"ഞാനെന്റെ അച്‌ഛനെ ബലിക്കാക്കകള്‍ക്ക് സമ്മാനിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു." കോഫിഹൗസിന്റെ ആളൊഴിഞ്ഞ ഒരു മൂലയിരുന്നു പുറത്തേക്കു നോക്കിക്കൊണ്ട് പാര്‍ഥന്‍ ഗണേശനോടു പറഞ്ഞു. പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. പുതിയ ദുഖങ്ങള്‍ ആകാശത്തിനു നല്‍കാനായി വേറെയും കാര്‍മേഘങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
"ഭാരതപ്പുഴയില്‍ എന്നെ നീന്‍താന്‍ പഠിപ്പിച്ച അച്‌ഛനെ ഒടുവില്‍ അതേ പുഴയില്‍ തന്നെ ഞാന്‍ ഒഴുക്കിവിട്ടു. അപ്പോല്‍ ആ നദിയാകെ മരണത്തിന്റെ വ്യര്‍ത്ഥദുഖങ്ങള്‍ നിറഞ്ഞിരുന്നു."
"നിന്റെ വട്ടു കേള്‍ക്കാനല്ല ഞാന്‍ ഇവിടെ എത്തിയത്. നീ ഇയിടെ വളരെ ഓവറായി സെന്റിയടിക്കുന്നു. അല്ലെങ്കിലും ശവങ്ങളൊടൊപ്പമുള്ള ഇപ്പൊഴത്തെ സഹവാസം നിന്റെ സഹൃദയത്വത്തെ ആകെ നശിപ്പിച്ചിരിക്കുന്നു. " ഗണേശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"സഹൃദയത്വം. ത്‌ഫൂ! അച്‌ഛനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പൊള്‍ ഞാന്‍ കണ്ടതെന്‍താണെന്നോ? വാടിക്കരിഞ്ഞ ഒരു ഹൃദയം. രാത്രി പാടത്ത് ആകാശത്ത് നോക്കി മഴയെ കാത്തിരിക്കാറുള്ള ആ മനുഷ്യന്റെ ഹൃദയത്തിലെ ഞാറ്റുവേലകളെ സമര്‍ഥമായി പറിച്ചെരിഞ്ഞവനാണു ഞാന്‍".
"നീയിന്നു വളരെ ദുഖിതനാണെന്നു തോന്നുന്നു. എന്നാല്‍, എനിക്കീ പാപബോധങ്ങളില്ലെടാ.ബികോസ് ഐ ആം അന്‍ ഒര്‍ഫന്‍. തന്‍തയും തള്ളയും ഒന്നുമില്ലാതെ സൂര്യനുനേരെ വളര്‍ന്ന് ഒരു പടുമുള. മെഡിക്കല്‍ കോളേജ് മുതലുള്ള എന്റെ ഹിസ്റ്ററി നിനക്കറിയാമല്ലോ." ഗണേശന്‍ ഒരു സിഗരറ്റ് കത്തിച്ചു.
കോളെജില്‍ നിന്നും പുറത്തു കടന്നപ്പോള്‍ ഉപഭോക്താവിനു നല്‍കാനായി ചുണ്ടില്‍ ഡിസൈന്‍ ചെയ്തെടുത്ത ആ കോടിയ ചിരി വീണ്ടും പാര്‍ഥന്റെ ചുണ്ടില്‍ വിടര്‍ന്നു.
"ഇന്നൊരു കോളൊത്തു വന്നിട്ടുണ്ട്. ഒരു ജേര്‍ണലിസ്റ്റ്. മെഡിക്കല്‍ സയന്‍സിന്റെ പുതിയ ട്രെന്റ്‌സിനെക്കുറിച്ച് അവനൊരു ഫീച്ചര്‍ വേണത്രെ. നീയും പോര് . നാളത്തെ പത്രത്തില്‍ ഒരു നാലു കോളം വാര്‍ത്തയില്‍ ഞാനും നീയും. എന്‍താ?" ഗണേസന്‍ പോകാനാണീറ്റു.
" എനിക്കു മറ്റൊരു കാര്യം പറയാനുണ്ട്. നാളെ മുതല്‍ ഈ നഗരത്തിന് മറ്റൊരു അന്‍തേവാസിയെക്കൂടി നഷ്‌ടപെടാന്‍ പോകുന്നു.അല്ലെങ്കിലും നാടോടികള്‍ക്കു സെന്‍സെസ്സില്‍ സ്ഥാനമില്ലല്ലോ."
"നീ നാട്ടില്‍ പോവുകയാണല്ലേ. നന്നായി; നിനക്കൊരു ചേഞ്ചാവും അത്. നീ ഞാന്‍ പറഞ്ഞതിനു മറുപടി പറഞ്ഞില്ല." ഗണേശന്‍ മഴയെ നോക്കിക്കൊണ്ട് ചോദിച്ചു.
"ഞാനില്ല ഒന്നിനും . ഇന്നു രാത്രി എനിക്കി നഗരവീഥിയിലൂടെ നടക്കണം. വരണ്ട ഹൃദയങ്ങളുടെ വിലാപങ്ങളിലണ് നഗരസംസ്‌ക്കാരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്."
"ഞാനില്ല നിന്റെ വട്ടു കേള്‍ക്കാന്‍. ആ ജേര്‍ണലിസ്റ്റ് കാത്തിരിക്കും."
ഗണേശന്‍ കൈ വീശി യാത്രയായി. മഴയൊതുങ്ങിയപ്പോള്‍ പാര്‍ത്ഥന്‍ നഗരത്തിലേക്കിറങ്ങി.
