Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, June 10, 2011

'സഹന' സമര വീഥിയില്‍...

 
 
പത്ത് ഫ്ലക്സ്  അടിക്കണം. അതിനു ഒരു പതിനായിരം. ആള്‍ ഒന്നുക്ക് അഞ്ഞൂറ് രൂപയും പൈന്റും ബിരിയാണിയും, അങ്ങനെ ഒരു അമ്പതു പേര്‍ . അപ്പോള്‍ ഒരു മുപ്പതിനായിരം. കോഴിക്കോട്, തിരുവനന്തപുരം  തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിയ പ്രസ്‌ ക്ലബുകളില്‍ പത്രസമ്മേളനം നടത്തണം. അതിനു വേണ്ടി രണ്ടായിരം രൂപ വീതം (മൊത്തം നാലായിരം) . ഗാന്ധിത്തൊപ്പി, ഖദര്‍ അല്ലെങ്കില്‍ കാവി(കാവിയാണ് ഇപ്പോള്‍ ട്രെന്‍ഡ്, നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിരുവന്തപുരത്തെ പിച്ചക്കാര്‍ വരെ ഖദര്‍ ഉടുത്തു നടക്കുന്നത് കൊണ്ട് ഖദറിന് പെട്രോളിനെക്കാള്‍ വിലയാണെന്ന് അടക്കം പറച്ചില്‍) എന്തായാലും കോസ്ട്ട്യുമിനു  രണ്ടായിരമെങ്കിലും വേണം.  പിന്നെ കുറച്ചു നോട്ടീസ്, ലഞ്ച്, ഡിന്നര്‍, വണ്ടി, മൈക്ക് സെറ്റ്, പെട്രോള്‍, എസി, പത്രക്കാര്‍ക്കുള്ള  ഞം ഞം ..... എല്ലാം കൂടി മറ്റൊരു ഇരുപത്തിഅയ്യായിരം.. ഏകദേശം ഒരു ഒന്നൊന്നര ലക്ഷം ഉണ്ടാക്കിയിട്ട് വേണം എടപ്പാള്‍ അങ്ങാടിയില്‍ അഴിമതിക്കെതിരെ സമരം തുടങ്ങാന്‍.
 
നാട്ടിലെ ജീവിതചിലവ് കുത്തനെ ഉയരുകയും തെങ്ങയെക്കള്‍ കൂടുതല്‍ എന്ജിനിയര്‍മാര്‍ നാട്ടില്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനി റിട്ടയേഡ് ഗള്‍ഫുകാരനായി നാട്ടില്‍ ചെന്നാല്‍ വേറെ ഒരു പണി കിട്ടില്ല എന്ന് ഏതാണ്ട്  ഉറപ്പാണ് . അതുകൊണ്ട് ഇത്തരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഒരു ലോണ്‍ എടുക്കുന്നതിനെകുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നോം . ഇന്ത്യയിലെ  അഴിമതി തുടച്ചുമാറ്റിയാല്‍ പിന്നെ പാകിസ്ഥാന്‍ ബംഗ്ലാദേശ്, ബറുണ്ടി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കാം. വിവര സാങ്കേതിക വിദ്യ പനപോലെ വളര്‍ന്നത്‌ കൊണ്ട് ഇപ്പോള്‍ സമരം നടത്താന്‍ പഴയപോലെ മൈദ മാവ് ചേര്‍ത്ത് പോസ്റര്‍ ഒട്ടിക്കുക, രാത്രി ഉറക്കം ഒഴിച്ച് ചുമരില്‍ കുമ്മായം കൊണ്ട് എഴുതുക  തുടങ്ങിയ ഔട്ട്‌ ഡേറ്റഡ  പരിപാടികള്‍ ഒന്നും  ചുമ്മാ ഒരു ഫേസ്ബുക്ക് പേജ് തുറന്നു ഇന്ന് നിരാഹാരം, നാളെ വഴിതടയല്‍ അങ്ങനെ ആഹ്വാനം ചെയ്‌താല്‍ മതി .  
 
താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് മുദ്രാവാക്യങ്ങള്‍ ആയി ഉന്നയിച്ചാല്‍ സമരം അല്പം സീരിയസ് ആണെന്ന് മാലോകര്‍ ധരിച്ചോളും.
  • ഒരു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നിട്ട് ബാര്‍ട്ടര്‍ സമ്പ്രദായം വഴി ആട്, കോഴി എന്നിവ പണത്തിനു തുല്യമായി പ്രഖ്യാപിക്കണം.
  • കീടനാശിനി, വളം, വിത്ത് എന്നിവ നിരോധിച്ചു  വയലുകളില്‍ നാനോ കാര്‍ കൃഷി ചെയ്യണം.
  • ഗ്രാമീണ ബാങ്കുകള്‍, കനാറ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പണം കുന്നു കൂട്ടിയ ഞാന്‍ ഒഴികെ  ഉള്ള ആളുകളുടെ  സ്വത്തു പിടിച്ചെടുക്കണം.
  • വിദേശ ബാങ്കുകളിലെ കള്ളപണം പിടിച്ചെടുത്തു ചവറു കൂട്ടി കത്തിച്ചു കളയണം.
  • ഉടായിപ്പ് സന്യാസം പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി, ഐ പി എല്‍ മാതൃകയില്‍ ഇന്ത്യന്‍ സന്ന്യാസി ലീഗ് എന്നിവ കൊണ്ട് വരണം.
  • സല്‍വാര്‍ കമ്മിസ് ഭാവിയില്‍ സന്യാസത്തിന്റെ ദേശീയ ചിഹ്നം ആയി മാറ്റാന്‍ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
  • നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നവരെ ഗില്ലറ്റിനില്‍ ഇരുത്തുകയും അതില്‍ മുകളില്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം.
  • എഴുപത്തി അഞ്ചു വയസ്സ് തികഞ്ഞു അഴിമതി കേസില്‍ പെട്ടു കോടതികള്‍ അബദ്ധത്തില്‍ ശിക്ഷിക്കുന്നവരെ   ജയില്‍, തടവ്‌ തുടങ്ങിയ ശിക്ഷകളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഒഴിവാക്കി  പദ്മശ്രീ പദവി നല്‍കി ആദരിക്കേണ്ടതും അവരുടെ ജീവിത കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്പ്പെടുത്താവുന്നതും  ആണ്  .
നോട്ടീസില്‍ അടിക്കാന്‍ മുദ്രാവാക്യങ്ങള്‍ തികയാതെ വന്നാല്‍ അടിക്കുന്ന ദിവസത്തെ ഇന്ത്യവിഷന്‍ ഹെഡ് ലൈന്‍സ് കോപി ചെയ്യുകയോ  മുല്ലപെരിയാര്‍,  ചന്ദ്രയാന്‍,സാമ്രാജ്യത്വം, അധിനിവേശം  തുടങ്ങിയ പദങ്ങള്‍ ഇടവിട്ടു പത്തു വരികള്‍ ചേര്‍ക്കുകയോ ആവാം.
ഈ മുദ്രാവാക്യങ്ങളില്‍ ഉറച്ചു നിന്നു തന്നെ ഒത്തുതീര്‍പ്പ് വരെയും സമരം ചെയ്യുക എന്നതായിരിക്കണം ലക്‌ഷ്യം. സമരം നടക്കുമ്പോള്‍ കംപ്യുട്ടര്‍   അറിയാവുന്ന ഏതെങ്കിലും പിള്ളേരെ പിടിച്ചു നിര്‍ത്തി ട്വിട്ടര്‍, ഫേസ്ബുക്ക്, ഗൂഗിളില്‍ ബസ്സ്‌ എന്നിവ വഴി നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടതാണ്.
സമരം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒത്തുതീര്‍പ്കരാര്‍ എഴുതി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടി വെക്കാം . ഒത്തുതീര്‍പ്പ്വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ ക്യാബിനറ്റ് റാങ്കില്‍പ്പെട്ട  രണ്ട് മന്ത്രിമാരെങ്കിലും  സമരപ്പന്തലിനു പിറകില്‍ എത്തി  നമ്മുടെ അരുമ ശിഷ്യന്മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്.
സമരം അവസാനിക്കുന്നതിനോടനുബന്ധിച്ചു ഒത്തുതീപ്പുകമ്മറ്റി രൂപവല്‍ക്കരിക്കുകയും കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി  തുടങ്ങിയ ആളുകളുടെ ഇപ്പോഴത്തെ തലമുറക്കാരെ കമ്മറ്റിയിലെ ഭാരവാഹികള്‍ ആക്കി പത്രസമ്മേളനം നടത്തുകയും വേണം.  സ്വതന്ത്രസമരപെന്‍ഷന്‍ വാങ്ങുന്ന ഏതെങ്കിലും ഒരു തല നരച്ച ആള്‍ വേണം സമരം അവസാനിപ്പിച്ചു നാരങ്ങാ നീരു തരാന്‍. പിന്നെ ഗ്രുപ്പ് ഫോട്ടോക്ക് രണ്ട് മന്ത്രിമാര്‍, ഒരു കവി, മൂന്ന് ക്രിമിനല്‍ വക്കീലന്മാര്‍, ഒരു ബോളിവുഡ് നടന്‍ എന്നിവരെ നേരത്തെ ബുക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിന്ഗര്‍ എന്ന പരിപാടിയില്‍ കര്‍ട്ടന്‍ വലിച്ച ഏതെങ്കിലും നാലു പേരെ വച്ച് ഒരു ഗാനമേള, പുനം പാണ്ടേ മുന്നോട്ടു വെച്ച സംസ്കാരിക പരിപാടി എന്നിവയും ആകാവുന്നതാണ്.  
 
