ചുവപ്പ് കാര്‍ഡുകള്‍ ഞാന്‍ മുമ്പേ
കണ്ടിരിക്കുന്നു
മാഴ്സയിലെ അവമതി നിറഞ്ഞ ബാല്യത്തില്‍
കലാപമുഖരിതമായ കൌമാരത്തില്‍
(അവസാനത്തെ ഗോള്‍-
സച്ചിദാനന്ദന് *)
''എന്തായി
? ആരെങ്കിലും
അടിച്ചോ ?''
വാതിൽ തുറന്നു
ധൃതിയിൽ ഷൂസ് ഊരി ഹാളിന്റെ മൂലയിലെ സ്റ്റാന്റിലേക്ക്
എടുത്തു വക്കുന്നതിനിടെ സന്ദീപ് വിളിച്ചു ചോദിച്ചത് കേട്ടാണ് ഞാൻ ടി വിയിൽ നിന്നും കണ്ണ്പറിച്ചെടുത്തത്.
''ഇല്ലെട, കളി ഒരു ഗുമ്മില്ല. ഇറാൻ അർജന്റീനയെ ശരിക്കും പൂട്ടിയിരിക്കുകയാണ്”
''പണി കിട്ടോ? ഇരുനൂറു ദിർഹമാണ് മെസ്സിയെ വിശ്വസിച്ചു ഞാൻ ഇറക്കിയിരിക്കുന്നത്.” സന്ദീപിന്റെ മുഖം ഇരുണ്ടു.
“നീ
എന്താ വൈകിയേ?”എന്റെ കൂടെ കളി കണ്ടു കൊണ്ടിരുന്ന മോഹനനേട്ടൻ ചോദിച്ചു.
“അത്ശരി, ജബൽ അലീന്നു ഈ ട്രാഫിക് മുഴുവൻ നീന്തി ഇപ്പോഴെങ്കിലും
എത്തിയല്ലോ എന്ന് പറ. അതിനിടക്ക് എന്റെ ഫോണ്‍ ചാർജ് തീർന്നു ഓഫ് ആയി.ലൈവ് അപ്ഡേറ്റ് പോലും ഇല്ലാതെ ടെൻഷൻ
അടിച്ചാ ഇതുവരെ വന്നേ”
“ബഷീർക്കയും
മുനീറും ജോസഫെട്ടനും എത്തിയോ?''
“ജോസഫേട്ടൻ
അടുക്കളയിൽ ഉണ്ട്.പുള്ളിക്ക് കളി ഇഷ്ടമല്ലല്ലോ.
മുനീറും ബഷീർക്കയും വന്നു
കൊണ്ടിരിക്കുന്നു .''
“എങ്ങനെയുണ്ടായിരുന്നു
ഇന്നത്തെ ദിവസം?” സന്ദീപിന്റെ ചോദ്യം എന്നോടാണ്.വിസിറ്റ്
വിസയിൽ ജോലി അന്വേഷണത്തിന് വേണ്ടി ദുബായിൽ ഞാൻ എത്തിയിട്ട് ആഴ്ച
രണ്ടു കഴിഞ്ഞു .” പതിവുപോലെ
ഒന്ന് രണ്ടു കമ്പനികളിൽ ബയോഡാറ്റ കൊണ്ട് കൊടുത്തു അവർ
ഒഴിവു വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു''.
''വല്ല
കാര്യവുമുണ്ടോ ഖത്തറിലെ ജോലി വിട്ടു ഇവിടെ വന്നു ഇങ്ങനെ അലയാൻ” മോഹനേട്ടൻ പതിവ് കുറ്റപ്പെടുത്തൽ തുടങ്ങി. “അതില്‍
എനിക്ക് വിഷമമൊന്നുമില്ല. എനിക്ക് സങ്കടം തോന്നുന്നത് ഒരു കാര്യത്തിലാ. ലോകകപ്പ്
കഴിഞ്ഞിട്ട് ഇങ്ങോട്ട് പോന്നാല്‍ മതിയായിരുന്നു”
“അതെന്താ?”
“ബ്രസീലുപോലെ മലപ്പുറവും
ഒരു പന്തിലേക്ക് ചുരുങ്ങുന്ന കാഴ്ചയുണ്ടല്ലോ അത് കാണേണ്ടതാണ്. മാത്രവുമല്ല,
നാട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന് ഇക്കുറി കളി അധികം കാണുന്നില്ല എന്ന് പറഞ്ഞു”
“അച്ഛനെന്തു പറ്റി?’’
