശ്മികള്‍ എത്താന്‍ തുടങ്ങും. എഴരയാവുംപോഴേക്കും പുറത്ത്  നല്ല ചൂടാവും . വാച്ചില്‍ നോക്കി . ബസ്സ് കിട്ടാനുള്ള നേരിയ സാധ്യതയുണ്ട്. പക്ഷെ വെള്ളമോഴിച്ചില്ലേല്‍ ഈ  ചെടി  ഉണങ്ങുമല്ലോ ?

വേഗം പൂട്ടിയ  റൂം വീണ്ടും തുറന്നു വെള്ളം വെച്ചിരിക്കുന്ന ജഗ്ഗ്  എടുത്തു. അതില്‍  തുള്ളി വെള്ളമില്ല. നാശം!  സ്വീറ്റ് വാട്ടര്‍  വെച്ചിരിക്കുന്ന കാന്‍ തുറന്നു ജഗ്ഗില്‍ വെള്ളം നിറച്ചു, ചെടിച്ചട്ടിയില്‍  ഇത്തിരി വെള്ളം ഒഴിച്ച് റൂം ലോക്ക് ചെയ്തപ്പോഴേക്കും  മറ്റൊരു മൂന്നു മിനുറ്റ് കൂടി കഴിഞ്ഞു. സമയം കയ്യില്‍ പിടിച്ചു ഓടുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ബസ്സ്‌ ഓടി മറഞ്ഞു.പിന്നെയും ഇരുപതു മിനുറ്റ് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കേണ്ടിവന്നു അടുത്ത ബസ്സ്‌ വരാന്‍. ഓഫിസില്‍ ചെന്നപ്പോള്‍ ബോസിന്റെ മുഖത്ത് തെളിച്ചമില്ല. വൈകിയതിന്റെ പരിഭവം .

ഇതിനെല്ലാം കാരണക്കാരിയായ ചെടിയെ പഴിച്ചു സീറ്റില്‍ ഇരുന്നു പണി തുടങ്ങി. എന്നത്തെയും പോലെ ഓഫിസ് കഴിഞ്ഞു കേരള സമാജത്തിലെ പതിവ് സന്ദര്‍ശനത്തിനു  ശേഷം റൂമില്‍ എത്തുന്നത് രാത്രി പതിനൊന്നു മണിക്ക് . റൂം തുറക്കുന്ന നേരത്ത് പരിഭവത്തോടെ അവള്‍ ചോദിച്ചു.
 ഈ പാതിരാത്രി നേരത്ത് ഇവിടൊരാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നുണ്ട് എന്നൊരു ഓര്‍മയില്ലേ ? പകലിന്റെ ക്രൂരതയില്‍ വാടിയ ആ മുഖത്ത് ദേഷ്യമോ വേദനയോ എനിക്ക് തോന്നിയില്ല.പകരം കൂട്ടുകാരിയുടെ ഒരു പരിഭവം. അല്പം കുറ്റബോധത്തോടെ വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍ മനസ് കൊണ്ട് സോറി  പറഞ്ഞു .
റൂമിനകത്തിരുന്നു ലാപ് ടോപ്‌ നിവര്‍ത്തി അതിലൂടെ കാണുന്ന വലിയ ലോകത്തോട്‌  കഥ പറഞ്ഞിരിക്കുമ്പോള്‍  പെട്ടെന്നൊരു ചിന്ത മനസില്‍ കയറി വന്നു. വാതുക്കല്‍ ഒരുത്തി ഒറ്റയ്ക്ക് നില്‍ക്കുന്നില്ലേ ? ലാപ്ടോപ്പിലെ നിഴലുകളെ വെറുതെ വിട്ടിട്ടു അല്‍പനേരം അവളുടെ അടുത്ത് പോയിരുന്നു. എന്നെപ്പോലെ നീയും  ഇവിടെ ഒറ്റക്കാണല്ലോ. ഇങ്ങനെ എകാന്തതയോടു  കഥ പറഞ്ഞല്ലേ  ബഷീര്‍ ഭാര്ഗ്ഗവിയെ കണ്ടെത്തിയത്? താമസിക്കുന്ന സ്ഥലം ഭാര്‍ഗവീ നിലയം ആണെന്ന് പറഞ്ഞാല്‍ അളിയന്‍ വടിയെടുക്കും  എന്നോര്‍ത്തപ്പോള്‍  വീണ്ടും ഒരു ചെറു പുഞ്ചിരി ചുണ്ടിലെത്തി.

ഒരുമണിക്ക് കിടക്കാന്‍ നേരത്ത് അവളോടു ശുഭരാത്രി പറഞ്ഞു ഇത്തിരി വെള്ളം കൊടുത്ത് ഉറക്കത്തിനോട് എന്നുമുള്ള ഉപാധിയില്ലാത്ത  കീഴടങ്ങല്‍ നടത്തി.ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോകുമ്പോള്‍ ഒരു ദിവസം പോലും തെറ്റാതെ അവളെ പരിചരിക്കുക എന്നത് എന്റെ ജീവിതത്തിന്‍റെ ഭാഗമായി.
അവര്‍ നാട്ടില്‍ പോയിട്ടുള്ള ആദ്യത്തെ വെള്ളിയാഴ്ച. വേനലവധിക്ക് സ്കൂളടച്ചതിനാല്‍ നാട്ടില്‍ പോകാത്ത അയല്‍  ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് കളിക്കുന്ന ഒച്ച കേട്ടാണ് ഞാന്‍  ഉണര്‍ന്നത്. സമയം ഒന്‍പതര. സാധാരണ ഇത്തിരി നേരം കൂടി മൂടി പുത്തച്ചു ഒരു പത്തര വരെ ഉറക്കം ദീര്‍ഘിപ്പിക്കാനാണ്   ശ്രമിക്കാറ്. പുതപ്പു തലയ്ക്കു മുകളില്‍ ഇട്ടപ്പോള്‍ ആണ് താഴെ വാതുക്കല്‍  അവള്‍ ഒറ്റക്കാണല്ലോ എന്നോര്‍ത്തത്.  ഇന്ന് ഇതുവരെ വെള്ളം ഒഴിച്ചില്ലല്ലോ എന്ന് ഒരു വിഷമത്തോടെ ഓര്‍ത്തു. സാധാരണ ദിവസങ്ങളില്‍ എഴരക്ക്‌ ഓഫിസില്‍ പോകുമ്പോള്‍ വെള്ളം ഒഴിക്കാറുള്ളതല്ലേ .

അപ്പോള്‍ തന്നെ എണീറ്റു വാതുക്കല്‍ എത്തിയപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു കാഴ്ചയാണ് കണ്ടത്. അയല്‍ ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് ക്രിക്കറ്റ്  കളിക്കുന്നു. അവരുടെ സ്റ്റമ്പ്  ചെടിയില്‍ നിന്നും ഒരു ഒന്നര മീറ്റര്‍ അടുത്ത്. പന്ത് കൊണ്ട് ചട്ടി പൊട്ടുകയോ തണ്ട് ഒടിയുകയോ ചെയ്യുമോ ? എന്റെ കുഞ്ഞിനെ എടുക്കുന്ന കരുതലോടെ ഞാന്‍ ആ ചട്ടി എടുത്ത് റൂമിനകത്തു വെച്ചു. " പിള്ളേരുടെ കളി കഴിയുമ്പോള്‍ നിന്നെ  പുറത്ത് വെക്കാട്ടോ. അത് വരെ നീ വീട്ടിനകത്ത് വിശ്രമിക്കൂ ."
കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. "അങ്കിളിന്റെ ചെടി ഞങ്ങള്‍ നശിപ്പിക്കാനോന്നും  പോകുന്നില്ല അഥവാ നശിപ്പിച്ചാല്‍ പുതിയൊരു ഉണക്ക ചെടി തരാം."  എനിക്ക് ദേഷ്യം വന്നു . ഞാന്‍ ഒന്നും മിണ്ടാതെ അകത്തു പോയി.പിള്ളേരുടെ കളി കഴിഞ്ഞത് വൈകിട്ടായിരുന്നു. അത് കൊണ്ട് രാത്രി വീണ്ടും ചെടി പുറത്തുവെച്ചു.
 പിറ്റേന്ന് ഓഫിസിലേക്കു ഇറങ്ങുമ്പോള്‍ ഒരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി  . ഇന്നലെ പിള്ളേരുടെ ക്രിക്കറ്റ് കളി കാണാന്‍ കഴിഞ്ഞത് എനിക്ക് അവധിയായതു കൊണ്ടാണ്. അവര്‍ക്ക് രണ്ട് മാസം മുഴുവന്‍ അവധിയാണ്. അതിനര്‍ത്ഥം ഇന്നും അവര്‍ കളിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവര്‍ ഇവിടെ തന്നെ കളിച്ചിരുന്നു. അത് ഓര്‍ത്തപ്പോള്‍ എനിക്ക് പേടി തോന്നി. അവരുടെ സ്റ്റമ്പിനടുത്ത്   ആ ചെടി വെക്കുക അത് അപകടം തന്നെയാണ് . കഴിഞ്ഞ നാലു ദിവസവും അവര്‍ കളിച്ചിട്ടും ചെടിക്കൊന്നും പറ്റിയില്ല എന്നത് ശരിതന്നെ.  പക്ഷെ ഇനി നാളെ എന്തെങ്കിലും പറ്റുമോ എന്നതിന് ഉറപ്പൊന്നും ഇല്ലല്ലോ. എപ്പോഴും മുറിക്കകത്ത് വെക്കുക എന്നത് പ്രായോഗികമല്ല. ബസ്സ് പോകുമോ എന്ന ചിന്ത മറന്നു ഞാന്‍  ചുറ്റും പരതി. വാതിലിനോടു ചേര്‍ന്നു  വെക്കുന്നതിനു പകരം അല്പം ദൂരെ സേഫ് ആയ ഒരിടം കണ്ടെത്തി അവിടെ വെച്ചു.  അവിടെ വെയില് കൂടുതലാണ്. എന്നാലും അവള്‍ സേഫ് ആണല്ലോ.  എന്നത്തേതിനേക്കാള്‍ കൂടുതല്‍ വെള്ളവും ഒഴിച്ച് അവളെ മെല്ല തഴുകുമ്പോള്‍ അവള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ  നില്‍ക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായി.
ഓഫിസിലിരിക്കുമ്പോള്‍  ഒന്ന് രണ്ട് തവണ ക്രിക്കറ്റ്  കളിക്കുന്ന പിള്ളേരുടെ മുഖം മനസ്സില്‍  വന്നപ്പോള്‍  ഒരു ചെറിയ വേവലാതി തോന്നി.
എന്തായാലും പുതിയ സ്ഥലത്ത് അവള്‍ സുരക്ഷിതമാണ്  എന്ന് ഓര്‍ത്തു സമാധാനിച്ചു.
അതിലിടയിലാണ് ആ വ്യാഴഴ്ച   ഒരു പ്രധാന മീറ്റിംഗ് കയറി വന്നത്.  ബുധനാഴ്ച വൈകുന്നേരം മുതലേ  കൊണ്ട്പിടിച്ചു തയ്യര്ടുപ്പുകള്‍ നടത്തേണ്ടി വന്നു . കിടക്കുമ്പോള്‍ രാത്രി രണ്ട് മണിയായി .ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ത്തു.'അവള്‍ക്കു വെള്ളം കൊടുത്തില്ലല്ലോ.' കണ്ണിന്റെ പോളകള്‍ അടഞ്ഞു പോകുന്നു. മനസിലെ മടി മുഴുവന്‍ തലച്ചോറില്‍ വന്നു നിറഞ്ഞപ്പോള്‍ കാലത്ത് ആറു മണിക്ക് എണീക്കുമല്ലോ അപ്പോള്‍ വെള്ളം നല്‍കാം എന്നൊരു ന്യായികരണം തെളിഞ്ഞു വന്നു. ആ ന്യായീകരണത്തിന്റെ തണലില്‍   പതുക്കെ ഞാന്‍  ഉറക്കത്തിലേക്ക് ഊളിയിട്ടു.

