Friday, February 25, 2011

ഏഴിമല പൂഞ്ചോല !!!


 

 
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മേനോന്സിന്റെ കൈ പിടിച്ചു വടക്കന്‍ വീര ഗാഥ കണ്ടുവന്ന ദിവസം തന്നെ ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം എടുത്തിരുന്നു. ഒരു സില്‍മ നടന്‍ ആയിട്ട് തന്നെ ഇനി കാര്യം. സ്കൂളില്‍ അടി കൂടാന്‍ വരുന്നവരെ മമ്മൂട്ടിയെ പോലെ പറന്ന് വെട്ടാം, സ്കൂളില്‍ ലേറ്റ് ആയാല്‍ കുതിരപ്പുറത്തു പോകാം. പിന്നെ ഡുയറ്റ്  പാടാം.  അതിനു ശേഷം എടുപ്പിലും നടപ്പിലും ഒരു സില്‍മസ്റ്റയില്‍ കൊണ്ട് വരാന്‍ ഉണ്ണിസ്  ബദ്ധശ്രദ്ധ പതിപ്പിച്ചിരുന്നു.

 
 ആറാം  ക്ലാസില്‍ വെച്ച് ശോഭനയെ കെട്ടിയാലോ എന്നാ ചിന്ത തലയില്‍ കയറിയത്.  ശോഭനയെ കെട്ടിയാല്‍ എന്നും ഡാന്‍സ് കാണാല്ലോ  . എയിജ് ഡിഫറന്‍സ് ഇത്തിരി ഇല്ലേ .അതോണ്ട് തല്‍ക്കാലം വെയിറ്റ് ചെയ്യാം. ഇരുപത്തി ഒന്ന് വയസ്സാവുന്നതിനു ഒരു കൊല്ലം മുന്‍പ് ആ കാലത്തെ ട്രെന്‍ഡ് സെറ്റര്‍ ആയ അന്യജാതിക്കാരിയെ കെട്ടാം എന്ന് ഓര്‍ത്തു തല്‍ക്കാലം സമാധാനിച്ചു 

 
അതിലിടക്കാണ് ചുവരുകളില്‍ ഒരു പാവം  ദാരിദ്യക്കാരി  പെണ്ണിന്റെ ഫോട്ടോ  വരുന്നത് ശ്രദ്ധിച്ചത്. എപ്പോളും ആ കുട്ടി  കുഞ്ഞുടുപ്പേ  ഇടൂ . ദാരിദ്ര്യം!  അല്ലാതെന്തു പറയാന്‍? ഇങ്ങനെ ആലോചിച്ചു   ഒരു ദിവസം അത്തരം ഒരു പോസ്റര്‍ നോക്കി ഇതികര്‍ത്തവ്യത  മൂഡന്‍ ആയി അല്‍പനേരം നിന്ന് പോയി. സഹജീവികളോട് ഉണ്ണിക്കുട്ടന്‍ കാണിക്കുന്ന ഇത്തരം സഹാനുഭൂതികള്‍ മനസിലാക്കാന്‍ മേനോന്‍സിനു കഴിയില്ല എന്ന് തെളിഞ്ഞ ദിവസം ആയിരുന്നു അത്. അന്ന് വീട്ടിലെത്തിയതും ഒരു വടി ഉണ്ണിക്കു നേരെ ഉയര്‍ന്നു  താണു.

 
"സില്‍ക്ക് സ്മിതയുടെ പോസ്റര്‍ നോക്കി നില്‍ക്കുകയാണ് നിന്റെ പണി അല്ലെ, ഇപ്പോളെ ഇങ്ങനായാല്‍ നീ ഭാവിയില്‍ ടി ജി രവി ആവുമല്ലോ !!!!! "

 

മേനോന്‍സ് അരിങ്ങോടര്‍ ആയി.  കിട്ടിയത് വാങ്ങി ഓടുന്നതിനിടയില്‍ ഉണ്ണി ആലോചിച്ചു. ഞാന്‍ എന്ത് തെറ്റ് ചെയ്തു ? ഒരു പാവം പെണ്‍കൊടി വസ്ത്രം വാങ്ങാന്‍ പണമില്ലാതെ നില്‍ക്കുന്നത് ആരോ ഫോട്ടോ എടുത്തു ചുവരില്‍ ഒട്ടിച്ചു. അത് പ്രതിഷേധാര്‍ഹം അല്ലെ?. ജനറേഷന്‍ ഗാപ്‌ അല്ലാതെ എന്ത് പറയാന്‍ ?എന്നാണ് മേനോന്‍സ് ഈ ജനറെഷനെ   മനസിലാക്കുക??

