Saturday, September 3, 2011

ഹരിതകം


നന്ദേട്ടന്‍  ആ ചെടി ഫ്ലാടിനു വെളിയില്‍ കൊണ്ട് വെച്ച ദിവസം ഞാന്‍ ചോദിച്ചു 
"ചുമ്മാ വെറും പോസ് കാണിക്കാനല്ലേ ഒരു ചെടി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്?"
എന്റെ ചോദ്യം അവഗണിച്ചിട്ടെന്നപോലെ ചേട്ടന്‍ പറഞ്ഞു  "അമ്മു വളരുമ്പോള്‍ ഒരു ചെടിയെയെങ്കിലും അവള്‍ അടുത്ത് കാണട്ടെ. അതിന്‍റെ വളര്‍ച്ചകള്‍ പഠിക്കട്ടെ. നമുക്ക് ചുറ്റുമുള്ള വരണ്ട ഭൂമി ഇനി  നമ്മുടെ ചിന്തകളെ ഇനി സ്വാധീനിക്കുകയില്ലയിരിക്കും,കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേ  നമ്മുടെ മനസ്സുകളെ വളര്‍ത്തിയെടുത്ത ഒരു പച്ച പിടിച്ച ദേശം അകലെയുണ്ട്. പക്ഷെ ഇവിടെ ജനിച്ച ഇവളോ?"
". എന്തായാലും നിങ്ങള്‍ ചെടിയെ നോക്കിയിരി. എനിക്ക് വേറെ പണിയുണ്ട് ഞാന്‍ ഓഫിസില്‍ പോകട്ടെ" എന്ന് പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. 
 ഏതോ സൈറ്റില്‍ നിന്നും കിട്ടിയതാണ് വീട് മോടി  പിടിപ്പിക്കുന്നതിനിടയില്‍ ആരോ പുറത്തേക്ക് എടുത്തെറിഞ്ഞ തുളസി പോലുള്ള  ഒരു ചെടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നന്ദേട്ടനും  അമ്മുവും ചേച്ചിയുമൊക്കെ വലിയ കാര്യമായി വെള്ളമൊഴിച്ച് വളര്‍ത്തുന്നത് കാണാറുണ്ടായിരുന്നു. ഞാനാകട്ടെ  അങ്ങനെ ഒരു ചെടി അവിടെ ഉണ്ട് എന്ന ഓര്‍മ പോലും ഇല്ലാതെ വന്നും പോയിക്കൊണ്ടും ഇരുന്നു. രാവിലെ ഓഫിസ്, വൈകിട്ട് മലയാളി സമാജം രാത്രി പതിനൊന്നു മണിക്ക് വീണ്ടും റൂമില്‍. അതിനില്ടയില്‍ എന്റെ നോട്ടമെത്താതെ തന്നെ ആ ചെടി പതുക്കെ വളരുന്നു വന്നു..  


പതിനൊന് മാസത്തെ വിദേശ വാസത്തിനു പകരമായി കിട്ടുന്ന ഒരു മാസത്തെ   നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നന്ദേട്ടന്റെ പെട്ടികള്‍ കെട്ടുന്ന ദിവസമായിരുന്നു ഇനിയുള്ള ദിവസങ്ങള്‍ ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയെണ്ടാതിനെ പറ്റി  ആലോചിച്ചത്  നിര നിരയായി ആറു പെട്ടികള്‍. അവ  വരിഞ്ഞു മുറുക്കുമ്പോള്‍ മനസ്സില്‍ ചിരിച്ചു ആറു പെട്ടികള്‍ക്കു വേണ്ടിയുള്ള പതിനൊന്നു മാസങ്ങള്‍!!!

