അന്നത്തെ ദിവസം ഈ സംസ്ഥാന ചരിത്രത്തില്‍
എഴുതപ്പെടാന്‍ പോകുന്നത് പുതിയ അദ്ധ്യായമാണ് എന്ന് പ്രധാനമന്ത്രി പ്രസംഗിച്ചതായി
സ്തുതിരമ ചാനെല്‍ ഉറക്കെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അപ്പുക്കുട്ടന് വിമ്മിട്ടം
മാറിയിരുന്നില്ല. പ്രധാന മന്ത്രി കടന്നു പോകുന്ന വഴി അത്രയും അലങ്കരിക്കാനുള്ള
കൊട്ടേഷന്‍ വാങ്ങിയ തോമാച്ചന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്ത്തിലെ ചെക്കന്മാര്‍ മിനിഞ്ഞാന്നും
ചായ കുടിച്ചു ചിറി തുടച്ചു പുറത്തിറങ്ങിയത് തന്റെ തട്ടുകടയില്‍ നിന്നായിരുന്നു.
പക്ഷെ ഇന്നലെ വൈകീട്ടാണ് തോമാച്ചന്റെ അതേ പണിക്കാര്‍ തന്നെ തന്റെ തട്ടുകട നീക്കം
ചെയ്തതും. പ്രധാനമന്ത്രി പോകുന്ന വഴിയില്‍ അസുന്ദരമായ വസ്ത്‌ാക്കള്‍ ഒന്നും തന്നെ
ഉണ്ടാവരുത് എന്ന ഭരണ കൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നത്രേ അത്.
കടയില്‍ ചായകുടിച്ചു കൊണ്ടിരുന്നവരെ മുഴുവന്‍
ഒഴിപ്പിച്ചാണ് തട്ടുകട അവര്‍ നീക്കം ചെയ്തത്. തിരഞ്ഞെടുപ്പില്‍ പോലും ജനങ്ങളെ
നേരിടാത്ത പ്രധാനമന്ത്രിക്ക് തന്റെ പ്രജകളുടെ യഥാര്‍ത്ഥ അവസ്ഥ കാണാനുള്ള അവസരം
നിഷേധിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന
സഖാവ് മൊയ്തീന്‍ അവരോടു പറഞ്ഞത് അപ്പോളും അപ്പുക്കുട്ടനു മനസിലായില്ല.
രണ്ടു ദിവസം കൊണ്ട് പ്രധാനമന്ത്രി തിരിച്ചു
പോകുമെന്നും അതിനു ശേഷം തന്റെ തട്ടുകട പതിവുപോലെ വീണ്ടും പ്രവര്‍ത്തിക്കുമെന്നും
ഇടപാടുകാരെ പറഞ്ഞു മനസിലാക്കിയാണ് അപ്പുക്കുട്ടന്‍ ഇന്നലെ വീട്ടിലെത്തിയത്.
താന്‍ വോട്ടു ചെയ്തു വിജയിപ്പിച്ച സര്‍ക്കാരിന്റെ
പ്രധാനമന്ത്രിയുടെ വരവ് പിന്നെയും തനിക്ക് പാരയായത് മനസിലാക്കാന്‍ ഇന്ന് രാവിലെ
വരെ കാത്തിരിക്കേണ്ടി വന്നു അപ്പുക്കുട്ടന്. ദാക്ഷായണി രാവിലെ ഇട്ടു തന്ന ചുടു
ചായയും കുടിച്ചു പതിവുപോലെ ഒരു ബക്കറ്റ് വെള്ളവുമായി റോഡിനും വല്ലോടി പാടത്തിനും ഇടക്കുള്ള ഒഴിഞ്ഞ പ്രദേശത്തെ മരച്ചുവട്ടില്‍ വെളിക്കിരികാന്‍
ശ്രമിക്കുമ്പോളാണ് കോണ്‍സ്റ്റബിള്‍ യോഹന്നാനും മറ്റൊരു പി സിയും ചേര്‍ന്ന്
അപ്പുക്കുട്ടനെ ഓടിച്ചത്. അതിരാവിലെ തണുത്ത കാറ്റ് കൊണ്ട് വെളിക്കിരിക്കുന്ന തന്റെ മുപ്പതു
വര്‍ഷത്തെ ശീലത്തെ രണ്ടു ദിവസം പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റി വെക്കണം എന്ന് യോഹന്നാന്‍
ആവശ്യപ്പെട്ടപ്പോള്‍ അതിനും അപ്പുക്കുട്ടന്‍ ഒരുക്കമായിരുന്നു. പ്രധാനമന്ത്രി
പങ്കെടുക്കുന്ന നിക്ഷേപക സംഗമത്തിന്റെ കൂറ്റന്‍ ഫ്ലക്സ് ബോഡ് തോമാച്ചന്റെ ഇവന്റ്
മാനേജ്മെന്റ് കമ്പനി തന്റെ വെളിക്കിരിക്കല്‍ പ്രദേശത്താണ് നാട്ടിയതെന്നും അതിനാണ്
യോഹന്നാന്‍ പോലീസ് കാവല്‍ നില്‍ക്കുന്നത് എന്നും മനസിലാക്കി വരുമ്പോഴേക്കും
ദാക്ഷായണി കൊടുത്ത ചുടു ചായ വലിയൊരു
കൊടുംകാറ്റായി അപ്പുക്കുട്ടന്റെ വയറില്‍ മാറിക്കഴിഞ്ഞിരുന്നു.