കോളേജില്‍ നാന്‍സിക്കൊരിക്കല്‍ കുറിച്ചു നല്‍കിയ പ്രണയാക്ഷരങ്ങള്‍ ഓര്‍മ്മ വന്നു. " നമ്മുക്കൊരു ബോധിവൃക്ഷച്ചുവട്ടില്‍ അലൗകിക പ്രണയകഥ രചിക്കാം" തറവാട്ടിലേക്ക് അവളുടെ കൈയും പിടിച്ചു കയറിചെല്ലുമ്പോള്‍ അവിടെയുണ്ടായ ബഹളങ്ങളില്‍ അഭിമാനിയുടെ, ജേതാവിന്റെ അഹങ്കാരത്തോടെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പിന്നിലൊരു ബോധിവൃക്ഷം ആടിയുലയുന്നത് കാണാന്‍ കഴിഞ്ഞില്ല.
നഗരത്തിന്റെ ചുടുകാറ്റില്‍, കോടിയ മുഖങ്ങളില്‍ ആടിത്തിമര്‍ത്ത വേഷങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ആ ചിരി പിന്നേയും ചുണ്ടുകളെ പ്രാപിച്ചു.
ജീവനുള്ളവരെ കണ്ടു മടുത്തപ്പോളാണ് ശവങ്ങളെ കീറിമുറിക്കുന്ന പണി എറ്റെടുത്തത്. ഓരോ ശവങ്ങളും ഓരൊ പാഠങ്ങളായിരുന്നു. ദുരാഗ്രഹങ്ങളുടെ, വ്യര്‍ഥതയുടെ, അവഗണനയുടെ പാഠങ്ങള്‍.
കരിഞ്ഞുണങ്ങിയ ഹൃദയങ്ങളേയും, നിര്‍ജ്ജീവമായ കണ്ണുകളേയും, ചിതലരിച്ച് ശ്വാസകോശങ്ങളേയും സ്‌നേഹിക്കാന്‍ തുടങ്ങിയ ഒരു ഭര്‍ത്താവ് ഭാര്യക്കൊരധികപ്പറ്റായിരിക്കാം. അതുകൊണ്ടാണല്ലോ അവളും ഒരു പുതിയ ഇണക്കായി പറന്നു പോയത്.
ശവങ്ങളെ സമൂഹം സ്‌നേഹിക്കുന്നില്ല. പകരം അവക്ക് ആഘോഷപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നേയുള്ളൂ.
ഹൃദയം തകര്‍ന്നു പോയ അന്നു തന്നെയാണ് ആശുപത്രിയില്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം അറ്റന്റ് ചെയ്യേണ്ടിവന്നത്. ആരായിരിക്കും അന്നു തന്റെ ഇര എന്ന ചോദ്യം മനസ്സിലുണ്ടായിരിന്നു. എതോ വാഹനാപകടക്കേസിലെ ഒരു അനാഥ ശവം എന്നു പറഞ്ഞ് അറ്റണ്ടര്‍മാര്‍ തിരക്കിട്ടു കാര്യങ്ങള്‍ നീക്കുന്നുണ്ടായിരുന്നു.
അതൊരു വൃദ്ധനായിരുന്നു. വരണ്ട നഗരത്തില്‍ കണ്ണു മഞ്ഞളിച്ചു ഏതോ ഒരു വാഹനത്തിനുമുന്നില്‍ അബദ്ധത്തില്‍ പെട്ടുപോയൊരാള്‍. ആ ഹൃദയം മുറിക്കാന്‍ വളരെ എളുപ്പമായിരുന്നു. കാരണം അയാളുടെ ഹൃദയത്തില്‍ താന്‍ മുറിവേല്‍പ്പിക്കുന്നത് അന്നാദ്യമായിരുന്നില്ലല്ലോ...
ശുഷ്‌ക്കിച്ച ആ ശരീരത്തിലെ ജനിതകഘടകങ്ങള്‍ തന്റെ തലച്ചോറില്‍ ദു:ഖത്തിന്റെ മാറാലകള്‍ കെട്ടുമ്പോള്‍ പുറത്ത് നഗ്ഗരം അതിന്റെ പതിവ് ആചാരവെടികളും റീത്തു സമര്‍പ്പണവും നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മരണത്തിന്റെ പ്രകടനങ്ങളും ഭാരതപുഴയില്‍ താനിട്ട ഉറുമ്പരിച്ചു പോയ ഒരു പിടി ബലിച്ചോറും.
പിറകിലെവിടെയോ ഒരു ബലിക്കാക്ക കരയുന്നതു പോലെ തോന്നി. ഇന്നിനി മഴപെയാന്‍ സാധ്യതയില്ല. കാരണം ഇന്നാണല്ലോ തന്റെ ഹൃദയത്തിലെ ഞാറ്റുവേലകളുടെ അവസാനം....
Friday, February 26, 2010
Friday, February 19, 2010
ഒരു ഇന്റര്‍വ്യൂ കഥ
"പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണും എന്‍ജിനിയറിംഗ്ഗ് കോഴ്‌സുകഴിഞ്ഞ ആണ്‍കുട്ടിയും ഒരു പോലെയാണ്."
കോഴ്‌സു കഴിഞ്ഞ്(പത്തുനാല്‍പത്തിയഞ്ചു പരീക്ഷകള്‍ എഴുതി പണ്ടാരമടങ്ങി) വീട്ടിന്റെ ഉമ്മറത്തിരുന്നു ഒരു സുലൈമാനി അടിക്കാന്‍ തുടങ്ങുംപോഴായിരിക്കും അയല്‍ വക്കത്തെ നമ്മുടെ അഭ്യുദയകാംക്ഷികള്‍ എത്തുക.
