Sunday, July 17, 2011

കണ്ണിനു കുളിരായ് ....!!!!


പൊരിവെയിലത്ത് ഒന്ന് രണ്ട് ദിവസം സൈറ്റില്‍ നിന്നു കണ്ണില്‍ ഇരുട്ട് കയറി വന്ന  ദിവസമാണ് ആണ് ജീവിതത്തില്‍ ഒരു കൂട്ടാളി കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത്. എന്റെ വഴികളില്‍ കണ്ണിനു കുളിര്‍മയായി ഒരുവള്‍ വേണ്ടേ ?  ഈ വെയിലടിച്ചു എന്റെ നയനങ്ങള്‍ കരിഞ്ഞുപോയാല്‍ ?
ഈ ചിന്ത തലച്ചോറില്‍ കയറിയതും വേഗം  അടുത്തുള്ള കടകളില്‍  കയറി അവളെ അന്വേഷിക്കാന്‍  തുടങ്ങി. അങ്ങനെ ഒരു കടയില്‍  ഒരു മൂലയില്‍ എന്റെ മനസ്സ് കവര്‍ന്ന ഒരു  കറുത്ത സുന്ദരി. ബോസ്സ് എന്ന കമ്പനിയുടെ സ്വയമ്പന്‍ കൂളിംഗ് ഗ്ലാസ്.വില ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു. നാല്പതു ദിനാര്‍ എന്താണ്ട് അയ്യായിരം രൂപ. 
കണ്ണടച്ച് ഞാന്‍ പറഞ്ഞു.
'എനിക്ക്
   ഈ ബോസ്സ് മതി.' 
ഹിന്ടിക്കരനായ
 കടക്കാരന്‍ അമ്പരന്നു. 
'ഒരു മലയാളി ദരിദ്രവാസി അയ്യായിരം രൂപയുടെ കണ്ണട വാങ്ങുകയോ? അതും ബാര്‍ഗെയിനിംഗ് പോലും ഇല്ലാതെ?'
ചോദ്യത്തിനു ശേഷം ശബ്ദം താഴ്ത്തി
  'ആശ്വത്ഥാമാവല്ല   ആനയാണ് മരിച്ചത്' എന്ന് യുധിഷ്ടിരന്‍  പറഞ്ഞ ടോണില്‍ പതുക്കെ ഞാന്‍ ചോദിച്ചു. 
 'ബോസ്സ് ഇറ്റലി  വേണ്ട, കണ്ട്രി ഓഫ് ഒറിജിന്‍ കുന്നംകുളം ഉണ്ടോ?'
 അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി അതും കണ്ണില്‍ വെച്ച് ചെയ്തു  ഒറിജിനല്‍ ബോസ്സ് ഇരിക്കുന്ന കടയില്‍ കയറി ആ കടക്കാരനെ 'നീ കുന്നംകുളം ഇല്ലാത്ത മാപ്പ് വില്‍ക്കും അല്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി തിരിച്ചു പോന്നു.
ദിവസവും ഓരോ പേന വീതം വഴിയില്‍ കളയുന്ന എനിക്ക് ഈ പുതിയ അംഗത്തെ കളയാതിരിക്കാന്‍ എക്സ്ട്ര കെയര്‍ എടുക്കേണ്ടി വന്നു .
ഒരാഴ്ചക്ക് ശേഷം ഒരു മീറ്റിങ്ങിനു പോകേണ്ടി വന്നു  വിശാലമായ കോണ്‍ഫറനസ്   റൂം. എത്തിയ  ഉടന്‍ തന്നെ ഞാന്‍ മൊബൈല്‍ സൈലന്റ് ആകി മേശപ്പുറത്തു വെച്ചു. കൂടെ ഗ്ലാസും .ഇതു ഈയിടെ ആയി ചെയ്തുവരുന്ന ഒരു ആചാരമാണ്‌. മൊബൈല്‍ കൂടെ ഉണ്ടെങ്കില്‍ ഗ്ലാസ് മറക്കില്ലല്ലോ?
നേരെ മുന്നില്‍ കമ്പനി മാനേജര്‍ , എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി
  തരുണീ മണി.
എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും.
  തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.
' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട
 ഇങ്ങനല്ല.  പക്ഷെ കമ്പനി  ബോസ്സ് തന്നെ.  എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ്   ഉണ്ട്. അതിന്‍റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു  വെച്ചില്ലെങ്കില്‍  ഈ ഗ്രോത്ത്  തൊലിയില്‍  ഉരയും. ഈ  പുതിയ കണ്ണടക്കു അതില്ല. ഞാന്‍ സൂക്ഷിച്ചു നോക്കി. കോളടിച്ചു !
" എന്റെ കൈയില്‍ ഇരിക്കുന്നത്
 സാക്ഷാല്‍  ഒറിജിനല്‍ ബോസ്സ്. ഹോ"
അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ
  ഫിലിപ്പീനി പെണ്ണ്,  എന്റെ തൊട്ടടുത്ത്‌ ചാഞ്ഞിരുന്ന മാന്മിഴിയാള്‍, അവളും  ഒരു ഗ്ലാസ് വെച്ചിരുന്നു. അവള്‍ ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.
'സാരല്ല്യ, പാവം അവള്‍ തല്‍ക്കാലം
 കുന്നംകുളത്തുകാരിയായി വിരാജിക്കട്ടെ.'
 അങ്ങനെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ'  എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .
സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്‍റെ പടികടന്നെത്തുന്നു
  ഒരു മഗന്ത സ്വരം 
" ലോ മൈ ഫ്രണ്ട്, മൈ ഗ്ലാസ്‌ ഈസ്‌ വിത്ത്‌ യു . എടാ ചക്കരകുട്ടാ, ആ ഗ്ലാസ് തിരിച്ചുതാട."
ഞാന്‍ പറഞ്ഞു 'അമ്പതു കിലോമീറ്റര്‍ വന്നു ഗ്ലാസ്‌  തരുക എന്നത് ഇശ്ശി ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞാത്തോലെ'
' എന്നാല്‍ നോം അങ്ങട് വരാം. എവിടെയാ തിരുമേനി താമസം? '
ലവള്‍ എന്റെ താമസ സ്ഥലത്തേക്ക്
  ????????
ഞാനും ചേച്ചിയും അളിയനും താമസിക്കുന്ന ഫ്ലാറ്റിലേക്ക്
  ഒരു പെണ്ണ് അതും ഒരു ഫിലിപ്പീന  അന്നൊരിക്കല്‍ തിരക്കിനിടയില്‍ കൂളിംഗ് ഗ്ലാസ് മാറിപ്പോയി എന്ന് പറഞ്ഞു വന്നാല്‍ ... ഹോ അതോര്‍ക്കാന്‍ വയ്യ. പണ്ടേ അളിയന്റെ കണ്ണിലെ നോട്ടപ്പുള്ളിയാണ് നോം.
ഞാന്‍ വേഗം പറഞ്ഞു ' മനാമയിലെ ഏതെങ്കിലും റെസ്ടോറണ്ടില്‍ വെച്ചു താലം
 കൈമാറാം
ഒകെ എന്ന് അവളും !
വൈകുന്നേരം കൃത്യസമയത്ത് അവള്‍ പറഞ്ഞ റെസ്ടോറണ്ടില്‍ എത്തി. മുട്ടുവരെ എത്തുന്ന മുണ്ടും നേര്യേതും എടുത്തു അവള്‍ നേരത്തെ
  ഹാജര്‍. എനിക്ക് വേണ്ടി ഏതോ ഒരു മൃഗത്തിന്റെ  സാന്ഡ്വിച്ചും  അവള്‍ ഓര്‍ഡര്‍ ചെയ്തു. എരിവും പുളിയും ഒന്നുമില്ലാത്ത ആ കൂതറ ഫുഡ് കഴിച്ചു കൊണ്ടിരിക്കെ ഞാന്‍  പറഞ്ഞു
'ഗ്ലാസ്‌
  മാറിയ കാര്യം സത്യായിട്ടും നോം അറിഞ്ഞില്ല"
'എനിക്കും മനസിലായില്ല. ബട്ട്‌ ഈ ഗ്ലാസിന്റെ  ( കൂതറ എന്ന പദത്തിന് തത്തുല്യമായ ഒരു മുഖഭാവം പ്രകടിപിച്ചു കൊണ്ട്) കാലില്‍ ഉള്ള എഡ്ജ് കൊണ്ട് എന്റെ ചെവിയില്‍ മുറിവുണ്ടായി '
'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.
