Saturday, October 13, 2012

സസ്നേഹം ശകുന്തളദേവിക്ക്!




ആറായിരം അടി ഉയരത്തിലുള്ള സിയാറ്റില്‍ മഞ്ഞു മലയിലും അതിനെക്കാള്‍ താഴ്ചയുള്ള പസഫിക് കടലിലും ഒരേ പോലെ ജോലി ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു വര്‍ഗ്ഗമേ ഉള്ളൂ. എഞ്ചിനിയര്‍മാര്‍ ! കാരണം മിക്കപ്പോഴും കോഴ്സ് കഴിഞ്ഞുള്ള അവരുടെ ജോലി തെണ്ടലിനോളം വരില്ല ഇതൊന്നും !!
എസ് എഫ് ഐ കോര്‍ണറില്‍ ജേക്കബ്ബിനും  അബുവിനുമൊപ്പം  കോറണേഷനില്‍  പോയി കണ്ട ഒരു കൂതറ പടത്തിന്റെ റിവ്യു നടത്തികൊണ്ടിരിക്കുന്ന ഏഴാം സെമ്സ്ടരിലെ ഒരു സുപ്രഭാതത്തില്‍ ആണ് സന്ദീപ്‌ ചിരിച്ചു കൊണ്ട് കടന്നു വരുന്നത്. ചിരിയുടെ ആമ്പിയര്‍ വെച്ചു പ്രോവിഡന്‍സ് കോളേജു ബസില്‍ അവന്‍ നോട്ടമിട്ടു വെച്ച ചുരുണ്ട മുടിക്കാരി ഇന്ന് പതിവ് തന്തക്കു വിളി എക്സ്പ്രഷന്‍ പകരം ഒന്ന് പുഞ്ചിരിച്ചു കാണും എന്ന് ജേക്കബിനോട് അടക്കം പറഞ്ഞു. അടുത്തെത്തിയ സന്ദീപ്‌ ഞങ്ങളെ നോക്കി പറഞ്ഞു. "അളിയാ ഞാന്‍ പ്ലെയിസ്ഡ് ആയടാ. ഇന്നലെ ഏറണാകുളം രാജഗിരിയിലെ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്‍ഫോസിസ് എന്നെ സിലക്റ്റ് ചെയ്തെടാ. ...
ഒരു ഇരുമ്പു വടി കൊണ്ട് അടികിട്ടിയ പോലെ ഞങ്ങളെല്ലാം മരവിച്ചിരുന്നു. സന്ദീപിനെപ്പറ്റി എന്തൊക്കെ പ്രതീക്ഷകള്‍  ആയിരുന്നു?അവന്‍റെ കൂടെ ജോലി അന്വേഷിച്ചു ബംഗ്ലൂരില്‍ പോകുന്നതും അവിടെ എം ജി റോഡിലും ബ്രിഗേഡ് റോഡിലും കുട്ടിപാവട ഇട്ടു നടക്കുന്ന അംഗനമാരെ കമന്റ് അടിക്കുന്നതും അടക്കം പത്ത് പന്ത്രണ്ട് എപ്പിസോഡ് സ്വപങ്ങള്‍ ഷൂട്ട്‌ ചെയ്ത് വെച്ചിരിക്കുന്ന എന്നോടാണ് അവന്‍ ഈ കരിങ്കാലിപ്പണി കാണിച്ചിരിക്കുന്നത്.എങ്കിലും അതെല്ലാം ഉള്ളില്‍ ഒതുക്കി ഒരു ഇളിഞ്ഞ മുഖത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു. 
"അളിയാ ഹാര്‍ട്ടി  കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)
അല്ലെങ്കിലും ഇന്ത്യയിലെ ക്യാമ്പസുകളില്‍ രണ്ട് തരം പൌരന്മാരെ സൃഷ്ടിക്കാന്‍ അമേരിക്കക്കാരന്‍ കൊടുത്തയച്ച ഒരു സാധനം ആണ് ഈ ക്യാമ്പസ് ഇന്റര്‍വ്യൂ . വലിയൊരു അസമത്വമല്ലേ ഇതു സൃഷ്ടിക്കുന്നത് ? പ്ലെയിസ്ഡ് ആയവനു  മേലും കീഴും നോക്കേണ്ട. അല്ലാത്തവന് മേലും കീഴും മാത്രമല്ല മുന്നൂറ്റി അറുപതു ഡിഗ്രീ തന്നെ നോക്കണം. എന്നാല്‍ നാളെ ഒരുങ്ങി കുത്തി ഏതെങ്കിലും ഒരു ക്യാമ്പസ് ഇന്റെര്‍വ്യെവിനു പോകാന്‍ നോക്കാന്നു വെച്ചാ യുണിവേഴ്സിറ്റി തന്ന ചില അധിക യോഗ്യതകള്‍ അതിനു സമ്മതിക്കുകയുമില്ല. അഞ്ചാം സെമിസ്റെരിലെ രണ്ട് പേപ്പറുകള്‍ കൂലം കഷമായി ഒന്ന് കൂടി പഠിച്ചു അടുത്ത തവണ എഴുതി വരണം എന്നാണു യുണിവേഴ്സിറ്റി പറഞ്ഞിരിക്കുന്നത്. പഠനത്തോടൊപ്പം ഇതര വിഷയങ്ങളിലും ‍ സജീവമായി ഇടപെടുന്നതിനുള്ള ബഹുമതിയാണ് ഇതു എന്ന് പറഞ്ഞിട്ട് ആര്‍ക്കും മനസിലാവുന്നുമില്ല. ഈ സപ്ലി ഇരുമുടിക്കെട്ട് ഇറക്കാതെ ഒരു ഇന്ഫോസിസും  ഇന്റര്‍വ്യൂ നടക്കുന്ന കോമ്പൌണ്ടില്‍ അടുപ്പിക്കില്ല...
 
 
"വേറെ ആര്‍ക്കൊക്കെ കിട്ടിയെടാ സന്ദീപേ ?" ഞാന്‍ ആകാംഷയോടെ ചോദിച്ചു
"നമ്മടെ കോളേജില്‍ നിന്നു നാലു പേര്‍ക്ക്. എനിക്ക്,പാര്‍വതി പി. മൂര്‍ത്തിക്ക് , നീലിമ എ. എസ്സിന്, പിന്നെ മെക്കാനിക്കലിലെ കറുത്ത കണ്ണട വെച്ച ആ തടിയന്‍ ചെക്കന്(പന്നന്‍ !‍ അവനു പെണ്‍ പിള്ളേരുടെ ഇനിഷ്യല്‍ വരെ അറിയാം. കൂടെ ഇന്റെര്‍വ്യൂവിനു വന്ന പയ്യന്റെ പേര് പോലും അറിയില്ലല്ലേ ) ."
 
 
കോളേജിലെ നാലു പേര്‍ക്ക് ജോലി കിട്ടിയതില്‍ പ്രത്യേകിച്ച് വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ നീലിമക്കു ജോലി കിട്ടുക എന്നത് വീണ്ടും ചങ്കിനിട്ടു കുത്ത് കിട്ടുന്നതിനു തുല്യമാണ്. ഈ നീലിമയില്‍ ജനിക്കാന്‍ പോകുന്ന മുത്ത മോന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിനു അവളുടെ കൈയും പിടിച്ചു ഗുരുവായൂര്‍ അമ്പലത്തില്‍ കുന്നിക്കുരു ഉരുളി വെച്ച സ്ഥലത്ത് ക്യു നില്‍ക്കുന്ന പത്ത് നാല്‍പ്പതു എപ്പിസോഡ് സ്വപ്നവും ഷൂട്ട്‌ ചെയ്തിട്ട് ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് സെമസ്റ്റര്‍ രണ്ടായി.
 പ്ലെയിസ്ഡ് ആയ കൊച്ചുങ്ങള്‍ക്ക്‌ വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആണ്.ഇപ്പൊ വീട്ടുകാര്‍ അവളെ കെട്ടിച്ചു വിടാന്‍ ഉള്ള പ്ലാനിടും. എന്റെ സ്വപ്നങ്ങളുടെ ‌ ബുര്‍ജ് ഖലീഫയില്‍ ആണ് നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസ് വിമാനം കൊണ്ടിടിച്ചത്. . പല സീനിയര്‍ പെണ്‍കുട്ടികള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ട്. ഇനി അവളുടെ എന്ഗേജുമെന്റിന് എനിക്ക് ഗുരുവായൂര്‍ പപ്പടം വിളമ്പേണ്ടി വരുമോ ദൈവമേ ??
 
 
പ്ലെയിസ്മെന്റ് കിട്ടിയവരോട് ഉള്ള അസൂയയില്‍ കലര്‍ന്ന അമര്‍ഷം തീര്‍ക്കാനുള്ള ഒരേ ഒരു വഴി അവരോടു ട്രീറ്റ് ചോദിക്കുക എന്നതാണ്. അവരുടെ വിജയം ആഘോഷിക്കുക എന്ന ഭാവേന ഹോട്ടെലില്‍ നല്ലൊരു ബില്ലിനായി ഉളുപ്പില്ലാതെ പരിശ്രമിക്കുക എന്ന കൃത്യം സന്ദീപിനോടും പാര്‍വതിയോടും ചെയ്തു. നീലിമക്ക് വെറും അഭിനന്ദനങ്ങള്‍ മാത്രം നല്‍കി. അവളുടെ ചെലവില്‍ നമ്മള്‍ ജീവിച്ചുകൂടല്ലോ. ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ.അങ്ങനെ ഒക്കെ ആലോചിച്ചു ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍ യുണിവേഴ്സിറ്റി ചെവിയില്‍ മെല്ലെ പറഞ്ഞു.
"നിന്റെ ജാതകത്തിലെ സപ്പ്ളി അപഹാരം കഴിഞ്ഞു. നിനക്ക് ക്യാമ്പസ് ഇന്റര്‍വ്യുവിനു പ്രായ പൂര്‍ത്തിയായി. "

സാധാരണഗതിയില്‍ എല്ലാ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍ക്കും തോന്നുന്ന കോമ്പ്ലക്സ് അപ്പൊ എനിക്കും തോന്നി. കാര്യം നീലിമ ഖല്ബാനെങ്കിലും അവള്‍ മന്ത്രിയായാല്‍ നമ്മള്‍ മുഖ്യമന്ത്രിയെങ്കിലും ആവണ്ടേ ? അതോണ്ട് ഇന്ഫോസിസിലും വലിയ കമ്പനികള്‍ ഏതൊക്കെ എന്ന് സേര്‍ച്ച്‌ ചെയ്തു നോക്കി . മൈക്രോസോഫ്റ്റ്, ഗൂഗിള്, ഒറാക്കിള്‍ ‍ എന്നിവര്‍ക്ക് നമ്മുടെ തലച്ചോര്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് നോക്കിയെങ്കിലും അവരൊക്കെ കടുത്ത അനാചാരവാദികള്‍ ആണ് എന്ന് മനസിലായി. പത്ത് എന്പതു ശതമാനം മാര്‍ക്കും കൂടാതെ പഠിക്കുന്ന കാലത്ത് സപ്പ്ളി എന്ന വാക്ക് കേള്‍ക്കാന്‍ കൂടി സാധ്യത ഇല്ലാത്തവരുമായ  ചൊങ്കന്മാരെ ആണ് അവര്‍ ജോലിക്ക് പരിഗണിക്കുക. അല്ലാത്തവര്‍ക്കൊക്കെ വല്യ ഭ്രഷ്ടാണ് .
 