ഫ്ലാറ്റില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പുള്ള പതിവ് നിര്‍ദ്ദേശങ്ങള്‍   വന്നു." ഗ്യാസ് ഓഫ് ചെയ്യണം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുറി  പൂട്ടണം, റൂമില്‍ ലൈറ്റുകള്‍ കെടുത്തണം. എച്ചില്‍ പത്രം സിങ്കില്‍ ഇടരുത്. ഗ്യാസടുപ്പ് കത്തിച്ചു സാധങ്ങള്‍ വെച്ചു സ്വപ്നം കാണരുത്. ലാപടോപിനു മുന്നില്‍ തപസ്സിരിക്കരുത്. "  പലപ്പോഴായി പാലിക്കാന്‍ പറ്റാത്ത നിര്‍ദ്ദേശങ്ങള്‍  !!  
അവസാനം ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടെന്ന പോലെ നന്ദേട്ടന്‍ പറഞ്ഞു. "ഈ ചെടിയെ നോക്കണം . വേനലാണിത്. രാവിലെയും  രാത്രിയും  വെള്ളമൊഴിക്കണം. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഈ ചെടിയുടെ കോലം നോക്കിയായിരിക്കും നീ എങ്ങനെ ഇവിടെ ജീവിച്ചു എന്ന് വിലയിരുത്തുക" 
അപ്പോള്‍ ഒരു മാസത്തെ എകാന്തവാസത്തില്‍  എന്റെ കാര്യശേഷി അളക്കുന്ന ഏകകം 
ആണ് ഈ ചെടി. എയര്‍പോട്ടില്‍ നിന്നും തിരിച്ച വരുമ്പോള്‍ വാതില്‍ക്കല്‍  മുന്‍പില്‍ ദ്വാരപാലകയായി അവള്‍ . നിന്നെ മറന്നു പോകാന്‍ ഇട വരുത്തരുതേ എന്ന് അവളോട്‌ പറഞ്ഞു  കൊണ്ടാണ് അന്ന് ഉറങ്ങാന്‍ കിടന്നത്.
 പിറ്റേന്ന് രാവിലെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ആദ്യ  പരീക്ഷണ ദിവസം . എന്നത്തേയും പോലെ ആറരക്കു എണീക്കാന്‍ പറ്റില്ല. ഭക്ഷണം ഉണ്ടാക്കി പാത്രത്തിലാക്കി തരാന്‍ തരാന്‍ ചേച്ചിയില്ല. പ്രാതല്‍  സ്വയം ഉണ്ടാകണം. ചോറ് പാത്രത്തില്‍  ആക്കണം. കുളിയും തേവാരവും കഴിഞ്ഞു വേണം  ഓടി ബസ്സ്‌ പിടിക്കണം. ഇത്തരം എല്ലാ തിരക്കുകള്‍ കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങുമ്പോളാണ് അവള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടത്. അവളുടെ  മുഖത്ത് നല്ല ക്ഷീണം!
ഇവിടെ ഗള്‍ഫില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ സൂര്യ രശ്മികള്‍ എത്താന്‍ തുടങ്ങും. എഴരയാവുംപോഴേക്കും പുറത്ത്  നല്ല ചൂടാവും . വാച്ചില്‍ നോക്കി . ബസ്സ് കിട്ടാനുള്ള നേരിയ സാധ്യതയുണ്ട്. പക്ഷെ വെള്ളമോഴിച്ചില്ലേല്‍ ഈ  ചെടി  ഉണങ്ങുമല്ലോ ?

വേഗം പൂട്ടിയ  റൂം വീണ്ടും തുറന്നു വെള്ളം വെച്ചിരിക്കുന്ന ജഗ്ഗ്  എടുത്തു. അതില്‍  തുള്ളി വെള്ളമില്ല. നാശം!  സ്വീറ്റ് വാട്ടര്‍  വെച്ചിരിക്കുന്ന കാന്‍ തുറന്നു ജഗ്ഗില്‍ വെള്ളം നിറച്ചു, ചെടിച്ചട്ടിയില്‍  ഇത്തിരി വെള്ളം ഒഴിച്ച് റൂം ലോക്ക് ചെയ്തപ്പോഴേക്കും  മറ്റൊരു മൂന്നു മിനുറ്റ് കൂടി കഴിഞ്ഞു. സമയം കയ്യില്‍ പിടിച്ചു ഓടുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ബസ്സ്‌ ഓടി മറഞ്ഞു.പിന്നെയും ഇരുപതു മിനുറ്റ് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കേണ്ടിവന്നു അടുത്ത ബസ്സ്‌ വരാന്‍. ഓഫിസില്‍ ചെന്നപ്പോള്‍ ബോസിന്റെ മുഖത്ത് തെളിച്ചമില്ല. വൈകിയതിന്റെ പരിഭവം .