' ഇതു ഒറിജിനല്‍ അല്ലല്ലേ,
   നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ്   ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ്
  തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍  ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ്  അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ  ആള്‍ക്ക്  റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു  തെറ്റാണോ ?'
'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള്‍ ചിരിച്ചു.
'പോടി
  പുല്ലേ ,  ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ്  മേരാ  ഭാരത്‌,  അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍,  കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്‍റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള്‍ ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള്‍ ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .
ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!
 '   പുല്ലേ' എന്ന ഭാവത്തില്‍  സുരേഷ് ഗോപിയെപ്പോലെ ഞാന്‍ ഇരുന്നു.  പിന്നെ പതുക്കെ
'അപ്പൊ ചക്കരെ
  ഞാന്‍ ഇറങ്ങട്ടെ' എന്ന് അവളോട്‌ ചോദിച്ചിട്ട് എണീക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
'ഇനി ഞാനൊരു സത്യം പറയാം .'
'വേഗം പറഞ്ഞു തുലയ്ക്ക്'
'എന്റെ ഗ്ലാസ് ഒറിജിനല്‍ ഒന്നും അല്ല മെയിഡ് ഇന്‍ മനില '
'ഹോ? '
'ഇരുനൂറു പെസോ
  കൊടുത്തു നാട്ടില്‍ നിന്നും കൊണ്ട്വന്നതാ. നിന്‍റെ ഗ്ലാസ് കിട്ട്യപ്പോള്‍ നീ ഒരു എന്‍ജിനിയര്‍ അല്ലെ  ഒറിജിനല്‍ ആവും എന്ന്  കരുതി സന്തോഷിച്ചു എന്റെ ബോയ്‌ ഫ്രണ്ടിനു ഗിഫ്റ്റ് കൊടുത്തു  . അവന്‍റെ ചെവിയാ മുറിഞ്ഞത് ..അപ്പോളാ  ഇതു നിനക്ക് തന്നെ തന്നു എന്റെ ബെറ്റര്‍ കോപി വാങ്ങാം എന്ന് തീരുമാനിച്ചത് '
'എടി ഭയങ്കരീ!!! എന്നാലും ഒരു മലയാളിയായ എന്റെ അഭിമാനടവറില്‍
  നീ  വിമാനം കൊണ്ടിടിച്ചല്ലോ'
ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാന്‍ ഇറങ്ങി ആ കണ്ണടയും വെച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഒന്നോര്‍ത്തു.
"
  കുന്നംകുളം അത്ര മോശം സ്ഥലം ഒന്നും  അല്ലാട്ടോ,  ഇതേപോലെ വേറെയും സ്ഥലങ്ങള്‍ ഈ ഭൂമുഖത്തുണ്ട് അറ്റ്‌ ലീസ്റ്റ് മനിലയിലെങ്കിലും ..."

Thursday, July 14, 2011

മലയാളമെന്നൊരു നാടുണ്ട് ..!


'തൊഴില്‍ രഹിതര്‍ അവിടില്യ എന്ന് തനിക്കു നിശ്ചയാണോ  ?'
'അങ്ങനെ 916  നിശ്ചയം ഒന്നും ഇല്ല . പക്ഷെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ  അപേക്ഷിച്ച് തൊഴില്‍രഹിതര്‍  കുറവാണ്.'
'എനിക്കങ്ങട്  വിശ്വാസം വരുന്നില്ലല്ലോ ? അത്രയും വികസനമോ? അതിനുമാത്രം  വ്യവസായങ്ങളോ  ? '
'വ്യവസായം ഉണ്ടെങ്കിലെ തൊഴില്‍ വരൂ?'
'വ്യവസായം ഇല്ലാതെ പിന്നെ എന്ത് ചൊട്ട്‌വിദ്യ ആണ് ആ  നാട്ടില്‍ ?'