“പ്രായമായി വരികയല്ലേ. കാഴ്ച
കുറവാണ്. അതുകൊണ്ട് കളി നടക്കുമ്പോള്‍ ഞാന്‍ കൂടെയിരുന്നു ടീം ഏതാണ്, കളിക്കാരന്
ആരാണ് എന്നൊക്കെ പറഞ്ഞു കൊടുക്കണം. ഇംഗ്ലീഷിലുള്ള എഴുത്തുകളും കമന്ററിയുമോന്നും
ആള്‍ക്ക് മനസിലാവില്ല. ഞാന്‍ കളിക്കാരെയും ടീമിനെയും പരിചയപ്പെടുത്തി കഴിഞ്ഞാല്‍
അച്ഛനു അച്ഛന്റെതായ ഒരു ഫുട്ബാള്‍ ഭാഷയുണ്ട്. പിരിയന്‍ മുടിക്കാരനും (വാള്‍ഡറാമ)
മൊട്ടയും (റൊണാള്‍ഡോ) കഷണ്ടിയും (സിദാന്) ഇടങ്കാലനും (റോബര്‍ട്ടോ കാര്‍ലോസ്) അങ്ങനെ പോകുന്നു ആ ഭാഷ ”
“അച്ചന് ഇക്കുറി ഏതു
ടീമിനോപ്പമാണ്?” മോഹനെട്ടന്‍ ചോദിച്ചു.
അതിനു മറുപടി
പറയുന്നതിന് മുന്‍പ് മെസ്സിയുടെ ഒരു ഷോട്ട് ഇറാൻ ഗോളി തടഞ്ഞു. ആ
ഷോട്ടിൽ ചോദ്യം അലിഞ്ഞു ഇല്ലാതായി
അതിനിടെ മുനീറും ബഷീർക്കയും
കൂടി വാതിൽ തുറന്നു വന്നു.
''എന്തൊക്കെ
പറഞ്ഞാലും എനിക്ക്
ഇഷ്ടം ക്രിക്കറ്റാ” ജോസഫേട്ടൻ
പതിവ് ഡയലോഗ് അടിച്ചു.
''എനിക്ക്
ഈ രണ്ടു കളികളും ഇഷ്ടമാണ്. പക്ഷെ തൊണ്ണൂറു മിനുട്ട് ഞരമ്പിനെ പിടിച്ചു ഞെരിക്കുന്ന
ലഹരി ഫുട്ബാളിന് മാത്രം സ്വന്തമല്ലേ?''. എന്റെ അഭിപ്രായത്തോട് ജോസഫെട്ടന്
ഒഴികയുള്ളവര്ക്കെല്ലാം യോജിപ്പായിരുന്നു.
“നമുക്കൊരു
ടീം തട്ടിക്കൂട്ടിയാലോ? വെള്ളിയാഴ്ച ഒരു മണിക്കൂർ കളിക്കാം. ആ പാര്‍ക്കിംഗ് ഗ്രൌണ്ടില്
സ്ഥലമുണ്ട് കൊളസ്ട്രോളും ഷുഗറും ഒക്കെ പമ്പ കടക്കും.” മുനീറിന്റെയാണ് ഐഡിയ .
സന്ദീപ് അതിനോട്
യോജിച്ചു ''അത്
ശരിയാ. ദേരയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ സ്ഥിരം കളിചിരുന്നതാ. അവിടെ ഫുഡ്ബോള്‍
കോച്ചിംഗ് ഒക്കെ ഉണ്ടായിരുന്നു. കാളികാവ്കാരൻ ഒരു അലവിക്കുട്ടിയായിരുന്നു
ട്രെയിനര്‍. ആള് പേരെടുത്ത പഴേ കളിക്കാരനായിരുന്നു. ദേരയിൽ നിന്ന് ഷാര്‍ജയില്‍ എത്തിയതിൽ പിന്നെ രണ്ടു
കൊല്ലമായി കളി നിന്ന് പോയി. വേണമെങ്കിൽ ഇനിയും തുടങ്ങാവുന്നതെ ഉള്ളൂ.''
“ഈ
അലവി എന്ന് പറയുന്നത് കഷണ്ടിയായി
അൽപം പ്രായമുള്ള ഒരാളല്ലേ?” വിസിറ്റ് വിസക്കാരനായ എന്റെ ചോദ്യം സന്ദീപിൽ അദ്ഭുതം ജനിപ്പിച്ചു
“നിനക്ക്
അറിയുമോ ആളെ? ആൾ
ഇപ്പോൾ എവിടെയുണ്ട് എന്നറിയാമോ?”
“ഞാന്‍ ഒരു നിമിഷം
നിശബ്ദനായി. ഞാന്‍ കണ്ടത് കഴിഞ്ഞ വര്‍ഷമാണ്” ഞാന്‍ ഒന്ന് നിര്‍ത്തി.