 
ജേക്കബിന്റെം കാര്യം ഏകദേശം ഇങ്ങനെ ഒക്കെ തന്നെയാണ്. റാണി സെബാസ്റ്റ്യന്‍ എന്ന ഒരു ജൂനിയര്‍ അച്ചായത്തി പെണ്ണിനേം തലയില്‍ ഏറ്റി കൊണ്ട് നടകുകയാണ് ടിയാന്‍.

അങ്ങനെ ഒരു ദിവസം ജേക്കബ് പറഞ്ഞത് "അളിയാ, ഷൊര്ണൂരിലെ ഒരു കോളേജില്‍ ഇന്‍ഫോസിസ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. "
ഞാന്‍ വലിയ താല്‍പ്പര്യം കാണിക്കാത്ത മട്ടില്‍ പറഞ്ഞു " ഇന്ഫിയിലും വല്ല്യ കമ്പനി വല്ലതും വരട്ടെ "
"എടാ പൊട്ടാ " ജേക്കബ് അലറി "ഇന്ഫിയില്‍ കിട്ടിയാല്‍ നിന്റെ വണ്‍ വേ ലൈനില്‍ നിന്നും നീലിമയെ ടു വെ ലൈനില്‍ കൊണ്ട് വരാം "
 
"അതെങ്ങനെ??? " ആര്‍. എസ്. അഗര്‍വാളിന്‍റെ ലോജിക്കല്‍ റീസണിങ്ഗ് ബുക്ക് പഠിച്ചിട്ടും എനിക്ക് ആ ലോജിക് സമയത്ത് കത്തിയില്ല
 
"എടാ, മൈസൂരിലെ ട്രെയിനിങ്ങിനിടയില്‍ അവള്‍ വീട്ടുകാരെയും കോളേജിലെ കൂട്ടുകാരെയും മിസ്സ്‌ ചെയ്യുമ്പോള്‍ അവളെ അറിയുന്ന ഒരു കുളിര്‍ തെന്നലായി നിനക്ക് അവളുടെ അടുത്ത് ഇരുന്നു കൂടെ? ‍ "

ഇത്രേം ബുദ്ധിയുള്ള ഇവന്‍ എങ്ങനെ സപ്പ്ളി അടിച്ചു എന്ന് ചിന്തിക്കുമ്പോള്‍ കൊക്കൊക്കോളയുടെ ഫോര്‍മുല കൈയില്‍ കിട്ടിയ പോലെ ജേക്കബ് എന്റെ ചെവിയില്‍ മറ്റൊരു രഹസ്യം പറഞ്ഞത് . "പിന്നേയ് , അത്ര പെട്ടന്നൊന്നും ഇന്‍ഫോസിസില്‍ കേറാന്‍ പറ്റില്ല മോനെ. അതിനു ശകുന്തള ദേവി വിചാരിക്കണം. "
"ആയമ്മക്ക്‌ എന്താ ഇതില്‍ കാര്യം? അവര് ഏതു ആശ്രമത്തിലെ ദേവിയാണ് ?" ഞാന്‍ ചോദിച്ചു..
" അതൊന്നും എനിക്കറിയില്ല. ഈ പെണ്ണുമ്പിള്ള ഏതോ പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഇന്ഫോസിസുകാര്‍ ചോദിക്കുന്നത് ."
നേരെ റെയിവേ സ്റേഷന്‍ റോഡിലുള്ള കോസ്മോ ബുക്ക്സില്‍ കയറി ഒറ്റ ചോദ്യം "ശകുന്തള എന്ന സ്ത്രീ എഴുതിയ ഇന്‍ഫോസിസ് പരീക്ഷ സഹായി കിട്ടുമോ ? "
"അങ്ങനെ ഒരു പുസ്തകം ഇവിടെ ഇല്ല."
"അങ്ങനെ പറയരുത്. ഒരു ജീവിതത്തിന്റെയും പത്തറുപതു എപ്പിസോഡ് സ്വപ്നത്തിന്റെയും പ്രശ്നമാണ്. ശകുന്തള ദേവി എന്നോ മറ്റോ ആണ് അവരുടെ ഫുള്‍ നെയിം."

 
"ഓഹോ ശകുന്തള ദേവി! അവര് നീ പറയണ പോലെ ഇന്‍ഫോസിസ് പരീക്ഷ സഹായി എഴുതിയ ആള്‍ അല്ല. കണക്കു കൊണ്ട് കമ്പ്യുട്ടറിനെ തോല്‍പ്പിച്ച ആളാ. അവര് രണ്ട് കണക്കു പുസ്ത്കങ്ങള്‍ എഴുതിയിട്ടുണ്ട്. അതിവിടെ കുറെ പേര്‍ വാങ്ങിക്കൊണ്ട് പോകുന്നുണ്ട്. ചെലപ്പോ അതാവും "
 
ബിവറേജസ്സില്‍ നിന്നും കള്ള് കൊണ്ട് പോകുന്നത് പോലെ പേപ്പറില്‍ പൊതിഞ്ഞു ഞാനും ജേക്കബും ഓരോ ശകുന്തള ദേവി കണക്കു പുസ്തകോം വാങ്ങി പുറത്തിറങ്ങി.
 
 
അന്ന് മുതല്‍ പരീക്ഷയുടെ തലേന്ന് വരെ ശകുന്തള ദേവിയെ ധ്യാനിച്ച്‌ കഴിഞ്ഞു., ആ പുസ്തകത്തീന്നു എന്ത് ചോദിച്ചാലും പറയാം എന്ന അവസ്ഥ . പരീക്ഷ ഷൊര്‍ണൂരില്‍ ആയതു കൊണ്ട് ജേക്കബും ഞാനും തലേന്ന് തന്നെ എന്റെ വീട്ടില്‍ എത്തി. രാവിലത്തെ ബസ്സില്‍ ഷൊര്‍ണൂരില്‍ പോകാല്ലോ .
 
 
പിറ്റേന്ന് പുലര്‍ച്ചെ ആറു മണിക്ക് തോളിലെ കറുത്ത ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്,‍ കുറച്ചു നോട്ടുകള്‍, പിന്നെ ശകുന്തള ദേവി.... അങ്ങനെ അത്യാവശ്യം വേണ്ട ഇന്‍ഫോസിസ് ആക്രമണ സാമഗ്രികളുമായി വീട്ടിന്നു ഇറങ്ങി. ലൈറ്റ് ഷര്‍ട്ടും ഡാര്‍ക്ക് പാന്റും ഇട്ടു ഇന്‍ ചെയ്തു ഞാന്‍ ഇറങ്ങുന്നത് കണ്ടാല്‍ അടുത്ത വീട്ടിലെ ശിവദാസന്‍ നായര്‍ മുതല്‍ ബസ്റ്റോപ്പിനടുത്തെ ചായക്കടക്കാരന്‍ ഹസ്സനിക്കക്ക് വരെ മനസിലാവും ഇന്ന് എവിടെയോ ഒരു ഇന്റെര്‍വ്യു ഉണ്ടെന്നു . കാരണം ആദ്യ കാലങ്ങളിലുള്ള ഇന്റര്‍വ്യൂ യാത്രകള്‍ ‍എല്ലാം  വഴിയെ പോകുന്ന എല്ലാവരേം ഗ്രീറ്റ് ചെയ്തു ഏതോ മല മറിക്കാന്‍ പോകുന്ന ഭാവത്തിലായിരുന്നു . തിരിച്ചു വരുമ്പോള്‍ ഞാന്‍ സത്യം കമ്പ്യു ട്ടേഴ്സ് ഓഫര്‍ ലെറ്ററും കൊണ്ടേ വരൂ , അല്ലെങ്കില്‍ ‍ ആക്സേഞ്ച്വരിലെ ഒരു ഉന്നത ഉദ്യോഗവും കൊണ്ടേ വരൂ തുടങ്ങിയ സാമാന്യം നല്ല അഹങ്കാരം കൈമുതലായി ഉണ്ടായിരുന്നു.
 
 
എന്നാല്‍ ഇത്തവണ പോകുമ്പോള്‍ എനിക്കും ജേക്കബിനും ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ഇന്‍ഫോസിസ് കിട്ടണം. ഇന്‍ഫി ട്രെയിനിംഗ് സെന്ററിലെ വാക മരച്ചോട്ടില്‍ (മൈസൂരില്‍ വാക ഉണ്ടാവുമോ എന്തോ ? ഉള്ളിലെ പ്രണയ സീനിനു മുഴുവന്‍ ലാല്‍ ജോസ് ടച്ച്  ഉള്ളോണ്ട് വാക എല്ലാ ഫ്രെയിമിലും വേണം എന്ന് നിര്‍ബന്ധമാണ്‌ ) നീലുവിന്റെ കൂടെ ഒരു ഡ്യുയറ്റ്  .....! കാമുകന്മാര്‍ അതും പ്രത്യേകിച്ച് വണ്‍ വേക്കാര്‍ ആയാലേ ജീവിതത്തില്‍ ഉത്തരവാദിത്വം ഉണ്ടാവൂ.
 