'സ്വയം തൊഴില്‍ തന്നെ ഒരു പാടുണ്ട് മാഷേ'
'സ്വയം തൊഴിലോ ? യു മീന്‍ ഗ്രാമസ്വരാജ്, എന്റെ ദേഹം പുളകം കൊള്ളുന്നു ..നമ്മടെ രാഷ്ട്ര പിതാവിന്റെ അഭീഷ്ടം അല്ലേ അത്? '
'അങ്ങനങ്ങ് കാട് കയറാന്‍ വരട്ടെ. രാഷ്ട്രപിതാവ് ഇങ്ങനെ വിഭാവനം ചെയ്തു കാണില്ല'
'അതെന്താടോ അങ്ങനെ പറഞ്ഞത് ? തൊഴിലുകള്‍ സ്വയം സൃഷ്ടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് മഹത്തരം അല്ലേ. അതിരിക്കട്ടെ എന്ത് തൊഴിലുകള്‍ ആണ് ഇവര്‍ സൃഷ്ടിക്കുന്നത്? ചര്‍ക്ക കൊണ്ട് നൂല്‍ നൂറ്റു  ഖാദി? '
'ഹി ഹി ചര്‍ക്ക പോലും! മാഷെ,  ആദ്യം സമാന ചിന്ത പ്രായം മൊബൈല്‍ എന്നിവ ഉള്ള കുറച്ചു പേരെ കണ്ടുപിടിക്കും .എന്നിട്ട്  അങ്ങട് തൊഴില്‍ തുടങ്ങും '
' അതെന്തു തൊഴില്‍? '
' കുറെ തരം തൊഴില്‍ ഉണ്ട് മാഷെ' '
'ഒരു ഉദാഹരണം പറ '
' ഒന്ന് ഫാന്‍സ്‌ അസോസിയേഷന്‍'
'എന്ന് വെച്ചാല്‍?? '
അവടത്തെ മുന്ത്യ സിനിമാ നടന്മാരുടെ പടം ഇറങ്ങുമ്പോള്‍ ആണ് ഈ തൊഴില്‍ ചെയ്യേണ്ടത് . അവരുടെ ഫ്ലുക്സ് വെച്ചു പൂജിക്കുക പടത്തില്‍ പാലഭിഷേകം നടത്തുക, തീയേറ്ററില്‍ നൃത്തം ചെയ്യുക, ആദ്യദിവസങ്ങളില്‍ തിക്കി തിരക്ക് കൂട്ടുക, പടം ഒരു സംഭവമാണ്  എന്ന് വരുത്തി തീര്‍ക്കുക. എതിര്‍ നടന്റെ പടം കൂവി തോല്‍പ്പിക്കുക തുടങ്ങിയ പണികള്‍ .'
' ഇതൊരു തൊഴില്‍ ആണോ ? നല്ല സിനിമ ഉണ്ടെങ്കില്‍ ആരും നൃത്തം വെച്ചു പോകില്ലേ ? '
'അതിനു സിനിമ നന്നായിട്ട് വേണ്ടേ?ഈ പടം കാണുന്നതിനു തന്നെ കാശു ഇങ്ങോട്ട് തരണം അപ്പോള്‍  കഷ്ടപ്പെട്ട്  നൃത്തം ചെയ്യല്‍, കൈയടി എന്നിവ നടത്ത്തുന്നവരുറെ കാര്യം പറയണോ ? മിനിമം മുന്നൂറു  രൂപ മിനുങ്ങാന്‍ ഉള്ളത് വേറെ. ഇതേ ടീമിനെ തന്നെ നാളെ രാഷ്ട്രീയ പാര്‍ട്ടികള്‍  ശക്തി പ്രകടനം നടത്തുമ്പോള്‍  അണികളായി ഇറക്കാം '
'ഇതൊക്കെ ഒരു തൊഴിലാണോ?'
'ഇതും തൊഴിലാണെടോ . ഇതു പോലെ വേറെ പല ഓപ്ഷന്‍സും ഉണ്ട്. വേണേല്‍ മണലിനു എസ്കോര്‍ട്ട് പോകാം. മല മാന്തിപ്പോ ളിക്കുന ടിപ്പറിനു  സിഗ്നല്‍ കൊടുക്കാന്‍ അങ്ങാടിയില്‍ ചാരപ്പണി ചെയ്യാം'
'എന്തിനാ എസ്കോര്‍ട്ട്? എന്തിനാ സിഗ്നല്‍ ?'