ടിവിയിൽ
ഹാൽഫ് ടൈമിന്റെ വിസിൽ മുഴങ്ങി. ഗോള്‍ രഹിതമായ ആദ്യ പകുതിയേ പറ്റി പതിവ് ചര്‍ച്ചക്ക്
നില്‍ക്കാതെ ഞാന്‍ അലവിയെ കുറിച്ച് പറഞ്ഞു തുടങ്ങി
“ഖത്തറിൽ ജോലി ചെയ്യുന്ന
സമയത്ത് ഇടയ്ക്കിടെ ദുബായിൽ ട്രെയിനിങ്ങിനും മറ്റുമായി വരാറുള്ള കാര്യം മുൻപ്
പറഞ്ഞിട്ടുണ്ടല്ലോ അങ്ങനെ കഴിഞ്ഞ കൊല്ലം രണ്ടാഴ്ച
ഇവിടെ തങ്ങിയിരുന്നു വെറുതെ ബോറടിച്ചിരുന്ന ഒരു ദിവസം കോളേജിലെ പഴയ കൂട്ടുകാരന് ബിജുവിനെ വിളിച്ചു. മിക്കവാറും
എല്ലാ ദുബായ് യാത്രകളിലും അവനൊപ്പം കറങ്ങാറുണ്ട് എന്റെ മീറ്റിങ്ങുകളും അവന്റെ
ജോലിത്തിരക്കും കഴിഞ്ഞശേഷം അന്ന് രാത്രി അവൻ താമസിക്കുന്ന സ്ഥലത്ത് ഞാൻ
എത്താം എന്ന ധാരണയിൽ ഞങ്ങളുടെ ആ ഫോണ്‍ സംഭാഷണം അവസാനിച്ചു .
ദിവസം
മുഴുവൻ കറങ്ങിയടിക്കാൻ കൂടെ വന്നിരുന്ന പഴയ ചങ്ങാതിയായ ബിജുവല്ല ഇപ്പോൾ;അവനും
ഒരു കുടുംബമായി ജീവിക്കുന്നവനാണ് എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ട് അവനെ
അധികം ബുദ്ധിമുട്ടിക്കരുത് എന്ന് ആദ്യമേ
നിശ്ചയിച്ചിരുന്നു.അന്ന് വൈകീട്ട് ദേരയില്‍ മുൻനിശ്ചയിച്ച സ്ഥലത്ത് വച്ച് ഞങ്ങൾ
കണ്ടുമുട്ടി. അവന്റെ കൈയിൽ അവന്റെ ഒരു വയസ്സുള്ള കുഞ്ഞുണ്ട്.
ഞങ്ങൾ നേരെ അവന്റെ താമസസ്ഥലത്ത് എത്തി ഭാര്യയെ കണ്ടു.അവന്റെ വിവാഹത്തിനു ശേഷം
ആദ്യമായാണ് ദുബായില്‍ വരുന്നത് അതുകൊണ്ട് തന്നെ പരിചയപ്പെടല്‍, പതിവ് സുഖാന്വേഷണങ്ങൾ എന്നിങ്ങനെയുള്ള പതിവ്
ചടങ്ങുകള്‍ നടക്കുമ്പോള്‍ ബിജു മടിച്ചു മടിച്ചു ഒരു കാര്യം പറഞ്ഞു.
“എടാ, നീ വന്ന ദിവസം ശരിയായില്ല.
എനിക്ക് ഇന്ന് അല്പം തിരക്കുണ്ട്. നിനക്ക് ഇന്ന് രാത്രി വേറെ പരിപാടികൾ ഇല്ലെങ്കിൽ,അല്പം വൈകി ഉറങ്ങാന്‍
സമ്മതമാണെങ്കില്‍ എന്റെ കൂടെ വാ”
കാര്യം
മനസിലാവാതെ ഞാൻ നിൽക്കുമ്പോൾ അവൻ പറഞ്ഞു
''ആഴ്ചയിൽ ഒരു ദിവസം ഞാൻ ഫുട്ബാൾ കളിക്കാൻ പോകാറുണ്ട്. ഇവിടെ
കൂട്ടുകാരുടെ കൂടെ അടുത്തുള്ള ഒരു സ്റ്റേഡിയത്തില്‍ ആണ് ഒന്നൊന്നര മണിക്കൂര്‍
നീണ്ട കളി. കൂട്ടുകാര്‍ക്ക് വണ്ടിയില്ലാത്തതുകൊണ്ട് ഞാൻ ആണ് അവരെക്കൂടി
കൊണ്ട് പോകാറ്. നിനക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വാ
തിരിച്ചു ഞാന്‍ തന്നെ റൂമില്‍ കൊണ്ട് വിടാം’’
“എന്ത് ബുദ്ധിമുട്ട്?” ഫുട്ബോൾ
രക്തത്തിൽ കൊണ്ട് നടക്കുന്ന ഒരു ഗ്രാമത്തിൽ നിന്നും വരുന്ന ആളായതു കൊണ്ട് ഞാൻ
പറഞ്ഞു.
“എനിക്ക്
ഒരു പ്രശ്നവുമില്ല ഞാന്‍ വരാം”
അത് കേട്ടതും അവൻ ജെഴ്സിയും ബൂട്സും ഒക്കെ ഒരു ബാഗിലാക്കി ഇറങ്ങി.
