Friday, May 21, 2010

നാക്കിന്റെ ചില വികൃതികള്‍


 
'സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം
നാസത്യം ച പ്രിയം ബ്രൂയാത്
(സത്യം പറയാം, പ്രിയം പറയാം, അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൂടാ) 

മനുസ്മൃതി കോട്ട്‌ ചെയ്ത്‌ വലിയ ബുജി ആകാന്‍ ശ്രമിക്കുകയല്ല, എന്റെ എല്ലില്ലാത്ത നാക്കിന്റെ പ്രവര്‍ത്തനം കണ്ടു ഒരു കൂട്ടുകാരി സ്നേഹപൂര്‍വം തന്ന ഒരു ഉപദേശമാണിത്‌. എന്‍താണെന്നറിയില്ല, പലപ്പോഴും ഞാന്‍ അറിയാതെ ഒരു വികട സരസ്വതി എന്നെ പുറകില്‍ നിന്നും കുത്താറുണ്ട്‌. .

ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. നമുക്കു പരിചയമുള്ള ഒരു വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണമാണു സന്ദര്‍ഭം. കല്യാണം പയ്യന്റെ സ്വത്തും ബന്ധുബലവും കൊണ്ട്‌ വല്ലാതെ പ്രീ പബ്ലിസിറ്റി നേടിയിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ അതു അവളുടെ ഭാഗ്യമായും സമൃദ്ധിയിലേക്കുള്ളയാത്രയായും എല്ലവരൊടും വിളമ്പുകയും ചെയ്തു. അതൊന്നും ഒരു ആറാം ക്ലാസുകാരനെ ബാധിക്കുന്ന വിഷയമല്ല.കല്യാണതിനു കിട്ടുന്ന ചെറുനാരങ്ങ, തണുത്ത നാരങ്ങ വെള്ളം, വലിയ പപ്പടം, അടപ്രഥമന്‍,പിന്നെ റോജാപാക്ക്‌ എന്നി ഇന്റര്‍നാഷണല്‍ കാര്യങ്ങളിലാണു നമ്മുടെ കോണ്‍സെന്റ്രേഷന്‍. മാത്രമല്ല പട്ടു പാവടയെടുത്തു മുന്നില്‍ വിലസുന്ന അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടിയും ഹിഡന്‍ അജണ്ടയിലെ ഒരു ഐറ്റമാണ്‌.

ഇത്തരമോരവസരം സംജാതമാക്കിയ കല്യാണപെണ്ണിനും ചെക്കനും സ്വന്‍തം പേരിലും ഉദരത്തിന്റെ പേരിലും ഒരു നന്ദി പറയാമെന്നു കരുതി പന്തലിലേക്ക് ഒന്നു നോക്കൊയപ്പോളാണ്‌ കോടീശ്വരനായ ചെക്കനെ ശ്രദ്ധിച്ചത്‌.ക്രിസ്‌ ഗെയിലിനു ഹെന്റ്രി ഒലോങ്ങയില്‍  ) ഉണ്ടായ ഒരു സന്തതിയെപ്പോലെ സുന്ദരനായ ഒരു ആജാനഭാഹു. കരിമല വരുന്നതു പോലുണ്ട്‌. പന്തലിനു ചുറ്റും ആളുകള്‍ പലതും മുറുമുറുക്കുന്നത്‌ ആറാം ക്ലാസുകാരന്റെ എഫ്‌ എം റിസീവര്‍ പിടിച്ചെടുക്കുക എന്നതു വളരെ സ്വാഭാവികം മാത്രം.

