Friday, July 9, 2010

അങ്ങനെ ഒരു അബദ്ധകാലത്ത്

പണ്ടു പണ്ടു നമ്മുടെ യുധിഷ്ധിരനും ബ്രദേസ്സും കാട്ടില്‍ ഒളിച്ചു  താമസിച്ചിരുന്ന കാലം. കാടെന്നു പറഞ്ഞാല്‍ മതികെട്ടാന്‍ മലയോ മുത്തങ്ങയൊ പോലെയുള്ള കാടല്ല. നല്ല ഗംഭീകരന്‍ നിബിഡവനം. അവിടെയാണെങ്കില്‍ ഫുഡ്‌ സപ്ലേ വളരെ കുറവ്‌. ഫുഡ്‌ അടിക്കേണ്ട നേരമായാല്‍ ഭീമസേനനടക്കുമുള്ളവര്‍ മേല്‍പ്പോട്ടു  നോക്കി നില്‍ക്കും. കാട്ടിലെ പഴങ്ങളെ എങ്ങനെ നമ്പാന്‍ പറ്റും? തീരെ ഹൈജീനിക്ക്‌ അല്ലല്ലൊ. ഇനി വല്ല വിഷക്കായയും പൊട്ടിച്ചു തിന്നാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും.

അങ്ങനെ ആകെ ഗുലുമാലില്‍പെട്ടിരിക്കുന്ന കാലത്താണു മേല്‍പറഞ്ഞ അന്യായക്കാരുടെ കോമണ്‍ വൈഫായാ മിസ്സിസ്‌ പഞ്ചാലി സൂര്യഭഗവാനു ഒരു നിവേദനമയച്ചത്‌.

"അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട്‌ നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ്‌ പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി  അമ്മായി അമ്മയാണെ  സത്യം"



ഇതൊക്കെ കേട്ടു സൂര്യന്‍ ആകെ ഞെട്ടി. പെണ്ണൊരുമ്പെട്ടാല്‍ തരൂരും തടുക്കില്ല എന്നാണല്ലോ . പിന്നെ തന്റെ എക്സ്‌ ഡാ‍ര്‍ലിംഗ്‌ കുന്തി   ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മൂപ്പരുടനെ ഒരു അലുമിനിയം ചെമ്പെടുത്തു പാഞ്ചാലിക്കു കൊടുത്തു.


" ആഹാ, പിച്ചച്ചട്ടി തന്നു ഞങ്ങളെ അപമാനിക്കുകയാണല്ലെ? ഞാന്‍ വനിതാ കമ്മീഷണില്‍ കേസുകൊടുക്കും" ദ്രൗപദി സൂര്യനൊടു കയര്‍ത്തു." 


സൂര്യന്‍ ശബ്ദത്തിന്‍റെ 'ബാസ്‌' കൂട്ടിപ്പറഞ്ഞു.


" മ മ അതു വേണ്ട, മരുമകളെ, ഇതാണ്‌ അക്ഷയപാത്രം. ഇതില്‍ നിങ്ങള്‍ക്കു ആവശ്യമുള്ള ഭക്ഷണം കിട്ടും. പക്ഷെ നിന്‍റെ  ഭക്ഷണശേഷം പാത്രം കൗണ്ടര്‍ ക്ലോസ്‌ ചെയ്യും. പിന്നെ പച്ച വെള്ളം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പോവണം"


നീട്ടിയൊരു താങ്ക്സ്‌ പറഞ്ഞു പാഞ്ചാലി തിരിച്ചു പോന്നു.കലണ്ടറിന്റെ പേജുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.


പാണ്ഡവര്‍  അക്ഷയപാത്രം വഴി ബാലന്‍സ്ഡ്‌ ഫുഡ്‌ അടിക്കുന്ന വിവരം കൗരവര്‍ ഒരു ബ്രേക്കിംഗ്‌ ന്യുസ്സായി അറിഞ്ഞു. ഭീമനൊക്കെ ഷ്വാസിനെഗറെപോലെ കാടു കുലുക്കി വിടുന്ന ന്യൂസ്‌ കേട്ടു ദുര്യോധനന്‍ കത്തി വേഷം കെട്ടി. മൂപ്പര്‍ നേരെ ശകുനി അങ്കിളിന്റെ അടുത്തു ചെന്നു ചൂടായി. " ഇങ്ങളെന്ത്  മനുഷ്യനാ? കാട്ടില്‍ പാണ്ഡവര്‍ ഹോളിഡെ ട്രിപ്പു പോലെ അടിച്ചു പൊളിക്കുന്നു. ഞാനാണെങ്കില്‍ ഈ 'മൃഗീയവും പൈശാചികവും' ആയ ഈ അധികാരത്തിന്റെ മുള്‍കിരീടം തലയി വെച്ചു ടെന്‍ഷന്‍ എടുത്തു ആകെ ഷുഗറും പ്രഷരും വരേ ആയി.അവന്മാര്‍ക്കിട്ടൊരു പണി കൊടുക്കാനുള്ള വഴി പറഞ്ഞുതാ ശകുമാമാ"


ശകുനി മരുമകന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ദുര്യോധനന്‍ ഉടന്‍ പറഞ്ഞു." സന്തോഷം  കൊണ്ടെനിനിക്കിരിക്കാന്‍ വയ്യേ" . അതിനു ശേഷം ആള്‍ ശാപത്തിന്റെ ഹോല്‍സെയില്‍ ഡീലര്‍ ആയ ദുര്‍വാസാവു മഹര്‍ഷിയെ വിളിച്ചു.


"അറിഞ്ഞില്ലേ, യുധിഷ്ഠിരന്‍ എല്ലവര്‍ക്കും നല്ല സദ്യ കൊടുക്കുന്നുണ്ട്‌. ഉപ്പുമാങ്ങേം പപ്പടൊം പായസും കൂട്ടി ഒരു ഊണങ്ങട്‌ കഴിച്ചിട്ടു ഒരു ഉറക്കവും തരാക്കിയാല്‍ എന്‍താ രസം. ഇങ്ങനീം ഉണ്ടൊ ഒരു രസം?"
ഇതു മൂപ്പര്‍ക്കു ഇക്ഷ പിടിച്ചു. മൂപ്പര്‍ ഉടന്‍ തന്നെ എല്ല മുനിയാണ്ടികളെയും കൂട്ടി കാട്ടിലെക്കു മാര്‍ച്‌ ചെയ്തു. 


യുധിഷ്ടിരന്‍ ദുര്‍വാസാവിനെ കണ്ടപ്പൊഴെക്കും എ ഇ ഒ യെ കണ്ട ഹെഡ്‌ മാസ്റ്റരെ പോലെ വിരണ്ടു. പിന്നെ കാല്‍തൊട്ടു വന്ദിചു " ഹൗ ആര്‍ ഉ ? വി അര ഫൈന്‍. ഞങ്ങളെ അനുഗ്രഹിക്കണേ" 


"ശരി, പക്ഷെ ഇപ്പൊള്‍ ഞങ്ങള്‍ വല്ലതെ വിശന്നാണ്  വന്നിരിക്കുന്നത്‌. വല്ലതും അകത്താക്കിയാല്‍ അനുഗ്രഹത്തിന്  ഒരു ആവേശം തോന്നും. ഏതായാലും നീ ഫൂഡിനുള്ള അറെഞ്ച്‌മന്റ്‌ നീ ചെയുമ്പൊഴെക്കും ഞങ്ങള്‍ ഒരു ചാക്കൊളാസ്‌ കുളി നടത്തിയിട്ടു വരാം."


ഇതു കേട്ടു യുധിഷ്ടിരന്‍ നേരെ അടുക്കളഭാഗത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു.


"പഞ്ചാല്യേ, ഒരു നൂറാള്‍ക്ക്‌ വെജിറ്റേറിയന്‍ ഫൂഡ്‌ വെണം. നല്ല ഭംഗിയായി ഡെക്കറേറ്റ്‌ ചെയ്തു ലക്ഷ്മി നായര്‍ സ്റ്റയിലില്‍ വേണം ."


ഇതും പറഞ്ഞു യുധിഷ്ഠിരന്‍ ചെസ്സു കളിക്കാന്‍ പൊയി. സംഗതി കേട്ടപ്പൊള്‍ പാഞ്ചാലി ഒന്നു ഞെട്ടി. "മൈ ഗോഡ്‌ ഞാനാണെങ്കില്‍ ഇന്നു ലഞ്ച്‌ കഴിച്ചു പാത്രം കമിഴിത്തി ഒരു വറ്റു പോലും ഇനി അതില്‍ നിന്നും കിട്ടില്ല .ക്യാ കരേഗ?"


ഉടന്‍ തന്നെ പാഞ്ചാലി ശ്രീകൃഷണനു ഇ-മെയില്‍ അയച്ചു. " ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ്‌ അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര്‍ ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന്‍.
ഇതു കേട്ടതും കൃഷ്ണന്‍ പ്രത്യക്ഷനായി. " പാഞ്ചാലി, ഞാനും ഹംഗ്രിയാണ്‌. എന്തെകിലും തരൂ.അല്ലെങ്കില്‍ ആ പത്രമൊന്നു കാണിച്ചു തരൂ. അതില്‍ എന്തെകിലും കാണും."
"ഗൂഗിള്‍ സെര്‍ച്ചാണു സത്യം, അതില്‍ ഒന്നും ഇല്ല" പാഞ്ചാലി പറഞ്ഞു. പക്ഷെ കൃഷ്ണന്‍ പരിശൊധിചപ്പോള്‍ അതില്‍ ഒരു ഇല. മൂപ്പര്‍ അതു തിന്നു നേരെ സ്ഥലം വിട്ടു.


പാഞ്ചാലിക്കു ടെന്‍ഷന്‍ ആയി. ഇയാള്‍ എന്ത് പരിപാടിയാ കാണിച്ചത്‌ എന്നു ആലോചിച്ചു തലപുകച്ചിരുന്നു. ഈ സമയം സ്വിംസൂട്ടില്‍ നിന്തിക്കളിക്കുകയായിരുന്നു ദുര്‍വ്വാസാവും അദര്‍ മുനിമാരും. പെട്ടെന്ന് അവരുടെ വയര്‍ ഭരണക്ഷി മന്ത്രിമാരുടേതു പോലെ വീര്‍ത്തു.


ദുര്‍വാസാവ്‌ ഞെട്ടി. "ആണുങ്ങള്‍ പ്രഗ്നന്റാവേ? ഇതു ത്രേതായുഗമൊ, അതൊ കലിയുഗമോ?. ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നാണം കെടുമല്ലൊ"

 എന്നിട്ടു മൂപ്പര്‍ കൂട്ടുകാരെ നോക്കി. അവര്‍ക്കെല്ലാവര്‍ക്കും ഇതേ പ്രോബ്ലം. ഇതു സി ഐ ഐയുടെ പണി തന്നെ. വയര്‍ വരിക്കച്ചക്കപോലെ അങ്ങനെ വീര്‍ത്തു നില്‍ക്കുന്നു. സദ്യപോയിട്ട്‌ ഒരു തുള്ളി കോള പോലും ഉള്ളില്‍ ചെല്ലില്ല.


ഇനി ഫുഡ്‌ എന്നാല്‍ ഇമ്പൊസ്സിബിള്‍ . യുധിഷ്ഠിരനാനണെങ്കില്‍ ഊണും റെഡിയാക്കി ഇരിക്കുകയും ചെയ്യും.
ഒടുവില്‍ ദുര്‍വുവേട്ടന്‍ പറഞ്ഞു.


" നമുക്കു മുങ്ങാം, ബിന്‍ ലാദനേ പൊലെ, ഭോപ്പാല്‍ ആന്‍ഡേഴസണെ പോലെ.......


അപ്പോള്‍ എല്ലാം ലൈവായി കണ്ടു കൊണ്ടിരുന്ന വേദവ്യാസന്‍ പൊട്ടിച്ചിരിക്കുകയായിരിന്നു !





