Friday, August 30, 2013

എനിക്കൊരു സ്വപ്നമുണ്ട്



'ഇവനാണ് സെർവറിലെ  ഫയലുകൾ ഡിലീറ്റ് ചെയ്തത് .ഇവന്റെ കളി കാരണം  പ്രിന്റർ വരെ കേടായി.' 

ഓഫീസ്  നെറ്റ് വർക്കിനു എന്തെങ്കിലും സാങ്കേതിക തകരാറുകൾ വന്നാൽ സ്റ്റാഫിൽ  തനിക്കു അപ്രിയരായ  ആരെയെങ്കിലും കുറ്റപ്പെടുത്തി തലയൂരാൻ മിടുക്കനായ  ചീഫ് എഞ്ചിനിയർ  ഫ്രാൻസിസിന്റെ വിരലുകൾ  അടുത്ത മുറിയിൽ  എന്തോ ആലോചിച്ചു ഇരിക്കുന്ന ബുദ്ധിമാനു  നേരെ ചൂണ്ടി.അവൻ അവിടെയിരിക്കുന്ന എന്തോ ഒരു പേപ്പര് മറിച്ചു  നോക്കുന്നുണ്ടായിരുന്നു.

നിർഭാഗ്യവാനായ ബുദ്ധിമാന്റെ കുറ്റപത്രത്തിൽ  മറ്റോരു  ചാര്ജ് കൂടി  കൂട്ടി ചേര്ക്കാൻ പിന്നീട് ശബ്ദം ഉയർത്തിയത്‌  മാനേജർ ആയിരുന്നു. 

'ഇംഗ്ലീഷ്  എന്ന സാധനം അവന്റെ വായിൽ വരില്ല  . ഓഫീസ് ജോലിക്ക് അവനെ കൊണ്ട് പറ്റില്ല.' 

ആ മീറ്റിങ്ങിലെ ഏറ്റവും ജൂനിയര് അംഗമെന്ന നിലയിൽ    കേൾവിക്കാരൻ  എന്നതിലുപരി  എനിക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യം ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിലും മെല്ലിച്ച കൊച്ചു പയ്യന്റെ രൂപമുള്ള ബുദ്ധിമാനെ ഞാൻ ഇഷ്ടപെട്ടിരുന്നു . എന്തെങ്കിലും കാര്യങ്ങൾ ഏല്പ്പിച്ചു അത്  എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുത്താൽ ഏറ്റവും ആത്മാർഥതയോടെ  അവൻ ചെയ്തു തരാറുണ്ടായിരുന്നു. ഓഫീസ്  കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാനും  അവനു കഴിവുണ്ടായിരുന്നു . എങ്കിലും ഫ്രാൻസിസിനു   അവനോടു എന്തോ വിരോധം ഉള്ളതുപോലെ തോന്നി.

ഉച്ചയൂണിനു കാന്റീനിൽ അടുത്ത് വന്നിരുന്നു അവനറിയുന്ന മുറി-ഇംഗ്ലീഷിലും ഹിന്ദിയിലും സ്ഥാപിച്ച  ഞങ്ങളുടെ സൌഹൃദത്തിനു ഒരു മാസത്തിന്റെ ആയുസ്സേ ഉള്ളൂ.  പുതിയതായി ഓഫീസ് ജോലിക്ക് എന്നും പറഞ്ഞു നേപ്പാളിൽ നിന്നും കൊണ്ട് വന്നതാണ് അവനെ . രണ്ടു വര്ഷം കോളേജിൽ പോയി ഗൾഫിലെ  ജോലിയെകുറിച്ച് കേട്ട് പഠിപ്പ് നിർത്തി  പോന്നതാണ്  എന്ന് അവൻ  പറഞ്ഞിരുന്നു  ഓഫീസ് ജോലി എന്ന  ത്രില്ലിൽ ആണ് ഇവിടെ വന്നത് എന്നു  അവൻ പറയുമ്പോൾ  അവന്റെ ചെറിയ കണ്ണുകൾ  തിളങ്ങാറുണ്ടായിരുന്നു  

