Monday, June 25, 2012

തല്‍സമയക്കാഴ്ചകള്‍

ഇന്നത്തെ പകല്‍ കഴിച്ചുകൂട്ടാന്‍ തക്കവിധത്തില്‍ ചൂടുള്ള ശവങ്ങള്‍ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടോ എന്ന് ഡെസ്കില്‍ ഓടിനടന്നു ചോദിച്ചിട്ടും തൃപ്തികരമായ മറുപടി കിട്ടാത്തതിന്റെ നിരാശ ദിവാകരന്റെ മുഖത്ത് തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. പത്ത് പന്ത്രണ്ടു ദിവസമായി സ്ക്രോളിലും രാത്രി കാല  ചര്‍ച്ചകളിലും ഓടിക്കൊണ്ടിരിക്കുന്ന രാജപുരി പെണ്‍വാണിഭ കേസിന് തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു..പത്ത് നാല്പതു ക്യാമറകളും അത്ര തന്നെ റിപ്പോര്‍ട്ടര്‍മാരും തലങ്ങും വിലങ്ങും ഓടി  നടന്നിട്ടും ഒരു വി ഐപിയുറെയോ സിനിമാ താരത്തിന്റെയോ എന്തിനു പേരും പ്രശസ്തിയുമുള്ള ഒരു ദാരിദ്ര്യവാസിയുടെയും   പേര് ആ കഴുവേറി മോള്‍  പറഞ്ഞില്ല എന്ന് ഇന്നലെ രാത്രിയിലത്തെ ചര്‍ച്ചക്ക് ശേഷം ആദിത്യന്‍ സങ്കടത്തോടെ പറഞ്ഞത് . പീഡിപ്പിച്ചത് അച്ഛനും നാട്ടിലെ കുറെ തുക്കട ഓട്ടോ ബസ് ചേട്ടന്മാരും ചേര്‍ന്നാണെന്ന് ഏകദേശം തീരുമാനമായതോടെ ഒബി വാന്‍ അവളുടെ നാട്ടില്‍ നിന്നും തലസ്ഥാനത്തെ സമരങ്ങള്‍ കവര്‍ ചെയ്യാന്‍ വിടണം  ഇന്നലെ ആദിത്യന് ‍വാദിച്ചതും അതുകൊണ്ടാണ് . 
ഇനി എന്തെങ്കിലും പുതിയതൊന്നു തടയുന്നത് വരെ നഴ്സുമാരുടെ സമരവും സ്വാശ്രയ കോളേജ് പ്രശ്നവും എല്ലാം കേന്ദ്രീകരിച്ചു ചൂടുള്ള എന്തെങ്കിലും തപ്പിയെടുക്കാന്‍ ബ്യുറോകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ട് ദിവാകരന്‍ ചാനലുകള്‍ മാറ്റി മാറ്റി ഇരുന്നു. ഇടയ്ക്കു സിറ്റി ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി തീരുമാനമാവാതെ കിടക്കുന്ന സാഹിത്യകാരന്റെ സെക്രട്ടറിയെ വിളിച്ചു നോക്കി. നല്ല പുരോഗതി ഉണ്ട് എന്ന് അയാള്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞപ്പോള്‍ ദിവാകരന്‍ അസ്വസ്ഥനായി .' ചാവാന്‍ കിടക്കുന്നു, ഇന്ന് തീരും' എന്നൊക്കെ ഈ സെക്രട്ടറി പറഞ്ഞത്  കേട്ടു തൃശൂര്‍  റിപ്പോര്‍ട്ടര്‍ ആതിര നാലു ദിവസം അവിടെ കാത്തു കിടന്നതും ഒടുവില്‍ ഭാര്യയെ കാണാനെങ്കിലും വിട്ടുതരണം എന്ന് അവളുടെ ദുബായിക്കാരന്‍ കെട്ടിയോന്‍ ചൂടായി പറഞ്ഞതും എല്ലാം ഈ ഒരു സാഹിത്യ സിംഹം കാരണമാണല്ലോ എന്ന ചിന്ത ദിവാകരനെ വീണ്ടും ചൂട് പിടിപ്പിച്ചു. പ്രത്യേകിച്ച് ഒരു വാര്‍ത്തയും ഇല്ലാത്ത ഈ ഡ്രൈ ഡെയില്‍   ഇയാള്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ .. പ്രൊഫൈലും ജീവചരിത്രവും കൃതികളുടെ പഠനവും എന്തിനു അനുശോചനത്തിന്‍റെ  ബൈറ്റുവരെ  വരെ ആതിര തയ്യരാക്കിയാണ് ആതിര അവിടെ കാത്തിരുന്നത്. അവള്‍ തയ്യാറാക്കിയ ആ പാക്കെജുകള്‍ക്കൊപ്പം   ചര്‍ച്ചകള്‍ക്ക് എത്തുന്ന പ്രതികരണ തൊഴിലാളികള്‍ കൂടി ആവുമ്പോള്‍ ഇന്നത്തെ രാത്രി വെളുപ്പിക്കാന്‍ ഈ കിഴവന്‍ മതി എന്ന് മോഹിച്ചു പോകുമ്പോളും ആരോഗ്യ നിലയില്‍ പുരോഗതി എന്ന ഫ്ലാഷ് കൊടുക്കാന്‍ ബിനിതയോട് പറയേണ്ടി വരുന്ന വിഷമത്തില്‍ ദിവാകരന്‍ വീണ്ടും ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു.