എപിലോഗ്ഗ്‌ 1 : ഇതു പോസ്റ്റ്‌ ചെയ്യുന്നതു വളരെ പേടിച്ചാണ്‌. കാരണം എന്‍റെ കോളെജ്‌ മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ വന്ന എന്‍റെ കഥയാണ്‌. മൂന്നു കഥകള്‍ ആണു ഞാന്‍ കൊടുത്തതു മാഗസിനു വേണ്ടി. ഒന്നു ആനന്ദ്‌ ലൈനില്‍ അല്‍പം ബുജിയായി. ഒന്നു ഇതു. പിന്നെ മറ്റൊന്നു ഒരു കൂട്ടുകാരനുമായി ചേര്‍ന്നെഴുതിയ ഇംഗ്ലിഷ്‌ കഥ.മൂന്നില്‍ ഒന്നു നിന്റെ പേരില്‍ പ്രസിദ്ധികരിക്കാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആന്ദിനു ഒകെ കൊടുത്തു. ഈ കഥ മറ്റൊരു സഖാവിന്റെ പേരില്‍ കൊടുക്കാട്ടെ എന്നു ചൊദിച്ചപ്പോള്‍ വിപ്ലവം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടു ഞാന്‍ സമ്മതിച്ചു . മാഗ്ഗസിന്‍ ഇറങ്ങിയപ്പോള്‍ ആനന്ദ്‌ കഥയെ ഒരു --- പോലും വായിച്ചില്ല എന്നു മാത്രമല്ല എന്‍റെ മുന്നില്‍ വെച്ചു ഈ കഥ എഴുതിയ ആളെ അഭിനന്ദിക്കുന്നതിനു സാക്ഷിയാവേണ്ടി വരുകയും ചെയ്തു .


ഇനി ആ ആള്‍ അവനാണു ഇതു എഴുതിയതു എന്നു പറഞ്ഞു മാഗസിനും പൊക്കിപ്പിടിച്ചു വന്നാല്‍? ഒരു കാര്യം കൂടി, ആ ആള്‍ അതിനുശെഷം പേന തൊടാനോ ബ്ലോഗ്‌ വായിക്കാനോ യാതൊരു ചാന്‍സും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഒരു റിസ്ക്‌ എടുക്കുന്നു എന്നു മാത്രം.

Tuesday, June 29, 2010

മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !


മുപ്പത്തി മുക്കോടി വിസ്താരമുള്ള ഭൂമിയിലെ ഒരു കോര്‍ണരില്‍, ഉത്തരാര്‍ധ ഗോളത്തില്‍ ചുള്ളിയില്‍ തറവാടിന്റെ വടക്കുപുറത്തായി ഭൂമിയോടു ഒരു ചോദ്യം എന്ന വണ്ണം അതു ഉയര്‍ന്നു നിന്നു . ഒരു പുളിമരം. ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ആദ്യകാല താത്വിക പ്രതിസന്ധി. (ആ വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നറിയാം. കാരണം സ്റ്റഡിക്ലാസിലൊന്നും സ്ഥിരമായി വരറില്ലല്ലൊ?)

ആ മരം  ഉണ്ണിക്കുട്ടനേയും ക്യാപ്ടന്‍ മേനൊനേയും എന്നും ഒന്നിക്കുന്ന ഒരു കണ്ണിയായിരുന്നു . ഉണ്ണിക്കുട്ടന്റെ ഓരൊ കുസൃതിക്കും ക്യാപ്ടന്‍ ആ മരത്തിന്റെ ചില്ലകളൊന്നായി മുറിച്ചെടുത്തു. ഉദാഹരണത്തിനു അതിരാവിലെ ആറുമണിക്കെണീക്കുന്ന ക്യപ്ടന്‍ രാവിലെ പാടത്തും പറമ്പിലും ഒരു തേര്‍ഡ്‌ അമ്പയരിംഗ്‌ നടത്തി രണ്ടു മണിക്കൂറിനു ശേഷം വീട്ടിലെത്തുമ്പോള്‍ നാളെ ഒരെക്കര്‍ പറമ്പും രണ്ടേക്കര്‍ പാടവും നോക്കി നടത്തേണ്ട ഉണ്ണിക്കുട്ടന്‍ എന്ന എക അവകാശി തലക്കുമുകളിലൂടെ പുതപ്പിട്ടു കിടക്കുന്നു.

" ഡാ എണീക്കിണില്ലേ ?"ഒരു ചോദ്യം മൃദുവായി കാതില്‍.

" കുറചു കഴിയട്ടെ "തീരെ മൃദുവല്ലാത്ത  ഉത്തരം .
അപ്പോള്‍ തന്നെ ശരി എന്നും പറഞ്ഞു മേനോന്‍ നേരെ മുറ്റത്തേക്കിറങ്ങും . അവിടെ ആ മായ മോഹിനി നില്‍പ്പുണ്ട്‌.കൈയ്യെത്തും ദൂരത്തു നിറയെ ചില്ലകളുള്ള ആ മരം. അതു മേനോനെ റിമൈന്‍ഡ്‌ ചെയ്യും"ദാസാ, ചെക്കന്‍ കുരുത്തം കെട്ടു പോവുന്നുണ്ടൊ?"
ഉടന്‍ മേനൊന്‍ ഈസിലി ആക്സസബിള്‍ ആയ ചെറു കൊമ്പടുത്തു നേരെ ഉണ്ണിക്കൂട്ടന്റെ മുറിയിലെക്കു വീണ്ടും. ഒരു ചെറിയ ഒരു ശബ്ദം. "അയ്യോ "ഉണ്ണിക്കുട്ടന്റെ പ്രഭാതം അവിടെ ആരംഭിക്കുന്നു.

ആ കാലത്താണു
ഉണ്ണിക്കുട്ടന്‍ ഒറ്റത്തടി വൃക്ഷങ്ങളുടെ ആരാധകനായത്‌.തെങ്ങ്‌, കവുങ്ങ്‌, പന അങ്ങനെ എത്ര നല്ല മരങ്ങള്‍ ഉണ്ട്‌. അവക്കൊന്നും ചില്ലകള്‍ ഇല്ല എത്തിപ്പിടിക്കാന്‍ പാകത്തില്‍. പതിനെട്ടാം പട്ട വരെ എത്ര  ഹാം ലെസ്സ്‌ ആണു. അപ്പൊഴാണിവള്‍ ഒരു മനോമോഹിനിയായി മേനൊന്റെ വീക്നെസ്സ്‌ ആയി നില്‍ക്കുന്നതു.

പൊക്കുടന്‍ എന്നൊരാള്‍ കണ്ടല്‍ വനം സംരക്ഷിക്കുന്നുണ്ട്‌ എന്ന വാര്‍ത്ത ഒരു ആശങ്കയോടെ ആണു
ഉണ്ണിക്കുട്ടന്‍  കേട്ടതു. എന്താണ് ‌ ഈ കണ്ടല്‍ വനം?അതിനു കൊമ്പുകളും ചില്ലകളും ഉണ്ടൊ ആവൊ? ഒരു മരം കൊണ്ടു മനുഷ്യന് ഇവിടെ പൊറുതിയില്ല. അപ്പോഴാ ഒരു വനം .. പാവം അയാളുടെ മകനെ സമ്മതിക്കണം ....

അതൊടൊപ്പം ഒരിക്കല്‍ "മരം ഒരു വരം" എന്നു പറഞ്ഞു വീട്ടില്‍ ഫണ്ട്‌ പിരിക്കാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ അടുത്ത വീട്ടിലെ പട്ടിയെ കാട്ടി വിരട്ടി വിട്ടു ഉണ്ണിക്കുട്ടന്‍ പ്രതികാരം ചെയ്തു . "ങും മരം ഒരു വരം പോലും."

അതിനിടെ ആണു ഒരു ദിവസം അമ്മ വാങ്ങി തന്ന ഫുട്ബാള്‍  എടുത്തു റൊബര്‍ട്ടൊ ബാജിയൊക്കു പഠിച്ചതു .അതിനിടെ ഫുഡ്ബോളിനു ഒരു മോഹം . കണ്ണാടിയില്‍ നോക്കി ചന്തം കാണണം. ഉമ്മറത്തിന്റെ ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന  കണ്ണാടിയില്‍ തന്നെ ആ ബോള്‍ സൗന്ദര്യം നോക്കിയപ്പ്പ്പോള്‍ പുളിമരം മേനോനെ വിളിച്ചു. " ദേ, ആ ബാജ്ജിയൊ നിങ്ങളുടെ കണ്ണാടി ഡിം ആക്കി" "

ഏത്ര വലിയ കാപിറ്റല്‍ ലോസ്സ്‌!.

മേനോന്‍ ഉടനെ വേണ്ട നടപടികള്‍ ഏടുതു. ചെറുക്കന്‍ അപ്പോള്‍ തന്നെ ഉച്ചത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങി..

അന്നു രാത്രി ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം ഏടുത്തു. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ . രണ്ടും കൂടി വേണ്ട. എങ്ങനെ എപ്പോല്‍, ആരു കൃത്യം നിര്‍വഹിക്കും. കളിക്കുന്നതു 35 വയസ്സുകാരിയായ പുളിപെണ്ണിനൊടാണ്‌. അവളുടെ ഒരു കൊമ്പു പോയിട്ടു ഒരു ചില്ല വരേ തൊടാന്‍ ഉണ്ണിക്കുട്ടാനു പറ്റൂല. അപ്പോല്‍ എന്‍തു ചെയ്യും?

രാജന്‍ പി ദേവ്‌, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടു കുതന്ത്രങ്ങള്‍ അത്യവശ്യം സ്വായത്തമാക്കി.

ഒരു രാത്രി ഉണ്ണി ഒരു വഴി കണ്ടു പിടിച്ചു.
" മണ്ണെണ്ണ ഒഴിച്ചാല്‍ മരങ്ങള്‍ ഉണങ്ങും ." ആ അറിവു പകര്‍ന്നു നല്‍കിയത് നമ്മുടെ മേനോന്‍ തന്നെ . തന്റെ സൗഹ്രുദ വലയതില്‍ ഇരുന്നു ഒരിക്കല്‍ ബഡായി സെസ്ഷന്‍ അറ്റെണ്ട്‌ ചെയ്യുകയയിരുന്നു. പണ്ടു താനടക്കം അഞ്ചു പേര്‍ ചേര്‍ന്നു ഒരു ആല്‍ വെച്ചതിന്റെ വീരഗാഥ പറയുക ആയിരുന്നു പുള്ളി. ആല്‍ വെക്കണമെങ്കില്‍ അഞ്ചു പേര്‍ വേണം എന്നാണത്രെ  (ഓ, ഇതു പാഞ്ചാലി, അല്ലേ ഒരു അഞ്ചു പേരുടെ കണക്ക്‌)  അതിനിടെ മേനോന്‍ തന്റെ ഡൊമിനന്‍സ്‌ കാണിക്കാന്‍ വേണ്ടി താന്‍ പണ്ട്‌ ഒരു മരം മണ്ണെണ്ണ ഉപയോഗിച്ച്‌ നാമാവിശെഷമാക്കി എന്നും പ്രസ്താവിചു. അപ്പോള്‍  മാസ്റ്റര്‍പ്ലാന്‍ ചെറുക്കാന്  കിട്ടി
.
രാത്രിയായാല്‍ പൊതുവെ പുറത്തു പൊവാന്‍ ഉണ്ണിക്കുട്ടനു വെറുപ്പാണ്‌. കോക്കാന്‍ പൂച്ച, ഒടിയന്‍,ചാതന്‍ എന്നീ അന്ധവിശ്വസങ്ങളില്‍ പ്രതിഷേദ്ധിച്ചാണ്‌ എന്നു ചേച്ചിത്തെഹല്‍ക്ക പറയുമെങ്കിലും ഉണ്ണിക്കുട്ടന്‍ അതു മൈന്റ്‌ ചെയ്യാറില്ല.എന്തൊക്കെയായാലും മേനൊന്റെ ചൂടു പറ്റി കിടന്നുറങ്ങുക, ഇടിയും മഴയും കൂമനും കുറുക്കനും എല്ലം വയലന്റ്‌ ആകുന്ന രാത്രികളില്‍ മേനൊന്റെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടുക എന്നിവയാണ്‌ വീര്യ പാണ്ട്യ ഉണ്ണി ബൊമ്മന്റെ ഒരു കലാപരിപാടി.
അതു കൊണ്ട്‌ മരനശീകരണം രാത്രി എഴിനും എട്ടിനും ഇടക്കു മേനോന്‍ ഇല്ലാത്ത ഒരു സമയം നോക്കി  പ്ലാന്‍ ഇട്ടു. ആ സമയം മേനൊന്‍ സാധരണാ വീട്ടിനടുത്തുള്ള ചായക്കടയില്‍ ബഡായി മീറ്റില്‍(ഇന്നു നമ്മള്‍ ബ്ലൊഗ്‌ മീറ്റ്‌ എന്നൊക്കെ പറയുന്നതു പോലെ)അദ്ധ്യക്ഷം  വഹിക്കാന്‍ പോകും.

