ഇടക്കിടെ ഓരോ മിസ്ഡ് കോള്‍ വരാറുണ്ട് എന്റെ ഫോണില്‍.ഇതിലെന്‍താണിത്ര പ്രത്യേകത എന്നു ചോദിച്ചേക്കാം. മലയാളികള്‍ ഫോണ്‍ എടുക്കുന്നതു തന്നെ മിസ്സ്ഡ് കോള്‍ അടിക്കാനാണു എന്നാണു ഓഫിസിലെ മറാത്തി ഡ്രൈവര്‍ പറയാറ്.
പക്ഷെ ഇവിടെ ഒരു കുഴപ്പം ഉണ്ട്. നാട്ടില്‍ നിന്നുള്ള ഇന്റര്‍നാഷ്ണല്‍ കോളുകളുടെ നമ്പര്‍ ഇവിടുത്തെ ടെലികോം സര്‍വീസ് പ്രൊവൈഡെര്‍സ് അപൂര്‍വ്വമായെ കാണിക്കാറുള്ളൂ. നാട്ടില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ "നോ നമ്പര്‍" എന്നാണു കാണിക്കാറു .
ആദ്യമൊക്കെ വലിയ പരിഭ്രമമായിരുന്നു, വീട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം? അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് വല്ല അത്യവശ്യവും? അപ്പൊഴൊക്കെ എല്ലവരെയും ആളാം വട്ടം വിളിക്കാറുണ്ടായിരുന്നു. സാവധാനം ആ പതിവു മാറ്റി. മിസ്ഡ് കോള്‍ കണ്ടാല്‍ ആരേയും വിളിക്കാതായി. അപ്പൊഴും മിസ്ഡ് കോളുകള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. ഏതാനും ചില വര്‍ഷങ്ങള്‍ക്കുമുന്‍പു, കോളേജ് ദിനങ്ങളില്‍ ഓരൊ മിസ്ഡ് കോളുകള്‍ക്കും ഓരോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. ഗുഡ് മോണിംഗ് മുതല്‍ ദേഷ്യവും സങ്കടവും പ്രണയവും വരെ മിസ്ഡ് കോള്‍ കൊണ്ട് ഞങ്ങള്‍ സംവദിച്ചിരുന്നു.
മിസ്ഡ് കോള്‍ കണ്ടു തിരിച്ചു വിളിക്കാതെ ഒരു പാടു പേര്‍ പിണങ്ങി. പക്ഷെ എന്റെ അവസ്ഥ മനസിലാക്കിയപ്പൊള്‍ അവരില്‍ പലരും മിസ്ഡ് കോളില്‍ നിന്നു എസ് എം എസിലെക്കു അപ് ഗ്രേഡ് ചെയ്തു. പക്ഷെ ഒറ്റക്കും തറ്റക്കും മിസ്ഡ് കോളുകള്‍ പിന്നെയും വന്നു കൊണ്ടിരുന്നു.
ഈ മിസ്ഡ് കോളുകളെ പറ്റി എന്തിനാണ് ആവലാതിപ്പെടുന്നത് എന്ന് ഇടയ്ക്കു ചിന്തിക്കാറുണ്ട് . പക്ഷെ വര്‍ഷങ്ങളായി നെഞ്ചോട്‌ചേര്‍ത്ത് പിടിച സുഹൃത്തുക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ മിസ്ഡ് കാലുകളെ ലഘുവായി കാണാന്‍ തോന്നാറില്ല .
