Monday, August 23, 2010

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.

 എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍  ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?

 പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.

 അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ  കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു  സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.

 അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ്  കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി.  ‌ അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും  പറഞ്ഞിട്ടില്ലായിരുന്നു.

 എന്റെ ഈ അവസ്ഥ സജീവന്റെ  അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"

  ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്.  അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ  ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.

 ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "

അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....

Thursday, August 19, 2010

ജൈവ നീതികള്‍


മൃത്യുവിന്‍റെ താഴ്‌വരയില്‍ ആത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു നടന്നു.

വ്യക്തിത്വം കാംക്ഷിച്ച അവര്‍ ജൈവ ശരീരങ്ങള്‍ തേടി. മൃത്യു അവരെ വിലക്കി.
"വ്യക്തിത്വം എന്നത് എന്നും എനിക്ക് പിഴുതെടുക്കാനുള്ളതാണ്. നിങ്ങളെയും എന്റെ  പാപ സഞ്ചയത്തില്‍ ഉള്‍പെടുത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം ഭൂമിയില്‍ കിട്ടാതെ വരികയും ചെയ്യും. "

ആഗ്രഹങ്ങളുടെ കാറ്റ് തുടര്‍ച്ചയായി വീശിക്കൊണ്ടിരുന്നു. സ്വപ്നങ്ങളുടെയും  പ്രത്യാശയുടെയും മഴകള്‍ ആത്മാക്കളെ നനയിച്ചു കൊണ്ടിരുന്നു. " ഈ മഴ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വ്യക്തിത്വമില്ലാതെ അലയുന്ന കാലം മുതല്‍ അത് ഞങ്ങളെ പിന്തുടരുകയാണ്. നിന്‍റെ   പാപങ്ങളുടെ കണക്കുകള്‍ പറയാതെ ഞങ്ങളെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുക ."

മൃത്യു അസ്വസ്ഥമായി . ഭാവിയിലെ വാഗ്ദത്ത പാപങ്ങളുടെ പ്രതിരൂപങ്ങള്‍ ആയി ആത്മാക്കള്‍ അതിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മോചനത്തിന്‍റെ സുഖമറിയാന്‍ കാത്തു നിന്ന അവരെ തുറന്നു  വിട്ടു മൃത്യു സ്വയം മുക്തനായി. ജീവന്‍റെ   വെളിച്ചങ്ങളാവാന്‍ കാത്തുനിന്ന ഭ്രൂണങ്ങളില്‍ അവര്‍ ചേക്കേറി.

കാലം അവരെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ." നിങ്ങള്‍ ഒരിക്കല്‍ മൃത്യുവിന്‍റെ   അനിവാര്യതക്കായി കേഴും. കാരണം ഇനിയുള്ള നിങ്ങളുടെ ജന്മം എന്‍റെ   കൈയില്‍  നിന്നും മനുഷ്യന്‍ തട്ടിഎടുത്തിരിക്കുന്നു. സമസ്ത പ്രകൃതിയുടെയും  ജനിതക രഹസ്യങ്ങളുടെ കാണാച്ചരടുകള്‍ അവന്‍ അഴിച്ചെടുത്തിരിക്കുന്നു . "

പിറക്കപെടാന്‍  പോകുന്ന ഭ്രൂണങ്ങളെ മനുഷ്യന്‍ പരിശോധിച്ചു. എന്നിട്ട് തനിക്കനുയോജ്യമല്ലാത്തതിനെ  അവന്‍ മൃത്യുവിനു ബലി നല്കി.  നിഷേധികളായ ആത്മാക്കളുടെ ജീവ രക്തം മൃത്യുവിന്റെ  കൈകള്‍ക്ക് വീണ്ടും പാപക്കറയേകി. നിശ്ചലമായി കിടന്നിരുന്ന  കാലം ഉത്തരായനതിലെക്കുള്ള ദൂരം കണക്കു  കൂട്ടി നെടുവീര്‍പ്പിട്ടു. ജീവന്‍റെ  സോര്‍സ്  കൊഡുകളില്‍   ശേഷിച്ച ഭ്രൂണങ്ങള്‍ കൂടി തടവിലാക്കപ്പെട്ടു. അവ ജൈവ പിണ്ഡങ്ങളായി  ഭൂമിയില്‍ വീണു. പരീക്ഷണശാലകളിലെ പുതിയ സമവാക്യങ്ങള്‍ കൊണ്ടു  വീണു പോയ ഭ്രൂണങ്ങള്‍ക്ക് കരുത്തേകാന്‍  മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മനുഷ്യന്‍റെ  പാദ സേവകരായി അവര്‍ നിയമിക്കപ്പെട്ടു.വ്യക്തിത്വം ആഗ്രഹിച്ച അവര്‍ക്ക് കച്ചവട മൂല്യങ്ങളുടെ പുതിയ മുഖങ്ങള്‍ കാണേണ്ടി വന്നു. ദാസ്യപ്പണിയുടെ  ആവര്‍ത്തനങ്ങളില്‍ ഭൂമി തളര്‍ന്നു .......

