Friday, April 22, 2011

ഗുളികപുരാണം

 
 
രുക്കുവമ്മയുറെ വീട്ടില്‍ നിന്നുംകൊണ്ടു വന്ന പൂവാലിപ്പശു   ഒന്നാന്തരം ഒരു ബേബി ഗേളിന്  ജന്മം നല്‍കിയതോടെ മേനോന്സിനു ടെന്‍ഷന്‍ തുടങ്ങി.
 
"ഇപ്പോളെ തൊഴുത്തില്‍ രണ്ട് പോത്തുകള്‍ ഉണ്ട് . കറമ്പന്‍ കാരിയും മടിയന്‍ ചെമ്പനും. ഇവരുടെ ഇടയില്‍ ഈ പുതിയ മെമ്പറിനു നല്ല  ഫ്രീഡം കിട്ടില്ല.വരിയുടച്ച പോത്തുകള്‍ ആയതു കൊണ്ട് പീഡനം പ്രതീക്ഷിക്കേണ്ട. പക്ഷെ ഈ പുത്തന്‍ കുഞ്ഞിപെണ്ണ്   ഒട്ടത്തോട് ഓട്ടം . ഇവളെ എങ്ങനെ അക്കൊമോഡെറ്റ്  ചെയ്യും ????
 
അങ്ങനെ ആണ് വീടിന്റെ ഉമ്മറത്തെ വിറകുപുര മേനോന്‍സ്  മിനി തൊഴുത്താക്കാന്‍ തീരുമാനിച്ചത് . ഉണ്ണിക്കുട്ടന്റെ നേതൃത്വത്തില്‍ ചുള്ളിയില്‍ ടാസ്ക്കെര്സ്   ഒരു ദിവസം പണിപ്പെട്ട്  വിറകുപുരയെ തൊഴുത്ത് ആക്കി ആള്‍ട്ടറേഷന്‍  നടത്തി.
 
പൂവാലിയും മോളും താമസം തുടങ്ങിയതിന്റെ മൂന്നാം ദിവസമാണ്   വീട്ടില്‍ അമ്പലപിരിവിനു സ്ഥലപ്രമാണി കുമാരന്‍ മാഷ്‌ വന്നത്. കരിനാക്കിന്റെ  കാര്യത്തില്‍ ലോക പ്രശസ്ഥനാണ്  അങ്ങേര്‍. അങ്ങേരെ കണ്ടാല്‍ മതി രുക്കുവമ്മ ഉണ്ണിക്കുട്ടനെ പത്തായത്തില്‍ ഒളിപ്പിക്കും.ഉണ്ണിക്കുട്ടന്‍ എന്ന മംഗലശ്ശേരി നീലകണ്ടനും     കുമാരന്‍ മാഷ്‌ എന്ന മുണ്ടക്കല്‍ ശേഖരനും  നേരില്‍ കണ്ടാല്‍ ഒന്നും രണ്ടും പറയും. ശേഖരന്‍ കരിനാക്കു വീശും , നീലകണ്ഠന്‍ ടിം. ഇതു മനസ്സില്‍ കാണുന്നത് കൊണ്ടാണ് രുക്കുവമ്മ നീലകണ്ടനെ പത്തായത്തിലേക്ക് തട്ടുന്നത് 
 
പണ്ടൊരിക്കല്‍  വേനലില്‍ കൃഷി നശിച്ചപ്പോള്‍ മേനോന്‍സിന്റെ  സുഹൃത്ത്‌ സുബ്രു കുമാരന്‍മാഷെ പാടത്തു കൊണ്ട് ചെന്നു. നശിച്ച നെല്ലില്‍ കുമാരേട്ടന്‍ ഒരു ബോംബിട്ടാല്‍ ചിലപ്പോള്‍ റിവേര്‍സ് റിയാക്ഷന്‍ നടന്നാലോ? നെല്ല് കണ്ടതും കുമാരന്‍ മാഷ് പറഞ്ഞു. "ആഹാ, സുബ്രു, നെല്ലിത്തിരി  കരിഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഉള്ള കതിരുകള്‍ അപാര സൈസാണല്ലോ. എന്തായാലും നഷ്ടം വരില്ല !!!"
 