എന്തെങ്കിലും കാരണത്താൽ തനിക്കു ഇഷ്ടമില്ലാത്തവരെ  ഒതുക്കുന്ന ഫ്രാൻസിസിന്റെ പല്ലവികൾ വീണ്ടും മീറ്റിങ്ങിൽ ഉയര്ന്നു വന്നു 

'എന്തായാലും ഓഫീസിൽ നിന്നും ഇവനെ മാറ്റണം. രണ്ടു ദിവസം ഞാൻ പ്രൊജക്റ്റ് സൈറ്റിൽ കൊണ്ട് പോയി പക്ഷെ കാര്യമില്ല  ഈ മെല്ലിച്ച ശരീരം വെച്ച് അവൻ എങ്ങനെ പണി ചെയ്യും ?'

അപ്പോൾ ഇനി എന്താണ് വേണ്ടത്  എന്ന് ചോദ്യഭാവത്തിൽ ബോസ്സ്  മാനേജരെ നോക്കിയപ്പോൾ ഫ്രാൻസിസ് തന്നെ മറുപടി പറഞ്ഞു 

'കമ്പനി പുതിയ കെട്ടിടം വാങ്ങിയിട്ടുണ്ടല്ലോ. അസ്സൽ നേപാളി ഗൂര്ഖ ഉള്ളപ്പോൾ  അവിടെ വാച്ച്മാനായി വേറെ ആളെ നോക്കുന്നതെന്തിന്  ?'

ആ  യോഗത്തിന്റെ പരിസമാപ്തിയിൽ  ബുദ്ധിമാന്റെ ജാതകം മാറ്റി എഴുതപ്പെട്ടു   

ആ സംഭവം  കഴിഞ്ഞു രണ്ടു മാസത്തിനു ശേഷമുള്ള  ഒരു തിങ്കളാഴ്ചയാണ്  കസ്ടമറായ    ജോണ്‍  ഗ്രഹാം   എനിക്ക് നേരെ പൊട്ടിത്തെറിച്ചത് 

'ഞാൻ ഓർഡർ  ചെയ്ത  ലൈറ്റുകൾ  എൻറെ  ഓഫീസ്സിൽ എത്താൻ  എത്ര ദിവസം  എടുക്കും  എന്ന്  നിനക്ക് ഇതുവരെ  പറയാൻ പറ്റിയിട്ടില്ല അല്ലെ ? '

 എന്റെ മുഖത്ത്  നോക്കി  ജോണ്‍  ഗ്രഹാം  അലറുകയായിരുന്നു . 

 ഒരാഴ്ച മുൻപാണ്  ഈ പറഞ്ഞ മഹത്തായ  ഓർഡർ   എന്റെ കൈയിൽ  കിട്ടിയതെന്നും  അതിലെ   ടെക്നിക്കൽ അപ്പ്രൂവൽ  കിട്ടിയിട്ട് രണ്ടു ദിവസമേ   ആയുള്ളൂ എന്നും  അപ്പ്രൂവൽ  കിട്ടിയ  ഉടനെ അത്  സൗദിയിലെ  ഫാക്ടറിയിലേക്ക്  അയച്ചു അവരുടെ മറുപടി  കാത്തിരിക്കുകയാണ് റമദാൻ  കാരണം അവിടെ നിന്ന് മറുപടികൾ അല്പം മന്ദഗതിയിൽ ആണ്  കിട്ടുന്നത്   എന്നുമുള്ള  നിരവധി  ഉത്തരങ്ങൾ  ആ ആലർചയെ  ഭയന്ന്  എന്റെ  തൊണ്ടയുടെ  അടിത്തട്ടിൽ  തന്നെ ഒളിച്ചിരുന്നു .

