ആകാശത്തിനു നേരെ ഉയര്‍ന്നു നില്ക്കുന്ന ഒരു കൊടിക്കൂറ. അതിനോട് കുസൃതി കാട്ടി അതിനെ ചലിപ്പിക്കുന്ന കുളിര്‍കാറ്റും മഞ്ഞു പെയ്തിറങ്ങുന്ന മകര സന്ധ്യകളും .ആ സന്ധ്യകളെ സജീവമാക്കുന്ന പഞ്ചവാദ്യത്തിന്റെ സിംഫണി. ചെവിയാട്ടി മേളക്കൊഴുപ്പില്‍ മുങ്ങി നില്ക്കുന്ന കരിവീരന്മാര്.. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ക്കു ഇതു പൂരക്കാലം . ഇനി മൂന്നു നാലു മാസം ഞങ്ങള്‍ വള്ളുവനാട്ടുകാരുടെ നാവിനു പാടാന്‍ ഉത്സവപെരുമകള്‍ മാത്രം...
ദലാല്‍ സ്ട്രീറ്റിലെ കയറ്റിറക്കങ്ങള്‍ക്കോ പോളിറ്റ് ബ്യുറോയുടെയോ ഹൈക്കമാണ്ടിന്റെയോ പുതിയ തീരുമാനങ്ങള്‍ക്കോ ചെവി കൊടുക്കാതെ ഞങ്ങള്‍ പറയുന്നത് പാമ്പാടി രാജന്റെ തലയെടുപ്പിനെകുറിച്ചാണ്. അല്ലെങ്കില്‍ മംഗലാംകുന്നു കര്‍ണന്റെ പ്രൌഡിയെ കുറിച്ചാണ് . ചമ്മിണിക്കാവിലെ, ഉത്രാളിക്കാവിലെ, കുളങ്ങരയിലെ കരിമരുന്നിനെകുറിച്ചാണ്. ഇവിടെ ഉയരുന്നത് വള്ളുവനാട്ടിന്റെ ഹൃദയതാളം...!
സംസ്കൃതിയുടെ തുടിപ്പുകള്‍
വള്ളുവനാട്ടിലെ ഓരോ ഉത്സവങ്ങള്‍ക്കു പിറകിലും കാണും നിരവധി ഐതിഹ്യങ്ങള്‍ . ഒരു ദേശത്തിന്റെ ഉദ്ഭവത്തിന്റെ , നിലനില്പിന്റെ, പ്രതീക്ഷയുടെ കഥകള്‍. തട്ടകം വാഴുന്ന രാജാവായും, കാക്കുന്ന അമ്മയായും, ദുരിതങ്ങളെ ഹനിക്കുന്ന സംരക്ഷകനായും നൂറ്റാണ്ടുകളായി ഇവിടുത്തുകാര്‍ കണ്ടു പോന്ന ഒരു പറ്റം ദേവി ദേവന്മാരുടെ കഥ. അത് വിശ്വാസമോ അന്ധവിശ്വാസമോ എന്തുമാകട്ടെ ആ കഥകളിൽ അഭയം തേടുന്ന ആ ഗോത്ര പരതയിൽ ആശ്വാസം കണ്ടെത്തുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.
ഈ മണ്ണില്‍ ഉയര്‍ന്ന ദ്രാവിഡഗോത്ര സംസ്കാരങ്ങള്‍ കാവുകള്‍ക്ക് ചുറ്റുമായി വളര്‍ന്നതിനു മകുടോദാഹരണങ്ങളാ ണ് ഈ ഉത്സവങ്ങള്‍ . ഈ കാവുകള്‍ വരേണ്യ വിഭാഗങ്ങള്‍ക്കൊപ്പം അധസ്ഥിതരെയും അവര്‍ണരെന്നു വിളിച്ചു മാറ്റി നിര്ത്തപ്പെട്ടവരെയും ഒരുപോലെ സ്വീകരിച്ചിരുന്നു. സവര്‍ണ്ണ കലകള്‍ക്ക് പകരമായി ഇവിടെ കരിങ്കാളിയും തിറയുംമൂക്കോൻ ചാത്തനും കരിങ്കുട്ടിയും എല്ലാം രൂപം പ്രാപിച്ചു. നിയതമായ മന്ത്രോച്ചാരണങ്ങളോ ചിട്ടപെടുത്തിയ നൃത്ത രീതികളോ അവലംബിക്കാത്ത ഈ കലാരൂപങ്ങള്‍ പക്ഷെ താളനിബദ്ധതകൊണ്ടും ഭക്തിനിര്‍ഭരത കൊണ്ടും സവര്‍ണ കലകളോളം ജനപ്രിയമായി മാറി .
പൂതമിറങ്ങുന്ന പാടങ്ങള്‍!
കേട്ടിട്ടില്ലേ തുടികൊട്ടും കലര്-
ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം!
അതേ, ഇനിയുള്ള നാളുകളില്‍ ഇവിടെ പൂതം ഇറങ്ങുകയായി.