 
ഷൊര്‍ണൂരില്‍ ബസ്സിറങ്ങിയപ്പോഴേ സംഗതി അത്ര എളുപ്പം അല്ല എന്ന് മനസിലായി. . നെന്മാറ വേലയ്ക്കു പോലും ഇത്രേം ആള് കാണില്ല. സാരല്ല്യ, ശകുന്തള ദേവി അനുഗ്രഹിചിട്ടുണ്ടല്ലോ. പേര് രെജിസ്ടര്‍ ചെയ്ത ക്ലാസ് റൂമില്‍ പോയി നോക്കി. ആ ഹാളില്‍ ഞങ്ങളുടെ കോളേജിലെ മിക്ക പിള്ളേരും ഉണ്ട്..ഉള്ളില്‍ അത്യാവശ്യം കൊണ്ഫിടന്‍സ് ഉണ്ട്. അതോണ്ട് തന്നെ ഞാന്‍ എല്ലാവരേം കണ്ടു സംസാരിച്ചു. ഒന്നും കുറക്കരുതല്ലോ. നാളെ ഇന്ഫിയില്‍ കിട്ടിയാല്‍ ഇവരില്‍ ആരൊക്കെ കൂടെ ഉണ്ടാവും എന്ന് അറിയില്ലല്ലോ. ക്ലാസ് റൂമില്‍ പരീക്ഷ നടത്താന്‍ ആരും വന്നിട്ടില്ല . പരീക്ഷ ഹാളിന്റെ മുന്‍പില്‍ ജീന്‍സും ടീഷര്‍ട്ടും ഇട്ടു കൂളിംഗ് ഗ്ലാസും വെച്ചൊരു പെണ്‍കുട്ടി നില്കുന്നുണ്ട് പത്തിരുപതു വയസ്സ് പറയാം. വേറെ എന്തെങ്കിലും കോളേജ് ആവും . എന്നാലും ആരെങ്കിലും ജീന്‍സും ടീഷര്‍ട്ടും ഇട്ടു ഇന്റെര്‍വ്യൂവിന് വരുമോ? 
 കുട്ടി, ഇതൊന്നും പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ലേ നിങ്ങള്‍ക്ക് ? മനസ്സില്‍ ഫുള്ള് പരീക്ഷയായോണ്ട് കുട്ടിക്ക് വേണ്ടി മാറ്റി വെക്കാന്‍ ടൈം ഇല്ല.

പരീക്ഷക്ക്‌ വന്ന രാജേഷ്‌, സന്ധ്യ, ബഷീര്‍ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരുടെയും അടുത്ത് പോയി സ്ഥിരം വാചകമേള നടത്തി,. ജേക്കബിന് അടുത്ത ക്ലാസ്സ്‌ റൂമില്‍ ആയിരുന്നു പരീക്ഷ ‍. എവിടെ ഇരിക്കണം എന്ന ചിന്തക്കിടയില്‍ ആണ് കണക്കുകള്‍ കൃത്യമായി തലയില്‍ നില്ക്കാന്‍ നല്ല വായു സഞ്ചാരം ആവശ്യമാണ് എന്ന് തോന്നിയത്. അങ്ങനെ നേരെ അവിടെ കറങ്ങുന്നില്ലെങ്കിലും തൂങ്ങി നില്‍ക്കുന്ന ഖേതാന്‍ ഫാനിന്റെ ചോട്ടിലിരുന്നു. അവിടെ ഇരുന്നിട്ട് മുന്നൂറ്റി അറുപതു ഡിഗ്രീ കറങ്ങി ചുറ്റും ഇരിക്കുന്നവരോട് ഡയലോഗ് അടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്ന പെണ്ണ് ഒരു കെട്ടു ചോദ്യപേപ്പറുമായി വരുന്നത്.

"ദൈവമേ, പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികയാത്ത ലുക്കുള്ള ഒരു പെണ്ണിനെ ആണോ നാരയണമൂര്‍ത്തി പരീക്ഷ നടത്താന്‍ വിട്ടിരിക്കുന്നത്,. ഞാന്‍ ഇത്രേം നേരം കാണിച്ച പരാക്രമങ്ങള്‍ ഒക്കെ അവള്‍ കണ്ടു കാണുമല്ലോ. "

പരീക്ഷയുടെ സമയവും നിയമങ്ങളും ഒക്കെ അവള്‍ കട്ട ഇംഗ്ലീഷില്‍ മൊഴിഞ്ഞു. ഇത്രേം അമേരിക്കന്‍ ആക്സന്റു ഉള്ള കുട്ടിക്ക് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നൂടെ എന്നൊരു ചോദ്യം മനസ്സില്‍ വന്നെങ്കിലും തല്ക്കാലം അടക്കി വെച്ചു .

എന്തായാലും പരീക്ഷ തുടങ്ങി പേപ്പര്‍ കണ്ടതും ഞാന് മനസ്സ് കൊണ്ട് ‍ ചാടിത്തുള്ളി . പേപ്പറില്‍ ശകുന്തള ദേവി ദേവതയായി നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ചോദ്യങ്ങളും ഉത്തരം എഴുതരുത് എന്ന് ജേക്കബും ഞാനും ആദ്യമേ തീരുമാനിച്ചതാണ്. ബുദ്ധി കൂടിയവരേം ഇന്‍ഫോസിസ് എടുക്കാറില്ല എന്നൊരു ഗോസ്സിപ്പ് ഉണ്ട്. എനിക്ക് ഇന്‍ഫോസിസില്‍ ചേരാന്‍ മാത്രമുള്ള ബുദ്ധിയെ ഉള്ളൂ എന്ന് പേപ്പറില്‍ കാണിക്കേണ്ടേ !

 അപ്പോഴാണ്‌ ഹാളില്‍ കറന്റ് വന്നത്. ഫാന്‍ മെല്ലെ കറങ്ങാന്‍ തുടങ്ങി. എന്റെ പേപ്പര്‍ പറന്നു നേരെ അപ്പുറത്ത് ഇരിക്കുന്ന സതീഷിന്റെ കൈയില്.‍ ഞാന്‍ വേഗം അത് വാങ്ങിച്ചു. കൂളിംഗ് ഗ്ലാസ് നങ്ങേലി ‍ എന്നെ ഒന്ന് തറപ്പിച്ചു നോക്കി .ഞാന്‍ ആ ഫാനിനേം . അവള്‍ വാതിലിനടുത്ത് നിന്ന് ആരോട് ഫോണില്‍ സംസാരിക്കുകയാണ് . ഇപ്പം നല്ല ഹിന്ദിയിലാണ്, അപ്പൊ ലവള്‍ ഇവിടുതുകാരി അല്ല. ഹിന്ദി കേട്ടാല്‍ അറിയാം ഒന്നുകില്‍ ബോംബെ അല്ലെങ്കില്‍ ഡല്‍ഹി.

ചോദ്യങ്ങള്‍ എല്ലാം ഈസി ആയി എഴുതി തീര്‍ന്നിരിക്കുന്നു.


 എന്തായാലും സെലക്ഷന്‍ ഉറപ്പു . പരീക്ഷ എഴുതിയ പേപ്പറില്‍ ഒരന്തിമ സ്വപ്നമായ് നിന്ന് മനോജ്ഞയായ് നീലിമ .ഓര്മ്മകള്‍ക്കുള്ളില്‍ മണി ചിലമ്പും കെട്ടി ഓടി നടക്കുന്നു പിന്നെയും നീലിമ എന്നൊക്കെ രാവണ പുത്രി ലൈനില്‍ ചിന്തിച്ചു കൊണ്ട് ഒരു കള്ള ചിരിയുമായി പരീക്ഷ പേപ്പര്‍ നമ്മുടെ ബോംബെക്കാരി മൊഞ്ചത്തിക്ക് കൊടുക്കാന്‍ പോകുമ്പോള്‍ അവള്‍ ഹിന്ദിയില്‍ ചോദിച്ചു.

"എന്താ അന്റെ പേര് ? "
പേര് പറഞ്ഞപ്പോള്‍ അവള്‍ ‍ ഒരു നോട്ടം നോക്കി. നിന്റെ കാര്യം ഞാന്‍ഏറ്റു മോനെ എന്ന പോലെ.
 
 
പേപ്പര്‍ കൊടുത്തു പുറത്ത് നില്‍ക്കണ ജേക്കബിന്റെ അടുത്ത് വന്നിട്ട് ഒരു ഷെയിക്ക് ഹാന്‍ഡ് കൊടുത്തു." അളിയാ . മൊത്തം ശകുന്തള ദേവി ആണ് വന്നിരിക്കുന്നത്, പിന്നെ ഞങ്ങടെ എക്സാം ഹാളില്‍ ഒരു അടിപൊളി ഹിന്ദിക്കാരി ആണ് വന്നത്. അവള്‍ക്കു എന്നെ പിടിച്ചു എന്ന് തോന്നുന്നു."

"ഞങ്ങള്‍ക്ക് ഒരു ബീഹാറി ചെക്കന്‍ ആണ് വന്നത്."

അവള്‍ പേപ്പറുകള്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ ജേക്കബിനോട് വീണ്ടും ആവേശഭരിതനായി ."അളിയാ, കിണ്ണന്‍ ഐറ്റം! ഇന്‍ഫി ക്യാമ്പസ് മുഴുവന്‍ ഈ സൈസ് ഐറ്റങ്ങള്‍ ആണെങ്കില്‍ നീലിമയുടെ കാര്യത്തില്‍ ഒരു പുന: പരിശോധന നല്ലതല്ലേ ?"
"എടാ കോപ്പേ മിണ്ടാതിരി. അവള് ദേ  നിന്റെ അടുത്ത്. നമുക്ക് ഉത്തരങ്ങള്‍ ഒന്ന് കമ്പയര്‍ ചെയ്താലോ ?" ജേക്കബ് ചോദിച്ചു
 
 
ഞാന്‍ അവളെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാവാതെ ആ പെണ്ണ് എന്റെ അടുത്ത് വന്നു നിന്നിട്ട് വീണ്ടും ഹിന്ദി ഫോണ്‍ തുടര്‍ന്നു .എന്തായാലും ഇനി കുറെ സമയമുണ്ട് . ഉത്തരങ്ങള്‍ കമ്പയര്‍ ചെയ്യാന്‍ ഒന്നും നില്‍ക്കാതെ ഞാന്‍ വായി നോക്കി നടന്നു.

കോളേജിന്റെ ഗെയിട്ടിനടുത്തെ ചായക്കടയില്‍ കടലയും കൊറിച്ചു നില്‍ക്കുമ്പോള്‍ ആണ് സതീഷ്‌ വിളിക്കുന്നത്‌." റിസള്‍ട്ട്‌ നോട്ടീസ് ബോഡില്‍ ഇട്ടിട്ടുണ്ട്" ജേക്കബിനേം കൂട്ടി നേരെ നോട്ടീസ് ബോര്‍ഡിന്റെ അടുത്തേക്ക്.
 
