Saturday, March 12, 2011

ചില പിറന്നാള്‍ രഹസ്യങ്ങള്‍


പിറന്നാളില്‍ വിശ്വാസമില്ലാതെ, പിറന്നാള്‍ ദിവസവും മത്തിക്കറി കൂട്ടിയുള്ള  ചോറ് വേണം എന്ന് വാശിപിടിക്കാറുള്ള മേനോന്സിന്റെയും പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ പോട്ടൂര്‍കാവില്‍ അയ്യപ്പന്‍, മണലിയാര്‍കാവില്‍ ഭഗവതി, കവപ്ര തേവര്‍   തുടങ്ങി ലോക്കല്‍ അമ്പലങ്ങള്‍  മുതല്‍ ഗുരുവായുരും കാടാമ്പുഴയും  പോലുള്ള  ഗ്ലോബല്‍ അമ്പലങ്ങളില്‍ വരെ സന്ദര്‍ശനവും വഴിപാടും നടത്താറുള്ള രുക്കുവമ്മയുടെയും  പ്രൊഡക്ഷന്‍ ആയതുകൊണ്ട് പിറന്നാളിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടമോ വെറുപ്പോ ഇല്ലാതെ നിര്‍വികാരതയാണ്‌ സാധാരണ തോന്നാറ്.  ശ്രീ ബുദ്ധനു പോലും തോന്നാത്ത നിര്‍വികാരത !

കഴിഞ്ഞ കുറെ മാസങ്ങളായി ചില ബ്ലോഗുകളില്‍ കയറി നിരങ്ങിയപ്പോള്‍ ആണ് പിറന്നാള്‍ എന്നാല്‍ ഒരു വലിയ കാര്യമാണെന്ന്   മനസിലായത്. ഒരു പൂച്ചക്കുഞ്ഞു പോലും കയറാത്ത, ചില ഭാര്‍ഗവീനിലയം ബ്ലോഗുകള്‍ വരെ എന്റെ ബ്ലോഗിന് പ്രായം തികഞ്ഞു എന്ന് ആര്‍ത്തു വിളിച്ചു പറയുന്നത് കണ്ടപ്പോള്‍ തോന്നി എന്ത് കൊണ്ട് ഈ ആചാരം  നോമും ഒന്ന് പരീക്ഷിച്ചു കൂടാ .

അങ്ങനെ ഗൂഗിളിന്റെ പഴയ പേജുകള്‍ തുറന്നു നോക്കി ജാതകം  കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പഴയ ഹോം  നേഴ്സ്   ജാനു പറയുന്നത് പോലെ ഗൂഗിള്‍ പറഞ്ഞു "ഒരു കുംഭമാസം മുപ്പതിന് മോന്തി കഴിഞ്ഞപ്പോളാ   അന്റെ ആദ്യത്തെ പോസ്റ്റ്‌ ജനിച്ചത്‌. നാള്-ചോതി, പക്കം- ചതുര്‍ഥി, അങ്ങനെ പോണു അന്റെ ബ്ലോഗിന്റെ തലവരി. ബുധനും ശുക്രനും എവിടെ നില്‍ക്കുന്നു എന്നറിയണമെങ്കില്‍ ഇജ്ജു അന്റെ ഏറക്കാടനോട് ചോദിക്ക് "

അപ്പോള്‍  ഒരു കാര്യം തീരുമാനമായി. ഈ മാര്‍ച്ച്‌ പതിനാലിന്, സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബര്‍ത്ത് ഡേ. മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളമാസം കുംഭത്തിലെ  ചോതിയില്‍ രണ്ടാം പിറന്നാള്‍. എന്തായാലും നമ്മള്‍ സായിപ്പിന്റെ കൂടെ നില്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 14  തന്നെ ആകട്ടെ.

