Monday, January 25, 2010

ഹെര്‍മ്മന്‍ ജെയുടെ ഓര്‍മ്മക്ക്‌

സ്വന്തമായി  പ്രിന്ററുള്ളതുകൊണ്ട്‌ രാവിലെ മുതല്‍ ഓരോകഥകള്‍ അടിച്ചിറക്കുക എന്നതു കോളേജില്‍  പഠിക്കുമ്പോള്‍  ഞങ്ങളുടെ പൗരധര്‍മ്മവും ജന്മാവകാശവുമായിരുന്നു.
ഇനി പറയാന്‍ പോകുന്ന കഥയിലെ നായകന്റെ പേരു വെളിപ്പെടുത്താന്‍ തല്‍ക്കാലം ഒരു നിര്‍വാഹവുമില്ല. പിന്നെ ബ്ലോഗുനടപ്പനുസരിചു അനോണി എന്നു വിളിക്കാന്‍ ആളെ അറിയുന്ന ആരും മുതിരില്ല. ഗണിതശാസ്ത്രവിധിയനുസരിച്‌ എക്സ്‌ എന്നു വിളിക്കമെന്നുവച്ചാല്‍ ഇന്റര്‍നെറ്റിന്റെ നിഘണ്ടുവില്‍ അതിനു അശ്ലിലച്ചുവയ്ക്കും. ഇനി എങ്ങാനും ഇതൊരു എക്സ്‌ റേറ്റഡ്‌ ബ്ലോഗ്‌ ആണു എന്നു നാട്ടുകാര്‍ പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട്‌  ചിത്രം പോലെ ബ്ലോഗ്‌ നിര്‍മ്മ്മലമായിരിക്കണം എന്ന ഗൂഗ്ലിള്‍ കാരണവന്മാരുടെ വാക്കുകള്‍ തെറ്റിക്കപ്പെട്ടാല്‍...?

അപ്പോള്‍ അറബു സംബ്രദായമനുസരിച്‌ ഒരു വഴി തെളിഞ്ഞു വന്നു. കടുകട്ടിയായ പേരുകളെ ഇവിടുത്തെ അറബികള്‍ അവരുടെ സൗകര്യത്തിനനുസരിച്‌ വായില്‍ തോന്നിയ പോലെ ഇഷ്ടമുള്ള പേരുകള്‍ വിളിക്കും . കുമാര്‍, സുരേഷ്‌ എന്നിവയാണു പോപ്പുലര്‍ നാമങ്ങള്‍. ഉദാഹരണത്തിനു നമ്മുടെ വേദവ്യാസന്റെ സൃഷ്ടിയും ഭീമന്റെ ജാരസന്‍തതിയുമായ ഘടൊല്‍കജന്‍ ഗള്‍ഫില്‍ വന്നു സ്വയം പരിചയപ്പെടുത്തിയാല്‍ നമ്മുടെ അറബ്ബി പറയും" ഹായ്‌, കുമാര്‍ ഹൗ ആര്‍ യു". ഇനി വരുന്നതു ധ്രുതരാഷ്രറോ ദൃഷ്ടദ്യുമ്നനോ  കാര്‍ത്തവീര്യര്‍ജുനനൊ മറ്റൊ ആണെകില്‍ ഉടന്‍ വരും "ഹല സുരേഷ്‌" .

അതുകൊണ്ടു തന്നെ അറബിജനതയൊടു ഐക്യദാര്‍ഡ്യം പ്രഖ്യപിചു നമ്മുടെ നായകനെ ഞാന്‍ സുരേഷ്‌ എന്നു തന്നെ നാമകരണം ചെയ്യട്ടേ.കഥ നടക്കുന്നതു പഴയതുപോലെ കോഴിക്കോട്‌ എഞ്ജീനിയറിംഗ്‌ കോളേജില്‍ ആണു. സുരേഷാകട്ടേ ക്ലാസിലെ പഠിപ്പിസ്റ്റുകളുടെ കൂട്ടത്തില്‍ വളെരെ പ്രധാനിയാണ്‌.നമ്മുടെ നായകന്‍ സുരേഷ്‌  ഒരു പ്രത്യേക സ്വഭാവക്കാരനാണ്‌. പരീക്ഷയടുക്കുമ്പോള്‍  ആള്‍ മറ്റുളവരുടെ അടുത്തെത്തി അവരെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ തുടങ്ങും. എല്ല പരീക്ഷകള്‍ക്കും തൊട്ടു മുന്‍പേ  ഞങ്ങളുടെ അടുത്തെത്തി ഏതെങ്കിലും ഭീകരമായ ചോദ്യങ്ങള്‍ എടുത്തുകൊണ്ടു വന്നിട്ട്‌ പറയും
" കഴിഞ്ഞ രണ്ടു വര്‍ഷം ഈ ചോദ്യം പരീക്ഷക്ക്‌  ചോദിചതാ ഈവര്‍ഷവും ഇതു ആവര്‍ത്തിക്കും".

 എങ്ങനെയ്കിലും തടി കഴിച്ചിലാവാനിരിക്കുന്ന ഞങ്ങള്‍ കഷ്ടപ്പെട്ട്‌ ആ ചോദ്യം പഠിച്ചു തകര്‍ക്കും. പക്ഷെ ഒരിക്കലും അത്തരം ചോദ്യങ്ങള്‍  പരീക്ഷക്കു വരാറില്ല. മാത്രമല്ല പലപ്പൊഴും കക്ഷി ഇത്തരം കാര്യങ്ങള്‍ പറയുന്നത്‌ പരിക്ഷാഹാളില്‍ കയറുന്നതിനു പത്തൊ പതിനഞ്ചൊ മിനുട്ടുകള്‍ക്കു മുന്‍പായിരിക്കും. അതൊടെ നമ്മുടെ കോണ്‍ഫിഡെന്‍സ്‌ ആകെ തകര്‍ന്നു പോകും.

ഞാനും എന്റെ റൂമേറ്റായ ജിതേഷും ഇത്തരം ആക്രമണങ്ങള്‍ക്കു പല തവണ വിധേയമായിരുന്നു. ഒരിക്കല്‍ സുരേഷിന്റെ ഹോസ്റ്റല്‍ വാസികളും സ്ഥലത്തെ പ്രധാന കേഡികളുമായ ഹരി,ഗോപു, നിബിന്‍, വര്‍മ്മ(* വര്‍മ്മ ഞങ്ങളുടെ ഇടയിലെ ശാത്രജ്ഞനാണ്‌.വര്‍മ്മയെ ശരിക്കു മനസ്സിലാക്കണമെങ്കില്‍ തളത്തില്‍ ദിനേശനാല്‍ പ്രസിദ്ധ്മായ ഹോട്ടല്‍-ബാര്‍ബര്‍ഷാപ്‌ തമാശയുടെ വര്‍മ്മേനിയന്‍ വേര്‍ഷന്‍ താഴെ എപിലോഗ്‌ 3 കാണുക)എന്നിവരുമായി യാദൃശ്ചികമായി ഈസംഭവം ചര്‍ച്ചചെയാന്‍ ഇടയായി. അപ്പൊഴാണു ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്‌. സുരേഷാക്രമണം സഹിക്കവയാതെ അവര്‍ കൂടോത്രം തുടങ്ങിയ കഠിന ക്രിയകള്‍ അഭ്യസിക്കുന്നതിനെക്കുറിച്ചു ഗൂഗിളില്‍ പഠനം നടത്തുകയായിരുന്നു.

വര്‍മ്മ ശ്രീകൃഷ്ണപ്പരുന്തിനെയും  നിബിന്‍ കാനാടിചാത്തനെയും  സിലക്റ്റ്‌ ചെയ്തു തപസ്സു തുടങ്ങിയിരുന്നു. കാരണം , മറ്റൊന്നുമല്ല നമ്മുടെ സുരേഷ്‌ രാത്രി കാലങ്ങളില്‍ അവരുടെ ഹോസ്റ്റലുകളില്‍ കയറി വെറുതെ എല്ലവരെയും ചൊറിയുന്നു. പരിക്ഷയുടെ തലേദിവസങ്ങളില്‍ ബഡാചോദ്യങ്ങളുമായി മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നു ..


ഇങ്ങനെ ഒരു കോമണ്‍ പ്രശ്നം ഉദിച്ചപ്പോള്‍ ഈ ഉപജാപകസംഘം ഒരു പരിഹാരത്തിനായി ഒരു ഗൂഢാലൊചന നടത്തി. ചാത്തന്‍, മറുത, പരുന്ത് ‌ എന്നിവയെ ഒരു പക്ഷെ സുരേഷ്‌ പരീക്ഷ കാട്ടി പേടിപ്പിചേക്കാം. പിന്നെ എന്ത് ചെയ്യും? അവന്റെ വീകനസ്സ്‌ എന്നതു പഠനമാണ്‌. പഠനത്തില്‍ മറ്റുള്ളവര്‍ തന്നെ പിന്നിലാക്കുമോ  എന്ന ഭയവുമാണു ഈ സ്വഭാവത്തിനു കാരണം.