 
ഞങ്ങളുടെ ക്ലാസില്‍ നിന്നും മൂന്നു പേര്‍ക്ക് ഇന്റെര്‍വ്യൂവിനു സിലക്ഷന്‍ ഉണ്ട് , ഞാന്,‍ വിവേക് , സന്ധ്യ. അടുത്ത ക്ലാസില്‍ ഇരുന്ന ജേക്കബിനും കിട്ടിയിട്ടുണ്ട്. ഹാവൂ രക്ഷപെട്ടു . ശകുന്തള ദേവി നിങ്ങള്ക്ക് ഒരു വലിയ ഉമ്മ . ഇത്രേം മനസ്സില്‍ പറഞ്ഞു ഇന്റെര്‍വ്യൂവിന് വേണ്ടി അല്ലറ ചില്ലറ വായനകള്‍ നടത്തി.
ഇന്റെര്‍വ്യൂ ടൈം .
ഞാന്‍ ചെന്നപ്പോള്‍ എന്റെ പേരുള്ള ലിസ്റ്റും പിടിച്ചു നില്‍ക്കുന്നത് നമ്മുടെ പഴയ ഹിന്ദി കുമാരി. ലവളെ അടിച്ചു ഒതുക്കി തരും എന്ന് എന്ന് ജേക്കബിനോട് പറഞ്ഞു നേരെ അവള്‍ ഇരിക്കുന്ന മുറിയില്‍ കയറി .

എന്റെ മുഖത്ത് നോക്കി അവള്‍ ആദ്യം ഒരു മന്മഥ സായകമയച്ചു. ഞാന് ‍ പുളകം കൊണ്ടു അപ്പോള്‍ അവള്‍ മൃദുവായി മന്ത്രിച്ചു..
" ടെല്‍ മി എബൌ ട്ട് യുര്‍ സെല്‍ഫ്. ?"
അയ്യേ ചീള് കേസ് . ഇത് കൊറേ കണ്ടതല്ലേ ഈ കെ കെ ജോസഫ് ....
ഞാന്‍ , വല്ല്യ തറവാടിയാ,ഇങ്ങടെ അവിടെ പണി എടുത്തു കുടുംബം പോറ്റേണ്ട കാര്യം ഒന്നും ഉണ്ടായിട്ടല്ല എന്നാലും ഒരു നേരമ്പോക്കിന് വന്നു എന്ന് പറയാനാണ് മനസ്സില്‍ തോന്നിയതെങ്കിലും വിനീത വിധേയനായി പേരും പഠിച്ച സംഭവും മാര്‍ക്കും ഒക്കെ പറഞ്ഞു

അടുത്ത ചോദ്യം ."എന്ത് കൊണ്ട് ഇന്‍ഫോസിസ് ?"

മൈസൂര്‍ ക്യാമ്പസ്,വാകമരം, നീലിമ ..എന്നാണു മനസിലെ ഉത്തരമെങ്കിലും എടുത്തു കാച്ചി.

" ഇങ്ങടെ കമ്പനിയുടെ വളര്‍ച്ച ,അത് നല്‍കുന്ന ബൌദ്ധികമായ വെല്ലുവിളികള്‍ ഇതൊക്കെ എന്റെ മനതാരിനെ കുളിര്‍ കോരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇശ്ശി കാലായി .അതോണ്ടാ, അതോണ്ട് മാത്രമാണ് അല്ലാതെ ഛെ ..."

ദേ വരുന്നു അടുത്ത ചോദ്യം

"സപ്പ്ളി ഉണ്ടായിട്ടുണ്ടല്ലേ ?"

"എടീ കഴുതേ മെക്കാളെ തുടങ്ങി വെച്ച പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകള്‍ മൂലം സംഭവിച്ചതാണ് അത്" എന്ന് പറയണം എന്ന് തോന്നിയെങ്കിലും പകരം ഇങ്ങനെ പറഞ്ഞു. "ഒരു സെമെസ്റ്ററില്‍ രണ്ടു പേപ്പര്‍ പോയെങ്കിലും അത് നല്ല മാര്‍ക്കോടെ തന്നെ എഴുതിയെടുതിട്ടുണ്ട് . പരാജയങ്ങളില്‍ പതറാതെ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു തിരിച്ചു വരാന്‍ കഴിവുള്ള ഇരട്ട ചങ്കുള്ള ചാക്കൊച്ചിയാണ് ഞാന്.."

"കുട്ടാ നിനക്ക് ഞാന്‍ ഈ ജോലി തന്നാല്‍ നീ എന്ത് തിരിച്ചു തരും ? "എന്നൊരു ചോദ്യം അവള്‍ ..
 
'ദൈവമേ, പഴയ ഐ.വി . ശശി സിനിമയില്‍ ഇന്റര്‍വ്യൂ ചെയ്യാറുള്ള കമ്പനി മുതലാളിമാരായ ടി. ജി രവി, ജോസ് പ്രകാശ്‌ തുടങ്ങിയവര്‍ ജയഭാരതി, സീമ, ഉണ്ണിമേരി എന്നിവരോട് ചോദിക്കാറുള്ള അതേ ചോദ്യം..''ഏയ് കുട്ടി, എന്താ ഇങ്ങനെ? ഞാന്‍ അത്തരക്കാരനല്ല. കുട്ടി ബോംബെലോക്കെ വളര്‍ന്ന ആളല്ലേ. എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ' പിന്നെ തോന്നി ഏയ് അതാവില്ല .
"ആത്മാര്‍ഥത, സത്യസന്ധത , കഠിനാദ്ധ്വാനം തുടങ്ങി നിരവധി സല്‍ഗുണങ്ങളുടെ   ഒരു ഹൈപ്പര്‍ ‍ മാര്‍ക്കറ്റ് ആണ് ഞാന്‍.അച്ചടക്കത്തിന്റെ കാര്യം പറഞ്ഞാല്‍ സദ്യക്ക് വെളക്ക് കൊളുത്തിയാല്‍ ലക്ഷ്മീ സഹസ്രനാമോം ജ്ഞാനപ്പാനേം വായിച്ചു കഴിയുന്ന സാത്വികന്‍. ഇനി ഇങ്ങള്‍ക്ക്‌ വേണചാല്‍ ഞാന്‍ എന്നെത്തന്നെ നാരാണ മൂര്‍ത്തിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കാം ".
 
"അപ്പോള്‍ ശരി ".

ഇത്രേം ഇംഗ്ലീഷില്‍ മോഴിഞ്ഞിട്ടു അവള്‍ ഒന്ന് ചുമച്ചു. അതിനു ശേഷം മുഖത്ത് നോക്കിയിട്ട് പറഞ്ഞു.  "പാന്റും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു ഹിന്ദി പറയുന്ന എല്ലാവരും ഹിന്ദിക്കാരാവണം എന്നില്ല. അതോണ്ട് ഭാവിയില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതെ സൂക്ഷിച്ചും കണ്ടും സംസാരികണം മോനെ ."
ഇത്രേം പറഞ്ഞത് നല്ല വടകര ഭാഷയില്‍!!!!.
മുറിച്ചുരിക കൊണ്ട അരിങ്ങോടരേപ്പോലെ ഞാന്‍ വീണു.
"ചേച്ചി അല്ല മാഡം എന്റെ പണി,വാക, നീലിമ ....."
"അത് ഊഹിക്കാമല്ലോ .. നേരെ ചൊവ്വേ പെരുമാറാന്‍ പഠിച്ചിട്ടു വാടാ ചെറുക്ക ..."
 
 
സമര്‍പ്പണം : ആപ്റ്റിട്യൂഡ്‌  ടെസ്റ്റുകള്‍ക്കും ഇന്റെര്‍വ്യൂകള്‍ക്കും ഗ്രൂപ്പ് ഡിസ്കഷനുകള്‍ക്കും വേണ്ടി ചിലവഴിച്ച രണ്ടായിരത്തി ആറിലെ  ഒരുപാട് രാവുകള്‍ക്ക്‌.
കടപ്പാട്: ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെ ന്റെ ഖല്‍ബിന്റെ താക്കോല്‍ പിടിച്ചു വാങ്ങി എഴുതണം, എഴുതണം എന്ന് പറഞ്ഞു കൂടെ നില്‍ക്കുന്ന വാമഭാഗത്തിന്.

Wednesday, September 12, 2012

എമേര്‍ജിംഗ് അപ്പുക്കുട്ടന്‍!!!


അന്നത്തെ ദിവസം ഈ സംസ്ഥാന ചരിത്രത്തില്‍ എഴുതപ്പെടാന്‍ പോകുന്നത് പുതിയ അദ്ധ്യായമാണ് എന്ന് പ്രധാനമന്ത്രി പ്രസംഗിച്ചതായി സ്തുതിരമ ചാനെല്‍ ഉറക്കെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അപ്പുക്കുട്ടന് വിമ്മിട്ടം മാറിയിരുന്നില്ല. പ്രധാന മന്ത്രി കടന്നു പോകുന്ന വഴി അത്രയും അലങ്കരിക്കാനുള്ള കൊട്ടേഷന്‍ വാങ്ങിയ തോമാച്ചന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്ത്തിലെ ചെക്കന്മാര്‍ മിനിഞ്ഞാന്നും ചായ കുടിച്ചു ചിറി തുടച്ചു പുറത്തിറങ്ങിയത് തന്റെ തട്ടുകടയില്‍ നിന്നായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ടാണ് തോമാച്ചന്റെ അതേ പണിക്കാര്‍ തന്നെ തന്റെ തട്ടുകട നീക്കം ചെയ്തതും. പ്രധാനമന്ത്രി പോകുന്ന വഴിയില്‍ അസുന്ദരമായ വസ്ത്‌ാക്കള്‍ ഒന്നും തന്നെ ഉണ്ടാവരുത് എന്ന ഭരണ കൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നത്രേ അത്.

കടയില്‍ ചായകുടിച്ചു കൊണ്ടിരുന്നവരെ മുഴുവന്‍ ഒഴിപ്പിച്ചാണ് തട്ടുകട അവര്‍ നീക്കം ചെയ്തത്. തിരഞ്ഞെടുപ്പില്‍ പോലും ജനങ്ങളെ നേരിടാത്ത പ്രധാനമന്ത്രിക്ക് തന്റെ പ്രജകളുടെ യഥാര്‍ത്ഥ അവസ്ഥ കാണാനുള്ള അവസരം നിഷേധിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന സഖാവ്  മൊയ്തീന്‍ അവരോടു  പറഞ്ഞത്‌ അപ്പോളും അപ്പുക്കുട്ടനു മനസിലായില്ല.

രണ്ടു ദിവസം കൊണ്ട് പ്രധാനമന്ത്രി തിരിച്ചു പോകുമെന്നും അതിനു ശേഷം തന്റെ തട്ടുകട പതിവുപോലെ വീണ്ടും പ്രവര്‍ത്തിക്കുമെന്നും ഇടപാടുകാരെ പറഞ്ഞു മനസിലാക്കിയാണ് അപ്പുക്കുട്ടന്‍ ഇന്നലെ വീട്ടിലെത്തിയത്‌.