ഉണ്ണിയെ അന്വേഷിച്ചു ഓരോ വീട്ടിലേക്കും പൂതം എത്തും പുരവൃത്തങ്ങളുടെ ഭൂമികയില്‍ നിന്നും ഒരു പൂതപ്പാട് ഉയരുന്നു .
കാര്‍ഷിക സംസ്കാരത്തിന്റെ ബാകിപത്രങ്ങള്‍
പഴയകാല ഉത്സവങ്ങളുടെ മുഖമുദ്രയായിരുന്നു പൂരവാണിഭങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍, കര- കൌശല വസ്തുക്കള്‍, പണിയായുധങ്ങള്‍ അങ്ങനെ പലതും വില്‍ക്കാനും വാങ്ങാനും ഉള്ള ഒരു വേദിയായിരുന്നു പഴയകാല ഉത്സവങ്ങള്‍ .
മത്സ്യവും ഇറച്ചിയും പച്ചക്കറികളും പഴങ്ങളും പത്രങ്ങളും പലഹാരങ്ങളും അടക്കം എല്ലാം ഒന്നിച്ചു ലഭ്യമാകുന്ന ഒരു വേദിയാണ് ഈ വാണിഭങ്ങള്‍. ഒരു പക്ഷെ വാള്‍മാര്‍ട്ടും മറ്റും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വപ്നം കാണുന്നതിനു മുന്‍പ് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ നിത്യജീവിതത്തിനു വേണ്ട എല്ലാം ഒരു പൂരപ്പറമ്പില്‍ ഒരുക്കി അതിന്റെ വിപണി സാധ്യതയെ തുറന്നു കാണിച്ചിരുന്നു.
ചെളിയും മണ്ണും ഹൈജീനിക്കല്ലെന്നും പറഞ്ഞു അമൂല്‍ ബേബികളായി നാം വളര്‍ന്നപ്പോള്‍ ഈ പാടങ്ങളിലെ പലഹാരങ്ങള്‍ നമുക്ക് വേണ്ടാതായി. ഒരായിരം രാസവസ്തുക്കളുടെ നിറവും സൌന്
ചില ഓര്‍മ്മപ്പെടുത്തലുകള്‍
ഓരോ ഉത്സവവും ഭംഗിയായി കഴിയുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ക്കാറുണ്ട് ഇത്തവണ ദൈവം നമ്മെ കൈവിട്ടില്ലല്ലോ എന്ന് . ചിലപ്പോഴൊക്കെ ദൈവം കൈവിട്ടു പോവുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. പാപ്പാനെ കൊമ്പില്‍ കോര്‍ക്കുന്ന ആനയുടെ രൂപത്തില്‍, പൊട്ടിത്തെറിക്കുന്ന വെടിമരുന്ന്പുരയുടെ രൂപത്തില്‍, ഉത്സവലഹരിക്ക് കൊഴുപ്പേകാന്‍ ആരുടെയോ അശ്രദ്ധകൊണ്ട് അളവ് കൂടി പോവുന്ന മീതെയില്‍ ആള്‍കഹോളിന്റെ രൂപത്തില്‍,..... അങ്ങനെ ഉത്സവങ്ങള്‍ നിറം കേട്ടു പോവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ കണ്ടു.
തോട്ടി കൊണ്ട് കുത്തി ഉയര്‍ത്തുന്ന ആനച്ചന്തം |
പൂരപ്പറമ്പില്‍ കരിമരുന്നു കത്തി തുടങ്ങി. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ പഴയ ഓര്‍മകളെ അടുക്കി വെക്കാന്‍ തുടങ്ങി. ഇടയ്ക്കു തനിക്കു നേരെ ഒരു കളിപ്പാട്ടകച്ചവടക്കാരന്‍ നീട്ടിയ തിരയുള്ള കളിത്തോക്ക് വാങ്ങി പോക്കറ്റിലിട്ടപ്പോള്‍ മനസ്സ് നിറയെ ഏഴു ബി യിലെ ഒന്നാം ബെഞ്ചിലിരുന്നു നാളെ അത് വികാസിനെയും സന്ദീപിനെയും കാണിക്കാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷെ പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം വികാസും സന്ദീപും ആ ഏഴു ബിയിലെ ഒന്നാം ബെഞ്ചും തനിക്കന്യമാണ് എന്ന യാതാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഇഷ്ടമില്ലാതെ ഞാന്‍ ആ വരമ്പത്തിരുന്നു; കരിമരുന്നിന്റെ ആ ഇന്ദ്രജലത്തിനു മിഴികളെ വിട്ടു കൊടുത്തു കൊണ്ട്. ക്ഷേത്രനടയില്‍ കഴുത്തിലെ തോട്ടി അല്പമൊന്നു അയഞ്ഞ ആശ്വാസത്തില്‍ ദേവിയുടെ തിടംബിറക്കിയ കൊമ്പന് അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പൂര പ്രേമികളോട് കണ്ണിറുക്കികാട്ടി ചെവിയാട്ടി നില്ക്കുന്നുണ്ടായിരുന്നു ...