ചരിത്രം
സത്യം പറഞ്ഞാല്‍ ഒരു ബ്ലോഗ്‌ ആദ്യമായി തുടങ്ങുന്നത് 2006 ല്‍   ആണ് . അന്ന് ഗൂഗിള്‍ കമ്പനി ബ്ലോഗ്‌ എന്ന സംഭവം  തുടങ്ങിയതായി വീരഭൂമിയില്‍ ഒരു വാറോല വന്നപ്പോള്‍ അടുത്തുള്ള നെറ്റ് കഫെയില്‍ ചെന്നു ഒരു പേജ് ഉണ്ടാക്കി വിവരസാങ്കേതികരംഗത്ത്‌ നായന്മാരുടെ കഴിവ് തെളിയിച്ച ചാരിതാര്‍ഥ്യത്തില്‍  വിജ്രുംഭിചിരുന്നു . സ്വന്തമായി ആനയുള്ള തറവാട് എന്ന് പറയുന്നതുപോലെ ബ്ലോഗുള്ള വീട്ടിലെ പയ്യന്‍ എന്ന് അറിയപ്പെടാനുള്ള കൊതി. പക്ഷെ ഒരു പേജ് ഉണ്ടാക്കിയപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍. ഇതു കൊണ്ട് എന്ത് ചെയ്യും?

കുറുക്കന്റെ കൈയില്‍ ആമയെ കിട്ടിയ പോലെ അന്ന് കുറച്ചു നേരം ഈ പേജ് നോക്കി ഇരുന്നു.
ഈ പേജ് ഉണ്ടായതുകൊണ്ട് ഇന്‍ഫോസിസ് ജോലി തരുമോ?
ഇല്ല!
എന്ജിനിയറിങ്ങിന് ഇന്റെ‍ണല്‍ മാര്‍ക്ക്  കൂടുതല്‍ കിട്ടുമോ ?
ഇല്ല!
നല്ല വീട്ടിലെ പെണ്‍പിള്ളേര്‍  'ചെക്കാ അന്റെ പേജ് കണ്ടു എന്റെ  ഖല്‍ബ്  നിറഞ്ഞു' എന്ന് പറഞ്ഞു കൂടെ വരുമോ?
ഇല്ല!

പിന്നെ എന്തിനു ഈ സുന ?

ഇതായിരുന്നു അന്നത്തെ ചിന്ത. അന്ന് ആ പേജില്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു.

പിന്നീടൊരിക്കല്‍  ഒരു അശരീരി   കേട്ടു കൂടെ  പഠിച്ച ഹരി (കാല്‍വിന്‍ എന്ന് കള്ളപ്പേര് ) വല്ല്യ ബ്ലോഗനാണു, അവനെ പേടിച്ചാരും ആ വഴി നടക്കില്ല, ധാരാവിയില്‍ ഒരു ചേരി അവന്‍ ഒറ്റ പോസ്റ്റു കൊണ്ട് ഒഴിപ്പിച്ചു എന്നൊക്കെ. പക്ഷെ അപ്പോളേക്കും  നാട്ടില്‍ സ്തുത്യര്‍ഹമാം വിധം കന്നന്തിരുവുകള്‍   കാണിച്ചതിന് നോമിനെ നാട് കടത്തി ഒരു മരതക ദ്വീപില്‍ എത്തിച്ചിരുന്നു.

"സുഹൂദിയുടെ  അടുത്താണ് ഈ ദ്വീപ്‌, ശരിയത്താണ്   കോടതി. നോക്കിയും കണ്ടും നിന്നില്ലേല്‍ നിന്‍റെ കാര്യം പോക്കാ" എന്നൊക്കെ നാട്ടില്‍ നിന്നും പറഞ്ഞിരുന്നു. അതുകൊണ്ട്   ഇന്സ്ട്രുമെന്റെഷന്‍, ജോലി, പ്രോജെക്ട്സ്    തുടങ്ങി സാമ്പത്തിക സാത്വികചിന്തയില്‍ കഴിഞ്ഞു കൂടുകയായിരുന്നു.