 ശാസ്ത്രജ്ഞന്‍ വര്‍മ്മ ഗണിച്ചു പറഞ്ഞു. "അവനെ ഭയപ്പെടുത്തുക. മറ്റുള്ളവര്‍ അവനെ പിന്നിലാക്കും എന്നഭയത്തെ അങ്ങു വളര്‍ത്തുക.അതിനുള്ള ഒരുമാര്‍ഗ്ഗമെന്നതു അവനുകിട്ടാത്ത ഒരു റിസോഴസ്‌ നമ്മുടെ കൈയിലുണ്ടെന്നു  അവനെ ബോധ്യപ്പെടുത്തുക"

എന്തായിരിക്കണം  ആ റിസോഴസ്‌? ഉടന്‍ ഹരി പറഞ്ഞു. "ഒരു അമൂല്യമായ പുസ്തകം. ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ജിനിയറിംഗ്ഗിന്റെ ബൈബിള്‍ എന്നു പറയുന്ന, എളുപ്പവഴിയില്‍ ക്രിയ ചെയ്യാന്‍ സഹായിക്കുന്ന, എല്ലാ പരീക്ഷകളെയും നിസ്സാരമായി പഠിച്ചുകളയാന്‍ പറ്റുന്ന ഒരു പുസതകം!!! വെറുതെ പറഞ്ഞാല്‍ പോരാ. അവനു വിശ്വാസം വരണം അതു അമുല്യമാണെന്ന്‌. പിന്നെ പുസ്തകത്തിന്റെ പേര്‍ എന്തായിരിക്കണം  ?"

ജിതേഷ്‌ ചാടി പറഞ്ഞു. "എന്‍കാര്‍ട്ട ഒഫ്‌ ഇന്‍സ്റ്റ്ട്രുമെന്റെഷന്‍. എഴുത്തുകാരന്റെ  പേര്‌?."


നിബിന്‍ പറഞ്ഞു." സുധാകര കൈമള്‍"

ഞാന്‍ ഇടിച്ചു ബ്ലോക്കു ചെയ്തു." ഒരു ഗ്ഗുമ്മുള്ള പേരു വേണം, അതും ഒരു സായിപ്പിന്റെ" പിന്നെ ഞാന്‍ തന്നെ  പ്രഖ്യാപിചു. "ഹെര്‍മന്‍ ജെ". (ഗുണ്ടര്‍ട്ടു സായിപ്പിനെ ഒന്നു ഒര്‍ത്തു പോയി)

ഗോപുവിനു സംഗതി ഇക്ഷ പിടിച്ചു ആള്‍ക്കു ഒരു ജെര്‍മ്മന്‍ ലുക്കുണ്ട്‌.

ഹരി പറഞ്ഞു" പെട്ടെന്നു അവന്‍ പുസ്തകം ചോദിചാല്‍ നമ്മള്‍ പെടും.ഈ പുസ്തകം ഒരു മരീചിക പോലെ നില്‍ക്കണം."

വര്‍മ്മ കൂട്ടിചേര്‍ത്തു ." അതെ, പുസതകം നമ്മള്‍ സിംഗപ്പൂരില്‍ നിന്നും വരുത്താന്‍ പോകുന്നു. ഹരിയുടെ അങ്കിള്‍ 700 ഡോളര്‍ വിലയുള്ള ഈ പുസ്തകം സമ്മാനമായി അയച്ചുകൊടുക്കുന്നു. ഹരിയോടുള്ള സൗഹൃദം കാരണം ഹരി ഞങ്ങള്‍ക്കെല്ലാം ഫോട്ടൊസ്റ്റാറ്റ്‌ കോപ്പി തരുന്നതായിരിക്കും( ഹരിയെ പ്രധാന കഥാപാത്രമാക്കിയതിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്‌- ഹരിയും സുരേഷും നല്ല സുഖത്തിലല്ല അതുകൊണ്ട് അവന്‍ ഹരിയോട് നേരിട്ട് പുസ്തകം ചോദിക്കില്ല)"

പിറ്റേന്നുമുതല്‍ കോളേജില്‍ ആകെ ഒരു ഹെര്‍മ്മന്‍ മണം അടിച്ചു തുടങ്ങി. കാന്റീനില്‍, എസ്‌ എഫ്‌ ഐ കോര്‍ണറില്‍, ഹോസ്റ്റലുകളില്‍ പതുക്കെ പതുക്കെ അവന്‍ അങ്ങു ഹിറ്റായി. ഇതിനായി ഹെര്‍മ്മന്റെ പ്രചാരണത്തിനായി ശബരി, ശ്രീലേഖ്‌ തുടങ്ങിയ ചില നിക്ഷപക്ഷ്മതികളേയും നിയോഗിച്ചിരുന്നു.

സുരേഷിനു ഒരിക്കലും ഒരു പാരയുടെ മണം അടിച്ചിരുന്നില്ല. ആള്‍ ആകെ അമ്പരന്നുപോയി. അവന്‍ പതുക്കെ ഞങ്ങളുടെ അടുത്തു വന്നു ചോദിച്ചു.

" എടാ, ഹരിയേതോ പുതിയ പുസ്തകം വരുത്തുന്നുവെന്നു എന്നു കേട്ടു. ശരിയാണോ?"

ഞങ്ങള്‍ പറഞ്ഞു" അതെ, ശരിയാ, ഹരി ഞങ്ങള്‍ക്കും ഒരു കോപ്പി തരാമെന്നു പറഞ്ഞു."

അവന്റെ മുഖത്തെ ചോരമുഴുവന്‍ ഓന്ത് കുടിച്ചതു പോലെ പോകുന്നതു ഞങ്ങള്‍ കണ്ടു.

ഞങ്ങടൊരക്ഷരം മിണ്ടാതെ നടന്നു.അതിനു ശേഷം എപ്പോഴെല്ലാം സുരേഷ്‌ ഞങ്ങളെ ആക്രമിക്കാന്‍ വരുണ്ടൊ അപ്പൊഴെല്ലാം ഞങ്ങള്‍ ഹെര്‍മന്റെ പുസ്തകത്തെക്കുറിചും അതിന്റെ ഗുണഗണങ്ങളെക്കുറിചും സംസാരിക്കാന്‍ തുടങ്ങി. പിന്നിടൊരിക്കല്‍ ഹരിയുടെ റുമില്‍ പതിവു ചൊറിച്ചിലിനെത്തിയപ്പോള്‍ ഹരിക്കു സിംഗപ്പൂരില്‍ നിന്നും അമ്മാവന്റെ കോള്‍ വരുന്നു.അമ്മാവന്‌ ഹെര്‍മ്മന്‍ ജെ പോസ്റ്റു ചെയ്യാനുള്ള ഷിപ്പിംഗ്‌ അഡ്രസ്സ്‌ വേണം. സുരേഷ്‌ പത്തി മടകി ഓടി.

ഇപ്പൊള്‍ സംഗതി വളരെ സീരിയസ്സായി. സുരേഷ്‌ ആകെ ഒതുങ്ങി. ഞങ്ങള്‍ അടുത്ത ഇന്റര്‍നല്‍ പരീക്ഷക്കായി കാത്തിരുന്നു. പതിവു പൊലെ സുരേഷ്‌ ഒരു ഭയങ്കര ചോദ്യവുമായി എന്റെ അടുത്തു വന്നു.

ഞാന്‍ പറഞ്ഞു. " ഹെര്‍മ്മന്‍ ജെ.യുടെ പുസ്തകത്തില്‍ ഈ ചോദ്യത്തിനു ഒരു ഷോര്‍ട്ട്‌ക്കട്ട്‌ ഉണ്ട്‌."

സംഭവസ്ഥലത്തു പ്രത്യക്ഷപ്പെട്ട വര്‍മ്മ മൊഴിഞ്ഞു " ശരിയാ, ചാപ്റ്റര്‍ മൂന്നില്‍

" ഠിം! സുരേഷ് ഔട്ട്‌!!!!!


ശാസ്ത്രജ്ഞനായ വര്‍മ്മ ഒരു ചെറിയ ഷോര്‍ട്ടക്കട്ട്‌ പ്രയോഗിക്കുക കൂടി ചെയ്തപ്പോല്‍ അവന്‍ ജീവനും കൊണ്ടൊടി. അതിനു ശേഷം അവസാനവര്‍ഷം വരെ അവന്‍ ആരെയും ഉപദ്രവിചതായി കേട്ടിട്ടില്ല. ഈ പുസ്തകത്തിനായി അവന്‍ ഗോപുവിന്റെ മുറിയില്‍ ഒരു അനൗദ്യൊഗിക സന്ദര്‍ശനം നടത്തി എന്ന ഗോസിപ്‌ ഉയര്‍ന്നിരുന്നു. പിന്നീടെല്ലാം ആക്രമിക്കാനായി അവന്‍ ഞങ്ങള്‍ക്കു സമീപം എത്തുബോള്‍ "ഹെര്‍മ്മന്‍ ജെ: എന്ന നാമം ഉയര്‍ന്നു കേള്‍ക്കുകയും അവന്‍ ഒരക്ഷരം മിണ്ടാതെ വഴിമാറിപ്പോവുകയും ചെയാന്‍ തുടങ്ങി. ക്രമേണ ഇത്‌ അവനുള്ളാ ഒരു പണിയാണെന്നു അവനു കത്തിയിട്ടാണെന്നു തോന്നുന്നു അവന്‍ ചൊറിച്ചില്‍ കുറച്ചു സ്വന്തം കാര്യം മാത്രം നോക്കി നടക്കാന്‍ തുടങ്ങി.

ഈ സംഭവത്തിനു അനുബന്ധങ്ങള്‍ പലതാണ്‌.


എപിലോഗ്‌ 1:
ചക്കിനുവെച്ചതു വേറെ രണ്ടു കൊക്കുകളേയും കൊണ്ടു തെറിച്ചു പോയ ഒരു കഥയും ഇതിനു പുറകില്‍ സംഭവിച്ചു. സുരേഷിനെപ്പോലെ വീര്യം കൂടിയതല്ലെങ്കിലും മറ്റൊരു കക്ഷിയും ക്ലാസില്‍ ഉണ്ടായിരുന്നു. അല്‍പം പൊങ്ങച്ചം മാത്രമായിരുന്നു മൂപ്പരുടെ കുഴപ്പം.തല്‍കാലം നമുക്കു ആശാനെ സുരേഷ്‌ 2 എന്നു വിളിക്കാം. ഹെര്‍മ്മന്‍ ജെയുടെ രഹസ്യം ഞങ്ങളില്‍ ചിലരില്‍ ഒതുങ്ങിനിന്നു, പക്ഷെ അതിന്റെ പരസ്യം ക്ലാസില്‍ എല്ലായിടത്തും ഉണ്ടായിരുന്നു.