ആ സമയത്തു വീട്ടില്‍ പമ്പു സെറ്റിനു വേണ്ടി റേഷന്‍ കടയില്‍ നിന്നും കിട്ടിയ 10 ലിറ്റര്‍ മണ്ണെണ്ണ കാനിന്റെ മൂടി ഉണ്ണീക്കുട്ടന്‍ മാറ്റി.

ദൈവമെ ഇതിന്റെ ക്വാണ്ടിറ്റി അറിയില്ല. ഒരു പ്രായ പൂര്‍ത്തിയായ പുളിമരം ഉണക്കാന്‍ എത്ര മണ്ണെണ്ണ വേണം? പത്തു ലിറ്റര്‍ കാന്‍ അഞ്ചു ലിറ്റര്‍ ആയാല്‍ മേനോന്‍ അറിയും .അതു കൊണ്ടു രണ്ടു ലിറ്റര്‍ അളന്നെടുത്തു . മെല്ലെ പുളിമരത്തിനടുത്തെതി ഭൂമി പൂജ ചെയ്തു. എന്നിട്ടു ആ മഹാ മരത്തിനു കീഴെ ആ മണ്ണെണ്ണാ ഒഴിച്ചു.ഒരു മഹാപാപം ചെയ്ത ആളെ പൊലെ അവന്‍ നിന്നു .
കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി മെക്കാനിക്കല്‍ എങ്ങിനിയര്‍ ആകും എന്ന് വിന്‍സെന്റ് ഗോമസ് പറഞ്ഞിട്ടുള്ളത് കൊണ്ടു വളരെ ഹാപ്പി ആയി കൃത്യം നിര്‍വഹിച്ചു .

അതിനു ശെഷം തിരിചു വേഗ്ഗം മമ്മിയുടെ കൈയ്യില്‍ നിന്നും മാമു വാങ്ങി ഉറങ്ങാന്‍ പോയി. രാത്രി സുരക്ഷിതമായി മേനൊന്റെ പുതപ്പിനടിയില്‍ കൂമനും നത്തും കുറുക്കനും തൊടാന്‍ പറ്റാത്ത നിലയില്‍  ഉണ്ണിക്കുട്ടന്‍ ചാചിയുറങ്ങി.
പിട്ടെന്നത്തെ പ്രഭാതം ആ മരണ വാര്‍ത്തയുമായി ഉണരട്ടേ. അന്നു മേനൊന്‍ ചങ്കു തകര്‍ന്നു കരയട്ടെ.  ഇതൊക്കെയായിരുന്നു ഉറക്കത്തില്‍ ഉണ്ണി അന്ന് കണ്ട സ്വപ്നം .
പക്ഷെ അന്ന്  രാവിലെ ഉണ്ണിയെ വരവേറ്റത്  പുളിയേടത്തിയുടെ തലൊടല്‍ ആയിരുന്നു.. ഡിം!

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു മേനോനോട് ചൊദിച്ചു" ഇതു എതു വകുപ്പില്‍ ഉള്‍കൊള്ളിക്കണം?"
മേനൊന്‍ പറഞ്ഞു" രണ്ട്‌ ലിറ്റര്‍ മണ്ണെണക്കണക്കില്‍".
" ദൈവമെ" അശാന്‍ എങ്ങനെ ഇതു അറിഞ്ഞു എന്നു ചിന്തിച്ചിരിക്കുമ്പോള്‍  മേനൊന്റെ ഡയലോഗ്‌.

" ഡാ നിനക്കു സ്വന്തമായി ഡി ഏന്‍ എ തന്നതു ഞാന്‍ അല്ലെ ?"

  മേനോനും ആറാമിന്ദ്രിയമോ എന്നു കരുതി  ഷര്‍ട്ട്‌ കൊണ്ടു കണ്ണു തുടക്കുമ്പോള്‍ ആ മണം ഉണ്ണിയുടെ മുക്കില്‍ കയറി. നല്ല മണ്ണെണ്ണയുടെ മണം. ഇന്നലെ ഒപ്പേറെഷന്‍ നടത്തിയതിനു ശേഷം മണ്ണെണ്ണയുടെ മണം ഷര്‍ട്ടില്‍  എവിടെയൊ കയറി . ആ ഷര്‍ട്ടും ഇട്ടാണ് മേനൊന്റെ പുതപ്പിനടിയില്‍ ഉറക്കം. പുള്ളിക്കു രാത്രി തന്നെ കാര്യം കത്തിക്കണും. പിന്നെ ഒരു അന്വേഷണവിധേയമായി പ്രഹരിക്കുക എന്ന നാട്ടു നടപ്പു പാലിക്കാന്‍ വേണ്ടി നേരം വെളുക്കാന്‍ വെയ്റ്റു ചെയ്തു എന്നു മാത്രം.

" കൊലപാതകം നടത്തി പോലീസ്‌ സ്ടേഷനില്‍ കിടന്നുറങ്ങിയ പ്രതിയുടെ അവസ്ഥ."

ഇതൊന്നും ഒരു കുഴപ്പമില്ല . മുറ്റത്തെ വിശേഷം എന്താണെന്ന് അറിയാന്‍ നോക്കിയപ്പോള്‍ പുളിമരം ഉണ്ട് പയര്‍ പയര്‍ പോലെ ഉണ്ണിക്കുട്ടനെ നോക്കി ചിരിക്കുന്നു. ആള്‍ പഴയതിനേക്കാള്‍ ഉഷാര്‍ . " ഇത്തിരി മണ്ണെണ്ണ കിട്ടിയപ്പോള്‍ എന്താ ഒരു സുഖം . ഇങ്ങനേം ഉണ്ടോ ഒരു സുഖം!"


ഉണ്ണിക്കുട്ടന്റെ പ്രഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഒരു തുലാവര്‍ഷത്തില്‍ ആ പുളിയേടത്തി മണ്ണില്‍ പതിച്ചു.ദുഖിതനായ മേനൊന്‍ വളരെ ആചാരപൂര്‍വ്വം പുളിയേടത്തിക്കു യാത്രയയപ്പു നല്‍കി.അന്നു ഉണ്ണിക്കുട്ടന്‍ അമ്പലത്തില്‍ ഒരു വെടിവഴിപാടു കഴിച്ചു. അമ്പലത്തില്‍ പോകാന്‍ തിരക്കു കൂട്ടി നിന്ന ഉണ്ണിക്കുട്ടനോടു മേനോന്‍ പറഞ്ഞു" ഡാ ഞാന്‍ ഒന്നു കുന്നംകുളം മാര്‍ക്കറ്റ്‌ വരെ പൊകുന്നു"

പുളിയുടെ വിറകും തടിയും വിറ്റ കാശുകൊണ്ടു തനിക്കൊരു ഷര്‍ട്ട്‌, ട്രൌസര്‍  പിന്നെ ഒരു വാച്ച്‌ എന്നിവ ഷുവര്‍ ആയും മേനോന്‍ കുന്നകുളത് നിന്നും വാങ്ങും  എന്ന് ഉണ്ണിക്കുട്ടനു തൊന്നി. അങ്ങനെ ചില ചരിത്രം ഉണ്ടായിട്ടുണ്ട്
അമ്പലത്തില്‍ നിന്നും വന്ന പിന്നെ രണ്ടു മൂന്നു സാമൂഹിക പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ച്‌ ഉണ്ണിക്കുട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ മേനോന്‍  പഴയതിനേക്കാള്‍ ഹാപ്പി." പുതിയ ഷര്‍ട്ടും ട്രൌസറും  എവിടെ എന്ന് തിരഞ്ഞ  ഉണ്ണീയെ പ്രതിക്ഷിച്ചു അവിടെ മറ്റൊരു സധനം ഉണ്ടായിരുന്നു
ഒരു കെട്ട്‌ ചൂരല്‍!
അതോടൊപ്പം മേനോന്റെ കള്ള നോട്ടവും  പിന്നെ ഡയലൊഗ്ഗും." പുളി മരം പോയതിന്റെ വിഷമം  ഇപ്പൊഴാ തീരുന്നത്‌. താങ്ക്സ്‌ ടു കുന്നംകുളം മാര്‍ക്കെറ്റ്‌"

അന്നാദ്യമായി കുന്നംകുളം ഇല്ലത്ത മാപ്പ് ഉണ്ടെങ്കില്‍   എന്നു ഉണ്ണിക്കുട്ടന്‍  ആഗ്രഹിച്ചു...!
**** *** ***

എപിലോഗ്‌ 1: ഐശ്വര്യ റായിയെ കെട്ടിയതു കൊണ്ടല്ല ഉണ്ണിക്കുട്ടന്‍  അഭിഷേക്‌ വിരുദ്ധനായതു. ഒരു മരത്തിന്റെ രൂപത്തില്‍ വാട്ട്‌ എന്‍ ഐഡിയ സര്‍ജി എന്നു പറഞ്ഞു പരസ്യത്തില്‍ അഭിനയിച്ചതു കൊണ്ടാണ്‌.


എപിലോഗ് 2 : ആദ്യം വായിക്കുന്നവര്‍ താഴെയുള്ള ഇടവപ്പാതി തുലാവര്‍ഷം ഇനി പോസ്റ്റുകള്‍ കൂടി വായിക്കുന്നത് മാനസിക സ്വാസ്ഥ്യം കിട്ടാന്‍ നന്നായിരിക്കും ..:)

Saturday, June 12, 2010

പിന്നെ ഒരു ഇടവപ്പാതിയില്‍

തിരുപ്പിറവിയൊടനുബന്ധിച്ചു ഉറക്കെ കരയേണ്ടിവന്ന ക്യാപ്റ്റന്‍ അതു ഒരു ശീലമാക്കി. അല്ലെങ്കില്‍ അന്നു തിരുപ്പിറവിയെടുത്ത അവതാരപുരുഷന്‍ അതിനു പല സുവര്‍ണാവസരങ്ങളും മേനോന്‍സാറിനു നല്‍കി. അതിനിടെ ആ അവതാരപുരുഷനൊരു നാമധേയവും  നല്‍കി. യതാര്‍ഥനാമം ഇവിടെ പറയേണ്ടി വരില്ല എന്നതു കൊണ്ടുതന്നെ അവനെ നമുക്കു ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കാം.

ഉണ്ണിക്കുട്ടന്‍ ജനിച്ചു ഇരുപത്തിയെട്ടാം ദിവസം ജാതകം എന്ന കരിക്കുലംവിറ്റ പടിഞ്ഞാറങ്ങാടിയിലെ ഒരു പണിക്കരെ കൊണ്ടുവന്നു വായിപ്പിച്ചു. കവടി നിരത്തി മൂപ്പര്‍ രണ്ടു പൊസ്റ്റുലേഷന്‍സ്‌ നടത്തി.

ഒന്ന്
ഉണ്ണിക്കുട്ടന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും.

ഉടന്‍ തന്നെ മേനോന്‍ ഭാര്യയെ നോക്കികൊണ്ടു അഭിമാനത്തോടെ പറഞ്ഞു." ഹും അങ്ങനെയല്ലാതെ  അവന്‍ എന്റെയല്ലേ മോന്‍!."

അതേ സമയം ഭാര്യ പറഞ്ഞു. "അവന്‍ എന്‍റെ  വയറ്റിലല്ലേ പിറന്നത്‌?"

തൊട്ടിലില്‍ കിടന്ന് ഉണ്ണിക്കൂട്ടന്‍ പണിക്കരെ നോക്കി. "ഇയാള്‍ ആളു കൊള്ളാമല്ലോ. ഒരു ചെലവും ഇല്ലതെ എന്‍റെ  ഭാവിയല്ലേ അയാള്‍ ഭദ്രമാക്കി തന്നത്‌! ഗവര്‍മെന്റില്‍ എതു ഡിപാര്‍ട്ടുമെന്റില്‍ എന്നു പറഞ്ഞില്ല. ചുരുങ്ങിയതു സിവില്‍ സര്‍വീസിലെങ്കിലും ആയിരിക്കുമല്ലോ. ജോലികിട്ടിയിട്ടു വേണം നാലു ലീവെടുക്കാന്‍..."

പണിക്കര്‍ രണ്ടാമത്തെ പ്രവചനത്തിലേക്കു കടന്നു.
രണ്ട്
ഇവന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിക്കും. അതും ഒരു അന്യജാതിക്കാരിയെ പ്രേമിച്ച്‌.