ഉണര്‍ന്നാല്‍ ലാപ്ടോപ് കണി കാണും. പവര്‍പോയന്റില്‍  ഒരു പ്രസന്റേഷന്‍ പിന്നെ വല്ല ഒരു പി ഡി എഫ്  എടുത്തു വായന.ദിവസവും ഇത് തന്നെ കണ്ടപ്പോള്‍ ചെക്കന്‍ കൈവിട്ടു പോയോ എന്ന് അളിയന് ആവലാതി. എന്നും മിനിമം ഒരു ഇരുപതു മണിക്കൂര്‍ കമ്പ്യുട്ടറിന്‍റെ    മുമ്പിലാണ് എന്ന് ചേച്ചിത്തെഹെല്‍ക്ക  നാട്ടിലേക്ക് അമ്മയെ വിളിച്ചു പരാതി പറയാന്‍ തുടങ്ങി. അവള്‍ ഈ  തെഹേല്‍ക്ക ധര്‍മ്മം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി.

 "ദാണ്ടേ, അവന്‍ ബുക്കിനു മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു; ഇന്ന് വൈകിട്ട് സ്കൂളിനു  മുന്നിലെ സില്‍മ പോസ്ടരില്‍ നോക്കി റോഡരികില്‍   അരമണിക്കൂര്‍ നില്‍ക്കുകയായിരുന്നു ' എന്ന്  തുടങ്ങി അവന്‍ കിഴക്കേലെ സരിതയെ കണ്ണിറുക്കി കാണിച്ചു  എന്ന് വരെയുള്ള പല സ്കാണ്ടല്‍സിനു പിന്നിലും അവളുടെ കറുത്ത കരങ്ങളുണ്ട്‌ എന്ന് മാലോകര്‍ക്കറിയില്ലല്ലോ.....? .

അന്ന് തന്നെ രുക്കുവമ്മ ഗണപതിക്ക്‌ മാല, ശാസ്താവിന്  തേങ്ങ എന്നിവ നേര്‍ന്നുതുടങ്ങി. എല്ലാം കൊള്ളാം! പക്ഷേ ശയനപ്രദിക്ഷണം, മൊട്ടയടിക്കല്‍, ശൂലം തറക്കല്‍ എന്നീ ദേഹത്തിനു കാര്യമായ തകരാറുണ്ടാക്കുന്ന എന്തെങ്കിലും നേരാതിരുന്നാല്‍ മതിയായിരുന്നു.അതിലിടയ്ക്ക് അളിയന്റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ ഉപദേശിച്ചു. "ലവന്‍ പണ്ട് മുതലെ   വായിക്കുകയും എഴുതുകയും ചെയ്യുന്നതല്ലേ. ഇവിടെ സമാജത്തില്‍ വരാന്‍ പറയു. "

അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകളെ ധ്യാനകേന്ദ്രത്തില്‍ ചേര്‍ക്കുന്നത് പോലെ ഒരു ദിവസം അളിയന്‍ നിര്‍ബന്ധിച്ചു കേരളസമാജത്തില്‍ കൊണ്ട് വന്നു.  ഒരു നാടക റിഹേര്‍സല്‍ നടക്കുകയായിരുന്നു അപ്പോള്‍. പ്രതിയെ  കണ്ടതും കൃഷ്ണേട്ടന്‍ പറഞ്ഞു "രംഗസജീകരണം നടത്താന്‍ കുറെ കോണ്‍സ്ടബില്‍സ്  വേണം. ഒരാള്‍ നീ."

അന്ന് മുതല്‍ നാടക റിഹേര്‍സല്‍ കഴിഞ്ഞു നാടകം സ്റെജില്‍  എത്തുന്നതുവരെ ഒരു മാസം സമാജത്തില്‍ വൈകുന്നേരങ്ങളില്‍ നിത്യസന്ദര്‍ശകന്‍ ആവേണ്ടി വന്നു. അപ്പോളാണ് വീണ്ടും എഴുത്തിന്‍റെ, വായനയുടെ  ലോകത്തിലേക്ക്‌ വന്നത്.അതുകൊണ്ടും തീര്‍ന്നില്ല നാടകം കഴിഞ്ഞപ്പോളെക്കും  വേറെ പുതിയ ചില  നാടകങ്ങള്‍, സാഹിത്യവേദി, ഓണം, വിഷു, ക്രിസ്മസ് തുടങ്ങി ഒട്ടനവധി  പരിപാടികള്‍.