ഇതു കേട്ടറിഞ്ഞ നമ്മുടെ സുരേഷ്‌ 2 എന്നോടു ചോദിച്ചു" നീ ഹരി പറഞ്ഞ ആ പുസ്തകം വായിച്ചിരുന്നോ?"

ഞാന്‍ അല്‍പം രഹസ്യഭാവത്തില്‍ പറഞ്ഞു " ഹരി അതു രഹസ്യമാക്കി വച്ചിരിക്കുകയാ ആരെയും കാണിക്കുന്നില്ല എനിക്കു 10 പേജ്‌ കോപി തന്നു. കിടിലന്‍ ബുക്ക്‌, നീ കോപ്പി വാങ്ങുന്നുണ്ടൊ"

തന്റെ ഗമ വിടാതെ സുരേഷ്‌ 2 പറഞ്ഞു." എന്‍ ഐ ടിയില്‍* ഈ പുസ്തകം ഉണ്ട്‌ എന്ന് എന്റെ ഫ്രണ്ടു പറഞ്ഞു. അവിടെ ഇതൊരു മസ്റ്റ്‌ റഫറന്‍സ്‌ ബുക്കാണ്‌ അഞ്ചാറു കോപ്പിയുമുണ്ട്‌."

ഇപ്പോള്‍  ഞെട്ടിയതു ഞാനാണു. കൂളായി അവന്‍ എന്റെ മുന്നില്‍ പുളുവടിക്കുന്നു അതും ഹെര്‍മന്‍ ജെ യുടെ ഉപഞ്ജാതാക്കളില്‍ ഒരാളായ എന്റെ മുന്നില്‍!!!!
 ഞാന്‍ ഉടനെ ചോദിച്ചു. "നീ ഫോട്ടൊ കോപ്പി എടുക്കുമ്പോള്‍ എനിക്കും ഒരു കോപ്പി എടുക്കുമൊ? ഹരിക്കു വലിയ വീര്യമാ "

"അതിനെന്താ " അവന്‍ പറഞ്ഞു.

എന്റെ കൂടെ ഉണ്ടായിരുന്ന ജിതേഷ്‌ പിന്നിടു എന്നൊടു ചോദിചു" നീയെന്തിനാഅതിന്റെ കോപ്പി ചോദിച്ചത്‌ .സത്യം നിനക്കറിഞ്ഞു കൂടെ?" ഞാന്‍ പറഞ്ഞു" ആര്‍ക്കറിയാം? ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?"

എപിലോഗ്‌ 2

രണ്ടാമത്തെ കൊക്കിന്റെ കഥയാണു പിന്നെ പറയാനുള്ളത്‌. ഈ കഷിയെ നമുക്കു സുരേഷ്‌ 3 എന്നു വിളിക്കാം. ആള്‍ മറ്റൊരു പഠിപ്പിസ്റ്റാണു. കമ്പ്യുട്ടറാണു വീക്‍നെസ്‌. രാവിലെ കമ്പ്യൂട്ടര്‍ ലാബില്‍ കയറിയാല്‍ പിന്നെ വൈകിട്ടാണു കക്ഷി ഇറങ്ങുക. അതു നമ്മെളെ ബാധിക്കുന്ന കാര്യമല്ല. പക്ഷെ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ആവശ്യമില്ലാതെ കമ്പ്യൂട്ടര്‍ വിഷയം എടുത്തിട്ടു ഷൈന്‍ ചെയ്യലാണു പതിവ്‌.
അതിരാവിലെ സന്‍തോഷഭരിതനായി ഇയാള്‍ വരുന്നതു കണ്ട്‌ ഒരാള്‍ ഒരു ലോഹ്യം ചൊദിച്ചു എന്നിരിക്കട്ടെ "എന്താ  ഇത്ര സന്‍തോഷം?"

അവന്‍ പറയും" ഇന്നു ഞാന്‍ വിന്‍ഡോസ്‌ ഫോര്‍മാറ്റ്‌ ചെയ്തെടാ"

ഇനി ഒരു സുന്ദരിയായ  പെണ്‍കുട്ടി(ഉദാ:- എശ്വര്യ റായ്‌) അവളുടെ രക്തം കൊണ്ട്‌ എഴുതിയ പ്രേമ ലേഖനം ഒരു കവറിലിട്ട്‌ കൊടുത്തു എന്നിരിക്കട്ടേ, അവന്‍ പറയും

" കുട്ടി , ഇത്‌ ഒരു പി ഡി ഏഫ്‌ ഫോര്‍മാറ്റില്‍ സി.ഡിയില്‍ ഇട്ടു തന്നു കൂടെ?"

ഇവന്‍ ഒരു ദിവസം ജിതേഷിനോടു ചോദിച്ചു. " ഏടാ ഹരി വരുത്തിയ ബുക്കിന്റെ കൂടെ സി.ഡിയുണ്ടൊ? "

ഞാന്‍ പറഞ്ഞു" 3 സിഡിയുണ്ട്‌. എല്ലാം എഞ്ജിനിയറിംഗ്‌ സോഫ്റ്റ്വെയറുകളാ"

 ഉടന്‍ തന്നെ അവന്‍ പറഞ്ഞു " എനിക്കൊരു കോപി തരുമൊ? "

" അതിനെന്താ..ഞങ്ങള്‍ പറഞ്ഞു.

ആ സീഡിക്കായി അവന്‍ പലതവണ ഞങ്ങളുടെ പുറകെ നടന്നു.." നാലഞ്ച്‌ ആഴ്ചകളോളം ആള്‍ സിഡിക്കായി ഞങ്ങളുടെ പുറകേ നടന്നു. ശേഷം ചിന്ത്യം!!!!


എപിലോഗ്‌ 3 :
നേരത്തെ വര്‍മ്മയെക്കുറിച്ചു പറഞ്ഞു. ആളു പുലിയല്ല ഒരു സിംഹമാണു സിമ്മം. തളത്തില്‍ ദിനേശന്‍ ഫലിതം വര്‍മ്മേനിയന്‍ വേര്‍ഷന്‍: ഒരു ദിവസം ഹോട്ടലാണെന്നുകരുതി കംബ്യുട്ടര്‍ലാബില്‍ കയറിയ നമ്മുടേ പഴയ വൃദ്ധന്‍ വര്‍മ്മയോട്‌:

എന്തുണ്ട് കഴിക്കാന്‍?
വര്‍മ്മ" ഇന്‍പുട്ടും ഔട്ട്‌ പുട്ടും...!(ഭീകരം അല്ലേ")

എപിലോഗ്‌ 4
ഇതിന്റെ ദുരന്തപൂര്‍ണമായ ഒരു അനുബന്ധം അവസാനം പറയട്ടെ. ഹെര്‍മ്മന്‍ ജേ ആദ്യമായി റിലീസ്‌ ചെയ്തത്‌ എന്റെ സിഗ്നല്‍ പ്രൊസസ്സിഗ്‌ എന്ന പേപ്പറിന്റെ പരീക്ഷയോടനുബന്ധിച്ചായിരുന്നു.   ഹെര്‍മ്മന്‍ ജെയുടെ പുസ്തകത്തിലെ ഷോര്‍ട്‌കട്ടുകള്‍ കൊണ്ട്‌ പരീക്ഷ ഞങ്ങള്‍ അമ്മാനമാടും എന്നൊരു പ്രതീതി സുരേഷ്‌ ഒന്നാമന്‍ വച്ചു പുലര്‍ത്തിയിരുന്നു. ഹര്‍മ്മന്‍ ജെ ഇല്ലാതെ സുരേഷ്‌ ഒന്നാമനും രണ്ടാമനും മൂന്നാമനും യുണിവേഴ്സിറ്റി പരീക്ഷ പാസ്സായി. പക്ഷെ ഹെമന്‍ ജെയുടെ ഉപജ്ഞാതാവായ ഞാന്‍ കോളേജ്‌ ലൈഫില്‍ ആദ്യമായി (അവസാനമായും) ആ പേപ്പറില്‍ പൊട്ടി. എന്നെ സപ്ലി ഭഗവതി കടാക്ഷിച്ചു(പഴയ പോസ്റ്റ്‌ അതിനെക്കുറിച്ചുള്ളതാണ്‌)

ഇതെല്ലാം കണ്ട്‌ വ്യാസഭഗവാന്‍ വിഘ്നേശ്വരനോട്‌ ഉപവാച: ദേതാതൊ കൊല്ലം മെം ഭി മിലെഗാ( പച്ച മലയാളത്തില്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും)

Monday, January 18, 2010

സപ്പ്ളി അഥവാ ഇമ്പ്രൂവ്മെന്റ്റ്‌

കോഴിക്കോട്‌ എഞ്ചിനീയറിംഗ് കോളേജിലെ സഗല ഗുലാപിയായ കാര്യങ്ങളിലും തലയിട്ടു നടക്കുന്ന കാലം . പ്രസ്തുത കലയില്‍ നടത്തി പോന്ന ശുഷ്കാന്തി പരിഗണിച്ചു യൂണിവേഴ്സിറ്റി ഉന്നത പഠനത്തിനുള്ള ഒരു പ്രത്യേക അവസരം നല്കി . നാലാം സെമസ്ടരിന്റെ റിസള്‍ട്ട് വന്നപ്പോഴാണ് ആ രഹസ്യം എനിക്ക് മനസ്സിലായത്‌. ചന്തു തോറ്റിരിക്കുന്നു. ആദ്യം ഒന്നു ഞെട്ടി . ആദ്യമായാണ് ചന്തു തോല്‍ക്കുന്നത് . അതും പാസ്സാവും എന്ന് ഉറപ്പുള്ള രണ്ടു വിഷയങ്ങളില്‍.
"യൂ ടൂ യൂണിവേഴ്സിറ്റി! " 
ചുറ്റു പാടും നോക്കി . കൂടെ കളിക്കാൻ നടന്നവരും പാര  വെച്ചവരും അങ്ങനെ  സ്ഥലത്തെ പ്രധാന ദിവ്യന്‍മാരെല്ലാം ജയിച്ചിരിക്കുന്നു.