"കോഴ്‌സു കഴിഞ്ഞല്ലേ, ഒന്നും ആയില്ല അല്ലെ?"( കല്യണം കഴിഞ്ഞ രണ്ടാം മാസം മുതല്‍ യുവ മിഥുനങ്ങളോടും ഇവര്‍ ഇതേ ചോദ്യം ആവര്‍ത്തിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്. അവിവാഹിതനായതുകൊണ്ട് ഇതു വരെ ആ ഒരു ചോദ്യം എനിക്കു നേരെ വന്നിട്ടില്ല)
"ഇല്ല പലതും നോക്കുന്നുണ്ട്"
ഉടന്‍ വരുന്നു അടുത്ത ചോദ്യം " നിന്റെ കോളെജില്‍ കാമ്പസ് ഇല്ലേ?"
" ഉണ്ടല്ലോ , വളരെ വിശാലമായ കാമ്പസ് ഞങ്ങളുടെ മാത്രം പ്രത്യേകതയാണ് "
" അല്ല, ഞാന്‍ ഉദേശിച്ചത് കുട്ടികളെ കോളേജില്‍ നിന്നും നേരിട്ട് ജോലിക്കെടുക്കുന്ന പണി".
കാമ്പസ് സിലക്ഷന്‍- അതാണു നമ്മുടെ അഭ്യുദയകാംക്ഷി ഉദേശിച്ചത്.
"ഉണ്ടായിരുന്നു.പക്ഷെ, എനിക്കു കിട്ടിയില്ല."
" എന്റെ വല്യപ്പന്റെ അപ്പാപ്പന്റെ മകളുടെ മകനെ കോളെജില്‍ നിന്നു ഒരു അമേരിക്കന്‍ കമ്പനി കൊത്തിക്കൊണ്ടു പോയി. രണ്ടു ലക്ഷമാ അവന്റെ ശമ്പളം." അഭ്യുദയന്‍ എക്സാമ്പിള്‍ എടുത്തു വീശി.
പിന്നെ ഒരു കുത്തും:" ഒരു വിധം കഴിവുള്ളവരൊക്കെ രക്ഷപ്പെടും" നമ്മള്‍ തിരുമണ്ടന്റെ റോള്‍ അഭിനയിക്കുമ്പോള്‍ കൃതാര്‍ഥനായി കക്ഷി അടുത്ത ഇരയെ തേടിയിറങ്ങും.
ബാന്‍ഗ്ലൂരിലും മറ്റും ഇത്രയധികം മലയാളിതൊഴില്‍രഹിതര്‍ താമസിക്കുന്നത് അവിടെയുള്ള ജോലിസാധ്യതയേക്കാള്‍ നാട്ടിലുള്ള ഇത്തരം ഷഡ്‌പദങ്ങളെ പേടിച്ചാണെന്നു തോന്നുന്നു. കോഴിക്കോടിന്നു(എന്‍ജിനിയറിംഗ് കഴിഞ്ഞു) വന്നു വീട്ടില്‍ ഇരിക്കുന്നതിനു പകരം നേരെ ബാന്‍ഗ്ലൂരില്‍ പോകാനാണു സ്വാഭാവികമായും ഞാനും തീരുമാനിച്ചത്.
ബാന്‍ഗ്ലൂരില്‍ ചെല്ലേണ്ട താമസമേ ഉള്ളൂ. കമ്പനികള്‍ നേരെ വിളിക്കും. എന്നിട്ടു നല്ലൊരു കാക്കാലനെ കൊണ്ട് മുഖലക്ഷണം നോക്കി നേരെ ജോലിക്കു കയറാന്‍ പറയും. ഇതാണു പൊതുവെ എന്റേയും കൂട്ടുകാരായ എട്ടു പത്തു മഹാന്‍മാരുടെയും ധാരണ. ബാന്‍ഗ്ലുരില്‍ ഒരു പാടു റിക്രൂട്ടിംഗ് കേന്ദ്രങ്ങളുണ്ട്. അവിടെയെല്ലം പേരു റജിസ്റ്റര്‍ ചെയ്യണം. പിന്നെ ഗണപതിക്കു തേങ്ങ, ശാസ്താവിനു മാല തുടങ്ങിയവ നേരണം.
എല്ലാം വന്നു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്തു വെച്ചു. ഇനി പല സ്ഥലങ്ങളില്‍ നിന്നും ഇമെയിലുകള്‍ വരും, കോളുകള്‍ വരും. ജോബ് ഒഫ്ഫെരുകള്‍ തുരുതുരാ വരും. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.ദിവസവും ഇമെയില്‍ ചെക്കു ചെയ്തു, 24 മണിക്കൂറും ഫോണ്‍ ഓണ്‍ ചെയ്തു വച്ചു. എന്റെ ഒരു നിലയും വിലയും വച്ചു ഞാന്‍ നാരായണമൂര്‍ത്തിയൊ അസിം പ്രേംജിയൊ നേരിട്ടു വിളിക്കും എന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
അവസാനം അതു സംഭവിച്ചു.....ആരും വിളിച്ചില്ല!"
അസിം പ്രേംജി, നാരായണമൂര്‍ത്തി,രത്തന്‍ ടാറ്റ...പവനായി ................!
കൂടെയുള്ള സതീര്‍ത്ഥ്യന്മാരായ ഫവാസ്, ഗഫൂര്‍ തുടങ്ങിയവര്‍ ഈ സത്യം ബുധിപൂര്‍വം നേരത്തെ മനസ്സിലാക്കി ബാന്‍ഗ്ലൂരില്‍ വലപ്പണി(നെറ്റ് വര്‍ക്കിംഗ്) പഠിക്കാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം അശ്വനികുമാര്‍ വിളിച്ചിട്ടു പറഞ്ഞു ടോണിയെ ഒരു കമ്പനി ഇന്റര്‍വ്യൂവിനായി വിളിച്ചെന്ന്. ആദ്യം ടെസ്റ്റ്, പിന്നെ ഇന്റര്‍വ്യൂ .അതുകടന്നാല്‍ നേരെ ജോലി. ഞങ്ങള്‍ക്കെല്ലാം ടോണിയൊടു ആരാധന തോന്നി( സ്വല്‍പം അസൂയയും).
