Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts

Monday, August 23, 2010

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.

 എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍  ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?

 പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.

 അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ  കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു  സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.

 അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ്  കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി.  ‌ അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും  പറഞ്ഞിട്ടില്ലായിരുന്നു.

 എന്റെ ഈ അവസ്ഥ സജീവന്റെ  അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"

  ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്.  അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ  ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.

 ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "

അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....

Saturday, August 7, 2010

അഭിനയത്തിന്‍റെ മുരളീപര്‍വ്വം

നടന വൈഭവത്തിന്‍റെ    ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ  ആടിത്തീര്‍ത്തപ്പോള്‍   അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.


നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്‍. അസാമാന്യമായ മെയ്‌ മഴക്കത്തോടെ കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്‍റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്‍റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .

മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു  എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.

നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന്‍ നല്‍കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന്‍ രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .

അമരത്വത്തിന്‍റെ അഭിനയ ഭാഷ്യം

ഭരതന്‍ ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്‍റെ ഒരു കളിയാണ് .

നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍


മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ്‌ ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.

അരങ്ങിന്‍റെ ആശാന്‍

യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന്‍ നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന്‍ ആശാന്‍ മുരളിയിലൂടെ അവിസ്മരണീയമായി.

വ്യക്തിജീവിതത്തിലും അരങ്ങിന്‍റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്‍റെ സവിശേഷത  ആയിരുന്നു. ലങ്കലക്ഷ്മിയിലെ  രാവണന്‍  ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്‍റെ  ബാപ്പുട്ടി

തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍


പ്രിയ നന്ദനന്‍റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്‍റെ  വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.

വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന്‍ ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത  പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍  പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്‍പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്‍ക്കും ആ നടന ചാരുത.

Sunday, April 11, 2010

ലബനോണിന്റെ സംഗീതം

 എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്‍തത്തിന്റെ ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ, പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു ഏപ്രില്‍ മാസത്തിലാണ്‌.ലബനോണ്‍ന്റെ ഗായകന്‍ , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക്‌ വാക്കുക്കളുടെ നവ്യാനുഭവം നല്‍കിയ ഖലീല്‍ ജിബ്രാന്‍ വിടപറഞ്ഞു പോയത്‌ 1931 ഏപ്രില്‍ 10നാണ്‌.

1883 ജനുവരി ആറിന്‌ ലബനോണില്‍ ആണ്‌ ഖലീല്‍ ജനിച്ചത്‌. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക്‌ കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത്‌ 1904 ഇല്‍ ആണ്‌.പിന്നീട്‌ പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക്‌ ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും.

ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്‍(The Prophet) എന്ന രചനയാണ്‌. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ്‌ എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ്‌ പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.

ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്‍(Brocken Wings). ബെയ്‌ റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്‍തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്‍പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.

Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.

ഇത്രയും വിരഹാര്‍ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.

അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന്‍ നമുക്കു നല്‍കി. നാല്‍പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്‍കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.

Saturday, October 10, 2009

ഒരു വട്ടം കൂടിയാ ......!

വീണ്ടും ഒരിക്കല്‍ കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈദ് അവധിക്കു നാട്ടില്‍ എത്തിയ കൂട്ടുകാരെല്ലാം ഒന്നിച്ചു കോഴിക്കോട് കു‌ടാം എന്ന ബുദ്ധി ഉദിച്ചത് . നേരെ ഫോണെടുത്തു വിളി തുടങ്ങി. ഗഫൂര്‍ ,ഫവാസ്, അശ്വനി കുമാര്‍ ,ധീരജ്, ഷംസു പിന്നെ ഞാനും .മൂന്നു വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍.

രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.

ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.


റയില്‍വേ സ്റ്റേഷനില്‍ ഫവാസ് കാറുമായി നില്‍ക്കുനുണ്ടായിരുന്നു . മാനാഞ്ചിറ വായില്‍ നോക്കി ഷംസുവും . ഇനിയുള്ള കാര്യങള്‍ നമുക്കു ക്യാമറയിലൂടെ കാണാം


പണ്ടു വായില്‍ നോക്കിനിന്ന അതെ സ്ഥലങ്ങള്‍ . മാനാഞ്ചിറ സ്ക്വയര്‍ അടച്ചതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല
.


പിന്നെ നേരെ വെച്ച് പിടിച്ചു ബീച്ചിലേക്ക്. സമയം പത്തു മണി . നല്ല വെയില്‍ . കടല് കാണാന്‍ പറ്റിയ സമയം !




പത്തരയായപോഴേക്കും വല്ലാതെ വിശക്കാന്‍ തുടങ്ങി . ഞാനും സൌദിയില്‍ നിന്നും വന്ന ഷംസുവും കുബ്ബൂസിനായി ചുറ്റും പരതവേ ഗഫൂര്‍ പറഞ്ഞു. അത് ഇവിടെ കിട്ടുല. "പുവര്‍ മലയാളീസ് , കുബ്ബൂസ് ഇന്റെ രുചി അറിയാനുള്ള യോഗം ഇല്ല ". പിന്നെ അടുത്തുകണ്ട ഐസ് ക്രീം കടക്കാരനെ ആക്രമിച്ചു.