 വീണത്‌ ബോംബല്ല ബൂമാറാംഗ്   ആണ് എന്ന് അപ്പോളാണ് സുബ്രുവിന് മനസിലായത്. ഒരാഴ്ചക്കകം സുബ്രുവിന്റെ പാടം താര്‍ മരുഭൂമിയുടെ സഹോദരസ്ഥാപനം ആയി മാറി എന്ന് നാട്ടു ഭാഷ്യം. 
 
ഇത്തവണ കുമാരന്‍ മാഷുടെ മുന്നില്‍പെട്ടത് ഓടിക്കളിചെത്തിയ   പാവം  പൂവാലിയുടെ  മകള്‍ .
" ആഹാ  രാമനുണ്ണിയെ, (മേനോന്‍റെ പര്യായ പദം) ഓട്ടം കണ്ടിട്ട്  ഇവള്‍ ഷൈനി വിത്സണ്‍ ആവുമല്ലോ ?"
 
ഇതു പറഞ്ഞു അങ്ങേര്‍ പിരിവു വാങ്ങി പോയി. പിറ്റേന്ന് തൊഴുത്തില്‍ നോക്കുമ്പോള്‍ ആ പശുക്കുട്ടി ചത്തു കിടക്കുന്നു. മേനോനും ഉണ്ണിക്കുട്ടനും രുക്കുവമ്മയുമെല്ലാം കുറെ വിഷമിച്ചു ഇരിപ്പായി.
 
സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ മേനോന്‍സ് ഒരു ബൂര്‍ഷ്വാ ആവും. മനസിലെ കമ്മ്യൂണിസം കളഞ്ഞു ആള്‍ നേരെ നടക്കും പടിഞ്ഞാറങ്ങാടിക്ക്. അവിടെ മേനോന്‍റെ വിശ്വസ്ത ജോത്സ്യര്‍ ഉണ്ട് . ഉണ്ണിക്കുട്ടനു ജോലി വാഗ്ദാനവും വിവാഹ വാഗ്ദാനവും നല്‍കിയ അതേ പണിക്കര്‍. അങ്ങേരെ കണ്ടു സങ്കടം പറയും.ഇത്തവണ ആള്‍ ഉണ്ണിക്കുട്ടനെയും കൂട്ടി.
 
പണിക്കര്‍ക്ക്  ഒരു അറുപതു വയസ്സ് പ്രായം വരും. മേനോനെ കണ്ടതും ആള്‍ ഉമ്മറത്തെക്ക് വന്നു. "കുറെ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്. "
 
മേനോന്‍സ് ചിരിക്കാന്‍ ശ്രമിച്ചു.
"എന്തോ ഒരു വിഷമം കാണുന്നുണ്ടല്ലോ മുഖത്ത് "
പുള്ളിപറഞ്ഞത്‌ കേട്ടു ഉണ്ണിക്കുട്ടനു ചിരി വന്നു. പണിക്കരെ കാണാന്‍ സാധാരണ മേനോന്‍ പോകാറ് പ്രതിസന്ധികള്‍ വരുമ്പോളാണ്. മിക്കവാറും ആളുകളും അങ്ങനെ തന്നെ . അല്ലാതെ തിരുവാതിര കളിയ്ക്കാന്‍ അവിടെ പോകുമോ?
 
മേനോന്‍സ് ഗൌരവം.
 "അതേ, സംഗതി സീരിയസാണ്  നമ്മുടെ ഒരു  പശുക്കുട്ടി ചത്തു. എന്റെ കാര്‍ഷിക ജീവിതത്തിനിടയില്‍ ഇതു ആദ്യായിട്ടാ. വാണിയംകുളം ചന്തയിലെ പേരെടുത്ത കന്നുകളെ കെട്ടിയ എന്റെ തൊഴുത്തില്‍ ..."
 
പണിക്കര്‍ കളം വരച്ചു .ഉടന്‍ തന്നെ മേനോന്‍ തിരുത്തി.
 