അപ്പോളാണ്  സുധീഷ്‌ എന്ന അത്ര അപ്രധാനി അല്ലാത്ത ദിവ്യന്‍ വിഷണ്ണനായി എന്‍റെ അടുക്കല്‍ എത്തുന്നത്. അവന്‍റെ മുഖം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ആശ പൊട്ടി മുളച്ചു. " ദൈവമേ ഈസപ്പ്ളിക്കാലത്ത് കാലത്ത് ഇവനെങ്കിലും ഒരു തുണയാവുമോ? . അവന്റെ മുഖഭാവം കണ്ടപ്പോള്‍ ചുരുങിയത് ഒരു അഞ്ചു സപ്പ്ലിയടിച്ച ലക്ഷണം എനിക്ക് വായിക്കാന്‍ കഴിഞ്ഞു. അവന്‍ മന്ദം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു
" അളിയാ, ഹോണേഴ്‌സ്‌ പോയി. "
എന്ജിനിയരിങ്ങിനു എഴുപത്തിയഞ്ചു പേര്‍ സെന്‍റ് വാങ്ങുന്ന ചടങ്ങാണ് ഹോണേഴ്‌സ്‌ എന്ന് പറയുന്നത്. ഇവിടെ രണ്ടു പേപ്പര്‍ പൊട്ടി പണ്ടാരമടങ്ങി നില്‍ക്കുന്നവനോടാ അവന്‍ ഈ വലിയ സംഭവം എഴുന്നള്ളിക്കുന്നത്.വായില്‍ കൊടുങല്ലൂര്‍ ഭഗവതിയാണ് വന്നത്. പിന്നെ എല്ലാം ക്ഷമിച്ചു യാത്രയായി.

ഒരിക്കല്‍ സപ്ലി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരുപാട് ചടങ്ങുകള്‍ ഉണ്ട്. അപ്ലിക്കേഷന്‍ ഫോം വാങ്ങണം . യുനിവേര്സിടിയില്‍ പോകണം. വിണ്ടും രജിസ്റെര്‍ ചെയ്യണം. പിന്നെ രണ്ടാം വട്ടം പഠിക്കണം . ഒടുവില്‍ പരീക്ഷ എഴുതുകയും വേണം . ഈ രാജാറാം മോഹന്‍ റോയും മെക്കാളെയും കൊണ്ട് വന്ന ഓരോ പരിഷ്കാരങ്ങള്‍...!
ആദ്യ പടിയെന്ന നിലയില്‍ കാലികറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ എത്തി.കാലികറ്റ്  യൂണിവേഴ്സിറ്റി- മലപ്പുറം ജില്ലയില്‍ പിറന്നു കോഴിക്കോട്ടെ വേന്ദ്രന്മാര്‍ തട്ടിക്കൊണ്ടു പോയ മൊഞ്ചത്തി, (നേരത്തെ ഒരു വിമാനത്താവളവും സാമുതിരിനാടുകാര്‍ ഞങ്ങള്‍ ഏറനാടുകാരുടെ കൈയില്‍ നിന്നും കപ്പം വാങ്ങിയിട്ടുണ്ട്. കേരളമാകെ പച്ച ചെങ്കൊടി പാറുകയും അഹമ്മദ് സായിവു ഇന്ത്യന്‍ പ്രധാനമന്ത്രിയാവുകായും ചെയ്തിട്ടു വേണം ഇതിനെല്ലാം പകരം വിട്ടാന്‍)

ഏതായാലും ഒരു വഴിക്ക് പോകുന്നതല്ലേ കൂട്ടിനു നിബിനെയും കൂട്ടി. നിബിന്‍ - ആത്മസുഹൃത്തും ഇന്‍ ഹരിഹര്‍ നഗര്‍ ഫാന്സില്‍ പ്രധാനിയുമായ ഒരാള്‍ . (ഞാനും ഹരിയും ഗോപുവും ആണ് മറ്റുള്ളവര്‍) നിബിന്ടെ വരവിന് പിന്നില്‍ ഒരു ഗൂഡ ഉദേശം ഉണ്ട് ഇമ്പ്രൂവ്മെന്റ്റ്‌ എന്ന പെറ്റി ബൂര്‍ഷ്വാ ഇടപാട് തന്നെ ! അറുപത്തിയാറ് ശതമാനം എഴുപതില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നം .എന്തായാലും ഏകദേസം പത്തു മണിയോടെ യൂണിവേഴ്സിറ്റിയിൽ  എത്തി . ബസ്‌ ഇറങ്ങിയമുതല്‍ പല കോളെജ്കളിലായി ഒരായിരം പക്ഷികള്‍ ഗേറ്റ് മുതല്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു . വേഗം അപ്ലിക്കേഷന്‍ ഫോം വാങ്ങി ഫില്‍ ചെയ്തു . അപ്പോളാണ് ഒരു കൂട്ടം സുന്ദരിമാര്‍ ഞങ്ങള്‍ക്ക് സമീപമിരുന്നു ഫോം ഫില്‍ ചെയ്ന്നത് ശ്രദ്ധിച്ചത് . സംസാരത്തില്‍ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ   ആണെന്ന് തോന്നി. ഞങ്ങളിലെ പക്ഷി നിരീക്ഷകര്‍ ഉണര്‍ന്നു. നേരെ അവളിലോരുത്തിയുടെ മുന്നിലെത്തി ചോദിച്ചു . "ഈ ഇമ്പ്രൂവ്മെന്റിന്റെ ഫോം എവിടെയാണ്  ഡിപ്പോസിറ്റ്  ചെയ്യേണ്ടത്?"
ആ സുന്ദരി ഞങ്ങളോട് പറഞ്ഞു . "എനിക്കറിയില്ല" . ( ന്യായമായും പ്രതീക്ഷിച്ച ഉത്തരം !)

ഉടന്‍ ഞാന്‍ നിബിനോട് പറഞ്ഞു (സ്വാഭാവികമായും അവളെ കേള്‍പ്പിച്ചുകൊണ്ട്  )
" ഞാന്‍ ആപഴെ പറഞ്ഞതാ ഈ ഇമ്പ്രൂവ്മെന്റിന് ഞാന്‍ ഇല്ല എന്നത്. ഏറിയാല്‍ ഈ സെമിസ്ടരില്‍ ഹോണേഴ്‌സ്‌ പോകും . അത് നമുക്ക് അടുത്ത സെമിസ്ടരില്‍ മേയ്കപ്‌ ചെയ്യാവുന്നതല്ലേ ഉള്ളു. വെറുതെ യൂണിവേഴ്സിറ്റിയും റീ എക്സാമും "
അവളുടെ കണ്ണുകള്‍  അദ്ഭുതം കൊണ്ട് സോഡിയം വെപര്‍ ലാമ്പ് പോലെ തിളങ്ങി. ഞാന്‍ എന്നെക്കുറിചോര്‍ത്തു അഭിമാനം കൊണ്ട് . നിബിനാകട്ടെ അരിശം പൊട്ടി മുളച്ചു. ഇമ്പ്രൂവ്‌മന്റ്‌ ചെയ്യുന്നത് അവനും ക്രെഡിറ്റ്‌ എനിക്കും

കാര്യങ്ങൾ അവിടെയും നിന്നില്ല . കോളേജിലെ വലിയ കോമ്പിറ്റീഷനെ പറ്റിയും ഈവര്‍ഷം ഒരു പാടു പേര്‍ സപ്ലി അടിച്ചതിനെ പറ്റിയും വെച്ച് കാച്ചി. അവള്‍ പറഞ്ഞു. അവള്‍ക്കും സപ്ലി അടിച്ചെന്നു. പുവര്‍ ഗേള്‍ ! അതിനിടയില്‍ അവളുടെ ക്ലാസ്സ്‌, ഫോണ്‍ ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറി. അപ്പോഴാണ്‌ രണ്ടു മണിക്കുശേഷം യുണിവേഴ്സിറ്റിയിൽ  ഫോം സ്വീകരിക്കില്ല എന്ന ഒരു കിംവദന്തി ആ വഴി ഒഴുകി എത്തിയത്.