അന്ന് പതിവില്ലാതെ മൊബൈലിലെ അലാറം ചതിച്ചു. സ്നൂസ്  എന്ന ബട്ടണ് പകരം സ്റ്റോപ്പ്‌ ആണ് അമര്‍ത്തിയത്. വൈകി കിടന്നതിന്റെ ക്ഷീണം കാരണം പിന്നെയും ഇരുപതു മിനുട്ട് വൈകിയാണ് എണീറ്റത് . വേഗം പ്രാതല്‍, കുളി എല്ലാം കഴിഞ്ഞു ഓടിപ്പിടിച്ച് ബസ്സില്‍ കയറിയപ്പോള്‍ ആണ് ആ ചിന്ത എന്റെ തലയില്‍ ഒരു ആഘാതം പോലെ വന്നത് .

അവളെ മറന്നു പോയിരിക്കുന്നു!!!
ദൈവമേ, അവള്‍ ഇന്നലെ രാത്രിയും പട്ടിണി. ഇന്നലെ രാവിലെ ഞാന്‍ കൊടുത്ത  വെള്ളം മരുഭൂമിയില്‍ വെയില്‍ എപ്പോഴോ കുടിച്ചു കാണും. തിരിച്ചു പോകാന്‍ സമയമില്ല. രാവിലെ ഒന്‍പതു പണിക്കു പ്ലാന്റില്‍ എത്തണം .അപ്പോള്‍  അവള്‍ ???

നിനക്ക് വേറെ പണിയില്ലേ ? വേണമെങ്കില്‍ വേറെ ഒരു ചെടി വെക്കാം . അളിയനോട്  പഴയ ചെടി  പിള്ളേര്‍ തട്ടി പൊട്ടിച്ചു എന്ന് കള്ളം പറയാം. നീ ആദ്യം രണ്ട് കോടിയുടെ ഇന്നത്തെ പ്രോജക്റ്റ് മീറ്റിങ്ങിന്റെ കാര്യം നോക്കു. മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു.  പ്രസന്റേഷന്‍ കഴിഞ്ഞു ഉച്ചക്ക് പുറത്തിറങ്ങിയപ്പോള്‍ ഒരു കാറ്റടിച്ചു .വേനലിന്റെ കാഠിന്യം വിളിച്ചറിയിക്കുന്ന കാറ്റ് ഈ കാറ്റില്‍ എവിടെയോ തുളസിയുടെ ഗന്ധമുണ്ടോ?  ആ കാറ്റ് എന്നോടു വെള്ളം ചോദിക്കുന്നുണ്ടോ?  വീണ്ടും ചിന്തകള്‍ തുളസിയിലേക്ക് പോകുന്നു. അടുത്ത ഫ്ലാറ്റിലെ ആരെയെങ്കിലും വിളിക്കാന്‍ നോക്കിയാലോ?  ഫോണില്‍ പരതി നോക്കുമ്പോള്‍ എന്റെ കൈയില്‍ നമ്പരുള്ള മൂന്ന് സുഹൃത്തുക്കളും ഇപ്പോള്‍  നാട്ടില്‍ ആണ്. വൈകിട്ട് അഞ്ചു മണിക്ക് ഓഫീസില്‍ നിന്നും വീട്ടിലേക്കു ഓടാന്‍ നേരത്ത് സുഹൃത്ത് വിളിച്ചു. "ഇന്ന് സമാജത്തില്‍ യോഗമുണ്ട്. ഓണാഘോഷകമ്മറ്റി, നീ   തീര്‍ച്ചയായും പങ്കെടുക്കണം. "
പറ്റില്ല എന്ന് പറയാന്‍ വേണ്ടി തുടങ്ങുമ്പോഴേക്കും അവന്‍ ഫോണ്‍ വെച്ചു. ഞാന്‍ ഓര്‍ത്തു എന്തായാലും നാല്പതു മണിക്കൂര്‍ ആ തീ വെയിലില്‍ പിടിച്ചു നില്ക്കാന്‍ അവള്‍ക്കു കഴിയില്ല. അവളെ ആ വാതിലക്കല്‍  നിന്നും ദൂരെ മാറ്റരുതായിരുന്നു. അവിടെ വെയിലിനു കാഠിന്യം കൂടുതലല്ലേ? വെള്ളം കിട്ടാതെ അവള്‍ ....മനസില്ലാമനസോടെ സമാജത്തില്‍ പോയി .

യോഗം കഴിഞ്ഞപ്പോളെക്കും രാത്രി ഒന്‍പതു  മണി . പ്രവീണ്‍ എന്ന സുഹൃത്തിനോട് പറഞ്ഞു." എനിക്ക് വയ്യ ഒന്ന് വീട്ടില്‍ കൊണ്ട് വിടാമോ?" അവന്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി എന്റെ താമസസ്ഥലത്തേക്ക് പോന്നു.

 രാവിലത്തെ എന്റെ അശ്രദ്ധയെ പഴിച്ചു ഞാന്‍ കാറിനു പിറകിലെ സീറ്റില്‍  കണ്ണടച്ചിരുന്നു. ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഞാന്‍ ഒരു തുള്ളി വെള്ളം ഒഴിചിരുന്നെങ്കില്‍.. .അല്ലെങ്കില്‍ രാവിലെ ആ നശിച്ച അലാറം.ആ ചിന്തയില്‍ ഇറുക്കിയടച്ച  കണ്ണിലെവിടെയോ രണ്ട് തുള്ളി വെള്ളം പൊടിഞ്ഞ പോലെ. ആരായിരുന്നു അവള്‍ നിനക്ക് എന്ന ചോദ്യം അവശേഷിപ്പിച്ചു  അവള്‍ ഇപ്പോള്‍ കരിഞ്ഞു കിടക്കുകയായിരിക്കും എന്ന ചിന്ത കണ്ണുകളെ  വീണ്ടും നനച്ചു കൊണ്ടിരുന്നു.
 "ആഹാ നീ പിറകിലിരുന്നു ഉറങ്ങുകയാണോ ? നിന്‍റെ സ്ഥലമെത്തി."  പ്രവീണിന്റെ ശബ്ദം എന്നെ ഉണര്‍ത്തി. "അപ്പോള്‍ നാളെ കാണാം"  എന്ന് പറഞ്ഞു കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു തണുത്ത കാറ്റ് എന്നെ വരവേറ്റു.

 അവിശ്വസനീയതയുറെ ഒരു നിശ്വാസം എന്നില്‍ നിന്നും ഉയര്‍ന്നു .  ഞാന്‍ കാറില്‍ നിന്നും ‌ കാലു കുത്തിയത് വെള്ളത്തില്‍ . അപ്പോഴാണു കണ്ണ് തുറന്നു  ചുറ്റും നോകുന്നത്. റോഡിലും കെട്ടിടത്തിലും  വെള്ളം!
 അതേ ! മഴ .....!

 ഫ്ലാറ്റിനടുത്തെക്കു നടക്കുമ്പോള്‍ വാച്ച്‌മാന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒന്ന് രണ്ട് തവണ മഴ ചാറി  വന്നു. വൈകിട്ട് നന്നായി പെയ്തു. അതും നമ്മുടെ ഈ പ്രദേശത്ത്  മാത്രം. മനാമയിലോ റിഫയിലോ ഒന്നും ഇല്ല. ഞാന്‍ ഹൃദയമിടിപ്പോടെ ഓടി അടുത്ത് എത്തിയപ്പോള്‍ പച്ച പട്ടുപാവാട പുതച്ചു എന്നോട് പരിഭവം നിറഞ്ഞ ഒരു ചിരിയുമായി അവള്‍. ...! 
പ്രകൃതിമാതാവേ... ചെറുമീനിനു* വേണ്ടി സാഗരം തീര്‍ക്കുന്ന, ഒരു കുഞ്ഞു പൂവിനു വേണ്ടി വസന്തം ചമക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന നീ ഈ കുഞ്ഞു ചെടിക്ക് വേണ്ടി ഈ മരുഭൂമിയില്‍  ഒരു മഴ തന്നെ പെയ്യിച്ചല്ലോ .ഇനിയും എന്തൊക്കെ രഹസ്യങ്ങളാണ് നീ നിന്‍റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?