ഇതിനെല്ലാം കാരണക്കാരിയായ ചെടിയെ പഴിച്ചു സീറ്റില്‍ ഇരുന്നു പണി തുടങ്ങി. എന്നത്തെയും പോലെ ഓഫിസ് കഴിഞ്ഞു കേരള സമാജത്തിലെ പതിവ് സന്ദര്‍ശനത്തിനു  ശേഷം റൂമില്‍ എത്തുന്നത് രാത്രി പതിനൊന്നു മണിക്ക് . റൂം തുറക്കുന്ന നേരത്ത് പരിഭവത്തോടെ അവള്‍ ചോദിച്ചു.
 ഈ പാതിരാത്രി നേരത്ത് ഇവിടൊരാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നുണ്ട് എന്നൊരു ഓര്‍മയില്ലേ ? പകലിന്റെ ക്രൂരതയില്‍ വാടിയ ആ മുഖത്ത് ദേഷ്യമോ വേദനയോ എനിക്ക് തോന്നിയില്ല.പകരം കൂട്ടുകാരിയുടെ ഒരു പരിഭവം. അല്പം കുറ്റബോധത്തോടെ വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍ മനസ് കൊണ്ട് സോറി  പറഞ്ഞു .
റൂമിനകത്തിരുന്നു ലാപ് ടോപ്‌ നിവര്‍ത്തി അതിലൂടെ കാണുന്ന വലിയ ലോകത്തോട്‌  കഥ പറഞ്ഞിരിക്കുമ്പോള്‍  പെട്ടെന്നൊരു ചിന്ത മനസില്‍ കയറി വന്നു. വാതുക്കല്‍ ഒരുത്തി ഒറ്റയ്ക്ക് നില്‍ക്കുന്നില്ലേ ? ലാപ്ടോപ്പിലെ നിഴലുകളെ വെറുതെ വിട്ടിട്ടു അല്‍പനേരം അവളുടെ അടുത്ത് പോയിരുന്നു. എന്നെപ്പോലെ നീയും  ഇവിടെ ഒറ്റക്കാണല്ലോ. ഇങ്ങനെ എകാന്തതയോടു  കഥ പറഞ്ഞല്ലേ  ബഷീര്‍ ഭാര്ഗ്ഗവിയെ കണ്ടെത്തിയത്? താമസിക്കുന്ന സ്ഥലം ഭാര്‍ഗവീ നിലയം ആണെന്ന് പറഞ്ഞാല്‍ അളിയന്‍ വടിയെടുക്കും  എന്നോര്‍ത്തപ്പോള്‍  വീണ്ടും ഒരു ചെറു പുഞ്ചിരി ചുണ്ടിലെത്തി.