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. നാട്ടിലെ അഴിമതി മൊത്തം തുടച്ചു നീക്കിയിട്ടു തന്നെ കാര്യം!
 

Sunday, January 23, 2011

ചില വള്ളുവനാടന്‍ ചിത്രങ്ങള്‍

ആകാശത്തിനു  നേരെ ഉയര്‍ന്നു  നില്‍ക്കുന്ന ഒരു കൊടിക്കൂറ. അതിനോട് കുസൃതി കാട്ടി അതിനെ  ചലിപ്പിക്കുന്ന കുളിര്‍കാറ്റും മഞ്ഞു പെയ്തിറങ്ങുന്ന മകര സന്ധ്യകളും .ആ സന്ധ്യകളെ സജീവമാക്കുന്ന പഞ്ചവാദ്യത്തിന്റെ  സിംഫണി. ചെവിയാട്ടി മേളക്കൊഴുപ്പില്‍  മുങ്ങി നില്‍ക്കുന്ന  കരിവീരന്‍മാര്‍.. മകരക്കൊയ്ത്ത്  കഴിഞ്ഞ പാടങ്ങള്‍ക്കു ഇതു പൂരക്കാലം . ഇനി മൂന്നു നാലു മാസം ഞങ്ങള്‍ വള്ളുവനാട്ടുകാരുടെ നാവിനു പാടാന്‍ ഉത്സവപെരുമകള്‍ മാത്രം...
















































































 ദലാല്‍ സ്ട്രീറ്റിലെ കയറ്റിറക്കങ്ങള്‍ക്കോ  പോളിറ്റ് ബ്യുറോയുടെയോ ഹൈക്കമാണ്ടിന്റെയോ പുതിയ തീരുമാനങ്ങള്‍ക്കോ  ചെവി കൊടുക്കാതെ   ഞങ്ങള്‍ പറയുന്നത്  പാമ്പാടി രാജന്റെ തലയെടുപ്പിനെകുറിച്ചാണ്. അല്ലെങ്കില്‍  മംഗലാംകുന്നു കര്‍ണന്റെ  പ്രൌഡിയെ കുറിച്ചാണ് . ചമ്മിണിക്കാവിലെ, ഉത്രാളിക്കാവിലെ, കുളങ്ങരയിലെ   കരിമരുന്നിനെകുറിച്ചാണ്.  ഇവിടെ  ഉയരുന്നത്   വള്ളുവനാട്ടിന്റെ ഹൃദയതാളം...! 