വേദനയോടെ ആ മാന്‍ പേടയോടു വിടപറഞ്ഞു ഞങ്ങള്‍ അപ്ലികേഷന്‍ കൊണ്ട് നിക്ഷപിക്കുന്ന പെട്ടിക്ക്  സമീപത്തെത്തി. അവിടെ രണ്ടു മുന്ന് തരം പെട്ടികള്‍.അടുത്ത് നിന്ന ജിവനക്കാരന്റെ ലുക്ക്  തോന്നിയ ഒരു ചേട്ടനോട് ചോദിച്ചു ഇ അപ്ലികേഷന്‍ എവിടെയാണ് നിക്ഷേപിക്കുന്നത് എന്ന്. എന്റെ അപ്ലികേഷന്‍ വാങ്ങി നോക്കിയിട്ട് അയാള്‍ പറഞ്ഞു . "സപ്ലിയല്ലേ എന്തായാലും എല്ലാം കുടി ആ പെട്ടിയില്‍ ഇട്ടോ. പിന്നെ ജയിക്കാനായി സ്പ്ലിഭഗവതിക്ക് ഒരു തേങ്ങയും അടിച്ചോ."
ഞാനും നിബിനും (ഇമ്പ്രൂവ്‌മന്റിനും അതെ പെട്ടി തന്നെയാണ്) അപ്ലികേഷന്‍ അവിടെ ഇട്ടു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ മാന്‍പേട വിത്ത്‌ ഫ്രെണ്ട്സ്  അതേ  ജീവനക്കാരനോട് ഞങ്ങളുടെ സെയിം ഡൌട്ട്  ചോദിക്കുന്നു. "ഈ ഫോം  ഏതു  പെട്ടിയിൽ  ഇടണം എന്ന് ?"
 ആ ജിവനക്കാരന്‍  കണ്ണിൽ  ചോരയില്ലാതെ  പറയുന്നു. "ദെ ആ രണ്ടു വിദ്വാന്മാരും സപ്പ്ളിക്കാര,  നിങ്ങളെ പ്പോലത്തന്നെ. അതേ  പെട്ടിയില്‍ ഇട്ടോ നിങ്ങളുടെ അപ്ലികേഷനും...

അരമണിക്കൂര്‍ നേരത്തെ അദ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ ഹോണേഴ്‌സ്‌കാരുറെ എല്ലാ ഹോണെഴ്‌സും ആ 'മഹാനായ' സുഹൃത്തിന്റെ ആ ഒരു സെന്റന്‍സില്‍ കടല്‍ കടന്നപ്പോള്‍ ഞങ്ങള്‍ മുങ്ങി ." ബിന്‍ ലാദനെ പോലെ, സുകുമാരക്കുറുപ്പിനെ പോലെ "

മാന്‍ പേടകളുടെ പൊട്ടിച്ചിരി ഒരു അശരീരിപോലെ ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങി....!



ടെര്‍മിനോളജി: സപ്ലി: ( സപ്ലിമെന്ററി എക്സാം- തോറ്റവരുടെ പരീക്ഷ)

Saturday, December 19, 2009

മിസ്ഡ്‌ കോള്‍

ഇടക്കിടെ ഓരോ മിസ്ഡ്‌ കോള്‍ വരാറുണ്ട്‌ എന്റെ ഫോണില്‍.ഇതിലെന്‍താണിത്ര പ്രത്യേകത എന്നു ചോദിച്ചേക്കാം. മലയാളികള്‍ ഫോണ്‍ എടുക്കുന്നതു തന്നെ മിസ്സ്ഡ്‌ കോള്‍ അടിക്കാനാണു എന്നാണു ഓഫിസിലെ മറാത്തി ഡ്രൈവര്‍ പറയാറ്‌.

പക്ഷെ ഇവിടെ ഒരു കുഴപ്പം ഉണ്ട്‌. നാട്ടില്‍ നിന്നുള്ള ഇന്റര്‍നാഷ്ണല്‍ കോളുകളുടെ നമ്പര്‍  ഇവിടുത്തെ ടെലികോം സര്‍വീസ്‌ പ്രൊവൈഡെര്‍സ്‌ അപൂര്‍വ്വമായെ കാണിക്കാറുള്ളൂ. നാട്ടില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ "നോ നമ്പര്‍" എന്നാണു കാണിക്കാറു .

ആദ്യമൊക്കെ വലിയ പരിഭ്രമമായിരുന്നു, വീട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം? അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക്‌ വല്ല അത്യവശ്യവും? അപ്പൊഴൊക്കെ എല്ലവരെയും ആളാം വട്ടം വിളിക്കാറുണ്ടായിരുന്നു. സാവധാനം ആ പതിവു മാറ്റി. മിസ്ഡ്‌ കോള്‍ കണ്ടാല്‍ ആരേയും വിളിക്കാതായി. അപ്പൊഴും മിസ്ഡ്‌ കോളുകള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. ഏതാനും ചില വര്‍ഷങ്ങള്‍ക്കുമുന്‍പു, കോളേജ്‌ ദിനങ്ങളില്‍ ഓരൊ മിസ്ഡ്‌ കോളുകള്‍ക്കും ഓരോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. ഗുഡ്‌ മോണിംഗ്‌ മുതല്‍ ദേഷ്യവും സങ്കടവും പ്രണയവും വരെ മിസ്ഡ് കോള്‍ കൊണ്ട്  ഞങ്ങള്‍ സംവദിച്ചിരുന്നു.

മിസ്ഡ്‌ കോള്‍ കണ്ടു തിരിച്ചു വിളിക്കാതെ ഒരു പാടു പേര്‍ പിണങ്ങി. പക്ഷെ എന്റെ അവസ്ഥ മനസിലാക്കിയപ്പൊള്‍ അവരില്‍ പലരും മിസ്ഡ്‌ കോളില്‍ നിന്നു എസ്‌ എം എസിലെക്കു അപ്‌ ഗ്രേഡ്‌ ചെയ്തു. പക്ഷെ ഒറ്റക്കും തറ്റക്കും മിസ്ഡ്‌ കോളുകള്‍ പിന്നെയും വന്നു കൊണ്ടിരുന്നു.
ഈ മിസ്ഡ് കോളുകളെ പറ്റി എന്തിനാണ് ആവലാതിപ്പെടുന്നത് എന്ന് ഇടയ്ക്കു ചിന്തിക്കാറുണ്ട് .  പക്ഷെ വര്‍ഷങ്ങളായി നെഞ്ചോട്‌ചേര്‍ത്ത് പിടിച സുഹൃത്തുക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ മിസ്ഡ് കാലുകളെ ലഘുവായി കാണാന്‍ തോന്നാറില്ല .

വര്‍ഷങ്ങളുടെ പിന്‍ബലമുള്ള സുഹ്രുത്തുക്കളും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള സൗഹ്രദങ്ങളും എല്ലാം എന്റെ സമ്പാദ്യത്തില്‍  പെടുന്നുണ്ട്‌. വര്‍ഷങ്ങളുടെ പരിചയമുള്ള സുഹ്രുത്തുക്കള്‍ ചില ചെറിയ വിഷയങ്ങളില്‍ തെറ്റി പിണങ്ങിപ്പോയതു വേദനയൊടെ നോക്കി നിന്ന നിമിഷങ്ങളും ഏതാനും മണിക്കുറുകളുടെ പരിചയമുള്ളവര്‍ ആ നിമിഷങ്ങളെ അമുല്യമായ സൗഹ്രദങ്ങളില്‍പെടുത്തി സൂക്ഷിക്കുന്നതും എന്നെ അദ്ദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്‌.

അത്തരം ലഘു സൗഹൃദങ്ങളെക്കുറിചു ഓര്‍ക്കുമ്പോള്‍ വിജയന്റെ മുഖമാണു ആദ്യം ഓര്‍മയില്‍ വരിക. . ഒരു രാത്രി കോളേജില്‍ നിന്നും (കോഴിക്കോട്‌) നിന്നും എടപ്പാളില്‍ എത്തുമ്പോള്‍  സമയം ഒന്‍പത്‌. വലിയ മെട്രൊ സിറ്റിയാണു എടപ്പളെന്നു കൂട്ടുകാരൊടു വീമ്പിളക്കാരുണ്ടെങ്കിലും രാത്രി എട്ടര കഴിഞ്ഞാല്‍ പട്ടാമ്പി ഭാഗത്തേക്കു ബസ്സു നഹി! എനിക്കാണെങ്കില്‍ പട്ടാമ്പി  റോഡില്‍ അഞ്ചു കിലോമീറ്റര്‍ ബസ്സില്‍ പോയി പിന്നെ ഒന്നര കിലോമീറ്റര്‍ ഓട്ടോയില്‍ പോകണം. ലാസ്റ്റ്‌ ബസ്സിനു അരമണിക്കൂറുമുന്‍പ്‌ ഓട്ടോക്കാര്‍ വീട്ടില്‍ പോകും.

സംഗതി ഒന്നു കൂടി ഭീകരമാക്കാന്‍ അന്നു വൈകുന്നേരം മുതല്‍ ബസ്സുകാരുടെ മിന്നല്‍ പണിമുടക്കും. അതുകൊണ്ട്‌ എടപ്പാളുള്ള   ഒരു വിധം എല്ലാ ഒട്ടോകളും  പല വഴിക്ക്‌ ഓടിത്തിമര്‍ക്കുന്നു.ഞാന്‍ കൈ കാണിച്ചിട്ടു ആരും നിര്‍ത്തുന്നില്ല. എന്റെ തോളിലുള്ള വലിയ ട്രാവലെഴ്സ്‌ ബാഗ്‌ തന്നെ കാരണം. എന്നെയും ആ ബാഗും കൂടി വണ്ടിയില്‍ കയറ്റിയാല്‍ രണ്ടാളുടെ സ്ഥലം പൊയിക്കിട്ടും.