വര്‍ഷങ്ങളുടെ പിന്‍ബലമുള്ള സുഹ്രുത്തുക്കളും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള സൗഹ്രദങ്ങളും എല്ലാം എന്റെ സമ്പാദ്യത്തില്‍ പെടുന്നുണ്ട്. വര്‍ഷങ്ങളുടെ പരിചയമുള്ള സുഹ്രുത്തുക്കള്‍ ചില ചെറിയ വിഷയങ്ങളില്‍ തെറ്റി പിണങ്ങിപ്പോയതു വേദനയൊടെ നോക്കി നിന്ന നിമിഷങ്ങളും ഏതാനും മണിക്കുറുകളുടെ പരിചയമുള്ളവര്‍ ആ നിമിഷങ്ങളെ അമുല്യമായ സൗഹ്രദങ്ങളില്‍പെടുത്തി സൂക്ഷിക്കുന്നതും എന്നെ അദ്ദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
അത്തരം ലഘു സൗഹൃദങ്ങളെക്കുറിചു ഓര്‍ക്കുമ്പോള്‍ വിജയന്റെ മുഖമാണു ആദ്യം ഓര്‍മയില്‍ വരിക. . ഒരു രാത്രി കോളേജില്‍ നിന്നും (കോഴിക്കോട്) നിന്നും എടപ്പാളില്‍ എത്തുമ്പോള്‍ സമയം ഒന്‍പത്. വലിയ മെട്രൊ സിറ്റിയാണു എടപ്പളെന്നു കൂട്ടുകാരൊടു വീമ്പിളക്കാരുണ്ടെങ്കിലും രാത്രി എട്ടര കഴിഞ്ഞാല്‍ പട്ടാമ്പി ഭാഗത്തേക്കു ബസ്സു നഹി! എനിക്കാണെങ്കില്‍ പട്ടാമ്പി റോഡില്‍ അഞ്ചു കിലോമീറ്റര്‍ ബസ്സില്‍ പോയി പിന്നെ ഒന്നര കിലോമീറ്റര്‍ ഓട്ടോയില്‍ പോകണം. ലാസ്റ്റ് ബസ്സിനു അരമണിക്കൂറുമുന്‍പ് ഓട്ടോക്കാര്‍ വീട്ടില്‍ പോകും.
സംഗതി ഒന്നു കൂടി ഭീകരമാക്കാന്‍ അന്നു വൈകുന്നേരം മുതല്‍ ബസ്സുകാരുടെ മിന്നല്‍ പണിമുടക്കും. അതുകൊണ്ട് എടപ്പാളുള്ള ഒരു വിധം എല്ലാ ഒട്ടോകളും പല വഴിക്ക് ഓടിത്തിമര്‍ക്കുന്നു.ഞാന്‍ കൈ കാണിച്ചിട്ടു ആരും നിര്‍ത്തുന്നില്ല. എന്റെ തോളിലുള്ള വലിയ ട്രാവലെഴ്സ് ബാഗ് തന്നെ കാരണം. എന്നെയും ആ ബാഗും കൂടി വണ്ടിയില്‍ കയറ്റിയാല്‍ രണ്ടാളുടെ സ്ഥലം പൊയിക്കിട്ടും.
തണുത്ത കാറ്റു ശക്തിയായി വീശാന്‍ തുടങ്ങി. മഴക്കാറുകൊണ്ടെന്നപൊലെ നിലാവു മങ്ങാനും തുടങ്ങി. എന്ത് ചെയ്യും.? വലിയ ടൗണാണെങ്കിലും രാത്രി പത്തുമണി കഴിഞ്ഞാല്‍ ഇവിടെ ഒരു പൂച്ചക്കുഞ്ഞുപോലും ഉണ്ടായിക്കൊള്ളണമെന്നില്ല. തല ബ്ലാങ്കായി ഇരിക്കുന്ന ആ നിമിഷത്തിലാണു ഒരു ഗുഡ്സ് ഓട്ടൊ മുന്നില്‍ വന്നു നില്‍ക്കുന്നത്.
"നീയെന്താ ഇവിടെ ഇപ്പൊള്‍ ? വണ്ടിയൊന്നും കിട്ടിയില്ല അല്ലേ? ഇതില്‍ കയറിക്കൊ. ഇനി വണ്ടി കിട്ടാന്‍ ബുദ്ധിമുട്ടാ. ഞാല്‍ കൊണ്ടുവിടാം" വണ്ടിക്കകത്തെ കറുത്തു മെലിഞ്ഞ ഒരു ചെറുപ്പകാരന്‍ പറഞ്ഞു.