"ഇതു തൊഴുത്തില്‍ അല്ലട്ടോ തൊഴുത്തിന് ഒരു എക്സ്റ്റന്‍ഷന്‍ വെച്ചു. അവിടെ വെച്ചായിരുന്നു മരണം "
 
പണിക്കര്‍ക്ക് ഒരു പിടിവള്ളി കിട്ടി ..
 
"അതേ, അതേ, എനിക്കും തോന്നി. തൊഴുത്ത്  ഇപ്പോളും കിഴക്ക് ഭാഗത്തല്ലേ."
 
 ഈ പണിക്കര്‍ കഴിഞ്ഞ മാസം അടുത്ത വീട്ടില്‍ വന്നിരുന്നു. അങ്ങേര്‍ക്കു ഇതൊക്കെ അറിയാവുന്ന കാര്യം അല്ലേ ?
 
കണ്ണടച്ച് പ്രാര്‍ത്ഥിച്ചു കളത്തില്‍ ആള് നാലു കവടി നീക്കി ആള് പറഞ്ഞു
 
"പുതിയ തൊഴുത്ത് സ്ഥാനം തെറ്റിയാ നില്‍ക്കുന്നെ . അത് വഴി ഒരു യാത്ര ഉണ്ട് "
 
"അത് വഴി ആര് യാത്ര ചെയ്യാന്‍ ? അത് കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇല്ലല്ലോ ? ഇനി സന്തോഷ്‌ കുളങ്ങര എങ്ങാനും ?"
 
ഉവ്വോ? മേനോന്‍സ് ആശ്ചര്യ ചിഹ്നം (അലാസ് എന്ന് ഇന്ഗ്ലീഷില്‍ പറയണം )
 
"മറ്റാരും അല്ല ഗുളികന്റെ തേര്‍വാഴ്ച നടക്കുന്നുണ്ട്"
 
"ഗുളികന്‍ എന്ന് പേരുള്ള ഒരുത്തന് ഇതുവരെ വീടിന്റെ പറമ്പില്‍ കാലു കുത്തിയിട്ടില്ല. അടക്ക പറിക്കാന്‍ വരുന്ന മുരുകന്‍ എന്ന പേരുള്ള ഒരുത്തന്‍ ഉണ്ട് അവനെ ആണോ ഉദേശിച്ചത്‌????????"
 
പണിക്കര്‍ക്ക് ദേഷ്യം വന്നു.  മേനോന്‍സ് കണ്ണുരുട്ടി.
 
"ഗുളികനെ  ഒന്ന് ശ്രദ്ധിക്കണം. പിന്നെ നാഗങ്ങള്‍ അത്ര സുഖത്തില്‍ അല്ല . മച്ചില്‍ ഇരിക്കുന്ന ആളുകളും അത്ര സന്തോഷത്തില്‍ അല്ല ."
 
വീട്ടില്‍ ഒരു പാമ്പിന്‍കാവ്  ഉള്ള കാര്യം മൂപ്പര്‍ക്കറിയാം. ഇനി മേനോന്‍സ് ലോട്ടറി അടിച്ചു എന്ന് പറഞ്ഞാലും അങ്ങേര്‍ പറയും സര്‍പ്പകോപം എന്ന്.
അത് പോട്ടെ  മച്ചില്‍ ആരിരിക്കുന്നു അണ്‍ഹാപ്പി ആയി? കുറച്ചു എലികള്‍, കൂറകള്‍ ഇവര്‍ അല്ലാതെ വേറെ ആരും ഉള്ളതായി അറിവില്ല. ഇവരെ ഓടിക്കാന്‍ മേനോന്‍സ് പാടുപെടാറാണ്  പതിവ്.  അപ്പോളാണ്  ഇയാള്‍  സന്തോഷിപ്പിക്കാന്‍ പറയുന്നത്.
 