മേനോന്‍റെ  നെറ്റി ചുളിഞ്ഞു. പുള്ളി കരണം മറിഞ്ഞു ഭാര്യയെ രൂക്ഷമായി നോക്കി. " ഹും, നിന്‍റെ  തറവാട്ടു ഗുണം. വളര്‍ത്തു ദോഷം"

ഫാര്യ തിരിച്ചടിച്ചു. " നിങ്ങളുടെയല്ലേ  സന്താനം?  അപ്പോള്‍ ഇങ്ങനെയെ വരൂ."

തൊട്ടിലില്‍ കിടന്ന ഇരുപെത്തെട്ടുദിവസക്കാരന്‍ ദേഷ്യത്തോടെ രണ്ടു പേരേയും നോക്കി. "രണ്ടു മിനിട്ടു കൊണ്ടു രണ്ടും എന്നെ കൈയ്യൊഴിഞ്ഞല്ലെ?  കാണിച്ചു തരാം. എറ്റവും കുഴപ്പം പിടിച്ച ജാതിക്കാരിയെ തന്നെ കണ്ടു പിടിക്കണം. എന്നിട്ടു രണ്ടിനും പണി കൊടുക്കണം. വല്ല എക്സിന്മോ, ഷേര്‍പ്പ, ഖൂര്‍ഖ, സിംഹള തുടങ്ങിയ ജാതികളെ നോക്കണം.

പിന്നെ ഉണ്ണിക്കുട്ടന്‍ പണിക്കരെ ബഹുമാനത്തോടെ നോക്കി."ഇങ്ങളൊരു സംഭവമാ . മൂന്നു മിനിട്ടു കൊണ്ടു എനിക്കു ഊണിനും  ഉറക്കത്തിനുമുള്ള വഴിയല്ലേ തരാക്കിത്തന്നതു. ഇങ്ങളെ ഇനി മരിച്ചാലും മറക്കില്ല്യ"


ഭൂവാസത്തിന്റെ ആദ്യ ദിനങ്ങള്‍ വലിയ സംഭവബഹുലമല്ലാതെ നടന്നു.പക്ഷെ, ചെക്കന്‍ രണ്ടു കാലില്‍ ഏണീട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍  ഒരു വലിയ സാമൂഹ്യവിപത്താവുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുക, മുട്ടയിടാന്‍ വീട്ടിനകത്തേക്കു പ്രൈവസി നോക്കി വരുന്ന പിടക്കോഴിയെ നിലം തൊടാതെ പറപ്പിക്കുക, എന്നിട്ടു പൂവന്‍ കോഴിയുടെ വമ്പിച പ്രതിഷേധത്തിനും കൊത്ത്‌, ചിറകിട്ടടി തുടങ്ങിയ സാമഭേദ പ്രയോഗങ്ങള്‍ക്കും വിധേയനാവുക, മുറ്റത്തു കൊയ്തു കൊണ്ടുവന്നിട്ട നെല്ലില്‍ ശൂ ശൂ ഒഴിക്കുക തുടങ്ങിയ നാടന്‍ കലാ ഇനങ്ങള്‍ പൊടിപൊടിക്കുമ്പൊള്‍ വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊമ്പുകള്‍ ഒന്നൊന്നായി മേനോന്‍ വെട്ടി. മറ്റൊന്നിനുമല്ല. ചെറുക്കനെ ചികിത്സിക്കാന്‍. എന്നിട്ടു വല്ല ഭേദവും ഉണ്ടൊ?

മാ ഫലേഷു പ്രഹരണ(ഫലം ഇച്ചിക്കാതെ പ്രഹരിക്കുക  എന്നു മേനോന്‍റെ  ഗീതാഭാഷ്യം)
ജോലിക്കു രാവിലെ തിരക്കിട്ടു ഓടുന്ന മമ്മിയെ ഒരു ദിവസം മുറിയിലിട്ടു പൂട്ടി ഉണ്ണിക്കുട്ടന്‍ റെക്കോഡിട്ടു. ഈ ശല്യത്തിനെ എന്ത്  ചെയ്യണം എന്നു തല പുകഞ്ഞ ആലോചിക്കുമ്പൊള്‍ ചെക്കന്‍ ഉടനെ ഒരു ചോദ്യം
."എനിക്കു ഇപ്പോള്‍ ആറു വയസ്സവാറായില്ലേ?  ഇനിയും എന്നെ സ്ക്കൂളില്‍ വിടുന്നില്ലേ? വിദ്യാഭാസം നേടി എനിക്കു ഗവണ്മെണ്ട്‌ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്‌. അതു കഴിഞ്ഞിട്ടു വേണം എനിക്കു പ്രേമിച്ചു  ഒരുത്തിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍. നിങ്ങളിങ്ങനെ എന്റെ കാര്യത്തില്‍ ഒരു ചൂടില്ലാതിരുന്നാല്‍........?"

ഹോ!!! മേനൊന്‍റെ  തലയില്‍ അപ്പോളാണു ഒരു ലഡ്ഡു പൊട്ടിയത്. വട്ടംകുളം സ്കൂളിലെ ഹെഡ്‌മാഷെ കണ്ടു വീട്ടിലെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗ്ഗം പുള്ളിക്കാരന്‍ കണ്ടു പിടിച്ചു. 

അതൊരു ഇടവപ്പാതിയുടെ തുടക്കമായിരുന്നു. മകയിരം ഞാറ്റുവേല   മാരിചൊരിയുകയായിരുന്നു. മുന്നില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ചേച്ചി. പിന്നില്‍ പൂയില്യന്‍.അങ്ങനെ ചുള്ളിയില്‍ ആര്‍മ്മി നേരെ സ്കൂള്‍ ലക്ഷ്യമാക്കി മുന്നേറി.

അവിടെയെത്തി ഉണ്ണിക്കുട്ടന്‍ ഒന്നാം തരം എയില്‍,  ശ്രീദേവി ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാം ബെഞ്ചില്‍ ഇരുന്നു.

ഒന്നാമതെ ബെഞ്ചില്‍ ടീച്ചേര്‍സിന്‍റെ  കുട്ടികള്‍ ആണ്‌. അവരാകട്ടെ ഇടക്കിടക്കു സ്റ്റാഫ്‌ റൂമില്‍ പോയി ചായയും പഴം പൊരിയും കഴിക്കുന്നു.

" ഹും, എന്‍റെ  അമ്മെക്കെന്തുകൊണ്ടു ഒരു ടീച്ചര്‍ ആയിക്കൂടാ? കൃഷിവകുപ്പില്‍ ജോലി നോക്കുന്നതിനു പകരം അമ്മക്ക്  ഇവിടെ വന്നുകൂടെ? "ഉണ്ണിക്കുട്ടന്‍ ആത്മഗതിച്ചു." അമ്മയുടെ ജാതകം ഇനി ആ ജ്യോത്സ്യനെ കൊണ്ടൊന്നു നോക്കിക്കണം. ഇനി അടുത്ത വര്‍ഷമെങ്കിലും അമ്മക്കു ഈ സ്ക്കൂളില്‍ ടീച്ചറാവാന്‍ പറ്റുമൊ എന്നറിയണമല്ലോ.."


ക്ലാസിലെ സെറ്റപ്പു കൊള്ളാം . 16 പെണ്‍കുട്ടികള്‍ ഉണ്ട്‌. ദൈവമെ ഇവരില്‍ അന്യജാതിക്കാര്‍ എത്രപേര്‍ ഉണ്ടൊ എന്തോ? വഴിയെ നോക്കാം. പത്തു വര്‍ഷം സ്കൂള്‍ ജീവിതം ഉണ്ടു. മേനൊന്‍റെ  സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടു . ഇടം വലം നോക്കരുത്‌.കൈകള്‍ രണ്ടും കെട്ടണം. ക്ലാസില്‍ മിണ്ടാതിരിക്കണം. ഇടക്കിടക്കു ഉണ്ണിക്കൂട്ടനെ നിരീക്ഷിക്കാന്‍ തെഹെല്‍ക്ക രൂപത്തില്‍ ചേച്ചിയും കൂട്ടുകാരികളും.

രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു. സ്കൂളിലെ പുതിയ ടീച്ചറാണു സീന. മാത്രവുമല്ല ഉണ്ണിക്കുട്ടന്‍റെ  അടുത്ത ബന്ധുവും അവനെ ഏടുത്തു നടക്കുകയും ചെയ്തിരുന്ന  അതെ സീനചേച്ചി.

 "ദൈവമെ, പഴം പൊരിക്കുള്ള വകയായി." ഇന്നു കണി കണ്ടവനെ എന്നും കണി കാണണേ എന്നു പ്രാര്‍ഥിച്ചു ഉണ്ണിക്കുട്ടന്‍ ഇരുന്നു.

സീന ടീച്ചര്‍ വന്നു യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി. ഉണ്ണിക്കുട്ടന്‍ വളരെ ഉച്ചത്തില്‍ വിളി കേട്ടു. സീന ചേച്ചിക്കു ഒരു ഭാവമാറ്റവും ഇല്ല.

" ഇത്തിരിപ്പോന്ന തന്നെ മൂന്നാം ബെഞ്ചില്‍ ഇരുന്നിട്ടു കണ്ടിട്ടുണ്ടാവില്ല."

ഉണ്ണി പതുക്കെ കൈ വീശിക്കാണിച്ചു . ഒരു മാറ്റവും ഇല്ല. പഴമ്പൊരിയും ചായയും കൊണ്ടുവരുന്ന സതീശന്‍ സ്റ്റാഫ്‌ റൂമിലെക്കു പോകുന്നു. ഇപ്പോള്‍ ഓഡര്‍ ചെയ്തില്ലെങ്കില്‍ ...? എന്തെങ്കിലും ചെയ്തേ പറ്റൂ. പക്ഷെ എന്ത് ചെയ്യും?"

ഉണ്ണിക്കുട്ടന്‍ ഒന്നും ആലോചിച്ചില്ല. രണ്ടു വിരലുകള്‍ വായില്‍ തിരുകി ഒറ്റ വിസ്സില്‍. ഇടിവെട്ടീറ്റും വണ്ണം വിസില്‍ ഉയര്‍ന്നൊച്ച കേട്ടു നടുങ്ങി പിള്ളേര്‍ ഉരഗങ്ങളെപ്പോലെ. സീനേച്ചി ഉടന്‍ മൂന്നാം ബെഞ്ചിലേക്കു നോക്കി. "ആ കുട്ടി എണീറ്റ്‌ നില്‍കൂ." (എന്തിനാ  ചെച്ചി ഈ നാടകം ? ആ കുട്ടി പോലും! എന്നെ അറിയാത്ത മാതിരി. ഞാന്‍ ചേച്ചിയുടെ ഉണ്ണിക്കുട്ടന്‍ അല്ലെ. എനിക്കു പഴമ്പൊരി ഓഡര്‍ ചെയ്യണം എന്നു ഇപ്പോഴെങ്കിലും  ഓര്‍ത്തല്ലോ)

സീനേച്ചി വിളിച്ചു. "ഇവിടെ വരൂ."

"ഓ, ഇനി എല്ലാവരുടേയും മുന്നില്‍ വച്ചു പഴമ്പൊരി തിന്നാന്‍ എന്നെക്കിട്ടില്ല. പാവം അതര്‍ പുവര്‍ പിള്ളേര്‍സ്‌."ഉണ്ണിക്കുട്ടന്‍  അങ്ങനെ പുളകം കൊണ്ടു ചേച്ചിക്കു സമീപത്തെത്തി.

"കൈ നീട്ടൂ" ഉണ്ണിസ്  രണ്ടു കൈയും നീട്ടി. ഇനി രണ്ടു പഴം പൊരി ഉണ്ടെങ്കിലോ??????

പക്ഷെ കൈയില്‍ വിണതു ഒരു ചൂരലാണ്‌. കണ്ണില്‍ നിന്നും പൊന്നീച്ച  പാറിപ്പോയി. കൂടെയുള്ള കശ്‌മലേഴ്സ്‌ ചിരിച്ചു.