 
അങ്ങനെ ആണ് ആ പേര് മനസ്സില്‍ വീണത്‌. സില്‍ക്ക്. ഒരിക്കല്‍ ഏഴാം ക്ലാസിലെ ഗജപോക്കിരി   സുഭാഷ് ക്ലാസ് കട്ട് ചെയ്തു 'ലയനത്തിന്' പോയ കഥ എല്ലാവരെയും   രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ആണ്  ആ പെണ്‍കൊടി ഒരു വിലക്കപെട്ട   കനി ആണെന്ന് ഉണ്ണിക്കുട്ടന് മനസിലായത്  . വെറുതെയല്ല  മേനോന്‍സ് പുളിവടി സെഷന്‍ അറെയിഞ്ച് ചെയ്തത്!!

 
 ആവര്‍ഷം ആണ് ഒരു പുതിയ ഒരു കുരിശു സ്കൂളില്‍ എത്തുന്നത്‌. പുതിയ ഒരു ടീച്ചര്‍. കുരിശു ടീച്ചര്‍ അല്ല, ടീച്ചരോടൊപ്പം വന്ന ടീച്ചരുടെ  മകന്‍.അനൂപ്‌ !!അനൂപ്‌ എന്ന വെളുത്ത സുന്ദരന്‍. വലിയ ജാടക്കാരന്‍.

 
 ടീച്ചരുടെ  അഡ്രെസ്സില്‍ അവന്‍റെ ഇന്ട്രോടക്ഷന്‍  കേമം. അവന്‍റെ വരവ് ആദ്യം ഉണ്ണിക്കുട്ടന്‍ സ്വാഗതം ചെയ്തു. സ്പോര്‍ട്സ്മാന്‍ സ്പിരിട് വേണമല്ലോ. പിന്നെയാണ് ഇവന്‍ പാരയാവും എന്ന് മനസിലായത്.  വന്ന ഉടന്‍ തന്നെ അവന്‍ അഷിത എന്ന ഉണ്ണിക്കുട്ടന്‍റെ  വിക്നെസ്സിനെ  പരിചയപ്പെട്ടു. ടീച്ചരുടെ   മകന്‍ ആയതു കൊണ്ട് അഷിത അവനെ നന്നായി മൈന്‍ഡ് ചെയ്യുന്നു എന്ന് ഉണ്ണിക്കുട്ടന്‍ ഒരു ഞെട്ടലോടെ മനസിലാക്കി.

 
"ഹോ, ഈ രുക്കുവമ്മക്ക്  ഒരു ടീച്ചര്‍ ആയിക്കൂടെ? ആയിരുന്നേല്‍ പഴം പൊരി മുതല്‍ എന്തിനു ലൈന്‍ വരെ കിട്ടുമായിരുന്നു. "

 
ഇടക്കിടക്ക് അനൂപ്‌ താന്‍ വെളുത്തവന്‍ ആണെന്ന് അഹങ്കാരത്തോടെ പറയാറുണ്ട്‌. അത് ഇരുണ്ട് നിറമുള്ള ഉണ്ണിയുടെ നിറം ഹൈലൈറ്റ് ചെയ്യാനാണെന്ന് എന്ന് ഉണ്ണിക്കറിയാം. കറുത്ത നിറം അഴകല്ലേ? താന്‍ ദ്രാവിഡ സംസ്കാരത്തിന്റെ യഥാര്‍ത്ഥ പിന്ഗാമി അല്ലേ. ഇവനിതൊക്കെ അറിയുമോ?

 
ഇനി എന്ത് ചെയ്യും?അവന്‍ വന്ന ആദ്യ ദിവസം തന്നെ ഓട്ടമത്സരത്തില്‍ ഉണ്ണിക്കുട്ടനെ തോല്‍പിച്ചു. കായികശേഷിയില്‍  പണ്ടേ ഉണ്ണിക്കുട്ടന്‍ പിറകിലാണ്.  ശക്തിയില്‍ അല്ല ബുദ്ധിയില്‍ ആണ് കാര്യം. ഇനി കാവിലെ  പാട്ട് മത്സരത്തില്‍ കാണാം എന്ന് പറയാന്‍ ഉണ്ണിക്കുട്ടനു പാട്ടും അറിയില്ല. ഇവന്‍ ആണേല്‍ മോശമില്ലാതെ പാടുകയും ചെയ്യും.