സംസ്കൃതിയുടെ തുടിപ്പുകള്‍
വള്ളുവനാട്ടിലെ ഓരോ ഉത്സവങ്ങള്‍ക്കു പിറകിലും കാണും നിരവധി ഐതിഹ്യങ്ങള്‍ . ഒരു ദേശത്തിന്റെ ഉദ്ഭവത്തിന്‍റെ ,  നിലനില്പിന്റെ, പ്രതീക്ഷയുടെ കഥകള്‍. തട്ടകം വാഴുന്ന രാജാവായും, കാക്കുന്ന അമ്മയായും, ദുരിതങ്ങളെ ഹനിക്കുന്ന സംരക്ഷകനായും നൂറ്റാണ്ടുകളായി ഇവിടുത്തുകാര്‍ കണ്ടു പോന്ന ഒരു പറ്റം ദേവി ദേവന്മാരുടെ കഥ. അത്  വിശ്വാസമോ അന്ധവിശ്വാസമോ എന്തുമാകട്ടെ ആ കഥകളിൽ അഭയം തേടുന്ന ആ ഗോത്ര പരതയിൽ ആശ്വാസം കണ്ടെത്തുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.  

ഈ മണ്ണില്‍   ഉയര്‍ന്ന ദ്രാവിഡഗോത്ര സംസ്കാരങ്ങള്‍ കാവുകള്‍ക്ക് ചുറ്റുമായി വളര്‍ന്നതിനു മകുടോദാഹരണങ്ങളാ ണ് ഈ ഉത്സവങ്ങള്‍ . ഈ കാവുകള്‍ വരേണ്യ വിഭാഗങ്ങള്‍ക്കൊപ്പം   അധസ്ഥിതരെയും  അവര്‍ണരെന്നു  വിളിച്ചു മാറ്റി നിര്ത്തപ്പെട്ടവരെയും  ഒരുപോലെ    സ്വീകരിച്ചിരുന്നു. സവര്‍ണ്ണ കലകള്‍ക്ക് പകരമായി  ഇവിടെ കരിങ്കാളിയും തിറയുംമൂക്കോൻ ചാത്തനും കരിങ്കുട്ടിയും എല്ലാം രൂപം പ്രാപിച്ചു. നിയതമായ മന്ത്രോച്ചാരണങ്ങളോ  ചിട്ടപെടുത്തിയ നൃത്ത രീതികളോ അവലംബിക്കാത്ത ഈ കലാരൂപങ്ങള്‍ പക്ഷെ താളനിബദ്ധതകൊണ്ടും  ഭക്തിനിര്‍ഭരത കൊണ്ടും സവര്‍ണ കലകളോളം   ജനപ്രിയമായി മാറി .

പൂതമിറങ്ങുന്ന പാടങ്ങള്‍!

കേട്ടിട്ടില്ലേ തുടികൊട്ടും കലര്-
‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
 അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
 മെയ്യിലണിഞ്ഞ കരിമ്പൂതം!
 അതേ, ഇനിയുള്ള നാളുകളില്‍  ഇവിടെ പൂതം  ഇറങ്ങുകയായി.

ഉണ്ണിയെ അന്വേഷിച്ചു ഓരോ വീട്ടിലേക്കും പൂതം എത്തും പുരവൃത്തങ്ങളുടെ   ഭൂമികയില്‍ നിന്നും ഒരു പൂതപ്പാട് ഉയരുന്നു .
കോഴിയെ വെട്ടി കരിങ്കാളികള്‍ പാടം നിറയുമ്പോള്‍ , കാവടികള്‍ മയില്‍ പേടകളെപോലെ  ആടുമ്പോള്‍, പുതിയകാലത്തിന്റെ തുടിപ്പുമായി ബാന്‍ഡും ശിങ്കാരി മേളവും ഈ വര്‍ണക്കാഴ്ച്ചക്ക്  പൊലിമയേറ്റുന്നു