ഏതായാലും അവന്‍ അവിടെ പോകുമ്പോള്‍ ഞങ്ങളെക്കൂടി വിളിച്ചു. ഇനി അവര്‍ക്ക് മാനവവിഭവശേഷി കുറവുണ്ടെങ്കില്‍ അതു നികത്താന്‍ ഏറനാട്ടില്‍ നിന്നും ആണ്‍കുട്ടികള്‍ ഇനിയുമുണ്ടെന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഖാവ് ടോണി ജോണിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഞാനും അശ്വനികുമാറും കൂടെപ്പോയി.
അങ്ങനെ ജയനഗര്‍ എന്ന സ്ഥലത്തെ ഒരു രണ്ടു നില ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള കമ്പനിയിലേക്ക് ടോണി വലതുകാല്‍ എടുത്തു വച്ചു. റിസപ്ഷനില്‍ ഒരു കുഞ്ചുണ്ണൂലി. ടോണിയുടെ പേരു കണ്ടപ്പോള്‍ അവനൊടു അവള്‍ ചൊദിച്ചു. "ജാതകം കൊണ്ടുവന്നിട്ടുണ്ടൊ?"
"ഉണ്ട്, രണ്ടെണ്ണം വീതം. ഒന്നു കാണിപ്പയ്യൂരും മട്ടൊന്ന് ആറ്റുകാല്‍ സാറും."
ഉടന്‍ വന്നു അടുത്ത ചോദ്യം " വല്ല പ്രവൃത്തി പരിചയവും?"
നെഗറ്റീവ് പറയണ്ടാ എന്നു കരുതി അവന്‍ പറഞ്ഞു" പലര്‍ക്കും അങ്കത്തുണ പോയിട്ടുണ്ട്. കന്നിയങ്കം ഇതുവരെ തരായില്ല."
"കുഴപ്പമില്ല. ആദ്യം അഭിരുചി പരീക്ഷ. കാല്‍കഴുകി അകത്തു പോയിരിക്കൂ."(കുഞ്ചുണ്ണൂലി ഇതുവരെ നല്ല മെക്കാളെ ഇംഗ്ലിഷിലാണു സംസാരിക്കുന്നത്) ഞങ്ങളെ അവള്‍ ഗൗനിച്ചതേ ഇല്ല. പിന്നെ അതു നമുക്കൊരു പ്രശ്നവുമല്ല. മേല്പുര ഇല്ലാത്തവെര്‍ക്കെന്തു തീപ്പൊരി ?
നേരെ അവളൊടു ഞങ്ങള്‍ പ്രശ്‌നം അവതരിപ്പിച്ചു.
"ഞങ്ങളീ രണ്ടു കാര്‍ക്കോടകന്മാരും അതേ കളരിയില്‍ തന്നെ പഠിച്ചവരാ, ഇതുവരെ കന്നി തരായില്ല. ഞാന്‍ ഒതേനന്‍, ഇത് ആരോമല്‍. ഓതിരം, കടകം,പൂഴിക്കടകന്‍ എല്ലാം പഠിച്ചിട്ടുണ്ട്. അകത്തേക്കു കടക്കാവോ? ഇതാ ജാതകങ്ങള്‍"
കുഞ്ചുണ്ണൂലി ഗൗരവത്തില്‍ പറഞ്ഞു." ജാതകങ്ങള്‍ പരിശൊധിച്ച് അടുത്ത വിദ്യാരംഭത്തില്‍ നോക്കാം. ഇപ്പോള്‍ തല്‍ക്കാലം പുറത്തിരിക്കൂ." ഞങ്ങളുടെ ജാതകങ്ങള്‍ വാങ്ങി അവള്‍ ഒരു ഫയലില്‍ വെച്ചു.
അശ്വനികുമാര്‍ നിരാശനായി എന്റെ മുഖത്തു നോക്കി." കുഞ്ചുണ്ണൂലി ഏതു നാട്ടുകാരിയാ? കണ്ടിട്ട് ബോംബൈകാരി ആണെന്നു തോന്നുന്നു."
പെട്ടെന്നു അകത്തു നിന്ന് ഒരു കോട്ടുധാരി പുറത്തു വന്നു കുഞ്ചുണ്ണൂലിയൊടു സംസാരിക്കന്‍ തുടങ്ങി. അതും തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച ആ തനി മൊഴിയില്‍." ഇനി ആരു വന്നാലും കടത്തി വിടെണ്ടാ"
കുഞ്ചുണ്ണൂലി "ഇപ്പോള്‍ എത്ര പേരായി?"
" പത്തു മുപ്പതു പേരായി. ഞങ്ങള്‍ പരീക്ഷ തുടങ്ങാന്‍ പോകുകയാണ്."
" ലവള് മല്ലു ആണല്ലേ !"അശ്വനി എന്റെ മുഖത്തു ചമ്മിയ ഭാവത്തില്‍ നോക്കി.
"എന്തായാലും പുറത്തു വെയ്റ്റ് ചെയാം."
പുറത്തു അഞ്ചാറു രക്ഷകര്‍ത്താക്കള്‍ ലേബര്‍ റൂമിനുമുമ്പിലെ അതേ മുഖഭാവത്തില്‍ നില്‍ക്കുന്നു. നാളെ ലോകാവസാനം, ഇന്നു വൈകിട്ട് സുനാമി, ഉച്ചക്കു ഭൂകമ്പം ഇതെല്ലാം മുന്‍കൂടി പ്രവചിച്ച ജോല്‍ത്സ്യനെ പോലെ രക്ഷിതാക്കളുടെ മുഖത്ത് കത്തി, കരി, ഭയാനകം,ഭീഭല്‍സം ..!