താന്‍ വോട്ടു ചെയ്തു വിജയിപ്പിച്ച സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ വരവ് പിന്നെയും തനിക്ക് പാരയായത് മനസിലാക്കാന്‍ ഇന്ന് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു അപ്പുക്കുട്ടന്. ദാക്ഷായണി രാവിലെ ഇട്ടു തന്ന ചുടു ചായയും കുടിച്ചു പതിവുപോലെ ഒരു ബക്കറ്റ് വെള്ളവുമായി  റോഡിനും വല്ലോടി പാടത്തിനും  ഇടക്കുള്ള ഒഴിഞ്ഞ പ്രദേശത്തെ മരച്ചുവട്ടില്‍ വെളിക്കിരികാന്‍ ശ്രമിക്കുമ്പോളാണ് കോണ്‍സ്റ്റബിള്‍ യോഹന്നാനും മറ്റൊരു പി സിയും ചേര്‍ന്ന് അപ്പുക്കുട്ടനെ ഓടിച്ചത്. അതിരാവിലെ തണുത്ത  കാറ്റ് കൊണ്ട് വെളിക്കിരിക്കുന്ന തന്റെ മുപ്പതു വര്‍ഷത്തെ ശീലത്തെ രണ്ടു ദിവസം പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റി വെക്കണം എന്ന് യോഹന്നാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും അപ്പുക്കുട്ടന്‍ ഒരുക്കമായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമത്തിന്റെ കൂറ്റന്‍ ഫ്ലക്സ്‌ ബോഡ് തോമാച്ചന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി തന്റെ വെളിക്കിരിക്കല്‍ പ്രദേശത്താണ് നാട്ടിയതെന്നും അതിനാണ് യോഹന്നാന്‍ പോലീസ്‌ കാവല്‍ നില്‍ക്കുന്നത് എന്നും മനസിലാക്കി വരുമ്പോഴേക്കും ദാക്ഷായണി കൊടുത്ത ചുടു ചായ  വലിയൊരു കൊടുംകാറ്റായി അപ്പുക്കുട്ടന്റെ വയറില്‍ മാറിക്കഴിഞ്ഞിരുന്നു.

തന്റെ വീടും വല്ലോടി പാടവും ചുറ്റുമുള്ള സ്ഥലവും ടിവിക്കാരും വിഡിയോക്കാരും ഇന്ന് രാവിലെ ഷൂട്ട്‌ ചെയ്തു പോയപ്പോള്‍ തന്റെ നാടിനു വലിയൊരു മാറ്റം ഉണ്ടാവാന്‍ പോകുന്ന സന്തോഷത്തില്‍   വെളിക്കിരിക്കല്‍ മുടക്കിയത്തില്‍  പ്രധാനമന്ത്രിയോടുള്ള അപ്പുക്കുട്ടന്റെ നീരസം അലിഞ്ഞു ഇല്ലാതായി. സുന്ദരമായ നഗരത്തില്‍ വൃത്തിയുള്ള കക്കൂസ് കെട്ടാന്‍ പോലും പാങ്ങില്ലാത്ത തന്നെപോലുള്ളവര്‍ ഉണ്ടെന്ന കാര്യം ശരിക്കും വിവരവും വിദ്യാഭ്യാസവും പരിഷ്കാരവും ഉള്ള നാടിനു അപമാനം തന്നെയാണ് എന്ന് അപ്പുക്കുട്ടന് തോന്നി.  

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികില്‍ ഇറങ്ങി പൊറോട്ട തിന്നു സാധാരണക്കാരന്റെ കൈയടി നേടിയ പാര്‍ട്ടിയുടെ യുവനേതാവിന് അതെ സാധാരണക്കരാര്‍ വിസര്‍ജ്ജിക്കുന്ന ഏതെന്കിലും ഒരു ബസ്‌ സ്റ്റാണ്ടിലെ കക്കൂസില്‍ ഒന്ന് മൂക്ക് പൊത്താതെ പോയി ഇരുന്നിട്ട് വരാന്‍ പറ്റുമോ എന്ന് മൊയ്തീന്‍ സഖാവ് ഇടയ്ക്കു പറയാറുണ്ടായിരുന്നു.  പത്ത് സിമന്റ് ചാക്കുകള്‍ ചേര്‍ത്ത് വെച്ചമറച്ച തട്ടിപ്പ്‌ കുളിമുറിയും കക്കൂസും  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദാക്ഷായനിയും തന്റെ മൂന്ന് പിള്ളേരും ഒരു പരാതിയും പറയാതെ ഉപയോഗിക്കുന്നതിനെപറ്റി അപ്പുക്കുട്ടന് അദ്ഭുതം തോന്നി. വൈകീട്ടത്തെ വാര്‍ത്തയില്‍ വീട് കാണിക്കുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ ലോകം കാണുമോ എന്നാ ചിന്ത ഉയര്‍ന്നതും അപ്പോഴായിരുന്നു.

 പക്ഷെ  വാര്‍ത്ത പറഞ്ഞത്  വല്ലോടി പാദത്തില്‍ വരാന്‍ പോകുന്ന ഇലക്ട്രോണിക് സിറ്റിയെപറ്റിയും തന്റെ വീടിരിക്കുന പ്രദേശത്തുകൂടെ വരുന്ന അതിവേഗ പാതയെ പറ്റിയുമായിരുന്നു. തന്റെ മണ്ണും വീടും ഇരിക്കുന്ന സ്ഥലത്ത്‌  നടക്കാന്‍ പോകുന്ന രണ്ടു പദ്ധതികളുടെ ധാരണ പത്രങ്ങള്‍ ഒപ്പിടുന്ന ചടങ്ങില്‍ ആരും തന്നെ വിളിച്ചില്ലല്ലോ എന്ന് അപ്പുക്കുട്ടന്‍ പരാതി പറഞ്ഞില്ല. തന്റെ നാട്ടില്‍ ഉണ്ടാവാന്‍ പോകുന്ന തോഴിലവസരങ്ങളുടെ കുത്തോഴുക്കിനെ പറ്റി സ്തുതിരമ ചാനല്‍ പറഞ്ഞ കണക്കുകളില്‍ അറുപത കഴിഞ്ഞ ഒരു തട്ടുകടക്കാരന് കിട്ടിയേക്കാവുന്ന ജോലിയുടെ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ തന്റെ വീടിരിക്കുന്ന സ്ഥലത്ത് വരാന്‍ പോകുന്ന കൂറ്റന്‍ ആറുവരി പാതയുടെ ഗ്രാഫിക്സ് ചിത്രങ്ങള്‍ കണ്ടപ്പോള്‍ ദാക്ഷായനിയുറെ ചുടു ചായ ഇല്ലാതെ തന്നെ അപ്പുക്കുട്ടന്റെ വയറില്‍ വീണ്ടും ഒരു വലിയൊരു ചലനം എമെര്ജ് ചെയ്തു. ഒരു ബക്കറ്റ് വെള്ളം പോലും എടുക്കാതെ വരാനിരിക്കുന്ന ആറു വരി പാത മുഴുവന്‍ ആ രാത്രി അപ്പുക്കുട്ടന്‍ വെളിക്കിരുന്നു.....