ഒരുമണിക്ക് കിടക്കാന്‍ നേരത്ത് അവളോടു ശുഭരാത്രി പറഞ്ഞു ഇത്തിരി വെള്ളം കൊടുത്ത് ഉറക്കത്തിനോട് എന്നുമുള്ള ഉപാധിയില്ലാത്ത  കീഴടങ്ങല്‍ നടത്തി.ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോകുമ്പോള്‍ ഒരു ദിവസം പോലും തെറ്റാതെ അവളെ പരിചരിക്കുക എന്നത് എന്റെ ജീവിതത്തിന്‍റെ ഭാഗമായി.
അവര്‍ നാട്ടില്‍ പോയിട്ടുള്ള ആദ്യത്തെ വെള്ളിയാഴ്ച. വേനലവധിക്ക് സ്കൂളടച്ചതിനാല്‍ നാട്ടില്‍ പോകാത്ത അയല്‍  ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് കളിക്കുന്ന ഒച്ച കേട്ടാണ് ഞാന്‍  ഉണര്‍ന്നത്. സമയം ഒന്‍പതര. സാധാരണ ഇത്തിരി നേരം കൂടി മൂടി പുത്തച്ചു ഒരു പത്തര വരെ ഉറക്കം ദീര്‍ഘിപ്പിക്കാനാണ്   ശ്രമിക്കാറ്. പുതപ്പു തലയ്ക്കു മുകളില്‍ ഇട്ടപ്പോള്‍ ആണ് താഴെ വാതുക്കല്‍  അവള്‍ ഒറ്റക്കാണല്ലോ എന്നോര്‍ത്തത്.  ഇന്ന് ഇതുവരെ വെള്ളം ഒഴിച്ചില്ലല്ലോ എന്ന് ഒരു വിഷമത്തോടെ ഓര്‍ത്തു. സാധാരണ ദിവസങ്ങളില്‍ എഴരക്ക്‌ ഓഫിസില്‍ പോകുമ്പോള്‍ വെള്ളം ഒഴിക്കാറുള്ളതല്ലേ .