അതിലൊരു രക്ഷിതാവിനു സമീപം ടോണിയുടെ രക്ഷിതാവിന്റെ റോള്‍ ഏറ്റെടുത്ത് ഞങ്ങള്‍ ഇരുന്നു.
"മോള്‍ക്കു ഇപ്പോള്‍ ഒരു ജോലിയുണ്ട്. ഇതു നല്ലതാണെങ്കില്‍ നോക്കാം എന്നു കരുതി വന്നതാണ്" ആ രക്ഷകര്‍ത്താവു പുളുതുടങ്ങി. അയാളുടെ മുഖത്തെ ടെന്‍ഷന്‍ കണ്ടാല്‍ അറിയാം മകള്‍ക്ക് ഇതു വരെ പണിയൊന്നുമായില്ല എന്നത്.
മൂപ്പില്‍സു എന്നോടു ചോദിച്ചു
." ഇന്റര്‍വ്യുവിനു വന്നതാണൊ?"
"ഏയ്, എനിക്കു വിപ്രൊവില്‍ ജോലിയുണ്ട്. ടോണി നമ്മുടെ പയ്യനാ, അവെന്റെ കൂടെവന്നതാ, പാവം രക്ഷപ്പെടുവാണെകില്‍ രക്ഷപ്പെടട്ടെ." ബഡായിയുടെ കാര്യത്തില്‍ നമ്മുടെ റേഞ്ച് ആ പാവം രക്ഷകര്‍ത്താവിനു അറിയില്ല.
"ഈ കമ്പനി എങ്ങനെയുണ്ട്? നല്ല ശമ്പളം ഉണ്ടാവും അല്ലെ? "
സത്യം പറഞ്ഞാല്‍ ഈ കമ്പനിയുടെ മറ്റു ഡീറ്റയില്‍സ് ഒന്നും എനിക്കോ ടോണിക്കൊ ആര്‍ക്കും അറിയില്ല. ഞാന്‍ പറഞ്ഞു" ഉണ്ടാവും"
അപ്പോഴാണു അശ്വനി എനിക്കൊരു ബുദ്ധി പറഞ്ഞു തന്നത്. "നമുക്കു നമ്മുടെ കുഞ്ചുണ്ണുലിയോട് ചോദിച്ചാലോ?"
പരിക്ഷക്കിടയില്‍ നിന്നും ടോണിയുടെ മെസ്സേജ് വന്നു.
" പരീക്ഷ കുഴപ്പമില്ല. ഈസിയായിരുന്നു. ഇനി ഇന്റര്‍വ്യൂവിനു സിലക്ടാവുന്നവരുടെ പേരു അരമണിക്കൂറില്‍ ഉള്ളില്‍ അനൗണ്‍സ് ചെയ്യും. "
ഞാന്‍ ഉടനെ കുഞ്ചുണ്ണൂലിയുടെ അടുത്തെത്തി. ഇത്തവണ നല്ല മലയാളത്തില്‍ തന്നെ ഞാന്‍ ചോദിച്ചു
"ഇങ്ങള്‍ടെ കമ്പനി തുടങ്ങിയിട്ട് എത്ര കാലമായി? എന്താ ഇവിടത്തെ പ്രധാന പരിപാടി?"
സോഫ്റ്റ്വെയര്‍, നെറ്റുവര്‍ക്കിഗ്, ഔട് സോഴ്‌സിംഗ് "ഇങ്ങളൊരു വലിയ സംഭവമാണല്ലേ. അല്ല, ഇപ്പൊ ഈ പണികിട്ടിയാല്‍ മാസം എന്ത് കിട്ടും"
"ഇതു ഒരു സ്ട്രാറ്റജിക് ജോബ് പ്രിപറേഷന്‍ പ്രോഗ്രാം ആണ്. അപോയിന്റ്‌മന്റ് ലെറ്റര്‍ കിട്ടിയാല്‍ പിന്നെ മൂന്നു മാസം ഇന്റെന്‍സിവ് ട്രയിനിംഗ്. "
"ശമ്പളം?"
"ആദ്യം നിങ്ങള്‍ 25000 രൂപ സെക്യൂരിട്ടി തരണം. ട്രയിനിംഗ് കഴിഞ്ഞ് ജോലികിട്ടിയാല്‍ അടുത്ത 25000 രൂപ തരണം"
ഞാനും അശ്വനിയും ഒന്നിച്ചു ഞെട്ടി" അപ്പൊ ഇത് ജോലിക്കുള്ള ഇന്റര്‍വ്യു അല്ലെ?"
"എയ്! ഇത് ജോബ് ട്രയിനിംഗ് പ്രോഗ്രാം ആണ്" ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരാനുള്ളാ അസുലഭ നിമിഷമാണ്"
"ജോലി ഉറപ്പാണോ?"
" അതു കഴിവുപൊലിരിക്കും"
എന്നാലും എന്റെ കുഞ്ചുണ്ണൂലീ.........................!
ടോണിയുടെ മേസ്സേജ് വന്നു:" ഇന്റര്‍വ്യു ഉടന്‍ തുടങ്ങും"
തിരിച്ചു മേസ്സേജ് " തോമാസുട്ടി വിട്ടോടാ"
ടോണി അപകടം മണത്തു പുറത്തു വന്നു. കുഞ്ചുണ്ണൂലി ഇടപെട്ടു" ഇന്റര്‍വ്യൂ കഴിഞ്ഞോ?"
ടോണി " ഇല്ല. ഒന്ന് ഒന്നിനു പോകണം"
പുറത്തു വന്ന ടോണിയോട് ഒറ്റ ശ്വാസത്തില്‍ സംഭവം വിവരിച്ചു. പിന്നെ ഞങ്ങള്‍ മെല്ലെ കോമ്പൗണ്ട് വിട്ട് പുറത്തു വന്നു. ഒറ്റ ഓട്ടത്തിനു ജയനഗര്‍ വിട്ടു"
ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴെക്കും ടോണിക്ക് കുഞ്ചുണ്ണൂലിയുടെ കോള്‍ വന്നു.