Monday, June 25, 2012

തല്‍സമയക്കാഴ്ചകള്‍

ഇന്നത്തെ പകല്‍ കഴിച്ചുകൂട്ടാന്‍ തക്കവിധത്തില്‍ ചൂടുള്ള ശവങ്ങള്‍ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടോ എന്ന് ഡെസ്കില്‍ ഓടിനടന്നു ചോദിച്ചിട്ടും തൃപ്തികരമായ മറുപടി കിട്ടാത്തതിന്റെ നിരാശ ദിവാകരന്റെ മുഖത്ത് തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. പത്ത് പന്ത്രണ്ടു ദിവസമായി സ്ക്രോളിലും രാത്രി കാല  ചര്‍ച്ചകളിലും ഓടിക്കൊണ്ടിരിക്കുന്ന രാജപുരി പെണ്‍വാണിഭ കേസിന് തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു..പത്ത് നാല്പതു ക്യാമറകളും അത്ര തന്നെ റിപ്പോര്‍ട്ടര്‍മാരും തലങ്ങും വിലങ്ങും ഓടി  നടന്നിട്ടും ഒരു വി ഐപിയുറെയോ സിനിമാ താരത്തിന്റെയോ എന്തിനു പേരും പ്രശസ്തിയുമുള്ള ഒരു ദാരിദ്ര്യവാസിയുടെയും   പേര് ആ കഴുവേറി മോള്‍  പറഞ്ഞില്ല എന്ന് ഇന്നലെ രാത്രിയിലത്തെ ചര്‍ച്ചക്ക് ശേഷം ആദിത്യന്‍ സങ്കടത്തോടെ പറഞ്ഞത് . പീഡിപ്പിച്ചത് അച്ഛനും നാട്ടിലെ കുറെ തുക്കട ഓട്ടോ ബസ് ചേട്ടന്മാരും ചേര്‍ന്നാണെന്ന് ഏകദേശം തീരുമാനമായതോടെ ഒബി വാന്‍ അവളുടെ നാട്ടില്‍ നിന്നും തലസ്ഥാനത്തെ സമരങ്ങള്‍ കവര്‍ ചെയ്യാന്‍ വിടണം  ഇന്നലെ ആദിത്യന് ‍വാദിച്ചതും അതുകൊണ്ടാണ് . 
ഇനി എന്തെങ്കിലും പുതിയതൊന്നു തടയുന്നത് വരെ നഴ്സുമാരുടെ സമരവും സ്വാശ്രയ കോളേജ് പ്രശ്നവും എല്ലാം കേന്ദ്രീകരിച്ചു ചൂടുള്ള എന്തെങ്കിലും തപ്പിയെടുക്കാന്‍ ബ്യുറോകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ട് ദിവാകരന്‍ ചാനലുകള്‍ മാറ്റി മാറ്റി ഇരുന്നു. ഇടയ്ക്കു സിറ്റി ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി തീരുമാനമാവാതെ കിടക്കുന്ന സാഹിത്യകാരന്റെ സെക്രട്ടറിയെ വിളിച്ചു നോക്കി. നല്ല പുരോഗതി ഉണ്ട് എന്ന് അയാള്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞപ്പോള്‍ ദിവാകരന്‍ അസ്വസ്ഥനായി .' ചാവാന്‍ കിടക്കുന്നു, ഇന്ന് തീരും' എന്നൊക്കെ ഈ സെക്രട്ടറി പറഞ്ഞത്  കേട്ടു തൃശൂര്‍  റിപ്പോര്‍ട്ടര്‍ ആതിര നാലു ദിവസം അവിടെ കാത്തു കിടന്നതും ഒടുവില്‍ ഭാര്യയെ കാണാനെങ്കിലും വിട്ടുതരണം എന്ന് അവളുടെ ദുബായിക്കാരന്‍ കെട്ടിയോന്‍ ചൂടായി പറഞ്ഞതും എല്ലാം ഈ ഒരു സാഹിത്യ സിംഹം കാരണമാണല്ലോ എന്ന ചിന്ത ദിവാകരനെ വീണ്ടും ചൂട് പിടിപ്പിച്ചു. പ്രത്യേകിച്ച് ഒരു വാര്‍ത്തയും ഇല്ലാത്ത ഈ ഡ്രൈ ഡെയില്‍   ഇയാള്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ .. പ്രൊഫൈലും ജീവചരിത്രവും കൃതികളുടെ പഠനവും എന്തിനു അനുശോചനത്തിന്‍റെ  ബൈറ്റുവരെ  വരെ ആതിര തയ്യരാക്കിയാണ് ആതിര അവിടെ കാത്തിരുന്നത്. അവള്‍ തയ്യാറാക്കിയ ആ പാക്കെജുകള്‍ക്കൊപ്പം   ചര്‍ച്ചകള്‍ക്ക് എത്തുന്ന പ്രതികരണ തൊഴിലാളികള്‍ കൂടി ആവുമ്പോള്‍ ഇന്നത്തെ രാത്രി വെളുപ്പിക്കാന്‍ ഈ കിഴവന്‍ മതി എന്ന് മോഹിച്ചു പോകുമ്പോളും ആരോഗ്യ നിലയില്‍ പുരോഗതി എന്ന ഫ്ലാഷ് കൊടുക്കാന്‍ ബിനിതയോട് പറയേണ്ടി വരുന്ന വിഷമത്തില്‍ ദിവാകരന്‍ വീണ്ടും ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു.
ഉച്ചക്ക് മൂന്നര വരെ വാര്‍ത്തകള്‍ ഒന്നും കാണഞ്ഞപ്പോള്‍ അഞ്ചു മണിക്ക് വീട്ടില്‍ പോയി അമ്മുവിനേയും പ്രമീളയെയും കൂട്ടി ആറു ആറരക്കു ഒരു നഗര പ്രദിക്ഷണവും ചെറിയ  ഷോപ്പിങ്ങിനുമുള്ള പ്ലാന്‍ മനസ്സില്‍ രൂപപ്പെട്ടു വരികയായിരുന്നു.പ്രമീള ഓഫിസില്‍ നിന്നും വരുന്ന വഴിയിലാണ് അമ്മുവിന്‍റെ സ്കൂള്‍ എന്നതുകൊണ്ട്‌ തന്നെ അമ്മുവിനേയും കൂട്ടി നേരെ സിറ്റിയിലേക്ക് പ്രമീള വരുന്നതായിരുക്കും സൗകര്യം .പ്രമീളയെ ഫോണില്‍ വിളിച്ചു കാര്യം  പറഞ്ഞപ്പോള്‍ അവള്‍ വലിയ ത്രില്ലില്‍ ഡബിള്‍ ‍ ഓക്കേ പറയുകായിരുന്നു കുറെ ദിവസം രാജപുരി പീഡനത്ത്തിനു പിറകെ ആയതുകൊണ്ട് ഇവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ലല്ലോ ....
മൂന്നുമണിയുടെ ഷിഫ്റ്റിലെ  പിള്ളേര്‍ പണി  തുടങ്ങിയ ബഹളം ഡെസ്കില്‍ കേള്‍ക്കാം  അഞ്ചു മണിക്ക് ഷിഫ്റ്റ്‌ തീരുന്നവര്‍ ഇറങ്ങാനുള്ള  തിടുക്കത്തിലുമാണ്  ..അഞ്ചര കഴിഞ്ഞാല്‍ ആദിത്യന്‍ വരും. രാത്രിയിലെ ചര്‍ച്ചക്ക് വേണ്ട പ്രിപറേഷന്‍ ഒകെ ആയി ആദിത്യന്‍ ഇവിടെ ഉണ്ടാവും. അവന്‍ വരുന്നത് വരെ ഡെസ്കിലെ എല്ലാ തലവേദനയും താന്‍ നോക്കണം ...
മൊബൈലിലെ സ്ക്രീന്‍ സേവര്‍ ക്ലോക്ക് നാലരയില്‍ എത്തിയപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ വേണ്ടി കിച്ചനിലേക്ക് നടക്കാന്‍ ഇറങ്ങിയതാണ് .അപ്പോഴാണ്‌  മറ്റൊരു ചാനലില്‍ സ്കൂള്‍ ബസ്സ്‌ പുഴയിലേക്ക് മറഞ്ഞു എന്ന ബ്രേക്ക് പോകുന്നുവെന്ന് ടിക്കെര്‍ മഷീനില്‍ ‍ ഇരിക്കുന്ന ബിനിത വിളിച്ചു പറഞ്ഞത്. സ്ഥലവും ഡീടെയിസും  തിരക്കാന്‍ കൊച്ചി  റിപ്പോര്‍ട്ടര്‍ സുനിലിനെ   വിളിച്ചു പറയുമ്പോള്‍ തന്നെ ഒരു വലിയ ചാകരയുടെ മണം ദിവാകരന് കിട്ടി.  
. ഇന്നത്തെ ഷോപ്പിംഗ്‌ പരിപാടി മിക്കവാറും ക്യാന്‍സല്‍ ചെയ്യേണ്ടി വരും എന്ന് സുനില്‍ ആദ്യ അപ്ടേറ്റ്‌മായി എത്തിയപ്പോഴേ തോന്നി  . സ്കൂള്‍ കുട്ടികളെയും കുത്തിനിറച്ച  ഒരു മിനി ബസ്സ്‌ അപ്പാടെ കായലില്‍ വീണിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവാവുന്നത്തെ ഉള്ളൂ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പട്ടാള ക്യാപ്റ്റനെ പോലെ ആണ് താന്‍  എന്ന് ആദിത്യന് ഇടയ്ക്കു ‍ പറയാറുള്ളത് മനസ്സില്‍ അല്പം അഹന്തയോടെ തന്നെ ദിവാകരന്‍ ഓര്‍ത്തു. ലൈബ്രറിയിലെ സന്ദീപിനെ വിളിച്ചു കഴിഞ്ഞ ഒരു വര്‍ഷത്തെ സ്കൂള്‍ വാഹന അപകടങ്ങളുടെ കണക്കും വിഷ്വലും   പൊടി തട്ടി എടുക്കാന്‍ പറഞ്ഞു. തലസ്ഥാനത്തെക്ക് നീങ്ങുന്ന ഓ ബി വാനിനുസംഭവ സ്ഥലത്തേക്ക് അടിയന്തിരമായി എത്താനുള്ള നിര്‍ദ്ദേശം നല്‍കിയതിനു ശേഷം വിദ്യാഭ്യാസ മന്ത്രിയെ ഫോണില്‍ വിളിച്ചു ബൈറ്റ് എടുത്തു. റോഡ്‌ സെഫ്ടിയെ പറ്റി പണ്ട് ഏതോ ഒരു നമ്പ്യാര്‍ തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല എന്ന് പറഞ്ഞു ഒരു പാക്കേജ് ചെയ്യിക്കാന്‍ ഡിസ്കിലെ ഒരുത്തിയെ ഏല്പിച്ചു. അപ്പോഴാണ്‌ അപകടത്തില്‍പെട്ടത് അമ്മുവിന്‍റെ  സ്ക്കൂളിലെ ബസ്സ്‌ ആണ് എന്ന് പുതിയ വിവരങ്ങളുമായി എത്തിയ സുനിലില്‍ നിന്നും ഒരു ഞെട്ടലോടെ അറിഞ്ഞത്. മുപ്പത്തി അഞ്ചോളം കുട്ടികള്‍ ഉണ്ടായിരുന്ന ബസ്സില്‍ നിന്നും പതിനാലു പേരെ രക്ഷ പെടുത്തിയിരിക്കുന്നു,. ബാക്കിയുള്ളവര്‍ക്ക് വേണ്ടി നാട്ടുകാര്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു. പുഴയില്‍ നല്ല ഒഴുക്കുണ്ട് തുടങ്ങിയയവയായിരുന്നു  സുനിലിന്റെ പുതിയ അപ്ഡറ്റ്. പെട്ടെന്ന് എന്തോ ഒരു വല്ലായ്മ തോന്നി പ്രമീളയെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കു അമ്മുവിനെ പിക് ചെയ്യാന്‍ പറ്റിയില്ല പകരം കൂട്ടുകാരി നിരോഷയുടെ  അമ്മയുടെ കാറില്‍ പോന്നോളാന്‍ പറഞ്ഞിട്ടുണ്ട് എന്ന്.
അത് കേട്ടതോടെ മനസിലെ വിഷമം മാറി മാത്രമല്ല ഈ അപകടം തുറന്നു തന്ന പുതിയൊരു സാധ്യത ദിവാകരന്‍ അളന്നെടുത്തു.  നഗരത്തിലെ  ചെറുപ്പകാരായ മാധ്യമ പ്രവര്‍ത്തകര്ക്കൊന്നും ഈ സ്കൂളുമായി  വലിയ ബന്ധമൊന്നുമുണ്ടാവാന്‍ വഴിയില്ല  . താന്‍ ആണെങ്കില്‍ അവിടുത്തെ പി ടി ഐ യുടെ കമ്മറ്റി മെമ്പറും. മരിച്ച ഏതെങ്കിലും കുട്ടിയുടെ പേര്‍ കിട്ടാന്‍ സുനിലിനെ തുടരെ വിളിച്ചു കൊണ്ടിരിന്നു. അവസാനം ഒരു ജീന മാത്യു എന്ന ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയുടെ പേരാണ് സുനില്‍ തന്നത്. പി ടി എ യിലെ പരിചയം വെച്ചു അവളുടെ ഫാദര്‍ മാത്യു ഔസേപ്പിന്റെ  ഫോണ്‍ തപ്പിയെടുത്ത് നേരിട്ട് വിളിച്ചപ്പോള്‍ വിങ്ങലോ കരച്ചിലോ എന്നറിയാത്ത ഭീകരമായ ഒരു ശബ്ദമാണ് കിട്ടിയത് .കിട്ടിയത് റിക്കോഡു   ചെയ്തു ചാനലില്‍ കേള്‍പ്പിച്ചപ്പോള്‍ ഇതിനിടയില്‍ എപ്പോളോ ന്യുസ് റൂമില്‍ ക്യാമറക്ക്‌ മുന്നില്‍ എത്തിയ ആദിത്യന്‍ ഇങ്ങനെ പറഞ്ഞു." മാത്യു ഔസേപ് ഈ വിവരം അറിയുന്നത് ഞങ്ങളുടെ ചാനലില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ ..."
ഇതൊരു നല്ല അവസരമായി മാറുകയാണല്ലോ എന്ന് വീണ്ടും  മനസ്സില്‍ പറഞ്ഞു ദിവാകരന്‍ ഓ ബി വാനില്‍ നിന്നും വരുന്ന ദൃശ്യങ്ങള്‍ നോക്കിയിരുന്നു. കഴിഞ്ഞ കലോത്സവത്തില്‍ കലാതിലകമായ ദീപ്തി എന്ന ഒന്‍പതാം ക്ലാസുകാരിയുടെ ജഡം പൊക്കിയെടുത്ത് വരുന്ന ദൃശ്യം കണ്ടു ടിക്കര്‍ മെഷീനില്‍   ഇരിക്കുന്ന ബിനിതയുടെ  ‍ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു വന്നു. ഇതേ ഭാവം തന്നെയാവണം ഇപ്പോള്‍ ചാനെല്‍ കാണുന്ന മുഴുവന്‍ പ്രേക്ഷകര്‍ക്കും എങ്കില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു.  മരിച്ചവരില്‍ കലാതിലകവും എന്ന ബ്രേക്ക് അടിക്കാന്‍ വേണ്ടി ഒരു തുണ്ട് പേപ്പറില്‍ കുറിച്ച്  ബിനിതക്ക് ഇട്ടു കൊടുത്തതിനു ശേഷം   ദീപ്തിയുടെ  വീട്ടിലേക്കു  അടുത്ത ജില്ലയിലെ ക്യാമാരമാനെ അയക്കാന്‍ വിളിച്ചു പറയുകയും ചെയ്തു.