സീനേച്ചിയുടെ ശബ്ദം മുഴങ്ങിക്കേട്ടു ." ഇനി മേലാല്‍ ക്ലാസില്‍ അപശബദം ഉണ്ടാക്കരുത്‌. "

അപശംബ്ദമൊ? ഈ വിസില്‍ അടിച്ചപ്പോള്‍ നന്ദനത്തിലെ അമ്മിണിക്കുട്ടി നാണിച്ചതും ഇതേ വിസില്‍ ഉപയോഗിച്ചു വീട്ടിലെ പൂവന്‍ കോഴിയെയും അണ്ണാരക്കണ്ണാനേയും ഓടിച്ചതും ഓര്‍ത്തു ഉണ്ണിക്കുട്ടന്ന് നിര്‍ന്നിമേഷനായി നിന്നു. പിന്നെ മൂന്നാം ബെഞ്ചിലിരുന്നു ആള്‍ മനസ്സില്‍ പാടി
"അങ്കുശമില്ലാത്ത ചാപല്യമേ

പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍
ഇതെല്ലാം ചേച്ചിത്തെഹല്‍ക്ക വഴി അറിഞ്ഞ മേനോന്‍ അന്നു വീട്ടില്‍ ഉണ്ണിക്കുട്ടനൊഴികെ മറ്റുളവര്‍ക്കെല്ലാവര്‍ക്കും പഴമ്പൊരി വിതരണം ചെയ്തു...!  _______________________________________________________________________________________

എപിലൊഗ്‌ ഒന്ന്‌:
ഇരുപത്തിരണ്ടു വയസ്സു വരെ ഉണ്ണിക്കൂട്ടന്‍ ആ പണിക്കരുടെ ആരാധകനായിരുന്നു. ഇരുപത്തിഒന്നു വയസ്സുവരെ എല്ലാ ഗവണ്മെന്റു ജോലിക്കും ഉണ്ണി മുറതെറ്റാതെ അയച്ചു കൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ പോലും പദ്മനാഭന്റെ ചക്രം വാങ്ങാന്‍ ഉണ്ണിക്കു കഴിഞ്ഞില്ല.

അതില്‍ ഉണ്ണിക്കു നിരാശയില്ലെങ്കിലും രണ്ടാമത്തെ പ്രവചത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഇരുപത്തിരണ്ട്‌ വയാസാവുന്ന അന്നും ഉണ്ണിയുടെ ഒര്‍കുട്ടിലെ മാരിറ്റല്‍ സ്റ്റാറ്റസ്‌ സിംഗിള്‍ ആയപ്പോള്‍  ആ പണിക്കരുടെ ഫുള്‍ സൈസ്‌ ഫോട്ടൊ എടുത്തു ഉണ്ണി ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും അയച്ചു കൊടുത്തു.

എപിലോഗ്‌ രണ്ട്‌: 

എഴുത്തൂം വായനയും ബ്ലോഗിങ്ങും നിര്‍ത്തി ഒരു ആറുമാസം ഹൈബര്‍നേഷനു പോകണം എന്നു വിചാരിച്ചു സൈന്‍ ഓഫ്‌ ചെയ്യാനിരിക്കുമ്പൊഴാ ഒരു ആന്‍ജലീന ജോളി** വന്നു പറയുന്നതു "എഴുതെടാ കൂതറേ" എന്നു. നങ്ങേലി പറഞ്ഞിട്ടു കേള്‍ക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി പിന്നേയും എഴുത്തു തുടങ്ങി. മോശമാണെങ്കിലും നല്ലതാണെങ്കിലും കമന്റ്‌ ഇടനേ. അതു കഴിഞ്ഞു തീരുമാനിക്കാം ഹൈബര്‍നേഷന്റെ കാര്യം.. ** ആന്‍ജെലിന ജോലി എന്നാണൊ ആന്‍ജലിന ഷോലി എന്നാണൊ യതാര്‍ഥം എന്നറിയില്ല.നാക്കു വടിക്കാത്ത ചിലര്‍ ആഞ്ജലിന പിറ്റ്‌ എന്നും പറയാറുണ്ടെത്രെ.. നാക്കിന്റെ ചില വികൃതികളെയ്‌..

Tuesday, June 8, 2010

ഒരു തുലാവര്‍ഷ രാത്രിയില്‍


എണ്‍പത്തിനാലിലെ കന്നിമാസത്തില്‍ തുലാവര്‍ഷം കോരിച്ചിരിഞ്ഞു നില്‍ക്കുന്ന ഒരു ദിവസം . സ്ഥലം മലപ്പുറം ജില്ലയിലെ പുത്തന്‍പള്ളിയിലെ ഒരു ആശുപത്രി. വിമാനത്താവളത്തിലെ ആഗമനം എന്നെഴുതിവച്ച  സഥലത്തുള്ളതുപോലെ വമ്പിച്ച ജനാവലി അവിടെ കാത്തു കെട്ടി നില്‍ക്കുന്നു. ആശുപത്രിയിലെ ലേബര്‍ റൂമിനു മുന്നിലാണു ഈ തിരക്ക്‌ .പാഴൂരെന്ന തറവാട്ടിലെയും ചുള്ളിയില്‍ എന്ന കളരിയിലേയും പ്രധാന അംഗങ്ങള്‍ ആകാംഷ നിറഞ്ഞ മുഖഭാവങ്ങളോടെ നില്‍ക്കുന്നു. സംഘത്തലവന്‍ ക്യാപ്ടന്‍  രാമനുണ്ണി മേനോന്‍, അസ്സംഖ്യം വരുന്ന ഉപകഥാപാത്രങ്ങള് ‍  വരിവരിയായ്‌ വേറെയും.

ലേഡി ഡോകടരുടെ അടുത്തു നിന്നും പരിചയക്കാരിയായ ഒരു നഴ്‌സമ്മ വന്നു വിവരം പറഞ്ഞു " ദേ ഒരു ഉണ്ടച്ചെക്കനാണ്‌ .നാലു നാലരക്കിലൊ തൂക്കം വരും. ഇപ്പോളാണു റിലീസ്‌ . ( 7 മണിക്കാണ്‌ സമയം)" .എല്ലവരും സന്തോഷിച്ചിരിക്കവെ അകത്തു ലേഡിഡോക്ടര്‍ ഒരു വലിയ വെല്ലുവിളിയെ നേരിടുകയായിരുന്നു. കുട്ടി കമ എന്നു രണ്ടക്ഷരം മിണ്ടുന്നീല്ല.ഡോക്ടറമ്മ ഉടന്‍ തന്നെ അറ്റന്‍ണ്ടരെ വിളിച്ചിട്ടു പറഞ്ഞു.  "ഗോവിന്ദങ്കുട്ടി.. കുട്ടി മിണ്ടുന്നില്ല"

അത്യാവശ്യം നീളവും വീതിയുമുള്ള ചെക്കന്‍ ഒരു ചോദ്യ ചിഹ്നം പോലെ ഡോക്റ്ററെ നോക്കിക്കിടന്നു.
അറ്റന്റര്‍ ഒന്നു ചിരിച്ചിട്ടു പറഞ്ഞു "ഇവനല്ല, ഇവന്റെ അച്ചനെ വരെ ഞാന്‍ മിണ്ടിക്കും".
 "വായടക്കടൊ, ഇവന്റെ അച്ചനൊക്കെ ഇവിടെക്കിടന്നു മിണ്ടതെ പോവണമെങ്കില്‍ ലവന്‍ വാ തുറക്കണം "എന്നായി ഡോക്ടറമ്മ. സാധാരണചെയ്യാറുള്ള പോലെ ചെറുക്കനെ തലകീഴായി കെടുത്തി ചന്തിയില്‍ ഒരു നുള്ളു വെച്ചു കൊടുത്തു. ചെറുക്കന്‍ ഡോകടറമ്മയുടെ മുഖത്തു നിര്‍വികാരനായി നോക്കി.ബുദ്ധനും ശങ്കരനും പോലും ഇല്ലാത്ത അത്ര  നിര്‍വികാരതയോടെ ചെക്കന്‍ കിടന്നു
സംഭവം എല്‍ക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ ഡോക്ടറമ്മ അടുത്ത ആയുധം ഏടുത്തു. ഒരു എമണ്ടന്‍ സൂചി. നേരെ ചെക്കന്റെ കുഞ്ഞി ഹൗസിംഗ്‌ നോക്കി ആഞ്ഞു തറച്ചു.

 "ദേ ഈയമ്മ എന്റെ പ്രൈവറ്റ്‌ പാര്‍ട്ടില്‍ ഇക്കീളി ഇടുന്നു" എന്നു പറഞ്ഞു ചെക്കന്‍ ഒരു കണ്ണിറുക്കി കാണിച്ചു. ചെറുക്കന്‍ ഇതു കൊണ്ടൊന്നും മിണ്ടാന്‍ പോകുന്നില്ലെന്നു മനസ്സിലാക്കിയ ഡോക്ടറമ്മ ഉടനെ രണ്ടു ചട്ടി ഓക്സിജന്‍ പറഞ്ഞു.

ഓക്സിജന്‍ ലേബര്‍ റൂമിലേക്കു കൊണ്ടു പോകുന്നതു കണ്ട്‌ ടീം ക്യാപ്റ്റനു ഒരു പന്തികേട് തോന്നി. ആള്‍ ഉടനെ അറ്റണ്ടരെ വിളിച്ചു"ഇതാര്‍ക്കാ ഈ വായു ഗുളിക?"

അറ്റണ്ടര്‍ ദേഷ്യത്തോടെ മേനോനെ നോക്കി" എന്‍റെ ചങ്ങായി ഇതിനു ഫൗണ്ടേഷനിട്ടത്‌ സൂര്യഗ്രഹണ സമയത്താണൊ? ചെക്കന്‍ ശ്വസം എടുക്കുന്നില്ല."

ഇതു കേട്ടതും അവിടെ കൂടിനിന്ന സ്ത്രീജനങ്ങള്‍ കോറസ്‌ തുടങ്ങി. മഴയ്ക്കൊപ്പം ഒരു വലിയ ഇടിയും കാപ്റ്റന്റെ നെഞ്ചില്‍ വെട്ടി.

ഡോകടറമ്മ ഒരു സിലിണ്ടറിന്റെ മൂടി തുറന്നു ചെറുക്കന്റെ മൂക്കീല്‍ കേറ്റി. എന്നിട്ടു ചെവിട്ടില്‍ പറഞ്ഞു. "മാനം കെടുത്തരുത്‌. നീ വലുതായി ഒരു വല്യചെക്കനായാല്‍ ഇനി എനിക്കു ജനിക്കാന്‍ പോകുന്ന മകളെ നിനക്കുകെട്ടിച്ചു തരാം"

ചെറുക്കന്റെ കണ്ണുകള്‍ തിളങ്ങി. എട്ടു ദിക്കും പൊട്ടു മാറു ചെറുക്കന്‍ ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍  വിജയശ്രീലാളിതയായി പുളകം കൊണ്ടു.

പിന്നെ അതിന്റെ പിറ്റേന്നാള്‍ അതേ ആശുപത്രിയില്‍ അത്യുച്ചത്തില്‍ മറ്റൊരു കരച്ചിലും കേട്ടു. ബില്ലുകല്‍ ഒക്കെ  സെറ്റില്‍ ചെയ്യുന്ന സമയത്തു ക്യാപ്റ്റന്റെ ചങ്കില്‍ നിന്നായിരുന്നു എന്നു മാത്രം. ചെറുക്കനെ കുത്തി വെച്ച സൂചികള്‍, അവന്‍ കുടിച്ചു തീര്‍ത്ത ഓക്സിജന്‍ എന്നിവ അടക്കം സാമന്യം നല്ല ഒരു സംഖ്യ കെട്ടി വെച്ചിട്ടാണ്‌ കക്ഷി പുറത്തെക്കിറങ്ങിയത്‌.

എപിലോഗ് : ഇതിലെ കഥയും കഥാപാത്രങ്ങള്‍ക്കും  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആണെങ്കിലും ആയും ഒരു സാമ്യവും ഇല്ല.

Friday, May 21, 2010

നാക്കിന്റെ ചില വികൃതികള്‍


 
'സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം
നാസത്യം ച പ്രിയം ബ്രൂയാത്
(സത്യം പറയാം, പ്രിയം പറയാം, അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൂടാ) 

മനുസ്മൃതി കോട്ട്‌ ചെയ്ത്‌ വലിയ ബുജി ആകാന്‍ ശ്രമിക്കുകയല്ല, എന്റെ എല്ലില്ലാത്ത നാക്കിന്റെ പ്രവര്‍ത്തനം കണ്ടു ഒരു കൂട്ടുകാരി സ്നേഹപൂര്‍വം തന്ന ഒരു ഉപദേശമാണിത്‌. എന്‍താണെന്നറിയില്ല, പലപ്പോഴും ഞാന്‍ അറിയാതെ ഒരു വികട സരസ്വതി എന്നെ പുറകില്‍ നിന്നും കുത്താറുണ്ട്‌. .

ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. നമുക്കു പരിചയമുള്ള ഒരു വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണമാണു സന്ദര്‍ഭം. കല്യാണം പയ്യന്റെ സ്വത്തും ബന്ധുബലവും കൊണ്ട്‌ വല്ലാതെ പ്രീ പബ്ലിസിറ്റി നേടിയിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ അതു അവളുടെ ഭാഗ്യമായും സമൃദ്ധിയിലേക്കുള്ളയാത്രയായും എല്ലവരൊടും വിളമ്പുകയും ചെയ്തു. അതൊന്നും ഒരു ആറാം ക്ലാസുകാരനെ ബാധിക്കുന്ന വിഷയമല്ല.കല്യാണതിനു കിട്ടുന്ന ചെറുനാരങ്ങ, തണുത്ത നാരങ്ങ വെള്ളം, വലിയ പപ്പടം, അടപ്രഥമന്‍,പിന്നെ റോജാപാക്ക്‌ എന്നി ഇന്റര്‍നാഷണല്‍ കാര്യങ്ങളിലാണു നമ്മുടെ കോണ്‍സെന്റ്രേഷന്‍. മാത്രമല്ല പട്ടു പാവടയെടുത്തു മുന്നില്‍ വിലസുന്ന അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടിയും ഹിഡന്‍ അജണ്ടയിലെ ഒരു ഐറ്റമാണ്‌.

ഇത്തരമോരവസരം സംജാതമാക്കിയ കല്യാണപെണ്ണിനും ചെക്കനും സ്വന്‍തം പേരിലും ഉദരത്തിന്റെ പേരിലും ഒരു നന്ദി പറയാമെന്നു കരുതി പന്തലിലേക്ക് ഒന്നു നോക്കൊയപ്പോളാണ്‌ കോടീശ്വരനായ ചെക്കനെ ശ്രദ്ധിച്ചത്‌.ക്രിസ്‌ ഗെയിലിനു ഹെന്റ്രി ഒലോങ്ങയില്‍  ) ഉണ്ടായ ഒരു സന്തതിയെപ്പോലെ സുന്ദരനായ ഒരു ആജാനഭാഹു. കരിമല വരുന്നതു പോലുണ്ട്‌. പന്തലിനു ചുറ്റും ആളുകള്‍ പലതും മുറുമുറുക്കുന്നത്‌ ആറാം ക്ലാസുകാരന്റെ എഫ്‌ എം റിസീവര്‍ പിടിച്ചെടുക്കുക എന്നതു വളരെ സ്വാഭാവികം മാത്രം.

എന്തായാലും കല്യാണം കഴിഞ്ഞു ഞങ്ങളെല്ലാം വീട്ടിലെത്തി ഓരൊ വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ്‌ പെണ്ണിന്റെ ചെറിയമ്മയും ഞങ്ങളുടെ അയല്‍വാസിയും ആയ ഒരു ചെച്ചി വീട്ടിലെത്തിയത്‌. സദ്യയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും അവര്‍ വീമ്പിളക്കുന്നുണ്ടായിരുന്നു.അച്ചനും അമ്മയൂം അവരുടെ അഭിപ്രായങ്ങള്‍ക്കു ശബ്ദവോട്ടു ചെയ്തുനില്‍ക്കെ വികടന്റെ ഊഴം വന്നു. ആ ചേച്ചി കൂട്ടത്തിലെ ജൂനിയറായ എന്നോടു ചോദിച്ചു "--- ചേച്ചിയുടെ അങ്കിളിനെ കുട്ടനിഷ്ടപ്പെട്ടോ?" വികടന്‍ ഉടന്‍ എന്റെ നാക്കിലേത്തി വിളമ്പി. " എനിക്കിഷ്ടപ്പെട്ടില്ല. ചെമ്മീന്‍ സിനിമയിലെ പളനിയെപ്പോലുണ്ട്‌"
ഡിം! ആ ചെച്ചി അതാ ഒന്‍പതാം നിലയില്‍ നിന്നും താഴെ. കറുത്ത മുഖത്തോടെ ആ ചെച്ചി എന്നെ ബോയ്‌ കോട്ടു ചെയ്തു.ആ പന്തലില്‍ എത്തിയ ഭൂരിപക്ഷതിന്റെ വികാരമാണ്‌ ഞാന്‍ പ്രതിഫലിപ്പിച്ചതെങ്കിലും ചന്ദ്രികേ...
പിന്നീട്‌ ആ ചെച്ചിയും കുടുംബവും എന്നോട്‌ മിണ്ടിയതു പത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ഇനി എന്റെ കല്യാണത്തിനു പെണ്ണിനെ നോക്കി ഹാലിബെറിയുടെ കട്ടുണ്ടെന്നു അവര്‍ പറയുമൊ എന്നു പേടിച്ചാണ്‌ ദിവസങ്ങള്‍ ഇപ്പോള്‍ തള്ളിനീക്കുന്നത്‌.(ഇതു വായിക്കുന്ന എതെങ്കിലും ഒരു സുന്ദരിക്കു ആ മഹാപകടത്തില്‍ നിന്നും എന്നെ രക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്‌.)

പിന്നീട്‌ വികടന്‍ എന്നെ ബാധിക്കുന്നത്‌ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌.കാലം ഒന്‍പതാം ക്ലാസ്‌. രംഗം സ്കൂള്‍ യുവജനോത്സവം.പാലക്കാട്‌ നടന്ന ജില്ലാ യുവജനോത്സവത്തിനു ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള കലാകാലി സംഘത്തെ ആട്ടിത്തെളിച്ചു ഒരു മിനി ബസ്സില്‍ യാത്ര പോകുകയായിരുന്നു. ഞാന്‍ അദ്ധ്യപികമാരുടെ ഇടയില്‍ ആണ്‌ ഇരിക്കുന്നത്‌. ബാക്കിയുള്ള പിള്ളേര്‍ ബസ്സില്‍ നൃത്തം ചെയ്യുന്നു, പാടുന്നു അങ്ങനെയുള്ള വികൃതികളില്‍ മുഴുകിയിരിക്കുന്നു. ഞാനാനെങ്കില്‍ മിസ്റ്റര്‍ അച്ചടക്കന്‍. ഇനി അതുവഴി ടീച്ചേര്‍സ്‌ കുറച്ചു മാര്‍ക്ക്‌ എക്സ്ട്രാ തന്നാലൊ?
അദ്ധ്യാപികമാര്‍ ഇടക്കിടെ എന്റെ അച്ചടക്കത്തെകുറിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ പുളകം കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അദ്ധ്യാപികമാരുടെ ചര്‍ച്ച അവരുടെ പിള്ളേരെക്കുറിച്ചായി."എന്റെ മോന്‍ സുരേഷ്‌ നന്നായി പാടും .മാത്രമൊ, അവന്‍ ഡാന്‍സും ചെയ്യും. പിന്നെ പുള്ളിക്കാരനു ഈ യുവജനൊത്സവത്തിലൊന്നും താല്‍പര്യം ഇല്ല. അതുകൊണ്ട്‌ അവന്‍ ഈ വക പരിപാടിയിലൊന്നും പേരു കൊടുക്കാറില്ല."

ഇതു എന്റെ സമനില തെറ്റിച്ചു. യുവജനൊത്സവത്തെ കുറ്റം പറയുകയോ? അതും യുവജനോത്സവ തൊഴിലാളിയായ എന്റെ മുന്നില്‍. ടീച്ചറുടെ ഈ മോനെ എനിക്കു നല്ലവണ്ണം അറിയാം . അവന്‍ മത്സരത്തിനു പേരു കോടുക്കാഞ്ഞതല്ല. തോറ്റതാണ്‌. ഇതൊക്കെ എന്റെ മനസ്സില്‍ വന്നെങ്കിലും അചടക്കത്തില്‍ എ കെ ആന്റണിക്കു പഠിക്കുന്ന ഞാന്‍ കൈയും കെട്ടിയിരുന്നു. ആ ടീച്ചര്‍ പിന്നെയും തുടര്‍ന്നു."അവന്റെ പാട്ടു കേട്ടു പലരും പറഞ്ഞു അവനു ദാസേട്ടന്റെ ശാരീരം കിട്ടിയിട്ടുണ്ടെന്ന്. അടുത്ത വര്‍ഷം ചെംബൈ സംഗീതൊത്സവത്തില്‍ ഗുരുവായൂരില്‍ പാടിക്കണം."
മറ്റുള്ള അദ്ധ്യാപികമാര്‍ വളരെ നയതന്ത്രപരമായി മുഖത്തൊടു മുഖം നോക്കി മനസിലിരിപ്പു കൈമാറിയപ്പോള്‍ എന്റെ നാവില്‍ പിന്നെയും സരസ്വതിയേട്ടത്തി വിളയാടി.
" ടീച്ചറേ, ചെംബൈ ഉതസവത്തിനു പാടിക്കുന്നതിനുമുന്‍പ്‌ അവന്റെ പാട്ട്‌ ഒരു കാസറ്റില്‍ റെക്കോഡ്‌ ചെയ്ത്‌ എനിക്കു തരുമൊ? . എന്റെ അച്ഛനു ചിലപ്പോള്‍ ആവശ്യം വന്നേക്കും"
:അതെന്‍താ, മോന്റെ അച്ഛന്‍ സംഗീതജ്ഞന്‍ ആണൊ?"ടീച്ചര്‍ അഭിമാനത്തോട ചോദിച്ചു.
" അല്ല. എന്റെ അച്ഛന്‍ പാടത്ത്‌ നെല്ലു തിന്നാന്‍ വരുന്ന വെട്ടുകിളികളെ ഓടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരിക്കുകയാ. എനിക്കു തോന്നുന്നത്‌ സുരേഷിന്റെ പാട്ട്‌ ഒന്നു കേള്‍പ്പിച്ചാല്‍ വെട്ടു കിളികള്‍ ഈ താലൂക്ക്‌ വിട്ടു പോകും എന്നാ"
ടീച്ചര്‍ നിര്‍ന്നിമേഷയായി നിന്നു. മറ്റുള്ള ടീച്ചേര്‍സ്‌ പൊട്ടിച്ചിരിച്ചു. അതിനു ശേഷം ആ ടീച്ചര്‍ എന്റെ മുഖത്തു നോക്കിയിട്ടില്ല.ദൈവം സഹായിച്ചു ആ ടീച്ചര്‍ എന്നെ പഠിപ്പിക്കാന്‍ ഇടവന്നില്ല. വന്നിരുന്നെങ്കില്‍..?

വികടന്റെ യാത്രകള്‍ ഇതു കൊണ്ടു തീര്‍ന്നുവെന്നു ഞാന്‍ കരുതുന്നില്ല. അടുത്ത അവസരം അടുത്തൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ സൈക്കീള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി കത്തിച്ചു ഞാന്‍ ഇരിക്കുന്നു. പ്രാര്‍ഥിക്കാന്‍ എല്ലവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടല്ലോ..? 

Sunday, April 11, 2010

ലബനോണിന്റെ സംഗീതം

 എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്‍തത്തിന്റെ ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ, പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു ഏപ്രില്‍ മാസത്തിലാണ്‌.ലബനോണ്‍ന്റെ ഗായകന്‍ , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക്‌ വാക്കുക്കളുടെ നവ്യാനുഭവം നല്‍കിയ ഖലീല്‍ ജിബ്രാന്‍ വിടപറഞ്ഞു പോയത്‌ 1931 ഏപ്രില്‍ 10നാണ്‌.

1883 ജനുവരി ആറിന്‌ ലബനോണില്‍ ആണ്‌ ഖലീല്‍ ജനിച്ചത്‌. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക്‌ കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത്‌ 1904 ഇല്‍ ആണ്‌.പിന്നീട്‌ പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക്‌ ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും.

ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്‍(The Prophet) എന്ന രചനയാണ്‌. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ്‌ എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ്‌ പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.

ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്‍(Brocken Wings). ബെയ്‌ റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്‍തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്‍പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.

Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.

ഇത്രയും വിരഹാര്‍ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.

അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന്‍ നമുക്കു നല്‍കി. നാല്‍പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്‍കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.