കളിക്കാൻ പോകാൻ അച്ഛന്റെ സമ്മതം കിട്ടിയ കുട്ടിയുടെ സന്തോഷം
അവന്റെ മുഖത്തുണ്ടായിരുന്നു. കാർ പാർക്കിങ്ങിൽ
എത്തിയപ്പോൾ അവിടെ നിന്ന് രണ്ടു പേർ സംഘത്തിൽ ചേര്‍ന്നു.ഒരു ഫൈസലും രവിയും.അവധി ദിവസങ്ങളില്‍ ഗൾഫിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പ്രമേഹഭയത്താല് ക്രിക്കറ്റും ഫുട്ബോളും ഒക്കെ
കളിക്കുന്നത് സാധാരണയാണ്. അതുപോലെ എന്തെങ്കിലും ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്
“പത്തു
പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഒരു സ്റ്റേഡിയമുണ്ട്.അത് ഒരു
മണിക്കൂറിന് ആറായിരം രൂപ എന്ന നിരക്കിൽ വാടകയ്ക്ക് എടുത്തു പത്തിരുപതുപേർ ചേർന്നാണ് കളി” വണ്ടി
ഓടിക്കുന്നതിനിടെ ബിജു പറഞ്ഞു
കാശുള്ള മധ്യവര്‍ഗ്ഗ
പ്രവാസി മലയാളിയുടെ ഓരോ ആഡംബരങ്ങൾ എന്ന
ചിന്തയാണ് വീണ്ടും എന്റെ മനസ്സിലേക്ക് ഓടി വന്നത്. എന്നാലും
ബിജു അങ്ങനെ ഒരാളാണോ ?
ഇരുപതു
മിനുട്ട് നേരത്തെ കാർയാത്രയിൽ ഞങ്ങള്‍ എല്ലാവരും ഫുട്ബാൾ ശ്വസിച്ചു ഫുടബോൾ ഉഛ്വസിച്ചു.
വേനൽക്കാലങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത്
സെവന്‍സിനായി ഒത്തുകൂടുമ്പോൾ മുഴങ്ങാറുള്ള പതിവ് കഥകൾ
കാറില്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.
സാമാന്യം
വലിപ്പമുള്ള സ്റ്റേഡിയം.അവിടെയെല്ലാം വെളിച്ചം നല്‍കിക്കൊണ്ട് ജ്വലിച്ചു നിന്ന നാല്
കൂറ്റൻ വിളക്കുമരങ്ങൾ . ഒപ്പം പന്ത്രണ്ടു വയസ്സുമുതൽ അമ്പതു വയസ്സ് വരെ പ്രായമുള്ള
പത്തിരുപത്തിയഞ്ചു പേർ ജേര്സിയണിഞ്ഞു വാംഅപ് ചെയ്യുന്നു . അവിടെ
കളിക്കാൻ വന്ന പലരുടെയും ഭാര്യമാർ സ്റ്റേഡിയത്ത്തിനു ചുറ്റും കൂട്ടം കൂടി
കഥകള്‍ പറഞ്ഞിരിക്കുന്നു. നിലാവ് പോലെ പെയ്തിറങ്ങുന്ന വെളിച്ചത്തിന്റെ സന്തോഷത്തിൽ
ഓടി നടക്കുന്ന തീരെ ചെറിയ കുട്ടികൾ. ആകെ ചടുലമായ ഒരു അന്തരീഷം .
അക്കൂട്ടത്തിൽ
ആരും ഫുട്ബോൾ അല്ലാതെ വേറൊന്നും സംസാരിച്ചില്ല. അപരിചിതനായ
എന്നെ പരിചയപ്പെടുന്നതിനു പകരം കളിക്കാൻ ഇറങ്ങാനാണ് അവർ ക്ഷണിച്ചത്. പിറ്റേന്ന് രാവിലെ
ജോലി സംബന്ധമായ ഒരു ട്രെയിനിങ്ങിൽ വിദ്യാർഥിയെപോലെ ഇരിക്കേണ്ടതുണ്ട് എന്നത്
കൊണ്ട് ഞാൻ ആ ക്ഷണം നിരസിച്ചു. കളിച്ചു ക്ഷീണിച്ചാൽ രാവിലെ ചിലപ്പോൾ
സമയത്തിനു എണീക്കാൻ പറ്റില്ല. അവരുടെ ഏകതാനമായ പെരുമാറ്റം നിഗൂഡമായ ചില ആചാരങ്ങല്ക്കായി ഒത്തു കൂടുന്ന ഡാന്‍ ബ്രൌണ്‍ നോവലുകളിലെ സീക്രട്ട് സൊസൈറ്റികളെ അനുസ്മരിപ്പിച്ചു.