ഒരു പരസ്യത്തിന്റെ  ഇടവേളയില്‍ ആദിത്യന്‍ അടുത്ത് വിളിച്ചിട്ട് മറ്റൊരു ഐഡിയ കൂടി പറഞ്ഞു തന്നു. ദീപ്തി മത്സരിച്ച കലോത്സവത്തിന്റെ വീഡിയോ എടുത്തിരിക്കാന്‍ സാധ്യത ഉള്ള സ്കൂളിനു പരിസരത്തുള്ള  വീഡിയോ ഷോപ്പുകളെ  കണ്ടുപിടിച്ചു  ആ വിഡിയോ വിഷ്വല്‍ എടുത്തു  ഒരു ദുഃഖ ഗാനത്തിന്റെ മൂഡില്‍ മിക്സ് ചെയ്തു ഇടയ്ക്കിടെ കാണിക്കുകയും ചെയ്‌താല്‍ കലാതിലകം എന്ന ഹൈലൈറ്റ് ഒന്നുകൂടി പൊലിപ്പിക്കാന്‍ പറ്റും എന്ന ആദിത്യ സൂക്തം മാര്‍ക്കെട്ടിങ്ങില്‍ ഇവന്‍ എപ്പോഴും തന്നെ കടത്തി വെട്ടാറുണ്ട് എന്ന പതിവ് അസൂയ ദിവാകരനില്‍ ജനിപ്പിച്ചു
രക്ഷ പ്രവര്‍ത്തനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എന്ന് ചാനലിന്റെ പേര്‍ വാട്ടര്‍മാര്‍ക്കിട്ടു ‍ ഓ ബി വാന്‍ ക്ലിപ്പ് പോകുമ്പോള്‍ ആദിത്യന്‍ ഇടയ്ക്കിടെ ആദ്യ ദൃശ്യങ്ങള്‍ മലയാളികളില്‍ എത്തിക്കുന്നത് തങ്ങളുടെ ചാനല്‍ എന്ന്  അവകാശപ്പെടുന്നുണ്ടായിരുന്നു.

ആര്‍ ടി ഓ, പോലീസ് , സ്കൂള്‍ പ്രിന്‍സിപ്പല്‍, പുഴക്കരികിലെ ചായക്കടക്കാരന്‍, ബസ്സ്‌ മറിഞ്ഞത് ആദ്യം കണ്ട് നാട്ടുകാര്‍ എന്നിവര്‍ സകലരും നല്ല അച്ചടക്കത്തോടെ ചാനല ക്യാമറക്ക്‌ മുന്നില്‍ പ്രതികരിച്ചപ്പോള്‍ ഈ നാട്ടിലെ ഓരോരുത്തരെയും മാധ്യമ ഭാഷയില്‍ സംസാരിക്കാന്‍ പഠിപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്  ദിവാകരന്‍ മനസ്സില്‍ ഓര്‍ത്തു. സ്ക്രീനില്‍ പരസ്യങ്ങള്‍ കാണിക്കുമ്പോള്‍ പുതിയ വിവരങ്ങളുമായി പിന്നെയും ലൈനില്‍ വന്ന സുനിലിനോട് സ്കോര്‍ എത്രയായി എന്ന് ആദിത്യന്‍ ചോദിച്ചതും ക്യാമറമാന്മാരും  ഡെസ്കിലെ ആണ്പിള്ളേരും എല്ലാം പൊട്ടിച്ചിരിയോടെ ആണ് സ്വീകരിച്ചത്. കുറെ ഏറെ ശവങ്ങള്‍  ഒന്നിച്ചു കണ്ട  പൊടിപ്പയ്യന്റെ ഞെട്ടല്‍  കൊണ്ടാവും സുനില്‍ ആറു ബോഡി കണ്ടെടുത്തു   ഇനിയും പത്തു പേരോളം മിസ്സിംഗ്‌ ആണ് എന്ന് പറഞ്ഞു ഫോണ്‍ മുഖത്തടിക്കുന്നത് പോലെ കട്ട് ചെയ്തത്.
ഇനി രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂള്‍ ബസ്സുകളില്‍ പിള്ളേരെ കുത്തി നിറച്ചു അമിത വേഗത്തില്‍ ഓടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ എല്ലാ ബ്യുറോകളിലും വിളിച്ചു പറഞ്ഞു . കുറച്ചു ദിവസം ഇത്തരം സുരക്ഷ പാളിച്ചകള്‍ ജനം ശ്രദ്ധിക്കും. ഇല അറിഞ്ഞു വിളമ്പണം എന്ന് തന്നെയും ആദിത്യനേയും പഠിപിച്ച പ്രസ് ക്ലബിലെ തോമസ്‌ മാഷുടെ മുഖമാണ് ഇത്തരം അവസരങ്ങളില്‍ ഓര്‍മ വരാറ് ‌. ഇനി ദുരന്തങ്ങള്‍ പാടില്ല എന്ന സന്ദേശം  രണ്ട് മൂന്നു ദിവസം ഓടിക്കണം. അപ്പോഴേക്കും ചിലപ്പോള്‍ സാഹിത്യകാരന്‍ ചാവും അല്ലെങ്കില്‍ വേറെ എന്തെങ്കിലും തടയും.
ഇത്തരം ചിന്തകളില്‍ ഇരിക്കുമ്പോള്‍ ആണ് ഓ ബി വാനില്‍ നിന്നുള്ള വിഷ്വലുകളില്‍ ആളുകള്‍ വീണ്ടും കൂട്ടമായി നിലവിളിക്കുന്നത് കണ്ടത്. ദൂരെ തിരച്ചില്‍ നടത്തുന്ന ആള്‍കൂട്ടം ഏതോ ഒരു ബോഡി പൊക്കികൊണ്ട് വരുന്നതായി  വിഷ്വലില്‍ നിന്നും മനസിലാക്കാം . ക്യാമറ ചെയ്യുന്ന പ്രസാദ് ചിലപ്പോള്‍ ഒക്കെ തനി മണ്ടനെ പോലെ പെരുമാറും . ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം  അല്ല ഇവിടെ പ്രധാനം . കൊണ്ട് വരുന്ന ബോഡിയുടെ മുഖം , കരളലിയിക്കുന്ന ഭാവം എന്നിവ ക്ലോസ് അപ്പ്‌ എടുത്തതിനു ശേഷം ആള്‍ക്കൂട്ടത്തിലേക്കു ക്യാമറ പിടിച്ചാല്‍ മതി. പകരം ഇവന്‍ ആദ്യമേ ആള്‍ക്കൂട്ടത്തിലെക്കാണ്   കുന്ത്രാണ്ടം തിരിച്ചു വച്ചിറിക്കുന്നത് എന്ന് ദേഷ്യത്തോടെ വിഷ്വലില്‍ ‍ നോക്കികൊണ്ട്‌ ദിവാകരന്‍ പിറു പിറുത്തു  ...
പ്രസാദിന്റെ ക്യാമറ ക്ലോസ് അപ്പില്‍  ‍ എത്തിയപ്പോള്‍ ആണ്  ആ കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാന്‍ പറ്റിയത് . ചാനലിലെ ഈ ക്യാബിനില്‍ ഇരിക്കുന്ന തന്‍റെ കവിളില്‍ ഒരു പാട് ഉമ്മകള്‍ തന്നിട്ടുള്ള ആ ചുണ്ടുകളും കഴിഞ്ഞ മാസം താന്‍ വാങ്ങിക്കൊടുത്ത പച്ചക്കല്ല് പതിച്ച കമ്മലും ചുരുണ്ട മുടിയും തന്റെ  തൊണ്ടക്കുള്ളില്‍ നിന്നും ഇതു വരെ ഉയരാത്ത  വിധത്തിലുള്ള  ഒരു അപശബ്ദം ഉണ്ടാക്കുന്നത് എന്തിനാണ് എന്ന് ‌ ദിവാകരന്‍ മനസിലാവുന്നുണ്ടായിരുന്നില്ല . പക്ഷെ കാലുകള്‍ തളര്‍ന്നു നിലത്തേക്കു വീണ ആ  നിമിഷം തന്നെ തന്റെ  ആദ്യ പ്രതികരണം ഒപ്പിയെടുക്കാന്‍ തനിക്കു നേരെ നീങ്ങുന്ന ക്യാമറകളുടെയും   മൈക്കുകലുടെയും സാന്നിധ്യം ദിവാകരന്‍ അറിഞ്ഞു.  മറ്റാര്‍ക്കും കിട്ടാത്ത ആദ്യ ദൃശ്യങ്ങള്‍  എന്ന് ന്യുസ് റൂമിനകത്തു നിന്നും ആദിത്യന്റെ ശബ്ദം മുഴങ്ങുന്നതും ദിവാകരന്‍ അറിഞ്ഞു ..പതിയെ ഒരു വിളറിയ ചിരി  തത്സമയം വീക്ഷിക്കുന്ന  ജനതയ്ക്ക് വേണ്ടി ചുണ്ടില്‍  ഒപ്പിച്ചെടുക്കാന്‍ വേണ്ടി  ദിവാകരന്‍ അപ്പോള്‍ ശ്രമിക്കുകയായിരുന്നു .