Thursday, March 18, 2010

ഒരു ചട്ടിയും ചില പാഠങ്ങളും

കഴിഞ്ഞ ഓണക്കാലത്തെ ഒരു സുപ്രഭാതം . സുപ്രഭാതം എന്നതു ചുമ്മാ പറഞ്ഞതാ.നാട്ടില്‍ വെക്കേഷനു വന്നതു മുതല്‍ ഞാന്‍ റിയല്‍ സുപ്രഭാതം കണ്ടിട്ടില്ല. സമയം ഒന്‍പതുമണിയോടടുക്കുന്നു . ഒരു സുലൈമാനിയുമായി വീരഭൂമിയുടെ താളുകളില്‍ പരതികൊണ്ടിരിക്കുകയായിരുന്നു. പിണറായിയും വീരനും നേര്‍ക്കു നേര്‍ ആയിരുന്നതു കൊണ്ടു വീരഭൂമിയില്‍ എന്നും ചില കുഞ്ഞു വെടിയൊച്ചകള്‍ ഉണ്ടായിരുന്നു. ദിവസം ഉഷാറയിത്തന്നെ തുടങ്ങാം എന്നു കരുതിയിരിക്കുമ്പൊഴാണ്‌ ആ ശബ്ദം ചെവിയില്‍ എത്തുന്നതു. " ചട്ടി വേണോ, ചട്ടി ".

മുഖത്തു ഒരു ചോദ്യചിഹ്നം പ്രത്യക്ഷപ്പെട്ടപ്പോഴേക്കും ഒരു ചെറുപ്പക്കാരി വലിയൊരു കുട്ട നിറയെ മണ്‍കലങ്ങളുമായി വീടിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞു. "ഇവിടെ ചട്ടി വേണോ?" .എന്റെ ജനറല്‍ നോളേജിനു നേരെ ഒരു വെല്ലുവിളിയായി ആ ചോദ്യം?
"ചട്ടി...ചട്ടി" അപ്പോഴാണു മറ്റൊരു സംഭവം കൊള്ളിയാന്‍ പോലെ മനസ്സില്‍ എത്തിയത്‌.
രണ്ടു ദിവസം മുന്‍പായിരുന്നു അത്‌. ഒരു ഗള്‍ഫുകാരന്റെ ഗമയോടെ നാടു ചുറ്റി തിരിച്ചു വീട്ടിലെത്താറായപ്പോളാണ്‌ വീട്ടിലേക്കുള്ള വഴിയില്‍ മറ്റൊരു പെണ്‍കുട്ടി. ലവളുടെ ഐറ്റം ഡിഷ്‌ വാഷ്‌ പൗഡര്‍. അഞ്ചു കിലോ വെറും നൂറു രൂപ. ഞാന്‍ ആ കുട്ടിയൊടു ചോദിച്ചു "ഓണ്‍ലി വണ്‍ ദിനാര്‍." വളരെ ചീപ്പാണല്ലൊ. മൂന്നാം ലോകരാജ്യങ്ങളില്‍ ഇപ്പോഴും നിത്യോപയോഗസാധനങ്ങളുടെ വില വളരെ കുറവാണല്ലേ. പക്ഷെ ഇനി ക്വളിറ്റി ചെക്ക്‌ ചെയ്യണം. നേരെ പാകറ്റ്‌ എടുത്തു നോക്കി. അത്ര പേരു കേട്ട ബ്രാന്‍ഡല്ല. എന്നാലും ഐ.എസ്‌.ഐ,ഐ.എസ്‌.ഒ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള കമ്പനിയാ. (ചാത്തുണ്ണി ഇസ്‌ എലിഫന്റ്‌ ബി. എ എന്ന സര്‍ട്ടിഫിക്കറ്റിന്റെ കഥ ഞാന്‍ സൗകര്യപുര്‍വം മറന്നു)
എന്‍തായാലും ഇനി മൂന്നു നാലു മാസം ഈ പൗഡര്‍ ഞങ്ങളുടെ അടുക്കളയിലെ പാത്രങ്ങളെ വെട്ടി തിളക്കട്ടേ. അതോടൊപ്പം ഒരു പാവം തൊഴില്‍ രഹിതക്കു ഒരു തൊഴിലും. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ എന്റെ സംഭാവന. ഞാന്‍ കോരിത്തരിച്ചു ആ വലിയ പാക്കറ്റും ചുമന്നു നേരെ അമ്മയുടെ അടുത്തേക്ക്‌." അമ്മേ, ഇന്നു മുതല്‍ ഒരു പുതിയ അടുക്കളക്കായി പരിശ്രമിക്കൂ" ഇതു പറഞ്ഞു പാക്കറ്റ്‌ നല്‍കിയതും ഞാന്‍ ഞെട്ടി. ഞങ്ങളുടെ അടുക്കളയുടെ ഒരു മൂലക്കു ആരും നോക്കാതെ ഒരു അനാഥ പ്രേതം പോലെ മറ്റൊരു അഞ്ചു കിലോ പൗഡര്‍ വിശ്രമിക്കുന്നു. " ആ പെണ്ണു നിന്നെയും പറ്റിച്ചോ? അതു ഒരു വകക്കു കൊള്ളില്ല. എന്റെ കൈയ്യു പൊള്ളി . ഇനി അതു കളയാന്‍ വേണ്ടി വെച്ചതാ...!
"പെണ്ണോ ഏതു പെണ്ണ്‍?. ഇതു എന്‍റ്റെ ഒരു പരിചയക്കാരന്‍ വെറുതെ തന്നതാ" ഞാന്‍ അഭിമാന സംരക്ഷണീ മന്‍ത്രം ചൊല്ലിഅമ്മക്കു വിശ്വാസം വരുന്നില്ല. എന്നെ പത്തിരുപത്തഞ്ചു വര്‍ഷമായി കാണുന്നതല്ലേ. ഞാന്‍ എക്‍സ്‌പ്ലെയിന്‍ ചെയ്തു. "എന്റെ കൂടെ പഠിച്ച ദാസപ്പന്‍ പി.യു. എന്ന സുഹ്രുത്ത്‌ ഒരു കട തുടങ്ങി. അവന്‍ തന്നതാ"

അവസാനം അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു " നല്ല കൂട്ടുകാരന്‍!"
എന്റ്‌ യൂസറുടെ അപ്രൂവല്‍ ഇല്ലതെ ഓരോന്നു വാങ്ങിയാല്‍ ഇതാവും ഗതി എന്ന പാഠം അന്നു പഠിച്ചതിനാല്‍ ചട്ടിയുടെ കാര്യം വന്നപ്പോല്‍ ഞാന്‍ നേരെ അമ്മയെ ശരണം പ്രാപിച്ചു.

കലവുമായി വന്ന ആ സ്ത്രീയെ ഞാന്‍ ഒന്നു പഠിക്കാന്‍ ശ്രമിക്കുകയയിരുന്നു.(തെറ്റിദ്ധിക്കരുതേ. ചുമ്മാ ഒരു രസത്തിന്‌) മുപ്പതില്‍ താഴെ പ്രായം. ഞങ്ങളുടെ നാട്ടില്‍ മണ്‍പാത്രനിര്‍മ്മണം നടത്തുന്നതു കുമ്പാരന്മാര്‍ എന്ന സമുദായമാണ്‌.അതിലെ പെണ്ണുങ്ങളെ കുമ്പാരത്തി എന്നാണു വിളിക്കാറ്‌. എന്റെ പഞ്ചായത്തില്‍ ഒരു കുംബാരകോളനിയും ഉണ്ട്‌.അങ്ങനെയുള്ള ഒരു കുംബാരത്തിയാണു ഇപ്പോല്‍ എന്റെ മുന്‍പില്‍ .
അമ്മ വന്ന ഉടനെ പറഞ്ഞു. " ഇവിടെ ഇപ്പോള്‍ ചട്ടി വേണ്ട. ആറു മാസം മുന്‍പ്‌ ഒന്നു വാങ്ങിയതേ ഉള്ളൂ."

ഈ രംഗം കണ്ടതും എന്റെ മനസ്സിലെ സേയില്‍സ്‌ എന്‍ജിനിയര്‍ ഉണര്‍ന്നു . (ബഹറിനില്‍ ഇതു പോലെ ഇന്‍ഡസ്റ്റ്രിയല്‍ സോലൂഷന്‍സ്‌ ഒരു ലാപ്‌ടോപ്പിലേറ്റി വില്‍ക്കുകയാണ്‌ നമ്മുടെ ജോലികളില്‍ ഒന്ന്. ഞാന്‍ സിറ്റുവേഷന്‍ ഒന്നു അനലൈസ്‌ ചെയ്തു. യൂസര്‍ക്ക്‌ യാതൊരു റിക്വയര്‍മെന്റും ഇല്ല. ചട്ടി ഒരു കണ്‍സ്യൂമബള്‍ ആയി കണക്കാക്കവുന്ന ഒന്നല്ല.(വീട്ടില്‍ മീന്‍കറി വെക്കാന്‍ മാത്രമേ ചട്ടി ഉപയോഗിക്കൂ. അതു ഒരു വലിയ മീന്‍ ഫാനായ(ലാല്‍ ഫാന്‍ എന്നൊക്കെ പറയുന്ന പോലെ) അച്‌ഛനു നിര്‍ബന്ധമാണ്‌.അതില്ലെങ്കില്‍ അമ്മക്കു ആജീവനാന്ദവിലക്ക്‌ ഉറപ്പാ.)

ഒരു വീട്ടില്‍ വര്‍ഷം ഒരു ചട്ടി വാങ്ങിയാലായി. ഇനി വല്ല പൂച്ചയൊ മറ്റോ കനിന്‍ഞ്ഞാല്‍ രണ്ട്‌.ഇവിടെ പ്രൊബബിലിറ്റി ഓഫ്‌ സയില്‍സ്‌ പൂജ്യം . പാവം കുട്ടി. നിനക്ക്‌ വല്ല പച്ചക്കറിയുംവിറ്റു കൂടെ.ഇന്നെന്റെ വീട്ടില്‍ ചട്ടി വില്‍ക്കാക എന്നതു ഇമ്പൊസ്സിബിള്‍.

പക്ഷെ, അവള്‍ക്ക്‌ പോകാന്‍ യാതൊരു ഉദേശ്യവും ഉണ്ടായിരുന്നില്ല." അമ്മേ, ഇതു പുതിയ മണ്ണില്‍ ഞങ്ങള്‍ ഉണ്ടാക്കിയത. വടക്കാഞ്ചേരിയിലെ മണ്ണാ. (പ്രൊഡക്റ്റ്‌ ക്വളിറ്റി വിശദീകരിക്കല്‍. ഇതു നമ്മള്‍ കുറേ കണ്ടതാ.) അമ്മേ, ഇതു വേണമെങ്കില്‍ പുറത്തേക്കു കൊടുത്തയക്കാം . താഴത്തെ വളപ്പിലെ രമണിചേച്ചി രണ്ട്‌ എണ്ണം വാങ്ങി. ഭര്‍ത്താവിനു ദുബായിലെക്കു കൊടുത്തയക്കാണാത്രെ. അമ്മയുടെ ആരെങ്കിലും ദുബായില്‍ ഉണ്ടെങ്കില്‍.." എന്നിട്ട്‌ അവള്‍ എന്നെ നോക്കി)

"എടീ ഭയങ്കരി മിഡില്‍ ഈസ്റ്റ്‌ സെയില്‍സ്‌ ആണ്‌ ലക്ഷ്യം . അവള്‍ എങ്ങെനെ മനസ്സിലക്കി ഞാന്‍ ഒരു ഗള്‍ഫനാണെന്ന്?"

അമ്മ ചോദിച്ചു" നിനക്കു വേണോ?" ഞാന്‍ മനസ്സില്‍ പറഞ്ഞു "പിന്നെ, ഷേയിക്‌ അബ്ദുള്ള ചട്ടിയിലല്ലെ ഫുഡ്‌ അടിക്കുന്നത്‌" " ഞങ്ങള്‍ യൂറോപ്യന്‍ പ്രൊഡക്റ്റേ ഉപയോഗിക്കൂ." (മാഫി ഹിന്ദി(*)).

"ഇനി അവള്‍ എന്‍തു ചെയ്യും. കട്ടേം പടോം മടങ്ങി അല്ലെ." ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.

ഇപ്പോള്‍ ബന്ധുവീടുകളിലേക്കു വരെ ഇപ്പോള്‍ ആളുകള്‍ ചട്ടി കൊടുത്തയക്കറുണ്ട്‌".അവള്‍ പുതിയ നമ്പറിട്ടു." കുറ്റിപ്പുറം, പൊന്നാനി, ചങ്ങരംകുളം എന്‍തിന്‌ ഇന്നാള്‌ കൊഴിക്കോട്ടെക്ക്‌ ഇവിടുന്നാ ചട്ടി കൊണ്ടു പോയത്‌.( പിന്നെ കോഴിക്കൊട്‌ സാമൂതിരി ഈ ചട്ടിയിലല്ലെ വാസ്കോഡഗാമക്ക്‌ കുരുമുളകു കൊടുത്തത്‌.) അവിടെയൊന്നും ഇപ്പോള്‍ നല്ല ചട്ടി കിട്ടുന്നില്ലത്രേ"

പക്ഷെ, ഇപ്പോള്‍ ഞെട്ടിയതു ഞാനാ. അമ്മ ഒന്നു ആലോചിച്ച്‌ നേരെ ഫോണെടുത്തു കറക്കി, ചേച്ചിയുടെ വീട്ടിലേക്ക്‌ ഒരു ലോക്കല്‍ കോള്‍(ചേച്ചിയുടെ ഹസിന്റെ വീട്‌ കുറ്റിപ്പുറത്താണ്‌) അപ്പുറത്തുനിന്നും അപ്രൂവല്‍ വന്നതു പോലെ തോന്നി(ബയങ്കരി, നീയാണ്‌ യഥാര്‍ഥ്‌ സേല്‍സ്‌ ഗേള്‍) .