Picture courtesy :http://pixdaus.com/
* വൈലോപ്പിള്ളി -ഉജ്വലമുഹൂര്ത്തം എന്ന കവിതയിലെ വരികള്‍

Sunday, July 17, 2011

കണ്ണിനു കുളിരായ് ....!!!!


പൊരിവെയിലത്ത് ഒന്ന് രണ്ട് ദിവസം സൈറ്റില്‍ നിന്നു കണ്ണില്‍ ഇരുട്ട് കയറി വന്ന  ദിവസമാണ് ആണ് ജീവിതത്തില്‍ ഒരു കൂട്ടാളി കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത്. എന്റെ വഴികളില്‍ കണ്ണിനു കുളിര്‍മയായി ഒരുവള്‍ വേണ്ടേ ?  ഈ വെയിലടിച്ചു എന്റെ നയനങ്ങള്‍ കരിഞ്ഞുപോയാല്‍ ?
ഈ ചിന്ത തലച്ചോറില്‍ കയറിയതും വേഗം  അടുത്തുള്ള കടകളില്‍  കയറി അവളെ അന്വേഷിക്കാന്‍  തുടങ്ങി. അങ്ങനെ ഒരു കടയില്‍  ഒരു മൂലയില്‍ എന്റെ മനസ്സ് കവര്‍ന്ന ഒരു  കറുത്ത സുന്ദരി. ബോസ്സ് എന്ന കമ്പനിയുടെ സ്വയമ്പന്‍ കൂളിംഗ് ഗ്ലാസ്.വില ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു. നാല്പതു ദിനാര്‍ എന്താണ്ട് അയ്യായിരം രൂപ. 
കണ്ണടച്ച് ഞാന്‍ പറഞ്ഞു.
'എനിക്ക്
   ഈ ബോസ്സ് മതി.' 
ഹിന്ടിക്കരനായ
 കടക്കാരന്‍ അമ്പരന്നു. 
'ഒരു മലയാളി ദരിദ്രവാസി അയ്യായിരം രൂപയുടെ കണ്ണട വാങ്ങുകയോ? അതും ബാര്‍ഗെയിനിംഗ് പോലും ഇല്ലാതെ?'
ചോദ്യത്തിനു ശേഷം ശബ്ദം താഴ്ത്തി
  'ആശ്വത്ഥാമാവല്ല   ആനയാണ് മരിച്ചത്' എന്ന് യുധിഷ്ടിരന്‍  പറഞ്ഞ ടോണില്‍ പതുക്കെ ഞാന്‍ ചോദിച്ചു. 
 'ബോസ്സ് ഇറ്റലി  വേണ്ട, കണ്ട്രി ഓഫ് ഒറിജിന്‍ കുന്നംകുളം ഉണ്ടോ?'
 അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി അതും കണ്ണില്‍ വെച്ച് ചെയ്തു  ഒറിജിനല്‍ ബോസ്സ് ഇരിക്കുന്ന കടയില്‍ കയറി ആ കടക്കാരനെ 'നീ കുന്നംകുളം ഇല്ലാത്ത മാപ്പ് വില്‍ക്കും അല്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി തിരിച്ചു പോന്നു.
ദിവസവും ഓരോ പേന വീതം വഴിയില്‍ കളയുന്ന എനിക്ക് ഈ പുതിയ അംഗത്തെ കളയാതിരിക്കാന്‍ എക്സ്ട്ര കെയര്‍ എടുക്കേണ്ടി വന്നു .
ഒരാഴ്ചക്ക് ശേഷം ഒരു മീറ്റിങ്ങിനു പോകേണ്ടി വന്നു  വിശാലമായ കോണ്‍ഫറനസ്   റൂം. എത്തിയ  ഉടന്‍ തന്നെ ഞാന്‍ മൊബൈല്‍ സൈലന്റ് ആകി മേശപ്പുറത്തു വെച്ചു. കൂടെ ഗ്ലാസും .ഇതു ഈയിടെ ആയി ചെയ്തുവരുന്ന ഒരു ആചാരമാണ്‌. മൊബൈല്‍ കൂടെ ഉണ്ടെങ്കില്‍ ഗ്ലാസ് മറക്കില്ലല്ലോ?
നേരെ മുന്നില്‍ കമ്പനി മാനേജര്‍ , എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി
  തരുണീ മണി.
എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും.
  തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.
' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട
 ഇങ്ങനല്ല.  പക്ഷെ കമ്പനി  ബോസ്സ് തന്നെ.  എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ്   ഉണ്ട്. അതിന്‍റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു  വെച്ചില്ലെങ്കില്‍  ഈ ഗ്രോത്ത്  തൊലിയില്‍  ഉരയും. ഈ  പുതിയ കണ്ണടക്കു അതില്ല. ഞാന്‍ സൂക്ഷിച്ചു നോക്കി. കോളടിച്ചു !
" എന്റെ കൈയില്‍ ഇരിക്കുന്നത്
 സാക്ഷാല്‍  ഒറിജിനല്‍ ബോസ്സ്. ഹോ"
അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ
  ഫിലിപ്പീനി പെണ്ണ്,  എന്റെ തൊട്ടടുത്ത്‌ ചാഞ്ഞിരുന്ന മാന്മിഴിയാള്‍, അവളും  ഒരു ഗ്ലാസ് വെച്ചിരുന്നു. അവള്‍ ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.
'സാരല്ല്യ, പാവം അവള്‍ തല്‍ക്കാലം
 കുന്നംകുളത്തുകാരിയായി വിരാജിക്കട്ടെ.'
 അങ്ങനെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ'  എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .
സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്‍റെ പടികടന്നെത്തുന്നു
  ഒരു മഗന്ത സ്വരം 
" ലോ മൈ ഫ്രണ്ട്, മൈ ഗ്ലാസ്‌ ഈസ്‌ വിത്ത്‌ യു . എടാ ചക്കരകുട്ടാ, ആ ഗ്ലാസ് തിരിച്ചുതാട."
ഞാന്‍ പറഞ്ഞു 'അമ്പതു കിലോമീറ്റര്‍ വന്നു ഗ്ലാസ്‌  തരുക എന്നത് ഇശ്ശി ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞാത്തോലെ'
' എന്നാല്‍ നോം അങ്ങട് വരാം. എവിടെയാ തിരുമേനി താമസം? '
ലവള്‍ എന്റെ താമസ സ്ഥലത്തേക്ക്
  ????????
ഞാനും ചേച്ചിയും അളിയനും താമസിക്കുന്ന ഫ്ലാറ്റിലേക്ക്
  ഒരു പെണ്ണ് അതും ഒരു ഫിലിപ്പീന  അന്നൊരിക്കല്‍ തിരക്കിനിടയില്‍ കൂളിംഗ് ഗ്ലാസ് മാറിപ്പോയി എന്ന് പറഞ്ഞു വന്നാല്‍ ... ഹോ അതോര്‍ക്കാന്‍ വയ്യ. പണ്ടേ അളിയന്റെ കണ്ണിലെ നോട്ടപ്പുള്ളിയാണ് നോം.
ഞാന്‍ വേഗം പറഞ്ഞു ' മനാമയിലെ ഏതെങ്കിലും റെസ്ടോറണ്ടില്‍ വെച്ചു താലം
 കൈമാറാം
ഒകെ എന്ന് അവളും !
വൈകുന്നേരം കൃത്യസമയത്ത് അവള്‍ പറഞ്ഞ റെസ്ടോറണ്ടില്‍ എത്തി. മുട്ടുവരെ എത്തുന്ന മുണ്ടും നേര്യേതും എടുത്തു അവള്‍ നേരത്തെ
  ഹാജര്‍. എനിക്ക് വേണ്ടി ഏതോ ഒരു മൃഗത്തിന്റെ  സാന്ഡ്വിച്ചും  അവള്‍ ഓര്‍ഡര്‍ ചെയ്തു. എരിവും പുളിയും ഒന്നുമില്ലാത്ത ആ കൂതറ ഫുഡ് കഴിച്ചു കൊണ്ടിരിക്കെ ഞാന്‍  പറഞ്ഞു
'ഗ്ലാസ്‌
  മാറിയ കാര്യം സത്യായിട്ടും നോം അറിഞ്ഞില്ല"
'എനിക്കും മനസിലായില്ല. ബട്ട്‌ ഈ ഗ്ലാസിന്റെ  ( കൂതറ എന്ന പദത്തിന് തത്തുല്യമായ ഒരു മുഖഭാവം പ്രകടിപിച്ചു കൊണ്ട്) കാലില്‍ ഉള്ള എഡ്ജ് കൊണ്ട് എന്റെ ചെവിയില്‍ മുറിവുണ്ടായി '
'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.
' ഇതു ഒറിജിനല്‍ അല്ലല്ലേ,
   നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ്   ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ്
  തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍  ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ്  അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ  ആള്‍ക്ക്  റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു  തെറ്റാണോ ?'
'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള്‍ ചിരിച്ചു.
'പോടി
  പുല്ലേ ,  ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ്  മേരാ  ഭാരത്‌,  അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍,  കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്‍റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള്‍ ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള്‍ ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .
ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!
 '   പുല്ലേ' എന്ന ഭാവത്തില്‍  സുരേഷ് ഗോപിയെപ്പോലെ ഞാന്‍ ഇരുന്നു.  പിന്നെ പതുക്കെ
'അപ്പൊ ചക്കരെ
  ഞാന്‍ ഇറങ്ങട്ടെ' എന്ന് അവളോട്‌ ചോദിച്ചിട്ട് എണീക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
'ഇനി ഞാനൊരു സത്യം പറയാം .'
'വേഗം പറഞ്ഞു തുലയ്ക്ക്'
'എന്റെ ഗ്ലാസ് ഒറിജിനല്‍ ഒന്നും അല്ല മെയിഡ് ഇന്‍ മനില '
'ഹോ? '
'ഇരുനൂറു പെസോ
  കൊടുത്തു നാട്ടില്‍ നിന്നും കൊണ്ട്വന്നതാ. നിന്‍റെ ഗ്ലാസ് കിട്ട്യപ്പോള്‍ നീ ഒരു എന്‍ജിനിയര്‍ അല്ലെ  ഒറിജിനല്‍ ആവും എന്ന്  കരുതി സന്തോഷിച്ചു എന്റെ ബോയ്‌ ഫ്രണ്ടിനു ഗിഫ്റ്റ് കൊടുത്തു  . അവന്‍റെ ചെവിയാ മുറിഞ്ഞത് ..അപ്പോളാ  ഇതു നിനക്ക് തന്നെ തന്നു എന്റെ ബെറ്റര്‍ കോപി വാങ്ങാം എന്ന് തീരുമാനിച്ചത് '
'എടി ഭയങ്കരീ!!! എന്നാലും ഒരു മലയാളിയായ എന്റെ അഭിമാനടവറില്‍
  നീ  വിമാനം കൊണ്ടിടിച്ചല്ലോ'
ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാന്‍ ഇറങ്ങി ആ കണ്ണടയും വെച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഒന്നോര്‍ത്തു.
"
  കുന്നംകുളം അത്ര മോശം സ്ഥലം ഒന്നും  അല്ലാട്ടോ,  ഇതേപോലെ വേറെയും സ്ഥലങ്ങള്‍ ഈ ഭൂമുഖത്തുണ്ട് അറ്റ്‌ ലീസ്റ്റ് മനിലയിലെങ്കിലും ..."

