ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.
എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍ ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?
പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.
അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ് മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.
അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ് കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി. അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും പറഞ്ഞിട്ടില്ലായിരുന്നു.
എന്റെ ഈ അവസ്ഥ സജീവന്റെ അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"
ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്. അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.
ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "
അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....