അത്രയും  ശബ്ദത്തിൽ  ഒരാളുടെ നേരെ,  അതും  ആറേഴു  പേർ  പങ്കെടുക്കുന്ന  ഒരു  മീറ്റിങ്ങിൽ  വെച്ച്  ഒരു പ്രൊജക്റ്റ്മാനേജർ അലറും  എന്ന  പ്രതീക്ഷ  എന്റെ  വിദൂര  സ്വപ്നത്തിൽ കൂടി ഉണ്ടായിരുന്നില്ല. രണ്ടു  വ്യക്തികൾ  തമ്മിലുള്ള  ഇടപാടുകൾ അല്ല മറിച്ചു  രണ്ടു കമ്പനികൾ തമ്മിലുള്ള  കച്ചവടമല്ലേ   അതിൽ ഒരു വ്യക്തിയോട്  ദേഷ്യപ്പെടുന്നതിന്റെ സാംഗത്യമെന്തു എന്ന  ചിന്ത തലച്ചോറിൽ  ഉരുണ്ടുകൂടുമ്പോൾ അടുത്ത ചോദ്യം എനിക്ക് നേരെ വന്നു 

'ആഗസ്റ്റ്‌  ഇരുപതിന്  മുൻപ്  എനിക്ക്  സാധനങ്ങൾ  കിട്ടണം . അതിനു സാധിക്കും എന്ന് ഉറപ്പു പറയാൻ പറ്റുമോ? ' 

മനസിലെ കലണ്ടറിൽ ഞാൻ കണക്കു കൂട്ടലുകൾ നടത്തി

 'എനിക്ക് കിട്ടിയ ഓർഡർ  അനുസരിച്ച് മൂന്നു മാസം അഥവാ സെപ്റ്റംബർ പതിനഞ്ചു വരെ  സമയമുണ്ട്. അത്രയും സമയം വേണം ഫാക്ടറിക്ക് സാധനങ്ങൾ  ഉണ്ടാക്കാൻ  അതുകൊണ്ട്  ആഗസ്റ്റ്‌  ഇരുപതു അസാധ്യമായ  ഡേറ്റ് ആണ്' , പ്രത്യേകിച്ചും റമദാൻ  മാസം ഇതിനിടയിൽ വരുമ്പോൾ ' ഞാൻ പതിഞ്ഞ ശബ്ദത്തിൽ  പറഞ്ഞു .

'നിന്നെ പോലുള്ളവരെ  നിലക്ക്  നിർത്താൻ  എനിക്കറിയാം . ഇനി നിനക്കും  നിന്റെ കമ്പനിക്കും  ഒരു ഓർഡർ   പോലും എൻറെ  കമ്പനിയിൽ നിന്നും കിട്ടാതിരിക്കാൻ വേണ്ട പണി ഞാൻ ചെയ്യും '. 

'നമ്മൾ രണ്ടു കൂട്ടരും  പരസ്പരം  അംഗീകരിച്ച  വ്യവസ്ഥയാണല്ലോ  മൂന്നു മാസം സമയം ?' ഞാൻ ചെറിയ തോതിൽ ഒരു വാദത്തിനു തുനിഞ്ഞു 

'ഇത്തരം വ്യവസ്ഥകൾ   ഞാൻ ഒരു പാട്  കണ്ടിട്ടുണ്ട്  നിങ്ങൾ  ഇന്ത്യൻ  സെയിത്സ്മാൻമാർ   മൂന്നു മാസം ആവുന്ന  ദിവസം   വന്നു പറയും   ഫാക്ടറിയിൽ  പ്രശ്നമാണ്  ഓർഡർ  ഇനിയും വൈകും  എന്നൊക്കെ  അതിനു നിങ്ങള്ക്ക് നൂറു കാരണങ്ങളും ഉണ്ടാവും  . എന്റെ  പ്രൊജക്റ്റ് നശിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല .' ഗ്രഹാം  എല്ലാവരോടുമായി പറഞ്ഞു 