അതിനിടെ വിസില്‍
മുഴങ്ങി.ഒരു ടീമിന്റെ ഗോളിയാണ് വിസില്‍ മുഴക്കിയത് എന്ന് പിന്നീട് മനസിലായി. അതുവരെ
കൂട്ടമായി നിന്നവർ സ്റ്റേഡിയത്തിന്റെ രണ്ടു പകുതികളിലേക്ക് മാറി.ഒരു ടീമിൽ തന്നെ
പല നിറത്തിനുള്ള കുപ്പായങ്ങള്‍ അണിഞ്ഞവര്‍
ഉണ്ടായിരുന്നു. നെയ്മരും മെസ്സിയും ടെവസും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. റഫറിയില്ലാതെ
കളി ആരംഭിച്ചു.
വാശിയേറിയ
ഒരു മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞു കൊണ്ട് ആ കളി മുന്നോട്ടു നീങ്ങി .
കളിക്കാരില്‍ അമ്പതിനോടടുത്ത് പ്രായം തോന്നുന്ന കഷണ്ടിയായ ഒരു കളിക്കാരൻ
എന്നെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. കൂട്ടത്തിലെ പതിനേഴുകാരനെ പോലും
വേഗത്തിലും പന്തടക്കത്തിലും പിന്നിലാക്കിക്കൊണ്ട് കളിച്ചിരുന്ന പേരറിയാത്ത ആ
കളിക്കാരന് ആ കഷണ്ടി തലയും ഉയരവും കളിയും നോക്കി ഞാൻ സിദാൻ
എന്ന് പേരിട്ടു. നാല്പതു മിനിട്ടിനിടെ ഇരു ടീമുകളും ഗോളുകൾ മൂന്ന്
ഗോളുകൾ അടിച്ചിരുന്നു അതിൽ ഒരു
ഗോൾ സിദാന്റെ വകയായിരുന്നു. മറ്റൊരു ഗോളിന്
വഴിയൊരുക്കിയതും അയാളായിരുന്നു. നാല്പതാം മിനുട്ടിൽ ഇടവേള. ഗ്രൌണ്ടിനു പുറത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു
വെള്ളം കുടിക്കുകയായിരുന്ന അയാളുടെ അടുത്ത് ചെന്നു ഞാൻ അയാളെ പരിചയപ്പെട്ടു. അലവി
എന്നാണു പേരെന്നും ദുബായിലെ ഒരു കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി
ചെയ്യുകയാണ് എന്നും അയാൾ എന്നോട് പറഞ്ഞു. ആളു വലിയ കളിക്കാരനാനെന്നും പണ്ട് മലപ്പുറത്തിനു വേണ്ടി ഫുട്ബാൾ
കളിച്ചിട്ടുണ്ട് എന്നും ഐ എം വിജയനും ജോപോൾ അഞ്ചേരിയും അടക്കമുള്ളവരുടെകൂടെ വരെ
കളിച്ച ആ ആണ് എന്നുമൊക്കെയുള്ള കാര്യങ്ങൾ അതിനിടെ ബിജു പറഞ്ഞു.
കളി
പിന്നെയും അരമണിക്കൂർ നീണ്ടു. വാച്ചിന്റെ സൂചി പതിനൊന്നു മണിയിലെക്കും പിന്നീട് പാതിരയിലെക്കും നടന്നു . പിറ്റേന്ന്
രാവിലെ ആറിനും ഏഴിനും ഒക്കെ ഉണർന്നു ജോലിക്ക് പോകേണ്ട ആളുകളാണ്
ഈ വൈകിയ നേരത്തും കളിക്കുന്നത് എന്ന കാര്യം അദ്ഭുതത്തോടെയാണ് ഞാൻ ശ്രദ്ധിച്ചത്.അലവി
പിന്നെയും ഒരു ഗോൾ അടിച്ചു.കളി കഴിഞ്ഞു തിരിച്ചു റൂമിലേക്ക് പോകുമ്പോൾ യാത്രയിൽ
അലവിയും ബിജുവിന്റെ കൂടെ ഉണ്ടായിരുന്നു. വണ്ടിയിൽ
പിന്നെയും ഫുട്ബോൾ മണംനിറഞ്ഞു . അന്ന് എതിർ ടീം ചെയ്ത ഫൌളുകൾ, തങ്ങൾക്കു പറ്റിയപാളിച്ചകൾ
എല്ലാം അവര്‍ വിശദമായി വിലയിരുത്തുന്നുണ്ടായിരുന്നു . കൂട്ടത്തിൽ
ഞാനും ബിജുവുമാണ് ചെറുപ്പക്കാർ. ബാക്കിയുള്ളവർ എല്ലാം നാല്പതു
കഴിഞ്ഞവരാണ്. അലവിക്ക അൻപതും.
ഫൈസൽ
എന്നെ നോക്കി പറഞ്ഞു “നിനക്ക് ബോർ അടിക്കുന്നുണ്ടാവും
അന്യനാട്ടില്‍ വന്നിട്ട് പതിനൊന്നു മണി വരെ ഫുട്ബാളും കണ്ടു ഇരിക്കേണ്ട അവസ്ഥ..ഭക്ഷണം
പോലും ബിജു വാങ്ങി തന്നിട്ടുണ്ടാവില്ല.”
