എന്തായാലും വിശുദ്ധ പുതുപ്പള്ളി പുണ്യാളൻ സഹായിച്ചു മദ്യം എന്ന ഹാഷ് ടാഗിൽ പോസ്റ്റുകൾ തുടരെ വരുമ്പോൾ ഒരു മദ്യയോർമ്മ എഴുതാം എന്ന് കരുതി. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കണം എന്നോ കാറ്റുള്ളപ്പോൾ ബാലസുധ കഴിക്കണം എന്നോ മറ്റോ കുറെ പഴഞ്ചൊല്ലുകൾ ഉണ്ടല്ലോ ...
സംഭവം ഒരു കൊല്ലം മുന്‍പാണ്.
ചിലരുണ്ട്, തിരുവനന്തപുരത്തു റോഡിലൂടെ നടന്നു വരുമ്പോൾ പഴവങ്ങാടി എത്തിയാൽ ഒരു തേങ്ങ വാങ്ങി ഗണപതിക്ക് മുന്നില്‍ ചുമ്മാ ഒരു ഏറു ഏറിയും. ഗണപതി പണിയൊന്നുമില്ലാതെ ന്യൂസ് അവർ കാണുകയോ കാന്റി ക്രഷ് കളിക്കുകയോ ചെയ്യുകയാണെങ്കിൽ ഒന്ന് വിളിച്ചു ' ഗഡീ നമ്മടെ കാര്യം, കഴിഞ്ഞ തവണ പറഞ്ഞത് തന്നെ. ഇതുവരെ ഒന്നുമായില്ല . ഞാൻ ഇവടൊക്കെ തന്നെ ഉണ്ട്'' എന്ന് ഒര്മ്മിപ്പിക്കാൻ വേണ്ടിയാണ് .
അതുപോലാണ് നാട്ടിലേക്ക് വരുന്ന സമയം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറുമ്പോൾ എന്റെ പണി. എല്ലാം ചുറ്റിക്കറങ്ങി വരുമ്പോൾ ഏതായാലും ഒരു വഴിക്ക് പോകുകയല്ലേ വെറും കൈയോടെ പോകേണ്ട എന്നും മനസ്സിൽ കരുതി രണ്ടു റെഡ് ലേബലും വാങും . മദ്യ നയത്തിന്റെ കാര്യത്തിൽ സുധീരനേക്കൾ സ്ട്രോങ്ങ് ആണ് എന്റെ വീടും ഭാര്യ വീടും എന്നുള്ളതുകൊണ്ട് ഈ വാങ്ങുന്ന കുപ്പികൾ ചില സുഹൃത്തുക്കൾക്ക് കൊടുക്കാറാണ് പതിവ് .
കഴിഞ്ഞവർഷത്തെ വരവിലും പതിവ് തെറ്റിചില്ല. സാധനം വാങ്ങിഎടപ്പാളിൽ വീട്ടിൽ എത്തിച്ചു .ഒരു കുപ്പി എറണാകുളത്തുള്ള ഒരു സുഹൃത്തിനാണ് കൊടുക്കേണ്ടത്
ഏറണാകുളത്തേക്ക് നിന്ന് ബസ്സിലാണ് യാത്ര. അതുകൊണ്ട് ഞാൻ ലാപ് ടോപ് ബാഗിൽ കുപ്പി എടുത്തു ഭദ്രമായി പാക്ക് ചെയ്തു.ഗൾഫിലെ ഏഴു വര്ഷജീവിതം കൊണ്ട് പഠിച്ചു പ്രാവീണ്യം നേടിയ ഒരേ ഒരു തൊഴിലാണ് പാക്കിംഗ് . ഒരു സിന്ധി പശുവിനെ വരെ ചെറിയ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കാണമെങ്കിൽ അടുത്ത വീടിലെ ഗൾഫുകാരൻ ചേട്ടനെ വിളിച്ചാൽ മതി എന്നത് മലബാറിൽ പൊതുവെ അംഗീകരിച്ച കാര്യമാണ് . കുപ്പിയായത് കൊണ്ട് ഒരു ഷർട്ട് ഒക്കെ ചുറ്റി ഷോക്ക് പ്രൂഫ് ആയാണ് വച്ചത് .തുലാവർഷം ഡിസ്ക്കോ കളിക്കുന്ന സമയമാണ് .