'നീ വിളിക്ക്,  ഇപ്പോൾ  നിന്റെ ഫാക്ടറിയെ . അവിടെ  ഈ പ്രോജക്ടിന്റെ ചാര്ജുള്ള ആളെ വിളിച്ചു  ഇപ്പോൾ തീരുമാനിക്കണം  എന്നാണു  ഡെലിവറി  എന്ന് ' അയാൾ   വീണ്ടും എന്റെ നേരെ നോക്കി അലറി    

 ബാബു എന്ന  പേരിലുള്ള നമ്പറിനു വേണ്ടി ഞാൻ ഫോണിൽ പരതുമ്പോൾ  അയാൾ  വീണ്ടും പുഛഭാവേന  ചോദിച്ചു.

'അവിടെ ഈ പ്രൊജക്റ്റ് നോക്കാൻ ആരെങ്കിലും  ഉണ്ടോ?'

ഞാൻ  അൽപം  ശബ്ദം കനപ്പിച്ചു  പറഞ്ഞു.

 'ബാബു എന്ന  സെയിൽസ്   മാനേജർ  നേരിട്ടാണ്  ഈ പ്രൊജക്റ്റ് കൈകാര്യം ചെയ്യുന്നത് '

'ഓ  ബാബു  അവനും ഇന്ത്യക്കാരനല്ലേ  അപ്പോൾ നീ വിളിച്ചു ബുദ്ധിമുട്ടേണ്ട'

മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയ വിവിധ രാജ്യക്കാരിൽ  നിന്നുംചിരിയുയർന്നു  ഞാൻ നിന്ന   നിൽപ്പിൽ ഇല്ലാതാക്കുന്നത് പോലെ തോന്നി. മറുപടി പറയാൻ ഒരു അവസരം പോലും നല്കാതെഗ്രഹാം അടുത്ത വിഷയത്തിലേക്ക് കടന്നു. 

മീറ്റിംഗിൽ നിന്നും പുറത്തു കടന്നതും ഗ്രഹാമിന്റെ കമ്പനിയിലെ ഒരു സീനിയര് മാനേജരെ വിളിച്ചു അയാളുടെ പെരുമാറ്റത്തെകുറിച്ച്  ഞാൻ പരാതിപ്പെട്ടു  . പരാതി എഴുതി തരാൻ ആണ് മാനേജർ ഉപദേശിച്ചത് .മുമ്പും ഇത്തരം  ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ആരും എഴുതി കൊടുത്തിട്ടില്ല. ആ റെക്കോഡ് തിരുത്താൻ തന്നെ തീരുമാനിച്ചു ഞാൻ കാറിൽ ഇരുന്നു പരാതി  എഴുതാൻ തുടങ്ങി 

തിരിച്ചുള്ള യാത്രയിൽ തല താഴ്ത്തി ഒരു പേപ്പറിൽ കുത്തിക്കുറിക്കുന്ന എന്നെ നോക്കി ഡ്രൈവർ  ചോദിച്ചു 'ക്യാ കുച്ച് പ്രോബ്ലം ?' 

ഞാൻ ഒന്നും മിണ്ടിയില്ല. ഓഫീസിലേക്ക്  പോകുന്നതിനുള്ള റോഡിൽ കയറാതെ ഡ്രൈവർ കാർ  മറ്റൊരു റോഡിലേക്ക്  തിരിച്ചു വിടുന്നത് കണ്ടു ഞാൻ സംശയ ഭാവത്തിൽ നോക്കുമ്പോൾ ഡ്രൈവർ കാര്യം പറഞ്ഞു 

' നയാ ബില്ടിംഗ് ചെക്ക്‌ കർനെക്കെലിയെ  അറബാബ് നെ  ബോലാ'

 എനിക്ക് കാര്യം പിടി കിട്ടി. പുതിയ ഒരു പത്തു നില കെട്ടിടത്തിൻറെ  മേല്നോട്ടവും  ഇപ്പോൾ ഇവനാണ് . ഫ്രാൻസിസിന്റെ  നാട്ടുകാരൻ . അയാൾക്ക്‌ വേണ്ടപ്പെട്ടവൻ.  കെട്ടിടത്തിന്റെ  ഗേറ്റിൽ  വെളുത്ത ചിരിയുമായി  പരിചിതമായ ഒരു മുഖം നിൽപ്പുണ്ടായിരുന്നു . ബുദ്ധിമാൻ !
ഞാൻ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം  ആ  കൂട്ടുകാരനെകുറിച്ച് ഓര്ത്തത് അപ്പോഴായിരുന്നു  .