അതിനിടെക്കാണ് മൂന്നു നാലുപേര്‍ വൈകുന്നേരങ്ങളില്‍ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് സംസാരിക്കുന്നത് കേള്‍ക്കുന്നത്. പതുക്കെ പതുക്കെ അവരെ പരിചയപ്പെട്ടു.ഒരാള്‍ സാക്ഷാല്‍ ബെന്യാമിന്‍, മറ്റൊരാള്‍ മൊട്ടത്തലകളുടെ  ബൌധികസ്വത്തവകാശം നേടിയെടുത്ത നട്ടപ്രാന്തന്‍,  പിന്നെ ഫയാസം ഫയാസ് അങ്ങനെ ചിലര്‍. 'ബ്ലോഗില്‍ താല്പര്യം ഉണ്ട്, എഴുത്തിലും'  എന്ന് പറഞ്ഞപ്പോള്‍ നട്ടപ്രാന്തനടക്കമുള്ളവര്‍ ബ്ലോഗിന്റെ സാധ്യതകളെകുറിച്ച് വിശദീകരിച്ചുതന്നു . അപ്പോളാണ് കുറുക്കന്റെ ആമ എന്ന കടമ്പ കടന്നത്‌.

ആദ്യം എഴുതിയ പോസ്റ്റ്‌ ബെന്യാമിന്റെ 'ആട്ജീവിതത്തെ'കുറിച്ച് തയ്യാറാക്കിയ ഒരു ചെറിയ വായനകുറിപ്പായിരുന്നു. എഴുതിയ ആ കുറിപ്പ് ആദ്യം കാണിച്ചത്‌ ബെന്യമിനെ തന്നെയായിരുന്നു. ഈ പഠനം നന്നായി എന്ന് ബെന്യാമിന്‍  ഇമെയില്‍ ചെയ്തപ്പോള്‍  ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു. ആട്ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് അതിനുശേഷമാണ്. അതുകൊണ്ട് തന്നെ അത്തരം ഒരു കുറിപ്പ് മറ്റു പല പഠനങ്ങള്‍ക്കും മുന്‍പ് തന്നെ ബെന്യമിനെ കാണിക്കാന്‍ കഴിഞ്ഞതില്‍   അഭിമാനം തോന്നാറുണ്ട്.


സമകാലികം
പതുക്കെ പതുക്കെ ഓരോ പൊട്ടത്തരങ്ങള്‍ എഴുതി എഴുതി ആളുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍  വീണ്ടും ആവേശം. ദൈവമേ ഇനി ബ്ലോഗിലെ എം. ടി യോ  വി.കെ. എനോ ആയിട്ടെ നില്‍ക്കു എന്ന് വിചാരിച്ചു എഴുത്ത് തുടങ്ങും. പക്ഷെ എഴുതി തുടങ്ങുമ്പോള്‍   മനസിലാവും ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന്.  എന്നാലും തട്ടിയും മുട്ടിയും ഓരോ പോസ്റ്റുകള്‍. ഇതിലിടക്ക്  കുറെ സുഹൃത്തുക്കളെ കിട്ടി. ഇതു വരെ കണ്ടിട്ടില്ലാത്ത ചിലര്‍. ചിലരെ കാണുകയും ചെയ്തു ബ്ലോഗ്‌ മീറ്റുകള്‍ വഴി. നിരക്ഷരന്‍, സജി അച്ചായന്‍, ചേച്ചിപെണ്ണ്, ഡോണ, ഏറക്കാടന്‍, ആശമോന്‍, എച്ചുമുക്കുട്ടി, അഞ്ജു നായര്‍, മുരളി നായര്‍   അങ്ങനെ കുറെ പേര്‍. ഋതുവില്‍ ഇടക്കിടക്ക് എഴുതിയപ്പോള്‍ കുറെ പേര്‍ കൂടി രവം വായിക്കാന്‍ തുടങ്ങി.