ചിന്തമഗ്നനായി മേനോന്‍സ് ചോദിച്ചു.
"പ്രതിവിധി? "
 
"കാടാമ്പുഴ പോട്ടൂര്‍ക്കാവ്,ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വഴിപാടു കുറിച്ച് തരാം.ഗുളികനെ  ഒന്ന് സൂക്ഷിക്കണം. ചരട് ജപിച്ചു വാങ്ങണം. മച്ചില്‍ പൂജ നടത്തണം "
 
ഈ ചരട് എവിടെ കിട്ടും? ഉണ്ണിക്കുട്ടന്‍‍ സംശയിച്ചു
 
"ഓ അതിനു ഇനി കുട്ടിയ്യപ്പനെ കാണണം" മേനോന്‍സ് പറഞ്ഞു
 
അപ്പോള്‍ ലൈന്‍ അതാണ്‌. കുട്ടിയ്യപ്പന്‍ നാട്ടിലെ പേരെടുത്ത ഒരു മന്ത്രവാദി ആണ്. മാത്രമല്ല മേനോന്‍റെ സതീര്‍ത്യനും കൂടി ആണ്. ടിയാന്റെ  വീട്ടില്‍ ചെന്നപ്പോള്‍ ആള്‍ അല്പം തരിപ്പില്‍ ആണ്
 
അങ്ങേര്‍ പറഞ്ഞു
 
"നാളെ വൈകിട്ട് പൂജക്കുള്ള ഒരുക്കങ്ങള്‍ ചെയ്യു. ഞാന്‍ അങ്ങട് വരാം.നാളെ രാവിലെ ഈ ചെക്കനോട്  വരാന്‍ പറയു. പൂജക്ക്‌ വേണ്ട സാധനങ്ങളുടെ കുറിപ്പടി അവന്‍റെ കൈയില്‍ കൊടുത്തു വിടാം."
 
ചെക്കന്‍ എന്ന വിളി ഉണ്ണിക്കുട്ടനു പണ്ടേ അല്ലെര്‍ജി ആണ്. എന്നാലും ഒന്നും മിണ്ടാതെ തിരിച്ചു പോന്നു.
 
പണിക്കര്‍ പറഞ്ഞതും കുട്ടിയ്യപ്പന്‍ പറഞ്ഞതും  എല്ലാം മേനോന്‍സ് രുക്കുവമ്മയോടു പറയുന്നത് കേള്‍ക്കാന്‍ ഉണ്ണിക്കുട്ടന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതൊക്കെ അടല്‍ത്സ് ഒണ്‍ലി ആണത്രേ.
"മോമ്മി ഈ ഗുളികന്‍ എന്നാല്‍ എന്താ? ഗുളികകള്‍ അധികം കഴിക്കുന്നവന്‍ ആണോ?"
 അപ്പോള്‍ രുക്കുവമ്മ ശാസ്ത്ര സാഹിത്യ പരിഷത്ത് ആയി .
"അതൊക്കെ വെറും അന്ധ വിശ്വാസങ്ങളാ. മോന്‍ അതൊന്നും കേട്ടു പേടിക്കേണ്ട."
 "ഓഹോ എന്നാല്‍ അത് കെട്ടിയോനെ പറഞ്ഞു മനസിലാക്കികൂടെ ? ഈ പൂജ ബഹിഷ്ക്കരിചൂടെ ?"
 രുക്കുവമ്മ മിണ്ടിയില്ല. വീണിടത്ത് കിടന്നു ഉരുണ്ടു.
 
അന്ന് രാത്രി ഒന്പതു മണിവരെ പുതിയ തൊഴുത്തില്‍ ഗുളികന്‍ വരുന്നതും നോക്കി ഇരുന്നു. ഒന്‍പതുമണി കഴിഞ്ഞാല്‍ ഉണ്ണിക്കുട്ടന്‍ കണക്കു പുസ്തകം തുറക്കും. ആദ്യത്തെ കണക്കു വായിച്ചു വഴി കണ്ടുപടിക്കാന്‍ തുടങ്ങുംബോളെക്കും  തല നേരെ നിലത്തു മുട്ടും. ഈ ആര്യഭടന്‍ ഒക്കെ എങ്ങനെ ആണാവോ കണക്കു പഠിച്ചത് ?
അത് കാണുമ്പോള്‍ മേനോന്‍ പറയും "പോടാ,  ഇരുന്നു തൂങ്ങാതെ പോയി കിടന്നുറങ്ങട." കണക്കു പുസ്തകം ഉള്ളിടത്തോളം കാലം ഭീഷ്മര്‍ക്ക്  സ്വച്ചന്ദ മൃത്യു എന്ന പോലെ ഉണ്ണിക്കുട്ടനു സ്വച്ചന്ദ ഉറക്കം സാധ്യമാണ്.അന്നും അത് തെറ്റിച്ചില്ല .
 