എന്തായാലും കല്യാണം കഴിഞ്ഞു ഞങ്ങളെല്ലാം വീട്ടിലെത്തി ഓരൊ വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ്‌ പെണ്ണിന്റെ ചെറിയമ്മയും ഞങ്ങളുടെ അയല്‍വാസിയും ആയ ഒരു ചെച്ചി വീട്ടിലെത്തിയത്‌. സദ്യയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും അവര്‍ വീമ്പിളക്കുന്നുണ്ടായിരുന്നു.അച്ചനും അമ്മയൂം അവരുടെ അഭിപ്രായങ്ങള്‍ക്കു ശബ്ദവോട്ടു ചെയ്തുനില്‍ക്കെ വികടന്റെ ഊഴം വന്നു. ആ ചേച്ചി കൂട്ടത്തിലെ ജൂനിയറായ എന്നോടു ചോദിച്ചു "--- ചേച്ചിയുടെ അങ്കിളിനെ കുട്ടനിഷ്ടപ്പെട്ടോ?" വികടന്‍ ഉടന്‍ എന്റെ നാക്കിലേത്തി വിളമ്പി. " എനിക്കിഷ്ടപ്പെട്ടില്ല. ചെമ്മീന്‍ സിനിമയിലെ പളനിയെപ്പോലുണ്ട്‌"
ഡിം! ആ ചെച്ചി അതാ ഒന്‍പതാം നിലയില്‍ നിന്നും താഴെ. കറുത്ത മുഖത്തോടെ ആ ചെച്ചി എന്നെ ബോയ്‌ കോട്ടു ചെയ്തു.ആ പന്തലില്‍ എത്തിയ ഭൂരിപക്ഷതിന്റെ വികാരമാണ്‌ ഞാന്‍ പ്രതിഫലിപ്പിച്ചതെങ്കിലും ചന്ദ്രികേ...
പിന്നീട്‌ ആ ചെച്ചിയും കുടുംബവും എന്നോട്‌ മിണ്ടിയതു പത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ഇനി എന്റെ കല്യാണത്തിനു പെണ്ണിനെ നോക്കി ഹാലിബെറിയുടെ കട്ടുണ്ടെന്നു അവര്‍ പറയുമൊ എന്നു പേടിച്ചാണ്‌ ദിവസങ്ങള്‍ ഇപ്പോള്‍ തള്ളിനീക്കുന്നത്‌.(ഇതു വായിക്കുന്ന എതെങ്കിലും ഒരു സുന്ദരിക്കു ആ മഹാപകടത്തില്‍ നിന്നും എന്നെ രക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്‌.)

പിന്നീട്‌ വികടന്‍ എന്നെ ബാധിക്കുന്നത്‌ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌.കാലം ഒന്‍പതാം ക്ലാസ്‌. രംഗം സ്കൂള്‍ യുവജനോത്സവം.പാലക്കാട്‌ നടന്ന ജില്ലാ യുവജനോത്സവത്തിനു ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള കലാകാലി സംഘത്തെ ആട്ടിത്തെളിച്ചു ഒരു മിനി ബസ്സില്‍ യാത്ര പോകുകയായിരുന്നു. ഞാന്‍ അദ്ധ്യപികമാരുടെ ഇടയില്‍ ആണ്‌ ഇരിക്കുന്നത്‌. ബാക്കിയുള്ള പിള്ളേര്‍ ബസ്സില്‍ നൃത്തം ചെയ്യുന്നു, പാടുന്നു അങ്ങനെയുള്ള വികൃതികളില്‍ മുഴുകിയിരിക്കുന്നു. ഞാനാനെങ്കില്‍ മിസ്റ്റര്‍ അച്ചടക്കന്‍. ഇനി അതുവഴി ടീച്ചേര്‍സ്‌ കുറച്ചു മാര്‍ക്ക്‌ എക്സ്ട്രാ തന്നാലൊ?
അദ്ധ്യാപികമാര്‍ ഇടക്കിടെ എന്റെ അച്ചടക്കത്തെകുറിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ പുളകം കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അദ്ധ്യാപികമാരുടെ ചര്‍ച്ച അവരുടെ പിള്ളേരെക്കുറിച്ചായി."എന്റെ മോന്‍ സുരേഷ്‌ നന്നായി പാടും .മാത്രമൊ, അവന്‍ ഡാന്‍സും ചെയ്യും. പിന്നെ പുള്ളിക്കാരനു ഈ യുവജനൊത്സവത്തിലൊന്നും താല്‍പര്യം ഇല്ല. അതുകൊണ്ട്‌ അവന്‍ ഈ വക പരിപാടിയിലൊന്നും പേരു കൊടുക്കാറില്ല."