എന്നൊടു തന്നെയാണൊ എന്നു ആദ്യം ഞാന്‍ ഒന്നു സംശയിച്ചു. വളരെ വിദൂരമായ ഒരു പരിചയം എനിക്കു ഓര്‍ത്തെടുക്കന്‍ കഴിഞ്ഞു. ആരാ എന്താ എന്നൊക്കെ ഓര്‍മ്മയുടെ ഡാറ്റബേസില്‍ വ്യര്‍തഥമായി പരതുമ്പോള്‍ അവന്‍ സ്വയം പരിചയപ്പെടുത്തി." കുമരനെല്ലൂരിലല്ലെ നിയ്യ് പഠിച്ചത്.എനിക്കറിയാം. ഞാന്‍ അന്നേക്കാള്‍ രണ്ടുകൊല്ലം സീനിയറായിരുന്നു"
അപ്പൊള്‍ അതാണു പരിചയം. ഞാന്‍ ഉടനടി വണ്ടിയില്‍ക്കയറി.ആ വാക്കുകളിലെ ആത്മാര്‍തതയെ സംശയിക്കാന്‍ ഒരിക്കലും തോന്നിയില്ല.
"എന്റെ പേരു വിജയന്‍. പക്ഷെ പേരു കൊണ്ടു ഓര്‍ക്കണം എന്നില്ല. കുമരനെല്ലുരു സ്കൂളില്‍ അസംബ്ലി ഹാളിന്റെ സൈഡിലുള്ള പത്തു ഡിയില്‍ ഞാന്‍ എസ് എസ് എല്‍ സി എഴുത്തിയപ്പോള്‍ നീ എന്റെ ബഞ്ചിലാണിരുന്നത്. നീ അന്നു എട്ടിലല്ലേ. ഈംഗ്ലീഷ് ഗ്രാമറും ജിയോഗ്രഫിയിലെ ഭുപടവും മലയാളം വൃത്തവും എല്ലാം നീയാണു പറഞ്ഞു തന്നതു. ഓര്‍ക്കുന്നില്ലെ? പക്ഷെ അതൊണ്ടു കാര്യം ഉണ്ടായില്ല. കണക്കില് പൊട്ടി. പിന്നെ പഠിച്ചില്ല"
പഠിക്കാന്‍ തരക്കേടില്ലാതിരുന്നതു കൊണ്ടു പലരേയും സഹായിച്ചിട്ടുണ്ടു .പരീക്ഷകള്‍ക്കിടയില്‍. പക്ഷേ അങ്ങനെ എഴുതിത്തള്ളിയ നൂറു പരീക്ഷകളില്‍ ഈ മുഖം എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു.
ഒരു ചെറിയ സൗഹൃദം പോലും അവന്‍ എത്ര അമൂല്യമായി സൂക്ഷിക്കുന്നു എന്ന ചിന്ത അന്നു രാത്രി പെയ്യുാനായി നിന്ന മഴ എന്റെ മനസ്സില്‍ വളരെ നേരത്തെ പെയ്യിച്ചു.
വീടിന്റെ പടി വരെ അവന്‍ എന്നെ കൊണ്ടുചെന്നാക്കി. യാത്ര പറയുമ്പോള്‍ അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി. അപ്പൊള്‍ അവന്‍ പറഞ്ഞു" ഞാന്‍ മിസ്ഡ് കോള്‍ അടിക്കാം"
ആ വാക്ക് വിജയന്‍ ഇടക്കിടെ പാലിച്ചു കൊണ്ടിരുന്നു.ഞാന്‍ പലപ്പൊഴും അവനെ വിളിക്കാരുണ്ടായിരുന്നു. അപ്പൊഴൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളായിരിക്കും അവനു പറയാറുണ്ടാവുക.