" താങ്കളെ ഇന്റര്‍വ്യൂ കൂടാതെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു കൂടാതെ പരീക്ഷയിലുള്ള മിടുക്ക് കണക്കിലെടുത്ത് 10% ഡിസ്‌കൗണ്ടും മലയാളിയായതിനാല്‍ 5% "ഇത്രയും പറഞ്ഞത് നല്ല പച്ച മലയാളത്തില്‍. മല്ലുവിന്റെ ഒരു ബുദ്ധിയേ!
ടോണി പറഞ്ഞു" അമ്മാവന്റെ അനുഗ്രഹം വാങ്ങിക്കണം. കളരിയില്‍ വിളക്കു വക്കണം .അച്‌ഛന്റേം ഗുരുകാരണവന്മാരുറെയും ഷാപ്പിലെ നാണുവെട്ടന്റെയും അനുഗ്രഹം വാങ്ങി ബംഗ്ലൂര്‍ പുഴ നീന്തിക്കടന്നു ഞാന്‍ വരും. "
കുഞ്ചുണ്ണൂലി " അറപ്പുര വാതില്‍ തുറന്നു ഞാന്‍ കാത്തിരിക്കും"
എപിലോഗ്: ബാംഗ്ലൂര്‍ മലയാളികളെക്കുറിച്ച് പണ്ട് നര്‍മ്മഭൂമിയില്‍ വന്ന ഒരു ഫലിതം ഇവിടെ ചേര്‍ക്കമെന്നു കരുതി.ബാഗ്ലൂരില്‍ എത്തിയ ഒരു കൂട്ടം നാടകക്കാര്‍ വഴിയരിയാതെ ബസ്സ്റ്റാന്റില്‍ നിന്നു കറങ്ങുകയായ്‌രിരുന്നു. അതിലൊരാള്‍ അറിയാവുന്ന കന്നഡചേര്‍ത്ത് ആദ്യം കണ്ട ചെറുപ്പക്കാരനോടു ചോദിച്ചു. " ഇല്ലി ബസ് ശിവാജി നഗര്‍ ഹോഗ്‌താ(ഈ ബസ് ശിവാജി നഗറില്‍ പോകുമോ?)" ചെറുപ്പക്കാരന്റെ മറുപടി."ഹോഗുമായിരിക്കും."
Saturday, February 13, 2010
ഒരു മഴക്കാഴ്ച
മഴ ...
ഓര്‍മകളുടെ ഒരു അവധിക്കാലത്ത് ഒരു കുടയുടെ കുഞ്ഞു തണലില്‍ നിന്നെടുത്ത ഒരു മഴച്ചിത്രം ..
ഓര്‍മകളുടെ ഒരു അവധിക്കാലത്ത് ഒരു കുടയുടെ കുഞ്ഞു തണലില്‍ നിന്നെടുത്ത ഒരു മഴച്ചിത്രം ..
Friday, February 5, 2010
കണ്ണട
കണ്ണട വെച്ച കുട്ടികള്‍ എല്ലാം നല്ലോണം പഠിക്കും എന്ന് രണ്ടാം ക്ലാസില്‍ സന്ദീപ് പറഞ്ഞതുമുതലാണ് കണ്ണട വെച്ചവരോട് ഒരു പ്രത്യേക ബഹുമാനം തോന്നിത്തുടങ്ങിയത് .
ഒന്‍പതാം ക്ലാസില്‍ ആദ്യം വായില്‍ നോക്കിയ കുട്ടിയുടെ മുഖത്തുണ്ടായിരുന്നു ഒരു കറുത്ത കണ്ണട. ആ കുട്ടിയുടെ പേരു പറഞ്ഞു എന്നെ കളിയാക്കിയിരുന്ന മധുവിന്റെയും പ്രസൂജിന്റെയും പ്രധാന ഒരു ആയുധം കണ്ണടയായിരുന്നു.അങ്ങനെ കുട്ടിക്കാലം മുതല്‍ കണ്ണട ഒരു വീക്നെസ് ആയി നില്‍കുന്നുണ്ടായിരുന്നു.ഇനി കണ്ണടക്കഥയിലേക്കു വരാം.ഈയിടെ ഒരു ട്രയിനിംഗിനായി ദുബായിലേക്കു പോകെണ്ടി വന്നു. യാത്രക്കിടെ ബഹറൈന്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഒരു നല്ല സുന്ദരന്‍ കണ്ണടവെച്ചു നല്ല തറവാടിത്തമുള്ള ഒരു ലാറ്റിനമേരിക്കന്‍ പെണ്‍കുട്ടി. കണ്ടപ്പോല്‍ സല്‍മ ഹെയിക് മുന്നില്‍ ഇറങ്ങി നിന്നതാണൊ എന്നു തോന്നിപ്പോയി. ആഞ്ജലിനയും സല്‍മയും പണ്ടെ നമ്മുടെ വീകനെസ്സാണ്. ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അതു സംഭവിച്ചു. അവള്‍ എന്റെ അടുത്ത് സീറ്റില്‍." ഹൊ എന്റെ ദൈവമെ എനിക്കു വയ്യ". ഇന്നു കണികണ്ടവനെ കണ്ടാല്‍ നാളെമുതല്‍ സ്ഥിരമായി കാണാന്‍ കഴിയണേ എന്റെ ഗുരുവായൂര്‍ കര്‍ത്താവേ. ഒരു വിധം എല്ലാരാജ്യങ്ങളിലും സുഹൃത്തുക്കള്‍ ഉണ്ട്. ഇനി ലാറ്റിനരിക്കയില്‍ നിന്നൊരു സുന്ദരികൂടി സുഹൃത്താകുന്നതില്‍ കുഴപ്പമില്ല.