 
കാല്‍കൊല്ലപരീക്ഷക്ക്‌ കണക്കു പരീക്ഷയില്‍ അവനെ കാണാം എന്ന് സമാധാനിച്ചു ഇരുന്നു. പക്ഷെ അവന്‍റെ അമ്മ കണക്കു ടീച്ചര്‍ ആണല്ലോ .  മാത്രവുമല്ല ആ കൊല്ലം പരീക്ഷ പേപര്‍ തയ്യാറാക്കിയത് ഉണ്ണിക്കുട്ടന്റെ സ്കൂളില്‍ നിന്നും.അതില്‍ ഇവന്‍റെ അമ്മയും ഉണ്ടായിരുന്നു  ഇവന്‍ എങ്ങനെയോ അതിലെ കുറെ ചോദ്യങ്ങള്‍ ചൂണ്ടി അഷിതയോടും ഉണ്ണിക്കുട്ടനോടും  ഒന്നിച്ചു പറഞ്ഞു ".. ഡാ ഇതു പരീക്ഷക്ക്‌ വരും."

 
"ഓ പിന്നെ എന്‍റെ  ബൌ  ബൌ  കേള്‍ക്കും.. അവന്‍റെ ഒരു ഡയലോഗ്."

 
അത് കൊണ്ട് ആ ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കി പഠിച്ചു പരീക്ഷ ഹാളില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ ഞെട്ടി.അതേ ചോദ്യങ്ങള്‍!! അഷിതയും അനൂപും കണക്കില്‍ ഫസ്റ്റ് രണ്ടിനും നാല്പത്തി ഒന്‍പതു മാര്‍ക്ക്  . ഉണ്ണിക്കുട്ടനു വെറും നാല്‍പതു മാര്‍ക്ക്. ഇവന്‍ ചോദ്യപേപ്പര്‍  മാഫിയ തന്നെ.

 
അനൂപ്‌ അഷിതയുടെ  മുന്‍പില്‍ വെച്ചു ഉണ്ണിയെ കളിയാക്കി.

 
 "നീ വലിയ മണ്ടന്‍ ആണല്ലോ. ചോദ്യം പറഞ്ഞു തന്നിട്ടും അവനു നാല്പതല്ലേ കിട്ടിയുള്ളൂ"

 
അഷിത നന്ദിയോടെ  അനൂപിനെ നോക്കി. ഉണ്ണിക്കുട്ടന്‍ തകര്‍ന്നിരുന്നു.

 
എന്നാലും അവന്‍ ക്വസ്റ്യന്‍ പേപ്പര്‍ ചേര്‍ത്തി സ്റ്റാറായില്ലേ  ? ഇതു പോലെ ഇനിയും ഇവന്‍ നാളെ തനിക്കിട്ടു ആപ്പ് വെക്കില്ല എന്ന് എങ്ങനെ അറിയും. എങ്ങനെയെങ്കിലും ഇവന് ഒരു പണി കൊടുക്കണം. ഒരു കാട്ടില്‍ രണ്ട് സിംഹം വേണ്ട.

 
അപ്പോളാണ് ഹൃദയഭേദകമായ വാര്‍ത്ത അറിഞ്ഞത്. സ്കൂള്‍ ലീഡര്‍ ആയ ഉണ്ണിക്കുട്ടന്‍ ആണ് എല്ലാ ആഴ്ചയും അസംബ്ലിയില്‍ പ്രതിജ്ഞ വായിക്കാറുള്ളത്. ഭാരതം എന്റെ നാടാണ് ചിലരോഴിച്ചുള്ളവരെല്ലാം എന്റെ സഹോദരികളാണ് എന്ന് മലയാളം ടെക്സ്റ്റ് നോക്കി വായിക്കലാണ് പതിവ്.  ചിലപ്പോഴൊക്കെ ഒരു ചെയിഞ്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക്  ചാന്‍സ് കൊടുക്കാറുണ്ട്.

 
ആ ആചാരം ഉണ്ണിക്കുട്ടന്റെ വിശാല മനസ്കതകൊണ്ടാണ്. ബട്ട്‌ ഇപ്പോള്‍ അത് പാരയായി.ഈ ആഴ്ച അനൂപ്‌ വായിക്കട്ടെ എന്ന് ഹെഡ് മാസ്റ്റര്‍. സ്കൂളിലെ എല്ലാ കുട്ടികളുടെയും മുന്‍പില്‍ അവന്‍ പ്രതിജ്ഞ വായിച്ചാല്‍ ഉണ്ണിക്കുട്ടന്‍ ഔട്ട്‌. പണ്ടും കറുത്തവര്‍ അവഗണയുടെ  പാത്രങ്ങള്‍ അല്ലേ ? ആ പാര ഓര്‍ത്തു ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ വരെ ഞെട്ടി. ഇനി വൈകരുത്. ഇവന് ഒരു പണി കൊടുക്കണം

 
എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കവേ ആണ് ആ ഫോട്ടോ ഉണ്ണിക്കുട്ടന്റെ കൈയില്‍ കിട്ടുന്നത്. മായമാനോഹരിയായ സില്‍ക്ക് ചേച്ചിയുടെ A3 സൈസ് പോസ്റര്‍! നാനയുറെ സെന്റര്‍   പേജില്‍  വന്ന ചിത്രം  വളരെ രഹസ്യമായി സുഭാഷ്  ആണ് ക്ലാസില്‍ കൊണ്ട് വന്നത്. ഉണ്ണിയുടെ ബ്രൈയിന്‍ ഒരു നിമിഷം രാജന്‍ പി ദേവ് ആയി .