Thursday, July 14, 2011

മലയാളമെന്നൊരു നാടുണ്ട് ..!


'തൊഴില്‍ രഹിതര്‍ അവിടില്യ എന്ന് തനിക്കു നിശ്ചയാണോ  ?'
'അങ്ങനെ 916  നിശ്ചയം ഒന്നും ഇല്ല . പക്ഷെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ  അപേക്ഷിച്ച് തൊഴില്‍രഹിതര്‍  കുറവാണ്.'
'എനിക്കങ്ങട്  വിശ്വാസം വരുന്നില്ലല്ലോ ? അത്രയും വികസനമോ? അതിനുമാത്രം  വ്യവസായങ്ങളോ  ? '
'വ്യവസായം ഉണ്ടെങ്കിലെ തൊഴില്‍ വരൂ?'
'വ്യവസായം ഇല്ലാതെ പിന്നെ എന്ത് ചൊട്ട്‌വിദ്യ ആണ് ആ  നാട്ടില്‍ ?'
'സ്വയം തൊഴില്‍ തന്നെ ഒരു പാടുണ്ട് മാഷേ'
'സ്വയം തൊഴിലോ ? യു മീന്‍ ഗ്രാമസ്വരാജ്, എന്റെ ദേഹം പുളകം കൊള്ളുന്നു ..നമ്മടെ രാഷ്ട്ര പിതാവിന്റെ അഭീഷ്ടം അല്ലേ അത്? '
'അങ്ങനങ്ങ് കാട് കയറാന്‍ വരട്ടെ. രാഷ്ട്രപിതാവ് ഇങ്ങനെ വിഭാവനം ചെയ്തു കാണില്ല'
'അതെന്താടോ അങ്ങനെ പറഞ്ഞത് ? തൊഴിലുകള്‍ സ്വയം സൃഷ്ടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് മഹത്തരം അല്ലേ. അതിരിക്കട്ടെ എന്ത് തൊഴിലുകള്‍ ആണ് ഇവര്‍ സൃഷ്ടിക്കുന്നത്? ചര്‍ക്ക കൊണ്ട് നൂല്‍ നൂറ്റു  ഖാദി? '
'ഹി ഹി ചര്‍ക്ക പോലും! മാഷെ,  ആദ്യം സമാന ചിന്ത പ്രായം മൊബൈല്‍ എന്നിവ ഉള്ള കുറച്ചു പേരെ കണ്ടുപിടിക്കും .എന്നിട്ട്  അങ്ങട് തൊഴില്‍ തുടങ്ങും '
' അതെന്തു തൊഴില്‍? '
' കുറെ തരം തൊഴില്‍ ഉണ്ട് മാഷെ' '
'ഒരു ഉദാഹരണം പറ '
' ഒന്ന് ഫാന്‍സ്‌ അസോസിയേഷന്‍'
'എന്ന് വെച്ചാല്‍?? '
അവടത്തെ മുന്ത്യ സിനിമാ നടന്മാരുടെ പടം ഇറങ്ങുമ്പോള്‍ ആണ് ഈ തൊഴില്‍ ചെയ്യേണ്ടത് . അവരുടെ ഫ്ലുക്സ് വെച്ചു പൂജിക്കുക പടത്തില്‍ പാലഭിഷേകം നടത്തുക, തീയേറ്ററില്‍ നൃത്തം ചെയ്യുക, ആദ്യദിവസങ്ങളില്‍ തിക്കി തിരക്ക് കൂട്ടുക, പടം ഒരു സംഭവമാണ്  എന്ന് വരുത്തി തീര്‍ക്കുക. എതിര്‍ നടന്റെ പടം കൂവി തോല്‍പ്പിക്കുക തുടങ്ങിയ പണികള്‍ .'
' ഇതൊരു തൊഴില്‍ ആണോ ? നല്ല സിനിമ ഉണ്ടെങ്കില്‍ ആരും നൃത്തം വെച്ചു പോകില്ലേ ? '
'അതിനു സിനിമ നന്നായിട്ട് വേണ്ടേ?ഈ പടം കാണുന്നതിനു തന്നെ കാശു ഇങ്ങോട്ട് തരണം അപ്പോള്‍  കഷ്ടപ്പെട്ട്  നൃത്തം ചെയ്യല്‍, കൈയടി എന്നിവ നടത്ത്തുന്നവരുറെ കാര്യം പറയണോ ? മിനിമം മുന്നൂറു  രൂപ മിനുങ്ങാന്‍ ഉള്ളത് വേറെ. ഇതേ ടീമിനെ തന്നെ നാളെ രാഷ്ട്രീയ പാര്‍ട്ടികള്‍  ശക്തി പ്രകടനം നടത്തുമ്പോള്‍  അണികളായി ഇറക്കാം '
'ഇതൊക്കെ ഒരു തൊഴിലാണോ?'
'ഇതും തൊഴിലാണെടോ . ഇതു പോലെ വേറെ പല ഓപ്ഷന്‍സും ഉണ്ട്. വേണേല്‍ മണലിനു എസ്കോര്‍ട്ട് പോകാം. മല മാന്തിപ്പോ ളിക്കുന ടിപ്പറിനു  സിഗ്നല്‍ കൊടുക്കാന്‍ അങ്ങാടിയില്‍ ചാരപ്പണി ചെയ്യാം'
'എന്തിനാ എസ്കോര്‍ട്ട്? എന്തിനാ സിഗ്നല്‍ ?'
'എന്റെ മാഷെ പോലിസിനെ പറ്റിക്കാന്‍'
'അതൊക്കെ നിയമ വിരുദ്ധമല്ലേ?'
'ഹി ഹി '
'വേറെ നല്ല ജോലിയൊന്നും ഇല്ലേ ? '
'ഇതിലും നല്ല ജോലി കൊട്ടേഷന്‍ പണിക്കു പോകുകയാ. കൈ വെട്ടു,കാല്‍ വെട്ടു, തല വെട്ടു അതിനനുസരിച്ച് പ്രതിപലം കിട്ടും'
'ആളെക്കൊല്ലുകയോ?, അന്തസ്സുള്ള വേറെ ജോലി എന്തെങ്കിലും ?'
'ഓ, അന്തസ്സ് അത്തരം ജോലികളും ഉണ്ട്. ഉദാഹരണത്തിന് രാവിലെ ഒരു ടൈ കെട്ടി ഇറങ്ങുക. ഫുള്‍ എക്സിക്കുടിവ്.'
'ഹോ, അപ്പോള്‍ നല്ല ജോലിയായിരിക്കും അല്ലേ ?'
'മുഴുവന്‍ പറയട്ടെ  മാഷെ. എന്നിട്ട് വീടുകളില്‍ കയറി പറയുക' ഉത്തര കൊറിയയില്‍ ഞങ്ങള്‍ സ്ഥലം വാങ്ങിയിട്ടുണ്ട് പത്തു കൊല്ലം കഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില പത്തിരട്ടി ആവും. അത് കണ്ടു ഇപ്പോള്‍ നിങ്ങള്‍ ഷെയര്‍ എടുക്കു. കൂട്ടുകാരെ ചേര്‍ക്കു, ലാഭം കമ്മീഷന്‍, ബോണസ് ഇവ കുമിഞ്ഞു കൂടും ടപ്പേ എന്ന് പറഞ്ഞു കാശു കൈയില്‍ വരുംഎന്നൊക്കെ കാച്ചൂ'
'അതിനു ഉത്തര കൊറിയയില്‍ സ്ഥലം കിട്ടുമോ ?'
'എന്റെ മാഷെ, ആര് സ്ഥലം വാങ്ങുന്നു? അങ്ങ് വെച്ചു കാച്ചുക'.
'ആളെ പറ്റിക്കല്‍ അല്ലേ അത്?'
'പക്ഷെ വേഷം എക്സികുടിവ് ആണ്.ഇതൊക്കെ ആണ് ഇവിടെ അന്തസുള്ള ജോലികള്‍ . ഇനി കൊറിയയിലെ സ്ഥലം എന്ന ഐഡിയ ഏറ്റില്ലെങ്കില്‍  അല്ലെങ്കില്‍ ചന്ദ്രയാന്‍ ദൌത്യത്തിന് ഷേയര്‍, അമേരിക്കന്‍ ലോട്ടറി , കൊച്ചിയില്‍ ഫ്ലാറ്റ്, കാന്‍സറിന്റെ മരുന്ന് അങ്ങനെ പല നമ്പരുകളും ഇറക്കു . മേലനങ്ങാതെ പണം കിട്ടും എന്നറിഞ്ഞാല്‍ ആ നാട്ടുകാര്‍ എന്ത് എടാകൂടവും എടുത്തു തലയില്‍ വെക്കും.'
'പോലീസ് പിടിക്കില്ലേ ? '
'എവിടെ? പോലീസുകാരെ പാര്‍ട്ണര്‍മാരാക്കാം ' 
'ഇതൊക്കെ ആണുങ്ങള്‍ക്കുള്ള തൊഴിലുകള്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ?'
'ഹോ ആണുങ്ങള്‍ക്കുള്ള  തൊഴിലുകള്‍ കിട്ടാനാണ് ബുദ്ധിമുട്ട്. പെണ്ണുങ്ങള്‍ക്ക്‌ തൊഴില്‍ എളുപ്പമല്ലേ ആ നാട്ടില്‍. നാലു വയസുമുതല്‍ നാനൂറു വയസ്സുളര്‍ക്ക് വരെ ഡിമാണ്ട് ഉള്ള  തൊഴില്‍ അവിടെ ഉണ്ട്. '
'അതെന്തു തൊഴില്‍ ?'
'വാസവദത്ത ലൈന്‍!!!'
'ശിവ! ശിവ !'
'ഒരു ശിവനേം വിളിക്കേണ്ട. പെണ്‍പ്രജകള്‍  പുറത്തിറങ്ങിയാല്‍ ആണ്‍പ്രജകള്‍   വളച്ചെടുത്തോ തട്ടിയെടുത്തോ കൊണ്ട് പോകും സീരിയല്‍ എന്നും സിനിമ എന്നും  ഒക്കെ പറഞ്ഞു നാടുമുഴുവന്‍ കറങ്ങും . പിന്നെ പുഷ്പം പോലെ വലിച്ചെറിയും . പത്രക്കാര്‍ പോലീസുകാര്‍ ഇവര്‍ എങ്ങാനും അറിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ ഒരു പദപ്രശ്നത്തിനുള്ള വകയായി . വലതു നെറ്റിയില്‍ മുറിവുള്ള നടന്‍, കുടവയറുള്ള പോലീസുകാരന്‍, മുണ്ടുടുക്കുന്ന എം എല്‍ എ എന്നൊക്കെ ക്ലു സമയാസമയങ്ങളില്‍ ഫേസ്ബുക്കില്‍ കിട്ടും ' 
'ഒന്നും മനസിലാവുന്നില്ലല്ലോ ??'
'അതിരിക്കട്ടെ ചോദിയ്ക്കാന്‍ മറന്നു താന്‍ ആ നാട്ടുകാരനല്ലേ ?  '
'ഞാന്‍ ആ നാട്ടുകാരനായിരുന്നു. പണിയില്ലാതെ പത്തു കൊല്ലം മുന്‍പ് അറബി നാട്ടില്‍ പോയതാ .'
'വല്ലതും സബാദിച്ചോ ?'
'കുറെയേറെ, പ്രഷര്‍, ഷുഗര്‍, കഷണ്ടി , നര അങ്ങനെ പലതും'
'ഹ, ഹ, അതോണ്ട തനിക്കു ആ നാടിന്റെ അവസ്ഥ മനസിലാകാത്തത് . പുവര്‍ ആട്ജീവിതംസ്'. '
'നാടിന്റെ ഈ അവസ്ഥ കണ്ടിട്ട് നിരാശ തോന്നുന്നു .'
'അതെയോ? അതിനും വഴിയുണ്ട് .ആ നാട്ടില്‍ ചെന്നാല്‍  സര്‍ക്കാര്‍ വക ബിവറെജു കടക്കു മുന്നില്‍  കാണുന്ന നീണ്ട ക്യുവില്‍ ഒരു മണിക്കൂര്‍ നിന്നാല്‍ നിരാശ മാറ്റാനുള്ള നല്ല സൊയമ്പന്‍ സാധന കിട്ടും. അതാണ്‌ അവിടുത്തെ ആചാരം.'
'അപ്പോള്‍ താന്‍ കൂടെ വാ ഒരു ധൈര്യത്തിന്  ?'
'ഏയ് എനിക്ക് മോളെ സ്വാശ്രയ കോളേജില്‍ മെഡിസിന് ചേര്‍ക്കണം എന്‍ ആര്‍ ഐ കോട്ടയില്‍ '
'അതിനു താന്‍ എന്‍ ആര്‍ ആയി ആണോ ?'
'ഹും ഇത്തരം ചോദ്യങ്ങള്‍ വേണ്ട . ഞാന്‍ ഒന്ന് ചോദിക്കട്ടെ , പത്ത് കൊല്ലം എന്‍ ആര്‍ ഐ  ഇരുന്ന തനിക്കു പറ്റുമോ അമ്പതു ലക്ഷം കൊടുത്തു മക്കളെ എന്‍ ആര്‍ ഐ കോട്ടയില്‍ ചേര്‍ക്കാന്‍ ?'
'ഇല്ല'
'എന്നാല്‍ മിണ്ടാതെ ക്യുവില്‍ നിന്നു കിട്ടുന്നത് വാങ്ങിച്ചു അടിച്ചു  വീട്ടില്‍ പോകാന്‍ നോക്കു ആടുജീവിതമേ ..'