കാര്‍ഷിക സംസ്കാരത്തിന്റെ ബാകിപത്രങ്ങള്‍ 

പഴയകാല ഉത്സവങ്ങളുടെ മുഖമുദ്രയായിരുന്നു പൂരവാണിഭങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍, കര- കൌശല വസ്തുക്കള്‍,‍ പണിയായുധങ്ങള്‍ അങ്ങനെ പലതും വില്‍ക്കാനും വാങ്ങാനും ഉള്ള ഒരു വേദിയായിരുന്നു പഴയകാല ഉത്സവങ്ങള്‍ .
മത്സ്യവും ഇറച്ചിയും പച്ചക്കറികളും പഴങ്ങളും  പത്രങ്ങളും പലഹാരങ്ങളും അടക്കം എല്ലാം ഒന്നിച്ചു ലഭ്യമാകുന്ന ഒരു വേദിയാണ് ഈ വാണിഭങ്ങള്‍. ഒരു പക്ഷെ വാള്‍മാര്‍ട്ടും മറ്റും ഹൈപ്പര്‍   മാര്‍ക്കറ്റുകള്‍ സ്വപ്നം കാണുന്നതിനു മുന്‍പ് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ നിത്യജീവിതത്തിനു വേണ്ട എല്ലാം ഒരു പൂരപ്പറമ്പില്‍ ഒരുക്കി അതിന്‍റെ വിപണി സാധ്യതയെ തുറന്നു കാണിച്ചിരുന്നു.

ചെളിയും മണ്ണും ഹൈജീനിക്കല്ലെന്നും പറഞ്ഞു അമൂല്‍ ബേബികളായി    നാം വളര്‍ന്നപ്പോള്‍ ഈ പാടങ്ങളിലെ പലഹാരങ്ങള്‍ നമുക്ക് വേണ്ടാതായി. ഒരായിരം രാസവസ്തുക്കളുടെ  നിറവും സൌന്ദര്യവും  നിറഞ്ഞ ഫാസ്റ്റ് ഫുഡുകള്‍  നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഷോപ്പിംഗ്‌ മാളുകളുടെ  മായിക ലോകത്തേക്ക് നടക്കുമ്പോളും ചിലപ്പോളൊക്കെ  ഓര്‍ക്കാറുണ്ട്;  പാടത്തെ പൊടി നിറഞ്ഞ ഒരു തുണ്ട് ഹലുവയുടെ രുചി. അത് നല്‍കാന്‍ ഒരു ഫാസ്റ്റ് ഫുഡിനും കഴിയാറില്ലല്ലോ എന്ന്  
അത് വള്ളുവനാടിന്റെ രുചിയാവുന്നു. മണ്ണിന്റെ, മനുഷ്യന്‍റെ. മനുഷ്യത്വത്തിന്റെ രുചി!

ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഓരോ ഉത്സവവും ഭംഗിയായി കഴിയുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ക്കാറുണ്ട് ഇത്തവണ ദൈവം  നമ്മെ കൈവിട്ടില്ലല്ലോ എന്ന് . ചിലപ്പോഴൊക്കെ ദൈവം കൈവിട്ടു പോവുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. പാപ്പാനെ കൊമ്പില്‍ കോര്‍ക്കുന്ന  ആനയുടെ രൂപത്തില്‍, പൊട്ടിത്തെറിക്കുന്ന വെടിമരുന്ന്പുരയുടെ രൂപത്തില്‍, ഉത്സവലഹരിക്ക് കൊഴുപ്പേകാന്‍ ആരുടെയോ അശ്രദ്ധകൊണ്ട്  അളവ്  കൂടി പോവുന്ന മീതെയില്‍  ആള്‍കഹോളിന്റെ രൂപത്തില്‍,.....  അങ്ങനെ ഉത്സവങ്ങള്‍ നിറം കേട്ടു പോവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ കണ്ടു.