ഫോട്ടോ കടപ്പാട് :ശ്രീജിത്ത്‌  കറ്റാനം  എന്നാ ബഹറിന്‍ സുഹൃത്ത് 

Tuesday, January 31, 2012

ലാദനും ഞാനും

ബുധനാഴ്ച രാവിലെ പതിവില്ലാതെ അലാറം നാലരക്ക് അടിച്ചപ്പോള്‍ ആദ്യം തോന്നിയത് മൊബൈല്‍ തള്ളിപ്പൊളിക്കാനായിരുന്നു, അപ്പോളാണ് എന്നത്തെയും പോലെ ഏഴുമണിക്ക് ഓഫിസിലേക്കല്ല പകരം രാവിലെ എട്ടു മണിക്കുള്ള ഫ്ലൈറ്റില്‍ ദുഫായില്‍ മീറ്റിങ്ങിനു പോകാനാണ് മാനേജര്‍ പറഞ്ഞിരിക്കുന്നത് എന്ന ഓര്‍മ്മ വന്നത്.
പത്തു മിനിട്ട് നേരം കൂടി മൂടി പുതച്ചു കിടന്നിട്ട് ദുബായ് കണ്ടുപിടിച്ചവനെ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് കണ്ണ് വലിച്ചു തുറന്നു. എണീറ്റു പല്ല് തേച്ചു കുളിച്ചു ഒരു നീല ഷര്‍ട്ട് ഇട്ടു പതിവ് പോലെ ചുള്ളനായപ്പോള്‍ ഒരു വലിയ പ്രതിസന്ധി മുന്നില്‍ . എന്റെ ഒരു വിധം ഷര്‍ട്ടുകളും പാന്റുകളും അടക്കം ഒന്ന് രണ്ട് ആഴ്ചയിലെ തുണികള്‍ ലോണ്ട്രിയില്‍ സുഖസുഷുപ്തിയിലാണ്. ലോണ്ട്രി തുറക്കാന്‍ എഴുമണി . ഫ്ലൈറ്റ് എട്ടുമണി ... ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ ഇടാന്‍ നല്ല പാന്റില്ല.
ഇടങ്ങേറായല്ലോ ന്‍റെ ബദരീങ്ങളെ , അലമാരയില്‍ രണ്ട് എം സി ആര്‍ മുണ്ടും നാലു കിട്ടക്സ് ലുങ്കികളും മാത്രം. മുണ്ട് ഉടുത്തു മീറ്റിങ്ങിനു പോകാന്‍ പറ്റില്ലല്ലോ അതും ദുബായ് വരെ!
ഇത്ഥമോരോന്നു ചിന്തിച്ചു അലമാരയില്‍ ഒരു അവലോകനം നടത്തിയപ്പോള്‍ ‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. അളിയന്‍ പുതിയതായി വാങ്ങിയ ഒരു നല്ല റെഡിമെയിഡ് പാന്റ് പാക്കറ്റ് പൊട്ടിക്കാതെ ഇരിക്കുന്നു. മറ്റൊന്നും നോക്കാതെ അത് എടുത്തു വലിച്ചു കയറ്റി. അളിയന്റെ വെയിസ്റ്റ് സൈസ് മുപ്പത്തിനാലും എന്റെതു മുപ്പത്തി രണ്ടുമാണ്. അതിനെന്തു പ്രശ്നം?
എമണ്ടന്‍ ഒരു ബെല്‍റ്റ്‌ എടുത്തു പാന്റിനെ അരയില്‍ തളച്ചിട്ടു ബാഗുമെടുത്ത് നേരെ എയര്‍പോര്‍ട്ടില്‍ ഒന്നാം ക്ലാസ് പൌരനായി വരിയില്‍ നിന്നു ബോഡിംഗ് പാസ്‌ എടുത്തു. എയര്‍ പോര്‍ട്ടില്‍ നിറയെ കളറുകള്‍ . ക്യുവില്‍ മൂന്നാമത് ഒരു നിന്ന ഒരു ബിപാഷ ബസുവിനെ സ്കെച് ചെയ്തിട്ട് എമിഗ്രെഷനോക്കെ കഴിഞ്ഞിട്ട് ഫ്രീ ആയിട്ട് ഒന്ന് രണ്ട് നമ്പര്‍ ഇട്ടു നോക്കാം എന്ന് ഒരു ആത്മഗതം മനസിലിട്ട്‌ എമിഗ്രഷന് കൌണ്ടറിലേക്ക് നടന്നു .
ഇനി സെക്ക്യുരിട്ടി ചെക്കിംഗ് . അവിടെ നില്‍ക്കുന്നു ഒരു മൊഞ്ചത്തി ഹൂറി ! നല്ലൊരു അറബി പെണ്ണ്. അവളെ നോക്കി വെള്ളമിറക്കി ഞാന്‍ എന്റെ സ്ഥാവരജംഗമ വസ്തുക്കളായ ലാപ്ടോപ് ബാഗ്, മൊബൈല്‍, കീ ചെയിന്‍ എല്ലാം സ്കാനിങ്ങിനു കടത്തി വിട്ടിട്ടു മെറ്റല്‍ ഡക്ടട്ടര്‍‍ വാതിലിലൂടെ കടന്നു.
പണ്ടാരം ! രണ്ടു പഞ്ചായത്തുകള്‍ കിടുങ്ങുമാറ് ഒരു സൈറണ്.‍ അറബി സുന്ദരി എന്നെ തുറിച്ചു നോക്കി. ഞാന്‍ മനസ്സില്‍ പറഞ്ഞു" ഹേ ഞാന്‍ അത്തരക്കരനോന്നുമല്ല, നല്ല തറവാടി വള്ളുവനാടന്‍, പണ്ട് സാമൂതിരിയുടെ കൈയില്‍ നിന്നും കീര്‍ത്തി ചക്ര വാങ്ങിച്ച ഫാമിലിയാ. എന്തിനു എന്റെ ഇ മെയിലിനെ ഉമ്മന്‍ ചാണ്ടി വരെ സംശയിചിട്ടില്ല "
മാന്മിഴിയാള്‍ ‍ അടിമുടി നയനങ്ങള്‍ കൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞു . അവളുടെ നോട്ടത്തില്‍ ഞാന്‍ ലാദന്റെ ഡ്രൈവറും സുഹൃത്തുമായ അബ്ദുള്ള പെരുമ്പാവൂര്‍ ആണ് എന്ന ഒരു ധ്വനി. ഞാന്‍ നിരപരാധിത്വം വ്യക്തമാക്കി 'കൈയില്‍ ഒരു ടൈറ്റാന്‍ വാച്ചുണ്ട്. കഴുത്തില്‍ നൂല് പോലെ ഒരു ചെയിനും.അതൊക്കെ ലോഹമാണല്ലോ. അതൊക്കെ  ഈ മെറ്റല്‍ ഡിക്റ്റട്ടരിനെ ഒന്ന് പറഞ്ഞു ബോധവല്‍ക്കരിക്കൂ.'
സാധാരണ ബഹറിന്‍ എയര്‍പോര്‍ട്ടില്‍ പുരുഷന്മാരായ സെക്യുരിറ്റി ജീവനക്കാര്‍ ഹിന്ദികളെ അത്ര സ്ട്രിക്റ്റ്‌ ആയി ചെക്ക് ചെയ്യാറില്ല. പാസ്‌പോര്‍ട്ട്‌ നോക്കി മുഖം നോക്കി നേരെ കയറ്റി വിടും . പക്ഷെ നമ്മുടെ മൊഞ്ചത്തി 'ബോണ്ട്‌ ഗേള്‍' കളിക്കാന്‍ ‍ തുടങ്ങി. അവള്‍ എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു .'വാച്ച്, ബെല്‍റ്റ്‌ എന്നിവ കൂടി അഴിച്ചു വെച്ചിട്ട് ഒന്ന് കൂടി മെറ്റല്‍ ഡികറ്ററ്റര് വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ആവൂ ‍ '
വാച്ച് അഴിച്ച ശേഷം കൈ ബെല്‍റ്റില്‍ എത്തിയപ്പോള്‍ ആണ് മനസ്സില്‍ ഡെയിഞ്ചര്‍ ‍ സിഗ്നല്‍ കത്തിയത് , മുപ്പത്തിനാല് സൈസ് പാന്‍റ് ആണ് അരയില്‍. ബെല്‍റ്റ്‌ അഴിച്ചാല്‍ പാന്‍റ് താഴെ എത്തും ....എന്നാലും എന്റെ അറബി പെണ്ണേ . എന്റെ മാനം. !!!
പണ്ട് സ്കൂളില്‍ ഒരു കൈയില്‍ സ്ലെയിട്ടും മറുകൈ കൊണ്ട് ട്രൌസറും പിടിച്ചു മൂക്കൊലിപ്പിച്ചു നടന്നിരുന്ന മന്ദബുദ്ധി ഷംസുവിനെ പോലെ ഒരു കൈ കൊണ്ട് പാന്റും മറുകൈ കൊണ്ട് പാസ്പോര്‍ട്ടും പിടിച്ചു ഞാന്‍ സെക്യുരിറ്റി ഗെയിറ്റ് കടക്കുമ്പോള്‍ ലവള്‍ ഉത്തരവാദിത്വം നിര്‍വഹിച്ച സന്തോഷത്തില്‍ വിജ്രുംഭിച്ചു നിന്നു.
പ്രേംകുമാര്‍  സ്റ്റയിലില്‍ 'നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...ഒതളങ്ങ 'എന്ന് പറഞ്ഞു തിരിഞ്ഞു  നോക്കിയപ്പോളോ    എയര്‍പ്പോര്‍ട്ടില്‍ വെച്ച് വെള്ളമിറക്കിയ നമ്മുടെ ബിപാഷ ബസു എന്റെ പാന്റിന്റെ അവസ്ഥ നോക്കി ചിരി അടക്കി ക്യുവില്‍ നില്‍ക്കുന്നു.
എന്നാലുമെന്റെ ലാദ, നിനക്ക് വല്ല കാര്യവുമുണ്ടോ ആ കെട്ടിടങ്ങള്‍ വിമാനമിടിച്ചു മറിച്ചിടാന്‍ ???