''സ്പെയിന്കാരന്റെ ഡിഎൻഎയിൽ കാളപ്പോരിനെ ആലേഖനം ചെയ്ത ഒരു ഘടകം ഉണ്ട് എന്ന്
ചിലര്‍ തമാശയായി പറയാറുണ്ട് അതുപോലെ എന്റെ മലപ്പുറം ചോരയില്‍ ഫുഡ്ബോളും ഉണ്ട് മാഷേ.എന്നെപ്പറ്റി
നിങ്ങൾ വിഷമിക്കേണ്ട” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു . എന്റെ ആ മറുപടി ബിജുവിനെയും സന്തോഷിപ്പിച്ചു
.
“കേരളത്തിൽ
ഫുട്ബോൾ ഇതിലും ജ്വരമായ കാലത്ത് കളിച്ചയാളാണ് അലവിക്ക.കേരള പോലീസിന്റേയും ടൈറ്റാനിത്തിന്റെയും
ഒക്കെ സുവർണകാലത്ത്. കേരളാ ടീമിന്റെ
ഡിഫൻസിൽ സത്യനും മിഡ് ഫീൽഡിൽ പാപ്പച്ചനും സ്ട്രൈക്കറായി വിജയനും
വാണിരുന്ന കാലം.സന്തോഷ് ട്രോഫിയുടെ കമന്ററി റേഡിയോവിൽ കേട്ട് ആവേശം കൊണ്ടിരുന്ന ഒരു കാലത്തിന്റെ
ബാക്കി പത്രമാണ് ഞങ്ങളുടെയൊക്കെ രാത്രിയിലെ ഈ ഫുട്ബാൾ പ്രേമം. മക്കൾക്കും
ഭാര്യമാര്‍ക്കും ഇത് അത്ര പഥ്യമല്ല എങ്കിലും സാരമില്ല. ഇതിന്റെ ലഹരി പിടിച്ചു പോയാൽ പിന്നെ രക്ഷയില്ല “ഫൈസൽ അയാളുടെ ഗൃഹാതുരതയിൽ അലഞ്ഞു നടന്നു. അതിനിടെ ബിജു
പറഞ്ഞു
“അലവിക്ക ഇവിടെയും ആള് ഫെയിമസ്
ആണ്കേട്ടോ . ഒഴിവു
ദിവസങ്ങളിൽ കുട്ടികൾക്ക് ഫുട്ബാൾ കോച്ചിംഗ് ഒക്കെ കൊടുക്കുന്നുണ്ട്”
"അങ്ങനെയൊന്നുമില്ല.പണ്ടത്തെ പോലെ കളിക്കാനായി കളിക്കുകയല്ല. എല്ലാം
മറക്കാനായി കളിക്കുകയാണ് ഇപ്പോൾ. ഒന്നര
മണിക്കൂർ വിയർത്താൽ എല്ലാ ടെൻഷനും പോയിക്കിട്ടും"
“അതിനു അലവിക്കാക്ക് എന്താ ഇപ്പൊ ഇത്ര
ടെൻഷൻ ?” ഞാൻ ചോദിച്ചു
“പുറമേ
നിന്ന് നോക്കുന്നവര്‍ക്ക് കാണാന്‍ പറ്റുന്ന ടെൻഷൻ ഒന്നുമില്ല.ജോലി അൽപം
പ്രശ്നത്തിനാണ് മോനെ. കഴിഞ്ഞ പതിനെട്ടു കൊല്ലമായി ഒരേ കമ്പനിയിലാണ് എം
ഡിയുടെ സഹായിയായി. ഓഫീസ് ബോയ് എന്നോ ഡ്രൈവർ എന്നോ വിളിക്കാം.
ഇതുവരെ കുഴപ്പമുണ്ടായിരുന്നില്ല.അഞ്ചാറു മാസം മുൻപേ എം ഡി മകനെ മാനേജറായി കമ്പനിയിൽ
കൊണ്ട് വന്നു. ഇപ്പോൾ മകന്റെ സഹായിയാണ്. എം ഡിയാകട്ടെ പ്രായമായി എന്നും പറഞ്ഞു ജോലിയിൽ
നിന്നും വിട്ടു നില്ക്കുന്നു . മകനാണ് ചുമതല. പുതിയ പിള്ളേരല്ലേ
അവര്‍ക്ക് വയസ്സന്മാരെ പിടിക്കില്ല. അതും പോരാഞ്ഞ് മാനേജരുടെ സേവ പിടിക്കാന്‍
വേണ്ടി പാര വെക്കാന്‍ നമ്മുടെ നാട്ടുകാര്‍ കുറെ പേരുണ്ട്. വീട്ടിലെ പ്രാരാബ്ദങ്ങള്‍
ഓര്‍ത്താണ് ഇവിടെ നില്‍ക്കുന്നത്”
“വേറെ
ജോലി നോക്കിക്കൂടെ ? “
“ഈ പ്രായത്തിൽ
നമുക്ക് ആരു ജോലി തരാനാ?”