Monday, June 13, 2011

ജയ ജയ ഹേ മഹിഷാസുര മര്‍ദ്ദക



"നാലര കന്നു കെട്ടിയിരുന്ന തൊഴുത്താ,  ഇപ്പോള്‍ വന്നു വന്നു  രണ്ട് ചാവാലി പോത്തുകള്‍ മാത്രമായി. അതും ഇനി എത്ര കാലത്തേക്ക് ?"
 
രാവിലെ മേനോന്‍സ് ആവലാതികളുടെ   കെട്ട് തുറക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അടുത്ത  കമന്റ് ഉണ്ണിക്കുട്ടന്‍ പ്രതീക്ഷിക്കും.
" നിന്റെ ഒക്കെ കാലമാവുമ്പോഴേക്കും ഇവിടെ പുല്ലു മുളക്കില്ല"
 
 ഉണ്ണിക്കുട്ടന്‍ അല്പം ലേറ്റ് ആയി എണീക്കുന്ന ദിവസങ്ങളിലെല്ലാം  ഈ കമന്റ് അശരീരി പോലെ ഉയര്‍ന്നു വരും . ലേറ്റ് ആയി  എണീക്കുന്നതും     കന്നിന്റെ  എണ്ണം കുറയുന്നതും തമ്മില്‍ എന്ത് മാത്തമറ്റിക്കല്‍      റിലേഷന്‍? ഉണ്ണിക്കുട്ടന്‍ ജനിച്ചതിനു ശേഷം കന്നിന്റെ എണ്ണം കുറഞ്ഞു എന്ന് പറയാന്‍ മേനോന്സിനു കഴിയില്ല. കാരണം ജനിക്കുന്നതിനു മുന്‍പ് തന്നെ രണ്ടു പോത്തുകളെ ഉള്ളു.  മിക്കവാറും മേനോന്സിന്റെ പിതാശ്രീ അങ്ങേര്‍ക്കു നല്‍കിയ വിശേഷണം ഉണ്ണിക്കുട്ടന് പതിച്ചു നല്കുകയാവും. മുത്തച്ചന്‍  പത്തേക്കര്‍ ലാന്‍ഡ്‌ പതിച്ചു നല്‍കുകയാണെങ്കില്‍ ഒകെ.  ഇത്തരം വിശേഷണങ്ങള്‍ ആണ് തരുന്നതെങ്കില്‍ ...
 
കണ്ണ് തിരുമ്മിക്കൊണ്ട് ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍ മേനോന്‍സ് പോത്തുകളോട് കഥ പറഞ്ഞു പാടത്തേ ക്കിറങ്ങും.
 
മേനോന്സുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഒരു മേഖലയാണ് ഈ പോത്ത് വളര്‍ത്തല്‍. വേറെ എന്തൊക്കെ മൃഗങ്ങള്‍ ഉണ്ട്? ഒരു കുതിരയ വളര്‍ത്തിക്കൂടെ? അങ്ങനെ ആണെങ്കില്‍ ദിവസവും അഞ്ചാം ക്ലാസിലെ നിത്യയെ മുന്നിലിരുത്തി ഒരു വടക്കന്‍ വീരഗാഥ അഭിനയിക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു പോമറേനിയന്‍ പട്ടി. അതും ഒരു വിധം പെണ്‍കുട്ടികളുടെ വീക്നെസ് ആണ്. ഒന്നും വേണ്ട; ഒരു ദിനോസര്‍ ആയാലും മതി. സന്ദീപിന്റെയും വികാസിന്റെയും വീട്ടില്‍ പോലും അതില്ല . പക്ഷെ മേനോന്സിനു വളര്‍ത്താന്‍ കണ്ടത് ബ്ലഡി  പോത്ത്സ്..
കാലന്റെ വാഹനമാണ് പോത്ത് എന്ന് രുക്കുവമ്മ പറഞ്ഞു തന്നതോടെ ഉണ്ണിക്കുട്ടന്‍ ആകെ വറീദ് ആയി. നല്ല വല്ല ദൈവങ്ങളുടെ വാഹനങ്ങളെ വളര്ത്തികൂടെ ഇങ്ങേര്‍ക്ക്? മേനോന്സിന്റെ കഥകളില്‍ വാണിയംകുളം, പെരുമ്പിലാവ് തുടങ്ങിയ കാലി ചന്തകളുടെ  വര്‍ണന കേള്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന് ചിരി വരും .മേനോന്റെ കാടാമ്പുഴയാണ് പെരുമ്പിലാവ്. അങ്ങേരുടെ ഗുരുവായൂര്‍ വാണിയംകുളവും. 
 