'എന്റെ മാഷെ പോലിസിനെ പറ്റിക്കാന്‍'
'അതൊക്കെ നിയമ വിരുദ്ധമല്ലേ?'
'ഹി ഹി '
'വേറെ നല്ല ജോലിയൊന്നും ഇല്ലേ ? '
'ഇതിലും നല്ല ജോലി കൊട്ടേഷന്‍ പണിക്കു പോകുകയാ. കൈ വെട്ടു,കാല്‍ വെട്ടു, തല വെട്ടു അതിനനുസരിച്ച് പ്രതിപലം കിട്ടും'
'ആളെക്കൊല്ലുകയോ?, അന്തസ്സുള്ള വേറെ ജോലി എന്തെങ്കിലും ?'
'ഓ, അന്തസ്സ് അത്തരം ജോലികളും ഉണ്ട്. ഉദാഹരണത്തിന് രാവിലെ ഒരു ടൈ കെട്ടി ഇറങ്ങുക. ഫുള്‍ എക്സിക്കുടിവ്.'
'ഹോ, അപ്പോള്‍ നല്ല ജോലിയായിരിക്കും അല്ലേ ?'
'മുഴുവന്‍ പറയട്ടെ  മാഷെ. എന്നിട്ട് വീടുകളില്‍ കയറി പറയുക' ഉത്തര കൊറിയയില്‍ ഞങ്ങള്‍ സ്ഥലം വാങ്ങിയിട്ടുണ്ട് പത്തു കൊല്ലം കഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില പത്തിരട്ടി ആവും. അത് കണ്ടു ഇപ്പോള്‍ നിങ്ങള്‍ ഷെയര്‍ എടുക്കു. കൂട്ടുകാരെ ചേര്‍ക്കു, ലാഭം കമ്മീഷന്‍, ബോണസ് ഇവ കുമിഞ്ഞു കൂടും ടപ്പേ എന്ന് പറഞ്ഞു കാശു കൈയില്‍ വരുംഎന്നൊക്കെ കാച്ചൂ'
'അതിനു ഉത്തര കൊറിയയില്‍ സ്ഥലം കിട്ടുമോ ?'
'എന്റെ മാഷെ, ആര് സ്ഥലം വാങ്ങുന്നു? അങ്ങ് വെച്ചു കാച്ചുക'.
'ആളെ പറ്റിക്കല്‍ അല്ലേ അത്?'
'പക്ഷെ വേഷം എക്സികുടിവ് ആണ്.ഇതൊക്കെ ആണ് ഇവിടെ അന്തസുള്ള ജോലികള്‍ . ഇനി കൊറിയയിലെ സ്ഥലം എന്ന ഐഡിയ ഏറ്റില്ലെങ്കില്‍  അല്ലെങ്കില്‍ ചന്ദ്രയാന്‍ ദൌത്യത്തിന് ഷേയര്‍, അമേരിക്കന്‍ ലോട്ടറി , കൊച്ചിയില്‍ ഫ്ലാറ്റ്, കാന്‍സറിന്റെ മരുന്ന് അങ്ങനെ പല നമ്പരുകളും ഇറക്കു . മേലനങ്ങാതെ പണം കിട്ടും എന്നറിഞ്ഞാല്‍ ആ നാട്ടുകാര്‍ എന്ത് എടാകൂടവും എടുത്തു തലയില്‍ വെക്കും.'
'പോലീസ് പിടിക്കില്ലേ ? '
'എവിടെ? പോലീസുകാരെ പാര്‍ട്ണര്‍മാരാക്കാം ' 
'ഇതൊക്കെ ആണുങ്ങള്‍ക്കുള്ള തൊഴിലുകള്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ?'
'ഹോ ആണുങ്ങള്‍ക്കുള്ള  തൊഴിലുകള്‍ കിട്ടാനാണ് ബുദ്ധിമുട്ട്. പെണ്ണുങ്ങള്‍ക്ക്‌ തൊഴില്‍ എളുപ്പമല്ലേ ആ നാട്ടില്‍. നാലു വയസുമുതല്‍ നാനൂറു വയസ്സുളര്‍ക്ക് വരെ ഡിമാണ്ട് ഉള്ള  തൊഴില്‍ അവിടെ ഉണ്ട്. '
'അതെന്തു തൊഴില്‍ ?'