അപ്പോള്‍ തന്നെ എണീറ്റു വാതുക്കല്‍ എത്തിയപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു കാഴ്ചയാണ് കണ്ടത്. അയല്‍ ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് ക്രിക്കറ്റ്  കളിക്കുന്നു. അവരുടെ സ്റ്റമ്പ്  ചെടിയില്‍ നിന്നും ഒരു ഒന്നര മീറ്റര്‍ അടുത്ത്. പന്ത് കൊണ്ട് ചട്ടി പൊട്ടുകയോ തണ്ട് ഒടിയുകയോ ചെയ്യുമോ ? എന്റെ കുഞ്ഞിനെ എടുക്കുന്ന കരുതലോടെ ഞാന്‍ ആ ചട്ടി എടുത്ത് റൂമിനകത്തു വെച്ചു. " പിള്ളേരുടെ കളി കഴിയുമ്പോള്‍ നിന്നെ  പുറത്ത് വെക്കാട്ടോ. അത് വരെ നീ വീട്ടിനകത്ത് വിശ്രമിക്കൂ ."
കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. "അങ്കിളിന്റെ ചെടി ഞങ്ങള്‍ നശിപ്പിക്കാനോന്നും  പോകുന്നില്ല അഥവാ നശിപ്പിച്ചാല്‍ പുതിയൊരു ഉണക്ക ചെടി തരാം."  എനിക്ക് ദേഷ്യം വന്നു . ഞാന്‍ ഒന്നും മിണ്ടാതെ അകത്തു പോയി.പിള്ളേരുടെ കളി കഴിഞ്ഞത് വൈകിട്ടായിരുന്നു. അത് കൊണ്ട് രാത്രി വീണ്ടും ചെടി പുറത്തുവെച്ചു.
 പിറ്റേന്ന് ഓഫിസിലേക്കു ഇറങ്ങുമ്പോള്‍ ഒരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി  . ഇന്നലെ പിള്ളേരുടെ ക്രിക്കറ്റ് കളി കാണാന്‍ കഴിഞ്ഞത് എനിക്ക് അവധിയായതു കൊണ്ടാണ്. അവര്‍ക്ക് രണ്ട് മാസം മുഴുവന്‍ അവധിയാണ്. അതിനര്‍ത്ഥം ഇന്നും അവര്‍ കളിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവര്‍ ഇവിടെ തന്നെ കളിച്ചിരുന്നു. അത് ഓര്‍ത്തപ്പോള്‍ എനിക്ക് പേടി തോന്നി. അവരുടെ സ്റ്റമ്പിനടുത്ത്   ആ ചെടി വെക്കുക അത് അപകടം തന്നെയാണ് . കഴിഞ്ഞ നാലു ദിവസവും അവര്‍ കളിച്ചിട്ടും ചെടിക്കൊന്നും പറ്റിയില്ല എന്നത് ശരിതന്നെ.  പക്ഷെ ഇനി നാളെ എന്തെങ്കിലും പറ്റുമോ എന്നതിന് ഉറപ്പൊന്നും ഇല്ലല്ലോ. എപ്പോഴും മുറിക്കകത്ത് വെക്കുക എന്നത് പ്രായോഗികമല്ല. ബസ്സ് പോകുമോ എന്ന ചിന്ത മറന്നു ഞാന്‍  ചുറ്റും പരതി. വാതിലിനോടു ചേര്‍ന്നു  വെക്കുന്നതിനു പകരം അല്പം ദൂരെ സേഫ് ആയ ഒരിടം കണ്ടെത്തി അവിടെ വെച്ചു.  അവിടെ വെയില് കൂടുതലാണ്. എന്നാലും അവള്‍ സേഫ് ആണല്ലോ.  എന്നത്തേതിനേക്കാള്‍ കൂടുതല്‍ വെള്ളവും ഒഴിച്ച് അവളെ മെല്ല തഴുകുമ്പോള്‍ അവള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ  നില്‍ക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായി.
ഓഫിസിലിരിക്കുമ്പോള്‍  ഒന്ന് രണ്ട് തവണ ക്രിക്കറ്റ്  കളിക്കുന്ന പിള്ളേരുടെ മുഖം മനസ്സില്‍  വന്നപ്പോള്‍  ഒരു ചെറിയ വേവലാതി തോന്നി.
എന്തായാലും പുതിയ സ്ഥലത്ത് അവള്‍ സുരക്ഷിതമാണ്  എന്ന് ഓര്‍ത്തു സമാധാനിച്ചു.
അതിലിടയിലാണ് ആ വ്യാഴഴ്ച   ഒരു പ്രധാന മീറ്റിംഗ് കയറി വന്നത്.  ബുധനാഴ്ച വൈകുന്നേരം മുതലേ  കൊണ്ട്പിടിച്ചു തയ്യര്ടുപ്പുകള്‍ നടത്തേണ്ടി വന്നു . കിടക്കുമ്പോള്‍ രാത്രി രണ്ട് മണിയായി .ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ത്തു.'അവള്‍ക്കു വെള്ളം കൊടുത്തില്ലല്ലോ.' കണ്ണിന്റെ പോളകള്‍ അടഞ്ഞു പോകുന്നു. മനസിലെ മടി മുഴുവന്‍ തലച്ചോറില്‍ വന്നു നിറഞ്ഞപ്പോള്‍ കാലത്ത് ആറു മണിക്ക് എണീക്കുമല്ലോ അപ്പോള്‍ വെള്ളം നല്‍കാം എന്നൊരു ന്യായികരണം തെളിഞ്ഞു വന്നു. ആ ന്യായീകരണത്തിന്റെ തണലില്‍   പതുക്കെ ഞാന്‍  ഉറക്കത്തിലേക്ക് ഊളിയിട്ടു.

അന്ന് പതിവില്ലാതെ മൊബൈലിലെ അലാറം ചതിച്ചു. സ്നൂസ്  എന്ന ബട്ടണ് പകരം സ്റ്റോപ്പ്‌ ആണ് അമര്‍ത്തിയത്. വൈകി കിടന്നതിന്റെ ക്ഷീണം കാരണം പിന്നെയും ഇരുപതു മിനുട്ട് വൈകിയാണ് എണീറ്റത് . വേഗം പ്രാതല്‍, കുളി എല്ലാം കഴിഞ്ഞു ഓടിപ്പിടിച്ച് ബസ്സില്‍ കയറിയപ്പോള്‍ ആണ് ആ ചിന്ത എന്റെ തലയില്‍ ഒരു ആഘാതം പോലെ വന്നത് .