തോട്ടി കൊണ്ട് കുത്തി ഉയര്‍ത്തുന്ന ആനച്ചന്തം
തലയെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി തോട്ടിയുടെ കുത്ത് കൊണ്ട് തല ഉയര്‍ത്തി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്ന  സഹ്യന്‍റെ മകന്‍റെ  ദൈന്യത മിക്ക പൂരങ്ങളുടെയും  പതിവ് കാഴ്ചയാവുന്നു. ഉറക്കവും ഭക്ഷണവും ഇല്ലാതെ ആഘോഷങ്ങള്‍ കൊഴുപ്പിക്കുന്ന ഇവന്‍റെ  വിളി കേട്ടു കാണുമോ   മണിക്കോവിലുകളില്‍   മയങ്ങുന്ന മനുഷ്യന്‍റെ ദൈവങ്ങള്‍ എന്ന് വൈലോപിള്ളിക്കൊപ്പം ഞങ്ങളും സംശയിച്ചു  പോകുന്ന  നിമിഷങ്ങള്‍ ....



പൂരപ്പറമ്പില്‍ കരിമരുന്നു കത്തി തുടങ്ങി. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ പഴയ ഓര്‍മകളെ അടുക്കി വെക്കാന്‍   തുടങ്ങി. ഇടയ്ക്കു തനിക്കു നേരെ ഒരു കളിപ്പാട്ടകച്ചവടക്കാരന്‍ നീട്ടിയ തിരയുള്ള കളിത്തോക്ക്‌ വാങ്ങി പോക്കറ്റിലിട്ടപ്പോള്‍ മനസ്സ് നിറയെ ഏഴു ബി യിലെ ഒന്നാം ബെഞ്ചിലിരുന്നു നാളെ അത് വികാസിനെയും സന്ദീപിനെയും കാണിക്കാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷെ  പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം  വികാസും സന്ദീപും ആ ഏഴു ബിയിലെ ഒന്നാം ബെഞ്ചും  തനിക്കന്യമാണ് എന്ന യാതാര്‍ത്ഥ്യവുമായി   പൊരുത്തപ്പെടാന്‍   ഇഷ്ടമില്ലാതെ ഞാന്‍ ആ വരമ്പത്തിരുന്നു; കരിമരുന്നിന്റെ  ആ ഇന്ദ്രജലത്തിനു മിഴികളെ വിട്ടു കൊടുത്തു കൊണ്ട്. ക്ഷേത്രനടയില്‍ കഴുത്തിലെ തോട്ടി അല്പമൊന്നു അയഞ്ഞ ആശ്വാസത്തില്‍  ദേവിയുടെ തിടംബിറക്കിയ കൊമ്പന്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പൂര പ്രേമികളോട് കണ്ണിറുക്കികാട്ടി  ചെവിയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു ...

Saturday, August 7, 2010

അഭിനയത്തിന്‍റെ മുരളീപര്‍വ്വം

നടന വൈഭവത്തിന്‍റെ    ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ  ആടിത്തീര്‍ത്തപ്പോള്‍   അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.


നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്‍. അസാമാന്യമായ മെയ്‌ മഴക്കത്തോടെ കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്‍റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്‍റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .

മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു  എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.

നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന്‍ നല്‍കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന്‍ രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .

അമരത്വത്തിന്‍റെ അഭിനയ ഭാഷ്യം

ഭരതന്‍ ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്‍റെ ഒരു കളിയാണ് .

നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍


മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ്‌ ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.

അരങ്ങിന്‍റെ ആശാന്‍

യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന്‍ നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന്‍ ആശാന്‍ മുരളിയിലൂടെ അവിസ്മരണീയമായി.

വ്യക്തിജീവിതത്തിലും അരങ്ങിന്‍റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്‍റെ സവിശേഷത  ആയിരുന്നു. ലങ്കലക്ഷ്മിയിലെ  രാവണന്‍  ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്‍റെ  ബാപ്പുട്ടി

തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍


പ്രിയ നന്ദനന്‍റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്‍റെ  വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.

വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന്‍ ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത  പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍  പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്‍പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്‍ക്കും ആ നടന ചാരുത.