എറണാകുളത്തേക്ക് നേരിട്ട് ഒരു കെ എസ് ആർ ടി സി ബസ്സ് കിട്ടി.നല്ല തിരക്കുണ്ട് . എന്നാലും രണ്ടു പേരുടെ സീറ്റിൽ ഒരു ഇരിപ്പിടം തരാക്കി ബാഗ് കാലിന്റെ ചുവട്ടിൽ ഭദ്രമായി വെച്ചു .അടുത്ത് വിൻഡോ സീറ്റിൽ ഒരു കോളേജ് പയ്യനാണ്. അവൻ മൊബൈൽ സ്പീക്കറിൽ മഴപ്പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നു. ഞാൻ ബസ്സിൽ കയറിയാൽ പതിവായി അനുഷ്ടിക്കുന്ന ഒരു ആചാരമുണ്ട്. കുറച്ചു നേരം നിദ്രാ ദേവിയെ പ്രണയിക്കും. അന്നും പതിവ് ആവർത്തിച്ചു .റോഡ് അത്ര സ്മൂത്ത് ഒന്നും അല്ലാത്തതുകൊണ്ട് ഉറക്കം അത്ര സുഖയിരുന്നില്ല. തൃശൂര്‍ വിട്ടപ്പോഴേക്കും ഉണർന്നു. നമ്മുടെ കോളേജ് പയ്യൻ ജനാലയുടെ ഷട്ടർ ഉയർത്തി ക്ലാരയെ പ്രേമിച്ചതാണ്. വെള്ളം തെറിച്ചത് എന്റെ മുഖത്തേക്കാണ് . അവന്റെയും പദ്മരാജന്റെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി പാടുന്ന മുഖഭാവത്തിൽ ഞാൻ ഒന്ന് നോക്കി .
ചാലക്കുടി എത്തിയപ്പോൾ അവൻ ഇറങ്ങി. പകരം വേറെ ഒരു തടിയൻ ചേട്ടൻ വന്നിരുന്നു. ബസ്സിൽ വലിയ തിരക്ക്. കുറെ സ്കൂൾ കുട്ടികൾ, വീട്ടമ്മമാർ അങ്ങനെ കുറെ പേർ. ബസ്സ് സ്ടാണ്ട് വിട്ടു മുന്നോട്ടു എടുത്തപ്പോൾ മുതൽ ഒരു മണം എന്റെ മൂക്കിലേക്ക് അടിച്ചു തുടങ്ങി
മദ്യത്തിന്റെയാണ് !!!
പെട്ടെന്ന് ഒരു മിന്നൽ നെഞ്ചിനുള്ളിൽ ഫാത്തിമയായി മാറി. ബാഗിലെ കുപ്പിയെങ്ങാനും പൊട്ടിയോ ?
കുറെ ഗട്ടറുകൾ കയറി ഇറങ്ങിയതാണ്. ഞാൻ കാലിന്റെ ചുവട്ടിൽ വെച്ച ബാഗിൽ നിന്നും എന്തോ എടുക്കുന്ന ഭാവേന ബാഗിനെ തഴുകി.മണം മാത്രമല്ല നല്ല നനവുമുണ്ട്.
പേടി പിന്നേം കൂടി. ഇത്രയും തിരക്കുള്ള ബസ്സിൽ പൊട്ടിയ കുപ്പിയുമായി എങ്ങനെ ഇരിക്കും? ഇനിയും യാത്ര ഒരു മണിക്കൂർ ഉണ്ട് . ബാഗ് എടുക്കുമ്പോൾ അതിൽ നിന്നും മദ്യം പുറത്തേക്ക് ഒഴുകും. തിരക്കുള്ള ബസ്സിൽ വെച്ചു ആളുകള്‍ കളിയാക്കും. ഇനി ബസ്സിൽ മദ്യമാക്കിയതിനു വേറെ വല്ല ചാർജുമുണ്ടോ ? കോഴിക്ക് വരെ ടിക്കറ്റ് കൊടുക്കുന്നവരാണ് കെ എസ് ആർ ടി സി ക്കാർ എന്ന് കേട്ടിട്ടുണ്ട് .
മഴ കാരണം വണ്ടി പതുക്കെയാണ് പോകുന്നത്. ഞാൻ വീണ്ടും മഴയെ പ്രാകി . ബാഗിൽ ഒന്ന് കൂടി തപ്പി നനവ് സ്ഥിരീകരിച്ചു .