ഞാന്‍ ദൈവത്തോടു നന്ദിപറഞ്ഞു. എങ്ങനെ തുടങ്ങും ? വലിയൊരു ചോദ്യം. നമ്മുടെ കാണപ്പെട്ട ദൈവമായ മുകേഷിനെ മനസ്സില്‍ ധ്യനിച്ചു ഞാന്‍ ലാപ്‌ടോപ് തുറന്നു. രണ്ടു മിനിട്ടു ഒരു ബുകിന്റെ പി.ഡി.എഫ് കോപി വിടര്‍ത്തി വായന തുടങ്ങി.അവള്‍ പെട്ടെന്നു എന്നൊടു ചൊദിച്ചു. "ദുബായിലെക്കാണൊ?" ഞാന്‍ നല്ല വള്ളുവനാടന്‍ ഇംഗ്ഗ്ലിഷില്‍ കാച്ചി. " ദുബായി ഒന്നു കാണാന്നു നിരീച്ചു. നോമിനു ഒരു ട്രയിനിംഗിനു ഉണ്ടു, ഊണും വഴിച്ചെലവും വിരിവെക്കാനുള്ള ഏര്‍പ്പാടും നമ്മടെ കംബിനി ചെയ്തിട്ടുണ്ട്. കുട്ടി എങ്ങടാ?"
അവളു നല്ല മലപ്പുറം സ്ലാങ്ങില്‍ എന്നോടു മൊഴിഞ്ഞു." ഇങ്ങളു പോണ സ്ഥലത്തു തന്നെ. നിക്കു അവിടെ ***** ഹോട്ടലില്‍ വിളംബാ പണി. എച്ചിലെടുക്കണം, പാത്രം കഴുകണം പിന്നെ മുറി അടിച്ചു തുടക്കണം" അവള്‍ നെടുവീര്‍പ്പിട്ടു." പുവര്‍ ഗേള്‍. അവള്‍ ഒരു അടുക്കളക്കാരി. അവളുടെ ഹോട്ടല്‍ ലോകപ്രസിദ്ധമാണ്. പക്ഷെ പപ്പു പറഞ്ഞ പോലെ ഗോപലകൃഷ്ണന്‍ എന്ന പേരു മാറ്റി അമിതാബ് ബച്ചന്‍ എന്നിട്ടാലും ഹോട്ടലുകാരന്‍ എന്നും ഹോട്ടലുകാരന്‍ തന്നെ.
ഇനി കുടുംബകാര്യം അറിയണം. ഏവിടെ ജനിച്ചു, ചൊവ്വദോഷമുണ്ടൊ എന്നൊക്കെ നോക്കണം. ജനനം ബ്രസിലില്‍ "ഹൊ സമാധാനമായി. നമ്മുടെ റൊണാള്‍ഡൊയുടെ നാട്ടില്‍. അല്ലെങ്കിലും മലപ്പുറത്തുകാരനു ബ്രസീല്‍ ഒരു ഹരമാണ് അര്‍ജന്റിന ഒരു ലഹരിയാണ് . അവള്‍ എന്നൊടു എന്റെ ഡിറ്റെയില്‍സ് ചൊദിച്ചു. ഞാന്‍ ഒരു ഒന്നൊന്നര കാച്ചു കാച്ചി. ഞാന്‍ ഒരു വലിയ എഞ്ജിനിയറാാാാാ.(എന്നെ സമ്മതിക്കണം)
അവള്‍ ഒന്നു നോക്കി.ഞാന്‍ ഉടനെ പറഞ്ഞു" സത്യായിട്ടും , കണ്ടാ ഒരു ലുക്കില്ല എന്നേ ഉള്ളൂ" എന്നിട്ടു എന്നോടു ജോലിയെക്കുറിച്ചു ചോദിച്ചു. ഒരാഴ്ച പറയാന്‍ മാറ്റിവച്ച് നുണകളെല്ലാം ഞാന്‍ എടുത്തു കാച്ചി. അവസാനം അവള്‍ എന്റെ ശംബളം ചൊദിച്ചു. ന്യായമായും പ്രതീക്ഷിച്ച ചോദ്യം. ഇപ്പോള്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി പറഞ്ഞു. ഈ ഒരു സംഖ്യയില്‍ ഒരു വിധ ആളുകളെല്ലാം വിഴും. പക്ഷെ അവളുടെ മുഖത്തു ഒരു മാറ്റവും ഇല്ല. പകരം ഒരു പുഞ്ഞം." എഞ്ചിനിയര്‍ക്കു ഇത്ര സാലറിയെ ഉള്ളൂ. ഇതിനെക്കാള്‍ ബേദം എന്റെ ജൊലിയാ..."
ഇപ്പോള്‍ തള്ളിയത് എന്റെ കണ്ണുകള്‍ ആണു. അവള്‍ എക്സ്‌പളെയിന്‍ചെയ്തു .അവളുടെ ശമ്പളം ഞാന്‍ പറഞ്ഞതിനും 30% മുകളിലാണു . ഹോട്ടലില്‍ ഇത്രശമ്പളമോ എന്നു ഞാന്‍ വാ പൊളിച്ചിരിക്കുമ്പോള്‍ അവള്‍ കണ്ണിറുക്കി കാണിച്ചു. " ആയകാലത്തു പാത്രം കഴുകി അടുക്കളയില്‍ കയറിയിരുന്നെങ്കില്‍..!