ഇതു എന്റെ സമനില തെറ്റിച്ചു. യുവജനൊത്സവത്തെ കുറ്റം പറയുകയോ? അതും യുവജനോത്സവ തൊഴിലാളിയായ എന്റെ മുന്നില്‍. ടീച്ചറുടെ ഈ മോനെ എനിക്കു നല്ലവണ്ണം അറിയാം . അവന്‍ മത്സരത്തിനു പേരു കോടുക്കാഞ്ഞതല്ല. തോറ്റതാണ്‌. ഇതൊക്കെ എന്റെ മനസ്സില്‍ വന്നെങ്കിലും അചടക്കത്തില്‍ എ കെ ആന്റണിക്കു പഠിക്കുന്ന ഞാന്‍ കൈയും കെട്ടിയിരുന്നു. ആ ടീച്ചര്‍ പിന്നെയും തുടര്‍ന്നു."അവന്റെ പാട്ടു കേട്ടു പലരും പറഞ്ഞു അവനു ദാസേട്ടന്റെ ശാരീരം കിട്ടിയിട്ടുണ്ടെന്ന്. അടുത്ത വര്‍ഷം ചെംബൈ സംഗീതൊത്സവത്തില്‍ ഗുരുവായൂരില്‍ പാടിക്കണം."
മറ്റുള്ള അദ്ധ്യാപികമാര്‍ വളരെ നയതന്ത്രപരമായി മുഖത്തൊടു മുഖം നോക്കി മനസിലിരിപ്പു കൈമാറിയപ്പോള്‍ എന്റെ നാവില്‍ പിന്നെയും സരസ്വതിയേട്ടത്തി വിളയാടി.
" ടീച്ചറേ, ചെംബൈ ഉതസവത്തിനു പാടിക്കുന്നതിനുമുന്‍പ്‌ അവന്റെ പാട്ട്‌ ഒരു കാസറ്റില്‍ റെക്കോഡ്‌ ചെയ്ത്‌ എനിക്കു തരുമൊ? . എന്റെ അച്ഛനു ചിലപ്പോള്‍ ആവശ്യം വന്നേക്കും"
:അതെന്‍താ, മോന്റെ അച്ഛന്‍ സംഗീതജ്ഞന്‍ ആണൊ?"ടീച്ചര്‍ അഭിമാനത്തോട ചോദിച്ചു.
" അല്ല. എന്റെ അച്ഛന്‍ പാടത്ത്‌ നെല്ലു തിന്നാന്‍ വരുന്ന വെട്ടുകിളികളെ ഓടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരിക്കുകയാ. എനിക്കു തോന്നുന്നത്‌ സുരേഷിന്റെ പാട്ട്‌ ഒന്നു കേള്‍പ്പിച്ചാല്‍ വെട്ടു കിളികള്‍ ഈ താലൂക്ക്‌ വിട്ടു പോകും എന്നാ"
ടീച്ചര്‍ നിര്‍ന്നിമേഷയായി നിന്നു. മറ്റുള്ള ടീച്ചേര്‍സ്‌ പൊട്ടിച്ചിരിച്ചു. അതിനു ശേഷം ആ ടീച്ചര്‍ എന്റെ മുഖത്തു നോക്കിയിട്ടില്ല.ദൈവം സഹായിച്ചു ആ ടീച്ചര്‍ എന്നെ പഠിപ്പിക്കാന്‍ ഇടവന്നില്ല. വന്നിരുന്നെങ്കില്‍..?

വികടന്റെ യാത്രകള്‍ ഇതു കൊണ്ടു തീര്‍ന്നുവെന്നു ഞാന്‍ കരുതുന്നില്ല. അടുത്ത അവസരം അടുത്തൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ സൈക്കീള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി കത്തിച്ചു ഞാന്‍ ഇരിക്കുന്നു. പ്രാര്‍ഥിക്കാന്‍ എല്ലവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടല്ലോ..?