 ഒരു ദിവസം ക്ലാസില്‍ വെച്ച് അനൂപ്‌ എല്ലാവരും കേള്‍ക്കെ  അത്  ചോദിച്ചു.
" ഡാ, നിന്റെ അച്ഛന്‍ ഇന്നലെ രണ്ടു പോത്തിനേം കൊണ്ട് പോകുന്നത് കണ്ടല്ലോ. അത് നിന്റെ വീട്ടിലെ പോത്തുകള്‍ ആണോ? "
 
" പോത്തുകളോ എന്റെ അച്ഛനോ? ഏയ് ആവാന്‍ വഴിയില്ല. അത് തെങ്ങുകയറ്റക്കാരന്‍ മുരുഗന്റെ വീട്ടിലെ പോത്തുകള്‍ ആവും. ഞങ്ങളുടെ വാഴകൃഷി തിന്നപ്പോള്‍ അച്ഛന്‍ അട്ടി ഓടിച്ചു എന്ന് പറഞ്ഞിരുന്നു. അയ്യേ! വൃത്തികെട്ട  ജന്തുക്കള്‍. അച്ഛന് ഞങ്ങളുടെ വീട്ടിലെ  രണ്ടു ഡോബര്‍മാന്‍മാരെ കുളിപ്പിക്കാന്‍ തന്നെ ടൈം ഇല്ല. എപ്പോളും  പോമറെനിയന്‍   കൂടെ കാണില്ലേ ? "
 
അല്പം ഉറക്കെതന്നെ ഇത് പറഞ്ഞോപ്പിച്ചപ്പോള്‍  ഒന്നാം ബെഞ്ചിലെ അഷിതയുടെ കണ്ണുകള്‍ വിടര്‍ന്നു. രണ്ടാം ബെഞ്ചിലെ സരിതയും സംഗീതയും ഉണ്ണിക്കുട്ടന്റെ അടുത്ത് ഓട്ടോഗ്രാഫിനായി  ബഹളം കൂട്ടി. അനൂപിന്റെ ആപീസ് പൂട്ടി.
 
" ഉണ്ണിക്കുട്ടാ ആ പോമറെനിയനെ ഒന്ന് കാണിച്ചു തരാമോ?സ്പോര്‍ട്സ് ഡേക്കു    അതിനെ കൂടി ഒന്ന് കൊണ്ട് വരാമോ? "

ചോദ്യം ഇരട്ടകളായ സരിതയും സംഗീതയും ഒരുമിച്ചു . പരട്ടകള്. പോമറെനിയനെ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലേ? കട്ടപ്പാര വരുന്നത് കണ്ടു ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
"അതിനെന്താ? സ്പോര്‍ട്ട് ഡേ ആവട്ടെ"

'അന്ന് മുങ്ങണം എന്നിട്ട് വയറു വേദന എന്ന് കള്ളം പറയാം.' ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.
 
മകരക്കൊയ്ത്ത്  കഴിഞ്ഞാല്‍ പാടങ്ങള്‍ ഉണങ്ങി വരളും . അപ്പോള്‍ മേനോന്സിനു ടെന്‍ഷന്‍ തുടങ്ങും ഉണ്ണിക്കുട്ടന്‍ കൊല്ലപരീക്ഷ പാസാവില്ലേ  എന്ന ടെന്‍ഷന്‍ അല്ല. ഒന്നിനുമാത്രം പോന്ന രണ്ടു പോത്തുകളെ എങ്ങനെ തീറ്റിപോറ്റും   എന്ന ടെന്‍ഷന്‍.അപ്പോള്‍ മേനോന്‍സ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങും.
 
'ആ രാഘവന്‍റെ  കണ്ടത്തില്‍ നല്ല പുല്ലുണ്ട്. ഇന്ന് അവിടെ കൊണ്ട് പോകാം. '  മേനോന്‍സ് ഉണ്ണിക്കുട്ടനെ നോക്കി പ്രസ്താവിച്ചു കളയും. ചുമ്മാതല്ല ഈ പ്രസ്താവന,  സ്കൂളടച്ചാല്‍ ‍ വീട്ടില്‍  ചൊറിയും  
കുത്തിയിരിക്കുന്ന ഉണ്ണിക്കുട്ടന്‍ അസിസ്റ്റന്റ് ആയി  പോണം. മേനോന്‍സ് മുന്നില്‍, മേനോന്റെ പ്രിയ കാരിപ്പോത്ത് തൊട്ടു പിന്നില്‍, അതിനു പിറകില്‍ മടിയന്‍ ചെമ്പന്‍ പോത്ത്, അതിനു പിറകില്‍ ഉണ്ണീസ്  എന്ന ഗ്ലാഡിയെട്ടര്‍...

ചിലപ്പോള്‍ മേനോന്‍സ് കണ്ടുവെക്കുന്നത് കുറെ ദൂരെ ഉള്ള സ്ഥലങ്ങള്‍ ആവും. അപ്പോളും ഉണ്ണിക്കുട്ടന് ലക്ഷമണന്റെ  വിധി .
 
"നാലാള് കണ്ടാല്‍ മാനം പോവുമല്ലോ തേവരെ. നാളെ ഇനി വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി അന്യജാതിക്കാരിയുറെ  കൈ പിടിച്ചു വരുമ്പോള്‍ കുറച്ചു നേരം മുന്‍പേ വരമ്പത്ത് നിന്ന സുബ്രു പറയുമല്ലോ 'ഈ ചെക്കന്‍ ഇവടെ മൂക്ക് ഒലിപ്പിച്ചു  പോത്തിനെ തെളിച്ചു നടന്നവനല്ലേ?അവന്റെ സമയം' എന്ന്.
"ശ്ശോ അന്നുണ്ടാവാന്‍ പോകുന്ന മാനക്കേട്‌. "
ഇപ്പോള്‍ ഒരു കുതിരയാണെങ്കില്‍ ഇതേ സുബ്രു തന്നെ നാളെ പറയും 'ജന്മന അവന്‍ പ്രമാണിയാ.'
 
എന്ത് ചെയ്യും? മേനോന്സിനു എന്ന് നല്ല ബുദ്ധി തോന്നും?
 
ഇത്തരം ചിന്തകള്‍  അധികമാവുമ്പോള്‍ ഉണ്ണിക്കുട്ടന്‍ രുക്കുവമ്മയുറെ  അടുത്ത് കമ്പ്ലൈന്റ് പറയും. രുക്കുവമ്മയാകട്ടെ  അപ്പോള്‍  ശിവ് ഖേര സ്റ്റൈലില്‍  'പവര്‍ ഓഫ് പോസിടിവ് തിങ്കിംഗ്' എന്ന സബ്ജെച്ടില്‍ ക്ലാസ് എടുക്കും . 'നമ്മുടെ കണ്ണന്‍വരെ കാലിചെറുക്കന്‍  ആയിരുന്നു. എന്നിട്ടെന്തു പറ്റി? ലോകം മുഴുവന്‍ കണ്ണനെ ഇഷ്ടപെട്ടില്ലേ ? "

ഉടന്‍ ഉണ്ണിക്കുട്ടന്റെ മറുചോദ്യം. "കണ്ണന്റെ കോണ്ടക്സ്റ്റില്‍ കാലി എന്നത് പശുവാണ് . ഇവിടെ പോത്തും. പശു പണ്ടേ ആളുകളുടെ വീക്നെസ് ആണ്.  മേനോന്സിനു പശു വളര്‍ത്തി എന്നെ ഒരു കണ്ണനായി അപ്ഗ്രേഡ്   ചെയ്തു കൂടെ ? ഇത് ഒരു പോത്തും കലപ്പയും. "
 
"മോനെ കലപ്പ ബലരാമന്റെ ആയുധമാണ് കൃഷിക്കാര്‍ അതിനെ ബഹുമാനിക്കണം "
" ഒന്ന് പോ അമ്മെ, യുധിഷ്ടിരന്റെ    ‍  ആയുധം കുന്തം ആണ് എന്ന് കരുതി രാഷ്ട്രീയക്കാര്‍  രാവിലെ കുന്തവും  പിടിച്ചാണോ നിയമസഭയില്‍ പോകുന്നത്?  "

മറുചോദ്യം കേട്ട് രുക്കുവമ്മ ഞെട്ടി. കുരുത്തംകെട്ടവന് പുരാണം പറഞ്ഞു കൊടുത്തത് അബദ്ധായി എന്ന ഭാവത്തില്‍ ഒറ്റ നോട്ടം .
 
"ഹാജ്യരുടെ പൂട്ടാതെ കിടക്കുന്ന കണ്ടത്തില്‍ നല്ല പുല്ലു . ഒരാഴ്ച അവിടെ തീറ്റാം  പോത്തുകളെ" . മേനോന്സിനെ പുതിയ വിജ്ഞാപനം കൈപ്പറ്റി  ഉണ്ണിക്കുട്ടന്‍  തരിച്ചു നിന്നു.
 
രണ്ടാണ് കാരണം. ഒന്ന് ഹാജ്യരുടെ കണ്ടത്തിലേക്ക്‌ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. അത്രയും പോത്തുകളോടൊപ്പം നടന്നു തിരിച്ചു വരണം. അത് പോട്ടെ . ലൈഫ് ബോയ്‌ തേച്ചു കുളിക്കുന്നത് കൊണ്ട് തന്തുരുസ്തി   കൂടെ ഉണ്ട് . പക്ഷെ രണ്ടാമത്തെ പാരയാണ്  കടുപ്പും. സരിതയും സംഗീതയും ടുഷന്‍ പഠിക്കാന്‍ പോകുന്ന വാസന്തി ടീച്ചരുറെ  വീടിനടുത്താണ് ഈ വിശ്വവിഖ്യാതമായ  കണ്ടം .
 