 
പിറ്റേന്ന് സ്കൂളില്‍ പോകുന്ന വഴി ഉണ്ണിക്കുട്ടന്‍ വെഹിക്കിള്കുട്ടിയ്യപ്പന്റെ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തി. അങ്ങേര്‍ ഒരു നീണ്ട ലീസ്റ്റ് കൊടുത്തു . ലിസ്റ്റിലെ പല സാധനങ്ങളും മനസിലായില്ലെങ്കിലും അവസാനം അതില്‍ രണ്ട് കുപ്പി കള്ള് എന്ന് കണ്ടു. മുഖം ഉയര്‍ത്തി കുട്ടിയ്യപ്പനോട് ഒരു ചോദ്യം.
 
"ഇതെന്തിനാ? ഇതു ഷാപ്പിലെ സാധനം അല്ലേ ?"
"അത് കാരണവന്മാര്‍ക്ക് നേദിക്കാനാ ".
"അതിനു രണ്ട്  കുപ്പിവേണോ? "ഉണ്ണിക്കുട്ടനു സംശയം തീരുന്നില്ല
"നിങ്ങള്‍ക്ക്  കുറെ കാരണവന്മാര്‍ ഇല്ലേ" എന്നായി അയ്യപ്പന്‍സ് 
"ഞങ്ങളുടെ കാരണവന്മാര്‍ മുഴുക്കുടിയന്മാര്‍ ആണ് എന്ന് തന്നോടാര പറഞ്ഞേ? "  
"പോടാ കഴുതേ തര്‍ക്കുത്തരം പറയാതെ " അയ്യപ്പന്‍സ് ആങ്ക്രി
 
"സാധാരണ അമ്പലത്തില്‍ പായസം നേദിച്ചാല്‍ കഴിക്കാന്‍ വേണ്ടി നമുക്ക് തരുമല്ലോ.ഇന്ന് രാത്രി പ്രസാദം ആയി കള്ള് തരും അല്ലേ " ഉണ്ണിക്കുട്ടന്‍ പറന്നു വെട്ടി  
 
ഈ ചോദ്യം കേട്ടതും അയ്യപ്പന്‍സ്  കുരു പൊട്ടി. "ഓടെടാ ഇതൊക്കെ കാരണവന്മാര്‍ വന്നു കുടിക്കും ഇനി ചോദ്യം ചോദിച്ചാല്‍ ഞാന്‍ നിന്‍റെ മൂക്ക് ചെത്തും ...."
 
ഉണ്ണിക്കുട്ടനു ദേഷ്യം വന്നു. വെറും ഒരു മന്ത്രവാദി ആയ ഇയാള്‍ നാളത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  ആവേണ്ട തന്നെ ഭീഷണിപ്പെടുതുകയോ. "തനിക്കു ഞാന്‍ വെച്ചിട്ടുണ്ടെട."
 
വൈകുന്നേരമായപ്പോള്‍ മേനോന്‍സ് എല്ലാ സാധനങ്ങളും റെഡി ആകി ഇന്ക്ലൂടിംഗ് കള്ള് . കുട്ടിയ്യപ്പന്റെ അപമാനത്തില്‍ ഇരിക്കുന്ന ഉണ്ണിക്കുട്ടന്റെ  മുന്നില്‍ കള്ള് കൊണ്ട് വെച്ചിട്ട് മേനോന്‍സ് പുറത്തു പോയി .
 