ഉച്ചക്ക് മൂന്നര വരെ വാര്‍ത്തകള്‍ ഒന്നും കാണഞ്ഞപ്പോള്‍ അഞ്ചു മണിക്ക് വീട്ടില്‍ പോയി അമ്മുവിനേയും പ്രമീളയെയും കൂട്ടി ആറു ആറരക്കു ഒരു നഗര പ്രദിക്ഷണവും ചെറിയ  ഷോപ്പിങ്ങിനുമുള്ള പ്ലാന്‍ മനസ്സില്‍ രൂപപ്പെട്ടു വരികയായിരുന്നു.പ്രമീള ഓഫിസില്‍ നിന്നും വരുന്ന വഴിയിലാണ് അമ്മുവിന്‍റെ സ്കൂള്‍ എന്നതുകൊണ്ട്‌ തന്നെ അമ്മുവിനേയും കൂട്ടി നേരെ സിറ്റിയിലേക്ക് പ്രമീള വരുന്നതായിരുക്കും സൗകര്യം .പ്രമീളയെ ഫോണില്‍ വിളിച്ചു കാര്യം  പറഞ്ഞപ്പോള്‍ അവള്‍ വലിയ ത്രില്ലില്‍ ഡബിള്‍ ‍ ഓക്കേ പറയുകായിരുന്നു കുറെ ദിവസം രാജപുരി പീഡനത്ത്തിനു പിറകെ ആയതുകൊണ്ട് ഇവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ലല്ലോ ....
മൂന്നുമണിയുടെ ഷിഫ്റ്റിലെ  പിള്ളേര്‍ പണി  തുടങ്ങിയ ബഹളം ഡെസ്കില്‍ കേള്‍ക്കാം  അഞ്ചു മണിക്ക് ഷിഫ്റ്റ്‌ തീരുന്നവര്‍ ഇറങ്ങാനുള്ള  തിടുക്കത്തിലുമാണ്  ..അഞ്ചര കഴിഞ്ഞാല്‍ ആദിത്യന്‍ വരും. രാത്രിയിലെ ചര്‍ച്ചക്ക് വേണ്ട പ്രിപറേഷന്‍ ഒകെ ആയി ആദിത്യന്‍ ഇവിടെ ഉണ്ടാവും. അവന്‍ വരുന്നത് വരെ ഡെസ്കിലെ എല്ലാ തലവേദനയും താന്‍ നോക്കണം ...
മൊബൈലിലെ സ്ക്രീന്‍ സേവര്‍ ക്ലോക്ക് നാലരയില്‍ എത്തിയപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ വേണ്ടി കിച്ചനിലേക്ക് നടക്കാന്‍ ഇറങ്ങിയതാണ് .അപ്പോഴാണ്‌  മറ്റൊരു ചാനലില്‍ സ്കൂള്‍ ബസ്സ്‌ പുഴയിലേക്ക് മറഞ്ഞു എന്ന ബ്രേക്ക് പോകുന്നുവെന്ന് ടിക്കെര്‍ മഷീനില്‍ ‍ ഇരിക്കുന്ന ബിനിത വിളിച്ചു പറഞ്ഞത്. സ്ഥലവും ഡീടെയിസും  തിരക്കാന്‍ കൊച്ചി  റിപ്പോര്‍ട്ടര്‍ സുനിലിനെ   വിളിച്ചു പറയുമ്പോള്‍ തന്നെ ഒരു വലിയ ചാകരയുടെ മണം ദിവാകരന് കിട്ടി.  