പണ്ട് അരയിൽ മദ്യക്കുപ്പി തിരുകി യാത്ര ചെയ്ത സൈക്കിൾ യാത്രക്കാരൻ ബ്രേക്ക് പോയി സൈക്കൾ ഇടിച്ചു ദൂരേക്ക് തെറിച്ചു പോയപോൾ അരയിൽ പടരുന്ന നനവ് തപ്പി നോക്കി ദൈവമേ അത് ചോരയാകണേ എന്ന് പ്രാർഥിച്ച പോലെ ഞാൻ നനവ് മദ്യമാകല്ലേ എന്ന് ഹൃദയം തുറന്നു ആഗ്രഹിച്ചു .
എന്റെ ചുറ്റും ഉള്ളവര്‍ക്ക് മദ്യത്തിന്റെ മണം കിട്ടുന്നുണ്ടോ എന്നറിയാൻ ഞാൻ ചെവി വട്ടം പിടിച്ചു. ആരും ഒന്നും പറയുന്നില്ല. അടുത്തിരിക്കുന്ന തടിയൻ ചേട്ടനോട് മഴയെപറ്റി ഞാൻ രണ്ടു പുറത്തിൽ കവിയാതെ ഉപന്യസിച്ചു നോക്കി. അയാൾക്ക് അതിൽ വലിയ താല്പര്യം തോന്നിയില്ല.
അങ്കമാലി എത്തിയപ്പോൾ നെഞ്ചിടിപ്പ് വീണ്ടും കൂടി. മണം അതി രൂക്ഷമാണ് . എന്ത് ചെയ്യും ? ഒരു ചെറിയ മദ്യക്കുപ്പിപൊട്ടിയാൽ ഉള്ള ടെൻഷൻ ഇത്രയാണെങ്കിൽ ബോംബ് വെക്കാൻ പോകുന്നവൻ ഒക്കെ എന്ത് മാത്രം ടെൻഷൻ അടിക്കും എന്ന് ഓർത്തത് സ്വയം ആശ്വസിച്ചു . അപ്പോൾ അടുത്തിരുന്ന ചേട്ടൻ നാട്ടിലെ മദ്യാസക്തിയെ പറ്റി പറയാൻ തുടങ്ങി. കക്ഷിക്ക് മണം കിട്ടിത്തുടങ്ങി എന്ന് സാരം. മദ്യപിക്കുന്നവരുടെ എണ്ണം കൂടുന്നതിലുള്ള ആശങ്കയും മദ്യ വിമുക്തമായ കിനാശേരിയെ പറ്റിയുള്ള സ്വപ്നവും അടക്കം സുധീരന വെല്ലുന്ന വിധത്തിൽ ഞാനും ഒരു ലഘു പ്രസംഗം നടത്തി.
ഏകദേശം എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആവുമ്പോഴേക്കും ഞാൻ ഒരു മാസ്റർ പ്ലാൻ മനസ്സിൽ കണ്ടു .ബസ്സ് സ്റ്റോപ്പിൽ നിർത്തി ആളുകൾ ഇറങ്ങുമ്പോൾ ശ്രീബുദ്ധനെപ്പോലെ നിസ്സംഗനായിരിക്കുക. ആളുകൾ ഇറങ്ങിക്കഴിഞ്ഞു ബസ്സ് എടുക്കാൻ നേരത്ത് മേജർ രവിയുടെ പടത്തിൽ രക്തസാക്ഷിയാവാൻ വേണ്ടി നേർച്ചയിട്ട സഹനടൻ കാണിക്കുന്ന പരാക്രമം പോലെ " അയ്യോ ആൾ ഇറങ്ങാനുണ്ട് "എന്ന് പറഞ്ഞു ധൃതിയിൽ ബാഗ് എടുത്തു ഇറങ്ങാം.തിരക്കിനിടയിൽ കുപ്പി പൊട്ടിയത് വലിയ ഇഷ്യൂ ആവില്ല.
ഞാൻ ഇറങ്ങേണ്ട സ്ഥലം എത്തി . ബസ്സ് നിർത്തി . ഞാൻ അനങ്ങാതിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ചാലക്കുടിചേട്ടൻ അടക്കം ഇറങ്ങി. ബസ്സ് മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ "അയ്യോ ഇടപ്പള്ളി എത്തിയോ ആൾ ഇറങ്ങാനുണ്ട്" എന്നും പറഞ്ഞു ബാഗും എടുത്തു എണീറ്റു .നീ ഉറങ്ങുകയായിരുന്നോ എന്ന ഭാവേന ഒരു ബസ്സിലെ കുറെ കണ്ണുകൾ എന്റെ പിറകെ .