'വാസവദത്ത ലൈന്‍!!!'
'ശിവ! ശിവ !'
'ഒരു ശിവനേം വിളിക്കേണ്ട. പെണ്‍പ്രജകള്‍  പുറത്തിറങ്ങിയാല്‍ ആണ്‍പ്രജകള്‍   വളച്ചെടുത്തോ തട്ടിയെടുത്തോ കൊണ്ട് പോകും സീരിയല്‍ എന്നും സിനിമ എന്നും  ഒക്കെ പറഞ്ഞു നാടുമുഴുവന്‍ കറങ്ങും . പിന്നെ പുഷ്പം പോലെ വലിച്ചെറിയും . പത്രക്കാര്‍ പോലീസുകാര്‍ ഇവര്‍ എങ്ങാനും അറിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ ഒരു പദപ്രശ്നത്തിനുള്ള വകയായി . വലതു നെറ്റിയില്‍ മുറിവുള്ള നടന്‍, കുടവയറുള്ള പോലീസുകാരന്‍, മുണ്ടുടുക്കുന്ന എം എല്‍ എ എന്നൊക്കെ ക്ലു സമയാസമയങ്ങളില്‍ ഫേസ്ബുക്കില്‍ കിട്ടും ' 
'ഒന്നും മനസിലാവുന്നില്ലല്ലോ ??'
'അതിരിക്കട്ടെ ചോദിയ്ക്കാന്‍ മറന്നു താന്‍ ആ നാട്ടുകാരനല്ലേ ?  '
'ഞാന്‍ ആ നാട്ടുകാരനായിരുന്നു. പണിയില്ലാതെ പത്തു കൊല്ലം മുന്‍പ് അറബി നാട്ടില്‍ പോയതാ .'
'വല്ലതും സബാദിച്ചോ ?'
'കുറെയേറെ, പ്രഷര്‍, ഷുഗര്‍, കഷണ്ടി , നര അങ്ങനെ പലതും'
'ഹ, ഹ, അതോണ്ട തനിക്കു ആ നാടിന്റെ അവസ്ഥ മനസിലാകാത്തത് . പുവര്‍ ആട്ജീവിതംസ്'. '
'നാടിന്റെ ഈ അവസ്ഥ കണ്ടിട്ട് നിരാശ തോന്നുന്നു .'
'അതെയോ? അതിനും വഴിയുണ്ട് .ആ നാട്ടില്‍ ചെന്നാല്‍  സര്‍ക്കാര്‍ വക ബിവറെജു കടക്കു മുന്നില്‍  കാണുന്ന നീണ്ട ക്യുവില്‍ ഒരു മണിക്കൂര്‍ നിന്നാല്‍ നിരാശ മാറ്റാനുള്ള നല്ല സൊയമ്പന്‍ സാധന കിട്ടും. അതാണ്‌ അവിടുത്തെ ആചാരം.'
'അപ്പോള്‍ താന്‍ കൂടെ വാ ഒരു ധൈര്യത്തിന്  ?'
'ഏയ് എനിക്ക് മോളെ സ്വാശ്രയ കോളേജില്‍ മെഡിസിന് ചേര്‍ക്കണം എന്‍ ആര്‍ ഐ കോട്ടയില്‍ '
'അതിനു താന്‍ എന്‍ ആര്‍ ആയി ആണോ ?'
'ഹും ഇത്തരം ചോദ്യങ്ങള്‍ വേണ്ട . ഞാന്‍ ഒന്ന് ചോദിക്കട്ടെ , പത്ത് കൊല്ലം എന്‍ ആര്‍ ഐ  ഇരുന്ന തനിക്കു പറ്റുമോ അമ്പതു ലക്ഷം കൊടുത്തു മക്കളെ എന്‍ ആര്‍ ഐ കോട്ടയില്‍ ചേര്‍ക്കാന്‍ ?'
'ഇല്ല'
'എന്നാല്‍ മിണ്ടാതെ ക്യുവില്‍ നിന്നു കിട്ടുന്നത് വാങ്ങിച്ചു അടിച്ചു  വീട്ടില്‍ പോകാന്‍ നോക്കു ആടുജീവിതമേ ..'