. ഇന്നത്തെ ഷോപ്പിംഗ്‌ പരിപാടി മിക്കവാറും ക്യാന്‍സല്‍ ചെയ്യേണ്ടി വരും എന്ന് സുനില്‍ ആദ്യ അപ്ടേറ്റ്‌മായി എത്തിയപ്പോഴേ തോന്നി  . സ്കൂള്‍ കുട്ടികളെയും കുത്തിനിറച്ച  ഒരു മിനി ബസ്സ്‌ അപ്പാടെ കായലില്‍ വീണിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവാവുന്നത്തെ ഉള്ളൂ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പട്ടാള ക്യാപ്റ്റനെ പോലെ ആണ് താന്‍  എന്ന് ആദിത്യന് ഇടയ്ക്കു ‍ പറയാറുള്ളത് മനസ്സില്‍ അല്പം അഹന്തയോടെ തന്നെ ദിവാകരന്‍ ഓര്‍ത്തു. ലൈബ്രറിയിലെ സന്ദീപിനെ വിളിച്ചു കഴിഞ്ഞ ഒരു വര്‍ഷത്തെ സ്കൂള്‍ വാഹന അപകടങ്ങളുടെ കണക്കും വിഷ്വലും   പൊടി തട്ടി എടുക്കാന്‍ പറഞ്ഞു. തലസ്ഥാനത്തെക്ക് നീങ്ങുന്ന ഓ ബി വാനിനുസംഭവ സ്ഥലത്തേക്ക് അടിയന്തിരമായി എത്താനുള്ള നിര്‍ദ്ദേശം നല്‍കിയതിനു ശേഷം വിദ്യാഭ്യാസ മന്ത്രിയെ ഫോണില്‍ വിളിച്ചു ബൈറ്റ് എടുത്തു. റോഡ്‌ സെഫ്ടിയെ പറ്റി പണ്ട് ഏതോ ഒരു നമ്പ്യാര്‍ തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല എന്ന് പറഞ്ഞു ഒരു പാക്കേജ് ചെയ്യിക്കാന്‍ ഡിസ്കിലെ ഒരുത്തിയെ ഏല്പിച്ചു. അപ്പോഴാണ്‌ അപകടത്തില്‍പെട്ടത് അമ്മുവിന്‍റെ  സ്ക്കൂളിലെ ബസ്സ്‌ ആണ് എന്ന് പുതിയ വിവരങ്ങളുമായി എത്തിയ സുനിലില്‍ നിന്നും ഒരു ഞെട്ടലോടെ അറിഞ്ഞത്. മുപ്പത്തി അഞ്ചോളം കുട്ടികള്‍ ഉണ്ടായിരുന്ന ബസ്സില്‍ നിന്നും പതിനാലു പേരെ രക്ഷ പെടുത്തിയിരിക്കുന്നു,. ബാക്കിയുള്ളവര്‍ക്ക് വേണ്ടി നാട്ടുകാര്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു. പുഴയില്‍ നല്ല ഒഴുക്കുണ്ട് തുടങ്ങിയയവയായിരുന്നു  സുനിലിന്റെ പുതിയ അപ്ഡറ്റ്. പെട്ടെന്ന് എന്തോ ഒരു വല്ലായ്മ തോന്നി പ്രമീളയെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കു അമ്മുവിനെ പിക് ചെയ്യാന്‍ പറ്റിയില്ല പകരം കൂട്ടുകാരി നിരോഷയുടെ  അമ്മയുടെ കാറില്‍ പോന്നോളാന്‍ പറഞ്ഞിട്ടുണ്ട് എന്ന്.