ആദ്യ ദിവസം പോത്തുകളെ കണ്ടത്തില്‍ വിട്ടു ഉണ്ണിക്കുട്ടന്‍ പരിസരം വീക്ഷിച്ചിരുന്നു. പത്ത് മണിയുടെ കെ. കെ. ബി കുന്നംകുളത്തേക്ക്  പോകുന്ന നേരം ആയപ്പോള്‍ ദൂരെ നിന്നു സംഗീതയും സരിതയും അടിവച്ചു വരുന്നത്  കണ്ടു. മേനോന്‍സ് അല്പം അകലെ തോട്ടത്തില്‍ പണിയെടുക്കുന്ന ശങ്കരേട്ടനുമായി ബടായി സെഷന്‍ നടത്തുന്നു. പോത്തുകള്‍ പുല്ലില്‍ കൊന്സേന്ട്രറ്റ് ചെയ്യുന്നു. തരുണികള്‍  അടുത്ത് എത്തിയതും ഉണ്ണിക്കുട്ടന്‍ ശങ്കരെട്ടന്റെ വാഴത്തോപ്പില്‍ കയറി. മേനോന്‍സ് ചോദിച്ചപ്പോള്‍ ഒന്നിന് പോകുകയാണ് എന്ന് പറഞ്ഞു. അവര്‍ ട്യുഷന്‍ തിരിച്ചു വരുമ്പോഴേക്കും പോത്തുകള്‍ പുല്‍സെഷനും മേനോന്‍സ് ബടായി സെഷനും ഫിനിഷ് ചെയ്തു വീട്ടിലേക്കു പോന്നു.
പിറ്റേന്ന് രാവിലെ മേനോന്‍സ് ഉണരുന്നതിനു മുന്‍പ് തന്നെ പോത്തുകള്‍ മുദ്രാവാക്യം വിളി തുടങ്ങി .
 
"ധീര, വീര, മേനോന്സേ,
ധീരതയോടെ നയിചോളു,  
പോത്തുകള്‍ ഞങ്ങള്‍ പിന്നാലെ'
 
എന്ന മുദ്രാവാക്യം കേട്ട് ഉണ്ണിക്കുട്ടന്‍ ഉണരന്നത്.
 
ഹാജ്യരുടെ പുല്ലു അവറ്റകള്‍ക്ക് വല്യ ഇഷ്ടമായ പോലെ. ഉണര്‍ന്നു മുറ്റത്തു വന്നപ്പോള്‍ ആണ് രാത്രി ചെറിയ മഴ പെയ്ത കാര്യം ഓര്‍ത്തത്,
പോത്തുകളെ പുറത്തിറക്കാന്‍ നേരത്ത് മേനോന്‍സ് സ്ടാട്യുട്ടറി വാണിംഗ് തന്നു. " പുതുമണ്ണിന്റെ മണം ഉള്ളതാ, പോത്തുകളുടെ  അഡ്രിനാലിന്‍ കണ്ടെന്റ്  കൂടും. മൂക്ക്കയര്‍ പിടിചോളണം. "
 
 " ഹോ ഉണ്ണിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ മേനോന്‍ തീറ്റി വളര്‍ത്തുന്ന  ഈ പോത്തുകള്‍ക്കാവില്ല മേനോനെ" എന്ന് പറഞ്ഞു ഉണ്ണിചെകവര്‍.
 
രണ്ടാം ദിവസം,ലൊക്കേഷന്‍ ഹാജ്യരുടെ കണ്ടം. മേനോന്‍സ് പതിവുപോലെ വഴിയില്‍ കണ്ട ആരോടോ  കഥ പറയുന്നു. പോത്തുകള്‍ തീറ്റയില്‍  മുഴുകി. ഉണ്ണിക്കുട്ടന്‍ വിദൂരതയില്‍ കണ്ണ് നട്ട്.. അല്‍പനേരം കഴിഞ്ഞപോള്‍ ദൂരെ സരിത, സംഗീത എന്നിവര്‍ വരുന്നു. ഉണ്ണിക്കുട്ടന്‍ വഴത്തോപ്പില്‍ ഒളിച്ചു പതുങ്ങുന്നു. പോത്തുകള്‍ തീറ്റയില്‍ തന്നെ .അവര്‍ ഒരു പോത്തുകളില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അടുത്ത് വന്നപ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ അത് കണ്ടത്. ഒരാള്‍ ചുവന്ന പടുപാവാട . മറ്റൊരാള്‍ പച്ച പട്ടുപാവാട, ബ്ലൌസ്. ഉണ്ണിക്കുട്ടനെക്കാള്‍  മുന്‍പ് അത് ചെമ്പന്‍ പോത്ത് കണ്ടു.
 
'ആഹ, ചെങ്കൊടി കാട്ടി പ്രലോഭിപ്പിക്കുന്നോ?'
 
 ചെമ്പന്‍സര്‍ നേരെ പെണ്‍കുട്ടികളുടെ അടുത്തേക്ക്.
 
മേനോന്‍സ് ഫ്രെയിമില്‍  ഒന്നും ഇല്ല .
 
ഇനി എന്ത് ചെയ്യും.?
ആലോചിച്ചുനില്‍ക്കാതെ ഉണ്ണിക്കുട്ടന്‍ ചാടി വീണു.ചെമ്പന്‍ എന്നാ  വില്ലനുമായി സ്ടണ്ട് ചെയ്യുന്ന നായകന്‍!!!!
 
ഉണ്ണിക്കുട്ടന്‍ ഒറ്റ പിടിക്ക് മൂക്കുകയര്‍ കൈയിലാക്കി  ചെമ്പനെ ഒതുക്കി. പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളി പ്ലസ് ആശ്വാസ സൂചക സ്വരം.  പോത്തിനെ  നിയന്ത്രണ വിധേയനാക്കിയശേഷം ഉണ്ണികുട്ടന്‍ ഒരു ചോദ്യം. "നിങ്ങള്‍ക്കൊനും പറ്റിയില്ലലോ?"
അവര്‍ ".ഏയ് ഇല്ല ഈ പോത്തുകള്‍ ? "
ഉണ്ണിക്കുട്ടന്‍: "ആരുടെയാണാവോ  എന്തോ? മനുഷ്യനെ മെനക്കെടുത്താന്‍ വഴിയില്‍ കൊണ്ടുവന്നു കെട്ടിക്കോളും . എന്നിട്ട് കെട്ടിയവന്മാര്‍ അവരുടെ പാട് നോക്കി പോകും. ഇവയെ ഒക്കെ പോലീസില്‍ ഏല്പിക്കണം. എന്തായാലും നിങ്ങള്‍ നിക്ക്, ഞാന്‍ ഇതിനെ അടുത്ത് എവിടെയെങ്കിലും ഒന്ന് കെട്ടിയിട്ട്  വരാം. "
സംഗീതയും സരിതയും പോകുന്നതിനു മുന്‍പ് ഈ ഹീറോ ഇമാജ് മാക്സിമം പ്രോജെക്റ്റ്‌ ചെയ്യണം. വേഗം ചെമ്പനെ പിടിച്ചു നടന്‍ കൃഷ്ണന്‍ കുട്ടിനായരെ പോലെ ഉള്ള  ഒരു ശീമക്കൊന്നയില്‍ കെട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു.
"ഉണ്ണിക്കുട്ടന്‍ വന്നത് കൊണ്ട് ..."
"ഏയ് നന്ദി ഒന്നും പറയേണ്ട. ഞാന്‍ പ്രകൃതി നിരീക്ഷണത്തിന് ഇറങ്ങിയത. വേനലവധി വെറുതെ പാഴാക്കേണ്ടല്ലോ. "
 
രണ്ടുപേരുടെയും കണ്ണില്‍ ആരാധന. രണ്ടിനേം ഞാന്‍ ...
രണ്ടെണ്ണം ശരിയാവുമോ? എന്താ കുഴപ്പം ദശരഥനു  മൂന്നാവമെങ്കില്‍ ഉണ്ണിക്കുട്ടന് രണ്ടായാല്‍ എന്താ കുഴപ്പം ?
"ഞാന്‍ കൊണ്ട്  വിടണോ? ഇത്തരം വൃത്തികെട്ടക്രൂരമൃഗങ്ങള്‍ ഇനിയു ഉണ്ടാവും. അപ്പോള്‍ രക്ഷപെടുത്താന്‍  ഞാന്‍ ഉണ്ടായെന്നു വരില്ല"
 
ദയലോഗ് ഹൈ റേഞ്ചില്‍  എത്തി.
പെട്ടെന്നാണ് പുറകില്‍ ഒരു വലിയ നിഴലനക്കം കണ്ടത്. എന്തോ എന്ന് ഹെലികൊപ്ട്ടര്‍ പോലെ തന്റെ പുറത്തു ലാന്‍ഡ്‌ ചെയ്യുന്നതും അറിഞ്ഞു.. സരിത, സംഗീത  ആകെ പേടിച്ചപോലെ .എന്താണ് എന്ന് തിരിഞ്ഞു നോക്കൊമ്പോളെക്കും  മേനോന്‍സിന്റെ  പോത്തിനെ തല്ലുന്ന വടിയുടെ ചൂട് നടുമ്പുറത്ത്   അനുഭവപ്പെടാന്‍   തുടങ്ങി.

" അയ്യോ!!! ഇതെന്തു വകുപ്പില്‍ ?"
"കുരുത്തംകേട്ടവനെ, ആ പോത്തിനെ ശങ്കരെട്ടന്റെ വഴതോട്ടത്തില്‍  അഴിച്ചു വിട്ടത്  നീ അല്ലേ? ."
 
അപ്പോഴാണ് ചെമ്പന്‍സര്‍ വാഴത്തോട്ടം ഒരു ജാലിയന്‍ വാഴബാഗ്  ആക്കിയ വിവരം മനസിലായത്.
"നിന്നെ ഒക്കെ പോത്തിനെ നോക്കാന്‍ ഏല്‍പ്പിച്ച എന്നെ വേണം തല്ലാന്‍. ഇനി ആ ശങ്കരനോട് ഞാന്‍ എന്ത് പറയും ?"
അടിയുടെ ചൂട് ഒന്ന് തണുക്കുമ്പോള്‍ ആണ് സരിതയും സംഗീതയും  അടക്കി ചിരിച്ചു നടന്നു പോകുന്നു. 
സ്കൂള്‍ തുറന്നു ആദ്യദിവസം സെന്റ്‌ ജോര്‍ജ് കുടയും ചൂടി സ്കൂളില്‍ എത്തിയ ഉണ്ണിക്കുട്ടനെ കണ്ടതും സരിതയും സംഗീതയും പാടി.