എന്നെ അവള്‍ വെട്ടിയ സ്ഥിതിക്ക് ഇനി അധികം പുളു വേണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു പക്ഷെ, ഇനിഎന്താ ഇബളോടു ചോദിക്ക്യാ? സമയം അരമണിക്കൂര്‍ പിന്നെയും നീണ്ടുകിടക്കുന്നു. വല്ല ഒറ്റപ്പാലത്തുകാരിയായിരുന്നെങ്കില്‍ മകരക്കൊയ്‌ത്തു കഴിഞ്ഞോ, ചിനക്കത്തൂരെ പൂരത്തിനിക്കുറി എത്ര ആനെണ്ടായിരുന്നു എന്നൊക്കെ ചൊദിക്കാമായിരുന്നു. അറ്റ് ലീസ്റ്റ് തിരൊന്‍തരമായിരുന്നെങ്കില്‍ ആറ്റുകാലെ പൊങ്കാലയെക്കുറിച്ചെങ്കിലും വികാരഭരിതനാവാമായിരുന്നു. പൊങ്കാലയുടെ കാര്യം ഓര്‍ത്തപ്പൊളാണു ബ്രസിലില്‍ നാട്ടുകാരെല്ലാം തെരുവുകള്‍ കൈയ്യേറുന്ന അവരുടെ പൊങ്കാലയുടെ കാര്യമൊര്‍ത്തത്. "റിയോ കാര്‍ണിവല്‍" ഉടന്‍ എടുത്തു കാചി."ഇയ്യെങ്ങന്യ റിയൊ പൂരത്തിനു പോവാറുണ്ടോ? "
ഏന്റെ ചോദ്യം കേട്ടതും അവള്‍ സന്തോഷവതിയായി." പിന്നേ, താലവുമെടുത്തു സെറ്റ് സാരീം മുല്ലപ്പൂവും ചൂടി ഞാന്‍ മുന്നില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു രണ്ടു കൊല്ലം മുന്‍പു വരെ. ഇപ്പൊ രണ്ടു കൊല്ലായി ദുബായിലാ. ഇതാ, എന്റെ രണ്ടു വര്‍ഷം മുന്‍പത്തെ 'റിയോ' ചിത്രം." അവള്‍ മൊബെയില്‍ക്യാമറയില്‍ നിന്നു ഒരു ഫോട്ടൊ എടുത്തു കാട്ടി. ആ ഫോട്ടോ കണ്ടതും ഞാന്‍ പിന്നെയും ഞെട്ടി. ഷക്കീല പൊറുക്കില്ല അങ്ങനത്തെ ഒരു പോസ്! അവള്‍ ഒന്നു കണ്ണിറുക്കി കാണിച്ചു. എനിക്കാകെ ഒരു പന്‍തിക്കേടു തൊന്നി.
കാര്യങ്ങള്‍ ഇത്രയുമൊക്കെയായപ്പൊള്‍ എന്നിലെ സേതുരാമയ്യര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ചൊദ്യം ഉയര്‍ന്നു വന്നു.
"ബഹറിനില്‍ ഇവള്‍എന്തിനാണ് വന്നത് ?"
അപ്പോഴാണ് എനിക്കു കാര്യം പിടികിട്ടുന്നത്. നായിക നമ്മുടെ നട്ടപ്രാന്തന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു "ഫ്ലഷ് കണ്‍സള്‍റ്റന്റ്" ആണ്. ബഹറിനിലെ ഒരു ഭക്തന്‍ അത്താഴപൂജക്കു വിളിച്ചപ്പോള്‍ വന്നതാണ്.. പൂജകഴിഞ്ഞു ദക്ഷിണയും വാങ്ങിയുള്ള വരവാണ്.
ഇതു കേസു വേറെയാണ് എന്നു മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വലിഞ്ഞു. എന്റെ സല്‍മാ ഹൈക്കെ എന്നാലും നി...!
ദുബായി എയര്‍പോട്ടില്‍ എത്തിയപ്പോള് എമിഗ്ഗ്രേഷന്‍കാര്‍ക്ക് എന്റെ റെട്ടിന കാണണം എന്നു പറഞ്ഞു. അതെല്ലാം കഴിഞ്ഞു വിസ എടുത്തു പുറത്തു കടക്കുംബോള്‍ നമ്മുടെ കാര്‍ണിവല്‍ കുട്ടി കാചിയ എണ്ണയൊക്കെ തേചു മുല്ല്ലപൂവൊക്കെ ചൂടി ടാക്സികാരുമായി ബാര്‍ഗയിന്‍ ചെയ്യുന്നു. എന്നെ കണ്ടതും അവള്‍ എന്നൊടു ചോദിച്ചു "ഇപ്പോള്‍ എന്താ പരിപാടി.?"
ഞാന്‍ മറുപടി പറഞ്ഞു. " ഇല്ലത്തെത്തേണ്ട നേരം കഴിഞ്ഞിക്കിണു. മീഡിയ റോട്ടാന(ഹോട്ടലില്‍) കാലത്ത് ഒന്‍പതു മണിക്കെത്തണം എന്നാണു ട്രയിനിംഗിന്റെ വാറോല. അതിനാല്‍ അമ്മാത്തുന്നു ഇശ്ശി നേരത്തെ ഇറങ്ങി.അടുത്ത വണ്ടിക്കു വിട്ടാ ഉച്ച ഉച്ചപൂജക്കു മുന്‍പ് അങ്ങട് എത്താം" ഇത്രയും ഞാന്‍ പറഞ്ഞു ഞാന്‍ രക്ഷപെട്ടു.
ഒരു ടാക്സിയില്‍ ഹോട്ടല്‍ ലക്ഷ്യമാക്കി ഓടുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. മാന്‍ മിഴികളെ മാത്രമല്ല, മാന്‍ സ്പെക്‌ക്‍സുകളേയും ഒന്നു സൂക്ഷിച്ചാല്‍ നല്ലത്.
Subscribe to:
Posts (Atom)