അവളെ മറന്നു പോയിരിക്കുന്നു!!!
ദൈവമേ, അവള്‍ ഇന്നലെ രാത്രിയും പട്ടിണി. ഇന്നലെ രാവിലെ ഞാന്‍ കൊടുത്ത  വെള്ളം മരുഭൂമിയില്‍ വെയില്‍ എപ്പോഴോ കുടിച്ചു കാണും. തിരിച്ചു പോകാന്‍ സമയമില്ല. രാവിലെ ഒന്‍പതു പണിക്കു പ്ലാന്റില്‍ എത്തണം .അപ്പോള്‍  അവള്‍ ???

നിനക്ക് വേറെ പണിയില്ലേ ? വേണമെങ്കില്‍ വേറെ ഒരു ചെടി വെക്കാം . അളിയനോട്  പഴയ ചെടി  പിള്ളേര്‍ തട്ടി പൊട്ടിച്ചു എന്ന് കള്ളം പറയാം. നീ ആദ്യം രണ്ട് കോടിയുടെ ഇന്നത്തെ പ്രോജക്റ്റ് മീറ്റിങ്ങിന്റെ കാര്യം നോക്കു. മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു.  പ്രസന്റേഷന്‍ കഴിഞ്ഞു ഉച്ചക്ക് പുറത്തിറങ്ങിയപ്പോള്‍ ഒരു കാറ്റടിച്ചു .വേനലിന്റെ കാഠിന്യം വിളിച്ചറിയിക്കുന്ന കാറ്റ് ഈ കാറ്റില്‍ എവിടെയോ തുളസിയുടെ ഗന്ധമുണ്ടോ?  ആ കാറ്റ് എന്നോടു വെള്ളം ചോദിക്കുന്നുണ്ടോ?  വീണ്ടും ചിന്തകള്‍ തുളസിയിലേക്ക് പോകുന്നു. അടുത്ത ഫ്ലാറ്റിലെ ആരെയെങ്കിലും വിളിക്കാന്‍ നോക്കിയാലോ?  ഫോണില്‍ പരതി നോക്കുമ്പോള്‍ എന്റെ കൈയില്‍ നമ്പരുള്ള മൂന്ന് സുഹൃത്തുക്കളും ഇപ്പോള്‍  നാട്ടില്‍ ആണ്. വൈകിട്ട് അഞ്ചു മണിക്ക് ഓഫീസില്‍ നിന്നും വീട്ടിലേക്കു ഓടാന്‍ നേരത്ത് സുഹൃത്ത് വിളിച്ചു. "ഇന്ന് സമാജത്തില്‍ യോഗമുണ്ട്. ഓണാഘോഷകമ്മറ്റി, നീ   തീര്‍ച്ചയായും പങ്കെടുക്കണം. "
പറ്റില്ല എന്ന് പറയാന്‍ വേണ്ടി തുടങ്ങുമ്പോഴേക്കും അവന്‍ ഫോണ്‍ വെച്ചു. ഞാന്‍ ഓര്‍ത്തു എന്തായാലും നാല്പതു മണിക്കൂര്‍ ആ തീ വെയിലില്‍ പിടിച്ചു നില്ക്കാന്‍ അവള്‍ക്കു കഴിയില്ല. അവളെ ആ വാതിലക്കല്‍  നിന്നും ദൂരെ മാറ്റരുതായിരുന്നു. അവിടെ വെയിലിനു കാഠിന്യം കൂടുതലല്ലേ? വെള്ളം കിട്ടാതെ അവള്‍ ....മനസില്ലാമനസോടെ സമാജത്തില്‍ പോയി .