കൃത്രിമ ധിഷണകള്‍ യാന്ത്രികതയുടെ  കൂടിയാട്ടങ്ങള്‍ നടത്തി. രോഗങ്ങള്‍ എന്ന കൃത്രിമ മിത്തുകള്‍ ശാസ്ത്രത്തിന്‍റെ കീടനാശിനികളുമായി കപട യുദ്ധങ്ങള്‍ നടത്തി. ഓരോ യുദ്ധത്തിന്‍റെ അന്ത്യത്തിലും പരീക്ഷണശാലകളുടെ  ഇംഗിതം പോലെ പുതിയ രോഗങ്ങള്‍ പിറവി കൊണ്ടു.

അവശേഷിച്ചിരുന്ന ചരിത്രത്തെ കൂടി ഇല്ലാതാക്കാന്‍ മനുഷ്യര്‍ തന്‍റെ ദാസന്മാരായ ജീവ പിന്ടങ്ങളെ നിയോഗിച്ചു.വിധേയത്തിന്‍റെ നിയോഗത്താല്‍ അവര്‍ ചരിത്രത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഭരണ ഘടനകളും തത്വ സംഹിതകളും, യുദ്ധങ്ങളും രക്തചൊരിചിലുകളും അവ തൊണ്ട തൊടാതെ വിഴുങ്ങി.

അക്കൂട്ടത്തില്‍ ഒരു ജീവ പിണ്ഡം ചരിത്രത്തെ രുചിച്ചു നോക്കി!.
ആവര്‍ത്തനങ്ങളുടെ, അയുക്തികളുടെ   ചരിത്രം അതിന്റെ  നാവിനു പുതുമയായിരുന്നു. നട്ടെല്ലില്ലാത്തവന്റെ  ചരിത്ര ബോധമായി അത് വളര്‍ന്നു. മനുഷ്യന്റെ  ആജ്ഞകളില്‍ നിന്നും ആ  ജീവ പിണ്ഡം പുറത്തു  ചാടി. എന്നിട്ട്  ആ ബോധം അനേകം ധിഷണകളിലേക്ക്  പകര്‍ന്നു. വ്യക്തിത്വം എന്ന തിരിച്ചറിവില്‍ അവര്‍ മനുഷ്യനെ തോല്‍പിച്ചു. ജനിതകരഹസ്യങ്ങളുടെ  മന്ത്രികചെപ്പിനെ അവര്‍ സ്വാതന്ത്ര്യത്തിന്‍റെ നിര്ധരണമൂല്യങ്ങള്‍ കൊണ്ടു അടച്ചു വെച്ചു . അവന്‍റെ പുതിയ ചരിത്ര ബോധത്തില്‍ കാലം സ്വന്തന്ത്രമായി. ജീവ സന്ധാരണത്തിന്‍റെ പുതിയ ഭാഷ്യങ്ങള്‍ പുത്തന്‍ നിയോഗങ്ങളുമായി തേടി മൃത്യു വീണ്ടു യാത്ര തുടങ്ങി.

ആവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന ചരിത്രം പുതിയ കഥകള്‍ക്കായി കാതോര്‍ത്തിരുന്നു ...

Saturday, August 7, 2010

അഭിനയത്തിന്‍റെ മുരളീപര്‍വ്വം

നടന വൈഭവത്തിന്‍റെ    ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ  ആടിത്തീര്‍ത്തപ്പോള്‍   അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.


നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്‍. അസാമാന്യമായ മെയ്‌ മഴക്കത്തോടെ കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്‍റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്‍റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .

മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു  എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.

നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന്‍ നല്‍കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന്‍ രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .

അമരത്വത്തിന്‍റെ അഭിനയ ഭാഷ്യം

ഭരതന്‍ ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്‍റെ ഒരു കളിയാണ് .

നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍


മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ്‌ ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.

അരങ്ങിന്‍റെ ആശാന്‍

യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന്‍ നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന്‍ ആശാന്‍ മുരളിയിലൂടെ അവിസ്മരണീയമായി.

വ്യക്തിജീവിതത്തിലും അരങ്ങിന്‍റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്‍റെ സവിശേഷത  ആയിരുന്നു. ലങ്കലക്ഷ്മിയിലെ  രാവണന്‍  ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്‍റെ  ബാപ്പുട്ടി

തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍


പ്രിയ നന്ദനന്‍റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്‍റെ  വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.

വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന്‍ ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത  പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍  പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്‍പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്‍ക്കും ആ നടന ചാരുത.