കാവൽക്കാരന്റെ  നീലക്കുപ്പായത്തിൽ അവന്റെ മെലിഞ്ഞ ശരീരം   വല്ലാതെ  തീരെ ശോഷിച്ചതായി തോന്നി 
 കൈസാ ഹൈ  സാബ് എന്ന അവന്റെ  ചോദ്യത്തിനു പഴയ  ശക്തിയുണ്ടായിരുന്നില്ല 
ഡ്രൈവർ പുതിയ കെട്ടിടത്തിനു ചുറ്റും നടക്കുമ്പോൾ ഞാൻ ബുദ്ധിമാനോട്  ചോദിച്ചു

 'നിനക്ക് സുഖമാണോ?'

 'കുഴപ്പമൊന്നുമില്ല സാബ്  രാത്രി പന്ത്രണ്ടു മണിക്കൂർ  ഉറങ്ങാതെ കാവൽ നിൽക്കണം .പകൽ  ഉറങ്ങാം എന്ന് കരുതിയാൽ  ഓഫീസിൽ നിന്നും കോൾ  വരും അതും ഇതും ചെയ്യാൻ പറഞ്ഞു,   എന്നാലും ഒരു സമാധാനമുണ്ട്  ഇവിടെ ആരും  കംപ്യുട്ടർ കേടു വരുത്തി എന്ന് പറയില്ലല്ലോ ?'

അവന്റെ കണ്ണിൽ  രണ്ടു തുള്ളി  രക്തം  പോടിഞ്ഞുവോ?

'നേപ്പാളികൾക്ക് കാവൽ  ജോലി  മാത്രമേ അറിയൂ   എന്ന് ആരാണ് സാബ് ബോസ്സിനോട് പറഞ്ഞ കൊടുത്തത് ?
 ഫ്രാൻസിസ് സാർ ആണോ? കംപ്യുട്ടർ പഠിച്ചതും സ്പോക്കണ്‍ ഇംഗ്ലീഷ്  കോഴ്സിനു പോയതും ഈ  പണി ഒഴിവാക്കാൻ  വേണ്ടിയായിരുന്നു. എങ്കിലും ഒടുവിൽ  അത് എന്നെ തേടി വന്നു'
അവന്റെ ഇടറിയ ശബ്ദം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒന്നും മിണ്ടാതെ അവന്റെ പുറത്ത് തട്ടി ഞാൻ വീണ്ടും കാറിലേക്ക് നടന്നു. ഗ്രഹാമിനെതിരെ എഴുതിയുണ്ടാക്കിയ പരാതി രണ്ടു കഷ്ണങ്ങളായി കീറിയെറിഞ്ഞു എല്ലാം മറക്കാൻ  ഫെയിസ്ബുക്കിൽ ലോഗിൻ  ചെയ്തു അവിടെ ആരോ ആ പ്രസംഗത്തിന്റെ അൻപതാം വാര്ഷികത്തെ പറ്റി എഴുതിയിരിക്കുന്നു. 

എനിക്കും ബുദ്ധിമാനും ഇടയിൽ    അലയടിച്ച  വലിയ കടലിന്റെ നടുവിലിരുന്നു മാർട്ടിൻ ലൂതര്കിംഗ് വ്യർത്ഥമായി  പറയുന്നുണ്ടായിരുന്നു 

എനിക്കൊരു സ്വപ്നമുണ്ട് ..