ദിവസങ്ങളുടെ പാച്ചിലിനിടെ വളരെ അടുത്ത കൂട്ടുകാരനുമായി പിണങ്ങി ഒറ്റക്കിരുന്ന ഒരു രാത്രി. ഒരു പാടു സൗഹൃദവുമായി ഒന്നിച്ചു മൂന്നു വര്‍ഷം കഴിഞ്ഞ ആ സുഹൃത്തു ഒരു ചെറിയ പ്രശ്നത്തില്‍ ഉടക്കി എന്നില്‍ നിന്നും അകന്നു യാത്രചെയ്യുന്നു എന്നു പ്രഖ്യാപിച്ചിരുന്ന ആ രാത്രി ഫോണില്‍ ഒരു മിസ്ഡ് കോളുമായി വിജയന്‍ വീണ്ടും വന്നു. ഉടന്‍ തന്നെ തിരിച്ചു വിളിക്കാനാണു തോന്നിയത്.
" ഇന്നു രാത്രിയും ഇവിടെ എടപ്പാളില്‍ മിന്നല്‍ പണിമുടക്കാ. അന്നത്തെപ്പോലെ ഇവിടെ എവിടെയെങ്കിലും ഒറ്റക്കു നില്‍ക്കുന്നുണ്ടൊ എന്നറിയാന്‍ വിളിച്ചതാ.ഞാനും വണ്ടിയും ഇവിടെ റെഡിയാണേ"
ഒന്നു പൊട്ടിക്കരയാനാണു തോന്നിയത്.?ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്നു കരുതിയ നിമിഷത്തില്‍ എന്നെക്കുറിച്ചോര്‍ത്തു ആകുലപ്പെടുന്ന ഒരാള്‍. അന്നു മനസ്സില്‍ക്കുറിച്ചിട്ടു. ഈ സൗഹൃദം ഒരിക്കലും നഷടപ്പെടുത്തില്ല.
ഗള്‍ഫിലെത്തിയ ഉടനെ വിളിച്ച് സുഹൃത്തുക്കളില്‍ ആദ്യത്തെയാള്‍ വിജയനായിറുന്നു.ഒരു പാടു സന്‍തോഷമായി അവനു. വിളിക്കുമ്പോളൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളുമായി അവനുണ്ടായിരുന്നു.
ഓര്‍മകള്‍ക്കു തീ പിടിക്കുമ്പോള്‍ ഫോണ്‍ പിന്നെയും കരയാന്‍ തുടങ്ങി. ഒരു കുഞ്ഞു മിസ്ഡ് കോള്‍. നംബര്‍ അജ്ഞാതം. വിജയനായിരിക്കുമൊ? അതൊ കോളേജിലെ പഴയ സുഹൃത്തുക്കള്‍.എന്നോ സ്വപനങ്ങളില്‍ നിന്നും കുടിയിറക്കി വിട്ട എന്റെ ആ ചകോരിയുടെ വിരഹാര്‍ദ്രമായ പാട്ടാണൊ? മനസ്സു പിന്നെയും അസ്വസ്ഥമാകാന്‍ തുടങ്ങി.
പക്ഷെ ഒന്നുറപ്പാണ്. ഈ നിമിഷം ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്നു ഒരാള്‍ എന്നെ ഓര്‍ക്കുന്നു.പണ്ട് ശ്രീഹരിക്കൊപ്പം(കാല്‍വിന്‍ ദ ഗ്രേറ്റ്) കോളേജിലെ മരത്തണലില്‍ ഇരുന്നു പാടിയ സുഗതകുമാരിയുടെ വരികള്‍ ഓര്‍മ്മകളില്‍ പിന്നെയും മുഴങ്ങുന്നു.
" സമാനഹൃദയാ, നിനക്കായി പാടുന്നു ഞാന്‍
നിഷ്ഫലമല്ലി ജന്മം തോഴാ, നിനക്കായ് പാടുമ്പോള്‍"