“ഈ മാനേജര്‍
എന്ന് പറയുന്നത് അന്ന് കളിക്കാൻ വന്നയാളാണോ? കഴിഞ്ഞ മാസം അലവിക്കയുറെ ബോസ്സ് ഇവിടെ
കളിക്കാൻ വന്നിരുന്നു” ബിജു പറഞ്ഞു
"അതെ അയാൾ തന്നെ. അന്ന് എനിക്ക് പണി കിട്ടിയതാണ്. ഓഫീസിലെ ആരോ ഞാന്‍ ഫുഡ്ബോള്‍ കോച്ചിംഗ്
നടത്തി കുറെ കാശുണ്ടാക്കുന്നുണ്ട് എന്ന് അയാളെ
അറിയിച്ചു. കോച്ചിംഗ് ഒന്നുമല്ല വൈകീട്ട്
ചിലപ്പോള്‍ സ്റ്റെടിയത്ത്തില് കളിക്കാന്‍ പോകാറുണ്ട് വ്യായാമമായി എന്ന് ഞാന്‍
പറഞ്ഞു. അയാളും ഫുട്ബാൾ ഭ്രാന്തനാണ്.അതൊന്നു നേരിട്ടറിയാന്‍ വേണ്ടി വന്നതാണ്
കളിക്കാൻ എന്ന പേരില്‍. ഇവിടെ നമ്മുടെ നാട്ടുകാര്‍ അവനെക്കാൾ നന്നായി കളിക്കുന്നത്
കണ്ടപ്പോൾ അവൻ ഫൌള് തുടങ്ങി. രണ്ടു മൂന്നു പേർക്ക് ചവിട്ടു
കിട്ടി. ഞാൻ ഒരു ഗോൾ അടിച്ചതും എന്നെയും ഫൌൾ ചെയ്തു. അവന്റെ
സ്ടാമിനയോടു മുട്ടി നില്ക്കാൻ പറ്റില്ല മോനേ .പിന്നെ തിരിച്ചു ഫൌൾ
ചെയ്തു നെറികെട്ട കളി കളിക്കാൻ നമുക്കാവില്ലല്ലോ ?" അലവിക്ക ചിരിച്ചു
ഫുട്ബാളിൽ
നനഞ്ഞു ആ രാവ് അവസാനിച്ചു.പിന്നീട്എട്ടുപത്തു പകലുകൾ കൂടി ഒന്നും
സംഭവിക്കാതെ കഴിഞ്ഞു പോയി. തിരികെ ഖത്തറില്‍ വന്നു
കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ബിജുവിനെ വിളിച്ചു വിശേഷങ്ങള്‍ തിരക്കിയിരുന്നു.ഇനി
വരുമ്പോൾ ഒരു രാത്രി നിന്റെം അലവിക്കായുടെം ടീമിൽ ഒരാളായി ഞാനും ഇറങ്ങും
എന്ന് പറഞ്ഞപ്പോൾ അങ്ങേത്തലക്കൽ വലിയ ഒരു
നിശബ്ദത പടർന്നു.
പിന്നെ പതിഞ്ഞ ശബ്ദത്തിൽ ബിജു പറഞ്ഞു
''ഞങ്ങൾ കളി നിർത്തി .അലവിക്ക ഇന്നലെ പോയി ''
ഒരു മരണ
വാർത്തയാണ് ഞാൻ പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ
വേവലാതിയോടെ ഞാന്‍ വീണ്ടും ഫോണില്‍
ചെവിയോര്‍ത്തു.
''അലവിക്കയെ കയറ്റി വിട്ടു ''
കാര്യം മനസിലാവാതെ
വീണ്ടും ഞാൻ കുഴഞ്ഞു
“ജോലിയില്‍
ശ്രദ്ധയില്ല എന്നും പറഞ്ഞാണ് പറഞ്ഞു വിട്ടത്. പക്ഷെ കാരണം അതൊന്നുമല്ല. മാനേജരെ
സുഖിപ്പിക്കാന്‍ വേണ്ടി നമ്മുടെ നാട്ടുകാരില്‍ ചിലര്‍ കളിച്ച കളിയില്‍ അലവിക്ക
തോറ്റു പോയതാ. “
“നീ
കാര്യം തെളിച്ചു പറ ബിജു” ഞാന്‍ അക്ഷമനായി
കഴിഞ്ഞ
മാസത്തെ ഒരു ശനിയാഴ്ച രാത്രിയില്‍ സ്റ്റേഡിയത്തില്‍
വച്ച് കളിയുണ്ടായിരുന്നു. അലവിക്കയുടെ
കമ്പനിയിലെ മാനേജരും കുറച്ചു സ്റ്റാഫും കളിക്കാന്‍ വന്നിരുന്നു. ഞാൻ എടുത്ത കോർണറിനിടെ ഗോള്‍ പോസ്റ്റിലെ കൂട്ടപ്പൊരിചിലിനിടയിൽ
മാനേജരെ ആരോ ചവിട്ടി താഴെയിട്ടു.ഫൗള്‍ ചെയ്തത് അലവിക്കായാണ് എന്ന് നമ്മുടെ മലയാളികളില്‍
ഒരാള്‍ പറഞ്ഞു. ഒരാള്‍ അലവിക്ക മാനേജരുടെ
പിന്നില്‍ നിന്ന് കളിക്കുന്നത് കണ്ടു എന്നും പറഞ്ഞു എരിവ് കയറ്റി.താന്‍ ഇന്നേ വരെ ഫൌള് കളിച്ചിട്ടില്ല
എന്ന് മാത്രമാണ് അലവിക്ക പറഞ്ഞത്.