അത് കേട്ടതോടെ മനസിലെ വിഷമം മാറി മാത്രമല്ല ഈ അപകടം തുറന്നു തന്ന പുതിയൊരു സാധ്യത ദിവാകരന്‍ അളന്നെടുത്തു.  നഗരത്തിലെ  ചെറുപ്പകാരായ മാധ്യമ പ്രവര്‍ത്തകര്ക്കൊന്നും ഈ സ്കൂളുമായി  വലിയ ബന്ധമൊന്നുമുണ്ടാവാന്‍ വഴിയില്ല  . താന്‍ ആണെങ്കില്‍ അവിടുത്തെ പി ടി ഐ യുടെ കമ്മറ്റി മെമ്പറും. മരിച്ച ഏതെങ്കിലും കുട്ടിയുടെ പേര്‍ കിട്ടാന്‍ സുനിലിനെ തുടരെ വിളിച്ചു കൊണ്ടിരിന്നു. അവസാനം ഒരു ജീന മാത്യു എന്ന ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയുടെ പേരാണ് സുനില്‍ തന്നത്. പി ടി എ യിലെ പരിചയം വെച്ചു അവളുടെ ഫാദര്‍ മാത്യു ഔസേപ്പിന്റെ  ഫോണ്‍ തപ്പിയെടുത്ത് നേരിട്ട് വിളിച്ചപ്പോള്‍ വിങ്ങലോ കരച്ചിലോ എന്നറിയാത്ത ഭീകരമായ ഒരു ശബ്ദമാണ് കിട്ടിയത് .കിട്ടിയത് റിക്കോഡു   ചെയ്തു ചാനലില്‍ കേള്‍പ്പിച്ചപ്പോള്‍ ഇതിനിടയില്‍ എപ്പോളോ ന്യുസ് റൂമില്‍ ക്യാമറക്ക്‌ മുന്നില്‍ എത്തിയ ആദിത്യന്‍ ഇങ്ങനെ പറഞ്ഞു." മാത്യു ഔസേപ് ഈ വിവരം അറിയുന്നത് ഞങ്ങളുടെ ചാനലില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ ..."
ഇതൊരു നല്ല അവസരമായി മാറുകയാണല്ലോ എന്ന് വീണ്ടും  മനസ്സില്‍ പറഞ്ഞു ദിവാകരന്‍ ഓ ബി വാനില്‍ നിന്നും വരുന്ന ദൃശ്യങ്ങള്‍ നോക്കിയിരുന്നു. കഴിഞ്ഞ കലോത്സവത്തില്‍ കലാതിലകമായ ദീപ്തി എന്ന ഒന്‍പതാം ക്ലാസുകാരിയുടെ ജഡം പൊക്കിയെടുത്ത് വരുന്ന ദൃശ്യം കണ്ടു ടിക്കര്‍ മെഷീനില്‍   ഇരിക്കുന്ന ബിനിതയുടെ  ‍ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു വന്നു. ഇതേ ഭാവം തന്നെയാവണം ഇപ്പോള്‍ ചാനെല്‍ കാണുന്ന മുഴുവന്‍ പ്രേക്ഷകര്‍ക്കും എങ്കില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു.  മരിച്ചവരില്‍ കലാതിലകവും എന്ന ബ്രേക്ക് അടിക്കാന്‍ വേണ്ടി ഒരു തുണ്ട് പേപ്പറില്‍ കുറിച്ച്  ബിനിതക്ക് ഇട്ടു കൊടുത്തതിനു ശേഷം   ദീപ്തിയുടെ  വീട്ടിലേക്കു  അടുത്ത ജില്ലയിലെ ക്യാമാരമാനെ അയക്കാന്‍ വിളിച്ചു പറയുകയും ചെയ്തു.