യോഗം കഴിഞ്ഞപ്പോളെക്കും രാത്രി ഒന്‍പതു  മണി . പ്രവീണ്‍ എന്ന സുഹൃത്തിനോട് പറഞ്ഞു." എനിക്ക് വയ്യ ഒന്ന് വീട്ടില്‍ കൊണ്ട് വിടാമോ?" അവന്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി എന്റെ താമസസ്ഥലത്തേക്ക് പോന്നു.

 രാവിലത്തെ എന്റെ അശ്രദ്ധയെ പഴിച്ചു ഞാന്‍ കാറിനു പിറകിലെ സീറ്റില്‍  കണ്ണടച്ചിരുന്നു. ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഞാന്‍ ഒരു തുള്ളി വെള്ളം ഒഴിചിരുന്നെങ്കില്‍.. .അല്ലെങ്കില്‍ രാവിലെ ആ നശിച്ച അലാറം.ആ ചിന്തയില്‍ ഇറുക്കിയടച്ച  കണ്ണിലെവിടെയോ രണ്ട് തുള്ളി വെള്ളം പൊടിഞ്ഞ പോലെ. ആരായിരുന്നു അവള്‍ നിനക്ക് എന്ന ചോദ്യം അവശേഷിപ്പിച്ചു  അവള്‍ ഇപ്പോള്‍ കരിഞ്ഞു കിടക്കുകയായിരിക്കും എന്ന ചിന്ത കണ്ണുകളെ  വീണ്ടും നനച്ചു കൊണ്ടിരുന്നു.
 "ആഹാ നീ പിറകിലിരുന്നു ഉറങ്ങുകയാണോ ? നിന്‍റെ സ്ഥലമെത്തി."  പ്രവീണിന്റെ ശബ്ദം എന്നെ ഉണര്‍ത്തി. "അപ്പോള്‍ നാളെ കാണാം"  എന്ന് പറഞ്ഞു കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു തണുത്ത കാറ്റ് എന്നെ വരവേറ്റു.

 അവിശ്വസനീയതയുറെ ഒരു നിശ്വാസം എന്നില്‍ നിന്നും ഉയര്‍ന്നു .  ഞാന്‍ കാറില്‍ നിന്നും ‌ കാലു കുത്തിയത് വെള്ളത്തില്‍ . അപ്പോഴാണു കണ്ണ് തുറന്നു  ചുറ്റും നോകുന്നത്. റോഡിലും കെട്ടിടത്തിലും  വെള്ളം!
 അതേ ! മഴ .....!

 ഫ്ലാറ്റിനടുത്തെക്കു നടക്കുമ്പോള്‍ വാച്ച്‌മാന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒന്ന് രണ്ട് തവണ മഴ ചാറി  വന്നു. വൈകിട്ട് നന്നായി പെയ്തു. അതും നമ്മുടെ ഈ പ്രദേശത്ത്  മാത്രം. മനാമയിലോ റിഫയിലോ ഒന്നും ഇല്ല. ഞാന്‍ ഹൃദയമിടിപ്പോടെ ഓടി അടുത്ത് എത്തിയപ്പോള്‍ പച്ച പട്ടുപാവാട പുതച്ചു എന്നോട് പരിഭവം നിറഞ്ഞ ഒരു ചിരിയുമായി അവള്‍. ...! 
പ്രകൃതിമാതാവേ... ചെറുമീനിനു* വേണ്ടി സാഗരം തീര്‍ക്കുന്ന, ഒരു കുഞ്ഞു പൂവിനു വേണ്ടി വസന്തം ചമക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന നീ ഈ കുഞ്ഞു ചെടിക്ക് വേണ്ടി ഈ മരുഭൂമിയില്‍  ഒരു മഴ തന്നെ പെയ്യിച്ചല്ലോ .ഇനിയും എന്തൊക്കെ രഹസ്യങ്ങളാണ് നീ നിന്‍റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?




Picture courtesy :http://pixdaus.com/
* വൈലോപ്പിള്ളി -ഉജ്വലമുഹൂര്ത്തം എന്ന കവിതയിലെ വരികള്‍