അമ്മ ആദ്യം ഒരു ചട്ടി എടുത്തു നോക്കി. അവളുടെ കുട്ടയില്‍ നിന്ന് ഒരേ വലിപ്പത്തിലുള്ള മൂന്നു ചട്ടികള്‍ തിരഞ്ഞെടുത്തു. എന്നിട്ട്‌ ചിന്‍താമഗനയായിരുന്നു. "ഇതിലെന്‍തിത്ര ആലോചിക്കാന്‍? എതെങ്കിലും ഒന്നു എടുത്താല്‍ പോരെ."

അവള്‍ ഓരോ ചട്ടിയും എടുത്തു പിറകില്‍ ഒന്നു കൊട്ടി നോക്കി. എന്നിട്ട്‌ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ പോലെ ഒന്നെടുത്തു അവള്‍ മാറ്റി വച്ചു. "ഇത്‌ ഞാന്‍ അമ്മക്ക്‌ തരില്ല. അത്‌ ശരിക്കും ചൂളയില്‍ വേണ്ടപോലെ ഇരുന്നിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞാന്‍ ചിലപ്പോള്‍ അമ്മ എന്നെ ചീത്ത പറയും( അവളുടെ ഒരു ക്യു.സി ഇന്‍സ്പെക്ഷന്‍) . ആ ശബ്ദം കേട്ടില്ലെ." എന്നു പറഞ്ഞ്‌ ആ ചട്ടിയും മറ്റു രണ്ടു ചട്ടിയും കൂടെ അമ്മക്കു നല്‍കി(** കസ്റ്റമര്‍ ഫ്രീ ട്രയല്‍) . അമ്മ മൂന്നും കൊട്ടി നോക്കി സമ്മതിച്ചു. എന്നിട്ട്‌ എന്റെ നേര്‍ക്കു നീട്ടി.

ഞാന്‍ ഒരു ചോദ്യഭാവത്തില്‍ അമ്മേയെ നോക്കി( മാതാശ്രീ, ഞാന്‍ പഠിച്ചതു ഇന്‍സ്റ്റ്രുമേന്റേഷന്‍ എഞ്ജിനിയറിംഗ്‌ ആണ്‌. ചട്ടി എഞ്ജിനിയറിംഗ്‌ അല്ല) . അമ്മക്കു മെസ്സേജ്‌ കിട്ടിയതു പോലെ തോന്നി. മിണ്ടാതെ കൊട്ടി നോക്കാടാ എന്ന ഭാവത്തില്‍ അമ്മയുടെ നോട്ടം.

ഞാന്‍ മൂന്നു കൊട്ടു കൊട്ടി സൗണ്ട്‌ ആസ്വദിച്ചു . മൂന്നും ശബ്ദവും ഒരു പോലെ(കാട്ടു കോഴിക്കെന്‍ത്‌ സംക്രന്‍തി?) . പെരുന്‍തചനില്‍ തിലകനും രാജശില്‍പിയില്‍ ലാലും കല്ലില്‍ കൊട്ടി സംഗീതം കേള്‍ക്കുന്നുണ്ടൊ എന്ന് ചോദിച്ചിട്ടുണ്ട്‌. അന്നു പോലും എനിക്കൊരു കുന്‍തവും തൊന്നിയിട്ടില്ല . പിന്നല്ലെ ഇന്ന്‌.

ഞാന്‍ ചട്ടി റിട്ടേണ്‍ ചെയ്തു.അമ്മ ഒന്നു സിലക്ട്‌ ചെയ്തു. ഇനിയാണ്‌ പ്രധാന ഭാഗം. നെഗൊസിയേഷന്‍. "ഇതിനെന്‍താ വില?" . അമ്മയുടെ ചോദ്യം. " അമ്മേ ഇതു പുറത്തു കടയില്‍ പോയിവാങ്ങിച്ചാല്‍ 150 രൂപയാവും. (ഒന്നിചില്വനം ദിനാര്‍? വെരി എക്‍സ്‌പെന്‍സിവ്‌) പിന്നെ അമ്മക്കായതുകൊണ്ട്‌ ഞാന്‍ 80 രൂപക്കു തരാം"(അതൊരു അട്രാക്ടീവ്‌ ഓഫറാ).

ഞാന്‍ അമ്മയെ നോക്കി."ഒരു ചട്ടിക്ക്‌ 80 രൂപയോ? ഞാന്‍ ആറു മാസം മുന്‍പ്‌ 40 രൂപക്കു വാങ്ങിയതാ ഒന്ന്‌".

"അമ്മെ എല്ലാ ചട്ടികളും ഒന്നല്ല. അമ്മക്ക്‌ ഒരു പക്ഷെ നാല്‍പതു രൂപക്ക്‌ കിട്ടിക്കാണും. പക്ഷെ അതു പന്‍താവൂരെ ചീത്ത മണ്ണാ. ഏറിയാല്‍ ഒരു കൊല്ലം. ഇതു മൂന്നു നാലു കൊല്ലം നില്‍ക്കും അമ്മെ(പ്രൈസ്‌ നെഗ്ഗൊസിയേഷനു മുന്‍പ്‌ കസ്റ്റമറെ ആദ്യം പ്രൊഡക്റ്റ്‌ ക്വാളിറ്റി മനസ്സിലക്കുക) ഞാന്‍ ഇവിടെ തന്നെ ഉണ്ടല്ലോ. ഇല്ലെങ്കില്‍ അമ്മ എന്നെ വിളിച്ചോളു. ഞാന്‍ പുതിയ ചട്ടി ഫ്രീ ആയി തരും(*** ഓഫര്‍ പ്രൊപര്‍ ലോകല്‍ ആന്‍ഡ്‌ ആഫ്റ്റര്‍ സേല്‍സ്‌ സപ്പോര്‍ട്ട്‌ ആന്റ്‌ മാനുഫാക്ചറേഴ്‌സ്‌ ഗ്യാരണ്ടി)

"എന്നാലും 80 കൂടുതലാ." അമ്മ പറഞ്ഞു" ഇനി അമ്മക്കായി 60 രൂപക്കു തരാം."

"അന്‍പതിനു കൊടുക്കുമോ" അമ്മയുടെ ചോദ്യം കേട്ട്‌ അവള്‍ പറഞ്ഞു."അതു പറ്റില്ല അമ്മേ . എനിക്ക്‌ അത്രയും ചെലവുണ്ട്‌(പിന്നേ കോസ്റ്റ്‌ ഓഫ്‌ മാനു ഫാക്ചരിംഗ്‌). അരിവാങ്ങാന്‍ പത്തുറുപ്പികയെങ്കിലും വേണ്ടെ. കെട്ടിയോന്‍ കള്ളും കുടിച്ചു നടക്കുകയാ. ഇതില്‍ നിന്നും കിട്ടുന്നതു കൊണ്ടാ ഞാനും മൂന്നു മക്കളും ജീവിക്കുന്നതു. മൂത്തമോള്‍ ആറാം ക്ലാസിലാ പഠിക്കുന്നത്‌. അവളുടെ ഫീസെങ്കിലും ശരിക്കു കൊടുക്കണ്ടെ?"

25 വയസ്സുകാരിക്കു 11 കാരി മകളോ എന്നു ഞാന്‍ ചിന്‍തിച്ചില്ല. കാരണം കുംബാരന്മാരുടെ ഇടയില്‍ ശൈശവ വിവാഹം ഇന്നും പതിവുണ്ട്‌.
പക്ഷെ ഇപ്പോള്‍ അവള്‍ മുന്നോട്ട്‌ വച്ചത്‌ ഒരു വജ്ജ്രായുധമായിരുന്നു. അതില്‍ അമ്മ വീണു. ആരെങ്കിലും വിഷമം പറഞ്ഞാല്‍ പിന്നെ കുട്ടികളുടെ വിദ്യാഭ്യസപ്രശ്‌നം ഉന്നയിച്ചാല്‍ അമ്മ സഹായിക്കും .അതു ഒരു ശീലമാണ്‌.(ഫീമെയില്‍ ഹൂമണ്‍ സൈക്കോളജി) അമ്മ മറുത്തൊന്നും പറയാതെ എന്നെ നോക്കി. ഞാന്‍ പഴ്സ്‌ എടുത്തു . അപ്പോള്‍ മറ്റൊരു പ്രശനം . ചേഞ്ച്‌ ഇല്ല. " ഈ കാലത്ത്‌ കൈനീട്ടമാ സാറെ. 100 രൂപക്കു ചേഞ്ചിനീ ഞാന്‍ എവിടെ പോകും"

അങ്ങനെ ഒരു വിഷമ വൃത്തത്തില്‍ ഞാന്‍ 360 ഡിഗ്രീ കിടന്നു കറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു. " അമ്മേ ഈ ചെറിയ ചട്ടി കൂടെ അമ്മ എടുത്തൊളൂ.രണ്ടും കൂടി 100 രൂപ തന്നാല്‍ മതി.ഇനി ഇവിടുത്തെ ചട്ടിയെങ്ങാനും പൊട്ടിയാലോ? "

ഞാന്‍ ഒന്നും മിണ്ടാതെ നൂറുരൂപയെടുത്തു കൊടുത്തു. (വണ്‍സ്‌ യു ഹാവ്‌ ദ കസ്റ്റമര്‍ ട്രസ്റ്റ്‌, യു കാന്‍ സെല്‍ മില്ല്യണ്‍")

"അമ്മേ, ഇനി ചട്ടി ആവശ്യമുണ്ടെങ്കില്‍ പറയണം കേട്ടൊ. ഇതാ എന്റെ അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍. " (ഓ പിന്നേ, ഞാന്‍ ഇനി മാസം ചട്ടി സര്‍വീസിങ്ങിനു കൊടുത്തയക്കുകയല്ലേ. )

അവള്‍ വീട്ടിന്റെ പടി കടന്നു പോവുമ്പോള്‍ അമ്മ പറഞ്ഞു." പാവം കുട്ടി. ഈ ചെറുപ്പത്തില്‍ എന്‍തു മാത്രം പാടു പെടുന്നു"

എപിലോഗ്‌
ബോംബെയില്‍ എം ബി യെ ഇന്‍ ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റിംഗിനു പഠിക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കു ഒരു സീറ്റ്‌ ഓഫര്‍ ചെയ്തതു അന്നാണ്‌. ഞാന്‍ പറഞ്ഞു. "ഇനി എനിക്കതു വേണ്ടാ ഭായി. ഞാന്‍ ഇന്നു അതൊക്കെ പഠിച്ചു."

എപിലൊഗ്‌ 2

മില്ല്യണ്‍സിന്റെ ആസ്തിയുള്ള ഒരു കമ്പനി നാലു ദിവസം ബഹറിനിലെ ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച്‌ ഞങ്ങളെ പഠിപ്പിച്ചത്‌ തൊട്ടു മുന്‍പ്‌ നടന്ന കാര്യങ്ങളുടെ പവര്‍ പോയന്റ്‌ വേര്‍ഷനാണ്‌

എപിലോഗ്‌ 3

നീ ഇനി പഠിക്കാന്‍ പോവേണ്ടാ കുന്നംകുളം മാര്‍ക്കറ്റില്‍ പോയാല്‍ മതി എന്നു നാട്ടിലെ കാരണവന്മാര്‍ പറയുന്നതിനു പിന്നിലെ രഹസ്യം ഇതൊക്കെത്തന്നെ.



മാഫി ഹിന്ദി= (ഇത്തിരി അറബി പ്രയോഗിച്ചതാ. അര്‍തം പടച്ച തമ്പുരാനറിയാം( ഇന്‍ത്യക്കാരന്‍ വേണ്ട എന്നു മലപ്പുറത്തു ഇതിനു പറയാറുണ്ട്‌)