പതിനൊന്നു മണിക്ക് ഇനി എവിടേക്ക് എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ ധീരജ് വിളിക്കുന്നു. "ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേ ഉള്ളൂ." ഫസ്റ്റ് ഹൌര്‍ കഴിഞു മാത്രം ക്ലാസില്‍ എത്തുന്ന ശീലം അവന്‍ ഇതു വരി മാറ്റിയിട്ടില്ല . "നിങ്ങള്‍ വെസ്റ്റ്‌ ഹില്ലിലോട്ടോ വാ. ഞാന്‍ അപ്പോഴേക്കും അവിടെ എത്താം . "
പിന്നെ ഞങള്‍ എല്ലാവരും വെസ്റ്റ്‌ ഹില്ലില്‍. ഞായറാഴ്ചയായതിനാല്‍ കോളേജ് ക്ലോസ്ഡ്‌ . പിന്നെ തുറന്നു കിടന്ന ഒരു കിളിവാതില്‍ വഴി എല്ലാവരും ഉള്ളില്‍ . തുടര്‍ന്ന് അയവിറക്കല്‍ സെഷന്‍
പതിവില്ലാതെ അവധി ദിവസം ആളുകളെ കണ്ടപ്പോള്‍ സെക്യൂരിറ്റി അടുത്ത് വന്നു . ഉടനെ ഫവാസ് അരയില്‍ നിന്നും അത് വലിച്ചൂരി.അത് കണ്ടതും സെക്യൂരിറ്റി ഞെട്ടി മാറി. ഞങ്ങളെയും ഫവാസ് അത് കാണിച്ചു തന്നു.
കോളേജിലെ പഴയ ഐഡന്റിറ്റി കാര്ഡ്.!

മു‌ന്നു വര്‍ഷങ്ങള്‍ക്കിപ്പുരവും ഫവാസ് അത് സു‌ക്ഷിച്ചു വെച്ചിരിക്കുന്നു.

കുറച്ചു നേരം കോളേജില്‍ ചിലവിട്ടു ഞങ്ങള്‍ നേരെ സിറ്റിയിലേക്ക് പൊന്നു. അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. പിന്നെ കടുക്ക ഫ്രൈയും, ചിക്കന്‍ ബിരിയാണിയും സൂപും അടിച്ച് ടോപ്ഫോമില്‍ ഇത്തിരിനേരം .






വയറു നിറഞ്ഞപ്പോള്‍ ചിന്തകള്‍ക്ക് തീ പിടിച്ചു. ഇനി എങ്ങോട്ട്. ? അപ്പോഴാണ് ധീരാജ്‌ സരോവരം പാര്‍ക്കിനെ പ്പറ്റി പറഞ്ഞത്. പുതിയ പാര്ക്ക്. ഞങ്ങള്‍ ത്രില്ലടിച്ചു . അവിടുത്തെ മരച്ചുവടുകളില്‍ ഇരുന്ന കിളികളെ കമന്റടിച്ചു ഞങ്ങള്‍ രണ്ടു ബോട്ടുകളിലായി പുറപ്പെട്ടു.



അരമണിക്കൂര്‍ നേരത്തെ ബോട്ടിംഗ് ഞങ്ങള്‍ അര്‍മാദിച്ചു തീര്ത്തു. ഗഫൂറും ഷംസുവിനും അപാര ഫോമിലായിരുന്നു.






പിന്നെ വീണ്ടും സിറ്റിയിലേക്ക്‌ . ഫോക്കസ് മാളിനുള്ളില്‍ കയറി . അവിടെ കറങ്ങിയടിച്ചു ഒരു മണിക്കൂര്‍. ഇതിനിടയില്‍ ധീരജിന്റെ വീട്ടില്‍ കയറി പായസം കുടിച്ചു.

പിന്നീട് വരുന്ന വഴിയില്‍ അതാ നില്ക്കുന്നു സരോവരം പാര്‍ക്കിനു സമീപം എന്നെയും കാത്തു കാവ്യ മാധവന്‍. പാവം ഫവാസും ഷംസുവുമെല്ലാം കാല് പിടിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നേരെ അവളുടെ അടുത്തുചെന്നു ഫവാസിനും ഷംസുവിനും ഗഫൂറിനുമെല്ലാം അവളെ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ എല്ലാവര്ക്കും ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. "നമ്മുടെ പിള്ളേരല്ലേ" .

കാവ്യയോട്‌ യാത്ര പറഞ്ഞു ഫോക്കസ് മാളില്‍ നിന്നു ഞങള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ഫവാസ് കാറില്‍ ഞങ്ങളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. ഷംസു ടൌണില്‍ നിന്നുതന്നെ പിരിഞ്ഞു. ഒപ്പം ധീരജ്‌ കൈ വീശി അകന്നു. ഒടുവില്‍ ഞാനും ഗഫുരും അശ്വനിയും മാത്രം . താനൂരില്‍ അശ്വനിയും തിരൂരില്‍ ഗഫുരും യാത്ര പറഞ്ഞു അകന്നു.


ഇപ്പോള്‍ ട്രെയിനില്‍ ഞാന്‍ മാത്രം. രണ്ടു വര്ഷം ഞാന് അനുഭവിച്ച് ആ ഏകാന്തത എന്നെ വീണ്ടും സമീപിച്ചു. ഇനി എന്ന്? വീണ്ടും കാണണം എന്നുറചാണ്‌ പിരിഞ്ഞതെന്കിലും അകലുമ്പോള്‍ വേദന തോന്നുന്നു. ഇവിടെ ഈ നഗരത്തില്‍ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പൂക്കാലമാണെന്ന തിരിച്ചറിവില്‍ ആ വേദന വര്‍ധിക്കുന്നു .

തീവണ്ടി പിന്നെയും കുറ്റിപ്പുറത്ത് നിന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഈ മഴയും ദിവസങ്ങള്‍ക്കകം എനിക്കന്യമാകുമെന്ന ആ ബോധത്തില്‍ ബസ്സിലേക്ക് ഞാന്‍ നടന്നകന്നു...