എന്റെ കാരണവരുടെ പേര് പറഞ്ഞു കുട്ടിയ്യപ്പന്‍  കള്ളുകുടിക്കും. അയാള്‍ക്ക്‌  എന്ത് പണി കൊടുക്കും? അപ്പോളാണ് പണ്ട്  കള്ളുകുടിയന്‍ രാജന് ആരോ പണി കൊടുത്ത കഥ തേങ്ങയിടാന്‍ വരുന്ന മുരുകന്‍ പറഞ്ഞതോര്‍ത്തതു . കള്ളില്‍ സിഗരറ്റ് ചാരം ചേര്‍ത്ത്  കൊടുത്തിട്ട് രാജന്‍ പിന്നെ മൂന്നു ദിവസം കഴിഞ്ഞാണ്   തലപൊക്കിയത്. 
 
ഗള്‍ഫുകാരന്‍ ശ്രീധരേട്ടന്‍ കൊണ്ടുവന്ന റോത്ത്മാന്‍സ്  സിഗരറ്റില്‍ ഒന്നെടുത്തു കത്തിച്ചു ചാരം  ഒരു കള്ള്കുപ്പിയില്‍ ആരും കാണാതെ മിക്സ് ചെയ്തു. അപ്പോളേക്കും മേനോന്‍ തിരിച്ചു വന്നു.  അതോണ്ട് രണ്ടാമത്തെ  കുപ്പിയില്‍ ഒപറെഷന്‍ നടത്താന്‍ പറ്റിയില്ല.
 
വൈകിട്ട് കുട്ടിയ്യപ്പന്‍ കുളിച്ചു കുറിയിട്ട് വന്നു നാലു തകിടെടുത്തു ജപിച്ചു. തൊഴുത്തിന്റെ ഓരോ മൂലയിലും  സൈഡിലും സ്ഥാപിച്ചു. മേനോന്‍സാര്‍ വിളക്ക് തെളിയിച്ചു മുന്‍പേ നടന്നു. പ്രാര്‍ത്ഥനയോടെ ശാസ്ത്ര സാഹിത്യ പരിഷദ് രുക്കുസ് .....
 
കുട്ടിയ്യപ്പന്‍ മച്ചില്‍ കയറി പൂജ തുടങ്ങി.  പിന്നെ അയ്യപ്പന്‍സ് മച്ചിന്റെ   വാതില്‍ അടച്ചു. പൂജയുടെ മണിയടി ഗംഭീരം. അത് കേട്ടു മേനോന്‍സ് കാശു മുതലായി എന്ന ഭാവത്തില്‍ നിന്നു. അല്പം കഴിഞ്ഞപ്പോള്‍ കുട്ടിയ്യപ്പന്‍ വന്നു വിളിച്ചു .
 
" വീട്ടിലെ കാരണവര്‍ അകത്തു വരിക ."
 
 മടിച്ചു നില്‍ക്കാതെ മേനോന്‍സ് അകത്തു കടന്നു, പിന്നെയും മണിയടി കേട്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മണിയടി നിന്നു. മേനോന്സും കുട്ടിയ്യപ്പനും ഉറക്കെ സംസാരിക്കുന്നതു കേട്ടു.
 
"ഒരു പാട് കാരണവന്മാര്‍ വന്നു കാണും. രണ്ടുപേരും അവരോടു ലോഹ്യം പറയുകയാവും. " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.  കുട്ടിയ്യപ്പന്‍ കള്ളടിച്ചാല്‍ സിഗരട്റ്റ് സൂത്രം ഏല്‍ക്കും. മേനോന്‍സ് കള്ളടിക്കുന്ന പതിവില്ല.
 
അല്പം കഴിഞ്ഞപ്പോള്‍ കുട്ടിയ്യപ്പന്‍ പുറത്തു വന്നു. ആള്‍ തുള്ളി കൊണ്ട് കുറച്ചു അരിമണി എറിഞ്ഞു എല്ലാവരെയും അനുഗ്രഹിച്ചു.
 