പിറ്റേന്ന് ഓഫീസില്‍
ചെന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം സ്ടാഫിനെ കുറയ്ക്കുകയാണ് എന്നും
ചെറുപ്പക്കാരെ കൊണ്ട് വരുന്നതിന്റെ ഭാഗമായി ജോലിയില്‍ പിന്നോക്കം നില്ക്കുന്ന വയസ്സന്മാരെ
ഒഴിവാക്കുകയാണ് എന്നും പറഞ്ഞു ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തു ഒരു മാസത്തെ
നോട്ടീസ് പിരിയഡിനുള്ളില്‍ ഒരു ജോലി കണ്ടു പിടിക്കാന്‍ അലവിക്ക ഒരു പാട് ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസം മുന്‍പ് വൈകീട്ട് ഞങ്ങൾ എല്ലാവരും ചേർന്നു
അലവിക്കയെ യാത്രയാക്കി. പാവം ഒരു പാട് ബാധ്യതകള്‍ ഉണ്ട് അയാള്‍ക്ക്.”
ഒരു ഫൈനലില്‍ ചുവപ്പ് കാര്‍ഡും കണ്ടു തല കുനിച്ചു
പുറത്തേക്ക് പോയ സിദാനെപ്പോലെ അലവിക്ക എയര്‍പോര്‍ട്ടില്‍ നിന്ന് കാണും. വലിയൊരു
കളി പൂര്‍ത്തിയാക്കാതെ ഇറങ്ങി പോകേണ്ടി വന്ന അയാള്‍ ഇപ്പോള്‍
എവിടെയാവും ?
സന്ദീപും മുനീറും ബഷീർക്കയും എന്റെ കഥയിൽ മുഴുകിയിരിക്കവേ പെനാൽട്ടി ബോക്സിൽ നിരന്നു
നിന്ന പതിനൊന്നു ഇറാനിയൻ കളിക്കാർക്കിടയിലൂടെ മെസ്സി ഗോൾ വലയിലേക്ക്
പന്തടിച്ചു കയറ്റി. അപ്രതീക്ഷിതമായ ആ ഗോൾ ഞങ്ങളിൽ ഒരു ആരവമായി പടരവേ അലവിക്ക
പരാജിതരുടെ അദൃശ്യ പുസ്തകത്തിലേക്ക് തിരോധാനം ചെയ്തു.
*സിനദിന്‍ സിദാനെക്കുറിച്ച്
എഴുതിയ കവിത .
8 comments:
ഇത് വായിച്ചപ്പോ ഒരു ഡൌട്ട്
ഈപറഞ്ഞ അലവി Sterling കമ്പനിയിലാണോ വർക്ക് ചെയ്തത് ?
വെറുതെ ഒന്നരിഞ്ഞിരിക്കാൻ മാത്രം ....
എന്തെ അങ്ങനെ ചോദിച്ചത് ? ഇത് കഥ മാത്രമാണ് . പല കേട്ടുകേൾവികൾ ചേര്‍ത്ത് എഴുതിയ ഒരു കഥ .
വളരെ മനോഹരമായി എഴുതി.ആശംസകൾ-
അവസ്സരം കിട്ടാതെ തോറ്റുപോകുന്നവരാണ് പലരും.
പാവം അലവിക്കാ
കഥയാണെങ്കില്‍ പോലും ഓര്‍ത്താല്‍ പാവം തോന്നും. നന്നായി എഴുതി, മിനേഷ്
കൊള്ളാം..
നല്ല സങ്കടം തോന്നുന്നു.
കഥ മനോഹരം..... നല്ല അവതരണം.. ആശംസകൾ
ആദ്യം നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് ഉള്ള കുറേപ്പേർ എന്നാണ് വായിച്ചു വന്നത്.. അവസാനം അലവിക്കയുടെ തിരിച്ചുപോക്ക് സങ്കടകരമാക്കി. നല്ല കഥയായിരുന്നു. ആശംസകൾ.
Post a Comment