Sunday, April 11, 2010

ലബനോണിന്റെ സംഗീതം

 എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്‍തത്തിന്റെ ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ, പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു ഏപ്രില്‍ മാസത്തിലാണ്‌.ലബനോണ്‍ന്റെ ഗായകന്‍ , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക്‌ വാക്കുക്കളുടെ നവ്യാനുഭവം നല്‍കിയ ഖലീല്‍ ജിബ്രാന്‍ വിടപറഞ്ഞു പോയത്‌ 1931 ഏപ്രില്‍ 10നാണ്‌.

1883 ജനുവരി ആറിന്‌ ലബനോണില്‍ ആണ്‌ ഖലീല്‍ ജനിച്ചത്‌. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക്‌ കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത്‌ 1904 ഇല്‍ ആണ്‌.പിന്നീട്‌ പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക്‌ ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും.

ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്‍(The Prophet) എന്ന രചനയാണ്‌. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ്‌ എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ്‌ പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.

ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്‍(Brocken Wings). ബെയ്‌ റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്‍തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്‍പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.

Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.

ഇത്രയും വിരഹാര്‍ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.

അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന്‍ നമുക്കു നല്‍കി. നാല്‍പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്‍കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.

Wednesday, December 2, 2009

പുതുവത്സരചിന്‍തകള്‍

അങ്ങനെ ബസ്സ്‌ സമരം താല്‍ക്കലികമായി പിന്‌വലിച്ചു. ഡിസംബറിന്റെ എക്കൗണ്ട്‌ സമരത്തൊടെ തുടങ്ങാമെന്നു കരുതിയിരുന്ന മലയാളി നിരാശനായി. പക്ഷെ ബസ്‌ സമരം ഒരു പുതുവര്‍ഷസമ്മാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്  സര്‍ക്കാരും ബസ്സു മുതലാളികളും.എന്തായാലും ഒന്നുറപ്പാണു.  ബസ്‌ സമരം ഒഴിവായാല്‍ വിദ്യാര്‍ഥി സമരം പ്രതീക്ഷിക്കാം. കാരണം ഇത്തവണ ബസ്‌ സമരത്തിനുകാരണം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആണ്‌.

സമര കൈരളി വിജയിക്കട്ടെ!

അടുത്ത കലണ്ടര്‍ വര്‍ഷത്തെ സമരങ്ങള്‍ ഏതൊക്കെയായിരിക്കും?

ഉള്ളിയുടെ വില വര്‍ധിക്കുന്നതുകൊണ്ടു ഒരു കേന്ദ്രസര്‍ക്കാറിനെതിരെ ഒരു സമരം പ്രതീക്ഷിക്കാം. പിന്നെ  മുരളി ദെവറ കനിയുകയാണെങ്കില്‍ പെട്രൊളിയം വിലയും വര്‍ധിപ്പിചെക്കാം.

പിന്നെ പതിവുപോലെ ജുണില്‍ സ്വാശ്രയം കളിക്കാം. ഇതിനിടയില്‍ വല്ല ആണവ കരാറൊ(കാനഡയുമായി ഒരു കരാറിനു സാധ്യത കാണുന്നുണ്ട്‌.) സ്വതന്ത്ര വ്യാപാരക്കരാറൊ വന്നാല്‍ കുശാലായി. നാലഞ്ചു ദിവസം ഭേഷായി മനുഷ്യചങ്ങല, കവലപ്രസംഗം, ബക്കറ്റ്‌ പിരിവു തുടങ്ങിയ പതിവു കലാ പരിപാടികളുമായി മുന്നോട്ടു നീക്കാം.
ക്രമസമാധാനം വളെരെ ഉഷാറായി പാലിക്കപ്പെടുന്നതു കൊണ്ടു രാഷ്ട്രീയ സംഘട്ടനങ്ങളും പ്രതീക്ഷിക്കാം.മാത്രമല്ല നാലില്‍ കുജനും പതിനൊന്നില്‍ വ്യഴവും പതിനെട്ടില്‍ ബിനീഷും നില്‍ക്കുന്നതുകൊണ്ട്‌  ആഭ്യന്തരം   ഉഷാറാണല്ലൊ?