ഉണ്ണിക്കുട്ടപര്‍വ്വം
ഇതിലിടക്ക് ഒരു സുഹൃത്ത്‌ ചോദിച്ചു മഴയെ ആസ്പദമാക്കി ഒരു കഥ എഴുതാമോ എന്ന്. എടുത്തടിച്ചു പറഞ്ഞു  'അതിനെന്താ ദാ ഇപ്പോള്‍ തരാം'. മഴയെക്കുറിച്ച് വികാരം കൊള്ളാന്‍ കുറെ ശ്രമിച്ചു. അപ്പോളാണ് ഇതു ഹലാക്കിന്റെ അവിലുംകഞ്ഞി ആണ് എന്ന് മനസിലായത്.  ഒടുവില്‍ മഴയും വന്നില്ല കഥയും വന്നില്ല. മഴപ്പതിപ്പില്‍ കൊടുക്കാന്‍ രണ്ട് ദിവസത്തിനകത്ത് വേണം എന്ന് സുഹൃത്ത്‌. മഴപ്പതിപ്പ് നമുക്ക് അടുത്ത വേനലില്‍ പോരെ എന്ന് നോം.  സുഹൃത്ത്‌ തെറി പറഞ്ഞു. ഈ ദിവസങ്ങളില്‍ ഒന്നില്‍ ,  നാട്ടില്‍ പെരുമഴ പെയ്യുന്ന ഒരു മേടമാസസന്ധ്യയില്‍ രുക്കുവമ്മ  ഫോണിലൂടെ ഒരു നൊസ്റ്റാള്‍ജിയ പങ്കു വെച്ചു." ഇതു പോലെ ഒരു സന്ധ്യക്കു  പെരുമഴയത്താ  നീ റിലീസ് ആയത്" .

അന്ന് ഒരു പോസ്റ്റ്‌ പിറന്നു. ഒരു തുലാവര്‍ഷ രാത്രിയില്‍.

അതോടൊപ്പം രവത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന വികൃതി ചെക്കന്‍ ജനിച്ചു. ആറു ഭാഗങ്ങളായി നില്‍ക്കുന്ന ഉണ്ണിക്കുട്ടനാണ് ഈ ബ്ലോഗിലെ പ്രധാന താരം എന്ന് പലരും പറഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ അത് മറ്റൊരു തലവേദനയും ആണ്.  വികൃതി ചെക്കന്റെ തടവില്‍ ആണ് ഇപ്പോള്‍ നോം എന്ന് തോന്നാറുണ്ട്. എന്തെഴുതിയാലും അത് അവന്‍റെ ഭാഷയിലെ വരൂ എന്ന് വെച്ചാല്‍ എന്ത് ചെയ്യും? ഇങ്ങനെ പോയാല്‍ അവനെ നോം അടുത്ത്തന്നെ വാണിയംകുളം ചന്തയില്‍ കൊണ്ട് പോയി വല്ല അണ്ണാച്ചിക്കും  വില്‍ക്കും/ ഹല്ലാ പിന്നെ !!!
ഫലശ്രുതി

ഓരോ നേരമ്പോക്ക് പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല.
ഇത്രയും നേരം നോമിനേ സഹിച്ചതിനും ഇത്രയും കാലം വന്നു കമന്റിട്ടതിനും വായിച്ചതിനും സ്നേഹിച്ചതിലും എന്റെ പേരിലും ഉണ്ണിക്കുട്ടന്‍ ആന്‍ഡ്‌ സണ്‍സിന്റെ  പേരിലും ഉള്ള അകൈതവമായ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. 

ഇനി നോം ഇല്ലത്തെത്താന്‍ നോക്കട്ടെ. നേരം മോന്ത്യവുന്നതിനു മുന്‍പ് ഇങ്ങളും ഇങ്ങള്‍ടെ   പേരേല് എത്താന്‍ നോക്കു   :)
അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ കാണാംട്ടോ . കാണണം....!