ഒരു പരസ്യത്തിന്റെ  ഇടവേളയില്‍ ആദിത്യന്‍ അടുത്ത് വിളിച്ചിട്ട് മറ്റൊരു ഐഡിയ കൂടി പറഞ്ഞു തന്നു. ദീപ്തി മത്സരിച്ച കലോത്സവത്തിന്റെ വീഡിയോ എടുത്തിരിക്കാന്‍ സാധ്യത ഉള്ള സ്കൂളിനു പരിസരത്തുള്ള  വീഡിയോ ഷോപ്പുകളെ  കണ്ടുപിടിച്ചു  ആ വിഡിയോ വിഷ്വല്‍ എടുത്തു  ഒരു ദുഃഖ ഗാനത്തിന്റെ മൂഡില്‍ മിക്സ് ചെയ്തു ഇടയ്ക്കിടെ കാണിക്കുകയും ചെയ്‌താല്‍ കലാതിലകം എന്ന ഹൈലൈറ്റ് ഒന്നുകൂടി പൊലിപ്പിക്കാന്‍ പറ്റും എന്ന ആദിത്യ സൂക്തം മാര്‍ക്കെട്ടിങ്ങില്‍ ഇവന്‍ എപ്പോഴും തന്നെ കടത്തി വെട്ടാറുണ്ട് എന്ന പതിവ് അസൂയ ദിവാകരനില്‍ ജനിപ്പിച്ചു
രക്ഷ പ്രവര്‍ത്തനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എന്ന് ചാനലിന്റെ പേര്‍ വാട്ടര്‍മാര്‍ക്കിട്ടു ‍ ഓ ബി വാന്‍ ക്ലിപ്പ് പോകുമ്പോള്‍ ആദിത്യന്‍ ഇടയ്ക്കിടെ ആദ്യ ദൃശ്യങ്ങള്‍ മലയാളികളില്‍ എത്തിക്കുന്നത് തങ്ങളുടെ ചാനല്‍ എന്ന്  അവകാശപ്പെടുന്നുണ്ടായിരുന്നു.

ആര്‍ ടി ഓ, പോലീസ് , സ്കൂള്‍ പ്രിന്‍സിപ്പല്‍, പുഴക്കരികിലെ ചായക്കടക്കാരന്‍, ബസ്സ്‌ മറിഞ്ഞത് ആദ്യം കണ്ട് നാട്ടുകാര്‍ എന്നിവര്‍ സകലരും നല്ല അച്ചടക്കത്തോടെ ചാനല ക്യാമറക്ക്‌ മുന്നില്‍ പ്രതികരിച്ചപ്പോള്‍ ഈ നാട്ടിലെ ഓരോരുത്തരെയും മാധ്യമ ഭാഷയില്‍ സംസാരിക്കാന്‍ പഠിപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്  ദിവാകരന്‍ മനസ്സില്‍ ഓര്‍ത്തു. സ്ക്രീനില്‍ പരസ്യങ്ങള്‍ കാണിക്കുമ്പോള്‍ പുതിയ വിവരങ്ങളുമായി പിന്നെയും ലൈനില്‍ വന്ന സുനിലിനോട് സ്കോര്‍ എത്രയായി എന്ന് ആദിത്യന്‍ ചോദിച്ചതും ക്യാമറമാന്മാരും  ഡെസ്കിലെ ആണ്പിള്ളേരും എല്ലാം പൊട്ടിച്ചിരിയോടെ ആണ് സ്വീകരിച്ചത്. കുറെ ഏറെ ശവങ്ങള്‍  ഒന്നിച്ചു കണ്ട  പൊടിപ്പയ്യന്റെ ഞെട്ടല്‍  കൊണ്ടാവും സുനില്‍ ആറു ബോഡി കണ്ടെടുത്തു   ഇനിയും പത്തു പേരോളം മിസ്സിംഗ്‌ ആണ് എന്ന് പറഞ്ഞു ഫോണ്‍ മുഖത്തടിക്കുന്നത് പോലെ കട്ട് ചെയ്തത്.
ഇനി രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂള്‍ ബസ്സുകളില്‍ പിള്ളേരെ കുത്തി നിറച്ചു അമിത വേഗത്തില്‍ ഓടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ എല്ലാ ബ്യുറോകളിലും വിളിച്ചു പറഞ്ഞു . കുറച്ചു ദിവസം ഇത്തരം സുരക്ഷ പാളിച്ചകള്‍ ജനം ശ്രദ്ധിക്കും. ഇല അറിഞ്ഞു വിളമ്പണം എന്ന് തന്നെയും ആദിത്യനേയും പഠിപിച്ച പ്രസ് ക്ലബിലെ തോമസ്‌ മാഷുടെ മുഖമാണ് ഇത്തരം അവസരങ്ങളില്‍ ഓര്‍മ വരാറ് ‌. ഇനി ദുരന്തങ്ങള്‍ പാടില്ല എന്ന സന്ദേശം  രണ്ട് മൂന്നു ദിവസം ഓടിക്കണം. അപ്പോഴേക്കും ചിലപ്പോള്‍ സാഹിത്യകാരന്‍ ചാവും അല്ലെങ്കില്‍ വേറെ എന്തെങ്കിലും തടയും.