 
"ജയ ജയ ഹൈ  മഹിഷാസുര മര്‍ദ്ദക .."
 
എപിലോഗ്: ഉണ്ണിക്കുട്ടചരിതം മുന്ഭാഗങ്ങള്‍ ഇവിടെ വായിക്കാം


Friday, June 10, 2011

'സഹന' സമര വീഥിയില്‍...

 
 
പത്ത് ഫ്ലക്സ്  അടിക്കണം. അതിനു ഒരു പതിനായിരം. ആള്‍ ഒന്നുക്ക് അഞ്ഞൂറ് രൂപയും പൈന്റും ബിരിയാണിയും, അങ്ങനെ ഒരു അമ്പതു പേര്‍ . അപ്പോള്‍ ഒരു മുപ്പതിനായിരം. കോഴിക്കോട്, തിരുവനന്തപുരം  തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിയ പ്രസ്‌ ക്ലബുകളില്‍ പത്രസമ്മേളനം നടത്തണം. അതിനു വേണ്ടി രണ്ടായിരം രൂപ വീതം (മൊത്തം നാലായിരം) . ഗാന്ധിത്തൊപ്പി, ഖദര്‍ അല്ലെങ്കില്‍ കാവി(കാവിയാണ് ഇപ്പോള്‍ ട്രെന്‍ഡ്, നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിരുവന്തപുരത്തെ പിച്ചക്കാര്‍ വരെ ഖദര്‍ ഉടുത്തു നടക്കുന്നത് കൊണ്ട് ഖദറിന് പെട്രോളിനെക്കാള്‍ വിലയാണെന്ന് അടക്കം പറച്ചില്‍) എന്തായാലും കോസ്ട്ട്യുമിനു  രണ്ടായിരമെങ്കിലും വേണം.  പിന്നെ കുറച്ചു നോട്ടീസ്, ലഞ്ച്, ഡിന്നര്‍, വണ്ടി, മൈക്ക് സെറ്റ്, പെട്രോള്‍, എസി, പത്രക്കാര്‍ക്കുള്ള  ഞം ഞം ..... എല്ലാം കൂടി മറ്റൊരു ഇരുപത്തിഅയ്യായിരം.. ഏകദേശം ഒരു ഒന്നൊന്നര ലക്ഷം ഉണ്ടാക്കിയിട്ട് വേണം എടപ്പാള്‍ അങ്ങാടിയില്‍ അഴിമതിക്കെതിരെ സമരം തുടങ്ങാന്‍.
 
നാട്ടിലെ ജീവിതചിലവ് കുത്തനെ ഉയരുകയും തെങ്ങയെക്കള്‍ കൂടുതല്‍ എന്ജിനിയര്‍മാര്‍ നാട്ടില്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനി റിട്ടയേഡ് ഗള്‍ഫുകാരനായി നാട്ടില്‍ ചെന്നാല്‍ വേറെ ഒരു പണി കിട്ടില്ല എന്ന് ഏതാണ്ട്  ഉറപ്പാണ് . അതുകൊണ്ട് ഇത്തരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഒരു ലോണ്‍ എടുക്കുന്നതിനെകുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നോം . ഇന്ത്യയിലെ  അഴിമതി തുടച്ചുമാറ്റിയാല്‍ പിന്നെ പാകിസ്ഥാന്‍ ബംഗ്ലാദേശ്, ബറുണ്ടി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കാം. വിവര സാങ്കേതിക വിദ്യ പനപോലെ വളര്‍ന്നത്‌ കൊണ്ട് ഇപ്പോള്‍ സമരം നടത്താന്‍ പഴയപോലെ മൈദ മാവ് ചേര്‍ത്ത് പോസ്റര്‍ ഒട്ടിക്കുക, രാത്രി ഉറക്കം ഒഴിച്ച് ചുമരില്‍ കുമ്മായം കൊണ്ട് എഴുതുക  തുടങ്ങിയ ഔട്ട്‌ ഡേറ്റഡ  പരിപാടികള്‍ ഒന്നും  ചുമ്മാ ഒരു ഫേസ്ബുക്ക് പേജ് തുറന്നു ഇന്ന് നിരാഹാരം, നാളെ വഴിതടയല്‍ അങ്ങനെ ആഹ്വാനം ചെയ്‌താല്‍ മതി .  
 
താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് മുദ്രാവാക്യങ്ങള്‍ ആയി ഉന്നയിച്ചാല്‍ സമരം അല്പം സീരിയസ് ആണെന്ന് മാലോകര്‍ ധരിച്ചോളും.
  • ഒരു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നിട്ട് ബാര്‍ട്ടര്‍ സമ്പ്രദായം വഴി ആട്, കോഴി എന്നിവ പണത്തിനു തുല്യമായി പ്രഖ്യാപിക്കണം.
  • കീടനാശിനി, വളം, വിത്ത് എന്നിവ നിരോധിച്ചു  വയലുകളില്‍ നാനോ കാര്‍ കൃഷി ചെയ്യണം.
  • ഗ്രാമീണ ബാങ്കുകള്‍, കനാറ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പണം കുന്നു കൂട്ടിയ ഞാന്‍ ഒഴികെ  ഉള്ള ആളുകളുടെ  സ്വത്തു പിടിച്ചെടുക്കണം.
  • വിദേശ ബാങ്കുകളിലെ കള്ളപണം പിടിച്ചെടുത്തു ചവറു കൂട്ടി കത്തിച്ചു കളയണം.
  • ഉടായിപ്പ് സന്യാസം പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി, ഐ പി എല്‍ മാതൃകയില്‍ ഇന്ത്യന്‍ സന്ന്യാസി ലീഗ് എന്നിവ കൊണ്ട് വരണം.
  • സല്‍വാര്‍ കമ്മിസ് ഭാവിയില്‍ സന്യാസത്തിന്റെ ദേശീയ ചിഹ്നം ആയി മാറ്റാന്‍ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
  • നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നവരെ ഗില്ലറ്റിനില്‍ ഇരുത്തുകയും അതില്‍ മുകളില്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം.
  • എഴുപത്തി അഞ്ചു വയസ്സ് തികഞ്ഞു അഴിമതി കേസില്‍ പെട്ടു കോടതികള്‍ അബദ്ധത്തില്‍ ശിക്ഷിക്കുന്നവരെ   ജയില്‍, തടവ്‌ തുടങ്ങിയ ശിക്ഷകളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഒഴിവാക്കി  പദ്മശ്രീ പദവി നല്‍കി ആദരിക്കേണ്ടതും അവരുടെ ജീവിത കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്പ്പെടുത്താവുന്നതും  ആണ്  .
നോട്ടീസില്‍ അടിക്കാന്‍ മുദ്രാവാക്യങ്ങള്‍ തികയാതെ വന്നാല്‍ അടിക്കുന്ന ദിവസത്തെ ഇന്ത്യവിഷന്‍ ഹെഡ് ലൈന്‍സ് കോപി ചെയ്യുകയോ  മുല്ലപെരിയാര്‍,  ചന്ദ്രയാന്‍,സാമ്രാജ്യത്വം, അധിനിവേശം  തുടങ്ങിയ പദങ്ങള്‍ ഇടവിട്ടു പത്തു വരികള്‍ ചേര്‍ക്കുകയോ ആവാം.
ഈ മുദ്രാവാക്യങ്ങളില്‍ ഉറച്ചു നിന്നു തന്നെ ഒത്തുതീര്‍പ്പ് വരെയും സമരം ചെയ്യുക എന്നതായിരിക്കണം ലക്‌ഷ്യം. സമരം നടക്കുമ്പോള്‍ കംപ്യുട്ടര്‍   അറിയാവുന്ന ഏതെങ്കിലും പിള്ളേരെ പിടിച്ചു നിര്‍ത്തി ട്വിട്ടര്‍, ഫേസ്ബുക്ക്, ഗൂഗിളില്‍ ബസ്സ്‌ എന്നിവ വഴി നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടതാണ്.
സമരം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒത്തുതീര്‍പ്കരാര്‍ എഴുതി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടി വെക്കാം . ഒത്തുതീര്‍പ്പ്വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ ക്യാബിനറ്റ് റാങ്കില്‍പ്പെട്ട  രണ്ട് മന്ത്രിമാരെങ്കിലും  സമരപ്പന്തലിനു പിറകില്‍ എത്തി  നമ്മുടെ അരുമ ശിഷ്യന്മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്.
സമരം അവസാനിക്കുന്നതിനോടനുബന്ധിച്ചു ഒത്തുതീപ്പുകമ്മറ്റി രൂപവല്‍ക്കരിക്കുകയും കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി  തുടങ്ങിയ ആളുകളുടെ ഇപ്പോഴത്തെ തലമുറക്കാരെ കമ്മറ്റിയിലെ ഭാരവാഹികള്‍ ആക്കി പത്രസമ്മേളനം നടത്തുകയും വേണം.  സ്വതന്ത്രസമരപെന്‍ഷന്‍ വാങ്ങുന്ന ഏതെങ്കിലും ഒരു തല നരച്ച ആള്‍ വേണം സമരം അവസാനിപ്പിച്ചു നാരങ്ങാ നീരു തരാന്‍. പിന്നെ ഗ്രുപ്പ് ഫോട്ടോക്ക് രണ്ട് മന്ത്രിമാര്‍, ഒരു കവി, മൂന്ന് ക്രിമിനല്‍ വക്കീലന്മാര്‍, ഒരു ബോളിവുഡ് നടന്‍ എന്നിവരെ നേരത്തെ ബുക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിന്ഗര്‍ എന്ന പരിപാടിയില്‍ കര്‍ട്ടന്‍ വലിച്ച ഏതെങ്കിലും നാലു പേരെ വച്ച് ഒരു ഗാനമേള, പുനം പാണ്ടേ മുന്നോട്ടു വെച്ച സംസ്കാരിക പരിപാടി എന്നിവയും ആകാവുന്നതാണ്.  
 
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. നാട്ടിലെ അഴിമതി മൊത്തം തുടച്ചു നീക്കിയിട്ടു തന്നെ കാര്യം!