"എല്ലാം ഷരിയാവും . തമ്ബ്രാനെ,  ഇങ്ങള് വരൂ .ഇങ്ങളെ ദൈവം കാക്കും " .കുട്ടിയ്യപ്പന്റെ  ലാംഗ്വേജ് മാറി  വരുന്നുണ്ടായിരുന്നു
 
അപ്പോളാണ് ഉണ്ണിക്കുട്ടന്‍ അത് കണ്ടത്. മച്ചിനകത്ത് നിന്നും  മേനോന്‍ ദൈവം അവതരിച്ചു.
 
"കുട്ടിയ്യപ്പന്‍ മിഴുക്കനാണ്. അവന്‍ ഗുഴികനെ  ഓഴിച്ചു. "
 
നാവു കൊഞ്ഞിക്കൊണ്ട് മേനോന്‍സ് സര്‍ട്ടിഫൈ  ചെയ്തു.
 
"ഷരി തമ്ബ്രനെ.അടിയനു തന്ഷോഷം ആയി."
 
വീട്ടില്‍ എല്ലായിടത്തും തീര്‍ത്ഥം തളിച്ച് അങ്ങേര്‍ യാത്ര പറയാന്‍ ഒരുങ്ങി. എന്നിട്ട്  ചോദിച്ചു
 
"എടാ നിന്‍റെ കൈയില്‍ ടോഴ്ച് ഇല്ലേ.എന്നെ പടിവരെ ഒന്ന് കൊണ്ടാക്കെട.വല്ല ഗുളികണോ ചാത്തനോ വന്നാലോ ?"
 
കുട്ടിയ്യപ്പനെ ഒരു 100  മീടര്‍ അകലെ ഉള്ള റോഡില്‍ കൊണ്ട് ചെന്നാക്കിയിട്ടു വീട്ടില്‍  ചെല്ലുമ്പോള്‍ വീട്ടില്‍ മേനോന്‍സ് തച്ചോളി ഒതെനനെക്കള്‍ വലിയ വാളുമായി നില്‍ക്കുന്നു.പുറം തടവി കൊണ്ട് രുക്കുസ്. എന്റമ്മേ ചക്കിനു വെച്ചത് !!!!
 
അന്ന് രാത്രി മേനോന്‍സ് ഒരു മൂന്നു നാലു വാള് കൂടി വെച്ചു. പിറ്റേന്ന് രാവിലെയും  വാള്‍ പരിപാടി കണ്ടിന്യു ചെയ്തപ്പോള്‍  രുക്കുവമ്മ മേനോനെയും കൊണ്ട് കൃഷ്ണന്‍ഡോക്ടറുടെ അടുത്ത് എത്തി. 
"ഇന്നലെ എന്താ കഴിച്ചത്? "
"ഇച്ചിരി കള്ള് കുടിച്ചു. "
"എന്നും കുടിക്കാറുണ്ടോ ?"
"ഇല്ല. അപൂവങ്ങളില്‍ അപൂര്‍വമായി. ഇന്നലെ പൂജ ഉണ്ടായിരുന്നു "
"എന്നാല്‍ ഇനി അത് വേണ്ട . നിങ്ങളുടെ ശരീരത്തിന് ലഹരി പറ്റില്ല . അതാണ് വാള്‍ വെക്കാന്‍ കാരണം. ഇനി മദ്യം തൊടരുത്"
 
സമ്മതിച്ചു. സാറ് പറഞ്ഞാല്‍ ഓക്കേ!!!
 
പോട്ടൂര്‍ക്കാവ് അയ്യപ്പനും കൃഷ്ണന്‍ ഡോക്ടറും പറഞ്ഞാല്‍ പിന്നെ മേനോന്സിനു അപ്പീല്‍ ഇല്ല....
 
അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും മേനോന്‍സ് കള്ള് തൊടാതെ ഡീസന്സി പാലിച്ചപ്പോള്‍ രുക്കുവമ്മ വീടിനു മുന്നില്‍   ഒരു ബോര്‍ഡ് വെച്ചു
 
"സാക്ഷാല്‍ ഗുളികന്‍ ഈ വീടിന്റെ ഐശ്വര്യം "  
 
 
 
 
എപ്പിലോഗ് : ഉണ്ണിക്കുട്ടന്റെ പഴയ വികൃതികള്‍ ഇവിടെ വായിക്കാം