തണുത്ത കാറ്റു ശക്തിയായി വീശാന്‍ തുടങ്ങി. മഴക്കാറുകൊണ്ടെന്നപൊലെ നിലാവു മങ്ങാനും തുടങ്ങി. എന്ത് ചെയ്യും.? വലിയ ടൗണാണെങ്കിലും രാത്രി പത്തുമണി കഴിഞ്ഞാല്‍ ഇവിടെ ഒരു പൂച്ചക്കുഞ്ഞുപോലും ഉണ്ടായിക്കൊള്ളണമെന്നില്ല. തല ബ്ലാങ്കായി ഇരിക്കുന്ന ആ നിമിഷത്തിലാണു ഒരു ഗുഡ്സ്‌ ഓട്ടൊ മുന്നില്‍ വന്നു നില്‍ക്കുന്നത്‌.

"നീയെന്താ  ഇവിടെ ഇപ്പൊള്‍ ? വണ്ടിയൊന്നും കിട്ടിയില്ല അല്ലേ? ഇതില്‍ കയറിക്കൊ. ഇനി വണ്ടി കിട്ടാന്‍ ബുദ്ധിമുട്ടാ. ഞാല്‍ കൊണ്ടുവിടാം" വണ്ടിക്കകത്തെ കറുത്തു മെലിഞ്ഞ ഒരു ചെറുപ്പകാരന്‍ പറഞ്ഞു.
എന്നൊടു തന്നെയാണൊ എന്നു ആദ്യം ഞാന്‍ ഒന്നു സംശയിച്ചു. വളരെ വിദൂരമായ ഒരു പരിചയം എനിക്കു ഓര്‍ത്തെടുക്കന്‍ കഴിഞ്ഞു. ആരാ എന്താ എന്നൊക്കെ ഓര്‍മ്മയുടെ ഡാറ്റബേസില്‍ വ്യര്‍തഥമായി പരതുമ്പോള്‍  അവന്‍ സ്വയം പരിചയപ്പെടുത്തി." കുമരനെല്ലൂരിലല്ലെ നിയ്യ്‌  പഠിച്ചത്‌.എനിക്കറിയാം. ഞാന്‍ അന്നേക്കാള്‍ രണ്ടുകൊല്ലം സീനിയറായിരുന്നു"

അപ്പൊള്‍ അതാണു പരിചയം. ഞാന്‍ ഉടനടി വണ്ടിയില്‍ക്കയറി.ആ വാക്കുകളിലെ ആത്മാര്‍തതയെ സംശയിക്കാന്‍ ഒരിക്കലും തോന്നിയില്ല.

"എന്റെ പേരു വിജയന്‍. പക്ഷെ പേരു കൊണ്ടു ഓര്‍ക്കണം എന്നില്ല. കുമരനെല്ലുരു സ്കൂളില്‍ അസംബ്ലി ഹാളിന്റെ സൈഡിലുള്ള പത്തു ഡിയില്‍ ഞാന്‍ എസ്‌ എസ്‌ എല്‍ സി എഴുത്തിയപ്പോള്‍ നീ എന്റെ ബഞ്ചിലാണിരുന്നത്‌. നീ അന്നു എട്ടിലല്ലേ. ഈംഗ്ലീഷ്‌ ഗ്രാമറും ജിയോഗ്രഫിയിലെ ഭുപടവും മലയാളം വൃത്തവും എല്ലാം നീയാണു പറഞ്ഞു തന്നതു. ഓര്‍ക്കുന്നില്ലെ? പക്ഷെ അതൊണ്ടു കാര്യം ഉണ്ടായില്ല. കണക്കില്‌ പൊട്ടി. പിന്നെ പഠിച്ചില്ല"

പഠിക്കാന്‍ തരക്കേടില്ലാതിരുന്നതു കൊണ്ടു പലരേയും സഹായിച്ചിട്ടുണ്ടു .പരീക്ഷകള്‍ക്കിടയില്‍. പക്ഷേ അങ്ങനെ എഴുതിത്തള്ളിയ നൂറു പരീക്ഷകളില്‍ ഈ മുഖം എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു ചെറിയ സൗഹൃദം പോലും അവന്‍ എത്ര അമൂല്യമായി സൂക്ഷിക്കുന്നു എന്ന ചിന്ത അന്നു രാത്രി പെയ്യുാനായി നിന്ന മഴ എന്റെ മനസ്സില്‍ വളരെ നേരത്തെ പെയ്യിച്ചു.
വീടിന്റെ പടി വരെ അവന്‍ എന്നെ കൊണ്ടുചെന്നാക്കി. യാത്ര പറയുമ്പോള്‍  അവന്റെ മൊബൈല്‍  നമ്പര്‍ വാങ്ങി. അപ്പൊള്‍ അവന്‍ പറഞ്ഞു" ഞാന്‍ മിസ്ഡ്‌ കോള്‍ അടിക്കാം"

ആ വാക്ക്‌ വിജയന്‍ ഇടക്കിടെ പാലിച്ചു കൊണ്ടിരുന്നു.ഞാന്‍ പലപ്പൊഴും അവനെ വിളിക്കാരുണ്ടായിരുന്നു. അപ്പൊഴൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളായിരിക്കും അവനു  പറയാറുണ്ടാവുക.

ദിവസങ്ങളുടെ പാച്ചിലിനിടെ വളരെ അടുത്ത കൂട്ടുകാരനുമായി പിണങ്ങി ഒറ്റക്കിരുന്ന ഒരു രാത്രി. ഒരു പാടു സൗഹൃദവുമായി ഒന്നിച്ചു മൂന്നു വര്‍ഷം കഴിഞ്ഞ ആ സുഹൃത്തു ഒരു ചെറിയ പ്രശ്നത്തില്‍ ഉടക്കി എന്നില്‍ നിന്നും അകന്നു യാത്രചെയ്യുന്നു എന്നു പ്രഖ്യാപിച്ചിരുന്ന ആ രാത്രി ഫോണില്‍ ഒരു മിസ്ഡ്‌ കോളുമായി വിജയന്‍ വീണ്ടും വന്നു. ഉടന്‍ തന്നെ തിരിച്ചു വിളിക്കാനാണു തോന്നിയത്‌.

" ഇന്നു രാത്രിയും ഇവിടെ എടപ്പാളില്‍ മിന്നല്‍ പണിമുടക്കാ. അന്നത്തെപ്പോലെ ഇവിടെ എവിടെയെങ്കിലും ഒറ്റക്കു നില്‍ക്കുന്നുണ്ടൊ എന്നറിയാന്‍ വിളിച്ചതാ.ഞാനും വണ്ടിയും ഇവിടെ റെഡിയാണേ"

ഒന്നു പൊട്ടിക്കരയാനാണു തോന്നിയത്‌.?ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്നു കരുതിയ നിമിഷത്തില്‍ എന്നെക്കുറിച്ചോര്‍ത്തു ആകുലപ്പെടുന്ന ഒരാള്‍. അന്നു മനസ്സില്‍ക്കുറിച്ചിട്ടു. ഈ സൗഹൃദം ഒരിക്കലും നഷടപ്പെടുത്തില്ല.
ഗള്‍ഫിലെത്തിയ ഉടനെ വിളിച്ച്‌ സുഹൃത്തുക്കളില്‍ ആദ്യത്തെയാള്‍ വിജയനായിറുന്നു.ഒരു പാടു സന്‍തോഷമായി അവനു. വിളിക്കുമ്പോളൊക്കെ നാട്ടിലെ പുതിയ വിശേഷങ്ങളുമായി അവനുണ്ടായിരുന്നു.

ഓര്‍മകള്‍ക്കു തീ പിടിക്കുമ്പോള്‍ ഫോണ്‍ പിന്നെയും കരയാന്‍ തുടങ്ങി. ഒരു കുഞ്ഞു മിസ്ഡ്‌ കോള്‍. നംബര്‍ അജ്ഞാതം. വിജയനായിരിക്കുമൊ? അതൊ കോളേജിലെ പഴയ സുഹൃത്തുക്കള്‍.എന്നോ സ്വപനങ്ങളില്‍ നിന്നും കുടിയിറക്കി വിട്ട എന്റെ ആ ചകോരിയുടെ വിരഹാര്‍ദ്രമായ പാട്ടാണൊ? മനസ്സു പിന്നെയും അസ്വസ്ഥമാകാന്‍ തുടങ്ങി.

പക്ഷെ ഒന്നുറപ്പാണ്‌. ഈ നിമിഷം ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്നു ഒരാള്‍ എന്നെ ഓര്‍ക്കുന്നു.പണ്ട്‌ ശ്രീഹരിക്കൊപ്പം(കാല്‍വിന്‍ ദ ഗ്രേറ്റ്‌) കോളേജിലെ മരത്തണലില്‍ ഇരുന്നു പാടിയ സുഗതകുമാരിയുടെ വരികള്‍ ഓര്‍മ്മകളില്‍ പിന്നെയും മുഴങ്ങുന്നു.

" സമാനഹൃദയാ, നിനക്കായി പാടുന്നു ഞാന്‍
നിഷ്ഫലമല്ലി ജന്മം തോഴാ, നിനക്കായ്‌ പാടുമ്പോള്‍"

Saturday, December 12, 2009

'പ്രിയദര്‍ശന'ങള്‍


കാഞ്ചിവരം റീമെയ്കു ചെയ്യില്ല- പ്രിയന്‍.


( പത്രവാര്‍ത്ത ഇതൊടൊപ്പം ചേര്‍ത്തിരിക്കുന്നു)
അല്ലെങ്കിലും സ്വന്‍തം പടം റീമേയ്ക്ചെയ്യുവാന്‍ പ്രിയനു വലിയ താല്‍പര്യം കാണില്ല. കാരണം മറ്റുള്ളവരുടെ പടങ്ങള്‍ റിമെക്കു ചെയ്തു മാത്രമെ അദ്ദേഹത്തിനു പരിചയമുള്ളു.

സംശയമുള്ളവര്‍ അദേഹത്തിന്റെ ട്രാക്ക്‌ റെക്കോര്‍ഡ്‌ ഒന്നു പരിശോധിചു നോക്കൂ.