ഇത്തരം ചിന്തകളില്‍ ഇരിക്കുമ്പോള്‍ ആണ് ഓ ബി വാനില്‍ നിന്നുള്ള വിഷ്വലുകളില്‍ ആളുകള്‍ വീണ്ടും കൂട്ടമായി നിലവിളിക്കുന്നത് കണ്ടത്. ദൂരെ തിരച്ചില്‍ നടത്തുന്ന ആള്‍കൂട്ടം ഏതോ ഒരു ബോഡി പൊക്കികൊണ്ട് വരുന്നതായി  വിഷ്വലില്‍ നിന്നും മനസിലാക്കാം . ക്യാമറ ചെയ്യുന്ന പ്രസാദ് ചിലപ്പോള്‍ ഒക്കെ തനി മണ്ടനെ പോലെ പെരുമാറും . ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം  അല്ല ഇവിടെ പ്രധാനം . കൊണ്ട് വരുന്ന ബോഡിയുടെ മുഖം , കരളലിയിക്കുന്ന ഭാവം എന്നിവ ക്ലോസ് അപ്പ്‌ എടുത്തതിനു ശേഷം ആള്‍ക്കൂട്ടത്തിലേക്കു ക്യാമറ പിടിച്ചാല്‍ മതി. പകരം ഇവന്‍ ആദ്യമേ ആള്‍ക്കൂട്ടത്തിലെക്കാണ്   കുന്ത്രാണ്ടം തിരിച്ചു വച്ചിറിക്കുന്നത് എന്ന് ദേഷ്യത്തോടെ വിഷ്വലില്‍ ‍ നോക്കികൊണ്ട്‌ ദിവാകരന്‍ പിറു പിറുത്തു  ...
പ്രസാദിന്റെ ക്യാമറ ക്ലോസ് അപ്പില്‍  ‍ എത്തിയപ്പോള്‍ ആണ്  ആ കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാന്‍ പറ്റിയത് . ചാനലിലെ ഈ ക്യാബിനില്‍ ഇരിക്കുന്ന തന്‍റെ കവിളില്‍ ഒരു പാട് ഉമ്മകള്‍ തന്നിട്ടുള്ള ആ ചുണ്ടുകളും കഴിഞ്ഞ മാസം താന്‍ വാങ്ങിക്കൊടുത്ത പച്ചക്കല്ല് പതിച്ച കമ്മലും ചുരുണ്ട മുടിയും തന്റെ  തൊണ്ടക്കുള്ളില്‍ നിന്നും ഇതു വരെ ഉയരാത്ത  വിധത്തിലുള്ള  ഒരു അപശബ്ദം ഉണ്ടാക്കുന്നത് എന്തിനാണ് എന്ന് ‌ ദിവാകരന്‍ മനസിലാവുന്നുണ്ടായിരുന്നില്ല . പക്ഷെ കാലുകള്‍ തളര്‍ന്നു നിലത്തേക്കു വീണ ആ  നിമിഷം തന്നെ തന്റെ  ആദ്യ പ്രതികരണം ഒപ്പിയെടുക്കാന്‍ തനിക്കു നേരെ നീങ്ങുന്ന ക്യാമറകളുടെയും   മൈക്കുകലുടെയും സാന്നിധ്യം ദിവാകരന്‍ അറിഞ്ഞു.  മറ്റാര്‍ക്കും കിട്ടാത്ത ആദ്യ ദൃശ്യങ്ങള്‍  എന്ന് ന്യുസ് റൂമിനകത്തു നിന്നും ആദിത്യന്റെ ശബ്ദം മുഴങ്ങുന്നതും ദിവാകരന്‍ അറിഞ്ഞു ..പതിയെ ഒരു വിളറിയ ചിരി  തത്സമയം വീക്ഷിക്കുന്ന  ജനതയ്ക്ക് വേണ്ടി ചുണ്ടില്‍  ഒപ്പിച്ചെടുക്കാന്‍ വേണ്ടി  ദിവാകരന്‍ അപ്പോള്‍ ശ്രമിക്കുകയായിരുന്നു .

ഫോട്ടോ കടപ്പാട് :ശ്രീജിത്ത്‌  കറ്റാനം  എന്നാ ബഹറിന്‍ സുഹൃത്ത്