തന്റെ വീടും വല്ലോടി പാടവും ചുറ്റുമുള്ള സ്ഥലവും
ടിവിക്കാരും വിഡിയോക്കാരും ഇന്ന് രാവിലെ ഷൂട്ട് ചെയ്തു പോയപ്പോള്‍ തന്റെ നാടിനു
വലിയൊരു മാറ്റം ഉണ്ടാവാന്‍ പോകുന്ന സന്തോഷത്തില്‍ വെളിക്കിരിക്കല്‍ മുടക്കിയത്തില്‍ പ്രധാനമന്ത്രിയോടുള്ള അപ്പുക്കുട്ടന്റെ നീരസം അലിഞ്ഞു
ഇല്ലാതായി. സുന്ദരമായ നഗരത്തില്‍ വൃത്തിയുള്ള കക്കൂസ് കെട്ടാന്‍ പോലും
പാങ്ങില്ലാത്ത തന്നെപോലുള്ളവര്‍ ഉണ്ടെന്ന കാര്യം ശരിക്കും വിവരവും വിദ്യാഭ്യാസവും
പരിഷ്കാരവും ഉള്ള നാടിനു അപമാനം തന്നെയാണ് എന്ന് അപ്പുക്കുട്ടന് തോന്നി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികില്‍ ഇറങ്ങി
പൊറോട്ട തിന്നു സാധാരണക്കാരന്റെ കൈയടി നേടിയ പാര്‍ട്ടിയുടെ യുവനേതാവിന് അതെ സാധാരണക്കരാര്‍
വിസര്‍ജ്ജിക്കുന്ന ഏതെന്കിലും ഒരു ബസ് സ്റ്റാണ്ടിലെ കക്കൂസില്‍ ഒന്ന് മൂക്ക്
പൊത്താതെ പോയി ഇരുന്നിട്ട് വരാന്‍ പറ്റുമോ എന്ന് മൊയ്തീന്‍ സഖാവ് ഇടയ്ക്കു പറയാറുണ്ടായിരുന്നു.
പത്ത് സിമന്റ് ചാക്കുകള്‍ ചേര്‍ത്ത് വെച്ചമറച്ച
തട്ടിപ്പ് കുളിമുറിയും കക്കൂസും കഴിഞ്ഞ
കുറെ വര്‍ഷങ്ങളായി ദാക്ഷായനിയും തന്റെ മൂന്ന് പിള്ളേരും ഒരു പരാതിയും പറയാതെ
ഉപയോഗിക്കുന്നതിനെപറ്റി അപ്പുക്കുട്ടന് അദ്ഭുതം തോന്നി. വൈകീട്ടത്തെ വാര്‍ത്തയില്‍
വീട് കാണിക്കുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ ലോകം കാണുമോ എന്നാ ചിന്ത ഉയര്‍ന്നതും
അപ്പോഴായിരുന്നു.
പക്ഷെ
വാര്‍ത്ത പറഞ്ഞത് വല്ലോടി
പാദത്തില്‍ വരാന്‍ പോകുന്ന ഇലക്ട്രോണിക് സിറ്റിയെപറ്റിയും തന്റെ വീടിരിക്കുന
പ്രദേശത്തുകൂടെ വരുന്ന അതിവേഗ പാതയെ പറ്റിയുമായിരുന്നു. തന്റെ മണ്ണും വീടും
ഇരിക്കുന്ന സ്ഥലത്ത് നടക്കാന്‍ പോകുന്ന
രണ്ടു പദ്ധതികളുടെ ധാരണ പത്രങ്ങള്‍ ഒപ്പിടുന്ന ചടങ്ങില്‍ ആരും തന്നെ
വിളിച്ചില്ലല്ലോ എന്ന് അപ്പുക്കുട്ടന്‍ പരാതി പറഞ്ഞില്ല. തന്റെ നാട്ടില്‍ ഉണ്ടാവാന്‍
പോകുന്ന തോഴിലവസരങ്ങളുടെ കുത്തോഴുക്കിനെ പറ്റി സ്തുതിരമ ചാനല്‍ പറഞ്ഞ കണക്കുകളില്‍
അറുപത കഴിഞ്ഞ ഒരു തട്ടുകടക്കാരന് കിട്ടിയേക്കാവുന്ന ജോലിയുടെ വിവരങ്ങള്‍
ഉണ്ടായിരുന്നില്ല. പക്ഷെ തന്റെ വീടിരിക്കുന്ന സ്ഥലത്ത് വരാന്‍ പോകുന്ന കൂറ്റന്‍
ആറുവരി പാതയുടെ ഗ്രാഫിക്സ് ചിത്രങ്ങള്‍ കണ്ടപ്പോള്‍ ദാക്ഷായനിയുറെ ചുടു ചായ
ഇല്ലാതെ തന്നെ അപ്പുക്കുട്ടന്റെ വയറില്‍ വീണ്ടും ഒരു വലിയൊരു ചലനം എമെര്ജ് ചെയ്തു.
ഒരു ബക്കറ്റ് വെള്ളം പോലും എടുക്കാതെ വരാനിരിക്കുന്ന ആറു വരി പാത മുഴുവന്‍ ആ
രാത്രി അപ്പുക്കുട്ടന്‍ വെളിക്കിരുന്നു.....