1. ബോയിംഗ്‌ ബോയിംഗ്‌(1965 അമേരിക്കന്‍ പടം)
2. വെട്ടം ( ഫ്രഞ്ച്‌ കിസ്സ്‌ 1995)
3. കാക്കക്കുയില്‍( എ ഫിഷ്‌ കോള്‍ഡ്‌ വാന്‍ഡ 1988)
4. വന്ദനം(സ്റ്റേക്‌ ഔട്‌ 1987)

ഇനിയും ചുരുങ്ങിയതു അഞ്ചു സിനിമയെങ്കിലും പറയാന്‍ കഴിയും (താളവട്ടവും എന്നിഷ്ടവും ഹലൊ മൈ ഡിയരും ചന്ദ്രലേഖയും എല്ലാം അതില്‍ പെടും)
അതു കൂടാതെ ഹിന്ദിയില്‍ മലയാളത്തിന്റെ ഗോദ്‌ ഫാദറും കാബൂളിവാലയും ഹരിഹര്‍ നഗറും റാംജി റാവൂ അനിയത്തി പ്രാവും മണിച്ചിത്രത്താഴും എന്‍തിനു പഞ്ചാബി ഹസും സന്മനസ്സുള്ളവരും വരെ എത്തിച്ച്‌ മഹാനാണു പ്രിയന്‍,
സ്വന്‍തം പടം ഹിന്ദിലെടുക്കുന്നതിലെക്കാളും സേയ്ഫ്‌ സിദിക്ക്‌ ലാലിന്റ്‌ പടങ്ങളാണു എന്നു പ്രിയനു നന്നയി അറിയാം, അതിനു ഇനി ടു ഹരിഹര്‍ നഗരോ ബോഡി ഗാര്‍ഡൊ ഹരിഹര്‍ നഗര്‍ 3 ബാക്കിയുള്ളു,

എന്റ്‌തായാലും കാഞ്ചിവരം ഇല്ല. എങ്കില്‍ ബോഡി ഗാര്‍ഡ്‌ റിലീസ്‌ ചെയ്യുന്നത്‌ വരെ കാത്തിരിക്കുകയെ വഴിയുള്ളൂ,അതു വരെ ഇങ്ങനെ ഉണ്ടയില്ലവെടികള്‍ പൊട്ടിച്ചിരിക്കാം. പ്രിയനാരാ മോന്‍ .....!

Friday, December 11, 2009

മെയ്ഡ്‌ ഇന്‍ ചൈന

കഴിഞ്ഞ തവണയും അച്ഛന്‍    വന്നപ്പൊള്‍ ഒരു പാടു സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു. കളര്‍ പെന്‍സില്‍,പെയ്ന്റ്‌, ഉടുപ്പുകള്‍, പിന്നെ ഒരു കുഞ്ഞു പോകറ്റ്‌ റേഡിയൊ, നല്ലൊരു വാച്ച്‌.

അപ്പൊഴൊക്കെ ആ സാധനങ്ങളിലെല്ലാം എന്തോ  ചിലത് അപരിചിതമായ  ഭാഷയില്‍ എഴുതി വച്ചിരിക്കുന്നതായി അപ്പു ശ്രദ്ധിച്ചിരുന്നു. ടി.വിയില്‍ പല തവണ കാണുന്നതു കൊണ്ട്‌ അതു ഇംഗ്ലിഷ്‌ അല്ല എന്നു അപ്പുവിനറിയാം. നാലു വയസ്സുകൊണ്ട്‌ എ,ബി,സി,ഡി യൊക്കെ അവനറിയാം.

കൊല്ലത്തിലൊരിക്കല്‍ ഈവക സാധനങ്ങളുമായി എത്തുന്ന അച്ഛന്‍ എന്ന  ഗള്‍ഫുകാരനെ പ്രതിക്ഷിച്ചു നാട്ടില്‍ ഒരുപാട്  പേര്‍ കാത്തിരിക്കുന്നുണ്ട്‌ എന്നത് അവനു അറിയാമല്ലോ
പിന്നീട്‌ ഇംഗ്ലിഷ്‌ കൂട്ടി വായിക്കാന്‍ പഠിച്ചപ്പൊള്‍ അവാനാദ്യം കൂട്ടി വായിച്ച  വാക്ക്‌
'മാന്‍മാര്‍ക്കു കുട' എന്നായിരുന്നില്ല. അച്ഛന്‍ അവനു അയച്ചു കൊടുത്ത സൈക്കിളിന്റെ സൈഡില്‍ എഴുതി വച്ച, അവന്‍റെ പേനയിലും, കളര്‍ പെന്‍സിലിലും റേഡിയൊവിലും എഴുതി വച്ച്‌ "മെയ്ഡ്‌ ഇന്‍ ചൈന" എന്നായിരുന്നു.

വീട്ടിനടുത്തുള്ള ചൈനാ ബസാറില്‍ അമ്മയൊടൊപ്പം പോയപ്പൊള്‍ അച്ഛന്‍ കൊണ്ടു വരാറുള്ള സാധനങ്ങളുടെ ഇരട്ടി ശേഖരം  അവിടെ കാണാന്‍ അവനു പറ്റി. പ്രായൊഗിക ജീവിത്തിന്റെ ഭൂമികയില്‍ ജനിച്ച്‌ അപ്പു അപ്പോള്‍  ഇങ്ങനെ ചിന്തിച്ചു. " ഒരു ദുബായിക്കാരനെ കല്യാണം കഴിക്കുന്നതിനു പകരം അമ്മക്കെന്തു  കൊണ്ടു ഒരു ചൈനക്കാരനെ കല്യാണം കഴിച്ചുകൂട?"

അപ്പൊള്‍ അടുത്ത വരവിനുള്ള സാധങ്ങള്‍  ‍വാങ്ങാനായി അച്ഛനെന്ന  ദുബായിക്കാരന്‍ ഒരു ഷോപ്പിംഗ്‌ മാളില്‍ അലഞ്ഞു നടക്കുകയായിരുന്നു. 

Wednesday, December 2, 2009

പുതുവത്സരചിന്‍തകള്‍

അങ്ങനെ ബസ്സ്‌ സമരം താല്‍ക്കലികമായി പിന്‌വലിച്ചു. ഡിസംബറിന്റെ എക്കൗണ്ട്‌ സമരത്തൊടെ തുടങ്ങാമെന്നു കരുതിയിരുന്ന മലയാളി നിരാശനായി. പക്ഷെ ബസ്‌ സമരം ഒരു പുതുവര്‍ഷസമ്മാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്  സര്‍ക്കാരും ബസ്സു മുതലാളികളും.എന്തായാലും ഒന്നുറപ്പാണു.  ബസ്‌ സമരം ഒഴിവായാല്‍ വിദ്യാര്‍ഥി സമരം പ്രതീക്ഷിക്കാം. കാരണം ഇത്തവണ ബസ്‌ സമരത്തിനുകാരണം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ആണ്‌.

സമര കൈരളി വിജയിക്കട്ടെ!

അടുത്ത കലണ്ടര്‍ വര്‍ഷത്തെ സമരങ്ങള്‍ ഏതൊക്കെയായിരിക്കും?

ഉള്ളിയുടെ വില വര്‍ധിക്കുന്നതുകൊണ്ടു ഒരു കേന്ദ്രസര്‍ക്കാറിനെതിരെ ഒരു സമരം പ്രതീക്ഷിക്കാം. പിന്നെ  മുരളി ദെവറ കനിയുകയാണെങ്കില്‍ പെട്രൊളിയം വിലയും വര്‍ധിപ്പിചെക്കാം.

പിന്നെ പതിവുപോലെ ജുണില്‍ സ്വാശ്രയം കളിക്കാം. ഇതിനിടയില്‍ വല്ല ആണവ കരാറൊ(കാനഡയുമായി ഒരു കരാറിനു സാധ്യത കാണുന്നുണ്ട്‌.) സ്വതന്ത്ര വ്യാപാരക്കരാറൊ വന്നാല്‍ കുശാലായി. നാലഞ്ചു ദിവസം ഭേഷായി മനുഷ്യചങ്ങല, കവലപ്രസംഗം, ബക്കറ്റ്‌ പിരിവു തുടങ്ങിയ പതിവു കലാ പരിപാടികളുമായി മുന്നോട്ടു നീക്കാം.
ക്രമസമാധാനം വളെരെ ഉഷാറായി പാലിക്കപ്പെടുന്നതു കൊണ്ടു രാഷ്ട്രീയ സംഘട്ടനങ്ങളും പ്രതീക്ഷിക്കാം.മാത്രമല്ല നാലില്‍ കുജനും പതിനൊന്നില്‍ വ്യഴവും പതിനെട്ടില്‍ ബിനീഷും നില്‍ക്കുന്നതുകൊണ്ട്‌  ആഭ്യന്തരം   ഉഷാറാണല്ലൊ?

ദുബായുടെ ആപ്പീസു പൂട്ടിയെന്ന് മുഖ്യന്‍; അതൊടൊപ്പം ടീക്കോമും സ്മാര്‍ട്ടല്ലാതെയാവുമെന്നു ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍തൊക്കെയായിരുന്നു? വിഡിയോ കോണ്‍ഫറണ്‍സ്‌ , 50000 പേര്‍ക്കു ജോലി, കൊച്ചിയില്‍ സിലിക്കണ്‍ വാലി. അവസാനം പവനായി .....