ദുബായുടെ ആപ്പീസു പൂട്ടിയെന്ന് മുഖ്യന്‍; അതൊടൊപ്പം ടീക്കോമും സ്മാര്‍ട്ടല്ലാതെയാവുമെന്നു ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍തൊക്കെയായിരുന്നു? വിഡിയോ കോണ്‍ഫറണ്‍സ്‌ , 50000 പേര്‍ക്കു ജോലി, കൊച്ചിയില്‍ സിലിക്കണ്‍ വാലി. അവസാനം പവനായി .....

മെട്രൊ റെയിലും വല്ലാര്‍പാടവും വിഴിഞ്ഞവും നനഞ്ഞ പടക്കങ്ങളാവുമെന്നോ എന്നു കാണിപ്പയൂരിനെ വിളിചു നോക്കെണ്ടി വരും. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ ഫൈനാഷ്യല്‍ ക്രൈസിസ്‌ വന്നു എന്നു പറഞ്ഞ പോലെയായി.

സമരങ്ങള്‍ക്ക്‌ പല സ്കോപ്പും ഇനിയുമുണ്ട്‌. സിലബസ്സില്‍ മതമില്ലാത്ത ജീവനുകളൊ ജീവനില്ലാത്ത മതങ്ങളൊ മോഡിയുടെ ആത്മകഥയൊ വന്നാല്‍ കുശാലായി. അക്കാഡമി അവാര്‍ഡുമുതല്‍ ചലചിത്രമേള വരെ സമരം നടത്താനുള വേദിയാക്കാം. ഏസ്‌ ആക്രിതിയിലുള്ളാ കത്തിയുടെ ചരിത്രം 'കാരിരാജ' എന്ന് പേരില്‍ ഹരിഹരനു പുറത്തിറക്കൈയാല്‍ ഒരു പക്ഷെ പനോരമയില്‍ സുവര്‍ണ്ണ മയൂരം ഏറ്റുവാങ്ങാം.

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പതിവു പോലെ മുറജപവും സദ്യയും സുഭികഷ്മായ വിവാദ പൂര്‍ണമായ ഒരു പുതുവത്സരത്തിനായി കാത്തിരിക്കാം.

Sunday, June 28, 2009

പ്രിയപ്പെട്ട ലോഹി


എവിടെയാണ് നിങ്ങള്‍ക്ക്  ഞങ്ങള്‍ സ്മാരകം പണിയേണ്ടത്‌ ...?

മഷി ഉണങ്ങാത്ത ആ പേന ഇനി പറയാന്‍ ബാകി  വച്ച കഥകള്‍ക്കിടയിലോ ? അതോ പറഞ്ഞു പോയോഴിഞ്ഞ ആയിരം നന്മകളുടെ നുറുങ്ങു കൊട്ടാരം കൊണ്ടോ?

ഇതു മലയാളിയുടെ മാത്രം നഷ്ടമല്ല മറിച്ച് മാനവികതയുടെ നഷ്ടമാണ്.

കടപ്പുറത്തെ പൂഴിമണലിനെ നെഞ്ചോടു ചേര്ത്തു പിടിച്ചു വിതുമ്പുന്ന അച്ചൂട്ടിയെ പോലെ , ഞങ്ങളും വിതുംബട്ടെ.


വാക്കുകളുടെ ഇന്ദ്രജാലമല്ല , ചടുലതയാര്‍ന്ന സംഭാഷണവുമല്ല മറിച്ചു ജീവിതം നിറഞ്ഞു തുളുമ്പുന്ന നന്മയുള്ള ഒരു കൂട്ടം മനുഷ്യരുടെ യാത്രകളാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വച്ചത്.

കഥയില്ലയ്മകളുടെ കെട്ട്കാഴ്ച്ച്ചകള്‍ക്കിടയില്‍ നട്ടം തിരയുന്ന നമ്മുടെ സിനിമയ്ക്കു കഥ പറച്ചിലിന്റെ പുത്തന്‍ അനുഭവം നല്കിയ മാന്ത്രികാ ,

നിങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.. !