 
മെല്ല ആ പോസ്റ്റര്‍  ഉണ്ണി ചൂണ്ടി. അന്നു രാവിലെ ആരും അറിയാതെ ഫോട്ടോ അനൂപിന്റെ മലയാളം ടെക്സ്റ്റ്‌ ബുക്കിനകത്ത്‌  വെച്ചു.

 
അസംബ്ലിയുടെ  ബെല്ലടിച്ചു .

 
പിള്ളേര്‍ നിരന്നു  അറ്റന്‍ഷന്‍ ആയി നിന്നു. ആത്മവിശ്വാസത്തോടെ  അനൂപ്‌. നെഞ്ചിടിപ്പോടെ ഉണ്ണിക്കുട്ടന്‍. കാതരമിഴികളോടെ അഷിത. ഇനി എന്തും സംഭവിക്കാം.

 
അനൂപ്‌ ബുക്ക് എടുത്തു വായന തുടങ്ങി. "ഭാരതം എന്റെ നാടാണ് ..."

 
എല്ലാവരും അറ്റന്‍ഷനില്‍ ആണ്. ഉണ്ണിക്കുട്ടന്‍  പ്രതിജ്ഞ  മറന്നു നില്‍ക്കുകയാണ്. അനൂപ്‌ ശ്വാസം എടുത്തു ഒന്ന് മുന്നിലെ കുട്ടികളെ നോക്കി. എന്നിട്ട് ബുക്ക് ഒന്ന് കൂടി നിവര്‍ത്തി വായന തുടര്‍ന്നു. പെട്ടെന്ന് ബുക്കില്‍ നിന്നും അവള്‍ താഴെ ഊര്‍ന്നു വീണു.

 
 "സില്‍ക്ക് ചേച്ചി. !!"

 
ആ പോസ്റര്‍ ആദ്യം കമിഴ്ന്നു വീണു . ഹെഡ് മാസ്റര്‍ അടക്കം ആരും അത് ഗൌനിച്ചില്ല.

 
രണ്ടാമൂഴത്തിലെ ഭീമനെ പോലെ ഉണ്ണിക്കുട്ടന്‍ വിളിച്ചു.

 
"കൊടുങ്കാറ്റുകളുടെ തോഴനായ ദേവാ"

 
പറഞ്ഞു തീര്‍ന്നില്ല.ഒരു മന്ദമാരുതന്‍ വന്നു. അനൂപ്‌ അത്  ശ്രദ്ധിക്കാതെ വായന തുടര്‍ന്നു. ഇപ്പോള്‍ പോസ്റര്‍ മലര്‍ന്നു നേരെ അസ്സെംബ്ളി പിള്ളേരുടെ ഇടയില്‍ പറന്നെത്തി. സില്‍ക്കിന്റെ മാദക മേനി കണ്ടതും പിള്ളേര്‍  ഇളകി.

 
"ശ്ശോ സുകൃത ക്ഷയം!!! സ്കൂളിന്റെ മാനം" ഉണ്ണിക്കുട്ടന്‍ രോഷാകുലനായി.

 
ഉടന്‍ തന്നെ ഹെഡ്മാസ്റര്‍  അനൂപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവന്‍ പറഞ്ഞു " ഞാന്‍, ഞാന്‍ ..."

 
അസ്സംബ്ലിയില്‍ വെച്ചു തന്നെ അവനു സമ്മാനവും കിട്ടി.

 
നിഷ്കളങ്കമായി ഉണ്ണിക്കുട്ടന്‍ പറഞ്ഞു " ഇനിയുള്ള എല്ലാ പ്രതിജ്ഞയും ഞാന്‍ തന്നെ നോക്കാം. എനിക്ക് എന്റെ സ്കൂളിന്റെ മാനമാണ് വലുത്  "

 
"അതേ ഇനി നീ തന്നെ നോക്കിയാല്‍ മതി.എല്ലാവരും നിന്നെ പോലെ  നല്ലവരല്ലല്ലോ"

 
അന്ന് വൈകിട്ട് തന്നെ ഉണ്ണിക്കുട്ടന്‍ സില്‍ക്ക് സ്മിത ഫാന്‍സ്‌ അസോസിയഷന്‍ നീലിയാട്‌  യുണിറ്റ്  രൂപികരിച്ചു.

എപിലോഗ്    : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് .

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍
  5. ജൈവായുധം അഥവാ ഉണ്ണി മധുരം !!!!