മേജർ മഹാദേവൻ കമാൻഡോ ഓപറേഷൻ നടത്തിയ പോലെ ഞാൻ ചാടിയിറങ്ങി . ഭാഗ്യം വിചാരിച്ച പോലെ മദ്യം ഒഴുകിയില്ല .
ബസ്സിറങ്ങിയതിനു ശേഷം തെല്ലു മാറി നിന്ന് ബാഗ് തുറന്നു നോക്കുന്നു. നല്ല നനവുണ്ട്. കുപ്പിയുടെ ചുറ്റും കെട്ടിയ തുണി ഒക്കെ മാറ്റി ആകാംഷയോടെ നോക്കി
ഞാൻ ഇറങ്ങേണ്ട സ്ഥലം എത്തി . ബസ്സ് നിർത്തി . ഞാൻ അനങ്ങാതിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ചാലക്കുടിചേട്ടൻ അടക്കം ഇറങ്ങി. ബസ്സ് മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ "അയ്യോ ഇടപ്പള്ളി എത്തിയോ ആൾ ഇറങ്ങാനുണ്ട്" എന്നും പറഞ്ഞു ബാഗും എടുത്തു എണീറ്റു .നീ ഉറങ്ങുകയായിരുന്നോ എന്ന ഭാവേന ഒരു ബസ്സിലെ കുറെ കണ്ണുകൾ എന്റെ പിറകെ .
മേജർ മഹാദേവൻ കമാൻഡോ ഓപറേഷൻ നടത്തിയ പോലെ ഞാൻ ചാടിയിറങ്ങി . ഭാഗ്യം വിചാരിച്ച പോലെ മദ്യം ഒഴുകിയില്ല .
ബസ്സിറങ്ങിയതിനു ശേഷം തെല്ലു മാറി നിന്ന് ബാഗ് തുറന്നു നോക്കുന്നു. നല്ല നനവുണ്ട്. കുപ്പിയുടെ ചുറ്റും കെട്ടിയ തുണി ഒക്കെ മാറ്റി ആകാംഷയോടെ നോക്കി
കുപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല.!!
അപ്പോൾ നനവ്?
തൃശൂരിൽ വെച്ച് ക്ലാരയെ കാണാൻ വിന്‍ഡോ തുറന്നപ്പോൾ വെള്ളം കയറിയതാവും
എന്നാലും ആ മദ്യത്തിന്റെ മണം ?
ഉത്തരം കിട്ടാത്ത ആ ചോദ്യം അലക്ഷ്യമായി വലിച്ചെറിയാൻ നോക്കിയപ്പോഴാണ് എൻറെ കൂടെ ഇരുന്നു അതേ സ്റ്റോപ്പിൽ ചാടി ഇറങ്ങിയ മദ്യ വിരോധി ചേട്ടൻ ഒരു സൈഡിൽ മാറി നിന്ന് മംഗൽയാൻ പോലൊരു വാൾ റോഡിലേക്ക് വിക്ഷേപിക്കുന്നത് കണ്ടത്!
image courtesy : www.shutterstock.com
image courtesy : www.shutterstock.com
2 comments:
ഹോ......... ഇനി ഈ കാഴ്ച്ചകളൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണാന്‍ കഴീല്ല എന്നോര്‍ക്കുമ്പം!!!!
ഹ ഹ ..അടിപൊളി മാഷെ ..ശരിക്കും ചിരിപ്പിച്ചു
പണ്ട് ഒരു ബന്ധുവിന് സ്കോച് കൊണ്ട് കൊടുത്തു . അദ്ദേഹം കൈയില എടുത്തതും , കൂടിന്റെ അടിഭാഗത്ത് കൂടി കുപ്പി താഴെ വീണു പൊട്ടി . ഇപ്പോഴും ഓര്‍ക്കുന്നുണ്ട് കുരങ്ങു ചത്ത കുറവന്റെ ആ ഭാവം ! പതിനായിരം രൂപ കാണാതെ പോയാലും അത് പിന്നെയും ഉണ്ടാകും എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ !
Post a Comment