മെട്രൊ റെയിലും വല്ലാര്‍പാടവും വിഴിഞ്ഞവും നനഞ്ഞ പടക്കങ്ങളാവുമെന്നോ എന്നു കാണിപ്പയൂരിനെ വിളിചു നോക്കെണ്ടി വരും. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ ഫൈനാഷ്യല്‍ ക്രൈസിസ്‌ വന്നു എന്നു പറഞ്ഞ പോലെയായി.

സമരങ്ങള്‍ക്ക്‌ പല സ്കോപ്പും ഇനിയുമുണ്ട്‌. സിലബസ്സില്‍ മതമില്ലാത്ത ജീവനുകളൊ ജീവനില്ലാത്ത മതങ്ങളൊ മോഡിയുടെ ആത്മകഥയൊ വന്നാല്‍ കുശാലായി. അക്കാഡമി അവാര്‍ഡുമുതല്‍ ചലചിത്രമേള വരെ സമരം നടത്താനുള വേദിയാക്കാം. ഏസ്‌ ആക്രിതിയിലുള്ളാ കത്തിയുടെ ചരിത്രം 'കാരിരാജ' എന്ന് പേരില്‍ ഹരിഹരനു പുറത്തിറക്കൈയാല്‍ ഒരു പക്ഷെ പനോരമയില്‍ സുവര്‍ണ്ണ മയൂരം ഏറ്റുവാങ്ങാം.

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പതിവു പോലെ മുറജപവും സദ്യയും സുഭികഷ്മായ വിവാദ പൂര്‍ണമായ ഒരു പുതുവത്സരത്തിനായി കാത്തിരിക്കാം.

Saturday, October 10, 2009

ഒരു വട്ടം കൂടിയാ ......!

വീണ്ടും ഒരിക്കല്‍ കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈദ് അവധിക്കു നാട്ടില്‍ എത്തിയ കൂട്ടുകാരെല്ലാം ഒന്നിച്ചു കോഴിക്കോട് കു‌ടാം എന്ന ബുദ്ധി ഉദിച്ചത് . നേരെ ഫോണെടുത്തു വിളി തുടങ്ങി. ഗഫൂര്‍ ,ഫവാസ്, അശ്വനി കുമാര്‍ ,ധീരജ്, ഷംസു പിന്നെ ഞാനും .മൂന്നു വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍.

രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.

ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.


റയില്‍വേ സ്റ്റേഷനില്‍ ഫവാസ് കാറുമായി നില്‍ക്കുനുണ്ടായിരുന്നു . മാനാഞ്ചിറ വായില്‍ നോക്കി ഷംസുവും . ഇനിയുള്ള കാര്യങള്‍ നമുക്കു ക്യാമറയിലൂടെ കാണാം


പണ്ടു വായില്‍ നോക്കിനിന്ന അതെ സ്ഥലങ്ങള്‍ . മാനാഞ്ചിറ സ്ക്വയര്‍ അടച്ചതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല
.


പിന്നെ നേരെ വെച്ച് പിടിച്ചു ബീച്ചിലേക്ക്. സമയം പത്തു മണി . നല്ല വെയില്‍ . കടല് കാണാന്‍ പറ്റിയ സമയം !




പത്തരയായപോഴേക്കും വല്ലാതെ വിശക്കാന്‍ തുടങ്ങി . ഞാനും സൌദിയില്‍ നിന്നും വന്ന ഷംസുവും കുബ്ബൂസിനായി ചുറ്റും പരതവേ ഗഫൂര്‍ പറഞ്ഞു. അത് ഇവിടെ കിട്ടുല. "പുവര്‍ മലയാളീസ് , കുബ്ബൂസ് ഇന്റെ രുചി അറിയാനുള്ള യോഗം ഇല്ല ". പിന്നെ അടുത്തുകണ്ട ഐസ് ക്രീം കടക്കാരനെ ആക്രമിച്ചു.

പതിനൊന്നു മണിക്ക് ഇനി എവിടേക്ക് എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ ധീരജ് വിളിക്കുന്നു. "ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേ ഉള്ളൂ." ഫസ്റ്റ് ഹൌര്‍ കഴിഞു മാത്രം ക്ലാസില്‍ എത്തുന്ന ശീലം അവന്‍ ഇതു വരി മാറ്റിയിട്ടില്ല . "നിങ്ങള്‍ വെസ്റ്റ്‌ ഹില്ലിലോട്ടോ വാ. ഞാന്‍ അപ്പോഴേക്കും അവിടെ എത്താം . "
പിന്നെ ഞങള്‍ എല്ലാവരും വെസ്റ്റ്‌ ഹില്ലില്‍. ഞായറാഴ്ചയായതിനാല്‍ കോളേജ് ക്ലോസ്ഡ്‌ . പിന്നെ തുറന്നു കിടന്ന ഒരു കിളിവാതില്‍ വഴി എല്ലാവരും ഉള്ളില്‍ . തുടര്‍ന്ന് അയവിറക്കല്‍ സെഷന്‍
പതിവില്ലാതെ അവധി ദിവസം ആളുകളെ കണ്ടപ്പോള്‍ സെക്യൂരിറ്റി അടുത്ത് വന്നു . ഉടനെ ഫവാസ് അരയില്‍ നിന്നും അത് വലിച്ചൂരി.അത് കണ്ടതും സെക്യൂരിറ്റി ഞെട്ടി മാറി. ഞങ്ങളെയും ഫവാസ് അത് കാണിച്ചു തന്നു.
കോളേജിലെ പഴയ ഐഡന്റിറ്റി കാര്ഡ്.!

മു‌ന്നു വര്‍ഷങ്ങള്‍ക്കിപ്പുരവും ഫവാസ് അത് സു‌ക്ഷിച്ചു വെച്ചിരിക്കുന്നു.

കുറച്ചു നേരം കോളേജില്‍ ചിലവിട്ടു ഞങ്ങള്‍ നേരെ സിറ്റിയിലേക്ക് പൊന്നു. അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. പിന്നെ കടുക്ക ഫ്രൈയും, ചിക്കന്‍ ബിരിയാണിയും സൂപും അടിച്ച് ടോപ്ഫോമില്‍ ഇത്തിരിനേരം .






വയറു നിറഞ്ഞപ്പോള്‍ ചിന്തകള്‍ക്ക് തീ പിടിച്ചു. ഇനി എങ്ങോട്ട്. ? അപ്പോഴാണ് ധീരാജ്‌ സരോവരം പാര്‍ക്കിനെ പ്പറ്റി പറഞ്ഞത്. പുതിയ പാര്ക്ക്. ഞങ്ങള്‍ ത്രില്ലടിച്ചു . അവിടുത്തെ മരച്ചുവടുകളില്‍ ഇരുന്ന കിളികളെ കമന്റടിച്ചു ഞങ്ങള്‍ രണ്ടു ബോട്ടുകളിലായി പുറപ്പെട്ടു.



അരമണിക്കൂര്‍ നേരത്തെ ബോട്ടിംഗ് ഞങ്ങള്‍ അര്‍മാദിച്ചു തീര്ത്തു. ഗഫൂറും ഷംസുവിനും അപാര ഫോമിലായിരുന്നു.






പിന്നെ വീണ്ടും സിറ്റിയിലേക്ക്‌ . ഫോക്കസ് മാളിനുള്ളില്‍ കയറി . അവിടെ കറങ്ങിയടിച്ചു ഒരു മണിക്കൂര്‍. ഇതിനിടയില്‍ ധീരജിന്റെ വീട്ടില്‍ കയറി പായസം കുടിച്ചു.

പിന്നീട് വരുന്ന വഴിയില്‍ അതാ നില്ക്കുന്നു സരോവരം പാര്‍ക്കിനു സമീപം എന്നെയും കാത്തു കാവ്യ മാധവന്‍. പാവം ഫവാസും ഷംസുവുമെല്ലാം കാല് പിടിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നേരെ അവളുടെ അടുത്തുചെന്നു ഫവാസിനും ഷംസുവിനും ഗഫൂറിനുമെല്ലാം അവളെ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ എല്ലാവര്ക്കും ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. "നമ്മുടെ പിള്ളേരല്ലേ" .

കാവ്യയോട്‌ യാത്ര പറഞ്ഞു ഫോക്കസ് മാളില്‍ നിന്നു ഞങള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ഫവാസ് കാറില്‍ ഞങ്ങളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. ഷംസു ടൌണില്‍ നിന്നുതന്നെ പിരിഞ്ഞു. ഒപ്പം ധീരജ്‌ കൈ വീശി അകന്നു. ഒടുവില്‍ ഞാനും ഗഫുരും അശ്വനിയും മാത്രം . താനൂരില്‍ അശ്വനിയും തിരൂരില്‍ ഗഫുരും യാത്ര പറഞ്ഞു അകന്നു.


ഇപ്പോള്‍ ട്രെയിനില്‍ ഞാന്‍ മാത്രം. രണ്ടു വര്ഷം ഞാന് അനുഭവിച്ച് ആ ഏകാന്തത എന്നെ വീണ്ടും സമീപിച്ചു. ഇനി എന്ന്? വീണ്ടും കാണണം എന്നുറചാണ്‌ പിരിഞ്ഞതെന്കിലും അകലുമ്പോള്‍ വേദന തോന്നുന്നു. ഇവിടെ ഈ നഗരത്തില്‍ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പൂക്കാലമാണെന്ന തിരിച്ചറിവില്‍ ആ വേദന വര്‍ധിക്കുന്നു .

തീവണ്ടി പിന്നെയും കുറ്റിപ്പുറത്ത് നിന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഈ മഴയും ദിവസങ്ങള്‍ക്കകം എനിക്കന്യമാകുമെന്ന ആ ബോധത്തില്‍ ബസ്സിലേക്ക് ഞാന്‍ നടന്നകന്നു...